പുതിയൊരു തുടക്കം: ഭാഗം 5

പുതിയൊരു തുടക്കം: ഭാഗം 5

എഴുത്തുകാരി: അനില സനൽ അനുരാധ

ജയൻ വേഗം ദുർഗയുടെ അടുത്തേക്ക് ചെന്നു… “ആദി എന്തിനാ കരയുന്നത്? ജീവൻ ഒരു പാവമാണ്… അവന്റെ ഈ മൗനവും ദേഷ്യവും എല്ലാം കുറച്ചു കഴിഞ്ഞാൽ മാറും… നീ ആദിയോട് വിഷമിക്കരുതെന്ന് പറയണം… ” അവൾ തലയാട്ടി… ജീവനും ചേച്ചിയും തമ്മിൽ എന്തോ അകൽച്ച ഉണ്ടെന്ന് വിവാഹത്തിന്റെ അന്നു തൊട്ടേ ദുർഗ ശ്രദ്ധിച്ചിരുന്നു… ജയേട്ടൻ പറഞ്ഞതു വെച്ചു നോക്കുമ്പോൾ എന്തൊക്കെയോ പ്രശ്നങ്ങൾ അവനെ അലട്ടുന്നുണ്ടെന്ന് അവൾക്ക് ഉറപ്പായി… ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോഴും ദുർഗ ഇരുവരേയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. “ഞാൻ നാളെ എറണാകുളത്ത് പോകും…” ഭക്ഷണം കഴിക്കുന്നതിനിടയിൽ ജീവൻ പറഞ്ഞു…

“എന്തിനാ മോനെ? ” അമ്മ തിരക്കി… “ഓഫീസിൽ നിന്നും കാൾ വന്നിരുന്നു…” “നീ രണ്ടാഴ്ച ലീവ് എടുത്തതല്ലേ? ” “അതു ക്യാൻസൽ ചെയ്തു… ” “നാളെ പോയാൽ എന്നു വരും… ” “ഒരാഴ്ച കഴിഞ്ഞ്…” എന്നു പറഞ്ഞവൻ എഴുന്നേറ്റു… ദുർഗ ചേച്ചിയെ നോക്കി… ചേച്ചിയുടെ മുഖത്ത് പോകുന്നു എന്ന് പറഞ്ഞതിന്റെ ഭാവ വിത്യാസങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല… ആദി മുറിയിലേക്ക് ചെല്ലുമ്പോൾ ജീവൻ ഡ്രസ്സ്‌ എല്ലാം എടുത്ത് ബാഗിൽ വെക്കുന്നുണ്ടായിരുന്നു. ഒരാഴ്ചയായി ഒരു മുറിയിലാണ് താമസമെങ്കിലും രണ്ടാളും അവിടെ തീർത്തും അപരിചിതരെ പോലെ ആയിരുന്നു. അവൾ കട്ടിലിനു അരികിൽ വന്നു നിന്നു… അവൻ ബാഗ് ഒതുക്കി വെച്ചതിന് ശേഷം അവളെ നോക്കി… “കിടക്കുന്നില്ലേ? ” അവൻ തിരക്കി. അവൾ തലയാട്ടി… ബെഡിൽ കയറി കിടന്നു. അവൻ കിടന്നതിന് ശേഷം ലൈറ്റ് ഓഫ് ചെയ്തു.

അവൾക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല… ഇങ്ങനെ ഒന്നും മിണ്ടാതെയും പറയാതെയുമുള്ള ജീവിതത്തിനോട് അവൾക്ക് വല്ലാത്ത മടുപ്പ് തോന്നി. ജീവിത കാലം മുഴുവൻ ഇങ്ങനെ ആകുമോ എന്ന ചിന്ത അവളെ ആശങ്കപ്പെടുത്തി… ഇങ്ങനെ മുൻപോട്ടു പോയാൽ തങ്ങൾക്കിടയിലെ അകലം കൂടി കൂടി അടുക്കാൻ കഴിഞ്ഞില്ലെങ്കിലോ? ഒരിക്കലും ഒന്നിക്കാൻ കഴിയാത്ത വിധം ജീവിതം മാറുമോ? ആദ്യം മറികടക്കേണ്ടത് മൗനത്തെയാണെന്ന് തോന്നി… “ഉറങ്ങിയോ? ” അവൾ പതിയെ തിരക്കി. “ഇല്ല… ” “നാളെ എപ്പോഴാ പോകുക?” “അറിഞ്ഞിട്ട് എന്തിനാ? ” “ഒന്നിനും അല്ല… ” “എന്നാൽ ഉറങ്ങാൻ നോക്ക്… ” എന്ന് പറഞ്ഞ് അവൻ തിരിഞ്ഞു കിടന്നു… ആദിയ്ക്ക് ആകെ വല്ലായ്മ തോന്നി… ***

ജയനും ദുർഗയും ജീവിതം ആഘോഷിക്കുകയായിരുന്നു. അവരുടെ ചിരിയും സംസാരവും എല്ലാം ആ വീട്ടിൽ നിറഞ്ഞു നിന്നു. ആദി അമ്മയോടൊപ്പം അടുക്കളയിൽ സമയം ചെലവഴിക്കും… ആ അന്തരീക്ഷവുമായി അവൾ പൊരുത്തപ്പെട്ടു വന്നു… ആദിയുടെയും ദുർഗയുടെയും കൂടെ അമ്മ സന്തോഷവതിയായിരുന്നു…. ഒരാഴ്ച കഴിഞ്ഞു വന്ന ജീവന്റെ സ്വഭാവത്തിൽ കുറച്ചു മാറ്റം വന്നിരുന്നു… ആദിയോട് ഒഴികെ എല്ലാവരോടും അവൻ സംസാരിച്ചു തുടങ്ങി. ദുർഗ വീണ്ടും കോളേജിൽ പോയി തുടങ്ങി… ഒഴിവു ദിവസങ്ങളിൽ ജയേട്ടനും ദുർഗയും പുറത്തേക്കു പോകുമ്പോൾ ജീവനെയും ആദിയെയും കൂടെ വിളിക്കും… ജീവൻ അതു നിരസിക്കും… ദുർഗ നിർബന്ധിച്ചാലും ജീവൻ വരാത്തതു കൊണ്ട് ആദി അവരുടെ കൂടെ പോകില്ലായിരുന്നു.

ദുർഗയെ കുറിച്ച് ഓർത്തു മാത്രം ആദി അവിടെ പിടിച്ചു നിൽക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു… രാവിലെ പോകുന്ന ജീവൻ രാത്രി ഏറെ നേരം വൈകിയെ തിരിച്ച് എത്തിയിടരുന്നുള്ളു… വന്നാൽ ചിലപ്പോൾ ഭക്ഷണം പോലും കഴിക്കാതെ വന്നു കിടക്കും. ജീവൻ വൈകി വരുന്ന ദിവസങ്ങളിൽ ആദിയും അവനോടൊപ്പം കഴിക്കാമെന്ന് പറഞ്ഞ് മറ്റുള്ളവരോടൊപ്പം കഴിക്കാൻ ഇരിക്കാറില്ല… ജീവൻ കഴിക്കാതെ കിടക്കുന്ന ദിവസങ്ങളിൽ അവളും ചിലപ്പോൾ കഴിക്കാറില്ല… മനസിലെ സമ്മർദ്ദം കൂടി വരുന്നതിന്റെ ഫലമായി അവളുടെ ഉറക്കം നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു… ദിവസങ്ങൾ കടന്നു പോകും തോറും അവൾ ക്ഷീണിച്ചു… കഴുത്തിലെ എല്ല് നന്നായി തെളിഞ്ഞു കാണാം… കവിളുകൾ ഒട്ടി…

കണ്ണിനു ചുറ്റും ഇരുണ്ട നിറം പടർന്നു… ജീവന്റെ മനസ്സിൽ എന്താണെന്ന് അറിയാനുള്ള വീർപ്പുമുട്ടൽ അസഹനീയം ആകുമ്പോൾ അവൾ അവനോട് സംസാരിക്കാൻ ശ്രമിക്കും… അവൻ ദേഷ്യപ്പെടും… പിന്നെ പിന്നെ സംസാരിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു … വിവാഹം കഴിഞ്ഞ് ഏകദേശം നാലു മാസം കഴിഞ്ഞപ്പോൾ ഒരു ദിവസം അച്ഛനും സേതു അപ്പച്ചിയും കൂടി വന്നു. കിച്ചേട്ടന്റെയും ഹിമയുടെയും വിവാഹം തീരുമാനിച്ച കാര്യം പറഞ്ഞു… സന്തോഷമാണോ സങ്കടമാണോ എന്ന് അറിയാത്ത ഒരു അവസ്ഥയിൽ ആയിരുന്നു ആദിയുടെ മനസ്സ് അപ്പോൾ… വിവാഹത്തിന് ക്ഷണിക്കാൻ അപ്പച്ചിയും ചെറിയച്ഛനും ചേർന്നാണ് വന്നത്. കിച്ചേട്ടൻ ഏറ്റവും വെറുക്കുന്നത് തന്നെയാണ് എന്ന ചിന്ത അവളെ വീണ്ടും വേദനിപ്പിച്ചു… മരണത്തിലേക്ക് തള്ളിയിടാൻ കാരണക്കാരി ആയവളോടുള്ള പ്രതികാരം ഇങ്ങനെ തീരട്ടെ എന്നു ഓർത്തു ആശ്വസിക്കാൻ ശ്രമിച്ചു… ***

വിവാഹത്തിനു പോകാൻ ഒരുങ്ങിയ ശേഷം ആദി കണ്ണാടിയുടെ മുൻപിൽ വന്നു നിന്നു… അവൾ തന്റെ പ്രതിബിംബത്തിലൂടെ വിരൽ ഓടിച്ചു… താൻ ഒരുപാട് മാറി പോയതു പോലെ അവൾക്ക് തോന്നി… പരാജിത എന്ന പേരാണ് നിനക്ക് കൂടുതൽ അനുയോജ്യമായത്… ആദി സ്വയം പറഞ്ഞു… ദേവീക്ഷേത്രത്തിൽ വെച്ച് ഹിമ നന്ദകിഷോറിന്റെ ഭാര്യയായി… ആ കാഴ്ച ചെറിയൊരു പുഞ്ചിരിയോടെ നോക്കി ആദി നിന്നു… സന്തോഷം നിറഞ്ഞ ഹിമയുടെ മുഖം… കിച്ചേട്ടന്റെ മുഖത്തും സന്തോഷമുണ്ട്… തന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരുവളെ സ്വന്തമാക്കി എന്നതിന്റെ ആനന്ദം… അത് ആദി തിരിച്ചറിഞ്ഞു… എന്നാൽ അവളെ ഏറ്റവും നൊമ്പരപ്പെടുത്തിയത് ഹിമയുടെ പെരുമാറ്റം ആയിരുന്നു… ആദിയോട് അവൾ ഒന്നും സംസാരിച്ചില്ല…

ഒരു ഒൗദാര്യം എന്ന പോലെ തീർത്തും ആത്മാർത്ഥത ഇല്ലാത്ത ഒരു പുഞ്ചിരി ഹിമ അവൾക്കായി സമ്മാനിച്ചു… വിവാഹം മംഗളകരമായി കഴിഞ്ഞു… ഇന്നു എല്ലാവർക്കും വീട്ടിൽ കൂടാം എന്ന് രമേശൻ പറഞ്ഞപ്പോൾ മായയും അതു സമ്മതിച്ചു… ജീവൻ എതിരൊന്നും പറഞ്ഞില്ല… വീട്ടിൽ എത്തി കുറച്ചു കഴിഞ്ഞപ്പോൾ അമ്മ ആദിയുടെ കയ്യും പിടിച്ചു മുറിയിലേക്ക് കൊണ്ട് പോയി… ‘എന്താ മോളെ നിനക്ക് സുഖമില്ലേ?” “എന്താ അമ്മേ? ” “നിന്റെ കോലം ആകെ പോയല്ലോ മോളെ… ” അമ്മ പറയുന്നത് ശരിയാണ്… കല്യാണത്തിന് കണ്ട പലരും ഇതേ കാര്യം പറഞ്ഞിരുന്നു… “അമ്മയ്ക്ക് തോന്നുന്നതാകും. എനിക്ക് ഒരു കുഴപ്പവും ഇല്ല… ” മായ മുറിയിലേക്ക് വന്നപ്പോൾ ഉഷ ആ സംസാരം അവിടെ നിർത്തി… രാത്രി ഭക്ഷണശേഷം എല്ലാവരും അകത്ത് ഇരുന്നു…

അത്ര താല്പര്യം ഇല്ലാതെ ആണെങ്കിലും ജീവനും അവിടെ ഇരുന്നു… അപ്പോഴാണ് പ്രവി വന്നത്… “നീ എന്താടാ ഈ സമയത്ത്? ” അഭി തിരക്കി… “ഒന്നുമില്ല… എല്ലാവരും ഇവിടെ ഉണ്ടെന്ന് നീ പറഞ്ഞല്ലോ… അപ്പോൾ ഇങ്ങോട്ടു പോന്നു… ” “അങ്ങനെ കൂട്ടുകാരനെ അളിയൻ ആക്കിയല്ലേ? ” അഭി തിരക്കി… “ചിലരുടെയെല്ലാം നല്ല മനസ്സു കൊണ്ട് അതു ഭംഗിയായി നടന്നു…” ആദിയെ നോക്കി പ്രവി പറഞ്ഞു. ” നീ എന്റെ അളിയൻമാരെ പരിചയപ്പെട്ടോ? ” അഭി തിരക്കി… “അങ്ങനെ നിന്റെ മാത്രം അളിയൻ ആക്കണ്ട…കല്യാണത്തിന് പരിചയപ്പെട്ടതു തന്നെയാണ്… ചിലപ്പോൾ അളിയന്മാർ മറന്നു കാണും… നമ്മുടെ ആദിയുടെ ആൾക്ക് സംസാരിക്കാൻ കുറച്ചു മടി ആണല്ലേ…

അവരെ കുറച്ചു ദിവസം ഇവിടെ നിർത്ത് നമുക്ക് മാറ്റി എടുക്കാം… ” “ജീവനെ മാറ്റാൻ അങ്ങനെ പുറത്തു നിന്ന് ആരും വേണ്ട. അതിനു എന്റെ ചേച്ചിയുണ്ട്… ” ദുർഗ പറഞ്ഞു… “ഉത്തരവ്… അളിയാ ഇവളെ എങ്ങനെ സഹിക്കുന്നു? ” പ്രവി ജയനോട്‌ തിരക്കി. ജയൻ മറുപടിയായി ഒന്നു ചിരിച്ചതെയുള്ളൂ… “അവളുടെ സംസാരമെങ്കിലും അവിടെ നിറയട്ടെ… ആദി അധികം ഒന്നും സംസാരിക്കില്ലല്ലോ… ” മായ പറഞ്ഞു. അമ്മയും അച്ഛനും അഭിയും പ്രവിയുമെല്ലാം ആദിയെ നോക്കി… “ആര് ആദിയോ… ദുർഗയുടെ അത്രയ്ക്ക് ഇല്ലെങ്കിലും ആദിയും സംസാരിക്കാൻ ഒട്ടും മോശമല്ല… അവളും ഒരു കിലുക്കാം പെട്ടി തന്നെയാ… അതുമാത്രമല്ല… എല്ലാവരുടെയും മനസ്സറിയാൻ അവൾക്ക് ഒരു പ്രത്യേക കഴിവുണ്ട്…” പ്രവി പറഞ്ഞു…

“പ്രവിയേട്ടാ… ആരാ ഇങ്ങനെയൊക്കെ എന്റെ ചേച്ചിയെ കുറിച്ച് പറയാൻ പറഞ്ഞത്… പിന്നെ പ്രവിയേട്ടൻ പറഞ്ഞ ആ യന്ത്രം ഉണ്ടല്ലോ… മനസ്സ് അറിയുന്ന യന്ത്രം അതു ചേച്ചിയുടെ കയ്യിൽ നിന്ന് പോയി… കിട്ടിയാൽ ഒന്നു തിരിച്ചു കൊടുത്തേക്കണേ… ” ദുർഗ പറഞ്ഞു… “മതി ദുർഗ… ആദിയെ നീ അങ്ങനെ കളിയാക്കുകയൊന്നും വേണ്ട… പ്രവി പറഞ്ഞതു പോലെ തന്നെയാ എന്റെ ആദി… ” അഭി പറഞ്ഞു… “കളിയാക്കിയതല്ല ഏട്ടാ… ചേച്ചിക്ക് ഇപ്പോൾ ചേച്ചിയുടെ മനസ്സ് തന്നെ അറിയാൻ കഴിയുന്നുണ്ടോ എന്നാ എന്റെ സംശയം…. ” “ദുര്‍ഗ്ഗേ… നീ എന്തൊക്കെയാ പറയുന്നത്? ” ജയൻ തിരക്കി…. “ജയേട്ടനു എന്റെ ചേച്ചിയെ അറിയില്ല. ഇതു എന്റെ ചേച്ചി തന്നെയാണോ എന്നാ ഇപ്പോൾ എന്റെ സംശയം…

എന്റെ പഴയ ആദി ചേച്ചിയ്ക്ക് ഒരിക്കലും ഒരു വീടിന്റെയോ മുറിയുടെയോ അടുക്കളയുടെയോ ഉള്ളിൽ മാത്രം ഒതുങ്ങി കൂടാൻ കഴിയില്ലായിരുന്നു… എന്റെ ചേച്ചിയ്ക്ക് ഇഷ്ടങ്ങളും അഭിപ്രായങ്ങളും ഉണ്ടായിരുന്നു. ഇവിടെ വീട്ടിൽ മീൻ നന്നാക്കാൻ പറഞ്ഞാൽ മുഖം ചുളിക്കുന്ന ചേച്ചി… അതിന്റെ മണം ഇഷ്ട്ടമില്ലാതിരുന്ന ചേച്ചി ഇപ്പോൾ മീനും ഇറച്ചിയും എല്ലാം വെക്കും. ഇപ്പോൾ കിച്ചണിൽ എന്തോ റിസർച്ച് നടത്തി കൊണ്ട് ഇരിക്കുകയാണ്… ചേച്ചി നഴ്സിംഗ് തന്നെയാണോ പഠിക്കാൻ പോയത് എന്ന കാര്യത്തിൽ എനിക്ക് നല്ല സംശയമുണ്ട്… എന്നോട് തന്നെ ചില ദിവസങ്ങളിൽ സംസാരിക്കില്ല… ഞാൻ അങ്ങോട്ട് ചോദിക്കണം… ” കൂടുതൽ ഒന്നും കേൾക്കാൻ നിൽക്കാതെ ആദി എഴുന്നേറ്റു മുറിയിലേക്ക് നടന്നു. എല്ലാവരുടെയും മുഖം വാടി… ജീവന്റെ മുഖം മാത്രം വലിഞ്ഞു മുറുകി ഇരുന്നു. പ്രവി എഴുന്നേറ്റു ഉമ്മറത്തേക്ക് നടന്നു… കൂടെ അഭിയും…

“ഞാൻ അവളെ കൊണ്ട് ഒന്നും ചെയ്യിച്ചതല്ല ഉഷേ… ഞാൻ ആദ്യം കാണുമ്പോഴും ആദി കുറചച്ചേ സംസാരിച്ചിരുന്നുള്ളൂ… പിന്നെ ആദി തന്നെയാ നോൺ വെജ് ഉണ്ടാക്കാം എന്ന് പറഞ്ഞത്…” “ഇപ്പോൾ പറഞ്ഞതൊന്നും എന്താ വീട്ടിൽ വെച്ചു പറയാതിരുന്നത്?” ജയൻ ദുർഗയോട് തിരക്കി. “എന്റെ ചേച്ചിയുടെ ഭർത്താവ് ഉണ്ടായിരുന്നല്ലോ ആ വീട്ടിൽ… ഭാര്യയുടെ ഇഷ്ടങ്ങൾ ചോദിച്ച് അറിയാമായിരുന്നല്ലോ…” പ്രവി പോയപ്പോൾ അകത്തേക്ക് വന്ന അഭിയും ദുർഗ പറയുന്നത് കേട്ടു… ദേഷ്യം കടിച്ചമർത്തി ജീവൻ എഴുന്നേറ്റു. “ആദീ… ” അവൻ വിളിച്ചു .. ആദ്യമായാണ് അവൻ ഇത്ര അധികാരത്തോടെ വിളിക്കുന്നത്… അവൾ വേഗം മുറിയിൽ നിന്നും വന്നു .. “ഞാൻ വീട്ടിലേക്ക് പോകുകയാണ്… നീ പോരുന്നോ? ” അവൾ ഒന്നും പറയാതെ എല്ലാവരെയും നോക്കി… “ഈ രാത്രി പോകണോ മോനെ? ” മായ തിരക്കി.

“എനിക്ക് വീട്ടിലേക്ക് പോകേണ്ട കാര്യമുണ്ട്… എല്ലാവരും കൂടി നാളെ വന്നാൽ മതി.” അവൻ മുറിയിൽ ചെന്ന് കാറിന്റെ കീ എടുത്തു വന്നു. ഏട്ടന്റെ കയ്യിൽ വെച്ചു കൊടുത്തു. ജയൻ ബുള്ളറ്റിന്റെ കീ എടുത്ത് ജീവനു കൊടുത്തു. ജീവൻ ആരോടും ഒന്നും പറയാതെ അവിടെ നിന്നും ഇറങ്ങി. ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു… മുൻപോട്ട് എടുത്ത ശേഷം അവൻ വണ്ടി നിർത്തി തിരിഞ്ഞു നോക്കി… ആദി അവന്റെ അടുത്തേക്ക് നടന്നു വരുന്നുണ്ടായിരുന്നു… അവൾ അരികിൽ വന്നു നിന്നപ്പോൾ അവൻ കയറാൻ ആഗ്യം കാണിച്ചു… അവൾ തിരിഞ്ഞു നോക്കിയ ശേഷം കയറി ഇരുന്നു… ബുള്ളറ്റ് പാഞ്ഞു പോയതും അഭി ദുർഗയുടെ നേർക്ക് തിരിഞ്ഞു. “അവരു പോയപ്പോൾ നിനക്ക് സന്തോഷമയോ? ” അവൻ ദേഷ്യത്തോടെ തിരക്കി. “സന്തോഷമായി. ഒരുപാട് സന്തോഷമായി…

അവർ അങ്ങനെ ഒരുമിച്ച് ബുള്ളറ്റിൽ പോകുന്നത് കാണാൻ ഞാൻ എത്ര ആഗ്രഹിച്ചിട്ടുണ്ട് എന്നറിയുമോ… ഞാനും ജയേട്ടനും പുറത്തേക്കു പോകുമ്പോൾ ജീവന്റെ കൂടെ എവിടേക്കും പോകാൻ കഴിയാതെ ഇരിക്കുന്ന ചേച്ചിയെ കണ്ട് ഒരുപാട് വിഷമിച്ചിട്ടുണ്ട്… ” എന്നു പറഞ്ഞ് അവൾ മുറിയിലേക്ക് പോയി. “എന്തൊക്കെയാ മോനെ ഇവിടെ നടക്കുന്നത്… ദുർഗ പറയുന്നതൊക്കെ എന്താണ്… എനിക്ക് ഒന്നും മനസിലാകുന്നില്ല…” അച്ഛൻ പറഞ്ഞു… “ആദി ഒന്നും പറയാറില്ല അച്‌ഛാ.. ഇനി ഞങ്ങൾ ശ്രദ്ധിച്ചോളാം… ” എന്നു പറഞ്ഞ് ജയൻ ദുർഗയുടെ അടുത്തേക്ക് ചെന്നു. “ദുർഗേ… നീ നേരത്തെ പറഞ്ഞതൊന്നും ശരിയായില്ല… അഥവാ പറയുന്നുണ്ടെങ്കിൽ അതു പറയാനുള്ള സ്ഥലം ഇവിടെ ആയിരുന്നില്ല. ” “ഞാൻ പറഞ്ഞതൊക്കെ ശരി ആയിരുന്നു.

ചേച്ചി മീനും ഇറച്ചിയും വെക്കുന്നതൊന്നും പ്രശ്നമാക്കി എടുക്കേണ്ട വലിയ കാര്യം അല്ലെന്നും എനിക്ക് അറിയാം. ഇന്നു ഞാൻ പറഞ്ഞതെല്ലാം ജീവൻ കേൾക്കാൻ വേണ്ടി മനഃപൂർവം പറഞ്ഞത് തന്നെയാ… എനിക്ക് തോന്നിയിരുന്നു ജീവന് ദേഷ്യം വരുമെന്ന്… ഇത് നമ്മുടെ വീട്ടിൽ വെച്ച് പറഞ്ഞിരുന്നെങ്കിൽ വീട്ടിൽ നിന്നും ഇറങ്ങി പോയേനെ… ഇവിടെ വെച്ചു പറഞ്ഞതു കൊണ്ടാ പോകുമ്പോൾ ചേച്ചിയെ കൂടെ വിളിച്ചത്… ഇന്നാണ് ജീവൻ ആദി എന്നൊന്ന് വിളിക്കുന്നത് ഞാൻ കേൾക്കുന്നത്. ഇന്നു വീട്ടിൽ വേറെ ആരും ഇല്ല… അവരു മാത്രം… രണ്ടു പേർക്കും മനസ്സ് തുറന്ന് സംസാരിക്കാനുള്ള ഒരു അവസരമല്ലേ ഞാൻ ഉണ്ടാക്കി കൊടുത്തത്… അങ്ങനെയെങ്കിലും രണ്ടാളും ഒന്ന് മനസ്സ് തുറക്കട്ടെ… ” ജയൻ പിന്നീട് ഒന്നും പറഞ്ഞില്ല… ജീവൻ വാതിൽ തുറന്നു… ആദി അവനോടൊപ്പം അകത്തേക്ക് കയറി…

“നിന്റെ അനിയത്തിയെ കൊണ്ട് എല്ലാവരുടെയും മുൻപിൽ വെച്ച് എന്നെ പറയിച്ചപ്പോൾ സമാധാനമയോ? ” “ഞാൻ ആരോടും ഒന്നും പറഞ്ഞിട്ടില്ല ജീവേട്ടാ…” “നിനക്ക് ഇഷ്ടമുള്ളത് പോലെ നിനക്ക് കഴിയാം… നിനക്ക് ഇഷ്ടമില്ലാത്തത് വെച്ചുണ്ടാക്കാൻ ഒന്നും ഞാൻ പറഞ്ഞിട്ടുണ്ടോ? ” “ഇല്ല… ” “ഏട്ടത്തിയായി പോയി. നിന്റെ അനിയത്തി മാത്രമായിരുന്നെങ്കിൽ അവർക്കുള്ള മറുപടി ഞാൻ അപ്പോൾ തന്നെ കൊടുത്തേനെ… മനുഷ്യൻ ഇവിടെ ഭ്രാന്ത് പിടിച്ചു നടക്കാണ്… അപ്പോൾ ആണ് അവളുടെ ഒടുക്കത്തെ സംസാരം… ” എന്നു പറഞ്ഞു അവൻ മുറിയിലേക്ക് പോയി… ദേഷ്യപ്പെട്ടിട്ട് ആയാലും ആദ്യമായാണ് ഇത്രയും നേരം തന്നോട് ജീവേട്ടൻ സംസാരിക്കുന്നത് എന്നവൾ ഓർത്തു. എല്ലാവരുടെയും മുൻപിൽ വെച്ച് ദുർഗ ഇങ്ങനെയൊന്നും പറയേണ്ടി ഇരുന്നില്ലെന്ന് അവൾക്ക് തോന്നി.

പിറ്റേന്ന് വീട്ടിൽ നിന്നും തിരിച്ചെത്തിയ അമ്മയുടെ മുഖത്തു പരിഭവം നിറഞ്ഞു നിൽക്കുന്നത് അവൾ കണ്ടു. തനിച്ചു കണ്ടപ്പോൾ അമ്മ അതിനെ കുറിച്ച് സംസാരിക്കുകയും ചെയ്തു. “നീയും ദുർഗയും എനിക്ക് ഒരുപോലെ അല്ലേ മോളെ… എന്നിട്ടും നീ എന്താ മോളെ ഇങ്ങനെ… നിനക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഞാൻ തന്നിട്ടില്ലേ? ” “ഞാൻ പരാതി ഒന്നും പറഞ്ഞില്ലല്ലോ അമ്മേ… ” “എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ എന്നോട് പറയണം… അതിനൊരു മടിയും വേണ്ട… ഇന്നലെ ദുർഗ എല്ലാവരുടെയും മുൻപിൽ വെച്ച് അങ്ങനെയൊക്കെ പറഞ്ഞപ്പോൾ ഞാൻ അങ്ങു വല്ലാതെ ആയി പോയി… ” “അവൾ പറഞ്ഞതൊന്നും എന്റെ അറിവോടെ അല്ലായിരുന്നു അമ്മേ…”

“ഉം… എന്തായാലും എല്ലാവരുടെയും മനസ്സിൽ ഒരു കരടായി പോയി മോളെ… ” അമ്മ അതും പറഞ്ഞു പോയപ്പോൾ ആദിയ്ക്കും വല്ലായ്മ തോന്നി… അമ്മ പോയപ്പോൾ ജീവൻ അവളുടെ അടുത്തേക്ക് വന്നു… “നമ്മൾ പോന്നതിനു ശേഷം നിന്റെ അനിയത്തി എന്തൊക്കെ വിളമ്പി? ” “എനിക്ക് അറിയില്ല… ” “ഇനി എന്റെ പേരും കൂട്ടി ചേർത്ത് അനാവശ്യമായി എന്തെങ്കിലും പറയാൻ വന്നാൽ ഞാൻ ക്ഷമിക്കില്ല. അനിയത്തിയോട് പറഞ്ഞേക്ക്… ” എന്നും പറഞ്ഞ് അവൻ ഓഫീസിലേക്ക് പോകാനുള്ള ബാഗ് എടുത്ത് വന്നു… അവൻ പോകുന്നതും നോക്കി അവൾ അകത്തു തന്നെ നിന്നു. ജീവൻ ഉമ്മറത്തേക്ക് ചെല്ലുമ്പോൾ അവിടെ അമ്മയുണ്ടായിരുന്നു…. അവൻ അമ്മയെ ശ്രദ്ധിക്കാതെ മുൻപോട്ടു നടന്നു….

“ജീവാ… ” അമ്മയുടെ വിളി കേട്ടതും അവൻ നിന്നു. “ആദിയും നീയും തമ്മിൽ എന്താ പ്രശ്നം?” അവൻ മറുപടി പറയാൻ തുടങ്ങുന്നതിന് മുൻപ് ജയനും ദുർഗയും അവിടേക്ക് വന്നു . “ഞാനും എന്റെ ഭാര്യയും തമ്മിൽ പലതും ഉണ്ടാകും. അതൊന്നും ആരെയും ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല… അമ്മ നിർബന്ധിച്ചു എന്റെ തലയിൽ കെട്ടി വെച്ചത് അല്ലേ… ഞാൻ സഹിച്ചോളാം…” എന്നു പറഞ്ഞ് അവൻ ഇറങ്ങി പോയി… *** “എന്നാലും എന്റെ ദുർഗേ… എന്തിനാ എല്ലാവരുടെയും മുൻപിൽ വെച്ച് അങ്ങനെയൊക്കെ പറഞ്ഞത്. എല്ലാവരും എന്ത് കരുതി കാണും. ഇവിടെ ജീവേട്ടൻ മോൾക്ക് അനിയൻ ആയിരിക്കും. പക്ഷേ ചേച്ചിയുടെ ഭർത്താവാണ്… അതു മറക്കരുത്… ” ആദി പറഞ്ഞു… “ഞാൻ ഒന്നും മറന്നിട്ടില്ല…

ഇതു ചേച്ചി ചോദിച്ചു വാങ്ങിയ വിധിയാ. കിച്ചേട്ടൻ കല്യാണം കഴിക്കാം എന്ന് പറഞ്ഞതല്ലേ… അപ്പോൾ ചേച്ചിയ്ക്ക് വേണ്ട. ഇപ്പോൾ ഇങ്ങനെ ഒരാള് തലയിൽ ആയപ്പോൾ സന്തോഷമായോ?” “ആവശ്യം ഇല്ലാത്ത കാര്യങ്ങൾ വെറുതെ പറയരുത് ദുർഗേ… ഞാൻ എങ്ങനെയെങ്കിലും ഒന്നു ജീവിച്ചോട്ടെ… ” മുറിയിലേക്ക് ചെന്നപ്പോഴാണ് ജീവൻ ഷെൽഫിലുള്ള സാധങ്ങൾ എല്ലാം ആകെ വലിച്ചു വാരി ഇട്ടതിനു ശേഷമാണ് ഓഫീസിൽ പോയത് എന്ന് മനസിലായത്. അവൾ അതെല്ലാം ഒതുക്കി വെക്കാൻ തുടങ്ങി… അപ്പോഴാണ് ഷെൽഫിന്റെ താഴെയുള്ള കള്ളിയിൽ ഇരിക്കുന്ന ഡയറികളും കുറേ ഗിഫ്റ്റുകളും ഗ്രീറ്റിങ് കാർഡുകളും കണ്ടത്… അവൾ നിലത്ത് ഇരുന്നു… ഒരു കാർഡ് എടുത്തു തുറന്നു നോക്കി…

അതിൽ ചുവന്ന മഷിയാലെ ജീവൻ ലവ് സംഗീത എന്ന് എഴുതിയിരുന്നു… അവൾ എല്ലാ കാർഡുകളും തുറന്നു നോക്കി… എല്ലാത്തിലും എഴുതിയിരിക്കുന്ന പേരുകൾ ഒന്നു തന്നെ ആയിരുന്നു. അവളുടെ കണ്ണുകൾ അവന്റെ ഡയറിയിൽ തങ്ങി നിന്നു… അവൾ വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു… മറ്റൊരാളുടെ ഡയറി വായിക്കുന്നത് തെറ്റാണെന്ന് അറിഞ്ഞിട്ടും അവൾ അതിലെ ഒരു ഡയറി എടുത്തു. അത് തുറന്നതും അതിൽ നിന്നും ഒരു ഫോട്ടോ താഴേക്കു വീണു… ദാവണിയുടുത്ത് ജീവന്റെ നെഞ്ചിൽ ചേർന്നു നിൽക്കുന്ന ഒരു പെൺകുട്ടി… ജീവൻ വലതു കൈയ്യാൽ അവളുടെ ചുമലിൽ പിടിച്ചിട്ടുണ്ട്… പ്രണയാതുരമായ വാക്കുകൾ നിറഞ്ഞ ഡയറിയിലെ ഓരോ താളുകളും അവൾ മറിച്ചു നോക്കി…

തീവ്രമായ പ്രണയത്തിന്റെ നിമിഷങ്ങൾ മനോഹരമായ വാക്കുകളാൽ അവിടെ കുറിച്ചിരിക്കുന്നു. അവൾ ആ ഡയറി അവിടെ മടക്കി വെച്ചു. പിന്നെയുള്ളതൊന്നും തുറന്നു നോക്കാൻ തോന്നിയില്ല. ഈശ്വരാ… ഇത്രയും അധികം അവളെ സ്നേഹിക്കുന്നുണ്ടെങ്കിൽ ജീവേട്ടൻ എന്തിനാണ് എന്റെ കഴുത്തിൽ താലി കെട്ടിയത്. പരീക്ഷണങ്ങൾക്ക് അവസാനം ഇല്ലെന്ന് തോന്നി പോയി… ദുർഗ പറഞ്ഞത് പോലെ ഇത് ചോദിച്ചു വാങ്ങിയ വിധിയാണ്… അവൾ എല്ലാം ഷെൽഫിൽ തന്നെ വെച്ചു… കിച്ചണിൽ ഓരോന്നു ചെയ്യുമ്പോഴും പരസ്പരം കാണുമ്പോഴും അമ്മയുടെയും ദുർഗയുടെയും പെരുമാറ്റത്തിൽ കുറച്ചു അകൽച്ച വന്നത് പോലെ ആദിയ്ക്ക് അനുഭവപ്പെട്ടു.

രാത്രി ജീവൻ വരുമ്പോൾ അവനോട് സംസാരിക്കണം എന്ന് ആദി കരുതിയിരുന്നു. എന്നാൽ രാത്രി അവൻ ഏറെ നേരം വൈകിയാണ് വന്നത്. വന്നതും വേഷം പോലും മാറാതെ കിടന്നു… പിറ്റേന്ന് രാവിലെ ദുർഗ ഛർദിക്കുന്നത് കേട്ടാണ് ആദി ഉണർന്നത്… ജീവൻ നല്ല ഉറക്കത്തിൽ ആയിരുന്നു. അവൾ വേഗം എഴുന്നേറ്റ് മുഖം കഴുകിയതിനു ശേഷം ദുർഗയുടെ അടുത്തേക്ക് ചെന്നു. വാതിലിൽ മുട്ടിയപ്പോൾ ജയൻ വന്ന് വാതിൽ തുറന്നു. “ദുർഗ… അവൾക്കു എന്തു പറ്റി? ” ജയൻ വാതിൽക്കൽ നിന്നും മാറി കൊടുത്തു. ആദി വേഗം കട്ടിലിൽ ഇരിക്കുന്ന ദുർഗയുടെ അടുത്തേക്ക് ചെന്നു. “എന്താ മോളെ? ” അവൾ പുഞ്ചിരിച്ചു കൊണ്ട് ആദിയെ കെട്ടിപ്പിടിച്ചു. “എന്താ മോളെ? ” ആദി വീണ്ടും തിരക്കി.

“ഡേറ്റ് തെറ്റിയിരുന്നു ചേച്ചി…” “ഞങ്ങൾ ഒന്നു ഹോസ്പിറ്റലിൽ പോയിട്ടു വരാം ആദി…” ജയൻ പറഞ്ഞു. ആദി വേഗം മുറിയിൽ നിന്നും പുറത്തേക്കു കടന്നു. പ്രതീക്ഷിച്ച പോലെ ശുഭവാർത്തയുമായിട്ടാണ് അവർ തിരിച്ചു എത്തിയത്. അന്നു വൈകുന്നേരം ആദിയുടെ വീട്ടിൽ നിന്നും എല്ലാവരും വന്നു. അവരു വരുന്ന കാര്യം വിളിച്ചു പറഞ്ഞിരുന്നതിനാൽ ജീവൻ വീട്ടിലേക്ക് എത്തിയിട്ടില്ലായിരുന്നു. “മോൾക്ക്‌ സുഖമല്ലേ? ” അച്ഛൻ വേദനയോടെ തിരക്കി. “സുഖമാണ് അച്ഛാ… ” “ജീവൻ? ” “എത്തിയിട്ടില്ല… ” ജീവന്റെ അമ്മയും അവരുടെ അടുത്തേക്ക് വന്നു. “എന്താ അച്ഛനും മോളും കൂടി ഒരു രഹസ്യം പറച്ചിൽ? ” “ഒന്നുമില്ല മായേ… ഞാൻ വെറുതെ മോളോട് ഓരോ വിശേഷങ്ങൾ തിരക്കുകയായിരുന്നു. “രമേശേട്ടൻ വാ ചായ കുടിക്കാം. ആദി നീയും വാ… ”

എല്ലാവരും ചായ കുടിക്കാനിരിക്കുമ്പോൾ ഓരോ വിശേഷങ്ങൾ ചോദിക്കുകയും അതിനു മറുപടി പറയുകയും ചെയ്യുന്നുണ്ടായിരുന്നു. ഒന്നും സംസാരിക്കാതെ ഇരിക്കുന്ന ആദിയെ അച്ഛൻ വേദനയോടെ നോക്കിയിരുന്നു. അവളുടെ മുഖത്തു നിറഞ്ഞു നിൽക്കുന്ന പുഞ്ചിരി വെറും അഭിനയമാണോ എന്ന ചിന്തയിൽ നെഞ്ചു പിടഞ്ഞു. പോകുന്നതിന് മുൻപ് ഇവിടെ എന്തേലും കുഴപ്പമുണ്ടോ മോൾക്ക്‌ എന്ന് ആരും കേൾക്കാതെ അമ്മ തിരക്കി എങ്കിലും ഒന്നും ഇല്ലെന്ന് പറഞ്ഞ് ആദി ഒഴിഞ്ഞു മാറി. എല്ലാവരും പോയി കഴിഞ്ഞാണ് ജീവൻ തിരിച്ച് എത്തിയത്. അവരു വന്നപ്പോൾ നീ ഇവിടെ ഇല്ലാതിരുന്നത് മോശമായി പോയെന്ന് അമ്മയും ജയനും പറഞ്ഞപ്പോൾ അതു കാര്യമാക്കാതെ ജീവൻ മുറിയിലേക്ക് നടന്നു… “ഇന്നത്തെ ചർച്ചയിലും എന്റെ കുറ്റം പറച്ചിൽ ഉണ്ടായിരുന്നോ? ” ജീവൻ തിരക്കി.

“അവരു വന്നത് ദുർഗയെ കാണാനാ… അല്ലാതെ ജീവേട്ടന്റെ കുറ്റം പറയാൻ അല്ല.” അവൻ ഒന്നും പറയാതെ അവളെ ദേഷ്യത്തോടെ നോക്കി കൊണ്ട് കുളിക്കാൻ പോയി. ജീവേട്ടന്റെ മനസ്സിൽ ആ കുട്ടി ആയിരിക്കും… ആ സ്നേഹമാകും തന്നോടുള്ള ദേഷ്യം… ജയേട്ടൻ ദുർഗയെ വിവാഹം കഴിച്ചാൽ മതി എന്നു പറഞ്ഞപ്പോൾ അമ്മ ജീവേട്ടന്റെ സമ്മതം ചോദിക്കാതെയാകും അമ്മ വിവാഹത്തിന്റെ കാര്യം പറഞ്ഞിട്ടുണ്ടാകുക… ആ പെണ്ണുകാണൽ പോലും അപ്രതീക്ഷിതമായിരുന്നല്ലോ… അമ്മയുടെ നിർബന്ധമായിരിക്കും ഈ വിവാഹത്തിൽ കലാശിച്ചത്… അറിയാതെ പോലും സ്നേഹത്തോടെയുള്ള ഒരു നോട്ടം പോലും തനിക്ക് കിട്ടിയിട്ടില്ല…

ഇനി എന്തു ചെയ്യും എന്ന ആലോചനയോടെ ആദി നിന്നു… രാത്രി ആദി മുറിയിലേക്ക് വരുമ്പോൾ ജീവൻ ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നു. സംസാരം കാതിൽ പതിഞ്ഞതും അവൾ ചാരിയിട്ട വാതിലിനു അരികിൽ നിന്നു… “ഗീതു… ഒന്നും മനഃപൂർവം ആയിരുന്നില്ല… അന്ന് അങ്ങനെയൊക്കെ പറ്റി പോയി… ഞാൻ സംസാരിക്കാം… എനിക്ക് കുറച്ചു സമയം കൂടി തരണം… അവിവേകം ഒന്നും കാണിക്കരുത്…” ജീവന്റെ ആകുലത നിറഞ്ഞ ശബ്ദം ആദിയിൽ നിറഞ്ഞു……. .തുടരും

പുതിയൊരു തുടക്കം: ഭാഗം 4

Share this story