ആദിശൈലം: ഭാഗം 31

ആദിശൈലം: ഭാഗം 31

എഴുത്തുകാരി: നിരഞ്ജന R.N

അലോകിന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയാനാകാതെ അവന്റെ മുൻപിൽ നിന്നും തിരിഞ്ഞുപോകാൻ തുടങ്ങിയ ജോയിച്ചനെ അലോക് തടഞ്ഞു…. ജോയിച്ചാ.. ഐ നീഡ് യൂവർ ആൻസർ……. ഇത്ര നാളും നിനക്ക് തോന്നുമ്പോൾ പറയട്ടെഎന്ന് കരുതി നിന്നോടൊന്നും ഞാൻ ചോദിച്ചിട്ടില്ല… പക്ഷെ, ഇന്ന് ഇന്നിത് എന്റെ ജീവിതമാണ്… എനിക്കറിയണം നിന്റെ നെഞ്ചിനെ കീറിമുറിച്ചവൾ എന്റെ ശ്രീ ആണോ എന്ന്????? എനിക്കറിയണം നിന്റെ ഈ അവസ്ഥയ്ക്ക് കാരണക്കാരി എന്റെ പ്രണയമാണോന്ന്….. പറയ് ജോയിച്ചാ.. പറയ്…. ഒരു ഭ്രാന്തനെപ്പോലെ അലോക് ജോയ്ക്ക് മുൻപിൽ ഉറഞ്ഞുതുള്ളി…….

ജൂഹിയുടെ മരണശേഷം അവനെ ഇങ്ങെനെയൊരു ഭാവത്തിൽ ആദ്യമായ് ആണ് ജോയ് കാണുന്നത്…. അല്ലൂ… ടാ…. അവന്റെ വിളിയിൽ ഇതുവരെ മനസ്സിൽ തളം കെട്ടിനിന്ന വേദനയുടെ ഭാവം നിറഞ്ഞിരുന്നു….. ജോയിച്ചാ.. പ്ലീസ്.. പറയെടാ……. ഇന്നലെ നീ ബോധമില്ലാതെ പറഞ്ഞ വാക്കുകൾ തകർത്തത് എന്റെ ഹൃദയമാ… അത് നേരേയാക്കണമെങ്കിൽ നീ തന്നെ പറയ്…. അല്ലുവിന് മുൻപിൽ ഇനിയും പിടിച്ചുനിൽക്കാൻ ജോയ്ക്ക് ആകുമായിരുന്നില്ല.. ആ തോളിൽ ചാഞ്ഞ് ഉള്ളിലെ വേദന കണ്ണീരായി ഒഴുക്കി അവൻ തിരിഞ്ഞ് ബാൽകണിയിലേക്ക് നടന്നു…… അല്ലൂ…..

അവന്റെ വിളിയിൽ കാതോർത്തുകൊണ്ട് അല്ലുവും അവന് പിന്നാലെ അവിടേക്ക് ചെന്നു…… പറയാം, പക്ഷെ അതിന് മുൻപ് നീ എനിക്കൊരു വാക്ക് തരണം, എല്ലാം അറിഞ്ഞതിന് ശേഷം എടുത്തിച്ചാടി ഒന്നും പ്രവർത്തിക്കരുതെന്ന്…………. ജോയിച്ചാ നീ പറയ്….. അല്ലുവിന്റെ സ്വരത്തിൽ ഗൗരവം നിറഞ്ഞു.. മ്മ്മ്.. മ്മ്… ഞാൻ പറഞ്ഞതെല്ലാം സത്യമാണ്. പക്ഷെ നീ വിചാരിക്കും പോലെ എന്റെ പ്രണയം അത് നിന്റെ ശ്രാവണി ആയിരുന്നില്ല… അവളെ ആ ഒരു കണ്ണിൽ ഇന്നുവരെ ഞാൻ കണ്ടിട്ടില്ല.. അന്നും ഇന്നും എന്നും അവളെന്റെ പെങ്ങളൂട്ടി തന്നെയാ…. പിന്നെ എങ്ങേനെയാടാ എന്റെ ശ്രീ ninte ജീവിതം തകർത്തത്…

അവന്റെ വാക്കുകൾ അലോകിന് കുറച്ച് ആശ്വാസം പകർന്നിരുന്നു…. പറയാം…. അന്ന് നിനക്ക് ഓർമയില്ലേ അപ്പച്ചന്റെ മരണശേഷം ഞാൻ പഠിത്തം നിർത്തിയത്…. അപ്പച്ചന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എന്നെ ഒരു ഐ പി എസ് കാരൻ ആക്കണമെന്നുള്ളത്… മരണശേഷം ആ ആഗ്രഹം നടത്താനായിയാണ് ഞാൻ കോചിങ്ങിന് പോയി തുടങ്ങിയത്……. എനിക്കൊരു കസിൻ ഉണ്ട്, നിനക്കറിയില്ലേ ജുവൽ…. അന്ന് അവൾക്കുവേണ്ടിയാ നിന്നോട് ഒരു അഡ്മിഷൻ ഞാൻ തിരക്കാൻ പറഞ്ഞത്.. മ്മ്…. അവനൊന്ന് മൂളി…. അന്നവളുടെ വീട്ടിൽ നിന്നായിരുന്നു ഞാൻ കോച്ചിങ്ങിന് പോയികൊണ്ടിരുന്നത്…

അത്രദൂരമുള്ള യാത്ര ഒഴിവാക്കാൻ അമ്മയും അങ്കിളുമാണ് അവിടെ നിൽക്കാൻ പറഞ്ഞത്……അങ്ങേനെ നിന്നു…….. കോളേജിൽ നിന്ന് വരുന്ന ജുവലിന് എന്നും കൂട്ടുകാരെപ്പറ്റിയും അവരുടെ സാഹസികകാര്യങ്ങൾ പറയലുമായിരുന്നു മെയിൻ പണി…. വാതോരാതെ അവരെ പ്രശംസിക്കുന്ന അവളുടെ വായിൽ നിന്നും എപ്പോഴും വീഴുന്ന ഒരു പേര് എപ്പഴോ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി ….. എന്തോ ആ പേരിനോട് ഒരു അഫക്ഷൻ തോന്നിപ്പോയി ….. 😍😍 ഒരിക്കൽ ഓണം പ്രോഗ്രാമിന് കോളേജിൽ സാരീ ഉടുത്ത് ബസിൽ പോകാൻ വയ്യ എന്ന് പറഞ്ഞപ്പോൾ അവളെ ഞാനാണ് കോളേജിൽ കൊണ്ടുചെന്നാക്കിയത്…

അന്നവൾ എനിക്ക് അവളുടെ വാനര സംഘത്തെ പരിചയപ്പെടുത്തി…. എല്ലാം ഒന്നിനൊന്ന് മെച്ചം കുറുമ്പികൾ… ആ കൂട്ടത്തിൽ ഞാൻ കാണാൻ ആഗ്രഹിച്ചവൾ മാത്രമില്ല എന്നത് എനിക്ക് നിരാശയേകി… തിരികെ പോകാൻ തിരിഞ്ഞപ്പോൾ ആരോ എന്റെ മേലിൽ തട്ടി വീഴാൻ പോയി.. പെട്ടെന്ന് ഇടുപ്പിലൂടെ ഞാൻ അവളെ താങ്ങിയതും അവളുടെ കൈകൾ എന്റെ ഷർട്ടിൽ ശക്തിയായി പിടിമുറുകി.. ഒരല്പം കഴിഞ്ഞിട്ടാണ് എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലാകുന്നത്.. അവളെ നോക്കുമ്പോൾ, കണ്ണുകൾ ഇറുകെ അടച്ച് എന്റെ കൈകളിൽ കിടക്കുകയാണ്….. എന്തോ അവളെ അങ്ങെനെ നോക്കി നിൽക്കാൻ തോന്നിപോയി…. പെട്ടെന്ന് ജുവൽ ഞങ്ങളുടെ അടുക്കലേക്ക് വന്നു..

അവളുടെ ശബ്ദം കേട്ടതും കൈയിൽ കിടന്നവൾ ചാടിയെണേറ്റു…… നിനക്ക് വല്ലതും പറ്റിയോ ജാൻവി?????? ജുവൽ ആ പെൺകുട്ടിയോട് ചോദിച്ചത് കേട്ടിട്ട് ഞെട്ടിയത് ഞാനായിരുന്നു.. കാരണം കുറച്ച് ദിവസങ്ങളായി ഇവളുടെ വായിൽ നിന്ന് വാതോരാതെ കേട്ടുകൊണ്ടിരിക്കുന്ന പേരാണ് ജാൻവി….. ഇവളെയൊന്ന് കാണാൻ വേണ്ടിയാ ഇങ്ങോട്ടേക്ക് വന്നത് തന്നെ………അവന്റെ മുഖത്ത് മന്ദഹാസം വിടർന്നു… ജാൻവി, ഇതാടി ജോയ് അച്ചച്ചൻ…… എന്റെ കസിൻ ഞാൻ പറഞ്ഞിട്ടില്ലേ….. മ്മ്.. മ്മ്.. ഒരു മൂളലിൽ മറുപടിയൊതുക്കി അവൾ എന്നെ നോക്കി..നാണത്താൽ ആ കണ്ണുകൾ വിവശമായിരുന്നു എന്നുവേണം പറയാൻ……..

തിരികെ അവൾക്ക് നേരെ ഷെയ്ക്ക് ഹാൻഡിനായി കൈ നീട്ടുമ്പോൾ അവളെ അടിമുടിയൊന്ന് നോക്കാതിരുന്നില്ല ഞാൻ.. മയിൽപീലി ബോർഡർ ഉള്ള ഒരു സെറ്റുസാരിയായിരുന്നു അവളുടെ വേഷം…..കണ്ണിലെ കരിമഷിയ്ക്ക് എന്തോ ആ മുഖത്ത് പ്രത്യകമൊരു ശോഭ പരത്താൻ കഴിഞ്ഞിട്ടുണ്ട്………. കാതിലെ ജിമിക്കികമ്മൽ കാറ്റിന്റെ ഓളത്തിനനുസരിച്ച് ആടുമ്പോൾ അതിന് കൂട്ടായിഎന്നോണം ആ മുടിയിഴകളും പാറിപറക്കാൻ തുടങ്ങി…….എന്തോ കണ്ടമാത്രയിൽ നെഞ്ചിൽ തറച്ച രൂപം……….. അന്നവരോടെല്ലാം യാത്ര പറഞ്ഞ് അവിടുനിന്ന് മടങ്ങുമ്പോൾ ഹൃദയം ആർക്കോ വേണ്ടി തുടിക്കുന്നതുപോലെ തോന്നി…

പിന്നീടുള്ള ദിവസങ്ങളിൽ ജുവലിൽ നിന്ന് ജാൻവിയെകുറിച്ചറിയാൻ മനഃപൂർവം പല കാരണങ്ങൾ ഉണ്ടാക്കി…. ഓരോ രാത്രികളിലും നിലാവിന് അവളുടെ മുഖച്ഛായയുള്ളതുപോലെ തോന്നിത്തുടങ്ങി… പതിയെ ഞാൻ പോലുമറിയാതെ ജാൻവി എന്ന പേരും ആ മുഖവും എന്റെ ഹൃദയത്തിന്റെ ഭാഗമായി……. അങ്ങെനെ ഒരുദിവസം, ക്ലാസ്സ്‌ നേരത്തെ കഴിഞ്ഞ് വീട്ടിൽ നേരത്തേയെത്തിയപ്പോഴാണ് പുറത്ത് പരിചയമില്ലാത്ത ഒരു ചെരുപ്പ് കണ്ടത്…. അകത്തേക്ക് ചെന്നപ്പോൾ ആരെയും കണ്ടില്ല……… ആന്റി കിച്ചണിലായിരിന്നു.. ആരാ ആന്റി വന്നേ? പുറത്ത് ചെരുപ്പ് കണ്ടല്ലോ…. അത് മോനെ, ജുവലിന്റെ കൂട്ടുകാരിയാ..മുകളിലുണ്ട്….. കൂട്ടുകാരിയോ???? ആദ്യം മനസ്സിലേക്ക് വന്നത് ജാൻവിയുടെ മുഖമായിരുന്നു…

പെട്ടെന്ന് മുകളിലേക്ക് ചെന്നപ്പോൾ ജുവൽ അവളുടെ റൂമിൽ നിന്ന് ഫോൺ വിളിക്കുകയായിരുന്നു……. അവിടെല്ലാം നോക്കി ആരെയും കണ്ടില്ല.. നിരാശയോടെ ഞാൻ എന്റെ റൂം തുറന്നതും പെട്ടെന്ന് അവൾ ഞെട്ടിത്തിരിഞ്ഞു…… കട്ടിലിന്റെ സൈഡിൽ തട്ടി വീഴാനാഞ്ഞ അവളെ വീണ്ടും കൈപിടിയിലൊതുക്കുമ്പോൾ മുഖത്തൊരു കുസൃതിചിരി പടർന്നു….. എന്നതാടി കൊച്ചേ, നിനക്ക് എന്നെ കാണുമ്പോഴെല്ലാം എന്റെ കൈയിലേക്ക് തന്നെ വീഴണോ??? അവളുടെ ഇടുപ്പിലൂടെയുള്ള പിടി മുറുക്കികൊണ്ട് അവൻ ചോദിച്ചതും അവളുടെ കണ്ണുകൾ മീനുകളെപോലെ പിടയ്ക്കാൻ തുടങ്ങി….. എന്തോ പാവം തോന്നി ആ മുഖം കണ്ടപ്പോൾ… നേരെ നിർത്തി ആ മുഖം വിരലുകളാൽ ഉയർത്തി…..

എന്നെ കാണുമ്പോഴെല്ലാം വീഴിക്കാന്ന് ഇച്ചായൻ ആർക്കെങ്കിലും വാക്ക് കൊടുത്തിട്ടുണ്ടോ?? അവനിൽ നിന്ന് വിട്ട് മാറിയതും അവൾ എടുത്തടിച്ചതുപോലെ ചോദിച്ചു…. പെട്ടെന്ന് അബദ്ധം പിണഞ്ഞപോലെ നാക്ക് കടിച്ചു…. എന്തോന്ന്.. എന്തോന്ന്…….. നീ ഇപോ എന്താ എന്നെ വിളിച്ചേ? ഇച്ചായാ എന്നോ?????? അവൾ പെട്ടെന്ന് മുഖം താഴ്ത്തി… ഇങ്ങോട്ട് നോക്കെടി….. അവൻ അവളുടെ മുഖം ഉയർത്തി… നീ എന്താ എന്നെ വിളിച്ചതെന്ന്??? അത്.. അത്.. ഞാൻ പെട്ടെന്ന്… അപ്പോൾ .. അവൾ വിയർക്കാൻ തുടങ്ങി… ശബ്ദം പതറി… പെട്ടെന്ന് നീ തോന്നുന്നത് തോന്നുന്നവരെ വിളിക്കുവോ?? വിളിക്കുവോന്ന്???? അവളെ ചുമരിലേക്ക് അമർത്തി, കൈകൾ രണ്ടിരുവശവും വെച്ച് നിൽക്കുന്ന അവനെ കണ്ടപ്പോൾ അവളിൽ പേടി തോന്നി..

അവന്റെ ഗൗരവം അവളുടെ കണ്ണിനെ നനയ്ക്കാൻ തുടങ്ങി…… ഹഹഹ,, അയ്യേ.. അപ്പോൾ ഇത്രെയേയുള്ളോ ഈ ത്സാൻസി റാണി??? ഇവിടെയൊരുത്തി പറഞ്ഞത് കേട്ടപ്പോൾ ഞാൻ കരുതി വീരശൂരപരാക്രമിയായിരുന്നുവെന്ന്… എല്ലാം തള്ളായിരുന്നല്ലേ….. അവൻ ചിരിച്ചുകൊണ്ട് പറയുന്നത്കേട്ട് അവൾ ചിണുങ്ങി…….. പോകാൻ തുനിഞ്ഞ അവളുടെ കൈ പിടിച്ച് തിരികെ ചുമരിലേക്ക് അമർത്തുമ്പോൾ അവന്റെ മുഖവും അവളോട് ചേർന്നിരുന്നു….. ഡീ.. നീ നേരത്തെ ചോദിച്ചില്ലേ, നിന്നെ വീഴ്ത്തിക്കാൻ ഞാൻ വാക്കുകൊടുത്തിട്ടുണ്ടോ എന്ന്?? കൊടുത്തിട്ടുണ്ട്…. ഹേ??? ഹാ, നിന്നെ എന്റെ പ്രണയമെന്ന സാഗരത്തിലേക്ക് വീഴ്ത്തിക്കുമെന്ന് എന്റെ കർത്താവിന് ഞാൻ കൊടുത്ത വാക്കാ..

അത് ഞാൻ അങ്ങ് പാലിക്കാൻ പോകുവാ???? എന്തേ…… കാര്യം മനസ്സിലാക്കാതെ അവനെ നോക്കിയ ആ നിമിഷം അവളുടെ അധരത്തിന്മേൽ അതിന്റെ ഇണ ഇഴചേർന്നു…………….. ആവേശമായിരുന്നില്ല പകരം, ഓരോനിമിഷവും അവളിലേക്ക് ആഴ്ന്നിറങ്ങൻ കൊതിക്കുന്ന പ്രണയമായിരുന്നു ആ മുദ്രണത്തിന് മാധുര്യം കൂട്ടിയത്………….. ഷർട്ടിൽ അവളുടെ പിടിമുറുകും തോറും അവളിൽ അവൻ ആഴന്നിറങ്ങി…. ഒടുവിൽ ശ്വാസം നിലയ്ക്കുമെന്ന അവസ്ഥയിൽ അവളിൽ നിന്നവൻ അടർന്നു…….. പെണ്ണിന്റെ കിതപ്പ് മാറിയിട്ടില്ല…. അത് കണ്ടതും അവന്റെ ചുണ്ടിൽ ചിരി പടർന്നു……. എന്തോന്നാടി? ഒരു കപ്പാസിറ്റിയുമില്ലല്ലോ……..

മീശ പിരിച്ച് കുസൃതിനിറഞ്ഞ കണ്ണാലെ അവൻ പറയുന്നത് കേട്ട് നാണിച്ചുതാഴ്ന്ന മുഖം അവളുയർത്തി… ഓ പിന്നേ, എനിക്ക് ഉമ്മവെക്കലായിരുന്നല്ലോ പണി…. ഹും,,,,, ചുണ്ട് കൂർപ്പിച്ച് ദേഷ്യം നടിച്ച് അവൾ പോകാൻ ഭാവിച്ചതും ഇടുപ്പിലൂടെ പിടിച്ച് തന്നോട് ചേർത്തു ജോയ്…. എന്നതാടി ഒരു പിറുപിറുക്കൽ.. വല്ലതും പറയാനുണ്ടേൽ മുഖത്ത് നോക്കി പറയണം…. ഹാ, അതാ എനിക്കും പറയാനുള്ളത്… പറയാനുള്ളത് മുഖത്ത് നോക്കിയാ പറയേണ്ടേ.. അല്ലാതെ മനുഷ്യനെ ശ്വാസംമുട്ടിച്ചല്ല…. അതിനവന് ഉത്തരമില്ലായിരുന്നു…. ഒരു ചിരിയോടെ അവളുടെ കാതോരം അവന്റെചുണ്ടുകൾ പതിഞ്ഞു…… അവന്റെ ചുടുശ്വാസം തട്ടിയതും ആ മാന്മിഴികൾ അറിയാതെ കൂമ്പിയടഞ്ഞു…… ഇഷ്ടാണ് പെണ്ണെ എനിക്ക് നിന്നെ…. ജുവൽ പറഞ്‍ഞ് കേട്ട അന്നുമുതൽ എന്തോ മനസ്സിൽ മുളപൊട്ടിയ പ്രണയം…..

ഇതുവരെ ഈ ജോയലിന്റെ മനസ്സ് ഒരു പെണ്ണിനായി മോഹിച്ചിട്ടില്ല… ആദ്യമായും അവസാനമായും ഞാൻ മോഹിച്ച പെണ്ണാണ് നീ….. അവന്റെ ഓരോവാക്കുകളും അവളുടെ മനസ്സിനെ കുളിർമ കൊള്ളിക്കുകയായിരുന്നു…. പെട്ടെന്ന് ഒരുൾപ്രേരണയിലെന്നപോലെ അവനെ തട്ടിമാറ്റി, പുറത്തേക്ക് പോകാനായി ഓടിയവൾ…… ഡീ….. വാതിലിനരികിലെത്തി അവൾ തിരിഞ്ഞുനോക്കി…. അതേ, കണ്ണിൽ കാണുന്നവരെയൊന്നും ഞാൻ ഇച്ചായാ എന്ന് വിളിക്കില്ല… ഈ ലോകത്ത് ജാൻവിയ്‌ക്കോരൊറ്റ ഇച്ചായനെയുള്ളൂ… ഈ പാലാക്കാരൻ ജോയൽ ജോസഫ്… അപ്പോൾ പോട്ടെ പോലീസ്കാരാ….. ഡീ…. നീ പോടാ…….. ഒരൊറ്റ ഓട്ടം വെച്ചുകൊടുത്തു അവൾ താഴേക്ക്…..

ചെറുചിരിയോടെ,ഫ്രഷ് ആകാനായി ബാത്റൂമിലേക്ക് പോയി, തിരിച്ച് താഴേക്ക് വന്നപ്പോഴേക്കും അവൾ പോയിരുന്നു…… കാർപോർച്ചിലിരിക്കുന്ന ബുള്ളറ്റിൽ ഒരു പേപ്പർ കണ്ട് നോക്കിയപ്പോഴുണ്ട് കുറുമ്പി അവളുടെ ഫോൺ നമ്പർ എഴുതിവെച്ചേക്കുന്നു… പിന്നെയൊന്നും ചിന്തിച്ചില്ല, അപ്പോഴേ വിളിച്ചു…… പിന്നീട് ആാാ കാൾ പതിവായി….ബീച്ചും റെസ്റ്റോറന്റും ഞങ്ങളുടെ മീറ്റിംഗ് പ്ലേയ്‌സായി… പക്ഷെ, അപ്പോഴും ആരെയും അറിയിച്ചിരുന്നില്ല ഞങ്ങൾ കാര്യങ്ങളൊന്നും.. പക്ഷെ, ജുവൽ ഒരിക്കൽ കമടുപിടിച്ചു അതിൽ പിന്നെ അവളുടെ കളിയാക്കൽ സഹിച്ചുകൊണ്ട് വേണമായിരുന്നു ഒന്ന് സൊള്ളാൻ…. തന്റെ പ്രണയത്തെ പറ്റി പറയുന്നത് അവനൊരു ലഹരിയായിരുന്നു..

എത്ര പറഞ്ഞാലും മതി വരാത്ത തരത്തിലുള്ള ഒരുതരം ലഹരി………. പക്ഷെ, ആ ലഹരിയിൽ പെട്ടുപോയത് ദാ ഈ നിൽക്കുന്ന അലോകാണ്…. ജോയിച്ചാ, അപ്പോൾ ഈ ജാൻവി….അത് ശ്രീയുടെ കസിൻ ജാൻവിയാണോ????? അവന്റെ അതിശയത്തോടെയുള്ള ചോദ്യത്തിന് തലയൊന്ന് കുലുക്കുക മാത്രം ചെയ്തു ജോയ്.. എന്നിട്ടെന്താടാ നീ അന്നത് പറയാഞ്ഞേ??? അല്ല, അവളും നിന്നെ കണ്ടഭാവം നടിച്ചില്ലല്ലോ… നിങ്ങൾ എങ്ങെനെയാ പിരിഞ്ഞേ??? ഇതിനിടയ്ക്കെങ്ങെനെയാ ശ്രീ വരണേ..???? കോപ്പ്, ആലോചിച്ചിട്ടൊന്നും ഒരെത്തും പിടിയും കിട്ടുന്നില്ല.. കാര്യങ്ങൾ എല്ലാം കൂടികുഴഞ്ഞതുപോലെ… ഒന്ന് വ്യക്തമാക്കി തരുമോ… പ്ലീസ്… തലയ്ക്ക് കൈവെച്ചുപോയി അലോക്… !!!!! അതേടാ,, അതേ ജാൻവി തന്നെയാണ് എന്റെ ജാൻവി… മേരാ ജാൻ 💖💖💖

പരസ്പരം അറിഞ്ഞും സ്നേഹിച്ചും കലഹിച്ചും ഇണങ്ങിയും പിണങ്ങിയും ഞങ്ങളുടെ പ്രണയം അതിന്റെ എട്ടാം മാസത്തിലേയ്ക്ക് കടന്നു….. നിന്നെ ഇതെല്ലാം അറിയിക്കണമെന്നുണ്ടിയിരുന്നു, പക്ഷെ, ജൂഹി പോയി കഴിഞ്ഞതിനുശേഷം നാട്ടിൽ പോലും വരാതിരുന്ന നിനക്കൊരു സർപ്രൈസ് തരാനായി മനഃപൂർവം ഞാനിതൊക്കെ മറച്ചുവെച്ചു…………………… നീ ചോദിച്ചില്ലേ ശ്രാവണി എങ്ങെനെ ഇതിനിടയിൽ വന്നൂന്ന്????? പറയാം……… ജാൻവി വഴിയാണ് ഞാൻ അവളെ പരിചയപ്പെടുന്നത്, അതും ഫോണിൽകൂടി… ഒരു ശബ്ദമായി മാത്രം………. എല്ലാം കാര്യവും ജാൻവി ശ്രീയോട് തുറന്ന് പറയുമായിരുന്നു..ഈ കാര്യം പറഞ്ഞപ്പോൾ അവൾക്ക് എന്നോട് സംസാരിക്കണമെന്ന് പറഞ്ഞു..

അങ്ങെനെ ഞങ്ങൾ കാൾ ചെയ്തു… പെട്ടെന്ന് തന്നെ ഞങ്ങൾ കൂട്ടായി….. എന്തോ ഒരു കൂടെപ്പിറപ്പ് ഇല്ലാത്ത എനിക്ക് അവൾ പെട്ടെന്ന് തന്നെ പെങ്ങളൂട്ടിയായി… അവൾക്ക് ഞാൻ അച്ചായിയും…….. ദിവസംകഴിയും തോറും ഞാനും ജാൻവിയും ശ്രീയും തമ്മിലുള്ള ബന്ധം ദൃഢമായികൊണ്ടിരുന്നു…… ഒരുവൾ എന്റെ നല്ലപതിയായപ്പോൾ മറ്റൊരുവൾ എനിക്കെന്റെ അനിയത്തികുട്ടിയായി…. തമ്മിൽ കാണണമെന്ന് ഞാൻ വാശിപിടിച്ചപ്പോഴൊക്കെ അവൾ പറഞ്ഞത്, ഫസ്റ്റ് ലവ് ആനിവേഴ്സറിയ്ക്ക് അച്ചായിക്കുള്ള ഗിഫ്റ്റുമായി അവൾ നേരിൽ വരും അന്ന് കാണാമെന്നായിരുന്നു… അത് ഞാനും അംഗീകരിച്ചു…… അങ്ങെനെ കാത്ത് കാത്ത് നിന്ന് ഞങ്ങളുടെ ആ ദിവസം വന്നെത്തി…..ഒരു ചുംബനത്തിലൂടെ തുടങ്ങിയ പ്രണയം അതിന്റെ ഒന്നാംവാർഷികത്തിലേക്ക്….

രാവിലെ വിളിച്ച് ജാൻവിയെ വിഷ് ചെയ്തു… അവളുടെ കാൾ കട്ടായപ്പോഴേക്കും വന്നിരുന്നു എന്റെ കുറുമ്പിയുടെ കാൾ…. അവളുടെ വക വിഷും കൂടെ ഉച്ചയ്ക്ക് ഹോട്ടൽ ഗ്രീൻചാറ്റിൽ അവളെത്തുമെന്നും പറഞ്ഞു………… അന്നത്തെ ദിവസം എന്റെ സന്തോഷങ്ങൾക്ക് അതിരില്ലായിരുന്നു…. ജാൻവിയ്ക്കായി വാങ്ങിവെച്ച റിംഗുമായി ഞാൻ ഗ്രീൻചാറ്റിലേക്ക് പോകാനിറങ്ങി……… ശ്രാവണിയെ കാണാനായി ഒന്നിച്ച് പോകാം എന്ന് പറയാനായി ജാൻവിയെ വിളിച്ചപ്പോൾ അവളെടുത്തില്ല… ടെക്സ്റ്റ്‌ മെസേജ് അയച്ച് കാത്തിരുന്ന എനിക്ക് നിരാശയാണുണ്ടായത്…….. ചിലപ്പോൾ രണ്ടാളും കൂടി ചേർന്നെന്നെ പറ്റിക്കാനുള്ള പരിപാടിയാണോന്ന് സംശയിച്ച് ഞാൻ അവിടേക്ക് പോകാൻ തീരുമാനിച്ചു….

പക്ഷെ,,, എനിക്കവിടെ കൃത്യസമയത്ത് എത്താൻ കഴിഞ്ഞില്ല…………അവിടേക്ക് പോകാൻ തിരിച്ച എനിക്ക് റോഡിൽ ഒരു ചോരവാർന്ന് കിടക്കുന്ന സ്ത്രീയുമായി ആശുപത്രിയിലേക്ക് പോകേണ്ടിവന്നു…. അവിടുത്തെ ഫോർമാലിറ്റീസ് ഒരുവിധം ഒതുക്കി, കാര്യങ്ങൾ പറയാൻ ജാൻവിയെയും ശ്രീയെയും ഞാൻ മാറിമാറി വിളിച്ചു… പക്ഷെ, രണ്ടാളും ഫോൺ എടുത്തില്ല…. എന്ത് ചെയ്യണമെന്നറിയാതെ നിന്നിരുന്ന ടൈമിലാണ് എനിക്ക് ജുവലിന്റെ കാൾ വരുന്നത്, ജാൻവി നാട്ടിലേക്ക് പോകുവാണ് എന്നവൾ പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി .. ആശുപത്രിയിൽനിന്നും ഒരുവിധം തലയൂരി അവളുടെ ഹോസ്റ്റലിലേക്ക് ചെന്നപ്പോഴേക്കും അവൾ അവിടുന്ന് ഇറങ്ങിയിരുന്നു………..

നേരെ റെയിൽവേ സ്റ്റേഷനിലേക്ക് പോയി….അവിടെയാകെ ഒരു ഭ്രാന്തനെപോലെ ഞാനെന്റെ പെണ്ണിനെ തിരഞ്ഞു.. ഒടുവിൽ കണ്ടു,,, ഓടി അടുത്തെത്തിയപ്പോഴേക്കും കോപത്തോടെ കത്തുന്ന കണ്ണുകളുമായി അവൾ എന്റെ കരണത്ത് ആഞ്ഞടിച്ചു………. ആ ദിവസം ഓർക്കുംതോറും അവന്റെ കണ്ണുകൾ ഈറനണിഞ്ഞു…………………. ജാൻവി… മോളെ…… വിളിക്കരുതെന്നെ നിങ്ങള് അങ്ങെനെ….. അതുകേൾക്കുമ്പോൾ എനിക്കെന്തോ ദേഹത്തൂടെ പുഴുഇഴയുന്നത് പോലെ തോന്നുവാ………….. അറപ്പോടെ അവളെന്നോട് സംസാരിക്കുന്നത്കേട്ട് അവൻ പകച്ചുപോയി….. മോളെ……………. അവന്റെ വിളി അവൾ അവഗണിച്ചു…. ഞാൻ എന്ത് ചെയ്തിട്ടാടി പുല്ലേ…… ദേഷ്യവും വിഷമവും സഹിക്കാതെ വന്നപ്പോൾ അവളുടെ കൈയിൽ കയറിപിടിച്ചുകൊണ്ട് ആ തിരക്കിൽ അവൻ ശബ്ദം ഉയർത്തി…….

ഛീ വിട് എന്റെ കൈ……നിങ്ങളുടെ അസുഖത്തിന് കൂട്ട് നിൽക്കുന്ന പെണ്ണുങ്ങൾ കാണും, പക്ഷെ ആ കൂട്ടത്തിൽ ഈ ജാൻവിയെയോ എന്റെ ചേച്ചിയെയോ കൂട്ടരുത്…………….. എന്നെ തള്ളികളഞ്ഞുകൊണ്ട് അവൾ പറഞ്ഞ വാക്കുകൾ അവിടുത്തെ സ്റ്റോൺബെഞ്ചിൽ ഇടിച്ച് മുറിഞ്ഞ നെറ്റിയുടെ വേദനയോടെ ഞെൻ കേട്ടു………. എന്തോ ആ നിമിഷം തകർന്നുപോയി ഞാൻ….മുഖത്ത് ഒലിച്ചിറങ്ങുന്ന രക്തത്തുള്ളികൾ കാഴ്ച മറച്ചപ്പോൾ എന്റെ കൈ അപ്പോഴും അവൾക്കായി കാത്തുവെച്ച മോതിരത്തെ അടക്കിപിടിച്ചിട്ടുണ്ടായിരുന്നു….. ഇനി ഒരിഷ്ടവും പറഞ്ഞ് എന്റെയോ എന്റെ ചേച്ചിയുടെയോ ജീവിതത്തിലേക്ക് വരരുത്…. വന്നാൽ, നിങ്ങളെ സ്നേഹിച്ചുപോയി എന്ന തെറ്റിന് ഞാൻ സ്വയമെനിക്ക് ശിക്ഷ വിധിക്കും….. ഓർത്തോ…!!

അവന് നേരെ വിരൽ ചൂണ്ടി അത്രയും പറഞ്ഞ് ട്രെയിനിൽ കേറിയ അവളുടെ ഹൃദയം ഒരു സ്ഫടികപാത്രം പോലെ കഷ്ണങ്ങളായി വീണുടഞ്ഞിരുന്നു….. താൻ കണ്ടതും കേട്ടതുമായ കാഴ്ചകൾ അവളുടെ കണ്ണൂനീരിനെ നിയന്ത്രിച്ചില്ല……….. ബോധം വന്നപ്പോൾ ആശുപത്രിയിലായിരുന്നു ഞാൻ….. കൂടെ ജുവൽ ഉണ്ടായിരുന്നു….. ജാൻവി… ജാൻവി…. എനിക്ക് കാണണം അവളെ…… കണ്ടേ പറ്റൂ… അവളെന്തൊക്കെയാ പറഞ്ഞെ.. ഞാൻ എന്ത് ചെയ്തിട്ടാ………. എന്തൊക്കയോ വിളിച്ചുകൂകികൊണ്ട് അവിടെനിന്നും പോകാൻ തുനിഞ്ഞ എന്നെ ജുവൽ തടഞ്ഞു…… അച്ചച്ചാ…. അവൾ പറഞ്ഞതിൽ കാര്യമുണ്ട്….. എന്ത് കാര്യം???? ദേഷ്യത്തോടെ ഞാൻ ചോദിച്ചതും അവളെനിക്ക് അവളുടെ ഫോൺ നീട്ടി…

അതിൽ ഒരു വീഡിയോ ആയിരുന്നു……. ഞാൻ ശ്രാവണിയോട് അപമര്യാദയായി പെരുമാറുന്ന ഒരു വീഡിയോ…….. കൂടെ അവൾക്കയച്ചതുപോലെയുള്ള കുറേ വൃത്തികെട്ട മെസ്സേജും……. എല്ലാംകൂടി കണ്ട് എനിക്ക് തല പെരുക്കുന്നതുപോലെ തോന്നി ….. ബെഡിലേക്ക് ഒരാശ്രയമെന്നപോലെ കിടക്കാൻ തുനിഞ്ഞതും എന്റെ ഫോണിൽ ഒരു മെസേജ് നോട്ടിഫിക്കേഷൻ വന്നു…. അച്ചായി… എങ്ങെനെയുണ്ട് എന്റെ ഗിഫ്റ്റ്? പൊളിച്ചില്ലേ….. ഹഹഹഹ…നിങ്ങളെന്ത് കരുതി, ഞാൻ ഈ റിലേഷൻ അംഗീകരിക്കുമെന്നോ??? ഒരിക്കലുമില്ല….നിങ്ങളെ പിരിക്കാനുള്ള എന്റെ പണികളായിരുന്നു ഇതെല്ലാം…. പിന്നേ ഇതൊക്കെ ജാൻവിയ്ക്ക് മുൻപിൽ തെളിയിക്കാൻ ഭാവമുണ്ടെങ്കിൽ അത് വേണ്ട, കാരണം നിങ്ങളെ ഇനി ഒരിക്കൽ കൂടി കണ്ടാൽ ചിലപ്പോൾ അവൾ സ്വയം ജീവനൊടുക്കിയെന്ന് വരും… സൊ ഇനി എന്റെ കുഞ്ഞിന്റെ ജീവിതത്തിലേക്ക് വരരുത്…. !!!

ശ്രാവണി……… !!!!!!! ആ മെസേജ് എനിക്ക് താങ്ങാനാവുന്നതല്ലായിരുന്നു…. എത്രയും പെട്ടെന്ന് രണ്ടാളെയും കാണാൻ ഞാൻ തീരുമാനിച്ചു… എന്നാൽ അവിടെയും ജുവൽ എന്നെ തടഞ്ഞു…, ചേച്ചിയെ വിശ്വസിച്ച് എന്നെ വെറുത്തവൾ ഞാൻ പറയുന്നത് വിശ്വസിക്കണമെന്നില്ല, അത് മാത്രമല്ല അവൾ പറഞ്ഞതുപോലെ ഒരുപക്ഷെ, എന്നെക്കണ്ടാൽ എന്തെങ്കിലും ചെയ്തുപോയാൽ…………… ജുവലിന്റെ ആ വാക്കിൽ ഞാൻ തറഞ്ഞുനിന്നു….. ഒരു നിമിഷം കൊണ്ട് എനിക്കെല്ലാം നഷ്ടപ്പെട്ടു…….. നിറകണ്ണുകളോടെ അലോകിനെ നോക്കി അവൻ അത് പറയുമ്പോൾ അവനോടെന്ത് പറയുമെന്ന് അറിയാതെ നിൽക്കുകയായിരുന്നു അല്ലു………… ടാ, എന്റെ ശ്രീ…

അവൾക്ക് ഇങ്ങെനെയൊക്കെ ചെയ്യാൻ കഴിയുമോ…. എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല……. അറിയില്ല അല്ലു എനിക്കൊന്നും….. സ്വന്തം പെങ്ങളായി കണ്ടതാ ഞാൻ അവളെ… അന്ന് നിന്റെ നിശ്ചയത്തിന്റെയന്ന് ജാൻവിയെ കണ്ടപ്പൊഴാ ശ്രാവണി എന്നാ പേര് വീണ്ടും എന്റെ തലച്ചോറിലേക്ക് ഇരച്ചുകയറിയത്……. ജോയിച്ചാ…..ഡാ നിനക്കിതൊക്കെ എന്നോടെങ്കിലും നേരത്തെ പറഞ്ഞൂടായിരുന്നോ??? നീ ഒരു പോലീസ് ഓഫീസർ ആയപ്പോഴെങ്കിലും സത്യാവസ്ഥ അവളെ അറിയിക്കാൻ ശ്രമിച്ചൂടായിരുന്നോ?????? അല്ലൂ,,, ആ സംഭവത്തിനുശേഷം ഞാൻ ശെരിക്കും തകർന്നുപോയി…. അത് നിനക്ക് നന്നായി അറിയാവുന്ന കാര്യമാണല്ലോ…….. നീ ആ സമയം ഏറ്റവും കൂടുതൽ വെറുത്തതും അതിന് കാരണക്കാരയവരെയായിരുന്നില്ലേ….

ആ നിന്നോട് ഞാൻ എങ്ങേനെയാടാ പറയേണ്ടേ? എന്റെ പ്രാണന്റെയും പെങ്ങളുടെയും പേര്??? ഇന്നും എന്റെ നെഞ്ചിൽ ഒരിഞ്ചുപോലും മാറിയിട്ടില്ല അവർക്കുള്ള സ്ഥാനം… കഴിയുന്നോല്ലെനിക്ക്…. അല്ലുവിന്റെ തോളിൽ ആശ്രയം കണ്ടെത്തിയ ജോയെ അവൻ ചേർത്തു നിർത്തി………… ഇത് എനിക്ക് വിശ്വസിക്കാൻ കഴിയില്ല ജോയിച്ചാ…..ഈ കേട്ടതിൽ കൂടുതൽ മറ്റെന്തൊക്കെയോ ഉണ്ടെന്ന് എന്റെ മനസ്സ് പറയുന്നു… കണ്ടെത്തും ഞാൻ……. നിനക്ക് നിന്റെ പ്രണയത്തെ കൊണ്ട് തന്നിരിക്കും ഞാൻ, ഇനി അതുകഴിഞ്ഞിട്ടേ ഈ അലോക് സ്വന്തം പ്രണയം സ്വന്തമാക്കുള്ളൂ…….. അങ്ങെനെയൊരു ഉറച്ച തീരുമാനം മനസ്സുകൊണ്ട് സ്വീകരിച്ച് അവൻ തന്റെ ചങ്കിനെ ഇറുകെപുണർന്നു….

അവന്റെ വേദനയിൽ പങ്കുചേർന്നുകൊണ്ട്……… ഇതേസമയം കൊടുമ്പിരികൊണ്ട ചർച്ചയിലായിരുന്നു മാധവമേനോനും മകൻ ആരോമലും….. ഞാൻ അപ്പോഴേ പറഞ്ഞതല്ലേ അച്ഛനോട്…. ആരോ ഒരാൾ ഉണ്ട് നമുക്ക് പിന്നിൽ…. നമ്മളുടെ എല്ലാം നീക്കങ്ങളും നിരീക്ഷിച്ചുകൊണ്ട്…………….. മകൻ പറഞ്ഞത് കേട്ട് ഒന്നിരുത്തിമൂളികൊണ്ട് അയാൾ ചാരുകസേരയിലേക്ക് ചാഞ്ഞു… മനസ്സിൽ തെളിഞ്ഞുകിടക്കുന്ന ആ മുഖം അയാളിലെ ക്രൂരതയുടെ മുഖത്തെ വരിഞ്ഞുമുറുക്കി……. തുടരും

ആദിശൈലം: ഭാഗം 30

Share this story