ഹൃദയത്തിൻ താളമായി…..❣️ : ഭാഗം 13

ഹൃദയത്തിൻ താളമായി…..❣️ : ഭാഗം 13

എഴുത്തുകാരി: റിൻസി പ്രിൻസ്‌

പിറ്റേന്ന് രാവിലെ പോകാൻ ഒരുങ്ങുമ്പോഴാണ് അമ്മ ചോറ് ആയി വന്നത്………. “അയ്യോ അമ്മേ ഞാൻ പറയാൻ മറന്നു…….. ഇന്ന് ചോറ് വേണ്ട…… ” അതെന്താ…..?നിനക്ക് ചോറ് വേണ്ടാത്തത്……..? അമ്മ സംശയത്തോടെ തൻറെ മുഖത്തേക്ക് നോക്കി ചോദിച്ചപ്പോൾ ആ മുഖത്തെ അഭിമുഖീകരിക്കാൻ കഴിയാതെ മുഖം പെട്ടെന്ന് മാറ്റി……… പണ്ടുമുതലേ അമ്മയോട് കള്ളം പറഞ്ഞ് ശീലിച്ചിട്ടില്ല……….. കള്ളം പറഞ്ഞാൽ അമ്മ കണ്ടു പിടിച്ചു പോയാലോ എന്ന ഒരു ഭയമായിരിക്കാം നോട്ടം മാറ്റാൻ എന്നെ പ്രേരിപ്പിച്ചത്……… “അത് എൻറെ കൂടെ ജോലി ചെയ്യുന്ന മീര ചേച്ചിയുടെ കുഞ്ഞിന് ക്ലാസിൽ ഫസ്റ്റ് കിട്ടി…… അതിന്റെ സന്തോഷത്തിനു എല്ലാവർക്കും ബിരിയാണി മേടിച്ചു തരും……..

അതുകൊണ്ട് ഇന്ന് ഉച്ചയ്ക്ക് എല്ലാവർക്കും ബിരിയാണി ആണ്…… ചോറ് കൊണ്ടുവരരുത് എന്ന് പ്രത്യേകം പറഞ്ഞിരുന്നു……… ഇന്ന് ചേച്ചി ചേച്ചിയുടെ ട്രീറ്റ് ആണ്…… “നിനക്ക് ഇതൊക്കെ നേരത്തെ പറഞ്ഞുകൂടെ അപ്പു…….. നീ നേരത്തെ പോകുന്നതുകൊണ്ട് ഞാൻ അതിരാവിലെ കഷ്ടപ്പെടുന്നത് ആണ്….. നിനക്ക് വേണ്ടായിരുന്നു എങ്കിൽ കുറച്ചു കഴിഞ്ഞിട്ട് ഉണ്ടാക്കിയാൽ മതിയരുന്നല്ലോ……. ഞാൻ ഇത്രയും രാവിലെ ഇതൊന്നും ഉണ്ടാകില്ലായിരുന്നു……. അക്കുവിനെ വിട്ട് ഞാൻ രാവിലെ തന്നെ മീൻ വാങ്ങിപ്പിച്ചു കറി വച്ചു……. ” സാരമില്ല അമ്മുസേ ഉച്ചയ്ക്ക് കൂട്ടാനുള്ളത് ആയില്ലേ……… ഇനിയിപ്പോ ജോലി ഒക്കെ കഴിഞ്ഞില്ലേ അമ്മക്കുട്ടിക്ക് കയറി കിടന്ന് സുഖായിട്ട് ഉറങ്ങികൂടെ………. ”

ഒന്നു കൊഞ്ചാതെ പോടി പെണ്ണേ…….. ചിരിയോടെ അമ്മയുടെ അടുത്തു നിന്നും ഇറങ്ങി ചെന്ന് അച്ഛനോട് 100 രൂപ അധികം വാങ്ങി……….. എന്തിനാണെന്ന് അച്ഛൻ ചോദിച്ചില്ല…….. അത് ചിലപ്പോൾ താൻ ഇപ്പോ വലിയ ജോലിക്കാരിയായി എന്നൊക്കെ തോന്നിയത് കൊണ്ടാവും……… ആവശ്യമുണ്ടെന്ന് മാത്രം പറഞ്ഞു……. ബസിൽ നിന്ന് ഇറങ്ങിയതും നേരെ നോക്കിയത് വർക്ക് ഷോപ്പിലേക്ക് ആണ്……. ഇറങ്ങിയാൽ ഉടൻ കണ്ണുകൾ ഇപ്പോൾ ആദ്യം ചെല്ലുന്നത് അവിടേക്കാണ്……….. പ്രതീക്ഷിച്ച മുഖം അവിടെ കാണാൻ സാധിച്ചില്ല…… അല്ലെങ്കിലും ഞാൻ വരുന്ന ബസ് സമയം ഒക്കെ ആൾക്ക് നന്നായിട്ടറിയാം…….

അതുകൊണ്ടാ സമയത്ത് ആൾ മാറി നില്കും……. എങ്കിലും വെറുതെ കണ്ണുകൾ അങ്ങോട്ട് പായാറുണ്ട്…….. അന്ന് രാവിലത്തെ ട്യൂഷൻ കുട്ടികൾക്ക് എടുക്കാൻ വല്ലാത്ത ഉത്സാഹമായിരുന്നു……… എങ്ങനെയെങ്കിലും ഒന്നു ഉച്ച ആയാൽ മതിയെന്നായിരുന്നു………… മനസ്സിൽ നിറയെ ആൾ ആയിരുന്നു….. എന്ത് കൊണ്ടാണ് തന്റെ മനസ്സ് വീണ്ടും വീണ്ടും അവനെ ന്യായീകരിക്കുന്നത്. അവനിൽ എവിടെയൊക്കെയോ അല്പം നന്മ ബാക്കി ഉണ്ട് എന്ന് ഒരു തോന്നൽ.ആരാലും അറിയാത്ത സ്വയം നീറുന്ന ഒരു ഹൃദയം ഉണ്ട് എന്ന് ഒരു തോന്നൽ.സ്നേഹം ആഗ്രഹിക്കുന്ന ഒരു ഹൃദയം വെമ്പൽ കൊള്ളുന്നുണ്ട്.ഒന്ന് നെഞ്ചോട് ചേർത്ത് ഇരുകയ്യാൽ വാരി പുണരാൻ ആഗ്രഹിക്കുന്ന രണ്ടു മിഴികൾ ഉണ്ട്. അന്ന് പ്ലസ് വൺ ക്ലാസ് എടുത്ത് തിരികെ മടങ്ങുമ്പോൾ പ്ലസ് വണ്ണിലെ ചില കുട്ടികുറുമ്പൻമാർ പറഞ്ഞു…….

‘ടീച്ചറുടെ മുഖത്ത് ഇന്ന് പതിവിലും സൗന്ദര്യമുണ്ടെന്ന്…… സമയം ഒരുമണിയോടെ അടുക്കുമ്പോൾ ഹൃദയം പെരുമ്പറ മുഴക്കാൻ തുടങ്ങി…… ഭക്ഷണം കഴിക്കുന്ന സമയം ആയപ്പോഴേക്കും മീരേച്ചി വന്നിരുന്നു……. ” ഞാൻ ചോറ് എടുത്തില്ല ചേച്ചി……. ” അതെന്തു പറ്റി….. ചേച്ചി എൻറെ മുഖത്തേക്ക് നോക്കി ചോദിച്ചു…….. ” അമ്മ വീട്ടിലുണ്ടായിരുന്നില്ല……. അമ്മയുടെ വീട്ടിൽ പോയിരുന്നു ഞാൻ എല്ലാം റെഡി ആക്കണം എന്ന് കരുതിയതാണ്……. പക്ഷേ പറ്റിയില്ല………. പിന്നെ രാവിലെ ഒരു യുദ്ധം അല്ലേ……… പെട്ടെന്ന് ഒരുങ്ങി പോന്നു………. “സാരമില്ല നമുക്ക് ഷെയർ ചെയ്യാം……. ഞാൻ ചോറ് എടുത്തിട്ടുണ്ട്…… ” അത് സാരമില്ല ചേച്ചി……. ചേച്ചി ഒരാൾക്കുള്ള ചോറ് അല്ലേ എടുത്തിട്ടുള്ളൂ………

രാവിലെ ഒന്നും കഴിച്ചിട്ടുണ്ടാവില്ല ചേച്ചി…….. “ഇല്ലടി ഉണ്ട്………. ഞാൻ എടുത്തിട്ടുണ്ട്…… “വേണ്ട ചേച്ചി ഞാൻ അവിടുത്തെ ഹോട്ടലിൽ മേടിക്കാം…… മീര കുറേനേരം അവളുടെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി…… ആ നോട്ടം താങ്ങാൻ കഴിയാതെ അവൾ മിഴികൾ താഴ്ത്തി….. “നീ എൻറെ മുഖത്തേക്കൊന്നു നോക്കിക്കേ…… കള്ളം കണ്ടു പിടിച്ചത് പോലെ മീര ചേച്ചി പറഞ്ഞു……. ചേച്ചി കുറെ നേരം എൻറെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയപ്പോൾ എന്ത് പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നു……. ” ചേച്ചി എന്താ ഇങ്ങനെ നോക്കുന്നത്……? ” എനിക്ക് മനസ്സിലായി നിന്റെ ഉദ്ദേശം എന്താണെന്ന്……..

നിനക്ക് അവിടെ പോണം….. ശിവയെ കാണണം…….. അതിനല്ലേ നീ ഇന്ന് മനഃപൂർവം ചോറ് കൊണ്ട് വരാതിരുന്നത്…… ” അല്ല ചേച്ചി…… സത്യമായിട്ടും അമ്മ വീട്ടിൽ ഉണ്ടായിരുന്നില്ല…… ” നീ എന്നോട് കള്ളം പറയല്ലേ അപ്പു……. ” കാണണമെന്നുണ്ടായിരുന്നു ചേച്ചി…… ശരിയാണ്…… അവസാനം കുറ്റം സമ്മതിച്ചു….. ” സമയം പോകുന്നു നീ ചോറ് വാങ്ങാൻ വേണ്ടി തന്നെയല്ലേ ഉറപ്പിച്ചത്……. പോയി വാങ്ങിയിട്ട് വാ……. നീ വന്നിട്ട് മാത്രേ ഞാൻ കഴിക്കു…… ” എങ്കിൽ ചേച്ചിയും കൂടി വാ…. “ഞാൻ വരുന്നില്ല……. നീ ഇത്രയും ബുദ്ധിമുട്ടി വീട്ടിൽ നിന്ന് ചോറ് പോലും എടുക്കാതെ വന്നതല്ലേ…….

അവനെ കാണാൻ വേണ്ടി…….. പോയിട്ട് വാ…… ഏതായാലും നീ വന്നിട്ട് ഞാൻ കഴിച്ചു തുടങ്ങു…. ” എങ്കിൽ ഞാൻ ഓടി പോയിട്ട് വരാം……. അപ്പോൾ എൻറെ മുഖത്തെ സന്തോഷം കണ്ടിട്ട് ആയിരിക്കാം അത്ഭുതത്തോടെ ചേച്ചി നോക്കുന്നുണ്ടായിരുന്നു……. താഴേക്ക് പടികളിറങ്ങുമ്പോൾ കാലിന് വല്ലാത്ത വേഗം പോലെ തോന്നിയിരുന്നു…….. ഹൃദയം പെരുമ്പറ മുഴക്കുകയാണ്……. ഒന്ന് കാണാൻ….. സംസാരിക്കാൻ……. പുറത്തേക്കിറങ്ങിയപ്പോൾ ആദ്യം നോട്ടം പതിച്ചത് വർക്ക് ഷോപ്പിലേക്ക് ആണ്……… ഇല്ല അവിടെ എങ്ങും ആളെ കാണാനില്ല…….. നേരത്തെ കഴിക്കാൻ പോയിട്ടുണ്ടാവുമൊ…..? ഓടിയാണ് ഹോട്ടലിനു മുൻപിൽ എത്തിയത്…….. അവിടെ കുറച്ച് ആളുകൾ മാത്രമേ ഉള്ളൂ……… അതുകൊണ്ട് വളരെ പെട്ടെന്ന് തന്നെ എല്ലാവരെയും കാണാൻ പറ്റും……..

ഇരിക്കുന്നവരുടെ കൂട്ടത്തിൽ ഒന്നും ആളില്ല എന്നുള്ളത് ഉറപ്പാണ്……… ഒരുവേള ഒരു ഭയം തോന്നി ആൾ ഇനി ഇന്ന് വരാതിരിക്കുമൊ….? അങ്ങനെയാണെങ്കിൽ താൻ ഈ കാട്ടിക്കൂട്ടിയത് ഒക്കെ വെറുതെ ആയി പോകും……. “എന്താ മോളെ വേണ്ടത്…… പ്രായം തോന്നിക്കുന്ന നെറ്റിയിൽ നിസ്കാര തഴമ്പ് ഉള്ള ഒരാൾ ചോദിക്കുകയാണ്…… ആളാണ് ക്യാഷിൽ ഇരിക്കുന്നത്….. ” ഒരു ഊണ്…… മടിച്ചു പറഞ്ഞു….. അങ്ങനെ ഒറ്റയ്ക്ക് ഹോട്ടലിൽ ഒന്നും കയറി പരിചയം ഇല്ല…… “മീൻ വേണോ…… ” വേണ്ട…… ഊണ് മാത്രം മതി….. ” ഇപ്പൊൾ തരാം….. വെയ്പ്പ് ഒക്കെ വീട്ടിൽ ആണ്….. ആവിശ്യം ഉള്ള ഭക്ഷണം വീട്ടിൽ നിന്ന് കൊണ്ടുവരും….. ഇപ്പോൾ ഊണിന്റെ സമയം ആയതുകൊണ്ടാണ് തിരക്ക്……

കുറച്ച് ആളുകളുണ്ട് സ്ഥിരമായി വരുന്നവർ……. കുറച്ച് ഉണ്ടാകാറുള്ളത്…… വീട്ടീന്ന് ഉണ്ടാക്കി കൊണ്ടുവരണം ഊണു കാരുടെ തിരക്കുണ്ട്….. ഇപ്പോൾ തന്നെ എടുത്തു തരാം….. ബീവി ഇപ്പൊൾ ഇങ്ങോട്ട് കൊണ്ട് വരും……. ഇവിടെ ഉള്ളത് ഒക്കെ തീർന്നു പോയി……. അയാൾ കാര്യമായി പറഞ്ഞു…. “സാരമില്ല……എനിക്ക് തിരക്കില്ല ചിരിയോടെ മറുപടി പറഞ്ഞു….. ഒരു കണക്കിന് അത് നന്നായി എന്ന് എനിക്ക് തോന്നി……. അത്രയും നേരം ഇവിടെ നിൽക്കാം……. അതിനിടയിൽ ആള് വരികയാണെങ്കിൽ കാണുകയും ചെയ്യാം…… ഒരു ഓരത്തായി മാറിനിന്നു….. “ആഹാ…. ശിവനും വന്നല്ലോ….. ഊണ് തീർന്നു മോനെ….. ഇപ്പൊ വരും…… അയാളുർ സംസാരം കേട്ടപ്പോഴാണ് പെട്ടെന്ന് വെട്ടിത്തിരിഞ്ഞു പുറകിലേക്ക് നോക്കിയത്…..

അപ്പോൾ കണ്ടു തന്നെ ആകർഷിച്ച ആ പുരുഷരൂപത്തെ……. പുറകിൽ നിൽക്കുക ആണ് തന്നെ നോക്കുന്നില്ല……. തന്നെ കണ്ടു എന്ന് ഉറപ്പാണ്…… പക്ഷെ അറിയാതെ പോലും ഒരു നോട്ടം പാറി വീണില്ല തന്റെ മുഖത്തേക്ക്…… “ശരി ഹംസക്ക…… ഞാൻ പോയിട്ട് പിന്നെ വരാം….. അങ്ങനെ പറഞ്ഞപ്പോൾ എന്റെ ഉള്ളിലാണ് ഒരു കാരമുള്ള് തറച്ചത്…… ഞാനിവിടെ നിൽക്കുന്നത് കൊണ്ടാണ് ആൾ പോകാനൊരുങ്ങുന്നത് എന്ന് മനസ്സിലായി……. “വേണ്ട ശിവ…… നിൽക്ക് ……. ഇനി ഇപ്പോൾ നോക്കിയിരുന്നിട്ട് കാര്യമില്ല…….. വീട് അടുത്തല്ലേ…… ഇവിടെ നിന്ന് രണ്ട് മിനിറ്റ് നടന്നാൽ മതി ഞാൻ അതൊന്നു പോയി ഇങ്ങോട്ട് എടുത്തിട്ട് വരാം…….. ഈ മോൾക്കും ചോറ് വേണമെന്ന് പറഞ്ഞിരുന്നു……..

പോയിട്ട് തിരികെ വരാൻ ഒന്നും നിൽക്കണ്ട……. ” കോയ നീ എവിടെ……. ഞാൻ വീട്ടിലേക്ക് പോയിട്ട് വരാം……. ” നിൽക്ക് മോളെ……. ഇപ്പൊ വരാം…… ഓടി വരാം……. അങ്ങനെ ഞങ്ങൾ രണ്ടാളോടും പറഞ്ഞ ഹംസാക്കാ പോകാനായി ഇറങ്ങി…….. അപർണ അവിടെ തന്നെ നിൽക്കുകയാണ്……. അറിയാതെ നോട്ടം ശിവൻറെ മുഖത്തേക്ക് എത്തുന്നുണ്ട്……. അവൻ പക്ഷെ അവളെ നോക്കുന്നില്ല……. എങ്കിലും ആ മിഴികൾ അറിയാതെ അവളിൽ ചെന്ന് പതിക്കുന്നത് ആയി അവൾ അറിയുന്നുണ്ടായിരുന്നു…….. ശിവ അകത്തേക്ക് കയറാനായി തുടങ്ങിയപ്പോഴേക്കും അപർണ പറഞ്ഞു……. ” ഒന്ന് നിൽക്കും…… ശിവ മനസ്സിലാവാതെ അവളെ നോക്കി…….. “എന്നോടാണോ….?

“നമ്മൾ രണ്ടുപേരും അല്ലാതെ ഇപ്പൊൾ ഇവിടെ മറ്റാരും ഇല്ലല്ലോ…… ” എന്താണ്……? ഗൗരവത്തിൽ ആൾ തിരക്കി……. ” എനിക്കൊന്ന് സംസാരിക്കാൻ ഉണ്ടായിരുന്നു……. എന്റെ മറുപടി കെട്ട് ആൾ ഒന്ന് അമ്പരന്നു ….. “പറഞ്ഞോളൂ……. “ഇവിടെവെച്ച് പറയാൻ പറ്റില്ല…….. ഒറ്റയ്ക്ക് ഒന്ന് സംസാരിക്കണം……. ” ഒറ്റയ്ക്കോ……? ” എനിക്ക് ഒന്നു സംസാരിച്ചില്ലെങ്കിൽ ശരിയാവില്ല…… “ശരി……. വൈകുന്നേരം വർക്ഷോപ്പിന് മുൻപിലെ ബസ്റ്റോപ്പിൽ വന്നാൽ മതി…….. ഞാൻ അവിടേക്ക് വരാം…… ” അങ്ങനെ എല്ലാവരും ഉള്ള ഒരു സ്ഥലത്ത് വെച്ച് സംസാരിച്ചാൽ ശരിയാവില്ല…… “എങ്കിൽ പിന്നെ ഇവിടെ വച്ച് പറ…. “അതും ശരി ആകില്ല….. “എങ്കിൽ പിന്നെ എവിടെ വച്ചു സംസാരിക്കണമെന്ന് പറ…….

“അന്ന് ആ കുന്നിനു മുകളിലെ അമ്പലത്തിൽ വന്നില്ലേ……. ഈ ഞായറാഴ്ച ആ അമ്പലത്തിൽ വരാമോ…….? വൈകുന്നേരം ഒരു മൂന്നു മണിയാവുമ്പോൾ……. ഞാനും വരാം…… ” അത്രയും ദൂരമൊ…..? അങ്ങനെ എന്ത് സംസാരിക്കാനാ…….? “ഒന്ന് വരാമോ…..? “ശരി വരാം…… ” എങ്കിൽ പോട്ടെ…… “ചോറ് വാങ്ങുന്നില്ലേ……. “ഞാൻ ചോറ് വാങ്ങാൻ വന്നതല്ല….. സത്യത്തിൽ ഒന്ന് കാണാൻ വേണ്ടി……. അവളത് പറഞ്ഞപ്പോൾ അവൻറെ മുഖത്ത് ഗൗരവം തെല്ലകന്നതായി അവൾ കണ്ടിരുന്നു….. അറിയാതെ അവൻറെ നോട്ടം അവളുടെ മുഖത്തേക്ക് മാറിയിരുന്നു……. പക്ഷെ അവൻ പെട്ടെന്ന് തന്നെ ആ നോട്ടം മാറ്റി കളഞ്ഞിരുന്നു…….

അപ്പോഴേക്കും ഹംസക്ക ചോറുമായി എത്തിയിരുന്നു……. മോൾക്ക് ഒരു ചോറു മാത്രം പോരേ……. ” മതി……. ഹംസക്ക ചോറ് അവളുടെ നേരെ നീട്ടി……. ” 50രൂപ……. അവൾ പേഴ്സിൽ നിന്നും കാശ് എടുക്കാൻ തുടങ്ങിയതും അവൻ പറഞ്ഞു……. ” പൊയ്ക്കോ……. ഞാൻ കൊടുത്തോളാം…… ” വേണ്ട…… “പൊയ്ക്കോ…… ഞാൻ കൊടുകാം എന്ന് പറഞ്ഞില്ലേ……. എന്നെ കാണാൻ വേണ്ടി വന്നതാണ് എന്നല്ലേ പറഞ്ഞേ……. ഞാൻ കൊടുത്തോളാം പൊയ്ക്കോ……. സമയം ഒരുപാട് വൈകി…. പോയി ഭക്ഷണം കഴിക്ക്…… അവൻ അത്‌ പറഞ്ഞപ്പോൾ എന്തോ മറുത്തു പറയാൻ അവൾക്ക് തോന്നിയില്ല……..

ആ ചോറും എടുത്തുകൊണ്ട് അവൾ ട്യൂഷൻ സെൻറർ ലക്ഷ്യമാക്കി നടന്നു…… ഇടയ്ക്ക് അറിയാതെ അവനെ തിരിഞ്ഞു നോക്കിയിരുന്നു…….. ആ നിമിഷം അവൻറെ ചുണ്ടിൽ അവൾക്കായി മാത്രം ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു…. ചോറുമായി തിരികെ കയറി വന്നപ്പോൾ തന്നെ കണ്ടിരുന്നു തന്നെ കാത്തിരിക്കുന്ന മീര ചേച്ചിയെ….. ” പോയ കാര്യം സാധിച്ചോ…..? ഗൗരവത്തിൽ ചേച്ചി തിരക്കി ….. ” ചോറു വാങ്ങി….. “ചോറ് വാങ്ങാൻ അല്ലല്ലോ നീ പോയത്…… കാണാൻ പോയ ആളിനെ കണ്ടോ എന്നാണ് ചോദിച്ചത്….. ” കണ്ടു…….. നിറഞ്ഞ സന്തോഷത്തോടെ പറഞ്ഞു……

എന്നിട്ട് സംസാരിച്ചോ…..? മ്മ്…. സമാധാനം ആയോ….. കുറച്ച്….. നിന്നെ ഞാൻ കുറ്റം പറയില്ല…… എങ്കിലും ഒരു കാര്യം ഞാൻ പറയാം……. ജീവിതമാണ് ഈ പ്രായത്തിൽ പല മോഹങ്ങളും എടുത്തുചാട്ടങ്ങളും ഒക്കെ തോന്നും…… പക്ഷേ അതുകഴിഞ്ഞ് നീണ്ടുനിവർന്ന് ഒരു ജീവിതം നമുക്ക് മുൻപിൽ ഉണ്ടാവും……. എടുക്കുന്ന തീരുമാനം എപ്പോഴും നമ്മുടെ ജീവിതത്തെ ഒരിക്കലും പ്രതികൂലമായി ബാധിക്കാത്ത ഒന്നായിരിക്കണം………. “എനിക്കറിയാം ചേച്ചി……. അന്നേ ദിവസം വല്ലാത്ത ഊർജ്ജം ആയിരുന്നു……… എല്ലാ കാര്യങ്ങളും പെട്ടെന്ന് തന്നെ ചെയ്തു……… വീട്ടിൽ ചെന്നപ്പോഴും സന്തോഷം അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല……. പിന്നീടുള്ള ദിവസങ്ങൾ പരീക്ഷ ചൂടിന്റെ ദിവസങ്ങളായിരുന്നു…….

കുട്ടികൾക്ക് പരീക്ഷ തുടങ്ങുകയാണ്……. അതുകൊണ്ട് കുറച്ച് അധികം നേരം ട്യൂഷൻ ക്ലാസ് നീണ്ടുപോകും……. അങ്ങനെ ഒരു ദിവസമാണ് വൈകുന്നേരം നേരത്തെ ഇറങ്ങാൻ വേണ്ടി നിന്നിട്ടും ഒരുപാട് താമസിച്ചത്…… തിരികെ ഇറങ്ങുന്ന സമയം ആറര കഴിഞ്ഞിരുന്നു…. ഇനി എങ്ങനെയാണെങ്കിലും കവലയിൽ എത്തുമ്പോഴേക്കും സമയം എഴെകാലിനോട് അടുത്തിരിക്കും എന്ന് ഉറപ്പാണ്…… ഹെഡ്മാസ്റ്റരുടെ ഫോണിൽ നിന്ന് അച്ഛനെ വിളിച്ചു പറഞ്ഞു….. ഉള്ളിൽ നേരിയ ഒരു ഭയം തോന്നിയിരുന്നു…….. അച്ഛനെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ അച്ഛൻ കവലയിൽ ഉണ്ടാകും ഒരുമിച്ചു പോകാം എന്നാണ് പറഞ്ഞത്……… ആ ഒരു വിശ്വാസത്തിൽ ബസ് സ്റ്റോപ്പിലേക്ക് നടന്നു…….

എങ്കിലും ഇരുട്ടുവീണ് തുടങ്ങിയിട്ട് ഉണ്ടായിരുന്നു…….. ബസ് സ്റ്റോപ്പിലേക്ക് നടക്കാൻ തുടങ്ങുമ്പോഴാണ് പിന്നിൽ നിന്നും ഹർഷേട്ടൻ വിളിച്ചത്…… “ഒരുപാട് താമസിച്ചല്ലോ….. ഇനി എങ്ങനെ പോകും….. ഞാനും കൂടി വേണമെങ്കിൽ അവിടെക്ക് വരാം….. “വേണ്ട ഏട്ടാ…… ബസ് ഉണ്ട്…… ” എങ്കിലും ഒറ്റയ്ക്ക് അപർണ്ണ….. ” സാരമില്ല കവലയിൽ അച്ഛൻ ഉണ്ടാവും….. അച്ഛനെ വിളിച്ചു പറഞ്ഞിരുന്നു….. ഞാൻ പോട്ടെ….. ഇനി നിന്നാല് ഈ ബസ് കിട്ടില്ല…… ” ശരി……. മീര ചേച്ചി അന്നത്തെ ദിവസം അവധി ആയിരുന്നതിനാൽ തന്നെയാണ് ബസ്സ്റ്റോപ്പിലേക്ക് നടന്നത്…….. ബസ്സിൽ പൊതുവേ ആളുകൾ കുറവായിരുന്നു…….

ഒരു നേരിയ ഭയം ഇല്ലാതില്ല…… പെട്ടന്നാണ് വർക്ക്ഷോപ്പിലെ മുന്നിൽ നിന്നും നടന്നു വരുന്ന ആളിനെ കണ്ടത്…. നഷ്ടപ്പെട്ടുപോയ ഭയം ധൈര്യം എവിടെ നിന്നോ തിരികെ വരുന്നത് ആ നിമിഷം അറിഞ്ഞിരുന്നു…… ആൾ എന്നെ നോക്കുന്നില്ല…….. ബസ്സ്റ്റോപ്പിലേക്ക് കയറി നിൽക്കുകയാണ്….. ബസ് നിർത്തിയപ്പോൾ ആളും ഒപ്പം കയറിയിരുന്നു……. വല്ലാത്ത സന്തോഷം തോന്നിയിരുന്നു…… ബസ്സിൽ ആളുകൾ കുറവാണ്….. സ്ത്രീ എന്ന് പറയാൻ ഒരാൾ മാത്രമേ ഉള്ളൂ, പിന്നെ താനും ……. ബാക്കിയുള്ളവരെല്ലാം പുരുഷന്മാരാണ്……. വൈകുന്നേരത്തെ ജോലികഴിഞ്ഞ് മറ്റും എത്തുന്ന ആളുകൾ…….

അടുത്തുകണ്ട ആ സ്ത്രീയുടെ സീറ്റിൽ തന്നെ ഇരുന്നു…….. തൊട്ടു അരികിൽ ഉള്ള തന്റെ ഇടതുവശത്തു ആയി ഉള്ള സീറ്റിൽ ആളും സ്ഥാനം ഉറപ്പിച്ചിരുന്നു…….. ഒരു സുരക്ഷാവലയം പോലെ……. ആ നിമിഷം അയാളോട് തോന്നിയ സ്നേഹം കൂടുകയായിരുന്നു…… തൊട്ടപ്പുറത്തുള്ള സീറ്റിൽ തനിക്ക് കാണത്തക്കവിധം ആളും……. എന്നോടൊപ്പമുള്ള ആ ചേച്ചി കുറച്ച് അപ്പുറത്ത് ഉള്ള സ്റ്റോപ്പിൽ ഇറങ്ങിയിരുന്നു……. ഇപ്പോൾ ആളെ എനിക്ക് വ്യക്തമായി കാണാം…… അറിയാതെ ആ മുഖത്തേക്ക് നോക്കി പോയി…… ആൾ എന്നെ നോക്കുന്നില്ല എങ്കിലും ഹൃദയം അവിടെത്തന്നെ ആണ്…….. ആ കണ്ണുകളെ വലയം ചെയ്യുകയാണ്….. ബസിന്റെ സ്റ്റീരിയോയിൽ നിന്നും പാട്ട് ഒഴുകിവന്നു……

🎶🎵 കുടവുമായ് പോകുന്നോരമ്പാടി മുകില്‍ എന്റെ ഹൃദയത്തിലമൃതം തളിക്കുകില്ലേ.. പനിനീരു പെയ്യുന്ന പാതിരാക്കാറ്റിന്റെ പല്ലവി നീ സ്വയം പാടുകില്ലേ.. കുഞ്ഞുപരിഭവം താനേ മറക്കുകില്ലേ.. കുഞ്ഞുപരിഭവം താനേ മറക്കുകില്ലേ.. എവിടെയോ കണ്ടു മറന്നൊരാമുഖമിന്നു ധനുമാസ ചന്ദ്രനായ് തീര്‍ന്നതല്ലേ.. കുളിര്‍കാറ്റു തഴുകുന്നൊരോര്‍മ്മതന്‍ പരിമളം പ്രണയമായ് പൂവിട്ടു വന്നതല്ലേ..നിന്റെ കവിളത്തുസന്ധ്യകള്‍ വിരിയുകില്ലേ.. നിന്റെ കവിളത്തുസന്ധ്യകള്‍ വിരിയുകില്ലേ🎶🎵

ആ വരികൾ കേട്ടപ്പോൾ അറിയാതെ അയാളുടെ മുഖത്തേക്ക് നോക്കി…… ആ നിമിഷം ആളും എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു……..ഒത്തിരി സ്നേഹത്തോടെ ✍ റിൻസി

ഹൃദയത്തിൻ താളമായി…..❣ : ഭാഗം 12

Share this story