ദാമ്പത്യം: ഭാഗം 3

ദാമ്പത്യം: ഭാഗം 3

എഴുത്തുകാരി: തുഷാര ലക്ഷ്മി

ആര്യ ആലോചിക്കുകയായിരുന്നു തനിക്ക് വന്ന മാറ്റത്തെ കുറിച്ച്…. അരവിന്ദ് തന്നെ വേണ്ട എന്ന് പറഞ്ഞ നിമിഷം അതിജീവിച്ചത് എങ്ങനെയെന്ന് ഇപ്പോഴും അറിയില്ല….. പക്ഷേ ആ വേദന ഒക്കെ തന്നെ വിട്ടുപോയിരിക്കുന്നു… ചേർത്തുപിടിക്കാൻ തന്റെ പ്രിയപ്പെട്ടവർ ഉള്ളതുകൊണ്ടാകും.. അച്ഛനും അമ്മയും ചേച്ചിയും ചേട്ടനും ഒക്കെ തന്നെ പൊതിഞ്ഞു പിടിച്ചു… നന്ദനത്തെ അച്ഛനും അമ്മയും അഭിയേട്ടനും അതുപോലെ തന്നെ ആയിരുന്നു… അരവിന്ദിനെ പോലെ അവർതന്നെ തള്ളിക്കളഞ്ഞില്ല… അതുപോലെതന്നെ ശാരി അവളാണ് തന്നെ ഇപ്പോഴത്തെ ചിരിയുടെ കാരണക്കാരി…. അഭിയേട്ടനെപോലെ തന്നെ എപ്പോഴും മോട്ടിവേറ്റ് ചെയ്യുന്നവൾ…. കൂട്ടുകാരി മാത്രമല്ല തനിക്കവൾ സഹോദരി കൂടിയാണ്…അഭിയേട്ടന് വേണ്ടി അവളെ ആലോചിച്ചതാണ് താൻ …

പക്ഷേ കുഞ്ഞിലേ മുതലുള്ള ഒരു പ്രണയം ഉണ്ടവൾക്ക്… പിജി കഴിഞ്ഞാൽ അവരുടെ വിവാഹവും കാണും.. നല്ലൊരു കുടുംബജീവിതം ഉണ്ടാകണേ ദേവി അവൾക്ക്.. അതുപോലെ അഭിയേട്ടനും…തന്റെ വീഴ്ചയിൽ താങ്ങായി നിന്നവരാണ് അവർ….അരവിന്ദിന്റെ വിശേഷങ്ങളൊക്കെ അഭിയേട്ടനോ അമ്മയോ പറഞ്ഞ് അറിയാറുണ്ട്… താൻ ചോദിച്ചില്ല എങ്കിൽ പോലും അവർ തന്നോട് വിശേഷങ്ങൾ എല്ലാം പറയാറുണ്ട്…. അരവിന്ദിന്റേയും നിമിഷയുടെയും കുഞ്ഞിന് ഇപ്പോൾ രണ്ടര വയസ്സായി… അവന്തിക എന്നാണ് പേര്… നിമിഷ ഇപ്പോൾ ജോലിക്കൊന്നും പോകുന്നില്ല… അരവിന്ദേട്ടൻ പൊന്നു പോലെയാണ് നിമിഷയേയും കുഞ്ഞിനേയും നോക്കുന്നതെന്ന്…

പക്ഷേ ആ വീട്ടിൽ നിന്ന് മാറി താമസിക്കാൻ ആണ് നിമിഷയ്ക്ക് ഇഷ്ട്ടം എന്നാണ് അമ്മ പറയുന്നത്.. ആദ്യമൊക്കെ അവരെപ്പറ്റി കേൾക്കുമ്പോൾ തനിക്ക് വിഷമം തോന്നിയിരുന്നു… പക്ഷേ ഇപ്പോൾ അതൊക്കെ ഒരു ചിരിയോടെ കേട്ടിരിക്കുന്ന തരത്തിൽ മനസ്സ് പാകപ്പെട്ടിരിക്കുന്നു… അല്ലെങ്കിലും ചിരിപ്പിക്കാൻ ശാരിയും മനസ്സ് തളർന്നു പോകുമ്പോൾ മുന്നോട്ടു പോകാനുള്ള ഊർജ്ജമായി അഭിയേട്ടനും ഉണ്ടല്ലോ… അതുമതി തനിക്ക്… ശേഖരന്റേയും പ്രഭയുടെയും മുപ്പത്തിയഞ്ചാം വിവാഹവാർഷികമാണ് വരുന്ന മാസം പന്ത്രണ്ടാം തീയതി… അതിന്റെ ചർച്ചയിലാണ് ശേഖരനും മക്കളും…..

ശേഖരനും പ്രഭയ്ക്കും ആഘോഷങ്ങളിൽ ഒന്നും താല്പര്യം ഇല്ല… അരവിന്ദനും പ്രത്യേകിച്ച് അഭിപ്രായം ഒന്നും ഇല്ല… പക്ഷേ അഭിയ്ക്കു ആഘോഷിക്കണം എന്നാണ്… ഒടുവിൽ അടുത്ത പരിചയക്കാരെയും ബന്ധുക്കളെയും മാത്രം വിളിച്ചു ചെറിയൊരു പാർട്ടി നടത്താൻ തീരുമാനമായി….. ” നിങ്ങളുടെ വീട്ടുകാർക്ക് ഇത് എന്തിന്റെ കുഴപ്പമാണ് അരവിന്ദേട്ട….? ഈ വയസ്സുകാലത്ത് ഇനി വിവാഹ വാർഷികം ആഘോഷിക്കാത്ത കുറവേയുള്ളൂ… നാണമില്ലാത്തവർ…. ” – തിരിച്ചു മുറിയിലെത്തിയ നിമിഷ പുച്ഛിച്ചു… ആരും അവളോട് ഒരഭിപ്രായവും ചോദിച്ചില്ല….. അതിന്റെ ദേഷ്യം തീർത്തതാണ്…. ”

നിമിഷ…… നീ ആവശ്യമില്ലാത്തത് പറയരുത് ഇപ്പോൾ നാണമില്ലാത്തവർ എന്ന് നീ വിളിച്ചത് എന്റെ അച്ഛനെയും അമ്മയെയും അനിയനെയുമാണ്… എല്ലാം ഞാൻ കേട്ടു നിൽക്കും എന്ന് വിചാരിക്കരുത്… നമ്മൾ ചെയ്തത് തെറ്റാണ്… അതാണ് അവർക്ക് ഇപ്പോഴും നിന്നെ പൂർണമായി അംഗീകരിക്കാനും സ്നേഹിക്കാനും പറ്റാത്തത്… ആര്യയ്ക്ക് അവരുടെ മനസ്സിൽ അത്ര വലിയ സ്ഥാനമുണ്ടായിരുന്നു… മരുമകളായിയല്ല മകളായാണ് അവർ ആര്യയെ കണ്ടിരുന്നത്…ആ സ്ഥാനത്തേക്കാണ് അവളെ തള്ളിക്കളഞ്ഞു നീ കയറി വന്നത്… അപ്പോൾ ആ സ്ഥാനം കൈയടക്കിയാൽ മാത്രം പോരാ അവരുടെ മനസ്സിലും ആ സ്ഥാനം ഉറപ്പിക്കണം…അതിനവരെ സ്നേഹിക്കണം അനുസരിക്കണം ” – അരവിന്ദ് നിമിഷയെ ഉപദേശിച്ചു…. ”

എനിക്ക് ഞാൻ ആകാനേ പറ്റു… നിങ്ങളുടെ പഴയ ഭാര്യയെ അനുകരിക്കേണ്ട കാര്യമൊന്നും എനിക്കില്ല… അല്ല അവളായിരുന്നു നല്ലതെന്ന് തോന്നുന്നുണ്ടോ ഇനി ” – നിമിഷ ഒരു പുച്ഛത്തോടെ ചോദിച്ചു… “നിമിഷ………” – അരവിന്ദ് ദേഷ്യത്തോടെ വിളിച്ചു… “അല്ല തോന്നിയാലും എനിക്ക് കുഴപ്പമില്ല.. അങ്ങനെ നിങ്ങൾക്ക് തോന്നിയാൽ ഒന്നും മിണ്ടാതെ ആര്യയെ പോലെ ഞാൻ ഇവിടെ നിന്നിറങ്ങി പോകുമെന്ന് പൊന്നുമോൻ വിചാരിക്കേണ്ട… അങ്ങനെ വല്ല ചിന്തയും നിങ്ങളുടെ മനസ്സിൽ തോന്നിയാൽ ഞാൻ നിങ്ങളുടെ തല തല്ലി പൊളിക്കും… നോക്കിക്കോ….” – നിമിഷയുടെ മുഖഭാവം കണ്ടിട്ട് അവൾ അതിനും മടിക്കില്ല എന്നരവിന്ദിന് തോന്നി… കുഞ്ഞുണർന്ന് കരഞ്ഞപ്പോൾ അരവിന്ദ് കുഞ്ഞിനേയുമെടുത്ത് ബാൽക്കണിയിലേക്ക് പോയി… നിമിഷ അത് നോക്കി നിന്നു….

നിമിഷ ഓർക്കുകയായിരുന്നു ആദ്യമായി അരവിന്ദിനെ കണ്ടത്… പുതിയ ജോലി ആയതേ ഉണ്ടായിരുന്നുള്ളൂ… ശമ്പളം കിട്ടാൻ സമയം ആവാത്തത് കൊണ്ട് ഹോസ്റ്റൽ ഫീസ് കൊടുക്കാൻ ഒരു വള പണയം വെക്കാൻ പോയതായിരുന്നു ബാങ്കിൽ… അന്നാണ് അരവിന്ദിനെ ആദ്യമായി കാണുന്നത്… കാണാൻ സുന്ദരൻ നല്ല പെരുമാറ്റം… അന്നേ അയാളെ ശ്രദ്ധിച്ചിരുന്നു… എന്തെങ്കിലും ആവശ്യം വന്നാലോ എന്ന് പറഞ്ഞ് നമ്പർ വാങ്ങിയിരുന്നു… താനും പിന്നെ അത് മറന്നു പോയി… ഒരിക്കൽ മാളിൽ വെച്ച് കണ്ട് പോയി സംസാരിച്ചിരുന്നു… അന്ന് തന്റെ കൂടെ ഹോസ്റ്റലിലെ നീതു ചേച്ചിയും ഉണ്ടായിരുന്നു… ചേച്ചിയ്ക്കു അരവിന്ദിന്റെ വീട്ടുകാരെ അറിയാമായിരുന്നു… ചേച്ചി പറഞ്ഞാണ് അയാളുടെ ആസ്തിയെക്കുറിച്ചൊക്കെ അറിഞ്ഞത്… അരവിന്ദിന്റെ അമ്മ പ്രഭ ഒരു സമ്പന്ന കുടുംബത്തിലെ അംഗമായിരുന്നു…

അരവിന്ദ് കല്യാണം കഴിച്ചതാണ് എന്നറിഞ്ഞപ്പോൾ ചെറിയൊരു നിരാശ തോന്നി… എന്നാലും ഒന്ന് എറിഞ്ഞു നോക്കാമെന്ന് വിചാരിച്ചു… തന്റെ കദനകഥ പറഞ്ഞു വളച്ച് കുറച്ചു പണം അടിച്ചു മാറ്റാം എന്നൊക്കെ വിചാരിച്ചാണ് ഫോൺ നമ്പർ തപ്പിയെടുത്ത് വിളിച്ചത്… ആദ്യം അയാൾ വലിയ അടുപ്പമൊന്നും കാണിച്ചില്ല… പതിയെ പതിയെ തന്റെ ശോകം പറച്ചിലിൽ അയാൾ വീണു… കുറച്ചു കാശു പ്രതീക്ഷിച്ചു നിന്ന എനിക്ക് അയാൾ സ്വന്തം ജീവിതം തന്നെയാണ് വെച്ച് നീട്ടിയത്… സ്വന്തം ഭാര്യയെ വേണ്ട ഈ നിമിഷയെ മതിയെന്ന് പറഞ്ഞു തപസ്സിരുന്നു ആ പൊട്ടൻ….

അതിനിടയിൽ പറ്റിയ അബദ്ധമാണ് ആവണി മോൾ… അബോർട്ട് ചെയ്യാമെന്ന് പറഞ്ഞിട്ടും അയാൾ കേട്ടില്ല… കുഞ്ഞിനെ അയാൾക്ക് വേണമത്രേ… എന്തായാലും എല്ലാമറിഞ്ഞ് ഭാര്യ ഡിവോഴ്സ് വാങ്ങിപ്പോയി… ഈ മണ്ടൻ എന്റെ തലയിലുമായി.. സാരമില്ല സ്വത്തുക്കൾ ഇഷ്ടംപോലെയുണ്ട്… എങ്ങനെയെങ്കിലും തമ്മിൽ പിരിച്ച് ഭാഗം ചെയ്യിക്കണം….താൻ അതിന് നന്നായി ശ്രമിക്കുന്നുണ്ട്.. എല്ലാം കയ്യിൽ കിട്ടുന്ന വരെ എല്ലാത്തിനെയും സഹിച്ചേ പറ്റൂ.. അതുവരെ നിമിഷ നല്ല കുട്ടിയാണ് ഒരു പാവം കുട്ടി… നിമിഷ കുടിലതയുടെ ചിരിച്ചു……… തുടരും….

ദാമ്പത്യം: ഭാഗം 2

Share this story