അറിയാതെൻ ജീവനിൽ: ഭാഗം 36

അറിയാതെൻ ജീവനിൽ: ഭാഗം 36

എഴുത്തുകാരൻ: ആദിത്യൻ മേനോൻ

മരിച്ചുവെന്ന് വിശ്വസിച്ച ജീവനെ കണ്മുന്നിൽ കണ്ടപ്പോൾ തന്റെ കണ്ണുകളെ വിശ്വസിക്കുവാനായില്ല ആരവിന്.. തൊണ്ട വറ്റി വരണ്ടതുപോലെ തോന്നി.. തല കറങ്ങുന്നതായി അനുഭവപ്പെട്ടു.. “ജീ.. വൻ..” ഒരിക്കൽ കൂടി ആ പേരവൻ പതറിക്കൊണ്ട് ശബ്ദത്തിൽ ആവർത്തിച്ചപ്പോൾ ആരവിനു പിന്നിൽ നിന്നിരുന്ന ജുവൽ തിരിഞ്ഞുകൊണ്ട് അവരെ നോക്കി.. അവളുടെ കണ്ണുകൾ ജീവന്റേതിൽ ഉടക്കി… ദേവൂട്ടിയുടെ സഹായത്തോടെ ജീവൻ ഒരു കയ്യിൽ വാക്കറുമേന്തി അവരുടെ മുന്നിലേക്ക് നടന്നെത്തി.. ജീവന്റെ കണ്ണുകൾ മെല്ലെ ഈറനണിയുന്നത് ആരവ് ശ്രദ്ധിച്ചു.. “ഇതാരാണ്….” ജീവനെ ശ്രദ്ധിച്ചു നോക്കിക്കൊണ്ട് ജുവൽ ചോദിച്ചപ്പോൾ മൂവരുമൊന്ന് അമ്പരന്നു.. “അവള്.. കഴിഞ്ഞതൊക്കെ മറന്നു പോയിരിക്കുന്നു.. ആരേം ഓർമ്മയില്ല.. ദേവൂട്ടിയേം.. നിന്നേം…”

ജീവനെയും ദേവൂട്ടിയെയും മാറി മാറി നോക്കിക്കൊണ്ട് ആരവ് പറയുമ്പോൾ ജീവൻ തലതാഴ്ത്തി മെല്ലെ പുഞ്ചിരിക്കാൻ ശ്രമിച്ചു.. “ഈ മരിച്ചുപോയ ആളുടെ ആരെങ്കിലും ആണോ..?” ഓർത്തെടുക്കാൻ ശ്രമിച്ചിട്ടും ആവാതെ ജുവൽ പിന്നെയും ചോദിച്ചു.. “തനിക്കെന്നെ അറിയാൻ വഴിയില്ല.. നമ്മളധികം സംസാരിച്ചിട്ടൊന്നുമില്ല…” ജീവൻ പറഞ്ഞപ്പോ പെണ്ണ് മറുപടിയായി പുഞ്ചിരിച്ചു.. “എനിക്കിവിടുത്തെ ഫ്രഷ് റൂമിൽ ഒന്ന് പോയാൽ കൊള്ളാമെന്നുണ്ട്…” താഴ്ന്ന ശബ്ദത്തോടെ പെണ്ണ് പറഞ്ഞപ്പോൾ ജീവന്റെ കൈ വിട്ട് ദേവൂട്ടി അവളുടെ അടുത്തേക്ക് ചെന്നു.. “അതിനെന്താ.. വായോ.. ഞാൻ കാണിച്ചു തരാം..” ദേവൂട്ടി ജുവലിനെ കൈ പിടിച്ചു കൂട്ടിക്കൊണ്ട് പോയി… നിന്നിടത്തു നിന്നും അനങ്ങാനാവാതെ തരിച്ചു നിൽക്കുകയായിരുന്നു ആരവ്..

ഇപ്പോഴും അവന്റെ ഉള്ളിലെ ഞെട്ടൽ മാറിയിട്ടില്ല… “ജീവാ… നീ… എന്തായിത്… എനിക്കൊന്നും… എനിക്കൊന്നും മനസ്സിലാവുന്നില്ല….” ആരവിന്റെ വാക്കുകൾ പതറുന്നുണ്ടായിരുന്നു.. ജീവൻ തല താഴ്ത്തിക്കൊണ്ട് മെല്ലെ മന്ദഹസിച്ചു… “ഒട്ടും പ്രതീക്ഷിച്ചില്ല അല്ലേ…” ജീവൻ മെല്ലെ പുഞ്ചിരിച്ചു.. അവന്റെ ചിന്തകൾ നാളുകൾക്കു മുൻപ് നടന്ന ആ നശിച്ച ദിവസത്തിലേക്ക് കടന്നു പോയി… “നീയും ജുവലും തമ്മിൽ ഇഷ്ടത്തിലൊന്നുമല്ലെന്നും എല്ലാം എന്റെ അമ്മ കാരണം എന്നേ ഒഴിവാക്കാൻ വേണ്ടി ജുവൽ പറഞ്ഞ കള്ളങ്ങളാണെന്നും നീ മെസഞ്ചറിൽ മെസേജ് അയച്ച അന്ന് തന്നെ അച്ഛനെ എതിർത്ത് ഞാനവളെ ഇറക്കിക്കൊണ്ടുവരാൻ വീട്ടീന്ന് ഇറങ്ങിയിരുന്നു.. പോകണ്ടാന്നും പോയാൽ അച്ഛന്റെ പൊരുത്തമുണ്ടാവില്ലാന്നും അച്ഛൻ ഒരു നൂറു തവണ പിന്നാലെ വന്നുകൊണ്ട് ആവർത്തിച്ചതാണ്.

ഞാനത് കേട്ടില്ല… വീട്ടുകാരെ വിട്ട് അവളുമായി എവിടേക്കെങ്കിലും ഓടി പോകാമെന്നായിരുന്നു എന്റെ മനസ്സിൽ.. അച്ഛനൊരിക്കലും തടഞ്ഞില്ല എന്നേ.. പക്ഷെ വാക്കുകൾ കൊണ്ട് തിരിച്ചു പിടിക്കുവാൻ ശ്രമിക്കുന്നുണ്ടായിരുന്നു.. ഒരു ഭാഗത്ത് മകന്റെ ഇഷ്ടം നിറവേറണമെന്ന ആഗ്രഹവും മറുവശത്ത് കൊടുത്തു പോയ വാക്ക് നിറവേറ്റണമെന്ന ആഗ്രഹവുമായിരുന്നു അച്ഛന്.. ട്രെയിൻ കയറാൻ ഇവിടെനിന്നും ഞാനൊരു ഓട്ടോ പിടിച്ചു.. അതിൽ അച്ഛനും കേറി.. അച്ഛൻ ഒരുപാട് ആവർത്തിച്ചു പോവല്ലെന്ന്… അച്ഛന് പൊരുത്തം ഉണ്ടാവില്ലാന്ന്.. ഞാനത് കേട്ടില്ല.. അന്ന് ഒരു ലോറി വന്ന് ഓട്ടോയിൽ ഇടിച്ചു.. എനിക്ക് ബോധമില്ലായിരുന്നു.. ബോധമുണർന്നപ്പോ അറിയുന്നത് അച്ഛൻ മരിച്ചൂന്നാ..

വല്ലാണ്ടെ തളർന്നു പോയി ഞാൻ അത് കേട്ടപ്പോ.. അച്ഛൻ മരിക്കാൻ കാരണം ഞാൻ തന്നെ ആന്ന് എന്റെ മനസ്സ് എന്നോട് പറയുന്നത് പോലെ തോന്നി.. അതോടൊപ്പം എന്നേ തളർത്തിയ മറ്റൊരു വാർത്ത കൂടിയുണ്ടായിരുന്നു.. എന്റെ കഴുത്തിനു താഴേക്ക് തളർന്നു പോയിരുന്നു എന്ന്.. മരിക്കാതെ മരിച്ചുപോയ നിമിഷങ്ങളായിരുന്നു അന്ന്.. അച്ഛന്റെ മരണത്തിന് ഉത്തരവാദി ഞാനാണല്ലോ എന്നത് എന്നേ എപ്പോഴും തളർത്തിക്കൊണ്ടേ ഇരുന്നു.. അതിനൊപ്പം കാത്തിരിക്കുന്നൊരു പെണ്ണുണ്ട് എന്നതും.. ഇതറിഞ്ഞാൽ ഇനിയെപ്പോ പഴയ പോലെ എണീറ്റു നടക്കാൻ പറ്റുമെന്നറിയാത്ത എന്നേ ഓർത്ത്.. എനിക്ക് വേണ്ടി ആ പെണ്ണ് ഒരു ജന്മം മുഴുവനും കാത്തിരിക്കുമെന്നറിയാം.. പക്ഷെ ഉയരങ്ങള് സ്വപ്നം കാണുന്ന ആ പെണ്ണിന്റെ ചിറകുകൾ ഞാനൊരാൾ കാരണം പറിച്ചു കളയേണ്ടെന്ന് കരുതിയിട്ടാണ് ഞാൻ മരിച്ചുവെന്ന് ഹാർഷേട്ടനോട് വിളിച്ചു പറയാൻ പറഞ്ഞത്…

പക്ഷെ കേട്ടപാടെ നീ അവളേം കൊണ്ട് വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.. വന്നപ്പോ അച്ഛനെ അടക്കം ചെയ്യാനിരിക്കുവായിരുന്നു.. മരിച്ചത് ഞാനാണെന്നാണ് നിങ്ങള് കരുതിയിരിക്കുന്നത് എന്ന് അറിയാവുന്നതോണ്ടാ അന്ന് അമ്മ അങ്ങനെയൊക്കെ ബിഹേവ് ചെയ്തത്.. അല്ലാണ്ടെ എന്റമ്മക്ക് ഒരിക്കലും അത്രത്തോളം ക്രൂരയാവാൻ കഴിയില്ല.. അത്ര ക്രൂരയാണെന്ന് നിങ്ങള് കരുതി ശപിച്ചതിന്റെയാകും അച്ഛൻ പോയതിന്റെ മൂന്നാം നാള് അമ്മേം പോയി… എല്ലാം ഞാനൊരാൾ ചെയ്ത തെറ്റുകൊണ്ടായിരുന്നു.. എന്റെ മാത്രം തെറ്റുകൊണ്ട് എനിക്കെന്റെ അച്ഛനേം അമ്മയേം.. എന്റെ ശരീരത്തെ പോലും അന്ന് നഷ്ടമായി… പിന്നെ എന്നേ നോക്കിയത് ദേവൂട്ടിയാണ്.. ഒന്നെഴുന്നേറ്റിരിക്കാൻ പോലും കഴിയാഞ്ഞ എന്നേ ചേർത്ത് പിടിച്ചു ഭക്ഷണം തന്നതും എന്റെ മറ്റെല്ലാ കാര്യങ്ങളും നോക്കിയതും..

ഒരിക്കൽ പോലും എന്നേ നോക്കി മടുത്തുവെന്ന് അവള് പറഞ്ഞിട്ടില്ല.. ഞാൻ സ്നേഹിക്കുന്നില്ലാന്നറിഞ്ഞിട്ടും.. എന്റെ മനസ്സിൽ വേറൊരാളുണ്ടെന്ന് അറിഞ്ഞിട്ടും എന്നേ സ്വന്തമെന്ന് കരുതിയാ അവള് നോക്കിയത്… ചാവാൻ കിടക്കുന്ന ശവമാന്നും ഇട്ടിട്ട് ഇവിടേന്ന് വേം രക്ഷപ്പെട്ടോന്നും ഞാനൊരു ആയിരം വട്ടം പറഞ്ഞിട്ടും എന്നേ തനിച്ചാക്കി പോയില്ല.. ആ അവളുടെ സ്നേഹം ഞാനെങ്ങനെയാ കണ്ടില്ലെന്ന് നടിക്കുക.. കൂടെ കൂട്ടി ഞാൻ.. എന്റേതാക്കി ഞാൻ, ഒരിക്കൽ എന്റെ കൈ വിട്ടു പോയ എന്റെ ദേവൂട്ടിയെ ഇനിയൊരിക്കലും ആ കൈകൾ വിട്ടുപോകാത്ത വിധം.. പയ്യെ പയ്യെ ഞാനെഴുന്നേറ്റിരുന്നു.. പിന്നെ പിന്നെ നിൽക്കാനും നടക്കാനുമൊക്കെ തുടങ്ങി.. പക്ഷെ ഇതുവരെ ഈ വലത്തേ കാല് ശരിയായിട്ടില്ല.. ഇപ്പൊ ദേ ഈ വാക്കറിന്റെ ഹെൽപോടെ നടക്കും..”

ജീവൻ പറഞ്ഞു നിർത്തിയപ്പോൾ ആരവ് പതുക്കെ അവന്റെ വലത്തേ കാലിലേക്കും വാക്കറിലേക്കും നോക്കി… ചുട്ടു പൊള്ളുന്ന തീക്കനലിൻ മീതെ തണുത്ത മഴ പെയ്യുന്നത് പോലെ തോന്നിയിരുന്നു… ആരവ് മെല്ലെ ശ്വാസം പുറത്തേക്കെടുത്തു… “നീ മരിച്ചൂന്ന് അറിഞ്ഞ ശേഷം അവളുടെ അവസ്ഥ വല്ലാത്തതായിരുന്നു….” ആരവ് പറഞ്ഞു തുടങ്ങി.. “വേണ്ട… എനിക്ക് കേക്കണ്ട… അവളെതൊക്കെ വഴികളിലൂടെ കടന്നു പോയിട്ടുണ്ടാകുമെന്ന് എനിക്ക് മനസ്സിലാക്കാൻ പറ്റും.. കൂടുതലായി അതിനെക്കുറിച്ച് ഒന്നുമെനിക്ക് അറിയണ്ട…” ജീവൻ തടഞ്ഞുകൊണ്ട് വേണ്ടെന്ന് തലയാട്ടിയപ്പോൾ ആരവ് നിർത്തി… “അത് പോട്ടെ.. നിങ്ങളെന്താ ഈ വഴിക്ക്..? എന്നേ മറവ് ചെയ്ത സ്ഥലം കാണാൻ വന്നതാവും ല്ലേ..” നിഷ്കളങ്കമായി ചിരി തൂക്കിക്കൊണ്ട് ജീവൻ പറഞ്ഞു..

കണ്ണുകൾ അച്ഛന്റെ മറവിധത്തിലേക്ക് നീണ്ടു പോയി, അറിയാതെ അവ ഈറനായി… “ഏതായാലും ഞാൻ അവളുടെ ആരായിരുന്നുവെന്ന് അവളിനി അറിയണ്ട.. ഓർക്കാണ്ടിരിക്കുന്നത് തന്നെയാ നല്ലത്.. ഉറക്കത്തിൽ കണ്ടുപോയൊരു ദുസ്വപ്നം.. അങ്ങനെ കരുതി ജീവിച്ചോട്ടെ അവള്..” അത് പറയുമ്പോഴും ജീവന്റെ കണ്ണുകളിൽ കണ്ണുനീര് ബാക്കിയായി.. കൂടുതൽ ഒന്നും പറഞ്ഞില്ല. അപ്പോഴേക്കും ദേവൂട്ടിയും ജുവലും വന്നു.. അപ്പോഴാണ് ദേവൂട്ടിയുടെ നെറ്റിമേൽ തിളങ്ങി നിന്ന ചുവന്ന തിലകത്തെ ശ്രദ്ധിക്കുന്നത്.. “നിങ്ങള് പുറത്ത് നിക്കാതെ അകത്തേക്കിരിക്ക്…” ദേവൂട്ടി സാരിത്തുമ്പ് കയ്യിലെടുത്ത് ചുറ്റിക്കൊണ്ട് പറഞ്ഞു.. ദേവൂട്ടിയും ജുവലും സംസാരിച്ചുകൊണ്ട് മുന്നിൽ നടന്നപ്പോൾ പിന്നിലായി ജീവനും ആരവും നടന്നു.. “ഹർഷേട്ടൻ..?” ആരവ് ചോദിച്ചു.. “ഏട്ടൻ ഏടത്തിയുടെ കൂടെയാ.. അമ്മ പോയേൽ പിന്നെ ഏട്ടന് ഇവിടെ നിക്കാൻ വല്ലാത്തൊരു മടുപ്പാണ്..

അച്ഛനും അമ്മയുമില്ലാത്ത ഈ വീട്ടിൽ ഇപ്പൊ ഞാനും ദേവൂട്ടിയും മാത്രേള്ളൂ…” ജീവൻ പറഞ്ഞു… ബാൽക്കണിയിൽ കയറിയിരുന്നപ്പോൾ ദേവൂട്ടിയും ജുവലും കൂടെ ചായയിടാനായി അടുക്കളയിലേക്ക് പോയിരുന്നു.. ജീവന്റെ കണ്ണുകൾ ഇടയ്ക്കിടെ ജുവലിനെ തേടിയെത്തുന്നത് ആരവ് ശ്രദ്ധിച്ചു.. “ഞാനാദ്യായിട്ടാ അവളെ നേരിൽ കാണുന്നത്…” ജീവൻ പറഞ്ഞു.. ആരവത് ശ്രദ്ധിച്ചില്ല.. “ദേവൂട്ടീ.. നിനക്കെന്നെ എങ്ങനെ അറിയാം?” അടുക്കളയുടെ തിണ്ണമേൽ ഇരുന്നുകൊണ്ട് ജുവൽ അടുപ്പത്തു തിളക്കാൻ വെച്ച വെള്ളത്തിലേക്ക് നോക്കിയിട്ട് ചോദിച്ചു… “ചില കഥകൾ അറിയാണ്ടിരിക്കുന്നതാ നല്ലത്.. അറിഞ്ഞാൽ എല്ലാവരുടെയും സമാധാനം പോകും… നെഞ്ച് പൊട്ടി നോവും..”

എങ്ങോട്ടേക്കോ നോക്കിക്കൊണ്ട് ദേവൂട്ടി പറഞ്ഞു.. പെട്ടന്ന് ഉമ്മറത്ത് നിന്നും ജീവന്റെ പാട്ടിന്റെ ശബ്‌ദം കേട്ടു… “കിളി വന്നു കൊഞ്ചിയ ജാലക വാതിൽ കളിയായ് ചാരിയതാരെ? മുടിയിഴ കോതിയ കാറ്റിൻ മൊഴിയിൽ മധുവായ് മാറിയതാരെ? അവളുടെ മിഴിയിൽ കരിമഷിയാലേ കനവുകളെഴുതിയതാരെ.. നിനവുകളെഴുതിയതാരെ.. അവളെ തരളിതയാക്കിയതാരെ..?” പാട്ട് കേട്ട് പെണ്ണിന്റെ മനസ്സ് തിളങ്ങി.. എവിടെയോ കേട്ട് മറന്ന ശബ്‌ദം ആരുടേതെന്ന് ഓർത്തെടുക്കുവാൻ ശ്രമിച്ചു.. പതിവ് പോലെ ഫലം നിരാശയായപ്പോഴാണ് ആരാണെന്ന് ദേവൂട്ടിയോട് ചോദിക്കുന്നത്.. “ജീവേട്ടന്റെ പാട്ടാ…” ദേവൂട്ടി പറഞ്ഞു…

പെണ്ണ് തിണ്ണയിൽ നിന്നും ഇറങ്ങിക്കൊണ്ട് ഉമ്മറത്തേക്ക് നടന്നു ചെന്നപ്പോ ദേവൂട്ടിക്ക് നോവ് തോന്നി.. പാട്ട് കേട്ടപ്പോ അവൾക്ക് പഴേതൊക്കെ ഓർമ്മ വന്നോ? ദേവൂട്ടിയും പിന്നാലെ ചെന്നു.. പാട്ട് കേട്ട് ഓടിവന്നവളെ കണ്ടപ്പോ ജീവൻ പാട്ട് നിർത്തി.. ആരവിന്റെ ഹൃദയം ശക്തിയായി മിടിക്കുവാൻ തുടങ്ങി.. പെണ്ണിന്റെ പ്രതികരണമെന്താണെന്നറിയുവാൻ മൂവരും കാത്തു.. “പാട്ട് പാടാറുണ്ടോ? നന്നായി പാടുന്നുണ്ട്.. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാ ഇത്..” പെണ്ണ് പറഞ്ഞപ്പോ മൂവരുടെയും ശ്വാസം നേരെ വീണു.. ജീവൻ മറുപടിയായി പുഞ്ചിരി തൂകി നിന്നു……തുടരും.

അറിയാതെൻ ജീവനിൽ: ഭാഗം 35

Share this story