ഹൃദയതാളം: ഭാഗം 9

ഹൃദയതാളം: ഭാഗം 9

എഴുത്തുകാരി: അനു സത്യൻ

“മോളേ.. എഴുന്നേൽക്കു.. ആഹാരം കഴിക്കാം.. വാ..” ജോയൽ കൊണ്ട് വിട്ടതിനു ശേഷം കിടന്ന കിടപ്പാണ് ജാനി. അവൻ പോയപ്പോൾ നിർവികാരമായി നോക്കി നിന്ന ജാനിയെ കാണുമ്പോൾ അവൾക്ക് ജോ എന്താണെന്ന് എല്ലാവർക്കും മനസ്സിലാക്കി കൊടുത്തു. അപ്പൊൾ തൊട്ടു ആലീസ് കാട്ടി കൊടുത്ത മുറിയിൽ കിടപ്പാണ് ജാനി. ആലീസ് ആഹാരം കഴിക്കാൻ വിളിച്ചപ്പോൾ ആദ്യം അല്പം മടിച്ചെങ്കിലും അവള് എഴുന്നേറ്റു ചെന്നു. അവളെ കാത്തെന്നോണം ഇരിക്കുന്ന സമുവലിന്റെ അരികിലായി അവള് ഇരുന്നു. അവർക്ക് ആഹാരം വിളമ്പിയ ശേഷം ആലീസും ഒന്നിച്ചിരുന്ന് കഴിക്കാൻ തുടങ്ങി.

അബി കോളജിൽ പോയിരിക്കുകയാണ്. ആഹാരം കഴിച്ചു കഴിഞ്ഞു വീണ്ടും മുറിയിലേക്ക് പോവാൻ തുടങ്ങിയ ജാനിയെ ആലീസ് തന്റെ കൂടെ കൂട്ടി. അവളെ കൊണ്ട് ഒന്നും ചെയ്യിച്ചില്ല എന്നാല് പോലും തുണി അലക്കുന്ന സ്ഥലത്ത് അവളെ ഇരുത്തി ഓരോ കാര്യങ്ങളായി പറഞ്ഞു തുടങ്ങി. തുണി എല്ലാം അലക്കി വിരിച്ചിട്ട ശേഷം അടുക്കള പുറത്തുള്ള പടിയിൽ ജാനിയെ ഇരുത്തി അവളുടെ മുടിയിലെ പേനിനെ ഒക്കെ നോക്കാൻ തുടങ്ങി. ശേഷം എണ്ണ നന്നായി തലയിൽ തേച്ചു പിടിപ്പിച്ചു. ഇതിന് ഇടയിലും പല കാര്യങ്ങൾ വാ തോരാതെ പറയുന്നുമുണ്ടായിരുന്നു ആലീസ്. ജാനിക്കു ഇതെല്ലാം ആദ്യത്തെ അനുഭവം ആയിരുന്നു. തനിക്ക് ആദ്യമായി ലഭിച്ച മാതൃ വാത്സല്യം ജാനി ആവോളം ആസ്വദിക്കുമ്പോൾ നിനച്ചിരിക്കാതെ പ്രസവിക്കാതെ ഒരിക്കൽ കൂടി അമ്മ ആയതിന്റെ സന്തോഷത്തിൽ ആയിരുന്നു ആലീസ്.

വെയില് ആറും മുന്നെ കുളിച്ചിട്ട് വരാൻ അവളെ പറഞ്ഞു വിടുമ്പോഴും ശരിക്ക് തോർത്താത്ത മുടിയിലെ ഇറ്റിറ്റ് വീഴുന്ന ജലകണങ്ങളെ ഒരു തോർത്ത് കൊണ്ട് ഒപ്പി ജാനിയെ ശാസിക്കുമ്പോഴും അവരുടെ കണ്ണുകൾ ഇടക്കിടെ നിറയുന്നുണ്ടായിരുന്നു. അബി വൈകിട്ട് ക്ലാസ് കഴിഞ്ഞു വരുമ്പോൾ സോഫയിൽ ഇരിക്കുന്ന ആലീസിന്റെ മടിയിൽ തല വെച്ച് കിടന്നു ടിവി കാണുകയാണ് ജാനി. അരികിൽ ആയി സാമുവൽ ഇരിപ്പുണ്ട്. അത് കണ്ടപ്പോൾ അവന്റെ കണ്ണുകളിൽ ഒരു വേള നഷ്ട ബോധം നിഴലിച്ചു. തങ്ങളെ കണ്ണിമ വെട്ടാതെ നോക്കി നിൽക്കുന്ന അബിയെ ജാനി ആണ് ആദ്യം കണ്ടത്.

“മമ്മി.. ദേ.. അബിച്ചായൻ വന്നു..” അത് കേട്ട് അബി അമ്പരന്നു അവളെ നോക്കി. “ഞാൻ പറഞ്ഞു വിളിപ്പിച്ചത് അല്ല.. മോൾ അങ്ങനെ വിളിച്ചോട്ടെ എന്ന് ചോദിച്ചു.. ഞാൻ സമ്മതിച്ചു..” അബിയുടെ നോട്ടത്തിനു കാരണം ആലിസിനെ ജാനീ മമ്മി എന്ന് വിളിച്ചത് ആണെന്ന് മനസ്സിലാക്കി ആലീസ് പറഞ്ഞു. അവൻ അവരെ നോക്കി ചെറുതായി ചിരിച്ചു കയ്യിൽ ഇരുന്ന പൊതി ജാനിക്കു നൽകി മുറിയിലേക്ക് പോയി. ജാനി സന്തോഷത്തോടെ ആ പൊതി തുറന്നു നോക്കി. രണ്ടു മൂന്നു പരിപ്പ് വട, ഉഴുന്ന് വട പിന്നെ കുറച്ചു പഞ്ഞി മിട്ടായിയും. അത് കണ്ട് അവളുടെ കണ്ണുകൾ വിടർന്നു. ഓരോ പരിപ്പ്‌വട സാമുവലിനും ആലീസിനും നേരെ നീട്ടിയപ്പോൾ അവർ വേണ്ട എന്ന് പറഞ്ഞു. എന്നിട്ടും അവളുടെ നിർബന്ധം സഹിക്കാൻ വയ്യാതെ അല്പം കഴിച്ചു. “ഞാൻ അബിച്ചായന് കൊടുത്തിട്ട് വരാമേ..

” കൊഞ്ചലോടെ പറഞ്ഞു കൊണ്ട് അവള് അബിയുടെ മുറിയിലേക്ക് ഓടി. “ഇച്ചായാ.. അബി മോൻ എന്നെ നോക്കി ചിരിച്ചത് പോലെ തോന്നി.. ഇച്ചയന് തോന്നിയോ..?” സന്തോഷത്തോടെ ആലീസ് ചോദിച്ചത് കേട്ട് സാമുവൽ ഒന്ന് ചിരിച്ചു. “അവൻ നിന്നെ നോക്കി ചിരിച്ചത് തന്നെ ആണ്.. അല്ലാതെ തോന്നൽ ഒന്നുമല്ല..” “അപ്പോ അവൻ ഇനി എന്നെ സ്നേഹിക്കുമായിരിക്കും അല്ലേ..?” പ്രതീക്ഷയോടെ ഉള്ള ആ ചോദ്യത്തിന് മൗനം ആയിരുന്നു അയാളുടെ മറുപടി. ഇത്രയും വർഷങ്ങൾ ആയിട്ടും ആലീസിനേ അബി അംഗീകരിക്കാത്തത്തിൽ അയാൾക്കും വിഷമം ഉണ്ടായിരുന്നു. “അബിച്ചായാ.. ഇന്നാ..” ഒരു പഞ്ഞി മുട്ടായി ജാനി അവനു നേരെ നീട്ടി. “എനിക്ക് വേണ്ട ജാനു.. നീ കഴിച്ചോ..” ”

നല്ല രുചി ഉണ്ട് അബിച്ചായാ.. ഇത്തിരി കഴിച്ചു നോക്ക്..” അവള് വീണ്ടും അവനു നേർക്ക് നീട്ടി. താൻ വാങ്ങി കഴിക്കാതെ അവള് പോകില്ലെന്ന് മനസ്സിലായതോടെ അബി ഒരു മിഠായി വാങ്ങി കഴിച്ചു. “അബിച്ചായാ.. ആരാ ജാനു..?” ഒരു മുട്ടായി കൂടി വായിൽ ഇടുന്നതിന്റെ ഇടയിൽ അവള് ചോദിച്ചു. “ജാനൂനേ അറിയില്ലേ..?” “ഇല്ലാ.. ഇവിടെ ഉണ്ടോ..? ഞാൻ മമ്മിയെം പപ്പയേം മാത്രേ കണ്ടുള്ളൂ.. പിന്നെ അബിച്ചായനേം..” “ആഹാ.. അപ്പോ നിന്റെ പേര് എന്താ..?” “എന്റെ പേര്..” ജാനി ഒരു നിമിഷം ആലോചിച്ചു. “ജാനി.. അങ്ങനെയാ എല്ലാവരും വിളിക്കുന്നത്.. ജാൻവി ജോൺ എന്നാ പേര്.. അബിച്ചായന് അറിയില്ലാരുന്നല്ലെ..” ചിരിയോടെ നിഷ്കളങ്കതയോടെ അവള് പറഞ്ഞത് കേട്ടു ഒരു വേള അവന്റെ മുഖം മങ്ങി.

“ഇപ്പൊ പറഞ്ഞില്ലേ.. ഇനി മറക്കില്ല കേട്ടോ..” അവളെ നോക്കി ചിരിച്ചു അവൻ തിരിഞ്ഞു നിന്നു. അപ്പോഴേക്കും ആലീസ് അവളെ വിളിച്ചു. അബിയോട് പറഞ്ഞു അവള് ആലീസിന്റെ അടുത്തേക്ക് പോയി. “നീ തന്നെ ആണ് എന്റെ ജാനു എന്ന് എങ്ങനെ പറഞ്ഞു മനസ്സിലാക്കി തരും..? ജാനു എന്ന് കളിയാക്കി വിളിക്കുമ്പോൾ വീർപ്പിച്ചു കെട്ടിയ നിന്റെ മുഖവും ചുവന്ന മൂക്കും സങ്കടം കൊണ്ട് വിതുമ്പുന്ന ചുണ്ടും ഒക്കെ കാണുമ്പോൾ എനിക്ക് തോന്നുന്ന വികാരം പ്രണയം ആണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും നീ കയ്യെത്താ ദൂരേക്ക് പോയില്ലേ..? ഇപ്പൊ കയ്യേത്തി പിടിക്കാൻ നോക്കിയാലും നിനക്ക് ഞാൻ അക്സായുടെ അനിയൻ അബിച്ചായൻ മാത്രം ആണ്.. എന്നാണ് പെണ്ണേ നിന്നിൽ നിന്നും പഴയത് പോലെ ജാനു എന്ന് വിളിക്കുമ്പോൾ നീ പോടാ ആലേ എന്ന് വിളിക്കുന്നത്.. കൊതിയാവുന്നു പെണ്ണേ..” അവള് പോകുന്നത് നോക്കി നിന്ന അബി പതിയെ മന്ത്രിച്ചു. 🔸🔸🔸🔸

“ജോയിച്ചാ.. എന്താ ആലോചിക്കുന്നത്..?” കഴിക്കുന്നതിന് ഇടയിൽ എന്തൊക്കെയോ ആലോചിച്ചു ഇരിക്കുന്ന ജോയലിനോട് അക്സ തിരക്കി. “ഹേയ്.. ഒന്നുമില്ലടോ.. ജാനി അവിടെ തന്റെ വീട്ടിൽ.. എങ്ങനെ എന്നൊന്നും അറിയില്ല.. അതിന്റെ ഒരു ടെൻഷൻ..” “എന്താ എന്റെ മമ്മി അവളെ ഉപദ്രവിക്കും എന്നാണോ..? അതോ എന്റെ അപ്പച്ചനെയും അബിയെയും ആണോ പേടി..?” അവള് പുരികം ചുളിച്ചു തിരക്കി. “എനിക്ക് അവരെ ഒന്നും അല്ല പേടി.. ജാനിയെ തന്നെ ആണ്.. അവള് അവിടെ അഡ്ജസ്റ്റ് ആകുമോ എന്ന്..” “പെങ്ങളെ കുറിച്ച് ഇത്രക്ക് വേവലാതി ഉള്ള ആങ്ങള പിന്നെ എന്താ സ്വന്തം വീട്ടിൽ അവളെ നോക്കാതത്..?” “അവിടെ ആന്റിയും വല്യ പപ്പയും ഒക്കെ ഇല്ലെ..” “അവരൊക്കെ ഉണ്ടേൽ എന്തിനാ അവളെ എന്റെ വീട്ടിൽ കൊണ്ടു വന്നത്..? അവർ നോക്കില്ലായിരുന്നോ..?”

“അക്സാ.. താൻ ഇങ്ങനെ കുഴപ്പിക്കുന്ന ചോദ്യം ചോദിച്ചു എന്നെ വിഷമ്മിപ്പിക്കാതെ.. എന്റെ സാഹചര്യം അത് ആയിരുന്നു..” “എന്ത് സാഹചര്യം ആണ് ഇച്ചയാ..? സ്വന്തം പെങ്ങളെ ഒന്ന് ചേർത്ത് പിടിക്കാൻ പോലും പറ്റാത്ത എന്ത് അവസ്ഥ ആയിരുന്നു ഇച്ചായന്..? അവളെ വീട്ടിൽ ഉളളവർ ഉപദ്രവിക്കുന്നത് അറിഞ്ഞിട്ടും മിണ്ടാത്തത് ആണോ അതോ അറിയാത്ത പോലെ നടിക്കുന്നത് ആണോ..?” പുച്ഛം കലർന്ന സ്വരത്തിൽ അവള് ചോദിച്ചു. “ശരിയാണ്.. ഞാൻ നല്ല ഒരു സഹോദരൻ അല്ല.. സമ്മതിച്ചു.. പക്ഷേ എന്റെ ജാനിയെ സ്നേഹിച്ചിട്ടില്ല എന്ന് മാത്രം പറയരുത്.. അവളെ ഇഷ്ടമായിരുന്നു.. പപ്പയും അമ്മയും മരിച്ചതിന് ശേഷം അവൾക്ക് ഞാൻ മാത്രമേ ഉള്ളൂ എന്ന ചിന്ത എന്നിൽ ഉണ്ടായിരുന്നു..

പക്ഷേ ഞാൻ പഠിക്കാൻ പോയപ്പോൾ എല്ലാവരിൽ നിന്നും അകന്നു.. വലിയ പപ്പ എന്നെ വിളിക്കുമ്പോൾ ജാനിയെ കുറിച്ച് കുറ്റങ്ങൾ മാത്രം പറഞ്ഞു തുടങ്ങി.. ആ സമയത്ത് അവള് എന്നോട് സംസാരിക്കാത്തത് അവർ പറയുന്നത് ബലപ്പെടുത്തുന്നത് ആയിരുന്നു.. പിന്നീട് ഞാൻ നാട്ടിൽ വന്നപ്പോഴേക്കും വലിയ പപ്പക്കു വയ്യാതെ ആയി ഞാൻ ബിസിനസിലേക്ക് തിരിഞ്ഞു.. രാവിലെ പോയി രാത്രി വരും.. അതിന്റെ ഇടയിൽ മീറ്റിംഗ് ന് വേണ്ടി ഉള്ള യാത്രകൾ.. ആകെ തിരക്കിൽ ആയി പോയി.. ജോച്ചാച്ചാ എന്ന് വിളിച്ചു വരുന്ന ജാനിയെ നോക്കാൻ പോലും സമയം ഇല്ലാതെ ആയി.. അതോടെ അവളും അകന്നു തുടങ്ങി.. അവളുടെ ലോകം ജാൻസി മാത്രമായി ചുരുങ്ങി..

ജാൻസിയൂടെ വിവാഹം ഉറപ്പിച്ചപ്പോൾ അവള് എന്നോട് ആകെ പറഞ്ഞത് അവളുടെ വിവാഹ ശേഷം ജാനി ഇവിടെ ഒറ്റപ്പെടും.. ജാനിയെ ഒറ്റപ്പെടുത്താനുള്ള കൂട്ടത്തിൽ ഞാൻ ഉൾപ്പെടുന്നത് അവൾക്ക് സഹിക്കില്ല കാരണം ഞാൻ എന്നാല് അവളുടെ ജീവൻ ആണെന്ന്.. ഒരിക്കലും അവളെ ഒറ്റക്കക്കില്ല എന്ന വാക്ക് ജാൻസിക്കു കൊടുക്കേണ്ടി വന്നിട്ടും പാലിക്കാൻ കഴിഞ്ഞില്ല.. ജാൻസിയുടെ മരണം.. അത് നേരിട്ട് കണ്ട ഷോക്കിൽ ജാനിക്ക് മാനസിക നില തെറ്റി.. ആരും നോക്കാതെ അവളുടെ ജീവിതം ആശുപത്രികളിൽ ആവും എന്ന് തോന്നിയപ്പോൾ വല്യപ്പചൻ തന്നെ മുൻകൈ എടുത്തു അവളെ വീട്ടിൽ തന്നെ നിർത്തി.. അതിൽ വലിയ പപ്പാക്കും ഗ്രേസി ആന്റിക്കും ജീന ക്കും എതിർപ്പ് ഉള്ളതായി തോന്നി.. പക്ഷേ വല്യപ്പച്ചനോട് ഉള്ള പേടി കൊണ്ട് ഒന്നും പറഞ്ഞില്ല..

പക്ഷേ ജീനയൂടെ കുഞ്ഞിന്റെ മരണത്തോടെ ആണ് ജാനിക്കു നേരെ ദേഹോപദ്രവം ഉള്ള കാര്യം പോലും ഞാൻ അറിയുന്നത്.. അത് വരെ സ്വന്തം അനിയന്റെ മകൾ അല്ലേ അവളെ അവർ നോക്കും എന്ന ചിന്ത ആയിരുന്നു..” “സ്വന്തം വീട്ടിൽ താമസിക്കുന്ന അനിയത്തിയെ ബാക്കിയുള്ളവർ ഉപദ്രവിക്കുന്നത് പോലും അറിയാത്ത ആങ്ങള.. കേട്ടാൽ ആരേലും വിശ്വസിക്കുന്ന കാര്യം പറ ഇച്ചായാ..” “സത്യം ആണ് അക്സാ.. ഞാൻ വരുന്നതിനു മുന്നെ അവള് ഉറങ്ങും.. മാത്രമല്ല ഞങൾ തമ്മിൽ കാണാൻ ഉള്ള അവസരങ്ങൾ അവർ ഉണ്ടാകുകയില്ല.. ജാനിയെ കാണാൻ വേണ്ടി ചെല്ലുന്ന സമയത്ത് ജീന എന്തെങ്കിലും ഒക്കെ പറഞ്ഞു അത് മുടക്കും.. ഇടക്കു കണ്ടാൽ പോലും അവളെ വഴക്ക് പറയത്തക്ക എന്തെങ്കിലും കാരണം അവളായിട്ട് ഉണ്ടാക്കി വച്ചിരിക്കും..”

“അവളെ ഹോസ്പിറ്റലിൽ ഒന്നും കാണിച്ചില്ലെ..? മരുന്ന് ഒക്കെ ഉണ്ടോ..?” “ഞാൻ കഴിഞ്ഞ ദിവസം ആണ് അത് ശ്രദ്ധിച്ചത്.. അതൊക്കെ നോക്കുന്നത് മേരി ചേച്ചി ആണ്.. നേരത്തെ ഉറക്കം വരാൻ വേണ്ടി മാത്രം ഒരു മരുന്ന് കൊടുക്കുന്നത് ഉള്ളത്രെ.. ഇപ്പൊൾ മരുന്ന് ഒന്നും കൊടുക്കുന്നുമില്ല.. കൊടുത്തിട്ടും കാര്യമില്ല എന്ന് ഡോക്ടർ പറഞ്ഞത്രേ.. കൂടുതൽ സ്നേഹവും പരിചരണവും കൊടുക്കുക.. അങ്ങനെ ഒരു പ്രതിവിധി മാത്രമേ ഉള്ളത്രെ..” “ഇച്ചായൻ അവളെ ഹോസ്പിറ്റലിൽ ഒന്നും കൊണ്ട് പോയിട്ടില്ല.?” “ഇല്ലാ.. എന്തായാലും ഇനി ചെന്നു കഴിഞ്ഞ് അവളുമായി ഹോസ്പിറ്റലിൽ ഒന്ന് പോവണം.. നേരത്തെ എന്റെ തിരക്കുകൾ ഒക്കെ പറഞ്ഞു എന്നെ ഒഴിവാക്കുകയായിരുന്നു അവർ.. ഇപ്പൊ എന്തൊക്കെയോ സംശയങ്ങൾ തോന്നുന്നു..” “ആഹാ.. അപ്പോ ആരാ വില്ലന്മാർ..?

ജോസ് സാറും ഗ്രേസി മാടവും ആണോ..?” “വില്ലന്മാരെ നിശ്ചയിച്ചിട്ടില്ല.. എനിക്ക് ചില സംശയങ്ങൾ ഒക്കെ ഉണ്ട്.. ജാൻസിയൂടെ മരണം, ജാനി ഇത്രയും വർഷങ്ങൾ ആയിട്ടും നോർമൽ ആവാത്തത്.. അവൾക്ക് കഴിക്കാൻ ഗുളിക ഒന്നും ഇല്ലാത്തത്.. ജീനയുടെ കുഞ്ഞിന്റെ മരണം.. എല്ലാം.. കുഞ്ഞു മരിച്ചതിൽ അന്നത്തെ സങ്കടം മാത്രമേ എല്ലാവർക്കും ഉള്ളൂ എന്ന് തോന്നുന്നു.. പ്രത്യേകിച്ച് ജീനക്ക്.. പിന്നെ ജാനിയെ കാണുമ്പോൾ മാത്രം അവളെ നോവിക്കാൻ ഒരു കാരണം.. ” “ഇപ്പൊ ഇച്ചായന് എന്തെ അങ്ങനെ തോന്നാൻ..?” “കാരണം ഉണ്ട് അക്സാ.. അതൊക്കെ ഞാൻ വഴിയേ പറയാം.. ജീനയുടേ കുഞ്ഞിന്റെ മരണം അന്വേഷിച്ചു പോയ എനിക്ക് മുന്നിൽ ഒരുപാട് കാര്യങ്ങൾ വെളിവായി..

അതൊക്കെ ഊട്ടി ഉറപ്പിക്കാൻ കുറച്ചു തെളിവുകൾ കൂടി വേണം..” ആലോചനയോടെ പറഞ്ഞു ജോയൽ വീണ്ടും ആഹാരം കഴിക്കുന്നതിൽ ശ്രദ്ധിച്ചു. “അക്സാ.. ഇതൊക്കെ നിന്റെ മനസ്സിൽ ഇരുന്നാൽ മതി.. എനിക്ക് ഇതൊക്കെ തുറന്നു പറയാൻ വിശ്വാസം ഉള്ള ഒരു ആൾ ഇല്ലായിരുന്നു..” “ഇച്ചായന്റെ നല്ലൊരു കേൾവിക്കാരി ആവുന്നതിൽ എനിക്ക് യാതൊരു സങ്കടവും ഇല്ല.. ഇച്ചായന് എന്നോട് എപ്പോൾ വേണമെങ്കിലും മനസ്സ് തുറക്കാം.. അതൊക്കെ എന്നിൽ ഭദ്രമായിരിക്കും.. ഇനി അങ്ങോട്ട് ഇച്ചയാന്റെ ഒക്കെ ജീവിതത്തിലെ രഹസ്യങ്ങളുടെ ചുരുൾ അഴിക്കാൻ ഞാനും കൂടെ ഉണ്ടാവും..” അവന്റെ ഇടം കയ്യിൽ തന്റെ കൈ അമർത്തി കണ്ണ് ചിമ്മി അവള് പറഞ്ഞപ്പോൾ ജോയൽ മനസ്സ് തുറന്നു ചിരിച്ചു. അത് കണ്ട് സന്തോഷത്തോടെ അക്സാ കൈ മാറ്റി തന്റെ ഫോണിൽ ഓൺഗോയിങ് ആയിരുന്ന അബിയുടെ കോൾ കട്ട് ചെയ്തു. ശേഷം ഭക്ഷണം കഴിച്ചു തുടങ്ങി. 🔸🔸🔸🔸🔸

“അപ്പൊൾ അങ്ങനെ ആണ് കാര്യങ്ങളുടെ കിടപ്പ്.. ഇതിപ്പോ പണി ആയല്ലോ.. എന്തായാലും ഒരു വഴി ഉണ്ടാവും..” അക്സ ചോർത്തി തന്ന വിവരങ്ങൾ വീണ്ടും വീണ്ടും ആലോചിച്ചു അബിക്ക് ആകെ ഭ്രാന്തായി. പിന്നീട് എന്തൊക്കെയോ ചിന്തിച്ചു അവന്റെ സുഹൃത്ത് മഹേഷിന്റെ അഖിലിന്റെ നമ്പറിലേക്ക് വിളിച്ചു എന്തൊക്കെയോ ഡിസ്കസ് ചെയ്തു. അവന്റെ മറുപടി പോസിറ്റീവ് ആണെന്ന് കണ്ട് അബിയിലും സന്തോഷം ഉണ്ടായി. “നിങ്ങളെ സഹായിക്കാൻ ഞാനും ഉണ്ടാവും ജോയിച്ചാ.. എനിക്കും അറിയണം ജാനിയെ ഈ അവസ്ഥയിൽ നില നിർത്തുന്നവർക്ക് എന്ത് നേട്ടം ആണ് ഉണ്ടാവാൻ പോകുന്നത് എന്ന്.. ഇനി എന്റെ ശ്രമവും അതിനു വേണ്ടി ആണ്.. ജാനിയെ പഴയത് പോലെ ആക്കണം.. അവൾക്ക് ചുറ്റും ആരെങ്കിലും ശത്രുക്കൾ ഉണ്ടെങ്കിൽ അവരെ കണ്ടെത്തണം..

രഹസ്യങ്ങളുടെ ചുരുളുകൾ ഓരോന്നായി അഴിക്കാൻ തുടങ്ങുകയാണ് ഞാൻ..” സ്വയം പറഞ്ഞു നെഞ്ചില് തട്ടി അവൻ ആകാശത്തേക്ക് നോക്കി. തെളിഞ്ഞ ആകാശത്തിൽ ഒറ്റ നക്ഷത്രം മാത്രം.. അത് അവനെ നോക്കി ചിമ്മുന്നതു പോലെ അവനു തോന്നി. അവന്റെ മനസ്സിൽ അമ്മയുടെ വാക്കുകൾ കടന്നു വന്നു. “മോനെ…തെളിഞ്ഞ ആകാശത്ത് ഒറ്റ നക്ഷത്രം മാത്രമുള്ളപ്പോൾ നമ്മൾ എന്ത് ആഗ്രഹിച്ചാലും അത് നടക്കും..” ആ വാക്കുകൾ മനസ്സിൽ ഓർത്തു നക്ഷത്രത്തെ നോക്കുമ്പോൾ അവന്റെ ഉള്ളിൽ ഒരേ ഒരു ആഗ്രഹം ഉണ്ടായിരുന്നുള്ളൂ. ജാനി……തുടരും….

ഹൃദയതാളം: ഭാഗം 8

Share this story