കൃഷ്ണവേണി: ഭാഗം 12- അവസാനിച്ചു

കൃഷ്ണവേണി: ഭാഗം 12- അവസാനിച്ചു

എഴുത്തുകാരി: അനില സനൽ അനുരാധ

“എന്റെ അച്ഛന് അമ്മയോട് ഇങ്ങനെ ഒരു തെറ്റ് ചെയ്യാൻ കഴിയുമെന്ന് ഞാനും വിശ്വസിച്ചിരുന്നില്ല. എന്റെ അനിയത്തിയാണ് വേണി. എന്റെ അച്ഛനു നിന്റെ അപ്പച്ചിയിൽ പിറന്ന മകൾ. ” “മോനെ… ” പിന്നിൽ നിന്നൊരു വിളി കേട്ടതും ശ്രീറാം തിരിഞ്ഞു നോക്കി… അമ്മ അവിടെ നിൽക്കുന്നു. അമ്മ എല്ലാം കേട്ടെന്ന് അവനു മനസിലായി. അതിന്റെ പ്രതിഫലനം എന്നോണം അമ്മയുടെ മിഴികൾ ഒഴുകുന്നു. ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു… അവൻ അമ്മയുടെ അടുത്തേക്ക് നടന്നു. “സത്യമാണ് അമ്മേ… എനിക്കിത് ആരോടും തുറന്നു പറയാതെ മറച്ചു വെച്ചു നമ്മുടെ കുടുംബത്തിന്റെ അഭിമാനം കാത്തു സൂക്ഷിക്കാമായിരുന്നു. അമ്മ ഇതു അറിയരുതെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.

എല്ലാം ഇവർ അറിഞ്ഞില്ലെങ്കിൽ ചെന്നു കയറുന്ന വീട്ടിൽ വേണി കഷ്ടപ്പെടും. അനാഥയെന്നും അർഹതയില്ലാത്തവൾ എന്നും പറഞ്ഞുള്ള കുത്തുവാക്കുകൾ കേൾക്കും.” “ഇവൻ ഇതു എന്തൊക്കെയാ വിളിച്ചു പറയുന്നത്. അതൊന്നും സത്യമല്ല. അങ്ങനെ ആരുടെ കയ്യിലും ഒരു കുഞ്ഞിനെയും ഏൽപ്പിച്ചിട്ടില്ല.” ജഗന്നാഥൻ പറഞ്ഞു. “സത്യം എല്ലാം അറിയുന്ന ഒരാൾ കൂടിയുണ്ട്. വേണി പോയപ്പോൾ നിങ്ങൾ എല്ലാവരും കൂടി ഒരു ഓൾഡ് ഏജ് ഹോമിൽ ആക്കി. കല്യാണിയമ്മ… നിങ്ങളുടെ അനിയത്തി. അവർക്കു എല്ലാം അറിയാം. എല്ലാ സത്യവും അവരോടു തുറന്നു പറഞ്ഞു തന്നെയാണ് കേശവൻ നായർ അവളെ അവിടെ ഏൽപ്പിച്ചത്. ഇതു പുറത്തു അറിഞ്ഞാൽ അനിയത്തിയുടെ ജീവിതം തകരും എന്നു കരുതി അവർ ആരോടും അറിയിച്ചില്ലെന്നു മാത്രം.”

“അച്ഛാ… റാം പറയുന്നത് സത്യമാണോ. അപ്പച്ചി എവിടെയാണ്‌ ഇപ്പോൾ.” “അപ്പച്ചിയെ ഞങ്ങൾ ആരും ഉപേക്ഷിച്ചതല്ല. എല്ലവർക്കും ഓരോരോ തിരക്കുകൾ… അവിടെ അവൾക്കു സുഖമാണ്. ” “അച്ഛൻ തിരിച്ചു പൊയ്ക്കോളൂ. ഞങ്ങൾ വരുന്നില്ല. ” അനന്തു പറഞ്ഞു. “പിന്നെ നാണം ഇല്ലാതെ ഇവിടെ നിൽക്കാൻ ആണോ.” അദ്ദേഹം പുച്ഛത്തോടെ തിരക്കി. അവൻ ഒന്നും പറഞ്ഞില്ല. അച്ഛൻ ദേഷ്യത്തോടെ ഇറങ്ങി പോകുന്നതും നോക്കി അവൻ നിന്നു. “ഇതൊക്കെ സത്യം തന്നെയാണോ? ” അനന്തു വീണ്ടും ശ്രീറാമിനോട്‌ തിരക്കി. “മരിച്ചു പോയ അച്ഛന്റെ പേരിൽ നുണക്കഥ ഉണ്ടാക്കിയിട്ട് എനിക്കെന്തു കിട്ടാനാ. ഇപ്പോൾ തന്നെ അമ്മ എത്ര വിഷമിച്ചു കാണും. നുണ പറഞ്ഞ് അമ്മയെ ഇങ്ങനെ വിഷമിപ്പിച്ചു എനിക്കെന്തു കിട്ടാൻ ആണ്. ഞാൻ വളരെ സന്തോഷത്തോടെയാണ്‌ ഇതു പറയുന്നത് എന്നൊന്നും വിചാരിക്കരുത്. ” “ഒന്നു നിർത്തു ശ്രീയേട്ടാ… എന്തു പണിയാ ഈ കാണിച്ചത്.

കണ്ണേട്ടനോടും അച്ഛനോടും മാത്രമേ പറയു എന്നു പറഞ്ഞിട്ട്. അമ്മയും വേണിയും എല്ലാം കേട്ടു. ” “അമ്മ അറിയണമെന്ന് ഞാനും ആഗ്രഹിച്ചിട്ടില്ല ആമി. ഇവന്റെ അച്ഛൻ സംസാരിക്കാൻ വരുന്നില്ലല്ലോ. പിന്നെ എല്ലാം എന്റെ കയ്യിൽ നിന്നും പോയി. “കണ്ണേട്ടൻ വേണിയുടെ അടുത്തേക്ക് ചെല്ലു. അവൾ കരയുകയാണ്‌.” അനന്തു വേണിയുടെ അടുത്തേക്കും ശ്രീറാം അമ്മയുടെ അടുത്തേക്കും പോയി. ശ്രീറാം അമ്മയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. അമ്മയുടെ കാൽക്കൽ ആയി അവൻ ഇരുന്നു. “കരയല്ലേ അമ്മേ… അമ്മയെ അറിയിക്കണമെന്നും വേദനിപ്പിക്കണമെന്നും കരുതിയതല്ല.ക്ഷമിക്ക് അമ്മേ… അമ്മയുടെ വയറ്റിൽ പിറന്നില്ലെങ്കിലും അവൾ എന്റെ അനിയത്തി അല്ലേ.

ഒരുപാട് വേദനിച്ചവളല്ലേ.. ഇനിയെങ്കിലും അവൾക്കു ഒരു നല്ല ജീവിതം ഉണ്ടാകട്ടെ എന്നു കരുതി. അവൾ ആരുമില്ലാത്തവൾ അല്ലെന്നു പറയണമെന്ന് തോന്നി… ” അവൻ അമ്മയുടെ കാലിൽ മുറുകെ പിടിച്ചു. കണ്ണുകൾ നിറഞ്ഞു കൊണ്ടിരുന്നു. *** “ഞാൻ എവിടെ ചെന്നാലും അവർക്കൊക്കെ സങ്കടം ആണല്ലോ കണ്ണേട്ടാ. അച്ഛനും അമ്മയും പലപ്പോഴും എന്റെ പേര് പറഞ്ഞു വഴക്ക് കൂടുന്നത് കണ്ടാണ് ഞാൻ വളർന്നത് . അച്ഛൻ എനിക്കു വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു. അച്ഛനു ഒരിക്കലും സമാധാനം കിട്ടിയിട്ടില്ല. കല്യാണിയമ്മയെ വേദനിപ്പിച്ചിട്ടാ അവിടെ നിന്നും ഇറങ്ങിയത്. കണ്ണേട്ടനും കുറേ അനുഭവിച്ചു. ഇപ്പോൾ ഇവിടുത്തെ അമ്മയും… നമുക്ക് പോകാം കണ്ണേട്ടാ. അമ്മയുടെ കണ്ണുനീര് കാണാൻ എനിക്കു വയ്യ…” അവന്റെ നെഞ്ചിലേക്ക് അവളുടെ മിഴിനീർ ഇറ്റി വീണു കൊണ്ടിരുന്നു.

“പോകാം… നീ ഇങ്ങനെ കരയാതെ .. ” ശ്രീറാം മുറിയിലേക്ക് വന്നു. അവനും കരഞ്ഞിട്ടുണ്ടെന്നു അവനു തോന്നി. “മോളെ വേണി… ” ശ്രീറാം വിളിച്ചു. അവൾ ചെറുതായൊന്നു തേങ്ങി. “മോളുടെ ഏട്ടനാ വിളിക്കുന്നത്. മുഖത്തേക്ക് നോക്ക്…” “വേണി നീ എന്താ കാണിക്കുന്നത്. എഴുന്നേറ്റ് ഇരിക്ക്…” അവളെ ശരീരത്തിൽനിന്നും വേർപെടുത്താൻ ശ്രമിച്ചുകൊണ്ട് അനന്തു പറഞ്ഞു. അവൾ അവനെ മുറുകെപ്പിടിച്ചു. “ഞാൻ കാരണം എല്ലാവർക്കും സങ്കടം ആയി. നമ്മൾ ഹോസ്പിറ്റലിൽ വെച്ചു കാണണ്ടായിരുന്നു ശ്രീയേട്ടാ… ” “എന്റെ കയ്യിലേക്ക് ഞാൻ പോലും അറിയാതെ വന്നു വീണവൾ അല്ലേ മോളെ നീ… എന്റെ അനിയത്തി ആണെന്ന് അറിയാതെ അല്ലേ ഞാൻ നിനക്കു കൂട്ടിരുന്നത്. എന്നെയും ആമിയേയും ചേർത്ത് വെക്കാൻ നീ ഒരുങ്ങിയത് ഞാൻ ഏട്ടൻ ആണെന്ന് അറിഞ്ഞിട്ടാണോ…

അല്ലല്ലോ… ഇപ്പോൾ എന്റെ സ്വന്തം അനിയത്തി ആണെന്ന് അറിഞ്ഞപ്പോൾ ഏട്ടനു സന്തോഷാ. ചക്കരേ… മോളെ എഴുന്നേൽക്ക്… ഇങ്ങനെ കരഞ്ഞു ഞങ്ങളെ കൂടി വിഷമിപ്പിക്കാതെ…” അവന്റെ കണ്ണുകളും നിറഞ്ഞു ഒഴുക്കുന്നുണ്ടായിരുന്നു. അവൾ എഴുന്നേറ്റിരുന്നു. ഏട്ടന്റെ മുഖത്തേക്ക് നോക്കിയതും മിഴികൾ വീണ്ടും തുളുമ്പി. അവനതു മെല്ലെ തുടച്ചു. “ഇനി കരയരുത്. കരഞ്ഞാൽ പോത്ത് പോലെ വളർന്നെന്നും ഞാൻ നോക്കില്ല. നല്ല അടി തരും. ” അവൾ അവന്റെ മുഖത്തു നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു. “അമ്മയ്ക്ക് മോളോട് ഒരു ദേഷ്യവും ഇല്ല. പിന്നെ നമ്മുടെ അച്ഛനോട് പരിഭവം കാണും.

അതു ഞാൻ മെല്ലെ മാറ്റി എടുത്തോളാം.” *** കല്യാണിയമ്മയെ പോയി കണ്ടതിനു ശേഷം അനന്തുവും ശ്രീറാമും കൂടി മനപ്പടി തറവാട്ടിലേക്ക് പോയി. എല്ലാം ശരിയാക്കി അപ്പച്ചിയെ അവിടെ നിന്നും തറവാട്ടിലേക്ക് കൂട്ടി കൊണ്ടു പോകാം എന്നു അനന്തു വാക്ക് കൊടുത്തിരുന്നു. തറവാടും കാവുമൊക്കെ വൃത്തിയാക്കാൻ ഏർപ്പാട് ചെയ്തു. വേണി പോകുകയാണെന്ന് അറിഞ്ഞപ്പോൾ മുതൽ ആമിക്കും അമ്മയ്ക്കും സങ്കടമായി. വേണിയെ മാത്രമല്ല അപ്പൂസ് എന്നു വിളിക്കുന്ന പൊന്നോമനയെ കാണാതെ ഇരിക്കുന്നത് ഓർത്തപ്പോൾ സങ്കടം കൂടി. അനന്തുവും വേണിയും കൂടി കൊണ്ടു പോകാനുള്ള ബാഗ് എല്ലാം ഒരുക്കി വെച്ചിരുന്നു. അനന്തുവും ശ്രീറാമും കൂടി രാവിലെ പുറത്തേക്കു പോയതാണ്.

ആമി അപ്പൂസിനെ എടുത്തു സോഫയിൽ വന്നിരുന്നപ്പോൾ അതിനു അടുത്തായി വേണിയും വന്നിരുന്നു. അമ്മ വന്നു അപ്പൂസിനെ എടുത്തു. “ഇനിയും ഇടയ്ക്ക് നിൽക്കാൻ വരില്ലേ മോളെ? ” “വരും അമ്മേ… ” “ഇവനെ കാണാതെ ഇരിക്കുന്ന കാര്യം ഓർക്കാൻ വയ്യ. പോകണോ വേണി. നമുക്ക് എല്ലാവർക്കും കൂടി ഇവിടെ നിന്നൂടെ? ” ആമി തിരക്കി. “അത് വേണ്ട ആമി. നമുക്ക് എപ്പോൾ വേണമെങ്കിലും കാണാലോ. ഇവിടെയും പുതിയ ഒരു അതിഥി വരാൻ പോകുകയല്ലേ. പോകുന്ന സങ്കടം ഉണ്ടെങ്കിലും ആ സന്തോഷമുണ്ട് മനസ്സു നിറയെ. പിന്നെ കല്യാണിയമ്മ ഞങ്ങളെ കാത്തിരിക്കുന്നുണ്ടാകും.” മുറ്റത്തു കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടു. “ശ്രീയേട്ടനും കണ്ണേട്ടനും വന്നെന്ന് തോന്നുന്നു. ” ആമി പറഞ്ഞു. രണ്ടാളും അകത്തേക്ക് വന്നു. അനന്തു പോയി ബാഗ് എടുത്തു കൊണ്ടു വന്നു.

ശ്രീറാം അതു വാങ്ങി കാറിൽ കൊണ്ടു വെച്ചു. ആമിയുടെയും അമ്മയുടെയും മിഴികൾ നിറഞ്ഞു വന്നു. കരയാതെ ഇവിടെ നിന്ന് ഇറങ്ങണം എന്നു കരുതിയിരുന്നെങ്കിളും ഇറങ്ങുമ്പോൾ വേണി കരഞ്ഞു. മുറ്റത്തു പുതിയൊരു കാർ കിടക്കുന്നുണ്ടായിരുന്നു. “ഇതേതു കാറാ ശ്രീയേട്ടാ? ” വേണി തിരക്കി. “ഇതു ഞങ്ങളുടെ അപ്പൂസിനുള്ള സമ്മാനമാ അല്ലേ അമ്മേ? ” “എന്തിനാ റാം വെറുതെ. എനിക്കു കാർ ഉള്ളതല്ലേ?.” അനന്തു തിരക്കി. “അതു വീട്ടിൽ കിടക്കുകയല്ലേ… ഇനിയുള്ള യാത്രയുടെ തുടക്കം ഇതിൽ ആകട്ടെ… ” അനന്തു പുഞ്ചിരിച്ചു. “കണ്ണേട്ടാ ചിരിച്ചാൽ പോരാ.. നമുക്ക് ഇനി ഗിഫ്റ്റ് ആയി വരാൻ ഉള്ളതാ… ” വേണി പറഞ്ഞു. അതു കേട്ടപ്പോൾ ആമി പുഞ്ചിരിച്ചു കൊണ്ടു ശ്രീറാമിന്റെ കയ്യിൽ പിടിച്ചു. ശ്രീറാം അമ്മയുടെ കയ്യിൽ നിന്നും അപ്പൂസിനെ എടുത്തു.

എല്ലാവരോടും യാത്ര പറഞ്ഞ് അനന്തു കാറിൽ കയറി. വേണി എല്ലാവരെയും ഒന്നു കൂടി നോക്കി. ശ്രീറാം അവളുടെ അടുത്തേക്ക് വന്നു. “തനിച്ചാണെന്ന് കരുതരുത്. നിനക്ക് എല്ലാവരും ഉണ്ട്. ഏട്ടനു നിന്നെ കണ്ടു കൊതി തീർന്നിട്ടില്ല. ഇടയ്ക്ക് ഇങ്ങോട്ടു വരണം. ഏട്ടനും വരാം. ” അവൾ തലയാട്ടി. അവൾ കാറിൽ കയറി ഇരുന്നപ്പോൾ ശ്രീറാം മോനെ മടിയിൽ വെച്ചു കൊടുത്തു. അവളുടെ കവിളിൽ സ്നേഹത്തോടെ തലോടി ഡോർ അടച്ചു. *** തറവാട്ടിൽ വീണ്ടും തിരിച്ചെത്തിയപ്പോൾ വേണിയ്ക്ക് ആശ്വാസം തോന്നി. അനന്തു ആണ് ആദ്യം കാറിൽ നിന്നും ഇറങ്ങിയത്. എന്നിട്ട് മോനെ എടുത്തു. വേണി കാറിൽ നിന്നും ഇറങ്ങി ഉമ്മറത്തേക്ക് നോക്കി. കല്യാണിയമ്മ അവിടെ ഇരിക്കുന്നുണ്ടായിരുന്നു.

അടുത്തായി വാസന്തിയേട്ത്തി നിൽക്കുന്നുണ്ട് . അനന്തുവിന്റെ കൈയിൽ പിടിച്ചു വീണ്ടും ആ വീടിന്റെ പടികൾ കയറി. കല്യാണിയമ്മ ആകെ ക്ഷീണിച്ചതു പോലെ അവൾക്കു തോന്നി. “മോളെ… ” എന്ന വിളികേട്ടതും അവൾ കല്യാണിയമ്മയെ കെട്ടിപ്പിടിച്ചു. കുറച്ചു നേരം രണ്ടാൾക്കും ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല. “എന്താ മോളെ നീ അമ്മയോട് ഒന്നും പറയാഞ്ഞത്. അങ്ങനെ ഒരു ആഗ്രഹം രണ്ടാൾക്കും ഉണ്ടായിരുന്നെങ്കിൽ ഞാൻ കൂടെ നിന്നേനെ. കുറേ വിഷമിച്ചല്ലേ എന്റെ മോള്… ” “അമ്മയും വിഷമിച്ചില്ലേ… സ്വന്തക്കാർ ആരും കൂടെ ഇല്ലാതെ… ” “രണ്ടാളും കണ്ണു തുടച്ചേ…” അനന്തു പറഞ്ഞു.

അവൻ മോനെ അപ്പച്ചിയുടെ മടിയിൽ വെച്ചു കൊടുത്തു. അവർ വാത്സല്യത്തോടെ അപ്പൂസിനെ നോക്കി. പിന്നെ വരാമെന്ന് പറഞ്ഞു വാസന്തിയേട്ത്തി പോയി. “എനിക്കൊന്ന് കിടക്കണം മോളെ… ” കല്യാണിയമ്മ പറഞ്ഞു. അനന്തു മോനെ വേണിയുടെ കയ്യിൽ കൊടുത്തു അപ്പച്ചിയെ മുറിയിൽ കൊണ്ടു കിടത്തി. അവൻ തിരിച്ചു വന്നു മോനെ എടുത്തു. “നമ്മൾക്ക് മുകളിലെ മുറി മതിയില്ലേ? ” അവൻ തിരക്കി. “ഞാൻ ഇവിടെ താഴത്തെ മുറിയിലാ കണ്ണേട്ടാ. എനിക്കു വയ്യ. ഏത് നേരവും ഗോവണി കയറി ഇറങ്ങാൻ.” “ആ മുറി മതിയെടി ഭാര്യേ… അവിടെ വെച്ചു നിന്നെ കാണാനാ എനിക്ക് ഇഷ്ടം. നീ ഈ സാരിയൊക്കെ മാറ്റി ഒരു ദാവണി ഉടുത്തിട്ട് വാ.” അവൾ ഒന്നും പറയാതെ പുഞ്ചിരിച്ചു.

“അപ്പോൾ താഴത്തെ മുറി ഫിക്സ് ചെയ്യാല്ലേ… നീ ഇനി ദാവണി ഉടുക്കുമ്പോൾ നമുക്ക് ഗോവണി കയറാം. ” അവൻ കുസൃതി ചിരിയോടെ പറഞ്ഞു. *** ദിവസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു. അനന്തു വേണിയെ വിവാഹം കഴിച്ചത് അംഗീകരിക്കാനും വേണിയെ സഹോദരിയുടെ മകളായി കാണാനും ജഗന്നാഥൻ ഇപ്പോഴും തയ്യാറായിട്ടില്ല. അനന്തു അമ്മയെ ഫോൺ വിളിച്ചു സംസാരിക്കാറുണ്ട്. എല്ലാവരെയും കാണാൻ അമ്മയ്ക്ക് ആഗ്രഹം ഉണ്ടെങ്കിലും അച്ഛനെ ധിക്കരിച്ച് വരാൻ ഭയമാണ്. കുഞ്ഞിന്റെ പേരിടൽ ചടങ്ങിനു വരണം എന്നു പറയാൻ അനന്തു വീട്ടിൽ പോയിരുന്നു… പിന്നെ ശ്രീറാമിന്റെ വീട്ടിലും. ചെറുതായി ചടങ്ങ് നടത്തിയാൽ മതി എന്നായിരുന്നു അനന്തുവിന്റെ തീരുമാനം. ***

വേണി കുളി കഴിഞ്ഞു മുറിയിൽ വരുമ്പോൾ അനന്തു മോനെ കളിപ്പിച്ചു ഇരിക്കുന്നുണ്ടായിരുന്നു. “അമ്മയും അച്ഛനും വരുമോ കണ്ണേട്ടാ? ” അവൾ തിരക്കി. “അറിയില്ല. അമ്മയ്ക്ക് വരണം എന്നുണ്ട്. പക്ഷേ അച്ഛൻ… അച്ഛൻ വരില്ലെങ്കിൽ അമ്മ വരില്ല.” വേണിയുടെ മുഖം വാടി. അവൻ എഴുന്നേറ്റു അലമാരയിൽ നിന്നും പുതിയ സെറ്റ് സാരി എടുത്തു അവളുടെ കയ്യിൽ കൊടുത്തു. “ഇതൊക്ക ഉടുത്തു സുന്ദരി ആയി സന്തോഷമായി നിൽക്കണം. അല്ലെങ്കിൽ നിന്റെ പൊന്നാങ്ങള എന്നെ ഇട്ടു പൊരിക്കും. അവരു അരമണിക്കൂറിനുള്ളിൽ എത്തും. കുറച്ചു മുൻപ് വിളിച്ചിരുന്നു.” അലമാരയിൽ നിന്നും അപ്പച്ചിക്കായി വാങ്ങിയ സെറ്റ് മുണ്ട് എടുത്ത് അവൻ അവരുടെ അടുത്തേക്ക് നടന്നു. അനന്തു മുറിയിലേക്ക് വരുമ്പോൾ അവൾ സാരി ഉടുത്തു കഴിഞ്ഞ് മുടി ശരിയാക്കുകയായിരുന്നു.

അവൻ പിന്നിൽ നിന്നു വന്നു ചേർത്ത് പിടിച്ചതും അവൾ ചെറുതായി ഞെട്ടി. “പിന്നിൽ വന്നു പേടിപ്പിക്കാണോ കണ്ണേട്ടാ… ” “നിനക്കു ഞാൻ ഒരു സമ്മാനം തരട്ടെ…” അവൻ കാതോരം തിരക്കി. അവൾ മുഖം തിരിച്ചു അവനെ നോക്കി. അവൻ അവളെ അവനു അഭിമുഖമായി തിരിച്ചു നിർത്തി. എന്നിട്ട് പോക്കറ്റിൽ കരുതിയിരുന്ന സിന്ദൂരം എടുത്തു അവളുടെ നിറുകെയിൽ ചാർത്തി. “ഇനി എന്നും എനിക്ക് നിന്നെ ഇങ്ങനെ കാണണം… ” എന്നു പറഞ്ഞു അവളുടെ നിറുകെയിൽ ചുംബിച്ചു. അവളുടെ മിഴികൾ സന്തോഷത്താൽ നിറഞ്ഞു. അനന്തുവിന്റെ വീട്ടിൽ നിന്നാരും വന്നില്ല എങ്കിലും ശ്രീറാം എല്ലാവരെയും കൂട്ടി വന്നു. അപ്പൂസിനുള്ള പേര് കണ്ടു പിടിച്ചത് ആമി ആയിരുന്നു. ആദിദേവ്… *** അപ്പൂസിനെ ഉറക്കുകയായിരുന്നു വേണി. അവൾ മോനെ ഉറക്കി തൊട്ടിലിൽ കിടത്തുന്നതും നോക്കി അനന്തു കിടന്നു. “ഇങ്ങനെ കിടന്നാൽ മതിയോ? ” അവന്റെ മുഖത്തേക്ക് നോക്കി വേണി തിരക്കി.

“അതു തന്നെയാ. ഞാൻ നിന്നോട് ചോതിക്കുന്നെ… ഇങ്ങനെ കിടന്നാൽ മതിയോ. നമ്മുടെ അപ്പൂസിനു കൂട്ടിന് ഒരു അനിയനോ അനിയത്തിയോ കൂടി വേണ്ടേ? ” “അതാണോ മനസ്സിലിരുപ്പ്? ” “പിന്നെ… പിന്നെന്താ ഭാര്യേ …” “ജോലിക്കൊന്നും പോകാതെ ഇങ്ങനെ വീട്ടിൽ ഇരുന്നാൽ മതിയോ എന്നാ ഞാൻ ഉദ്ദേശിച്ചത്. ” “വേണി നീ തീരെ റൊമാന്റിക് അല്ലാട്ടോ. ഈ നേരത്ത് വേറെ എത്ര കാര്യം പറയാം. ” അവൻ പരിഭവം നടിച്ചു കൊണ്ടു പറഞ്ഞു. “എന്നാലേ കണ്ണേട്ടൻ അമ്മയെയും അപ്പൂസിനെയും നോക്കി വീട്ടിൽ ഇരുന്നോളൂ. ഞാൻ ജോലിക്ക് പൊയ്ക്കോളാം.” “അതെയോ… ” എന്നു ചോദിച്ച് അവൻ എഴുന്നേറ്റു അവളുടെ അടുത്തേക്ക് വന്നു. “ശ്രീയേട്ടൻ പറഞ്ഞല്ലോ… ഇഷ്ടമുള്ളപ്പോൾ ഓഫീസിലേക്ക് വരാൻ… ”

“അങ്ങനെ നിന്നെ ഞാൻ ഒരിടത്തും പറഞ്ഞു വിടുന്നില്ല… ” എന്നു പറഞ്ഞു അവൻ ഷെൽഫിൽ നിന്നും ഒരു ഫയൽ എടുത്തു അവൾക്കു നേർക്കു നീട്ടി. പുതിയ ബിസിനസ്‌ സ്റ്റാർട്ട്‌ ചെയ്യുന്നത്തിന്റെ പേപ്പേഴ്സ് ആയിരുന്നു അതിൽ.. അതു നോക്കിയ ശേഷം അവൾ അവനു തിരികെ നൽകി. “കുറച്ചു ഫോര്മാലിറ്റിസ് കൂടി ബാക്കിയുണ്ട്. പിന്നെ സഹായത്തിനു അളിയൻ ഉണ്ടല്ലോ… എല്ലാം പെട്ടെന്ന് ശരിയാകും…” “ശ്രീയേട്ടനാണോ സഹായിക്കുന്നത്? ” “സഹായം എന്നു പറഞ്ഞാൽ ഫിനാൻഷ്യലി അല്ല. എന്നാലും എല്ലാത്തിനും സപ്പോർട്ട് ചെയ്യുന്നുണ്ട്. അതു തന്നെ വല്യ കാര്യമല്ലേ… ” അവൾ പുഞ്ചിരിയോടെ തലയാട്ടി. അവൻ അവളെ നെഞ്ചോടു ചേർത്തു പിടിച്ചു. കുറച്ചു നേരം അങ്ങനെ നിന്നു…

“ഈ രാത്രി മുഴുവൻ എന്നെ ഇങ്ങനെ നിർത്താണോ കണ്ണേട്ടാ… ” അവൻ മറുപടി പറയാതെ അവളെ കൈകളിൽ കോരി എടുത്തതും അവൾ അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു വെച്ച് ചുംബിച്ചു… *** കണ്ണേട്ടനും മോനും കല്യാണിയമ്മയും കാവും ഒക്കെയായി തറവാട്ടിൽ വേണി ഇപ്പോൾ സന്തോഷവതിയാണ്. അങ്ങനെ സുന്ദരമായി അവരുടെ ജീവിതം തുടരട്ടെ…. □□□□ അങ്ങനെ കൃഷ്ണവേണി ഇവിടെ നിർത്താട്ടോ. കുറച്ച് തിരക്കുകൾ കാരണം കമന്റ്‌സിനു റിപ്ലൈ ഇടാൻ പറ്റിയിരുന്നില്ല… പിണക്കം തോന്നരുതേ… എല്ലാവർക്കു ഒരുപാട് നന്ദി. എല്ലാവരും അഭിപ്രായം പറയണേ… സ്നേഹത്തോടെ…. അനുരാധ സനല്‍…

കൃഷ്ണവേണി: ഭാഗം 11

Share this story