നിനക്കായ് : ഭാഗം 68

നിനക്കായ് : ഭാഗം 68

എഴുത്തുകാരി: ഫാത്തിമ അലി

ഒരു നിമിഷം പകപ്പോടെ നിന്ന ശ്രീ കാണുന്നത് സത്യമാണോ എന്നറിയാൻ കണ്ണുകൾ രണ്ടും തിരുമ്മി ഒന്ന് കൂടി നോക്കി… കഷ്ടപ്പെട്ട് കാലെടുത്ത് മുകളിലേക്ക് വെക്കുന്നതിനിടയിൽ ആണ് സാം അവനെ തുറിച്ച് നോക്കുന്ന ശ്രീയെ കാണുന്നത്…. ആ സന്തോഷത്തിൽ അവളെ നോക്കിക്കൊണ്ട് കൈ ഉയർത്തിയതും ബാലൻസ് കിട്ടാതെ പിന്നിലേക്ക് ആഞ്ഞിരുന്നു…. “ഏയ്….ഇച്ചായാ…” ശ്രീ പേടിച്ച് അവന്റെ അടുത്തേക്ക് വന്നപ്പോഴേക്കും സാം കൈകളാൽ റെയിലിങിൽ തന്നെ പിടിച്ച് ബാലൻസ് ചെയ്ത് നിന്നു…. “സൂക്ഷിച്ച് കയറ്….” അവന്റെ ചുണ്ടിലെ ചിരി കണ്ട് കണ്ണ് കൂർപ്പിച്ച് വെച്ച ശ്രീ സാമിന്റെ കൈയിൽ പിടിച്ച് ഉള്ളിലേക്ക് കയറാൻ സഹായിച്ചു…. “ഈ പാതിരാത്രി മതിലും ചാടി വരാൻ നിങ്ങൾക്ക് പ്രാന്ത് ആണോ മനുഷ്യാ….?”

ബാൽക്കണിയിൽ സേഫ് ആയി ലാൻഡ് ചെയ്ത സാമിനോട് ശ്രീ ദേഷ്യത്തോടെ പറഞ്ഞതും അതൊന്നും ചെവിക്കൊള്ളാതെ അവൻ അവളെ വാരി പുണർന്നിരുന്നു… പെട്ടന്നുള്ള അവന്റെ നീക്കത്തിൽ അവൾ നിലത്ത് നിന്ന് പെരുവിരൽ കുത്തി ഒരൽപം ഉയർന്നു… ഇരു കൈകളാലും സാമിന്റെ ചുമലിൽ അള്ളി പിടിച്ചു… ശ്വാസം കിട്ടാത്ത അത്രയും മുറുക്കെ ആയിരുന്നു അവന്റെ പിടിത്തം… ശ്രീ ആകെ മരവിച്ച അവസ്ഥയിലായിരുന്നു….ശ്വാസം പോലും വിടാൻ പറ്റാതെ കണ്ണുകൾ പുറത്തേക്ക് തള്ളി അവളങ്ങനെ നിന്നു… അവന്റെ താടി രോമങ്ങൾ കഴുത്തിൽ ഉരസുന്നുണ്ടായിരുന്നു….

പുറം കഴുത്തിലായി സാമിന്റെ നിശ്വാസത്തിന്റെ ചൂട് ഏറ്റതും ശ്രീയുടെ മുഖത്ത് വിയർപ്പ് തുള്ളികൾ സ്ഥാനം പിടിച്ചു… “ഇ….ഇച്ചാ..യാ..” പതർച്ചയോടെ വിളിച്ച് കൊണ്ട് അവന്റെ ഷർട്ടിൽ ഒന് കൂടി പിടി മുറുക്കവേ സാം ശ്രീയുടെ തോളിൽ നിന്ന് മുഖം ഉയർത്തി…. “ശ്വാസം….മുട്ടുന്നു….” ദുർബലമായ സ്വരത്തോടെയവൾ പറഞ്ഞത് കേട്ട് ആ അവസ്ഥയിലും അവളുടെ ദേഹത്ത് നിന്ന് വിട്ട് മാറി… നെഞ്ചിൽ കൈ വെച്ച് ശ്വാസ മിടിപ്പ് നിയന്ത്രിക്കുന്ന ശ്രീയെ ഇരു തോളിലും പിടിച്ച് പിന്നിലേക്ക് തള്ളി സ്വിങ് ചെയറിൽ ഇരുത്തി സാം അവൾക്ക് മുന്നിലായി നിലത്ത് മുട്ട് കുത്തി ഇരുന്നു…. “ശ്വാസം മുട്ടി ചത്തേനെ ഞാൻ…ഇയാൾ എന്ത് പണിയാ കാണിച്ചേ…ആരാ ഇപ്പോ ഇങ്ങോട്ട് വരാൻ പറഞ്ഞേ….?”

ശ്രീ പല്ലിറുമ്മി അവനെ നോക്കിയതും സാം അവളെ നോക്കി തല അൽപം സൈഡിലേക്ക് ചെരിച്ച് കണ്ണ് ചിമ്മി കാണിച്ചു… “എനിക്ക് കാണാൻ തോന്നിയിട്ടാ….” കുഴഞ്ഞ സ്വരത്തിലുള്ള മറുപടി കേട്ടാണ് ശ്രീ അവനെ ശരിക്കും ഒന്ന് നോക്കിയത്…. ഫങ്ഷന് പോവുമ്പോൾ ഇട്ടിരുന്ന ഡ്രസ്സിൽ തന്നെയാണ് ഇപ്പഴും…മുടിയൊക്കെ ആകെ അലങ്കോലമായി കിടക്കുന്നു….. കണ്ണുകൾ രണ്ടും ചുവന്നിട്ടുണ്ട്…ആള് നല്ല തണ്ണിയാണെന്ന് ശ്രീക്ക് മനസ്സിലായി….പോരാത്തതിന് നല്ല സ്മെൽ ഉം… “കുടിച്ചിട്ടുണ്ടല്ലേ….?” കൈ മൂക്കിന് മുന്നിലായി വെച്ച് വീശി കാണിച്ച് കൊണ്ട് ശ്രീ ചോദിച്ചു… “മ്മ്….ദേ ഇശ്ശിരി….” ചൂണ്ടുവിരലും പെരുവിരലും ചേർത്ത് പിടിച്ച് കുറച്ചേ കഴിച്ചിട്ടുള്ളൂ എന്ന് കാണിച്ചു… “ഉവ്വാ….”

ശ്രീ ചുണ്ട് കോട്ടിക്കൊണ്ട് മുഖം തിരിച്ചതും സാം അത് ഇഷ്ടപ്പെടാത്ത പോലെ വിരലുകളാൽ അവന്റെ നേർക്ക് തന്നെ അവളുടെ മുഖം തിരിച്ചു വെച്ചു… “എന്നെ ഇന്ന് ഒന്ന് നോക്കുക പോലും ചെയ്തില്ലാലോ….അത് കൊണ്ടല്ലേ….എനിക്ക് സങ്കടം വന്നിട്ടാ കുടിച്ചേ….” ചുണ്ട് പിളർത്തി കാണിച്ച് കൊണ്ട് അവൻ പറയുന്നത് കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു… “സങ്കടം വന്നാ കള്ള് കുടിക്കണം എന്ന് ആരാ ടോ പറഞ്ഞേ….?” അവന്റെ ഭാവങ്ങളൊക്കെ ആസ്വദിച്ച് കൊണ്ട് മുഖത്ത് ഗൗരവം വരുത്തി ശ്രീ ചോദിച്ചു… “സോറീ….” കൈകൾ ചെവിയിലേക്ക് പിടിച്ച് വെച്ച് സോറി എന്ന് കാണിച്ചതും ശ്രീ ചിരിച്ച് പോയി… “ഒരു സോറി…..കള്ളും കുടിച്ച് പാതിരാത്രി പെണ്ണുങ്ങളുടെ റൂമിലേക്ക് വരാൻ നാണമില്ലേ മനുഷ്യാ…?”

അതേ ചിരിയോടെ തന്നെയാണ് അവൾ അവനെ നോക്കിയത്… “അതിന് ഞാൻ നിന്റെ അടുത്തേക്കല്ലേ വന്നത്….” മുഖം വീർപ്പിച്ച് വെച്ച് കൊണ്ട് സാം മറുപടിയും കൊടുത്തു… “അതെന്താ ഞാൻ പെണ്ണല്ലേ….” “എന്റെ കൊച്ച് ഇന്ന് കുറേ കരഞ്ഞില്ലേ….അപ്പോ കാണാൻ തോന്നിയിട്ട് വന്നതാ…” “ഒത്തിരി വേദനിച്ചോ….?” അവളുടെ വിരൽ പാടുകൾ പതിഞ്ഞ കവിളിനെ തലോടിക്കൊണ്ടവൻ ആർദ്രമായി ചോദിച്ചു… “മ്മ്….” സാമിന്റെ കണ്ണുകളിലേക്ക് നോക്കെ അവൾ പോലുമറിയാതെ ഒരു മൂളൽ പുറത്തേക്ക് വന്നു… “സാരല്ല….ഇച്ചായന്റെ അടുത്ത് വേദന മാറാനേ ഒരു സൂത്രം ഉണ്ട്….” കണ്ണുകളിൽ കുസൃതി ഒളിപ്പിച്ച്കൊണ്ടവൻ പറഞ്ഞതും ശ്രീ അത് എന്താണെന്ന് അറിയാനായി അവന്റെ മുഖത്തേക്ക് നോക്കി…

അവളുടെ കുഞ്ഞ് മുഖത്തെ കൈകളിൽ കോരിയെടുത്ത് ഒന്ന് ഉയർന്ന് നിന്ന സാം അവളുടെ കവിളിലേക്ക് മുഖം അടുപ്പിച്ചു…. അടി കൊണ്ടിടത്ത് സാമിന്റെ മൃദുലമായ ചുണ്ടുകൾ പതിയുന്നതും വളരെ പതുക്കെ അവിടം നകരുന്നതും ശ്രീ അറിയുന്നുണ്ടായിരുന്നു… എന്നാൽ അവനെ പിന്തിരിപ്പിക്കാനോ തള്ളിമാറ്റാനോ അവൾ ശ്രമിച്ചില്ല….അവൾക്കതിന് കഴിഞ്ഞില്ലെന്ന് പറയുന്നതാവും ഉചിതം… ചുണ്ടുകളും നാവും ഒരുപോലെ തന്നിലെ അവശേഷിച്ചിരുന്ന ചെറു വേദനയെ പോലും ഇല്ലാതാക്കിയെന്ന് വരെ അവൾക്ക് തോന്നി… എന്തിനെന്നില്ലാതെ ശ്രീയുടെ കണ്ണുകൾ നിറഞ്ഞ് വന്നു…മിഴികൾ താനെ അടഞ്ഞതും തുളുമ്പി നിൽക്കുന്ന കണ്ണുനീർ തുള്ളി ഞെട്ടറ്റ് കവിളിലേക്ക് പതിച്ചു…

ആ കണ്ണുനീർ താഴെ വീഴാതെ സാം തന്റെ വിരലുകളാലും ചുണ്ടിനാലും തടുത്തിരുന്നു…അവൻ പോലുമറിയാതെ…. “ഇപ്പോ മാറിയില്ലേ..?” കുറച്ച് നേരത്തിന് ശേഷം മുഖം ഉയർത്തി നോക്കിയ സാം ചോദിച്ചത് കേട്ടാണ് ശ്രീ കണ്ണുകൾ തുറന്നത്… അവൻ അകന്ന് മാറിയിട്ടും ആ ചുണ്ടുകളുടെയും നാവിന്റെയും ചൂട് തന്റെ കവിളിൽ ഇപ്പോഴും തങ്ങി നിൽക്കുന്നത് പോലെ അവൾ തോന്നി…. “എന്തിനാ കണ്ണ് നിറച്ചേ….ഞാൻ ഉമ്മ വെച്ചിട്ടാണോ….” ശ്രീയുടെ നിറഞ്ഞ കണ്ണുകൾ കണ്ടതും സാമിന്റെ മുഖവും വാടി… “മ്ഹും….” അവനുള്ള മറുപടിയായി അല്ലെന്ന അർത്ഥത്തിൽ ശ്രീ തല ചലിപ്പിച്ചു… ശരിക്കും പറഞ്ഞാൽ അതിനുള്ള കാരണം എന്തെന്ന് അവൾക്ക് പോലും അജ്ഞാതമായിരുന്നു… പക്ഷേ അതൊരിക്കലും സാമിന്റെ പ്രവർത്തി കൊണ്ടല്ലെന്ന് ശ്രീക്ക് ഉറപ്പായി….

“എനിക്കറിയാം…എന്നെ ഒട്ടും ഇഷ്ടല്ലാ എന്ന്….ദേഷ്യാവും… എന്നെ കാണുന്ന പോലും ഇഷ്ടമുണ്ടാവില്ല…അല്ലേ വാവേ…? സാമിന്റെ ചോദ്യത്തിൽ സങ്കടം നിഴലിച്ചിരുന്നു… “അങ്ങനെ ആരാ പറഞ്ഞേ…?” അവന്റെ കുനിഞ്ഞ് പോയ മുഖം ശ്രീ ഛൂണ്ടുവിരലാൽ ഉയർത്തി.. “കൊച്ച് തന്നെയല്ലേ എന്നോട് ഇന്ന് പറഞ്ഞേ….അത് കേട്ടപ്പോ എന്തോരം സങ്കടായി എന്നറിയോ….” “എ…എന്നോട്….ദേഷ്യം ഉണ്ടോ ഇച്ചായാ….?” ഇടർച്ചയോടെ അവൾ ചോദിച്ചതും സാം അത് നിഷേധിച്ചു… “സങ്കടം ആയിരുന്നു….പക്ഷേ എന്റെ കൊച്ചിനോട് എനിക്ക് ദേഷ്യപ്പെടാൻ പറ്റുവോ….” “എ…എന്നെ…അത്രക്ക് ഇഷ്ടാണോ…?” അവളുടെ ചോദ്യത്തിൽ സങ്കടവും ആകാംക്ഷയും അങ്ങനെ പലതും നിറഞ്ഞിരുന്നു… “മ്മ്…..ഒത്തിരി ഒത്തിരി ഇഷ്ടാണല്ലോ….ദേ ഇവിടെ നിറച്ചും എന്റെ കൊച്ച് മാത്രേ ഉള്ളൂ….”

ഇടനെഞ്ചിൽ കൈ വെച്ച് കൊണ്ട് പറയുന്നതിനിടക്ക് പെട്ടെന്ന് എന്തോ ആലോചിച്ച പോലെ താടിയിൽ വിരൽ കുത്തി ഇരുന്നു… “അല്ലാ…അല്ലാ….ഇവിടെ അന്നമ്മ ഉണ്ട്…അലക്സ് ഉണ്ട്….മമ്മയും പപ്പയും അമ്മച്ചിയും ഉണ്ട്.. വസൂമ്മയും അച്ഛനും ഉണ്ട്…..അങ്ങനെ കുറേ പേര് ഉണ്ടല്ലോ… അപ്പോ എന്റെ കൊച്ച് എവിടെയാവും….” തല അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിച്ചിക്കുന്ന സാമിനോട് അവൾക്ക് ഒരിഷ്ടവും വാത്സല്യവും ഒക്കെ തോന്നി…. “അപ്പോ അത്രേ സ്ഥലം ഉള്ളൂ അതിനകത്ത്…?” സാമിന്റെ നെഞ്ചിൽ ചൂണ്ടുവിരൽ കുത്തിയ ശ്രീയുടെ കണ്ണിലും കുറുമ്പ് നിറഞ്ഞിരുന്നു… “അല്ലാലോ….അപ്പോ ബാക്കി മുഴുവനും എന്റെ കൊച്ചിനുള്ളതാ….” സാം കണ്ണ് വിടർത്തിക്കൊണ്ട് പറഞ്ഞത് കേട്ട് ശ്രീ അറിയാതെ ചിരിച്ച് പോയി… “അപ്പോ ഞാനോ….ഞാൻ ഇവിടെ ഉണ്ടോ….?”

ഭാവഭേതമേതും ഇല്ലാതെ ശ്രീയുടെ നെഞ്ചിലേക്ക് കൈ വെക്കാൻ ഒരുങ്ങിയ സാമിനെ അവൾ തടഞ്ഞു.. “കൊച്ചേ….എന്നെ എന്താ ഒട്ടും ഇഷ്ടല്ലാത്തേ….എന്നെ കാണാൻ ആ ഹരീടെ അത്രേം ഭംഗി ഇല്ലേ….?അവനെ പോലെ അല്ലാത്തത് കൊണ്ടാണോ …?” അത് കണ്ട് അവനെ ഇഷ്ടമല്ലാഞ്ഞിട്ടാവും എന്ന് കരുതി പരിഭവത്തോടെ കൈ പിൻവലിച്ചു… “ഏയ്…ഒരിക്കലും അല്ല ഇച്ചായാ….” സാമിനുള്ള മറുപടിക്കായി അവൾക്ക് ഒരു നിമിഷം പോലും ചിന്തിക്കേണ്ടി വന്നില്ല… “പിന്നേ….പിന്നെ എന്താ എന്നെ ഇഷ്ടല്ലാ ന്ന് പറഞ്ഞേ….ഞാൻ കുറേ സ്നേഹിച്ചോളാം….എല്ലാരേക്കാൾ കൂടുതൽ…. എനിക്ക് ഒരുപാട് ഇഷ്ടായത് കൊണ്ടാ വാവേ….പ്ലീസ്….”

പറഞ്ഞ് കഴിഞ്ഞപ്പോഴേക്ക് അവന്റെ സ്വരം ഇടറിയിരുന്നു… “ഇച്ചായാ…” അവന്റെ നിറഞ്ഞ കണ്ണകൾ കണ്ടതും ശ്രീക്ക് എന്തോ വല്ലായ്മ പോലെ തോന്നി… അവൾ ചെയറിൽ നിന്നും താഴെ സാമിന്റെ തൊട്ട് മുന്നിലായി ഇരുന്നു… “കണ്ണ് നിറക്കല്ലേ….ഇച്ചായാ….” സാമിന്റെ കൺപീലികളിൽ തങ്ങി നിന്ന് പുറത്തേക്ക് വീഴാൻ വെമ്പുന്ന കണ്ണുനീർ മുത്തുകളെ അവൾ വിരലുകളാൽ തുടച്ച് മാറ്റി… അവളുടെ നെറ്റി അവന്റെ നെറ്റിയുമായി ചേർത്ത് വെച്ചതും ശ്രേയുടെ ഇടുപ്പിലൂടെ സാം ചുറ്റി പിടിച്ചിരുന്നു… “അപ്പോ എന്നെ ഇഷ്ടാന്ന് പറ….” കുറച്ച് സമയത്തിന് ശേഷം വാശി നിറഞ്ഞ മുഖത്തോടെ അവൻ പറഞ്ഞത് കേട്ട് ശ്രീയിലും കുസൃതി നിറഞ്ഞു…. “അയ്യാ…അങ്ങനെ ഞാൻ പറഞ്ഞോ….?” ശ്രീ തന്റെ ഇടുപ്പിലൂടെ ചുറ്റിയ അവന്റെ കൈ എടുത്ത് മാറ്റി… “പോ…മിണ്ടൂല…”

ശ്രീയോട് പിണങ്ങി എന്ന പോലെ മുഖം വീർപ്പിച്ച് വെച്ച സാമിനെ നോക്കി ഒന്നും മിണ്ടാതെ ചിരിയോടെ അവളും ഇരുന്നു… “അതേ….ഞാനൊരു സീക്രട് പറയട്ടേ…” കുറച്ച് സമയം കഴിഞ്ഞില്ല പിണങ്ഞി പോയ ആൾ എന്തോ വല്യ കാര്യം പറയാനുള്ള പോലെ അവളുടെ അടുത്തേക്ക് നീങ്ങി… “മ്മ്….?” ഒരു പുരികം ഉയർത്തി കാണിച്ചതും സാം ശ്രീയെ മാടി വിളിച്ചു… “എനിക്കേ കൊച്ചിന്റെ ചിരി എന്തിഷ്ടാണെന്നോ….” അവളുടെ ചെവിയിൽ സ്വകാര്യം എന്ന പോലെ പറഞ്ഞതും ശ്രീ ഇക്കിളി എടുത്ത് അവനെ വിട്ട് നിന്നു… “ഓ….ഇതാണോ സീക്രട്….എന്നോട് പറഞ്ഞതല്ലേ….” ശ്രീ ഇതൊക്കെ എന്ത് എന്ന മട്ടിൽ നിന്നതും സാം ചുണ്ട് കൂർപ്പിച്ച് വെച്ച് അവളെ നോക്കി… “അതല്ല..ബാക്കി കൂടെ കേൾക്ക്….” ഇനിയും ഇക്കിളി ആവും എന്നത് കൊണ്ട് ചെവിയിൽ പറയാൻ അവൾ സമ്മതിച്ചില്ല…

“അങ്ങനെ ചിരിക്കുന്നത് കാണുമ്പഴേ എനിക്ക് ഉമ്മ വെക്കാൻ തോന്നും….ദേ ഇവിടെ…” പതിഞ്ഞ സ്വരത്തിൽ അവളുടെ ചുവന്ന ചുണ്ടിന് നേരെ വിരൽ ചൂണ്ടി കാണിച്ചതും ശ്രീ ഞെട്ടി വാ തുറന്ന് നിന്നു…. “ടാ…കാലൻ തെണ്ടീ…അപ്പോ ഇതായിരുന്നല്ലേ മനസ്സിലിരിപ്പ്….?” പല്ല് കടിച്ച് കൊണ്ട് അവൾ പറഞ്ഞത് കുറച്ച് ഉറക്കെ ആയി പോയി…. “ശൂ….മിണ്ടല്ലേ….സീക്രട് ആണ്….പുറത്ത് പറയരുത്….” സാം ആരും കേൾക്കാതിരിക്കാനെന്ന പോലെ ശ്രീയുടെ ചുണ്ടിന് കുറുകെ വിരൽ വെച്ച് തടഞ്ഞു… ആദ്യം ഒന്ന് ഞെട്ടെയെങ്കിലും അവന്റെ മുഖത്തെ ഭാവം കണ്ട് ഒര പഞ്ചിരിയോടെ അവന്റെ കൈയെ എടുത്ത് മാറ്റി… “മ്മ്….വേറെ എന്തെങ്കിലും സീക്രട് ഉണ്ടോ ഇനി….?”

സാമിനെ ചൂഴ്ന്ന് നോക്കിയതും അവൻ ആലോചിക്കുന്നത് പോലെ താടിയിൽ കൈ കുത്തി ഇരുന്നു… “വേറെ….മ്മ്….ഹാ…ഉണ്ട്…ഞാനില്ലേ….” സാം എന്തോ പറയാനായി വന്നതും അവന്റെ പോക്കറ്റിലിരുന്ന ഫോൺ റിങ് ചെയ്തിരുന്നു… “ടാ കോപ്പേ….എവിടെ പോയി കിടക്കുവാ .. നീ….” സാം ഫോൺ കൈയിൽ പിടിച്ച് അതിലേക്ക് തന്നെ നോക്കി നിൽക്കുന്നത് കണ്ട് ശ്രീ അവന്റെ കൈയിൽ നിന്നും അത് വാങ്ങിച്ചു… അലക്സ് ആണെന്ന് കണ്ടതും കോൾ ആൻസർ ചെയ്ത് ചെവിയിലേക്ക് വെക്കലും തെറിയുടെ പൂരപ്പാട്ടായിരുന്നു കേട്ടത്… “ഏട്ടായി…ഇത് ഞാനാ…” അതിന്റെ എഫക്ടിൽ ഫോൺ അൽപം ദൂരേക്ക് മാറ്റി വെച്ച ശ്രീ ചെവി ഒന്ന് തിരുമ്മി അങ്ങോട്ട് കയറി പറഞ്ഞു… “മോളേ….സാം…അവൻ എവിടെ….?” അവൾ ആണെന്ന് അറിഞ്ഞ അലക്സ് ഒന്ന് അടങ്ങി… “ദേ ഇവിടേ ഉണ്ട്…അപ്പോ രണ്ട് പേരും കൂടെ ഉള്ള ഒത്ത് കളി ആയിരുന്നു അല്ലേ….” “മാളൂട്ടീ….

അത് പിന്നെ അവൻ…കാണണം എന്ന് വാശി പിടിച്ചപ്പോൾ കൊണ്ടുവന്നതാണ്..” “മ്മ്…” “മോള് എങ്ങനെയെങ്കിലും അവനെ ഒന്ന് താഴെ എത്തിക്കുമോ..?അല്ലെങ്കിൽ വേണ്ട മോള് ഫ്രണ്ട് ഡോർ തുറന്നാൽ ഞാൻ കൂട്ടി കൊണ്ട് പൊയ്ക്കോളാം….” “സാരമില്ല ഏട്ടായി….ഞാൻ താഴേക്ക് കൊണ്ട് വരാം….” അലക്സിനോട് സംസാരിച്ച് ഫോൺ വെച്ചതും അവൾ സാമിനെ തട്ടി വിളിച്ചു…. “അതേ…പോവാൻ ഉദ്ധേശം ഒന്നുമില്ലേ….” ശ്രീ ചോദിച്ചത് കേട്ട് സാം ചുണ്ട് പുറത്തേക്കുന്തി ഇല്ലെന്ന് തലയാട്ടി… “എനിക്ക് എന്റെ കൊച്ചിനെ കെട്ടിപിടിച്ച് ഇവിടെ കിടക്കണം….” “അയ്യടാ…മോന്റെ ഒരു പൂതി….ഇങ്ങ് വന്നേ…” ശ്രീ അവന്റെ കൈ പിടിച്ച് പൊക്കിയെങ്കിലും അവൻ ബലം പിടിച്ച് അവിടെ തന്നെ ഇരുന്നു… “മ്ഹും….” “ഇച്ചായാ….

ഞാൻ വിളിച്ചാ വരില്ലേ…?” സാം താൽപര്യമില്ലാത്ത മുഖത്തോടെ എഴുന്നേറ്റ് നിന്നതും ആടി നിലത്ത് വീഴാൻ പോയി… അപ്പോഴേക്കും ശ്രീ ചെന്ന് അവന്റെ അരയിലൂടെ കൈയിട്ട് ബാലൻസ് ചെയ്ത് നിന്നിരുന്നു… ശ്രീയുടെ കൂൽപ്പിച്ചുള്ള നോട്ടം കണ്ട് നിശ്കളങ്കമായി ചിരിച്ച് കാണിച്ച് അവളുടെ തോളിലൂടെ കൈയിട്ട് ഒന്ന് കൂടെ ദേഹത്തേക്ക് ചേർത്ത് പിടിച്ചു… അവന്റെ ചേർത്ത് നിർത്തലിൽ ശ്രീയുടെ കാലിൽ നിന്നും മുകളിലേക്ക് കറണ്ട് പാസ് ചെയ്ത പോലെ അവൾക്ക് തോന്നി… ഏതോ വഴിക്ക് പോവുന്ന ചിന്തകളെയെല്ലാം മാറ്റി നിർത്തി ശ്രീ അവനെയും കൊണ്ട് പതിയെ റൂമിലേക്ക് നടന്നു… “ദേ ആ ലോക്ക് ചെയ്തത് തുറന്നേ….” അവനെയും വെച്ച് മുകളിലെ ലോക്ക് തുറക്കാൻ പറ്റാത്തത് കൊണ്ടാണ് ശ്രീ സാമിനോട് ആവശ്യപെട്ടത്…

“മ്ഹും….” അവൻ ചെയ്യില്ലെന്ന വാശിയോടെ തല ചലിപ്പിച്ചു… “ഇച്ചായാ..” അവളുടെ കനപ്പിച്ചുള്ള വിളിയിൽ മുഖം ഒന്ന്കൂടെ വീർപ്പിച്ച് വെച്ച് ഡോർ തുറന്ന് കൊടുത്തു… “അതേ….താഴേക്ക് പോവുമ്പോ ഒച്ച എടുക്കരുത്…. അവരൊക്കെ എഴുന്നേൽക്കും….കേട്ടല്ലോ….” “മ്മ്….” സാം തലയാട്ടി സമ്മതം കൊടുത്തതും ശ്രീ പതിയെ സ്റ്റെയറിന് അടുത്തേക്ക് നടന്നു… “ദുർഗക്കൊച്ചേ…ദേ ലൈറ്റ്…” സ്റ്റെയറിനുത്ത് ഇട്ട് വെച്ച ഡിം ലൈറ്റ് കണ്ട് സാം ഉറക്കെ പറയാൻ വന്നതും ശ്രീ അവന്റെ വാ പൊത്തി വെച്ചിരുന്നു .. “ഇച്ചായാ….മിണ്ടരുത്….” “ശ്ശ്….” ശ്രീയുടെ കൂർത്ത നോട്ടം കീട്ടയതും അവൻ ചുണ്ടിന് കുറുകെ ആയി വിരൽ വെച്ചു… താഴേക്കുള്ള സ്റ്റെപ്പ് ഇറങ്ങുന്ന സമയത്തും വിരൽ മാറ്റാതെ അങ്ങനെ തന്നെ വെച്ച സാമിനെ കണ്ട് ശ്രീക്ക് ചിരി വരുന്നുണ്ടായിരുന്നു…

താഴെ എത്തിയതും സാമിനേ ചുവരിലേക്ക് ചാരി നിർത്തി അവിടെ അനങ്ങാതെ നിൽക്കണമെന്ന് വാണിങ് കൊടുത്ത് പയ്യെ ചെന്ന് ശബ്ദമുണ്ടാക്കാതെ ഫ്രണ്ട് ഡോർ തുറന്നു കൊടുത്തു.. അതിന് ശേഷം സാമിനെയും കൂട്ടി മുറ്റത്തേക്ക് ഇറങ്ങിയതും അവരെയും കാത്ത് അക്ഷമയോടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന അലക്സിനെ കണ്ട് അവന്റെ അടുത്തേക്ക് ചെന്നു… “അയ്യടാ…എന്താ ഒരു ചിരി….ഇങ്ങേർക്ക് പറ്റിയ കൂട്ട് തന്നെയാ ഏട്ടായി…ഹും…” അലക്സിനോട് കുറുമ്പോടെ പറയന്നതിനിടക്കും സാമിനെ ഇടം കണ്ണിട്ട് നോക്കാൻ ശ്രീ മറന്നില്ല… ശ്രീയെ നോക്കി നല്ലൊരു ഇളി വെച്ച് കൊടുത്ത് അലക്സ് സാമിനേയും കൂട്ടി മന്നോട്ട് നടന്നു…

പെട്ടെന്ന് സാം അലക്സിന്റെ പിടിത്തം വിടുവിച്ച് അവര് പോവുന്നതും നോക്കി നിൽക്കുകയായിരുന്ന ശ്രീയുടെ അടുത്തേക്ക് ചെന്ന് അവളെ ഇടുപ്പിലൂടെ ചുറ്റിപിടിച്ച് ഉയർത്തിക്കൊണ്ട് ഇറുകെ പുണർന്നു…. മീഴിച്ച്നോക്കി നിന്ന ശ്രീയുടെ മൂക്കിൻ തുമ്പിൽ ഉമ്മ വെച്ച് ആടിക്കുഴഞ്ഞ് അലക്സിന്റെ അടുത്തേക്ക് തിരിച്ച് നടന്നു… വാ പൊളിച്ച് നിൽക്കുന്ന അലക്സിന്റെ തോളിലൂടെ കൈയിട്ട് പുലിക്കാട്ടിലേക്ക് പോവുന്ന സാമിനെ നോക്കി നിന്ന ശ്രീയുടെ ചുണ്ടിന്റെ കോണിൽ ഒരു പുഞ്ചിരി വിരിഞ്ഞു… “കാലൻ….” അതേ ചിരിയോട് കൂടെ തന്നെ അവൻ മൂക്കിൻ തുമ്പിൽ തൊട്ട് കൊണ്ട് ശ്രീ അകത്തേക്ക് കയറി… ഡോർ അടക്കുന്നതിനിടെ ഒരിക്കൽ കൂടി പുലിക്കാട്ടിലേക്ക് തല ചെരിച്ച് നോക്കാനും അവൾ മറന്നില്ല.. ******

അലക്സ് സാമിനെയും പിടിച്ച് കൊണ്ട് ടെറസ് വഴി റൂമിലേക്ക് കയറി…. എന്തൊക്കെയോ പിറുപിറുക്കുന്ന സാമിനെ ബെഡിലേക്ക് കിടത്തി ഡോർ അടക്കാനായി പോയതും അന്നമ്മയുടെ റൂം പകുതി തുറന്നിട്ടിരിക്കുന്നത് കണ്ടു… അവൻ ഒരു സംശയത്തോടെ ചെന്ന് നോക്കിയതും ടേബിൾ ലാംപും കത്തിച്ച് വെച്ച് ഹെഡ് റെസ്റ്റിലേക്ക് ചാരി കിടന്ന് ഉറങ്ങുന്ന അന്നയെയാണ് കണ്ടത്… അവളുടെ കിടത്തം കണ്ട് ഒരു ചിരിയോടെ അലക്സ് നേരെ ബെഡിന് അടുത്തേക്ക് നടന്നു… ഡിം ലൈറ്റ് ഓൺ ചെയ്ത് സൈഡ് ടേബിളിൽ ഇരിക്കുന്ന ടാബിൾ ലാംപ് ഓഫ് ആക്കി… ബെഡിലേക്ക് മുട്ട് കുത്തിച്ച് നിന്ന് പതിയെ അവളെ ഉണർത്താതെ കോരി എടുത്ത് നല്ലത് പോലെ കിടത്തിയതും അന്ന ഉറക്കത്തിൽ ഒന്ന് ഞെരങ്ങി…

ബെഡിലിരുന്ന പുതപ്പെടുത്ത് കഴുത്തറ്റം പുതപ്പിച്ച് ഫാനിന്റെ കാറ്റിൽ മുഖത്തേക്ക് പാറി വീഴുന്ന അന്നമ്മയുടെ മുടിയിഴകളെ മാടി ഒതുക്കി കൊടുത്തു… അവളുടെ നെറ്റിയിൽ മൃദുവായി ചുണ്ടുകൾ അമർത്തിയ ശേഷമാണ് അലക്സ് റൂം വിട്ട് പുറത്തേക്ക് ഇറങ്ങിയത്… “ആഹാ….എന്താ ഒരു കിടപ്പ്…” തിരിച്ച് സാമിന്റെ അടുത്തേക്ക് ചെന്ന അലക്സ് അവന്റ കിടത്തം കണ്ട് പറഞ്ഞു… കാലുകളും കൈകളും നീട്ടി വെച്ച് ബെഡ് മുഴുവൻ നിറഞ്ഞാണ് അച്ചായന്റെ കിടപ്പ്…. കമിഴ്ന്ന് സുഖ നിദ്രയിൽ ആയിരുന്ന അവന്റെ പും നോക്കി ഒരിടി വെച്ച് കൊടുക്കാൻ അലക്സിന് തോന്നിയെങ്കിലും പിന്നെ അതിന് മെനക്കെടാതെ കൈയും കാലും ഒന്ന് ഒതുക്കിവെച്ച് സാമിനെയും കെട്ടി പിടിച്ച് ഉറക്കിലേക്ക് വീണു… ******

നല്ല മനോഹരമായ സ്വപ്നവും കണ്ട് ഉറങ്ങുന്ന സാം നെടും പുറത്ത് എന്തോ വന്ന് ശക്തിയിൽ പതിച്ചപോലെ തോന്നി ഞെട്ടി എഴുന്നേറ്റു… ആകെ തലക്കകത്ത് വല്ലാത്ത പെരുപ്പും മന്ദതയും അനുഭവപ്പെട്ട അവൻ കുറച്ച് സമയം തലക്ക് കൈ കൊടുത്ത് ചമ്രം പടിഞ്ഞ് ഇരുന്നു… “നിനക്ക് എന്തിന്റെ കേടാ ടാ കോപ്പേ ….?” പതിയെ തല ഉയർത്തി നോക്കിയ അവൻ തൊട്ട് മുന്നിൽ പല്ലിറുമ്മിക്കൊണ്ട് നിൽക്കുന്ന അലക്സിനെ കണ്ട് ദേഷ്യത്തോടെ ചോദിച്ചതു ഒരൊറ്റ ചവിട്ടാണ് കിട്ടിയത്… “ഹൗ….നിനക്കെന്താ പുല്ലേ പ്രാന്ത് പിടിച്ചോ….” ബെഡിൽ നിന്ന് ചാടി എഴുന്നേറ്റ സാം അലക്സിനെ നോക്കി ചീറി… “പ്രാന്ത് ….ഇന്നലെ പൊന്ന് മോൺ എന്തൊക്കെയാ കാണിച്ച് കൂട്ടിയതെന്ന് വല്ല നിശ്ചയവും ഉണ്ടോ…?”

അലക്സിന്റെ ദേഷ്യം കണ്ട് കാര്യമറിയാതെ സാം അങ്ഘനെ നിന്നു… “ഇന്നലെ….നമ്മൾ രണ്ടും കൂടെ വള്ളമടിച്ചു…വന്ന് കിടന്നു…ഇതിലിപ്പോ എന്താ പ്രത്യേകിച്ച്….” സാം ഭാവഭേദവും കൂടാതെ പറഞ്ഞത് കേട്ട് അലക്സ് പല്ലിറുമ്മി… “ഓഹോ…അപ്പോ മോന് ഇന്നലെ മാളുവിന്റെ അടുത്ത് പോയതൊന്നും ഓർമ്മയില്ലേ…?” അലക്സ് ചോദിച്ചത് ഞെട്ടലോടെയാണ് സാം കേട്ടത്…. “ഏഹ്…ഞാനോ….യെപ്പോ….?” “പ്ഫാ @??….ഇന്നലെ ടെറസിൽ കുപ്പി കൊണ്ട് വെച്ച് ടച്ചിങ്സ് എടുക്കാൻ പോയ എനിക്ക് ഒരു തുള്ളി പോലും തരാതെ മൂന്ന് ബോട്ടിൽ ബക്കാർഡിയാ മോൻ അകത്താക്കിയത്….അത് കഴിഞ്ഞ് മാളൂനെ കാണണം എന്ന് പറഞ്ഞ് അലച്ച് കൂവിയതും അവിടേക്ക് ചെന്ന് മതിലും ചാടി…”

അലക്സ് പറഞ്ഞത് കേട്ടാണ് സാം ബെഡിൽ ഇരുന്ന് അതിനെ പറ്റി ചിന്തിച്ചത്… പതിയെ കള്ള് കുടിച്ചതും ശ്രീയെ കാണാൻ വേണ്ടി മതിൽ ചാടിയതും അവളെ കണ്ട പാടെ കെട്ടി പിടിച്ചതും മാത്രം ഓർമയിൽ തെളിഞ്ഞു… “ടാ..ഇതൊക്കെ….കർത്താവേ….ഞാനവിടെ ചെന്ന് എന്താ കാണിച്ച് കൂട്ടിയത്…?” സാം തലയിൽ കൈ വെച്ച് ഇരുന്നതും അലക്സ് കൈ മലർത്തി…. “ആ….എനിക്കെങ്ങനെ അറിയാനാണ്…?” സാം അവനെ ഒന്ന് നോക്കി ചാടി എഴുന്നേറ്റ് റൂമിന് പുറത്തേക്ക് പോവാൻ നോക്കി… “നീയിത് എങ്ങോട്ടാ…?” പുറത്തേക്ക് പോവാൻ നോക്കുന്ന സാമിനെ തടഞ്ഞ് വെച്ച് അലക്സ് പുരികം ഉയർത്തി… “ദുർഗ….അവളെ കാണണം….” “ആ ബെസ്റ്റ്….

സമയം എത്രയായി എന്നൊന്ന് പൊന്ന് മോൻ നോക്കിക്കേ….അവരൊക്കെ കോളേജിൽ എത്തി….” അലക്സ് അവന്റെ ഫോൺ കാണിച്ച് കൊടുത്തപ്പോഴാണ് സാം അത് ശ്രദ്ധിക്കുന്നത്… “കർത്താവേ പത്ത് മണിയോ….” “അവൾ ഈവനിങ് വരില്ലേ…അപ്പോ ചെന്ന് ചോദിച്ച് നോക്കാം സാമേ….നീ ചെന്ന് ഫ്രഷ് ആയി വാ…എനിക്കൊന്ന് ടൗണിൽ പോവാനുണ്ട്… അത് കഴിഞ്ഞേ കോളേജിലേക്ക് പോവുന്നുള്ളൂ…” സാമിനെ ഒന്ന് നോക്കി കൈയിൽ ടൈം ബാൻഡ് കെട്ടി അലക്സ് യാത്ര പറഞ്ഞ് പോയി… പിന്നെ വൈകുന്നേരം ആവുന്നത് വരെ സാമിന് ഒരു സമാധാനവും ഇല്ലായിരുന്നു… ഡ്യൂട്ടിക്ക് പോയെങ്കിലും അവർക്ക് കോളേജ് വിടുന്നതിന് മുൻപേ തന്നെ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി… ക്ലാസ് കഴിഞ്ഞെന്ന് പറഞ്ഞ അന്ന വിളിച്ചതും സാം വെപ്രാളത്തോടെ അവരെയും കാത്ത് നിന്നു………തുടരും

നിനക്കായ് : ഭാഗം 67

Share this story