അമ്മുക്കുട്ടി: ഭാഗം 15

അമ്മുക്കുട്ടി: ഭാഗം 15

എഴുത്തുകാരി: റിയ ഡാനിയേൽ പാലക്കുന്നിൽ

പിറ്റേന്ന് ക്ലാസ്സിൽ വന്നതും അമ്മു ആദ്യം ശ്രദ്ധിച്ചത് വീണയെ ആണ്. പതിവിലും സന്തോഷത്തോടെ ഉത്സാഹത്തോടെ അവൾ ക്ലാസ്സിലിരുന്ന് കൂട്ടുകാരികളോട് വർത്തമാനം പറയുകയാണ്. അമ്മുവിനെ കണ്ടതും അവളുടെ മുഖത്തു സന്തോഷം മാറി പുച്ഛം വിരിഞ്ഞു. കൂട്ടുകാരികളോട് എന്തൊക്കെയോ ശബ്ദം താഴ്ത്തി സംസാരിക്കുന്നുണ്ട്. അവരും അമ്മുവിനെ തന്നെ നോക്കിയതും അവൾക്ക് എന്തോ അസ്വസ്ഥത തോന്നി . താൻ ട്യൂഷനു പോകുന്നതും മറ്റും ആകും അവർ പറയുന്നതെന്ന് അവൾക്ക് തോന്നി. ” അപ്പൊ ഇന്ന് മുതൽ ഈ പിശാശും ഉണ്ടല്ലേ നിന്റെ കൂടെ… ” രേഷ്മ ചോദിച്ചതും അമ്മു മറുപടി ഒരു മൂളലിൽ ഒതുക്കി. ” അവൾക്ക് സൗകര്യം ആയല്ലോ….

അഭി സാറിനെ എങ്ങനെയെങ്കിലും വളയ്ക്കും എന്ന് ശപഥം ചെയ്ത് ഇരിക്കുവല്ലേ… ” രേഷ്മ പറഞ്ഞു അമ്മു ബാഗ് എടുത്തു ഡെസ്കിൽ വെച്ചിട്ട് ബെഞ്ചിലേക്ക് ചാരി ഇരുന്നു ” അവള് വളയ്ക്കട്ടെ…. വളയ്ച്ചു ഒടിക്കട്ടെ… അല്ലേടി അമ്മു…. ” മാളു അവളെ നോക്കി ചോദിച്ചു. ” തേങ്ങാക്കൊല…. അവള് വളയ്ക്കാനും ഒടിയ്ക്കാനും ഒന്നും പോണില്ല…. ” അമ്മു ഡെസ്കിൽ ഇടിച്ചു കൊണ്ട് പറഞ്ഞു. ” അതിന് നീയെന്തിനാ ദേഷ്യപ്പെടുന്നേ… ” അവര് രണ്ടും അമ്പരന്ന് നോക്കി. ” എനിക്കെന്ത് ദേഷ്യം… ഞാൻ എന്തിനാ ദേഷ്യപ്പെടുന്നേ…. ” അവൾ കെറുവിച്ചു. ” നീ എന്താടി അമ്മു ഇങ്ങനെ.. ” ” എങ്ങനെ ” ” നീയല്ലേ ഇന്നാളൊരിക്കൽ പറഞ്ഞത് വീണ അഭി സാറിനെ കെട്ടിക്കോട്ടെ…. അതിലും വലിയ ശിക്ഷ ഒന്നും അയാൾക്ക് കിട്ടാൻ ഇല്ലെന്ന്… നീയും അഭി സാറിനോട് പ്രതികാരം ചെയ്യാൻ നടക്കുവല്ലേ..

അപ്പൊ പിന്നെ ഇതല്ലേ നല്ല അവസരം….. ട്യൂഷൻ പഠിച്ചും പഠിപ്പിച്ചും അവരങ് ഒന്നാകട്ടെ എന്നെ….. എന്നിട്ട് വീണ പിശാശിനെ കെട്ടി നിന്റെ ചെകുത്താൻ സാർ അനുഭവിക്കട്ടെ… അല്ല പിന്നെ…. ” മാളു പറഞ്ഞു. ” അതെ… അതാണല്ലോ അതിന്റ ശെരി….. അവര് അങ്ങ് ഒന്നാകട്ടെടി… ചെകുത്താനും പിശാശും തമ്മിൽ ചേർന്നോളും…. ” രേഷ്മയും മാളു പറഞ്ഞത് ശെരി വെച്ചു. അമ്മു അവർ പറഞ്ഞത് കേട്ടു മിണ്ടാതെ ഇരുന്നു.. അവളുടെ ഉള്ളിൽ ദേഷ്യം അലയടിക്കുന്നുണ്ടായിരുന്നു. പക്ഷെ അതിന്റെ റീസൺ എന്താണെന്നു മാത്രം പാവത്തിന് മനസിലായില്ല. ” ശെരിയാണ്…. ചെകുത്താനോട് എനിക്ക് ദേഷ്യം ഉണ്ട്… അങ്ങേർക്ക് ഇട്ടു ഒരു പണി കൊടുക്കണം എന്നും ഉണ്ട്… പക്ഷെ……

അതിനു വീണയെ കരുവാക്കാൻ എനിക്ക് ഇഷ്ടമില്ല… അവൾ അങ്ങേരെ വായി നോക്കുന്നതും അയാളെ വളയ്ക്കാൻ ശ്രമിക്കുന്നതും എനിക്ക് ഇഷ്ടമല്ല…” അമ്മു പറഞ്ഞു. ” അതെന്താ…. ” ” അത്…… ഞാൻ പഠിക്കാൻ പോകുന്ന ഇടത്തേക്ക് വന്ന് അവൾ അങ്ങനെ അയാളെ വളയ്ക്കേണ്ട…. അതെനിക്ക് ഇഷ്ടം ഇല്ല….. എനിക്ക് ഒരുപാട് പഠിക്കാൻ ഉള്ളതാ….. ഇവർ തമ്മിൽ പ്രേമിച്ചോണ്ട് ഇരുന്നാൽ എന്നെ ആര് പഠിപ്പിക്കും…. ” അമ്മു ചോദിച്ചു. ” ഓഹോ…. പഠിക്കാൻ ഉള്ള ആക്രാന്തം ആണോ എന്റെ കുഞ്ഞിന്…. ” രേഷ്മ അവളുടെ താടി തുമ്പിൽ പിടിച്ചോണ്ട് ചോദിച്ചു. ” അതെ….. ഞാൻ പഠിക്കാനാ പോകുന്നത്…. അതിന്റെ ഇടയിൽ ഇങ്ങനെ ഉള്ള പരിപാടി ഒന്നും വേണ്ട… അതെനിക്ക് ഇഷ്ടം അല്ല….. ” അമ്മു പറഞ്ഞു. ” നല്ല കുശുമ്പ് ഉണ്ടല്ലേ ഉള്ളിൽ… ” മാളു ചോദിച്ചു ” ആരോട്…. ” ” വീണ പഠിക്കാൻ വരുന്നതിൽ….

അഭി സാർ അവളെ പഠിപ്പിക്കുന്നതിൽ…. ” ” പിന്നെ….. ഞാൻ എന്തിനാ കുശുമ്പ് എടുക്കുന്നെ…… അവർ പഠിക്കുകയോ പഠിപ്പിക്കുകയോ എന്തേലും ചെയ്യട്ടെ…. ” അമ്മു മുഖം തിരിച്ചു. ” പിന്നെ നിനക്കെന്താ ഇരുപ്പ് ഉറയ്ക്കാത്തത്…. അവൾ അവിടെ വരുന്നതിൽ നിനക്ക് ഒരു കുഴപ്പവും ഇല്ലെങ്കിൽ എന്തിനാ ഇങ്ങനെ കിടന്ന് പിടയ്ക്കുന്നേ… ” രേഷ്മ ചോദിച്ചു ” അതല്ലേ പറഞ്ഞത്….. എനിക്ക് പഠിക്കണം ന്ന്….. അതിന്റെ ഇടെല് അവൾടെ ഓഞ്ഞ പ്രേമം കൊണ്ട് വരേണ്ട…… ” അമ്മു മുഖം ചുളിച്ചു. ” നീ അവളെ ഓടിച്ചു വിടാൻ നോക്ക്… ” ” എങ്ങനെ ഓടിക്കാൻ… ” അമ്മു നേരെ ഇരുന്നു. ” അതിപ്പോ എങ്ങനെയാ ഞങ്ങൾ പറയുന്നേ.. നിനക്കല്ലേ അവരുടെ വീട്ടിലെ എല്ലാരുടേം സ്വഭാവം അറിയുള്ളു…

അതൊക്കെ വെച്ച് നീ തന്നെ ഒരു പ്ലാൻ ഉണ്ടാക്ക്… എന്നിട്ട് എങ്ങനേലും അവളെ അവിടുന്ന് ഓടിച്ചു വിട്… ” ” ഓ… അതൊന്നും അത്ര എളുപ്പം അല്ലടി…. അവള് വന്നപ്പോഴേ വീട്ടുകാരെ എല്ലാം കയ്യിൽ എടുത്തു വെച്ചേക്കുവാ….. രേണു ആന്റിയെ അമ്മേ എന്നൊക്കെയാ വിളിക്കുന്നെ… മാത്രമല്ല ഇന്നലെ വന്നിട്ട് അടുക്കളയിൽ ഒക്കെ കേറി ചായ ഇടുകയും ചെയ്തു…. ” ” ആഹാ…. മിടുക്കി ആണല്ലോ…. അവൾ അപ്പൊ സീരിയസ് ആയിട്ടാണ് അല്ലെ ഇതിന് ഇറങ്ങി തിരിച്ചേക്കുന്നത്…. ” രേഷ്മ പറഞ്ഞു. ” പിന്നെ…. ഇത് ഓവർ മിടുക്ക് ആണ്.. അവളുടെ ഒരു ഒലിപ്പീരും മറ്റും കാണണമായിരുന്നു… ” അമ്മു ചുണ്ടുകൾ പുറത്തേക്ക് ഉന്തി. ” വീട്ടുകാരെ കയ്യിലെടുത്തു വെച്ചേക്കുന്ന സ്ഥിതിക്ക് അത് ബുദ്ധിമുട്ട് ആണ്.. എങ്കിൽ അഭി സർ തന്നെ അവളെ പറഞ്ഞു വിടേണ്ടി വരും…. ”

” അതെങ്ങനെ…. ” അമ്മു ചോദിച്ചു ” അതൊക്കെ അഭി സാറിനു തോന്നണം…. അല്ല പിന്നെ…. ” മാളു പറഞ്ഞു. ” ശോ….. ഈ പാര വന്നത് കാരണം എന്റെ പ്ലാൻ പൊളിയുമല്ലോ കൃഷ്ണാ…. ” ആത്മഗതം അല്പം ഉച്ചത്തിൽ ആയി പോയി എന്നുള്ളത് മാളുവും രേഷുവും തുറിച്ചു നോക്കുന്നത് കണ്ടപ്പോഴാണ് അവൾക്ക് മനസിലായത്. ” എന്ത് പ്ലാൻ….. ” അവർ രണ്ടും ഒരേ സ്വരത്തിൽ ചോദിച്ചു. ” പഠിക്കാൻ ഉള്ള പ്ലാൻ… ” അമ്മു നിസാരമായി പറഞ്ഞു. ” മോളെ…. വേണ്ട…. വീണിടത്തു കിടന്നു ഉരുളണ്ട….. മര്യാദയ്ക്ക് പറഞ്ഞോ കാര്യങ്ങൾ….. ” രേഷ്മ അവളുടെ കയ്യിൽ പിടുത്തം ഇട്ടു. ഇനിയും മറച്ചു വെച്ചിട്ട് കാര്യമില്ല എന്ന് തോന്നിയത് കൊണ്ട് അമ്മു എല്ലാം കൂട്ടുകാരികളോട് തുറന്നു പറഞ്ഞു.

അഭി അവളെ എടുത്തതും, ഉമ്മ വേണമെന്ന് പറഞ്ഞതും, ഇനി അവന് തന്നോട് പ്രേമം ഉണ്ടോന്ന് കണ്ടു പിടിക്കാൻ ആണ് തന്റെ പ്ലാൻ എന്നുമൊക്കെ അമ്മു തുറന്നു പറഞ്ഞു. എല്ലാം കേട്ടതും മാളുവും രേഷുവും പരസ്പരം നോക്കി ഇരുന്നു. ” ഡി… അമ്മു….. നിന്നെ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയത് അല്ലെന്ന് ഞങ്ങൾ നേരത്തെ പറഞ്ഞതല്ലേ….. നിനക്ക് ഉണ്ടാകുന്ന ചെറിയ മാറ്റം പോലും ഞങ്ങൾക്ക് മനസിലാകും മോളെ….. നീ എന്തോ ഞങ്ങളോട് മറയ്ക്കുന്നു എന്നും മറ്റും ഞങ്ങൾക്ക് അറിയാമായിരുന്നു…. അത് നിന്റെ തിരുനാവിൽ നിന്ന് തന്നെ കേൾക്കാൻ ഉള്ള കൊതി കൊണ്ടാണ് ഞങ്ങളായിട്ട് ഒന്നും ചോദിക്കാതെ ഇരുന്നത്… മനസിലായോടി ബുദൂസെ… ” രേഷ്മ അവളുടെ ചെവിയിൽ പിടിച്ചോണ്ട് ചോദിച്ചു.

മറുപടിയായി അമ്മു ഇളിച്ചു കാണിച്ചു. ” അല്ല….. അയാൾക്ക് നിന്നൊട് പ്രേമം ആണോന്ന് എന്തിനാ നീ കണ്ടു പിടിക്കുന്നെ…. ” മാളു ചോദിച്ചു. ” അതെന്താ… എനിക്ക് അറിയേണ്ടേ…. ഇങ്ങനെ ഒക്കെ എന്നോട് പേരുമാറണം എങ്കിൽ അയാൾക്ക് എന്തോ പ്രത്യേക താല്പര്യം ഇല്ലേ എന്നോട്…. ” അമ്മു ചോദിച്ചു ” അതൊക്കെ അവിടെ നിക്കട്ടെ.. ഇത് കണ്ടുപിടിച്ചിട്ട് എന്താ നിന്റെ പ്ലാൻ… ” രേഷ്മ ചോദിച്ചു. ” എന്ത് പ്ലാൻ…..നീയൊക്കെ പറയുന്നത് പോലെ അങ്ങേർക്ക് എന്നോട് പ്രേമം ആണോന്ന് അറിയണം… അത്രേ ഉള്ളു ” അമ്മു പറഞ്ഞു. ” ok…. ഇനിയിപ്പോ സാറിനു നിന്നോട് പ്രേമം ആണെന്ന് തന്നെ നീ കണ്ടുപിടിച്ചെന്ന് വെക്കുക….. എന്നിട്ടോ….. എന്നിട്ടെന്തു ചെയ്യും നീ… ” രേഷ്മ ചോദിച്ചു ” അത്…… ”

അമ്മു ഉത്തരം കിട്ടാതെ ഉഴറി. സത്യത്തിൽ അതിനെക്കുറിച്ചു ഒന്നും അവൾ ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. അഭിയ്ക്ക് അവളോട് പ്രേമം ഉണ്ടോന്ന് അറിയണം. അത്ര മാത്രമേ അവളുടെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ.. ” ഉത്തരം പറ…സാറിനു നിന്നോട് പ്രേമം ആണെന്ന് നീ കണ്ടെത്തിയാൽ എന്ത് ചെയ്യും….. തിരിച്ചും പ്രേമിക്കുമോ…..????ഈ പ്രേമം ഒന്നും എനിക്ക് ശെരി ആകില്ല…. പ്രേമിക്കാനും എന്നെ കിട്ടില്ല…. അച്ഛനും മുത്തശ്ശിയും കണ്ടെത്തുന്ന ആളെ മാത്രമേ കല്യാണം കഴിക്കൂ….എന്നൊക്കെ വീറോടെ പറയുന്നവൾ അല്ലെ നീ… ” മാളു പറഞ്ഞത് ശെരിയാണെന്ന് അമ്മുവിന് തോന്നി. ” പ്രേമിക്കാനൊന്നും എന്നെ കിട്ടില്ല.. അതിനൊക്കെ വേറെ ആരേലും നോക്കിയാൽ മതിയെന്ന് ” കൂട്ടുകാരോട് പല വട്ടം വമ്പ് പറഞ്ഞിട്ടുള്ളവൾ ആണ് താൻ… എന്നിട്ടാണ് അഭിയ്ക്ക് തന്നോട് പ്രേമം ഉണ്ടോന്ന് കണ്ടുപിടിക്കാൻ നടക്കുന്നത്. “ശേ….. എനിക്കിത് എന്താ പറ്റിയത്….

ഞാൻ എന്താ ഇങ്ങനെ….. ഈ ചെകുത്താനെക്കാൾ വലിയ കൊലകൊമ്പൻമാർ വന്നു പ്രൊപ്പോസ് ചെയ്യാൻ നോക്കിയിട്ടും മൈൻഡ് ആകിയിട്ടില്ല ഇത് വരെ…. എന്നിട്ടാണ് എന്നെ തല്ലിയ ഇങ്ങേർക്ക് എന്നോട് പ്രേമം ഉണ്ടോന്ന് കണ്ടെത്താൻ നടക്കുന്നത്….” അമ്മുവിന് ഉള്ളിൽ ചെറിയൊരു ജാള്യത തോന്നി. ” വേണ്ട….. ഞാൻ എന്തിനാ ഇതൊക്കെ അറിയുന്നേ…. അയാൾക്ക് എന്ത് വേണേൽ ആകട്ടെ…. എനിക്കൊന്നും അറിയേണ്ട…. അറിയാൻ ശ്രമിക്കുന്നും ഇല്ല ഞാൻ… ” അമ്മു മനസ്സിൽ തീരുമാനം എടുത്തു. 🔷🔷🔷

വൈകിട്ട് അഞ്ചരയോടെ അമ്മു ട്യൂഷനായി അഭിയുടെ വീട്ടിലേക്ക് ചെന്നു. അവൾ എത്തിയപ്പോൾ വീണ അവിടെ ഉണ്ട്. ” ഇവളെന്താ ഇത്ര നേരത്തെ…കോളേജിൽ നിന്ന് നേരെ ഇങ്ങോട്ടേക്കു ആണോ വന്നത്.. ” അമ്മു മനസിലോർത്തു. ” ആ… അടുത്ത ആളും വന്നല്ലോ… ” അർജുൻ പറഞ്ഞു. അമ്മു പുഞ്ചിരിച്ചു. ” അഭി പുറത്തേക്ക് പോയതാ… ഇപ്പൊ വരും… ” അവൻ പറഞ്ഞു. അമ്മു അഭിയുടെ മുറിയിലേക്ക് പോകാനായി സ്റ്റെയറിലേക്ക് കയറിയതും വീണയും അവളോടൊപ്പം ചെന്നു. അമ്മുവിന് മുൻപായി വാതിൽ തുറന്ന് അകത്തേക്ക് കയറി. ” ഇവൾ ഇതെങ്ങോട്ടാ ഇടിച്ചു കയറുന്നത്… ” അമ്മു അവളെ നോക്കി. മുറിയിലാകമാനം കണ്ണോടിച്ച ശേഷം വീണ അഭിയുടെ കട്ടിലിലേക്ക് കയറി ഇരുന്നു. ”

ഇവിടെ ഇരുന്നാ പഠിക്കാറുള്ളത്. ” അമ്മു മേശമേൽ ബുക്സ് വെച്ച ശേഷം കസേരയിലേക്ക് ഇരുന്നു കൊണ്ട് പറഞ്ഞു. ” ഞാൻ എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിച്ചോളാം.. ” വീണയുടെ എടുത്തടിച്ച പോലുള്ള വർത്താനം കേട്ടതും അമ്മുവിന് ദേഷ്യം വന്നു. ” എവിടെ വേണേലും ഇരുന്നോ.. എനിക്കെന്താ… ” അമ്മു ചുണ്ട് കോട്ടി. വീണ എഴുന്നേറ്റു മുറിയിലാകെ നടന്നു. കർട്ടൻ നീക്കി പുറത്തേക്ക് ഒക്കെ നോക്കി. പിന്നെ ബാൽക്കണിയിലേക്ക് ഇറങ്ങി അവിടെ ആകെ ചുറ്റി നടന്നു. വീണ്ടും അകത്തേക്ക് കയറി. അവന്റെ മുറിയോട് ചേർത്ത് ഒരു ചെറിയ റൂം ഉണ്ടായിരുന്നു. സ്റ്റോർ റൂം പോലെ എന്തോ ആണെന്നാണ് അമ്മു കരുതിയിരുന്നത്. വീണ അത് പിടിച്ചു തുറക്കാൻ നോക്കി. പക്ഷെ അത് പുറത്തു നിന്ന് ലോക്ക്ഡ് ആയിരുന്നു. വീണ വീണ്ടും മുറിയിലൂടെ കണ്ണോടിച്ചു.

കബോർഡിന് അടുത്ത് ചെന്ന് ബുക്സ് ഒക്കെ എടുത്തു മറിച്ചു നോക്കി. ഓരോ സാധനങ്ങളും തൊട്ടും, നോക്കിയും അവളെ അങ്ങനെ നടന്നു. വീണയുടെ ഓവർ അധികാരം കാണുന്നതും അമ്മുവിന് ചൊറിഞ്ഞു കയറി വരുന്നുണ്ടായിരുന്നു. ” വന്നിട്ട് ഒരു ദിവസം ആയതേ ഉള്ളു…കെട്ടിലമ്മ ആണെന്നാ വിചാരം…” അമ്മു പിറുപിറുത്തു. ” എന്താ…. ” വീണ പുരികം ഉയർത്തി ചോദിച്ചു. ” ഇന്ന് ചായ ഒന്നും ഇടുന്നില്ലെന്ന് ചോദിച്ചതാ… ” അമ്മു പറഞ്ഞു ” നിനക്ക് ചായ ഇട്ടു തരാൻ ഞാൻ ആരാ നിന്റെ സെർവന്റോ…. ” വീണ ചോദിച്ചു. ” അപ്പോൾ നീ ഇവിടുത്തെ സെർവന്റ്റ് ആയത് കൊണ്ടാണോ ഇന്നലെ ഇവിടെ എല്ലാർക്കും ഇട്ടു കൊടുത്തത്… ” അമ്മു തിരിച്ചടിച്ചു. ”

എനിക്ക് ഇഷ്ടം ഉള്ളവർക്ക് ഞാൻ ചായ ഇട്ടു കൊടുക്കും… അതൊന്നും നിന്നോട് ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല… ” വീണ കട്ടിലിലേക്ക് കയറി ഇരുന്നു കൊണ്ട് പറഞ്ഞു. അപ്പോഴാണ് അഭിജിത്ത് അകത്തേക്ക് കയറി വന്നത്. ഉടനെ തന്നെ വീണ എഴുന്നേറ്റ് നിന്നു. ” ഗുഡ് ഈവെനിംഗ് സാർ.. ” അവൾ വിഷ് ചെയ്തു. ” ഗുഡ് ഈവെനിംഗ് വീണ… ” അവൻ പറഞ്ഞു അഭി അമ്മുവിനെ നോക്കി. അവൾ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു. ” ഗുഡ് ഈവെനിംഗ്… ” അമ്മുവും പറഞ്ഞു. ” മ്മ്…. രണ്ട് പേരും ഇവിടെ വന്നിരിക്ക്… ” അവൻ കസേര നീക്കിയിട്ട് കൊണ്ട് പറഞ്ഞു. ” അതെന്താ എനിക്ക് ഗുഡ് ഈവെനിംഗ് ഇല്ലാത്തത്….. വീണയ്ക്ക് മാത്രേ ഉള്ളോ…. ” അമ്മു സംശയിച്ചു. കസേര നീക്കി ഇട്ടുകൊണ്ട് അഭിയ്ക്ക് ഇടത്തും വലത്തും ആയിട്ട് രണ്ടു പേരും ഇരുന്നു. ”

സാർ…. ഇന്ന് പഠിപ്പിച്ച ആ കണക്ക് ഒന്നുടെ പറയാമോ…. ” വീണ ബുക്സ് എടുത്തു കൊണ്ട് ചോദിച്ചു. ” പറയാം… ആദ്യം അമേയയുടെ നോക്കട്ടെ.. ” അവന്റെ മറുപടി കേട്ടതും വീണയുടെ മുഖം മങ്ങി. അമ്മു ബുക്സ് കൊടുത്തതും അഭി അത് വാങ്ങി ചെക്ക് ചെയ്യാൻ തുടങ്ങി. ” ഇതെന്താ അമേയ…മിസ്റ്റേക്ക് ഉണ്ടല്ലോ… ” ” എവിടെ…. ” അവൾ തല നീട്ടി നോക്കി. ” ദേ…. എത്ര തവണ തന്നോട് ഞാൻ പറഞ്ഞു തന്നതാ.. സെയിം മിസ്റ്റേക്ക് വീണ്ടും ആവർത്തിച്ചിരിക്കുന്നു.. ” അഭി അല്പം ദേഷ്യത്തോടെ പറഞ്ഞു. ” സോറി സർ…. ഞാൻ ഇനി ശ്രദ്ധിച്ചോളാം… ” അമ്മു പറഞ്ഞു ” ഇതിപ്പോ കുറെ ആയി….. ഇനിയും വരാതെ സൂക്ഷിച്ചാൽ തനിക്ക് കൊള്ളാം… ” അവൻ പറഞ്ഞു. അമ്മു തലയാട്ടി. അവൾ വീണയെ നോക്കിയതും അവൾ ഒരു പരിഹാസചുവയോടെ അമ്മുവിനെ നോക്കി.

അമ്മു പുരികം ഉയർത്തി എന്തെന്ന ഭാവത്തിൽ അവളെ നോക്കി. ” താൻ ഒരു കാര്യം ചെയ്…. ഈ പ്രോബ്ലം ഒന്നുകൂടി ചെയ്തു നോക്ക്… ” അഭിജിത്ത് അവളോട് പറഞ്ഞു. ” മ്മ്… ശെരി സാർ… ” അവൾ ബുക്ക്‌ വാങ്ങി ആ കണക്ക് ഒന്നുടെ ചെയ്യാൻ ആരംഭിച്ചു. ” ആ… തനിക്ക് എന്തായിരുന്നു ഡൌട്ട്… ” അഭിജിത്ത് വീണയ്ക്ക് നേരെ നോക്കി ചോദിച്ചു. ” ദേ… ഇതാണ് സർ… ” വീണ പറഞ്ഞു. ” ഇത് സിമ്പിൾ ആണല്ലോടോ…. ദേ ഇത്രേ ഉള്ളു കാൽക്യൂലേഷൻ… ” അവൻ കാൽകുലേട്ടർ എടുത്തു ചെയ്തു കാണിച്ചു കൊണ്ട് പറഞ്ഞു. ” ആഹാ… ഇങ്ങനെ ആണല്ലേ….. ” വീണ ചിരിച്ചു. ” എന്തെ… പഠിക്കാൻ താനും ഉഴപ്പി തുടങ്ങിയോ…. നിസ്സാര കാര്യങ്ങൾക്ക് ഒക്കെ ഡൌട്ട്സ് ആണല്ലോ…. ” അഭി ചിരിച്ചു. വീണയും ചിരിച്ചു. ”

സാർ പറഞ്ഞു തരുമ്പോൾ പെട്ടന്ന് മനസിലാകുന്നുണ്ട്… ” അവൾ പറഞ്ഞു. അമ്മു പ്രോബ്ലം ചെയ്തു നോക്കുമ്പോഴും വീണയും അഭിയും തമ്മിൽ സംസാരിച്ചു ചിരിച്ചു ഇരിക്കുകയാണ്. അമ്മുവിന് എന്തെന്നില്ലാത്ത ദേഷ്യം തോന്നി. ” നാശകോടാലികൾ….. ഇവർക്ക് ചിരിക്കാനും കളിക്കാനും വേറെ എവിടേലും പോയി ഇരുന്നൂടെ….. വെറുതെ മനുഷ്യന്റെ കോൺസെൻട്രേഷൻ കളയാൻ ആയിട്ട്…. ” അവൾ പിറുപിറുത്തു. ” എന്താ…,” അഭിജിത് ചോദിച്ചു ” സൗണ്ട് ഇത്തിരി കൂടുതലാ… ” അമ്മു പറഞ്ഞു. വീണയുടെ മുഖം പെട്ടന്ന് മാറി. ” പഠിക്കണം എന്നുള്ളവർ എത്ര ശബ്ദം കേട്ടാലും, എത്ര നോയ്‌സ് വന്നാലും പഠിച്ചോളും….

അല്ലാതെ ഇങ്ങനെ കംപ്ലയിന്റ് ചെയ്യില്ല…. അങ്ങനെ കംപ്ലയിന്റ് ചെയുന്നുണ്ടെങ്കിൽ അതിന്റെ അർത്ഥം അവർക്ക് പഠിക്കാൻ താല്പര്യം ഇല്ലന്നാണ്…… അല്ലെ സാർ… ” വീണ മധുരം പുരട്ടി അഭിയോട് ചോദിച്ചു അവൻ ഒന്നും പറയാതെ അമ്മുവിനെ നോക്കി. ” ഇത് ചെയ്തു കഴിഞ്ഞോ… ” ” ആം… ചെയ്തു…. ” അവൾ ബുക്ക്‌ കാണിച്ചു. ” ഇതിൽ വീണ്ടും മിസ്റ്റേക്ക് ഉണ്ടല്ലോ…..” അഭിയുടെ മുഖം മാറി ” എങ്ങനെ വരാതെ ഇരിക്കും…. കോൺസെൻട്രേഷൻ ഉണ്ടെങ്കിൽ അല്ലെ ചെയ്യാൻ പറ്റൂ…. അവൾ നമ്മൾ സംസാരിക്കുന്നത് ശ്രദ്ധിച്ചാണ് ഇരിക്കുന്നത്… പിന്നെങ്ങനെ തെറ്റ് വരാതെ ഇരിക്കും… ” വീണ പറഞ്ഞു. അവളുടെ ഭരണം കാണവേ അമ്മുവിന്റെ പെരുവിരൽ മുതൽ ദേഷ്യം അരിച്ചു കയറി. ” അത് വീണ അല്ല പറയേണ്ടത്….

സാർ പറഞ്ഞോളും… ” അമ്മു അല്പം കടുപ്പിച്ചു പറഞ്ഞു. ” ഇത് കോൺസെൻട്രേഷൻ ഇല്ലാത്തത് തന്നെയാ…. ഇന്നലെ കുറെ തവണ പറഞ്ഞു തന്നു…. ദേ ഇപ്പൊ കൂടി പറഞ്ഞതെ ഉള്ളു…. എന്നിട്ടും തെറ്റിച്ചു എങ്കിൽ അത് ശ്രദ്ധക്കുറവ് തന്നെയാ…. ” അഭി പറഞ്ഞു. അവൻ അങ്ങനെ പറഞ്ഞതും വീണ വിജയീ ഭാവത്തിൽ അവളെ നോക്കി. അമ്മുവിന്റെ മുഖം വലിഞ്ഞു മുറുകി. ” ഇനിയിപ്പോ അടി കിട്ടിയാലേ ശെരി ആകൂ എന്നാണോ…” അവൻ ചോദിച്ചതും അവൾ മിണ്ടാതെ ഇരുന്നു. ” മറ്റൊരു കോസ്റ്റിയൻ തരാം… അതൊന്ന് ചെയ്യൂ…. അതിലും മിസ്റ്റേക്ക് വന്നാൽ…. ഞാൻ ചൂരൽ എടുക്കും…. ”

” ഇതിൽ തെറ്റ് വരില്ല സാർ…,” അമ്മുവിന്റെ ശബ്ദം ഉറച്ചതായിരുന്നു. അവൾ വാശിയോടെ ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ തുടങ്ങി. വീണയും അഭിയും സംസാരിക്കുന്നത് അവൾക്ക് അലോസരം ഉണ്ടാക്കുന്നുണ്ടായിരുന്നു… പക്ഷെ അവൾ വാശിയോടെ അത് ശ്രദ്ധിക്കാതെ ഇരുന്നു…വീണയുടെ മുന്നിൽ വെച്ച് ഇനിയും ചെകുത്താന്റെ വഴക്ക് കേൾക്കാൻ വയ്യ.. ” കാണിച്ചു തരാം ഞാൻ…. എനിക്ക് കോൺസെൻട്രേഷൻ ഉണ്ടോന്ന്…. ” അവൾ കണക്ക് ചെയ്യാൻ തുടങ്ങി. ഇടയ്ക്ക് വെച്ച് ഒന്നു രണ്ടു ചെറിയ ഡൌട്ട്സ് അവൾക്ക് തോന്നി… ചെയുന്ന കാൽകുലേഷൻ തെറ്റുന്നുണ്ടോ എന്ന്..

ഒരിടത് പ്ലസ് ആണോ ചെയ്യേണ്ടത് അതോ മൾട്ടിപ്പ്ളിക്കേഷൻ ആണോ എന്നുള്ളത് ഒരു ഡൌട്ട്.അഭിയോട് ചോദിക്കാം എന്ന് വെച്ചാൽ വീണയുടെ പുച്ഛം നിറഞ്ഞ മുഖം കാണേണ്ടി വരികയും ചെയ്യും.. ” എന്താ ഇപ്പൊ ചെയ്ക…. അവനോട് ചോദിച്ചാലോ… ” അമ്മു ഓർത്തു. ” സാർ…. ദേ… ഇതൊന്ന് പറഞ്ഞു തരുവോ… ” അവൾ അഭിയോട് ചോദിച്ചു. ” ഇത് താൻ തനിയെ ചെയ്തു നോക്ക്…. ചെറിയൊരു കാൽക്യൂലേഷൻ അല്ലെ…എല്ലാം ഞാൻ പറഞ്ഞു തന്നാൽ ഇനി ഓരോ കുഞ്ഞു ഡൌട്ട്സ് വന്നാലും ആരോടെങ്കിലും ചോദിച്ചു ക്ലിയർ ചെയ്യാനുള്ള ടെൻഡൻസി വരും… അത് തെറ്റാണ്…. സ്വയം മനസിനോട് ചോദിച്ചു നോക്കി തെറ്റോ ശെരിയോ എന്നുറപ്പ് വരുത്തി തനിയെ ചെയ്തു ശീലിക്ക്…,”

അഭി പറഞ്ഞു ” മ്മ്…” അവൾ തലയാട്ടി. ” ഇന്നലെ വരെ എനിക്ക് പറഞ്ഞു തന്നത് ആണല്ലോ…. ഇന്നിപ്പോ എന്താ പുതുമ….. വീണ ഉള്ളത് കൊണ്ടാണോ…. അതോ… ഈ കണക്ക് തെറ്റില്ല എന്ന് ഞാൻ ഉറപ്പ് പറഞ്ഞത് കൊണ്ടാണോ….ഈ കണക്ക് തെറ്റിയാൽ അവൾക്ക് മുന്നിൽ വെച്ച് എന്നെ കളിയാക്കൻ ആണോ…. ” എന്തിനെന്നറിയാതെ ഒരു വിങ്ങൽ അമ്മുവിന്റെ തൊണ്ടക്കുഴിയിൽ നിറഞ്ഞു….. തുടരും…

അമ്മുക്കുട്ടി: ഭാഗം 14

Share this story