സമാഗമം: ഭാഗം 28

സമാഗമം: ഭാഗം 28

എഴുത്തുകാരി: അനില സനൽ അനുരാധ

അജിതയും വേണുവും രാത്രി വരാം എന്നു പറഞ്ഞു പോയപ്പോൾ ഹേമന്ദ് മുറിയിൽ വന്നു കിടന്നു… വേണുവിന്റെ കൂടെ പോയി മുറിവ് വീണ്ടും ഡ്രസ്സ്‌ ചെയ്തിരുന്നു… സ്റ്റിച്ച് പൊട്ടിയതു കൊണ്ട് വീണ്ടും സ്റ്റിച്ച് ഇടേണ്ടിയും വന്നിരുന്നു… ഭക്ഷണം എല്ലാം ഉണ്ടാക്കി വെച്ചിട്ടാണ് അജിത പോയതെങ്കിലും കഴിക്കാൻ തോന്നിയില്ല. അച്ഛനു ഭക്ഷണം എടുത്തു കൊടുത്ത ശേഷം വീണ്ടും മുറിയിൽ വന്നു കിടന്നു… മയക്കം കണ്ണുകളെ വരിഞ്ഞു മുറുക്കാൻ തുടങ്ങിയിരുന്നു… കാളിംഗ് ബെൽ ശബ്ദിച്ചപ്പോൾ ഞെട്ടലോടെ ഉണർന്നു… വാതിൽ തുറന്നപ്പോൾ കണ്ടത് അമ്മയെയായിരുന്നു… അമ്മയുടെ മുഖത്തെ പ്രസരിപ്പെല്ലാം ഒരു ദിവസം കൊണ്ട് നഷ്ടപ്പെട്ടതു പോലെ അവനു തോന്നി …

“അമ്മ അവളെയും മോളെയും കൂട്ടി എങ്ങോട്ട് പോയതായിരുന്നു… അവർ എവിടെ? ” ചോദിച്ചു കൊണ്ട് ഉമ്മറത്തേക്ക് എത്തിച്ചു നോക്കി… “ഞാൻ തനിച്ചാണ് വന്നത്.. ” എന്നു പറഞ്ഞ് അമ്മ അകത്തേക്ക് കയറി പോയി… അവൻ പുറകെ ചെന്നു.. “അമ്മേ… ” അവൻ ദേഷ്യത്തോടെ അലറി… “പതിയെ… തലയിൽ മുറിവുണ്ട്…” എന്നും പറഞ്ഞ് അമ്മ തളർച്ചയോടെ സോഫയിൽ ഇരുന്നു. ഹേമന്ദ് അമ്മയുടെ അരികിലായി വന്നിരുന്നു… അമ്മ കരയുകയാണെന്ന് മനസ്സിലായപ്പോൾ അവൻ ശാന്തത കൈ വരിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു… “ഒരു പെൺകുട്ടിയെ ഇങ്ങനെ ദ്രോഹിക്കാൻ മാത്രം ക്രൂരനായിരുന്നോ എന്റെ മോൻ… അവളെ വേണ്ടായിരുന്നു എങ്കിൽ അമ്മയുടെ അരികിൽ ഏൽപ്പിച്ചിട്ടു പോകാമായിരുന്നില്ലേ അപ്പൂ… ” “അമ്മയുടെ കയ്യിൽ ഞാൻ ഏൽപ്പിച്ചു തന്നതല്ലേ… ”

“എപ്പോൾ… അവൾ മറ്റൊരുത്തന്റെ ഭാര്യയായതിന് ശേഷമോ? ” “അവളെ എന്റെ അരികിൽ എങ്ങനെ നിർത്തണം എന്നെനിക്ക് അറിയാം… ” “എന്തിന്? ” “പിന്നെ എന്റെ ജീവിതം ഇല്ലാതാക്കിയിട്ട് അവൾക്ക് മാത്രം ഒരു ജീവിതം വേണ്ട… എന്റെ കൂടെ ജീവിച്ചാൽ മതി…” “നീ ആകെ മാറിപ്പോയി അപ്പൂ… പണം വന്നപ്പോൾ നിന്റെ വിവേകവും ആർദ്രതയും എല്ലാം നഷ്ടപ്പെട്ടു… പണ്ട് നീ ഇങ്ങനെയൊന്നും അല്ലായിരുന്നു.. മറ്റൊരാളുടെ കണ്ണുനീർ കാണുമ്പോൾ നിനക്ക് നോവുമായിരുന്നു… ഇപ്പോഴും നീ അവളെ സ്നേഹിക്കുന്നില്ല . മനസ്സിലാക്കുന്നില്ല.. അവൾക്ക് ഒരു ജീവിതം കിട്ടരുത് എന്ന ചിന്ത മാത്രമെസ്സി നിന്നിൽ അവശേഷിക്കുന്നുള്ളൂ … ഒരു വിവാഹം കഴിച്ചു നീ എന്തൊക്കെ ചെയ്തു കൂട്ടി അപ്പൂ…

മതിയായില്ലേ നിനക്ക് ? ” “അവളും കുഞ്ഞും എവിടെ? ” “എവിടെയായാലും നിനക്ക് എന്താ? ” “അവൾക്ക് അങ്ങനെ തോന്നിയ പോലെ പോകാൻ ആണെങ്കിൽ എന്റെ കുഞ്ഞിനെ എനിക്ക് തന്നിട്ട് പോകണം… ” “എന്തിന്? ” അമ്മയുടെ ശബ്ദം ഉയർന്നു… “അതെന്റെ കുഞ്ഞാണ് എന്നെനിക്ക് ഉറപ്പുള്ളതു കൊണ്ട്… ” “എന്നിട്ടാണോ അവൾ നിന്നെ തേടി വന്നപ്പോൾ ഒരു ഗർഭിണിയാണെന്ന പരിഗണന പോലും കൊടുക്കാതെ ഇരുന്നത്… ഭർത്താവ് മറ്റൊരു സ്ത്രീയ്ക്ക് സ്വന്തമാണെന്ന് അറിയുമ്പോൾ അവൾ എത്ര വേദനിച്ചു കാണും… നീ കെട്ടിയ താലി അവളുടെ കഴുത്തിൽ കിടന്നിരുന്ന കാലത്തോളം അവൾ നിന്നോട് നീതി പുലർത്തിയിട്ടുണ്ട്… പക്ഷേ നീയോ …

അവൾ താലിമാല പൊട്ടിക്കാൻ നോക്കിയ നിമിഷമെങ്കിലും അവളെ തടഞ്ഞോ… ചെയ്ത തെറ്റുകൾ തിരുത്താം എന്നു പറഞ്ഞോ? ” “ഇപ്പോൾ ഞാൻ ഒരുക്കമാണ്… ” “വൈകിപ്പോയി മോനെ… നീ ഒരുപാട് വൈകിപ്പോയി…” “ഇല്ല… ഈ മുറിവ് ഒന്നുങ്ങിക്കോട്ടെ. ഞാൻ അവളെ കണ്ടു പിടിക്കും… ” “നിന്റെ ഏഞ്ചൽ എവിടെ… അവളെ പോയി കണ്ടു പിടിക്ക്… ” “അമ്മേ… ” അവൻ വീണ്ടും അമർഷത്തോടെ അലറി… “അലറണ്ട.. നീ എന്റെ വയറ്റിൽ പിറന്നു പോയല്ലോ മോനെ… അമ്മയ്ക്കു ഇതൊന്നും ഉൾകൊള്ളാൻ പറ്റുന്നില്ല… ” “നിങ്ങൾക്കൊക്കെ വേണ്ടി തന്നെയാ ഞാൻ…” “ഞങ്ങൾക്ക് വേണ്ടിയാണോടാ നീ ആ പെൺകൊച്ചിനെ കെട്ടി വയറ്റിൽ ഉണ്ടാക്കി കടന്നു കളഞ്ഞത്…

നീ വീടിനു വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്… അതൊന്നും മറന്ന് ആരും ജീവിച്ചിട്ടുമില്ല . പക്ഷേ അതൊക്കെ പറഞ്ഞ് മീരയോടു നീ കാട്ടിയ നെറികേടിനെ ന്യായികരിക്കാൻ ശ്രമിക്കരുത്… ” “അമ്മ അവളെ ആ സന്ദീപിന്റെ തറവാട്ടിൽ കൊണ്ടാക്കിയോ? ” “നീ അവളെ പിടിച്ചു കൊണ്ട് വന്നത് അവളുടെ വീട്ടിൽ നിന്നാ… അവിടെ അവൾക്കൊരു ഭർത്താവുണ്ട്… നിന്റെ മോളെ കാണാതെ നീറുന്ന ഒരു അച്ഛൻ കൂടിയാണ് അവളുടെ ഭർത്താവ്… നിന്റെ കുഞ്ഞാണ് കുഞ്ഞാണ് എന്നു പറയുന്നുണ്ടല്ലോ… അതിനെ കണ്ടപ്പോൾ വാത്സല്യത്തോടെ നീയൊന്നു ചേർത്തു പിടിച്ചോ… പാൽമണം മാറാത്ത ആ കുഞ്ഞിക്കവിളിൽ ഒരു ഉമ്മയെങ്കിലും കൊടുത്തോ… നിന്റെ നെഞ്ചിൽ കിടത്തി താരാട്ട് പാടി ഉറക്കിയോ…

ഏഞ്ചൽ നഷ്ടപ്പെട്ടപ്പോൾ നീ ഇവളെ തേടിച്ചെന്നു… ഇല്ലായിരുന്നെങ്കിൽ എന്റെ പൊന്നുമോൻ പോകുമായിരുന്നോ … ഇല്ലല്ലോ… നീ അവരെ സ്നേഹിച്ചിട്ടില്ല മോനെ… നിനക്ക് സ്നേഹിക്കാൻ അറിയുകയും ഇല്ല… ഈ അമ്മ തോറ്റു പോയി മോനെ… ആ പെൺകുട്ടിയുടെ കണ്ണുനീരിന് മുൻപിൽ എന്റെ മോൻ ചെയ്ത തെറ്റുകൾക്കു മുൻപിൽ അമ്മ തോറ്റു പോയി… ” എന്നും പറഞ്ഞ് അവർ എഴുന്നേറ്റു പോയപ്പോൾ സംഘർഷഭരിതമായ മനസ്സുമായി ഹേമന്ദ് ഇരുന്ന് പുകഞ്ഞു …. *** ദാസ് യാത്ര പറഞ്ഞു പോയപ്പോൾ നന്ദുവിന്റെ മുഖത്തേക്ക് നോക്കാൻ ധൈര്യമില്ലാത്തതു പോലെ സന്ദീപ് മുഖം കുനിച്ചു… “നീ അയാളെ കാണാൻ പോകുന്നുണ്ടോ? ” നന്ദു നിർവികാരതയോടെ തിരക്കി… “ഹ്മ്മ്… പോകണം..

നിനക്ക് അവസാനമായി കാണണോ? ” “വേണ്ട… ഭൂമിയിൽ വെച്ച് ഇനിയൊരു കൂടിക്കാഴ്ച ഇല്ല…” “ആകാശിനെ കണ്ടു കിട്ടിയിട്ടില്ല… ” “ഹ്മ്മ്… ബന്ധങ്ങളേക്കാള്‍ വലുതാണോ ഈ സ്വത്ത്… എന്നെ മകനായി കാണുകയോ സ്നേഹിക്കുകയോ ചെയ്തിട്ടില്ല അയാൾ .. എന്റെ അമ്മയെയും സ്നേഹിച്ചിട്ടില്ല… എന്നിട്ട് സ്നേഹിച്ച മകൻ അയാൾക്ക് കൊടുത്ത പ്രതിഫലം കണ്ടോ…” “ഹ്മ്മ് …” . എനിക്ക് എന്തോ പേടിയാകുന്നു ദീപു .. ” “എന്തിന്? നിനക്ക് ഞങ്ങൾ ഇല്ലേടാ… ” “ഉണ്ട്.. പക്ഷേ … മനസ്സിന്റെ ശക്തി ചോർന്നു പോകുന്നു … അവൻ മീരയെ ഉപദ്രവിച്ചു കാണുമോ?” “അവന്റെ അമ്മയേയും കാണാനില്ല… അവർ അവൾക്കും മോൾക്കും ഒരു തണൽ ആയിക്കാണും എന്നെന്റെ മനസ്സ് പറയുന്നു… ”

“അതെല്ലാം അവന്റെ നാടകം ആണെങ്കിൽ… അവനു അറിയാമായിരിക്കും എല്ലാം… ” “നമുക്ക് അന്വേഷിക്കാം. സ്റ്റേഷനിൽ ഒരു പരാതി കൊടുത്തിടുകയും ചെയ്യാം… പോസ്റ്റ്മോർട്ടം കഴിഞ്ഞു കൊണ്ടു വരാൻ സമയമായിക്കാണും… ഞങ്ങൾ ഒന്നു പോയിട്ട് വരാം.. ” നന്ദു തലയാട്ടി… ** അച്ഛന്റെ മുൻപിൽ വിങ്ങിപ്പൊട്ടിക്കരയുന്ന യമുനയെ കാവേരി അലിവോടെ നോക്കി… യമുനയുടെയും മീരയുടെയും ജീവിതത്തിൽ വന്ന തകർച്ചയോർത്ത് സുദേവന്റെ ഉള്ളം പിടഞ്ഞു. അനിതയും ആകെ തളർന്നിരുന്നു… “സൂരജ് എവിടെ? ” അച്ഛൻ തിരക്കി… “പോയി… ഒരു ടാക്സിയിൽ പറഞ്ഞയച്ചു… ” “മോൾക്ക് ഇനി അവനെ വേണോ? ” “വേണ്ട… ” “എന്തെങ്കിലും ജോലി എടുത്തിട്ടായാലും എന്റെ കുഞ്ഞിനെ ഞാൻ വളർത്തിക്കോളാം…

എന്റെ അനിയത്തിയെ പോലും മറ്റൊരു കണ്ണോടെ കണ്ട അയാളെ എനിക്കിനി വേണ്ട. നമ്മുടെ വീടിന്റെ ആധാരം അതു മാത്രമേ ഞാൻ ആവശ്യപ്പെട്ടുള്ളൂ… അതു വേണം എനിക്ക്… ഞാൻ കാരണം ഇനി നമ്മുടെ വീട് കൂടെ നഷ്ടപ്പെടണ്ടല്ലോ… ” യമുന കാവേരിയുടെ അരികിലേക്ക് ചെന്നു .. “ചേച്ചി ഒരു മൂഢ സ്വർഗത്തിൽ ആയിരുന്നു മോളെ… പലതും തിരിച്ചറിയാൻ പറ്റിയില്ല… നീ എന്നോടു കള്ളം പറഞ്ഞതാണെന്ന് വിശ്വസിച്ചു പോയി… അയാളെ കൂടുതൽ വിശ്വസിച്ചതു കൊണ്ടാകാം… ചേച്ചിയോട് ക്ഷമിക്കില്ലേ? ” “ഹ്മ്മ് … അയാളോട് എനിക്ക് വെറുപ്പും പകയും എല്ലാമുണ്ട്.. പക്ഷേ എന്റെ അച്ഛനെ തിരിച്ചറിയാൻ എനിക്ക് അയാൾ വേണ്ടി വന്നു… നമുക്ക് വേണ്ടി ജീവിക്കുകയായിരുന്ന അച്ഛനെ നമ്മൾ ഒരുപാട് വേദനിപ്പിച്ചു ചേച്ചി…

ഒരു വേലക്കാരിയെ പോലെ നമ്മുടെ വീട്ടിൽ നിന്ന മീരേച്ചിയെ ഒരുപാട് സങ്കടപ്പെടുത്തി…. എല്ലാത്തിനും ദൈവം തന്ന ശിക്ഷയാകും ഈ പരീക്ഷണങ്ങൾ…. ” “അവളെ അയാളും ഹേമന്ദും കൂടെ ചതിച്ചതാ മോളെ…. ആ വിവാഹം പോലും ഒരു ചതിയായിരുന്നു… ” അനിത എല്ലാം കേട്ടു തല കുനിച്ചു നിന്നു… “നിനക്ക് ഇപ്പോൾ ഒന്നും പറയാനില്ലേ…” ഭർത്താവിന്റെ ചോദ്യം കേട്ടിട്ടും അനിത നിശബ്ദയായി… “എന്നും എന്റെ വായ അടപ്പിക്കാൻ ആയിരുന്നല്ലോ നിനക്ക് ധൃതി… അച്ഛനും അമ്മയും ഇല്ലാത്ത ഒരു പെൺകുട്ടിയ്ക്ക് എതിരെ നീയും നമ്മുടെ മക്കളും കൂടെ ചെയ്തു കൂട്ടിയതിന് ഇങ്ങനെയെങ്കിലും ഒരു ശിക്ഷ വേണ്ടേ.. വേണം… അതെല്ലാം കണ്ടിട്ടും പ്രതികരിക്കേണ്ട വിധത്തിൽ പ്രതികരിക്കാതെ ഇരുന്ന ഞാനും ശിക്ഷിക്കപ്പെടേണ്ടവൻ തന്നെയാണ്…

എന്നെങ്കിലും എന്റെ മീര മോളെ കണ്ടാൽ അവളോട് മാപ്പിരക്കണം എനിക്ക്… ” “എനിക്കും… ഞാൻ വലിയൊരു തെറ്റായിരുന്നു … ” എന്നും പറഞ്ഞ് അനിത മുഖം പൊത്തിക്കരഞ്ഞു…. ** മുരളിയുടെ അന്ത്യകർമ്മങ്ങൾ കഴിഞ്ഞതിന് പിന്നാലെ ആകാശിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു… ശത്രുക്കൾ ഒഴിഞ്ഞു പോയെന്ന് ചിന്തിക്കാൻ പോലും നന്ദുവിന് മനസ്സ് വന്നില്ല… ഇങ്ങനെയൊക്കെ കാണിച്ചു കൂട്ടിയിട്ട് ഇവർ എന്താണ് നേടിയത് എന്ന ചിന്ത മനസ്സിൽ നിറഞ്ഞു… വെട്ടിപ്പിടിച്ചതും വെട്ടിപ്പിടിക്കാൻ ശ്രമിച്ചതും എല്ലാം ഉപേക്ഷിച്ചു ജന്മം തന്നവൻ യാത്രയായപ്പോൾ അതിനു കാരണക്കാരൻ ആയത് സ്വന്തം രക്തം തന്നെയായി പോയല്ലോ എന്നതു മാത്രം അവനെ അലട്ടി…

നന്ദുവിന് മീരയെ കാണാൻ തോന്നി… അവളുടെ തലോടലേറ്റ് അവളുടെ നെഞ്ചിൽ തലചായ്ച്ച് തന്റെ എരിയുന്ന മനസ്സിലെ ഭാരമെല്ലാം മായ്ച്ചു കളയാൻ തോന്നി… പെട്ടെന്ന് ഫോൺ റിംഗ് ചെയ്തു… കൈ എത്തിച്ചു ഫോൺ എടുത്തപ്പോൾ പരിചയമില്ലാത്ത നമ്പർ ആയിരുന്നു… എന്നാലും ആരായിരിക്കും ഈ രാത്രിയിൽ എന്ന ചിന്തയോടെ കാൾ എടുത്തു… ഹലോ പറഞ്ഞിട്ടും അങ്ങേ തലയ്ക്കൽ നിന്നും പ്രതികരണം ഒന്നും ഇല്ലായിരുന്നു… “ഹലോ… ” അവൻ വീണ്ടും പറഞ്ഞു… “നന്ദേട്ടാ… ” മീരയുടെ ശബ്ദം അവന്റെ കാതിൽ വന്നു പതിച്ചു… “മീരാ…. ” നന്ദുവിൽ നിന്നും വിങ്ങലോടെ ഒരു വിളി പുറത്തേക്കു വന്നു…….. തുടരും ©അനുരാധ സനൽ ❤

സമാഗമം: ഭാഗം 27

Share this story