നിനക്കായ് : ഭാഗം 58

നിനക്കായ് : ഭാഗം 58

എഴുത്തുകാരി: ഫാത്തിമ അലി

“താൻ…താനെന്തിനാ ഇങ്ങോട്ട് വന്നത്….?” സ്വരത്തിലെ പതർച്ച മറച്ച് വെച്ച് സാമിനെ നോക്കി ചൂടായതും അവൻ മറുപടിയൊന്നും പറയാതെ ശ്രീരെ തന്നെ നോക്കി നിൽപ്പായിരുന്നു…. “ഇച്ചായൻ എന്റെ കൊച്ചിനെ കാണാൻ വേണ്ടി വന്നതല്ലായോ….” കള്ളച്ചിരിയോടെ അവളുടെ അടുത്തേക്ക് നടന്നടുത്ത് കൊണ്ട് സാം പറഞ്ഞു… അവന്റെ നോട്ടവും ചിരിയുമെല്ലാം കണ്ട് ഭയന്ന ശ്രീ ടേബിളിലേക്ക് രണ്ട് കൈകളും കുത്തി ആഞ്ഞ് നിൽപ്പായിരുന്നു… സാം കണ്ണിമ ചിമ്മാതെ അവളുടെ ഓരോ ഭാവങ്ങളും ഒപ്പി എടുക്കുന്ന തിരക്കിലായിരുന്നു അപ്പോൾ…. അവളുടെ നെറ്റിയിൽ വിയർപ്പ് പൊടിയുന്നതും ഉമിനീരിറക്കുമ്പോൾ ഉണ്ടാവുന്ന കഴുത്തിന്റെ ചലനവുമെല്ലാം കൗതുകത്തോടെ അവൻ നോക്കി….

തന്റെ ശരീരത്തിലമരാൻ ഒരിഞ്ച് മാത്രം ബാക്കിയാക്കെ അവൻ വന്ന് നിന്നതും ശ്രീ കണ്ണുകൾ ഇറുകെ അടച്ച് നിന്നു… “ഏയ്….ദുർഗക്കൊച്ചേ….എന്നാത്തിനാ ഇച്ചായനെ ഇങ്ങനെ പേടിക്കുന്നത്…?” ടേബിളിന് ഇരുവശവും ശ്രീയുടെ കൈകൾക്ക് തൊട്ടപ്പുറത്തായി സാം ഇരു കൈകളും മുഷ്ടി ചുരുട്ടി വെച്ച് കൊണ്ട് അവളുടെ ശരീരത്തെ തൊടാതെ വന്ന് നിന്നു….. “കണ്ണ് തുറക്ക് ദുർഗാ….” ശ്രിയുടെ കാതിനടുത്തേക്കായി ചുണ്ടുകൾ വെച്ച് പതിഞ്ഞ സ്വരത്തിൽ പറഞ്ഞ് ഇരു കൺ പോളകളിലുമായി മെല്ലെ ഊതി… ഒരു പിടച്ചിലോടെ കണ്ണുകൾ തുറന്ന ശ്രീ സാമിന്റെ ചണ്ടിലെ ചിരിയിൽ ഒരു നിമിഷം സ്വയം മറന്ന് നിന്നു… “സുന്ദരിയായിട്ടുണ്ട് ഇച്ചായന്റെ കൊച്ച്….”

സാം അവന്റെ കൈ വിരലുകളാൽ ശ്രീയുടെ നെറ്റിയിലേക്ക് വീണ് കിടക്കുന്ന മുടിയിഴകളെ ചെവിക്ക് പിന്നിലേക്ക് ആയി ഒതുക്കി വെച്ച് കൊടുത്ത് കൊണ്ട് പറഞ്ഞു…. “എന്റെ കൊച്ചിന് ആരുടെയും കണ്ണ് കിട്ടാതിരിക്കട്ടേ….” ശ്രീയുടെ കണ്ണിൽ നിന്നും പടിന്ന കൺമഷി ഒരൽപം വിരലിനാൽ എടുത്ത് ചെവിക്ക് പിന്നിലായി തൊട്ട് വെച്ചു കൊടുത്തു…. “ഇപ്പോ തന്നെ കെട്ടി കൂടെ കൂട്ടിക്കോട്ടേ ഡീ നിന്നെ….” സാം കണ്ണിറുക്കി കാണിച്ച് കൊണ്ട് പറഞ്ഞതും ശ്രീ അവന്റെ മുഖത്ത് നിന്ന് ഞെട്ടലോടെ കണ്ണുകൾ പിൻവലിച്ചു… “ഒന്ന് യെസ് പറയെന്റെ കൊച്ചേ….ഇച്ചായൻ നിന്റെ ഒരു വാക്കിന് വേണ്ടിയാണ് കാത്തിരിക്കുന്നത്….” സാം പരിഭവത്തോടെ പറഞ്ഞതും ശ്രീ ദേഷ്യത്തോടെ അവന്റെ നെഞ്ചിലിട്ടൊരു കുത്ത് കൊടുത്ത് പിന്നിലേക്ക് തള്ളി മാറ്റി…. “ആഹൂ…എന്നാ ഇടിയാ ഡീ….ചങ്ക് കലങ്ങി പോയേനെ…:

സാം നെഞ്ചിൽ ഉഴിഞ്ഞ് കൊണ്ട് പറഞ്ഞതും ശ്രീ അവനെ നോക്കി കണ്ണ് കൂർപ്പിച്ച് വെച്ചു…. “എന്നാ ടീ ഉണ്ടക്കണ്ണീ നോക്കുന്നേ…ആഹ്…പിന്നെ വേറെ വേറൊരു കാര്യം….” “ദേ അടുത്തേക്ക് വരരുത്….” “വരുന്നില്ല…ഇവിടെ നിൽക്കാമല്ലോ അല്ലേ….” “അതേ….ഇച്ചായന് മാത്രം കാണാനുള്ളതൊന്നും അങ്ങനെ വേറെ ഒരാൾ കാണണ്ട….കേട്ടോ ടീ ദുർഗക്കൊച്ചേ….” സാം പറഞ്ഞത് മനസ്സിലാവാത്തത് പോലെ അവനെ നോക്കി…. “ദേ ഇത്….” ടേബിളിൽ വെച്ചിരുന്ന ചീർപ്പ് എടുത്ത് ശ്രീയുടെ സാരിക്കിടയിലൂടെ അനാവൃതമായ വയറിലായി ചുറ്റി പീണഞ്ഞ് കിടക്കുന്ന അരഞ്ഞാണത്തിൽ തൊട്ട് കാണിച്ച് കൊടുത്ത് കൊണ്ട് പറഞ്ഞു… “അയ്യേ….” സാം കണ്ടെന്ന് അറിഞ്ഞതും ശ്രീ വേഗം കൈ കൊണ്ട് അരഞ്ഞാണം ഉള്ളിലേക്ക് ഇട്ട് സാരികൊണ്ട് മറച്ചു… “ഇപ്പോ ഓക്കെ ആയി….

ഇനി അബദ്ധത്തിൽ കൂടി എന്റെ മുന്നിലൊന്നും ഇങ്ങനെ വന്ന് നിന്നേക്കരുതേ കൊച്ചേ…. ഇച്ചായന്റെ കൺട്രോൾ എപ്പഴാ തെറ്റുകാ എന്ന് പറയാൻ പറ്റില്ല….” ശ്രീയെ നോക്കി കള്ളച്ചിരിയോടെ കണ്ണിറുക്കി കാണിച്ച് സാം റൂമിന് പുറത്തേക്ക് നടന്നു… “ഛീ….വൃത്തികെട്ടവൻ…അയ്യേ….” സാം പോവുന്നത് കണ്ട ശ്രീ ചുണ്ട് ചുളുക്കി പറഞ്ഞ് കൊണ്ട് സേഫ്റ്റി പിൻ എടുത്ത് വയറ് മറച്ച് വെച്ചു.. ****** സാം അന്നയുടെ റൂമിൽ നിന്ന് ഇറങ്ങി വരുമ്പോഴാണ് ആടി പാടി സ്റ്റെയർ കയറുന്ന അന്നയെ കണ്ടത്…. “ആഹാ…ആരിത്….മലയാളി മങ്കിയോ….?” അന്നയെ കണ്ടതും സാം കളിയാക്കി ചോദിച്ചു…. “മങ്കി ഇച്ചേടെ മറ്റവൾ…ഹും….” അവന്റെ ചോദ്യം ഇഷ്ടപ്പെടാത്തത് പോലെ അന്ന മുഖം വീർപ്പിച്ച് വെച്ച് പിണങ്ങിയ പോലെ നിന്നു…. “ഹാ…ഇച്ച തമാശ പറഞ്ഞതല്ലേ കുഞ്ഞാ…അപ്പഴേക്ക് ഈ കുഞ്ഞ് കവിളെന്തിനാ ഇങ്ങനെ വീർപ്പിക്കുന്നത്….?”

സാം കൊഞ്ചലോടെ അന്നയുടെ കവിളിൽ പിടിച്ച് വലിച്ചു…. “മുടിയിൽ നിന്ന് അപ്പടി വെള്ളം വീഴുന്നുണ്ടല്ലോ….നല്ലത് പോലെ തുവർത്തിയില്ലേ കുഞ്ഞാ നീ….” ഒരു സൈഡിലേക്ക് മുഴുവനായി ഇട്ട് വെച്ച മുടിയിൽ നിന്നും വെള്ളത്തുള്ളികൾ ഇറ്റി വീഴുന്നത് കണ്ടിട്ടാണ് സാം അവളെ നോക്കി ചോദിച്ചത്…. “ഈ….മറന്ന് പോയി…” അവനെ നോക്കി ഇളിച്ച് കാണിച്ച് കൊണ്ട് പറഞ്ഞതും സാം അന്നയെ കൂർപ്പിച്ച് നോക്കി… “ഇങ്ങ് വന്നേ….” സാം അന്നയെ വലിച്ച് ബാൽക്കണിയിലേക്ക് കൊണ്ട് പോയി തോർത്തെടുത്ത് നന്നായി മുടി ഉണക്കാൻ തുടങ്ങി…. അന്ന വരുന്നത് കാണാഞ്ഞ് റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയതായിരുന്നു ശ്രീ…..ബാൽക്കണിയിൽ നിന്ന് ആരൊക്കെയോ ചിരിക്കുന്നത് കേട്ടാണ് ചെന്ന് നോക്കിയത്… ഡോറിനടുത്ത് എത്തി നോക്കിയതും അവിടെ നിൽക്കന്ന സാമിനെയും അന്നയെയും കണ്ട് കൗതുകത്തോടെ അവരെ നോക്കി നിന്നു….

അന്നയുടെ മുടി മുഴുവൻ പിന്നിലേക്ക് ഇട്ട് നല്ലത് പോലെ തുവർത്തി കൊടുക്കുകയായിരുന്നു അവൻ…. തുവർത്തുന്നതിന് ഇടയിൽ സാം അവളോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.. രണ്ട് പേരുടെയും ചിരിയും കളിയും കാണാൻ തന്നെ ഒരു പ്രത്യേക ഭംഗി ആയിരുന്നു…. അവരെ നോക്കി നിൽക്കെ ശ്രീയുടെ ചുണ്ടിൽ ഒരു കുഞ്ഞ് പുഞ്ചിരി വിരിയാൻ തുടങ്ങി…. കുറച്ച് സമയം കൂടെ അവരെ അങ്ങനെ നോക്കി നിന്ന് പിന്നിലേക്ക് വലിഞ്ഞു… ***** സാരി എല്ലാം കൂടെ വലിച്ച് ബസിൽ പോവാൻ പറ്റാത്തത് കൊണ്ട് സാം ആണ് അവരെ കോളേജിന് മുന്നിൽ ഇറക്കി കൊടുത്തത്… അവരെ കാത്തെന്ന പോലെ ഫ്രണ്ടിൽ തന്നെ സ്വാതി നിൽപ്പുണ്ടായിരുന്നു… അവളും സെറ്റ് സാരി ഒക്കെ ഉടുത്ത് സുന്ദരി ആയിട്ടാണ് വന്നിരുന്നത്… സാം അവളെ കണ്ട് കുറച്ച് നേരം സംസാരിച്ച ശേഷമാണ് തിരിച്ച് പോയത്…

ക്ലാസിൽ ചെന്നപ്പോൾ പൂക്കളം ഇടാനുള്ള ഒരുക്കത്തിലാണ് കുട്ടികൾ… അവരെ സഹായിച്ച് കൊടുക്കുന്നതിനിടയിൽ ശ്രീയോടും സ്വാതിയോടും ഇപ്പോ വരാമെന്ന് പറഞ്ഞ് അന്നമ്മ പുറത്തേക്ക് ഇറങ്ങി… പാർക്കിങിൽ ഒന്നും അലക്സിന്റെ ബുള്ളറ്റ് കാണാതെ വിഷമത്തോടെ ചുണ്ട് ചുളുക്കി കൊണ്ട് നിന്നു… കൈയിൽ ഇരുന്ന ഫോൺ എടുത്ത് അലക്സിന്റെ നമ്പറിലേക്ക് കോൾ ചെയ്ത് നോക്കി… റിങ് ചെയ്യുന്നുണ്ടെങ്കിലും അറ്റന്റ് ചെയ്യാതെ വന്നപ്പോൾ അവളുടെ ദേഷ്യം കൂടി…. ഒരിക്കൽ കൂടി കോൾ ചെയ്ത് ചെവിയിലേക്ക് വെച്ച് ഗേറ്റിനടുത്തെ വഴിയിലേക്ക് നോക്കിയപ്പോഴാണ് അലക്സിന്റെ ബുള്ളറ്റ് വരുന്നത് കണ്ടത്… ഒരു സൈഡിലായി നിൽക്കുന്നത് കൊണ്ട് അവനെ ശരിക്കും കാണാൻ പറ്റിയിരുന്നില്ല…

അന്നമ്മ വേഗം ഫോൺ കട്ട് ചെയ്ത് അലക്സിന്റെ അടുത്തേക്ക് നടന്നു… അലക്സ് ബുള്ളറ്റിന് മുകളിൽ ഇരന്ന് കൊണ്ട് തന്നെ നെറ്റിയിലേക്ക് പാറി വീണ മുടിയിഴകൾ മിററിലേക്ക് നോക്കി ഒതുക്കി വെച്ചു… പോക്കറ്റിലിരുന്ന ഫോൺ എടുത്ത് നോക്കിയപ്പോൾ അന്നയുടെ മിസ്സ്ഡ് കോൾ കണ്ട് ഒരു പുഞ്ചിരിയോടെ തിരിച്ച് വെച്ച് ബുള്ളറ്റിൽ നിന്ന് ഇറങ്ങി…. ഷർട്ട് ഒന്ന് നേരെയാക്കി തിരിഞ്ഞതും കുറച്ച് ദൂരെയായി അവനെ തന്നെ നോക്കി ദേഷ്യത്തോടെ നിൽക്കുന്ന അന്നയെ കണ്ട് വാ പൊളിച്ച് നിന്ന് പോയി…. ആ സെറ്റ് സാരിയിൽ അന്നക്ക് ഒരു പ്രത്യേക ഭംഗി തോന്നിച്ചിരുന്നു… മുടി മൊത്തം അഴിച്ചിട്ട് ഒരു സൈഡിലേക്ക് മാത്രമായാണ് ഇട്ടിരുന്നത്… അന്നയും ഒരു നിമിഷം ദേഷ്യമെല്ലാം മറന്ന് അവനെ തന്നെ നോക്കി നിൽപ്പായിരുന്നു…

ബ്ലാക്ക് കളർ ഫുൾസ്ലീവ് ഷർട്ടും സ്വർണ്ണ കരയുള്ള മുണ്ടും ആയിരുന്നു അവന്റെ വേഷം.. നീളൻ മുടി അനുസരണയില്ലാതെ നെറ്റിയിലേക്ക് പാറി വീണ് കിടന്നിരുന്നു… താടി ഷേവ് ചെയ്യാതെ ഡ്രിം ചെയ്ത് നന്നായി ഒതുക്കി വെച്ചിട്ടുണ്ട്… അത് കണ്ടതും അന്നയുടെ ചുണ്ടുകൾ പരിഭവത്താലെ ഒന്ന് ചുളുങ്ങി… അവന്റെ അടുത്തേക്ക് പോവാൻ ഒരുങ്ങിയതും അപ്പോഴേക്ക് ഏതൊക്കെയോ ടീച്ചേർസ് അലക്സിന്റെ അടുത്തേക്ക് എത്തിയിരുന്നു… അവനെ ഒന്ന് ഇരുത്തി നോക്കി വെട്ടി തിരിഞ്ഞ് നടന്ന അന്നമ്മയെ അലക്സ് അവരോട് സംസാരിക്കുന്നതിനിടയിലും ഇടം കണ്ണാൽ നോക്കുന്നുണ്ടായിരുന്നു… അന്ന് ഉച്ച വരെ അലക്സിനെ പിന്നെ അന്നക്ക് കാണാൻ കഴിഞ്ഞില്ല… ആരെയോ ഫോൺ ചെയ്ത് കൊണ്ട് വരാന്തയിലൂടെ നടക്കകയായിരുന്നു അലക്സ്….

ഉച്ചക്ക് ശേഷം ഓരോ മത്സരങ്ങളായി തുടങ്ങുന്നത് കൊണ്ട് തന്നെ ആ ബ്ലോക്കിൽ ഒന്നും ആരും ഇല്ലായിരുന്നു…. അവൻ ഫോണിൽ സംസാരിച്ച് കൊണ്ട് ഒരു ക്ലാസ് റൂമിന് അടുത്ത് എത്തിയതും രണ്ട് കൈകൾ വന്ന് അവന്റെ കൈയിൽ പിടിച്ച് വലിച്ച് ക്ലാസിലേക്ക് കയറ്റി… ഒരു നിമിഷം ഒന്ന് പകച്ച് പോയ അലക്സ് അവന്റെ മുന്നിലുള്ള ആളെ നോക്കി… ഇടുപ്പിൽ കൈ കെട്ടി ചുണ്ടിലൊരു കുഞ്ഞ് പുഞ്ചിരിയോടെ അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു അന്ന.. അവളുടെ ആ പുഞ്ചിരിയിൽ മയങ്ങി നിൽക്കുന്ന അലക്സിന് അരികിലേക്ക് അന്ന നടന്നടുത്തു… ഇരു കൈകളാലും അവന്റെ നെഞ്ചിലേക്ക് ചേർത്ത് വെച്ച് ആ കണ്ണിലേക്ക് മാത്രം നോക്കിക്കൊണ്ട് അന്നമ്മ മുന്നോട്ട് നടന്നു..

അവനും അവൾക്ക് വിധേയപ്പെട്ടത് പോലെ പിന്നിലേക്ക് നീങ്ങി… അവസാനം ചുമരിൽ ഇടിച്ച് നിന്നപ്പോഴാണ് അലക്സ് അവളിൽ നിന്ന് നോട്ടം മാറ്റിയത്…. എന്നാൽ അന്നമ്മ അപ്പോഴും അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു…. “എന്താ ടീ കുട്ടിപിശാശേ നോക്കുന്നത്….?” കണ്ണുകൾ കൂർപ്പിച്ച് വെച്ച് കൊണ്ട് അലക്സ് ചോദിച്ചതും അന്ന കണ്ണുകൾ ഒന്ന് ചിമ്മി കാണിച്ചു… “എന്റെ ചെകുത്തനെ കാണാൻ അടിപൊളി ആയിട്ടുണ്ട്…” അവന്റെ മൂക്കിൻ തുമ്പിൽ പിടിച്ച് വലിച്ച് കൊണ്ടവൾ പറഞ്ഞതും അലക്സിന്റെ ചുണ്ടിൽ കുഞ്ഞ് പുഞ്ചിരി വിരിഞ്ഞു… “പക്ഷേ എന്തേ താടി ഷേവ് ചെയ്യാഞ്ഞത്…?” അവളുടെ കണ്ണുകളിൽ നിറഞ്ഞ് നിന്ന പരിഭവത്തെ ആസ്വദിക്കുകയായിരുന്നു അവൻ… “സാരമില്ല ഇപ്പോ തന്നെ ഒടുക്കത്തെ ലുക്ക് ആയിട്ടുണ്ട്…. പിന്നെ താടി കൂടെ വടിച്ചാലുള്ള കാര്യം പറയണോ….

പിടക്കോഴികളെല്ലാം പിന്നെ ചുറ്റീന്ന് മാറില്ല….” അവന്റെ താടിയിലൂടെ വിരലോടിച്ച് അന്നമ്മ പറഞ്ഞു… “പക്ഷേ ഞാൻ പറഞ്ഞത് അനുസരിക്കാത്തതിനുള്ള ശിക്ഷ വേണ്ടേ ഇച്ചായന്….?” അവളുടെ കുറുമ്പ് നിറഞ്ഞ ചോദ്യം കേട്ടതും അലക്സ് പുരികമുയർത്തി കൊണ്ട് അവളെ ഒന്ന് നോക്കി…. അന്ന ചെരുപ്പ് ഊരി മാറ്റി അലക്സിന്റെ കാലിന് മുകളിലേക്ക് കയറി രണ്ടും കൈകളും എടുത്ത് അവന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ച് നിന്നു… അവന്റെ മിഴിഞ്ഞ് നിൽക്കന്ന കണ്ണുകളിലേക്ക് നോക്കി ഒന്ന് സൈറ്റടിച്ച് കള്ളച്ചിരിയോടെ അവളാ കവിളിൽ പല്ലുകൾ ആഴ്ത്തി…. വേദനിച്ചെങ്കിലും അവളെ തള്ളി മാറ്റാൻ ശ്രമിക്കാതെ അവൻ കണ്ണുകൾ അടച്ച് പിടിച്ച് നിന്നു… മുഖം പതിയെ ഉയർത്തിയ അന്ന അവന്റെ കവിളിൽ ചെറുതായി തെളിഞ്ഞ് വന്ന ആ നുണക്കുഴി കണ്ട് കുസൃതിയോടെ അവിടേക്ക് മുഖമുടുപ്പിച്ചു…

അവളാ നുണക്കുഴിയുടെ ആഴം അളക്കവേ അലക്സ് അറിയാതെ ഇരു കൈകളാലും അവളുടെ ഇടുപ്പിനെ ചുറ്റി വരിഞ്ഞിരുന്നു… “ഇച്ചായാ….” അവന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ച് നിന്ന് കൊണ്ടവൾ പതിയെ വിളിച്ചതും അലക്സ് കണ്ണുകൾ തുറക്കാതെ ഒന്ന് മൂളി…. “ഇനിയും എന്തെങ്കിലും അനുസരക്കേട് കാണിച്ചാൽ ഇത്പോലെ ആയിരിക്കും ഞാൻ ശിക്ഷിക്കുക…കേട്ടല്ലോ…” കുസൃതിയോടെ അവൾ പറഞ്ഞത് കേട്ട് കണ്ണുകൾ വലിച്ച് തുറന്ന് കൊണ്ട് അവൻ അവളെ നോക്കി… അന്നയുടെ ചുണ്ടിലെ കുസൃതി ചിരി കാണെ അവളിലേക്ക് അലക്സിന്റെ മുഖം അവൻ പോലുമറിയാതെ അടുത്തു… അവളുടെ അധരങ്ങളിലേക്കെത്താൽ ഒരു ചെറുവിരൽ ദൂരം ബാക്കി നിൽക്കവേ അന്നമ്മ അവനെ തള്ളി മാറ്റിക്കൊണ്ട് പുറത്തേക്ക് ഓടിയിരുന്നു…. “ഐ ലവ് യൂ ഡാ ചെകുത്താനേ…..”

വാതിൽ പടിയിൽ എത്തി നിന്ന് തല അൽപം ചെരിച്ച് കൊണ്ട് അന്ന കണ്ണിറുക്കി കാണിച്ച് കള്ളചിരിയോടെ പറഞ്ഞു… കിലുങ്ങി ചിരിച്ച് കൊണ്ടവൾ ഓടി മറയുന്നത് നോക്കി നിൽക്കുന്ന അലക്സിന്റെ കണ്ണുകൾക്ക് മുൻപത്തേതിലും തിളക്കമുണ്ടായിരുന്നു…. ****** “അമൃത…ഇതൊക്കെ നടക്കുമോ….?” പി.ജി ബ്ലോക്കിലെ ഉപയോഗ ശൂന്യമായ ക്ലാസ് മുറിയിൽ നിൽക്കുകയായിരുന്നു അമൃതയും അവളുടെ വാലുകളും…. “നടക്കാതെ പിന്നെ….ഈ അമൃത ഒന്ന് വിചാരിച്ചാൽ അത് നടത്തിയിരിക്കും എന്ന് നിനക്ക് അറിയാമല്ലോ…. ആ ആൻമരിയ….അവളെ ഞാൻ വെറുതേ വിടില്ല….എന്റെ ദേഹം നോവിച്ചവളാണ്….അവളുടെ കണ്ണീര് കാണാതെ ഞാൻ അടങ്ങില്ല….അതെന്റെ വാശിയാണ്….” അമൃത കോപത്തെ മുഷ്ടി ചുരുട്ടി പിടിച്ച് കൊണ്ട് അടക്കി നിർത്തി…

“അതിന് മറ്റവളെ എന്തിനാ അമൃത കുടുക്കുന്നത്…അവളെന്ത് ചെയ്തിട്ടാ…” കൂട്ടത്തിലെ ഒരുത്തി ചോദിച്ചതിന് രൂക്ഷമായ നോട്ടമായിരുന്നു മറുപടി… “ആ ശ്രീദുർഗ….അവൾ ആൻമരിയയുടെ അടുത്ത കൂട്ടുകാരി അല്ലേ…അവൾക്ക് വേദനിച്ചാൽ ആൻമരിയ വേദനിക്കും…. അത് മാത്രമല്ല….അലക്സ് സാറും ശ്രീ ദുർഗയും തമ്മിലുള്ള അടുപ്പം നിങ്ങൾ ശ്രദ്ധിച്ചിരുന്നോ..അത് കാണുന്ന ആർക്കായാലും സംശയം തോന്നിയേക്കാം…അത് തന്നെയാണ് നമുക്ക് ഇവിടെയും വേണ്ടത്….” അമൃത എന്തോ തീരുമാനിച്ചെന്ന പോലെ പുച്ഛച്ചിരിയോടെ പറഞ്ഞു… “നീ ഒന്ന് തെളിച്ച് പറ അമൃത….” അതിൽ ഒരുത്തി സംശയത്തോടെ അവളെ നോക്കി ചോദിച്ചു… “പറയാം…കുറച്ച് സമയം കഴിയുമ്പോ ഞാൻ അലക്സ് സാറിനെയും ശ്രീദുർഗയേയും എന്തിനെങ്കിലും വേണ്ടി പറഞ്ഞയക്കും….

അപ്പോ നമ്മൾ ഈ ജനാലക്ക്അടുത്ത് വെച്ച റെക്കോർഡഡ് വോയിസ് കേട്ട് രണ്ടാളും ആരാണെന്ന് നോക്കാൻ ഇങ്ങോട്ട് വരും… അവർ റൂമിലേക്ക് കയറിയതും ഡോർ പുറത്ത്ത് നിന്ന് ക്ലോസ് ചെയ്യണം…ഈ ക്ലാസ് റൂമിൽ വായുസഞ്ചാരം കുറവായത് കൊണ്ട് അവൾക്ക് പെട്ടെന്ന് ശ്വാസം മുട്ടാൻ തുടങ്ങും…. ആ സമയത്ത് എന്തായാലും അലക്സ് സാറിന് അവളുടെ അടുത്തേക്ക് പോയി നിൽക്കാതെ പറ്റില്ലല്ലോ… അപ്പോഴേക്കും നിങ്ങൾ പ്രിൻസിയേയും ബാക്കി ടീച്ചേർസിനെയും കൂട്ടി ഇവിടെ എത്തണം….

ആ ആൻമരിയ എന്തായാലും വരണം….സാറിനെയും ആ ശ്രീദുർഗയെയും അങ്ങനെ ഒരു സാഹചര്യത്തിൽ കണ്ടാൽ ഏത് പെണ്ണായാലും തെറ്റിദ്ധരിക്കും….പിന്നെ നടക്കാൻ പോവുന്നത് എന്താണെന്ന് പറയണ്ടല്ലോ….” അമൃത ക്രൂരമായൊരു ചിരിയോടെ പറഞ്ഞ് തീർത്തതും ആരുടേയോ ഉച്ചത്തിലുള്ള കൈയടി കേട്ടു… അവളും അവളുടെ കൂട്ടുകാരും ഞെട്ടി തിരിഞ്ഞതും തുറന്നിട്ട ഡോറിൽ ചാരി അവരെ നോക്കി ഒരു ചിരിയോടെ നിൽക്കുന്ന അന്നമ്മയെ കണ്ട് തറഞ്ഞ് നിന്നു…….”തുടരും

നിനക്കായ് : ഭാഗം 57

Share this story