ജനനി: ഭാഗം 1

ജനനി: ഭാഗം 1

എഴുത്തുകാരി: അനില സനൽ അനുരാധ

“നീ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ… ഇല്ലായിരിക്കും… അതാണ് ജനനി നിനക്കെന്റെ വേദന അറിയാൻ കഴിയാത്തത്…” അഞ്ജലി നിരാശയോടെ പറഞ്ഞപ്പോൾ ജനനി മനോഹരമായി പുഞ്ചിരിച്ചു… അതിനു ശേഷം ചായക്കപ്പ് ചുണ്ടോടു ചേർത്തു… “നല്ല ചായ… രാവിലെ എഴുന്നേറ്റു വരുമ്പോൾ നിന്റെ കൈ കൊണ്ടൊരു ചായ കുടിക്കാൻ അയാൾക്കു ഭാഗ്യം ഇല്ലാതെ പോയി… ആ ഭാഗ്യം കുറച്ചു നാൾ കൂടെ എന്റെ അരികിൽ ഇരിക്കട്ടെ… ” ജനനി ചിരിയോടെ പറഞ്ഞു… “ദുഷ്ടത്തി… അപ്പോൾ നിന്റെയും ആഗ്രഹം ഞാൻ ഇങ്ങനെ ഒറ്റത്തടിയായി നിന്നു പോകട്ടെ എന്നാണല്ലേ? ” “നീ ഒരു കാര്യം ചെയ്യ്.. ഫോണും എടുത്ത് ഋഷിയെ വിളിക്ക്… എന്നിട്ട് കരഞ്ഞു പറയ് നിന്നെ വന്നു കൂട്ടി കൊണ്ടു പോകാൻ… ”

“അപ്പോൾ അവന്റെ ഭാര്യയോ?” “വീട്ടിൽ ഉണ്ടാകുമായിരിക്കും. ഇനി അതും ഞാൻ അന്വേഷിച്ചു വരണോ? ” “വേണ്ട… എന്നെ കളിയാക്കിയതാണല്ലേ? ” “പിന്നെ അവന്റെ കെട്ടും കഴിഞ്ഞു ഫസ്റ്റ് നൈറ്റും ആഘോഷമായി കഴിഞ്ഞു കാണും… എന്നിട്ട് നീ ഇപ്പോഴും അവനെ ഓർത്ത് നീറുന്നു… അവന്റെ വിവാഹ ദിവസം ചെന്ന് എല്ലാവരുടെയും മുൻപിൽ വെച്ച് വിളിച്ചു പറയണമായിരുന്നു എല്ലാം… അല്ലാതെ കഴിഞ്ഞു പോയതിനെ കുറിച്ചോർത്ത് സങ്കടപ്പെട്ടിട്ട് എന്തു കാര്യം… ” “ഒരു കാര്യവും ഇല്ല… അറിയാതെ അല്ല… പക്ഷേ ഈ മനസ്സ് എന്നു പറയുന്ന സാധനം എന്റെ ഇഷ്ടത്തിനു അനുസരിച്ചു നിന്നു തരുന്നില്ലല്ലോ… ”

“ആഹ് ! നീ ഇതും ഓർത്തു നിന്നോളൂ… എനിക്കിന്നു നേരത്തെ എത്തണം. രണ്ടു ദിവസം കഴിഞ്ഞാൽ പ്രാക്ടിക്കൽ എക്സാം തുടങ്ങും. സ്റ്റുഡന്റസ് നേരത്തെ എത്തും. അല്ലെങ്കിൽ പ്രാക്ടിക്കൽ ചെയ്തു നോക്കാൻ സമയം കിട്ടിയില്ലെന്ന് പറഞ്ഞ് എല്ലാം കൂടെ ബഹളം കൂട്ടും… ” “നേരത്തെ എന്നു പറയുമ്പോൾ? ” “ഏഴര… ” “എട്ടുമണിയ്ക്ക് എത്തിയാൽ മതി എന്നു സാറിന്റെ അച്ഛൻ റിക്വസ്റ്റ് ചെയ്തതു കൊണ്ടല്ലേ പുതിയ സ്റ്റാഫ് വരുന്നതു വരെ കമ്പ്യൂട്ടർ സെന്ററിൽ ചെല്ലാം എന്നു നീ പറഞ്ഞത്… അതും രാവിലെ മാത്രമല്ല ഈവെനിംഗ് ബാച്ചും. അതിനിടയിൽ ടാക്സ് ഓഫീസിൽ മകന്റെ ഭരണം കൂടെ സഹിക്കണം…”

“എട്ടു മണിയ്ക്ക് ഇൻസ്റ്റിറ്റ്യൂട്ട് തുറന്നാലും മതി… പഠിക്കാൻ അത്ര താല്പര്യം ഉള്ളതു കൊണ്ടാണ് പലരും ഫസ്റ്റ് ബാച്ചിൽ അഡ്മിഷൻ എടുക്കുന്നത്. ഇതു കഴിഞ്ഞാൽ ഒൻപതരയ്ക്ക് മിക്കവരും ഒരു ഓട്ടമാണ് ജോലി സ്ഥലത്തേക്ക്… കൂടുതൽ ചേച്ചിമാരാണ്… രണ്ടു ദിവസം നേരത്തെ വരാം എന്ന് അവർ പറയുന്നത് തന്നെ അവർക്ക് പ്രാക്ടീസ് ചെയ്യാൻ അല്ലെ… എന്തെല്ലാം ജോലികൾ വീട്ടിൽ ചെയ്തു തീർത്തിട്ടായിരിക്കും അവരും നേരത്തെ വരുന്നത്… എല്ലവരുടെയും വീട്ടിൽ കമ്പ്യൂട്ടർ ഉണ്ടാകില്ല അഞ്ചു …” “ഞാൻ പറഞ്ഞെന്നേയുള്ളൂ. നീ മെഷീൻ ഒന്നും അല്ലല്ലോ… ” “സെന്ററിൽ നിന്നും കിട്ടുന്ന സാലറി കൊണ്ട് ഇവിടുത്തെ വാടകയും ചിലവും നടന്നു പോകും. ഒരു കണക്കിന് ഇതു ഭാഗ്യമായിപ്പോയി അഞ്ചു…

ബാക്കി പണം വീട്ടിലേക്ക് അയക്കാമല്ലോ… അനിയത്തിയുടെ പഠിത്തം… അതിനിടയിൽ… പിന്നെ… വേണ്ട… ഒന്നും ഓർക്കാതെ ഇരിക്കുന്നതാണ് നല്ലത്… ” പറയാൻ വന്നതു ജനനി പാതി വഴിയിൽ നിർത്തി… “നിന്റെ ഏട്ടൻ പിന്നെ വന്നില്ലേ? ” “അച്ഛന്റെ ചിത കത്തി തീരുന്നതിന് മുൻപേ ഭാര്യയേയും കൂട്ടി പടിയിറങ്ങിറങ്ങിപ്പോയതാ ഏട്ടൻ… സാരമില്ല… അവർ സന്തോഷത്തോടെ ജീവിക്കട്ടെ…” ജനനി പുഞ്ചിരിയോടെ പറഞ്ഞു… “നിനക്ക് എങ്ങനെ ഇങ്ങനെ ചിരിക്കാൻ കഴിയുന്നു? ” “കരയാൻ എനിക്ക് മനസ്സില്ല… എനിക്ക് മുൻപോട്ടു നടക്കണം.. കൂടെയുള്ളവരെ കൂടെ നടത്തുകയും വേണം…” എന്നും പറഞ്ഞ് അടുക്കളയിലേക്ക് നടന്നു. ** സ്കൂട്ടി പാർക്കിംഗ് ഏരിയയിൽ കൊണ്ടു വെച്ച് ജനനി കോണിപ്പടികൾ ഓടിക്കയറി.

രണ്ടാമത്തെ നിലയിൽ ആയിരുന്നു “വിക്ടറി” എന്ന പേരിലുള്ള കമ്പ്യൂട്ടർ സെന്റർ പ്രവർത്തിച്ചിരുന്നത്. ഷട്ടറിനു അരികിലായി നിൽക്കുന്ന ചേച്ചിയേയും പിന്നെ വാച്ചിലേക്കും ജനനി നോക്കി… ഏഴരയാകാൻ അഞ്ചു മിനിറ്റ് കൂടി ഉണ്ടായിരുന്നു. “ഗുഡ് മോർണിംഗ് ചേച്ചി… നേരത്തെ എത്തിയോ ? ” താക്കോൽ ഹാൻഡ് ബാഗിൽ നിന്നും എടുക്കുന്നതിനിടയിൽ അവൾ തിരക്കി. “ഗുഡ് മോർണിംഗ് മിസ്സേ… ഇപ്പോൾ എത്തിതേയുള്ളു … ” ജനനി വേഗം ഷട്ടർ തുറന്നു. അതിനു ശേഷം മറ്റൊരു കീ കൊണ്ടു ഡോർ തുറന്നു. വേഗം പോയി ഇൻവെർട്ടറും കമ്പ്യൂട്ടറുകളും ഓൺ ചെയ്തു… അപ്പോഴേക്കും സ്റ്റുഡന്റസ് ഓരോരുത്തരായി എത്തി തുടങ്ങിയിരുന്നു.

മോർണിംഗ് ബാച്ചിൽ ആകെ പതിനഞ്ചു സ്റ്റുഡന്റസെ ഉണ്ടായിരുന്നുള്ളൂ. അതിലെ പത്തോളം പേര് എട്ടു മണിയ്ക്ക് മുൻപേ എത്തി. എല്ലാവർരും മുൻപത്തെ ചോദ്യ പേപ്പർ നോക്കി പ്രാക്ടിക്കൽ ചെയ്തു കൊണ്ടിരുന്നു… ശരിക്കുമുള്ള എക്സാം പോലെ സമയം നോക്കി ചോദ്യപേപ്പറിൽ തന്നിരിക്കുന്ന സമയത്തിന് അനുസരിച്ചു അവർ പ്രാക്ടിക്കൽ ചെയ്യുന്നതും നോക്കി ജനനി അവരുടെ പുറകിലായി നടന്നു… സംശയങ്ങൾ അവർ വളരെ കുറച്ചു മാത്രമേ ചോദിച്ചുള്ളൂ എന്നത് അവളിൽ സന്തോഷം നിറച്ചു… “റെക്കോർഡ്‌ എഴുതി കഴിഞ്ഞോ എല്ലാവരുടെയും.. നാളെ കൊണ്ടു വരാൻ മറക്കരുത്… എനിക്ക് ചെക്ക് ചെയ്തു നോക്കണം… ” അവൾ അവരെ ഓർമ്മിപ്പിച്ചു. എല്ലാവരും കൊണ്ടു വരാം എന്നു പറഞ്ഞു…

ജനനി അറ്റൻഡൻസ് ബുക്ക്‌ എടുത്തു… അറ്റൻഡൻസ് മാർക്ക്‌ ചെയ്തു… പലരുടെയും കോഴ്സ് കാലാവധി ആറുമാസം ആയിരുന്നു… പക്ഷേ ജനനി അവരെ പഠിപ്പിക്കാൻ തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടതേയുള്ളൂ. മുൻപുള്ള മാസത്തെ വെച്ച് നോക്കുമ്പോൾ ജനനി വന്നതിനു ശേഷം സ്റ്റുഡന്റസ് പരമാവധി മുടങ്ങാതെ ക്ലാസ്സിൽ എത്താറുണ്ട്… രണ്ടു സ്റ്റുഡന്റസ് ഒഴികെ എല്ലാവരും ജോലി ചെയ്യുന്നവരാണ്… പിന്നെ ഈ ബാച്ചിന്റെ പ്രത്യേകത എല്ലാവരും സ്ത്രീകളാണ്. ഈവെനിംഗ് ബാച്ച് എടുത്താൽ നേരെ വിപരീതമാണ്… എല്ലാം ബോയ്സ് ആണ്. പിന്നെ പേടിക്കാൻ ഒന്നുമില്ല.. സ്റ്റാഫ് പോയാലും എം. ഡി യുടെ ഭാര്യ ഉണ്ടാകും കൂട്ടിന്… ജനനിയും അഞ്ജലിയും താമസിക്കുന്ന വീടിന്റെ അപ്പുറത്ത് തന്നെയാണ് അവരുടെ വീട്… എം. ഡി യായ മോഹനകൃഷ്ണൻ വളരെ ശാന്ത സ്വഭാവക്കാരനാണ്. അദ്ദേഹത്തിന്റെ ഭാര്യ സുമിതയും അങ്ങനെ തന്നെ…

അവർക്ക് രണ്ടു മക്കളാണ്… നീരവും നീനയും. നീന വിവാഹിതയാണ്. നമസ്സ് കൺസൾട്ടൻസി എന്ന ടാക്സ് ഓഫീസിന്റെ എം. ഡിയാണ് നീരവ്. നീരവിന്റെ വീടിന്റെ അപ്പുറത്തുള്ള വീട് അവരുടെ ഓഫീസ് ബിൽഡിങ്ങിലെ സെക്യൂരിറ്റിയായ ജോയിയുടെ സുഹൃത്തിന്റെതാണ്. അവിടുത്തെ വാടകക്കാർ ഒഴിഞ്ഞു പോയപ്പോൾ അഞ്ജലിയും കീർത്തിയും അവിടേക്ക് താമസം മാറി. വീട് ചിതൽ പിടിച്ചു പോകാതെ ഇരിക്കാൻ വാടകയ്ക്ക് കൊടുക്കുന്നതായിരുന്നു. അതിനാൽ തുച്ഛമായ വാടകയെ ഉണ്ടായിരുന്നുള്ളു. കീർത്തി ജോലി റിസൈൻ ചെയ്തപ്പോൾ ആ വേക്കൻസിയിൽ വന്നതായിരുന്നു ജനനി.

കമ്പ്യൂട്ടർ സെന്ററിലേക്ക് ജോലിക്ക് പോകുന്നതിന് മുൻപേ ജനനി സുമിതയുമായി കൂട്ടായിരുന്നു… ഞായറാഴ്ച ദിവസങ്ങളിൽ മതിലിനു ഇരുപുറത്തും നിന്ന് അവർ വിശേഷങ്ങൾ പങ്കു വെക്കും. സുമിത പല തവണ വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും ജനനിയും അഞ്ജലിയും എന്തെങ്കിലും പറഞ്ഞ് ഒഴിഞ്ഞു മാറും… അങ്ങനെ വീട്ടിലേക്ക് ക്ഷണിക്കുന്നത് അവർ നിർത്തി… സുമിതയോട് സംസാരിക്കുമ്പോൾ അമ്മയോട് സംസാരിക്കുന്നത് പോലെ തോന്നുമെങ്കിലും അങ്ങോട്ട് പോകാൻ വിലങ്ങു തടിയാകുന്നത് നീരവിന്റെ മുഖം ഓർക്കുമ്പോഴാണ്. ഓഫീസിൽ വെച്ച് കാണുമ്പോൾ പോലും പുഞ്ചിരിക്കാത്ത ആളാണ്… കൊടുക്കുന്ന സാലറിയ്ക്ക് അവർ കൃത്യതയോടെ ജോലി ചെയ്യുന്നുണ്ടോ എന്നു നോക്കുകയല്ലാതെ സ്റ്റാഫുകളോട് യാതൊരു സൗഹൃദവും സൂക്ഷിക്കാൻ ഇഷ്ടമില്ലാത്ത ഒരാൾ..

ഓഫീസ് കാര്യങ്ങൾ സംസാരിക്കാനും തെറ്റു കണ്ടാൽ മുന്നും പിന്നും നോക്കാതെ ശകാരിക്കാനും മാത്രമാണ് വായ തുറക്കുക… ഒൻപതു മണി കഴിഞ്ഞപ്പോൾ കമ്പ്യൂട്ടർ സെന്ററിലെ മറ്റു സ്റ്റാഫുകളും വന്നു തുടങ്ങിയിരുന്നു… അവർക്ക് ഒൻപതര മുതൽ അഞ്ചു മണി വരെയായിരുന്നു വർക്കിംഗ്‌ ടൈം. സെന്ററിൽ നിന്നും ഒരു കിലോ മീറ്റർ ദൂരമേ ടാക്സ് ഓഫീസിലേക്ക് ഉണ്ടായിരുന്നുള്ളൂ… അതിനാൽ അവിടുത്തെ ജോലി കഴിഞ്ഞു അഞ്ചേകാൽ ആകുമ്പോഴേക്കും ഇവിടേക്ക് തിരിച്ചെത്തും. പിന്നെ ഏഴു മണിയാകും ഇവിടെ നിന്നും ഇറങ്ങാൻ. ഗോവിന്ദ് മൂന്നുമാസം ലീവ് എടുത്തതിനാൽ മോഹനകൃഷ്ണൻ സർ പറഞ്ഞപ്പോൾ പാതി മനസ്സോടെ ജോയിൻ ചെയ്തതായിരുന്നു ജനനി.

പക്ഷേ വീട്ടിലെ സാഹചര്യം വെച്ച് ഇപ്പോൾ ഇതു വലിയ അനുഗ്രഹമായാണ് അവൾ കണക്കാക്കുന്നത്… ഒൻപതരയ്ക്ക് മുൻപേ സ്റ്റുഡന്റസ് ധൃതിയിൽ പോയി.. അവർക്ക് പിന്നാലെ ജനനിയും ഇറങ്ങി.. പടികൾ ഓടിയിറങ്ങി… സ്കൂട്ടിയെടുത്ത് ഓഫീസിലേക്ക്. പാർക്കിംഗിൽ വണ്ടി വെച്ച് ധൃതിയിൽ നടക്കുമ്പോൾ അവൾ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു… ഓഫീസിൽ എത്തിയപ്പോൾ എല്ലാ സ്റ്റാഫും എത്തിയിരുന്നു… ജൂനിയർ അസിസ്റ്റന്റ്‌സ് എന്നെഴുതിയ കാബിനുള്ളിലേക്ക് കടക്കുമ്പോൾ തന്നെ കണ്ടു എല്ലാവരും ടെൻഷനിലാണെന്ന്… കാര്യം എന്താണെന്നു അഞ്ജലിയോട് കണ്ണുകൾ കൊണ്ട് തിരക്കി … “ജനനി… ” പുറകിൽ നിന്നും നീരവ് ഗൗരവത്തിൽ വിളിച്ചതും ജനനി തിരിഞ്ഞു നോക്കി…തുടരും.. ഇതിന്റെ ബാക്കി നാളെ രാവിലെ 10 മണിക്ക് അപ്ലോഡ് ചെയ്യും…

Share this story