ജനനി: ഭാഗം 5

ജനനി: ഭാഗം 5

എഴുത്തുകാരി: അനില സനൽ അനുരാധ

ജനനി ഡോർ തുറക്കാൻ തുടങ്ങുമ്പോൾ പുറകിൽ നിന്നും അയ്യേ! എന്നൊരു ശബ്ദം കേട്ടു… അവൾ തിരിഞ്ഞു നോക്കി… കണ്ണുകൾ ഇറുക്കിയടച്ച് ചമ്മിയ ചിരിയോടെ ഇരിക്കുന്ന നീരവിനെ കണ്ടപ്പോൾ ജനനിയുടെ അധരങ്ങളിൽ പുഞ്ചിരി വിടർന്നു… ആദ്യമായാണ് ചിരിച്ച മുഖത്തോടെ ഒന്നു കാണുന്നത്… എന്തായാലും സിബ്ബ് കൊണ്ടു ഒരു ഉപകാരം ഉണ്ടായല്ലോ എന്നു മനസ്സിൽ പറഞ്ഞ് അവൾ അവിടെ നിന്നും പുറത്തേക്കു കടന്നു… ഡോർ അടയുന്ന ശബ്ദം കേട്ടപ്പോഴാണ് നീരവ് കണ്ണുകൾ തുറന്നത്… ജനനിയ്ക്കു നല്ല വഴക്കു കേൾക്കും എന്ന പ്രതീക്ഷയോടെ കാത്തിരുന്ന സെലിനും ഹർഷയ്ക്കും ജനനിയുടെ പുഞ്ചിരി നിറഞ്ഞു നിൽക്കുന്ന മുഖം കണ്ടപ്പോൾ കാര്യം പിടി കിട്ടിയില്ല…

ജനനി തന്റെ സീറ്റിൽ ഇരുന്ന ശേഷം കമ്പ്യൂട്ടർ ഓൺ ആക്കി… അതിനു ശേഷം ഡെസ്കിൽ ഇരിക്കുന്ന ഫയൽ മറിച്ചു നോക്കി… “സ്സ്.. സ്സ്….” അഞ്ജലി കൈ കൊണ്ടു വായ് മറച്ച ശേഷം പതിയെ ജനനിയെ വിളിച്ചു… “എന്താടി? ” ജനനി ഫയലിലേക്ക് തന്നെ നോക്കി കൊണ്ട് ചുണ്ടുകൾ അനക്കി… “നീ എന്തിനാ ചിരിക്കുന്നെ? ” “ഞാനോ? ” അഞ്ജലിയെ നോക്കി തിരക്കി… അഞ്ജലി തലയാട്ടി… പെട്ടെന്ന് അഞ്ജലിയുടെ ഡെസ്കിലെ ഫോൺ റിംഗ് ചെയ്തു… “അഞ്ജലി… കം ടു മൈ ക്യാബിൻ…” ഫോൺ കാതോടു ചേർത്തപ്പോൾ തന്നെ ദേഷ്യത്തോടെയുള്ള നീരവിന്റെ ശബ്ദം കേട്ടു… “ക്യാമറ ചതിച്ചു മോളെ…” എന്നും പറഞ്ഞ് ജനനിയെ ദയനീയമായി നോക്കി അഞ്ജലി എഴുന്നേറ്റു പോയി…

തിരിച്ചുള്ള അവളുടെ വരവ് കണ്ടപ്പോൾ വയറു നിറയെ കിട്ടിയിട്ടുണ്ടെന്നു ജനനിയ്ക്ക് മനസ്സിലായി… പിന്നെ ലഞ്ച് ബ്രേക്ക്‌ വരെ ജനനി ഇരിക്കുന്ന ഭാഗത്തേക്ക് അഞ്ജലി നോക്കിയില്ല. “എടി നീ എന്തിനാ ക്യാബിനിൽ നിന്നും ചിരിച്ചോണ്ട് വന്നത്? ” “ഹോസ്പിറ്റലിൽ പോയ കാര്യം പറഞ്ഞപ്പോൾ സർ വഴക്കൊന്നും പറഞ്ഞില്ലല്ലോ… ” “അതിന്? ” “ആ സന്തോഷത്തിൽ.. ” “ഹ്മ്മ്… ആ സെലിനും ഹർഷയും നിനക്കു നല്ലതു കിട്ടും എന്നു വിചാരിച്ച് ഇരിപ്പായിരുന്നു… നിന്നെ കണ്ടു ചമ്മി പോയിട്ടുണ്ടാകും…” “അവർക്ക് എന്തിനാ എന്നോട് ദേഷ്യം? ” “അസൂയ… ” “എന്തിന്? ” “നിന്റെ സൗന്ദര്യം കണ്ടിട്ടാകും… ” “ഒന്നു പോടീ… ” “കഴിച്ചു കഴിഞ്ഞിട്ടെ ഞാൻ പോകൂ… ” ഇളിച്ചു കാട്ടി കൊണ്ട് അഞ്ജലി പറഞ്ഞു…

ലഞ്ച് ബ്രേക്ക്‌ കഴിഞ്ഞ് വൈകുന്നേരം ഓഫീസിൽ നിന്നും തിരിച്ചു പോകുന്നത് വരെ നീരവിനെ ജനനി കണ്ടില്ല… വൈകുന്നേരം ക്ലാസ്സിൽ എത്തി സ്റ്റുഡന്റ്സിനു തിയറി നോട്ട് കൊടുത്ത ശേഷം ജനനി അറ്റൻഡൻസ് ബുക്ക്‌ എടുത്ത് സീറ്റിൽ വന്നിരുന്നു. അപ്പോഴാണ് സുമിത അവളുടെ അരികിൽ വന്നിരുന്നത്… “ഇന്നലെ തിരക്കിനിടയിൽ ഒന്നും ചോദിക്കാൻ പറ്റിയില്ല.. ഹോസ്പിറ്റലിൽ ആരെ കാണാൻ പോയതാ?” “ഏട്ടനെ… ” “എട്ടന് എന്തുപറ്റി? ” “ഇന്നലെ കാലിന് ഓപ്പറേഷൻ ആയിരുന്നു…” “അയ്യോ ! ഇപ്പോൾ എങ്ങനെയുണ്ട്… ” “ഓപ്പറേഷൻ കഴിഞ്ഞു… റൂമിലേക്ക് മാറ്റി… ” “അവിടെ ഹോസ്പിറ്റലിൽ ആരാ ഇപ്പോൾ? ” “അമ്മയുണ്ട്… പിന്നെ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ വിനയേട്ടൻ വരും…

അച്ഛന്റെ സുഹൃത്താണ്… ” “ഹ്മ്മ്… എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ പറയാൻ മടിക്കരുത്… ഓപ്പറേഷന്റെ കാര്യം നേരത്തെ പറഞ്ഞിരുന്നെങ്കിൽ കൃഷ്ണേട്ടൻ രണ്ടു ദിവസം ലീവ് തന്നേനെ… ” “അതു സാരമില്ല ചേച്ചി… ഞാൻ അവരുടെ എഴുത്ത് എന്തായെന്നു നോക്കട്ടെ… ” എന്നു പറഞ്ഞ് ജനനി എഴുന്നേറ്റു… തിയറി ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ അവർ പ്രാക്ടിക്കൽ ചെയ്യാൻ ലാബിൽ വന്നിരുന്നു… അവൾ ക്ലാസ്സ്‌ എടുക്കുന്നതും നോക്കി സുമിത അവിടെ തന്നെ ഇരുന്നു… ഇടയ്ക്ക് അവളുടെ ശബ്ദം ഇടറുന്നത് കാൺകെ സുമിതയ്ക്ക് പാവം തോന്നി… ക്ലാസ്സ് കഴിഞ്ഞു ജനനി പോകാനായി ബാഗ് എടുത്തു വന്നപ്പോൾ സുമിത അവളെ വിളിച്ചു… “മോൾക്ക് എല്ലാം കൂടെ ബുദ്ധിമുട്ട് ആകുന്നുണ്ടല്ലേ…

വേറെ ആരെയെങ്കിലും അന്വേഷിക്കാൻ പറയണോ?” “ഏയ്‌!.. വേണ്ട ചേച്ചി… എനിക്ക് ഇതൊക്കെ ശീലമാണ്… ഗോവിന്ദ് സർ വരുന്നത് വരെ ഞാൻ നിന്നോളാം… ഞാൻ പൊയ്ക്കോട്ടെ… ” സുമിത തലയാട്ടി… അവൾ കോണിപ്പടികൾ ഇറങ്ങുമ്പോൾ നീരവ് കയറി വരുന്നുണ്ടായിരുന്നു… അവളെ കണ്ട പരിഭ്രമത്തിൽ സ്റ്റെപ്പിൽ കാല് തട്ടി മുന്നോട്ട് ആഞ്ഞു .. “അയ്യോ !” എന്നു പറഞ്ഞ് അറിയാതെ ജനനി വലതു കൈ മുന്നോട്ട് നീട്ടി… അപ്പോഴേക്കും അവൻ ചുവരിൽ പിടിച്ചു നിന്നു… ഒന്നും പറ്റിയില്ലല്ലോ എന്ന ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ച് ജനനി അവനെ നോക്കി… ഗൗരവം പാടെ മാഞ്ഞു പോയ മറ്റൊരു മുഖം അവൾ അവനിൽ കണ്ടു… അവൻ വേഗം അവളിൽ നിന്നും നോട്ടം മാറ്റി പടികൾ കയറി തുടങ്ങി… ജനനി ഇറങ്ങാനും…

രണ്ടു പേരും ഒരേ പടിയിൽ എത്തിയതും ജനനി നിന്നു… അവൻ ഒരു സ്റ്റെപ്പ് കൂടെ കയറി… “സർ…” അവൾ തിരിഞ്ഞു നോക്കാതെ വിളിച്ചതും അവൻ നിന്നു… അവനും അവളെ തിരിഞ്ഞു നോക്കിയില്ല… “രാവിലത്തെ കാര്യം മറന്നേക്കൂ സർ… ഞാൻ ആരോടും പറയില്ല… അതും പറഞ്ഞ് കളിയാക്കി ചിരിക്കുക കൂടിയില്ല…” എന്നും പറഞ്ഞ് അവൾ പടികൾ ഇറങ്ങിപ്പോയി… ** “വിഷ്ണുവേട്ടൻ ഉറക്കായോ അമ്മേ?” ജനനി ഫോണിലൂടെ തിരക്കി… “ഹ്മ്മ്… വേദനയെടുത്ത് കരച്ചിൽ ആയിരുന്നു… സിസ്റ്റർ കുറച്ചു നേരത്തെ ഇൻജെക്ഷൻ ചെയ്തു പോയെയുള്ളൂ… പിന്നെ… പിന്നെ മോളെ…. …. ” “എന്താ അമ്മേ? ” “അതു പിന്നെ…” “എന്തായാലും പറയൂ അമ്മേ…. ഇങ്ങനെ ടെൻഷൻ പിടിപ്പിക്കല്ലേ…” “ജയേഷ് വിളിച്ചിരുന്നു… അവനെ സഹായിക്കാനും നമ്മൾ അല്ലേയുള്ളൂ… ” “സഹായമോ? ”

“ഹ്മ്മ്… മോൾക്ക് അറിയാല്ലോ അവൻ വാടകവീട്ടിലാണ് താമസിക്കുന്നതെന്ന്…” “ഹ്മ്മ്… ” “സിന്ധുവിന് വിശേഷം ഉണ്ടെന്ന്… ആദ്യത്തെ മൂന്നു മാസം റസ്റ്റ്‌ പറഞ്ഞിട്ടുണ്ട്.. അമ്മയോട് അവിടെ കുറച്ചു ദിവസം വന്നു നിൽക്കാമോ എന്നു ചോദിച്ചു…” “എന്നിട്ട് അമ്മ എന്തു പറഞ്ഞു…” “നിന്നോട് ചോദിക്കട്ടെ എന്ന്… ” “അങ്ങനെയാണോ അമ്മേ പറയേണ്ടിയിരുന്നത്… ഇനി ഇപ്പോൾ അമ്മ പോയില്ലെങ്കിൽ അതിനു കാരണക്കാരി ഞാൻ ആകട്ടെ അല്ലേ? വയ്യാതെ കിടക്കുന്ന വിഷ്ണുവേട്ടന്റെ അരികിൽ അമ്മ ഉണ്ടാകണം എന്നറിയാമായിരുന്നിട്ടും ജനനിയോട് ചോദിക്കട്ടെ എന്നായിരുന്നോ പറയേണ്ടിയിരുന്നത്? ” ചോദിക്കാതിരിക്കാൻ ജനനിയ്ക്ക് കഴിഞ്ഞില്ല…

“വാടക വീട്ടിൽ താമസിക്കുന്ന അവനോട് ഇനി സിന്ധുവിനെ നോക്കാൻ ഒരാളെ നിർത്താൻ പറയാൻ പറ്റുമോ? ” “സ്വന്തം വീട് ഉണ്ടല്ലോ. ഇഷ്ടത്തിനു പോയതല്ലേ? ” “അവനെ കുറ്റം പറയാൻ പറ്റുമോ? പെറ്റ വയറിന്റെ ദെണ്ണം നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല… ” “അമ്മയ്ക്ക് പോകണമെന്നുണ്ടെങ്കിൽ പൊയ്ക്കോ… ഇനി എന്റെ അനുവാദം കാത്തു നിൽക്കണ്ട… ഈ രാത്രി തന്നെ പോകണം എന്നുണ്ടോ… അതോ നേരം വെളുത്തിട്ട് മതിയോ? ” “ഓഹ് ! അപ്പോൾ എന്നെ കളിയാക്കിയതാണല്ലേ? ” “അങ്ങനെ തോന്നിയോ… ഞാൻ കാര്യമായിട്ട് തന്നെ പറഞ്ഞതാണ്… ” “അപ്പോൾ വിഷ്ണുവോ? ” “അമ്മ പ്രസവിച്ച മോൻ അല്ലല്ലോ… അപ്പോൾ അമ്മ ആ കാര്യം ഓർത്ത് തല പുകക്കണ്ട… ” “മോളെ ജാനി…”

“ഞാൻ നാളെ രാവിലെ ഹോസ്പിറ്റലിൽ എത്തും… അമ്മ രാവിലെ പൊയ്ക്കോളൂ… ” എന്നു പറഞ്ഞ് ജനനി കാൾ കട്ട്‌ ചെയ്തു… ജനനി മുറ്റത്തേക്ക് നോക്കി… ഇരുട്ട് പരന്നു തുടങ്ങിയിരുന്നു… ഫോൺ താഴെ വെച്ച ശേഷം അവൾ മുറ്റത്തേക്ക് ഇറങ്ങി… മുറ്റത്തെ മാവിനു ചുറ്റുമായി അര മതിൽ തീർത്തിരുന്നു… അവൾ അതിൽ ചെന്നിരുന്നു… അഞ്ജലി അടുത്ത് വന്നിരിക്കുന്നതു വരെ അവൾ മറ്റേതോ ലോകത്ത് ആയിരുന്നു… അഞ്ജലി തോളിൽ പിടിച്ചു കുലുക്കിയപ്പോൾ ജനനി ഒന്നു ഞെട്ടി… പിന്നെ പുഞ്ചിരിച്ചു… “ഈ രാത്രി ആരെ പേടിപ്പിക്കാനാ മുടിയും അഴിച്ചിട്ട് ഇവിടെ വന്നിരിക്കുന്നത്? ” അഞ്ജലി തിരക്കി. “പേടിപ്പിക്കാൻ അല്ല… ഒരു ഗന്ധർവ്വനെ വല വീശിപ്പിടിക്കാൻ… ” ഒരു കണ്ണടിച്ചു കാട്ടി അവൾ പറഞ്ഞു… “ഗന്ധർവ്വനെ ഞാൻ കണ്ടു… ” “എവിടെ?” “അപ്പുറത്തെ വീട്ടിലെ ബാൽക്കണിയിൽ…

ഇങ്ങോട്ട് നോക്കി നിൽപ്പുണ്ട്… ” “ഒന്നു പോടീ… മോഹനകൃഷ്ണൻ സർ അത്തരക്കാരൻ അല്ല…” “അയ്യേ ! അങ്ങേരെ അതിനാരാ ഗന്ധർവ്വനായി കണക്കാക്കിയിരിക്കുന്നത്…” “പിന്നെ അവിടെ ഇപ്പോ ആരാ… നീരവ് സർ എന്തായാലും ഇങ്ങോട്ട് നോക്കി നിൽക്കില്ല.. ഓഫീസിൽ വെച്ച് കണ്ടാൽ തന്നെ മര്യാദയ്ക്ക് സംസാരിക്കാൻ പോലും മെനക്കെടാത്ത ആളാണ്‌… ” “നീ അങ്ങോട്ട് ഒന്നു നോക്കിയേ…” ജനനി തല ചെരിച്ച് എത്തിച്ചു നോക്കി… അഞ്ജലി പറയുന്നത് സത്യമാണെന്ന് മനസ്സിലായതും അവൾ വേഗം മുഖം തിരിച്ചു… “അഞ്ചു… രണ്ടു മൂന്നു ദിവസം എനിക്ക് ലീവ് എടുക്കേണ്ടി വരും… ” “എന്തിന്? ” “വിഷ്ണുവേട്ടന്റെ അടുത്ത് ഞാൻ ഉണ്ടാകണം എന്നൊരു തോന്നൽ…” “നന്നായെടീ… പാവം.. ലീവ് കിട്ടുമോ?”

“കിട്ടിയാൽ വാങ്ങിക്കാം.. ഇല്ലെങ്കിലും എനിക്ക് ഹോസ്പിറ്റലിൽ പോകണം… ഈ ജോലി പോയാൽ വേറെ ജോലി…” എന്നും പറഞ്ഞ് ജനനി എഴുന്നേറ്റു… “എടി നീ പോയാൽ ഞാൻ എങ്ങനെ രാത്രി തനിച്ച് ഇവിടെ?” “ഇനി എന്താ ചെയ്യാ?” “സാരമില്ല … ഞാൻ വീട്ടിലേക്ക് പൊയ്ക്കോളാം…” “സോറി പെണ്ണേ …” “അതു വിട് … നീ വാ.. ലീവിന്റെ കാര്യം നമുക്ക് ഇപ്പോൾ ശരിയാക്കാം.. ” “എങ്ങനെ? ” “നമ്മൾ ഗന്ധർവ്വന്റെ വീട്ടിലേക്ക് പോകുന്നു. ചോദിക്കുന്നു…” “സർ അവിടെ നിന്നപ്പോൾ നമ്മൾ രാത്രിയിൽ ഇവിടെ ഇരിക്കുന്നതു കണ്ടപ്പോൾ ഇങ്ങോട്ട് നോക്കിക്കാണും… ഗന്ധർവ്വൻ എന്നൊന്നും വിളിക്കാതെടീ… ” “ഇല്ല വിളിക്കുന്നില്ല… ഭവതി വരൂ… നമുക്ക് നീരവ് സാറിനെയും അദ്ദേഹത്തിന്റെ പിതാശ്രീയേയും കണ്ടിട്ട് വരാം…”

“ഇപ്പോൾ ചെന്നാൽ അവർക്ക് ബുദ്ധിമുട്ട് ആകുമോ? ” “എന്നാൽ നീ ഇവിടെ നിൽക്ക്… ഞാൻ ആദ്യം പോയി അന്വേഷിച്ചിട്ട് വരാം.. ” “അയ്യോ ! നിനക്കു ബുദ്ധിമുട്ട് ആകില്ലേ… ഞാൻ വാതിൽ അടച്ചിട്ടു ഇപ്പോൾ വരാം… “എന്നും പറഞ്ഞ് ജനനി വേഗം പോയി വാതിൽ അടച്ചു… അഞ്ജലിയുടെ അടുത്തേക്ക് നടക്കുന്നതിനിടയിൽ മുടിയുടെ തുമ്പു കെട്ടി വെച്ചു… “എടീ… ഗേറ്റ് പൂട്ടി…” പൂട്ട് കയ്യിൽ പിടിച്ചു കൊണ്ട് നീരവിന്റെ വീട്ടിലേക്ക് നോക്കി അഞ്ജലി നിരാശയോടെ പറഞ്ഞു… “സാരമില്ല… നീ വാ… നമുക്ക് ഫോൺ വിളിച്ചു ചോദിക്കാം…” അപ്പോഴാണ് ഗേറ്റിനോട്‌ ചേർന്ന് മതിലിൽ ഘടിപ്പിച്ചിരിക്കുന്നു കാളിംഗ് ബെൽ അഞ്ജലിയുടെ ശ്രദ്ധയിൽപ്പെട്ടത്… അവൾ കാളിംഗ് ബെൽ അടിച്ച് ഒരു നിമിഷം കഴിഞ്ഞതും വാതിൽ തുറന്നു… മുണ്ടിന്റെ തലപ്പു വലതു കയ്യിൽ പിടിച്ച് മുറ്റത്തേക്ക് ഇറങ്ങി വരുന്ന ആളെ കണ്ടതും ജനനിയും അഞ്ജലിയും മുഖാമുഖം നോക്കി……. തുടരും..

ജനനി: ഭാഗം 4

Share this story