❤️കലിപ്പന്റെ വായാടി❤️ : ഭാഗം 31

❤️കലിപ്പന്റെ വായാടി❤️ : ഭാഗം 31

എഴുത്തുകാരി: ശിവ നന്ദ

പാട്ടും തമാശകളും കഥകളും ആയി ആ രാത്രിയെ ഞങ്ങൾ യാത്രയാക്കി.ഇടയ്ക്ക് സമയം നോക്കിയപ്പോൾ വെളുപ്പിന് 4 മണി ആയിരിക്കുന്നു.ശിവേട്ടനും നന്ദുവേട്ടനും സൗഭാഗ്യക്കും രാവിലെ ജോലിക്ക് പോകണമെന്നുള്ളത് കൊണ്ട് കുറച്ച് നേരം എങ്കിലും ഉറങ്ങാമെന്ന് കരുതി ഞങ്ങൾ വീട്ടിലേക്ക് മടങ്ങി.പക്ഷെ ഞങ്ങളുടെ ഉദ്ദേശം ചീറ്റിപ്പോകുംവിധം കതക് നല്ല ഭംഗിയായി അടച്ചു കുറ്റിയിട്ടിട്ടുണ്ട്.അമ്മ ഞങ്ങള്ക്ക് നല്ല പണിയാണ് തന്നത്.അടുക്കളവാതിലും അടച്ചിട്ടുണ്ട്.കാളിങ് ബെൽ അടിച്ചാൽ ഉറക്കം കളഞ്ഞൂന്നും പറഞ്ഞാകും വഴക്ക്. അത് കൊണ്ട് ആ സിറ്റ്ഔട്ടിൽ ഇരുന്നു ഉറങ്ങാൻ തീരുമാനിച്ചു. *****

രാവിലെ ഞാൻ തന്നെയാണ് ആദ്യം ഉണർന്നത്.എന്റെ അടുത്ത് തന്നെ സൗഭാഗ്യയും ചാരുപടിയിൽ ഇരുന്നു ഉറങ്ങുന്നുണ്ട്. ഏട്ടന്മാരുടെ ഉറക്കം ആണ് കാണാൻ ഉള്ളത്.നാലുപേരും പരസ്പരം കെട്ടിപിടിച്ച് നിലത്ത് കിടപ്പുണ്ട്.ഞാൻ സൗഭാഗ്യയെ വിളിച്ചുണർത്തി അകത്തേക്ക് പോയി. “ഒറ്റയൊരെണ്ണത്തിനും ബോധമില്ല. അതെങ്ങനെയാ ഇവിടെ ഉള്ള രണ്ടെണ്ണത്തിന്റെ കൂടെ കൂടിയാൽ ബാക്കി ഉള്ളവരുംകൂടി ചീത്തയാകും.. ” മാതാശ്രീ കട്ടകലിപ്പിലാണ്.കുറ്റം പറയാൻ പറ്റൂല..രണ്ട് വാതിലും ജസ്റ്റ്‌ ഒന്ന് ചാരിയിട്ടാണല്ലോ ഞങ്ങൾ ഏർമാടത്തിൽ പോയിരുന്നത്. “ഈ കൊച്ചിനെയും കൂടി നീ വഷളാക്കിയല്ലോടി..ഇതിനു ഇങ്ങനെയൊന്നും ശീലമില്ലാത്തത് അല്ലേ.ഇവളുടെ വീട്ടുകാർ അറിഞ്ഞാൽ ഞങ്ങളെ അല്ലേ പറയു” “അങ്ങനെയൊന്നും ഇല്ല ആന്റി.

സത്യം പറഞ്ഞാൽ ഇത്രയും എൻജോയ് ചെയ്ത ഒരു നിമിഷം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.” “എന്നാലും മോളേ..” “എന്റെ അമ്മേ.. ഞങ്ങൾ നേരത്തെ പ്ലാൻ ചെയ്ത് പോയതൊന്നും അല്ല.ചുമ്മാ ഇറങ്ങിയപ്പോൾ ഏട്ടന്മാർ അവിടെ ഇരിക്കുന്നത് കണ്ടു.കുറച്ച് കഴിഞ്ഞപ്പോൾ ഞങ്ങൾ വീട്ടിൽ ഇല്ലെന്ന് അറിഞ്ഞ് ഇവളും വന്നു. എല്ലാവരുംകൂടി ഇരുന്നപ്പോൾ നല്ല രസമായിരുന്നു. സമയം പോയത് അറിഞ്ഞില്ല” “ഇവിടെ വല്ല കള്ളനും കയറി ഞങ്ങളെ കൊന്നിട്ടാൽ പോലും നീയൊന്നും അറിയില്ലായിരുന്നല്ലോ.വാതിലും തുറന്നിട്ട്‌ പോയേക്കുന്നു” “പിന്നേ തുറന്നിട്ട വാതിലിൽ കൂടിയല്ലേ കള്ളൻ വരൂ” “എന്താടി പറഞ്ഞത്??” അമ്മ ചപ്പാത്തികോൽ എടുത്തതും ഞാൻ ഉമ്മറത്തേക്ക് ഓടി.പിന്നേ എല്ലാവരെയും വിളിച്ചുണർത്തി.ലേറ്റ് ആയത് കൊണ്ട് ശിവേട്ടൻ അധികം റോമൻസിന് ഒന്നും നിന്നില്ല.

ഏട്ടൻ നേരെ ഓഫീസിലേക്ക് പോയി. അതിന് പിറകെ ഗിരിയേട്ടനും. നന്ദു ഏട്ടൻ റെഡി ആയി വന്നപ്പോൾ അമ്മയും സൗഭാഗ്യയും യാത്ര പറച്ചിലും കെട്ടിപിടിത്തവും ഉമ്മകൊടുപ്പും ഒക്കെ ആയിരുന്നു. “നീ വരുന്നുണ്ടോ. പോകുന്ന വഴിക്ക് ഞാൻ ഹോസ്പിറ്റലിൽ ഇറക്കാം” “ദാ വരുവാ ഏട്ടാ..പിന്നേ അമ്മേ..അടുത്ത ആഴ്ച ഓണം ആണല്ലോ..ചിങ്ങത്തിലെ അവിട്ടം നക്ഷത്രത്തിൽ ആണ് മുത്തശ്ശന്റെ പിറന്നാൾ..നിങ്ങൾ എല്ലാവരും വരണം ട്ടോ…അപ്പോൾ ശെരി അമ്മേ ഞാൻ ഇറങ്ങട്ടെ” “ഞങ്ങൾ വരാം മോളേ.ഇടയ്ക്ക് സമയം കിട്ടുമ്പോൾ ഒക്കെ മോള് ഇങ്ങോട്ടും വരണം..കേട്ടോ” “അപ്പോൾ മോള് മാത്രം വന്നാൽ മതിയല്ലേ” നന്ദു ഏട്ടൻ ചോദിച്ചതും അമ്മ ഏട്ടന്റെ നെറുകയിൽ ഒരു ഉമ്മ കൊടുത്തു.

“നിന്നെയും സച്ചിയേയും ഞാൻ ശിവയുടെ കൂട്ടുകാർ ആയിട്ടല്ല എന്റെ ഗിരിയെ പോലെ തന്നെയാ കാണുന്നത്. ഇങ്ങോട്ട് വരാൻ നിങ്ങളെ ആരും ക്ഷണിക്കേണ്ട ആവശ്യമില്ല.” നന്ദുവേട്ടൻ തിരികെ അമ്മയ്ക്കും ഒരു ഉമ്മ നൽകി ഇറങ്ങി.അപ്പോഴും പല്ല് പോലും തേക്കാതെ ഉറക്കപിച്ചിൽ ഇരിപ്പുണ്ട് സച്ചിയേട്ടൻ.ദുബായിൽ നിന്ന് വന്നത് കൊണ്ട് ഇപ്പോൾ ആൾക്ക് ഇതൊക്കെ തന്നെയാ പണി.കുളിക്കാതെ ഫുഡ്‌ തരില്ലെന്ന് ഞാൻ കട്ടായം പറഞ്ഞത് കൊണ്ട് എന്റെ തലക്കിട്ടൊന്ന് കൊട്ടി തോർത്തും പേസ്റ്റും എടുത്ത് കിണറ്റിന്കരയിലേക്ക് പോയിട്ടുണ്ട്.ബ്രേക്ഫാസ്റ് കഴിച്ച് സച്ചിയേട്ടനും ഇറങ്ങി.എല്ലാവരും പോയപ്പോൾ ഈ വീടും ഉറങ്ങിയത് പോലെ.

സന്തോഷവും സ്നേഹവും ഒത്തൊരുമയും ഉണ്ടെങ്കിൽ വീടിന് പോലും ജീവൻ ഉള്ളത് പോലെ തൊന്നും.വൈകിട്ട് ഞാനും കൂടി പോയിക്കഴിഞ്ഞാൽ പിന്നെയിവിടെ അച്ഛനും അമ്മയും ഗിരിയേട്ടനും മാത്രം.ഞങ്ങൾ ആരും ഇല്ലെങ്കിൽ ഏട്ടൻ ഏട്ടന്റെതായ ലോകത്തായിരിക്കും.നേരെ മറിച്ച് ഏട്ടന്റെ കല്യാണം കഴിഞ്ഞിരുന്നെങ്കിൽ….ആ ചിന്ത വന്നപ്പോഴാണ് ഇതുവരെ തോന്നാത്തയൊരു ആഗ്രഹം എനിക്ക് ഉണ്ടായത്.സൗഭാഗ്യ…എന്ത് കൊണ്ടും എന്റെ വീടിന് ചേർന്ന പെണ്ണ്.ഒന്നും മനസ്സിൽ വെച്ച് ശീലമില്ലാത്തത് കൊണ്ട് അപ്പോൾ തന്നെ ആ ആഗ്രഹം അമ്മയോട് പറഞ്ഞു. “ഗിരിയാണോ നിന്നെ കൊണ്ട് ഇങ്ങനെ ചോദിപ്പിച്ചത്” “ഏട്ടൻ ഇത് അറിഞ്ഞിട്ടുകൂടിയില്ല.

എന്റെ ഒരു ആഗ്രഹം പറഞ്ഞതാ.പോരാത്തതിന് ഏട്ടൻ അവളോട് അങ്ങനെ സംസാരിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല” “സൗഭാഗ്യ നല്ല കുട്ടി ആണ്.സൗന്ദര്യവും കഴിവും പഠിപ്പും എല്ലാത്തിലുമുപരി നല്ല സ്വഭാവവും.പക്ഷെ അവൾ വലിയ ഒരു തറവാട്ടിലെ ആണ്.അതും അവിടുത്തെ ആദ്യത്തെ പെൺതരി.ഒരുപാട് ആചാരങ്ങളും വിശ്വാസങ്ങളും ഉള്ള അവർ പുറത്തുള്ള ഒരാൾക്ക് അവളെ കെട്ടിച്ചുകൊടുക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ??” “ജാതി നോക്കിയാണോ അമ്മേ ജീവിക്കുന്നത്?” “കാലങ്ങളായി നാഗത്താനും ഉപദേവതകൾക്കും വിളക്ക് വെക്കുന്ന കോവിലകത്തുള്ളവർക്ക് ജാതി വലിയ വിഷയം തന്നെയാണ്.നമ്മളോടൊക്കെ കൂട്ടുകൂടുകയും സഹകരിക്കുകയും ചെയ്യുമെങ്കിലും വിവാഹം പോലുള്ള കാര്യങ്ങളിൽ അവർ ആ പഴയരീതികൾ തുടർന്ന് പോകുന്നവർ ആണ്.

അത് കൊണ്ട് നടക്കാത്ത മോഹങ്ങൾ ഗിരിയുടെയും സൗഭാഗ്യയുടെയും മനസ്സിൽ കുത്തിനിറയ്ക്കാൻ നോക്കാതെ എന്റെ മോള് ഈ ആഗ്രഹം അങ്ങ് മറന്നേക്ക്.” അമ്മ പറഞ്ഞപ്പോഴാണ് ഞാനും അതിനെ പറ്റി ചിന്തിച്ചത്.ഏട്ടന്റെ കല്യാണത്തെ കുറിച്ച് ചിന്തിച്ചപ്പോൾ പെണ്ണിനെ മാത്രമേ ഞാൻ നോക്കിയോളു..അവളുടെ കുടുംബത്തെ കുറിച്ച് ആലോചിച്ചില്ല.അമ്മ പറഞ്ഞത് പോലെ വെറുതെ നടക്കാത്ത കാര്യങ്ങൾ പറഞ്ഞ് ഇപ്പോഴുള്ള സൗഹൃദത്തിന് ഒരു കുഴപ്പവും ഉണ്ടാക്കണ്ട. കുറച്ച് നേരം അമ്മയെ അടുക്കളയിൽ സഹായിച്ചിട്ട് ഞാൻ അമ്പൂട്ടിയും ആയി നേരെ ടീവിയുടെ മുന്നിൽ വന്നിരുന്നു.

ഓരോ ചാനലും മാറ്റി മാറ്റി നോക്കിയെങ്കിലും അവസാനം അവൾക് കൊച്ചുടീവി തന്നെ വെച്ചുകൊടുക്കേണ്ടി വന്നു.ഒന്നും മനസിലാകുന്നില്ലെങ്കിലും അതും നോക്കി ഇരിക്കുന്നുണ്ട് പെണ്ണ്. എനിക്കാണെങ്കിൽ ഒന്നിലും ഒരു താല്പര്യം തോന്നിയില്ല.മനസ്സ് മുഴുവനും ഇന്നലെ രാത്രിയിലെ നിമിഷങ്ങൾ ആയിരുന്നു.എല്ലാവരും എന്നും ഇതുപോലെ സ്നേഹത്തോടെ ഇരുന്നാൽ മതി. “മോളേ..ശിവ ഉച്ചക്ക് ഊണ് കഴിക്കാൻ വരുമോ?” “ഇല്ലച്ഛാ..ഏട്ടൻ ഊണ് കൊണ്ട് പോയിട്ടുണ്ട്” അച്ഛൻ ശിവേട്ടന്റെ കാര്യം തിരക്കിയത് പോലെ ഒരിക്കൽ പോലും ഗിരിയേട്ടനെ കുറിച്ച് അന്വേഷിക്കുന്നത് ഞാൻ കേട്ടിട്ടില്ല.അച്ഛന്റെ ഈ മനോഭാവത്തിൽ ഇന്നൊരു തീരുമാനം ഉണ്ടാക്കണം. “അച്ഛാ..ഞാൻ ഒരു കാര്യം ചോദിക്കട്ടെ? ”

“നീ ചോദിക്ക് മോളേ.അതിന് എന്തിനാ ഒരു മുഖവുര” “ശിവേട്ടന്റെ കാര്യത്തിൽ ഉള്ള ഈ വേവലാതിയുടെ പകുതി എങ്കിലും അച്ഛൻ ഗിരിയേട്ടന്റെ കാര്യത്തിൽ കാണിക്കാറുണ്ടോ?? ഗിരിയേട്ടൻ എന്തെങ്കിലും കഴിച്ചോ…എപ്പോൾ വരും എപ്പോൾ പോകും…അങ്ങനെ എന്തെങ്കിലും അച്ഛൻ ഇന്നേവരെ അന്വേഷിച്ചിട്ടുണ്ടോ???” “ഗൗരി നീ എന്തൊക്കെയാ അച്ഛനോട് ചോദിക്കുന്നത്?” “അമ്മ പ്ലീസ്..ഞാൻ അച്ഛനോട് അല്ലേ സംസാരിക്കുന്നത്.അമ്മ ജസ്റ്റ്‌ കേട്ട്കൊണ്ട് നിന്നാൽ മതി” “അച്ഛൻ പറ..എന്തിനാ എന്റെ ഏട്ടനെ ഇങ്ങനെ അകറ്റിനിർത്തുന്നത്??” “മോളേ..ഞാൻ അവനെ അകറ്റിനിർത്തിയെന്ന് അവൻ നിന്നോട് പറഞ്ഞോ?” “ഏട്ടൻ അങ്ങനെ പറഞ്ഞിട്ടില്ലായിരുന്നു..പക്ഷെ എന്ന് അച്ഛൻ ശിവേട്ടനെ മോനേ പോലെ കാണാൻ തുടങ്ങിയോ അന്ന് മുതൽ ഏട്ടന്റെ മനസ്സ് ഞാൻ മനസിലാക്കി.”

“ശിവയെ ഞാൻ മരുമകൻ ആയിട്ട് അല്ല കാണുന്നത്” “അറിയാം അച്ഛാ..അത് നല്ല കാര്യമാണ്.പക്ഷെ സ്വന്തം മകനോട് കാണിക്കാത്ത സ്നേഹം മരുമകനോട് കാണിക്കുമ്പോൾ അത് വെറും അഭിനയമായിട്ടേ മറ്റുള്ളവർക്ക് തോന്നു” “ഗൗരി നീ അകത്തു പോ..ഓരോ അനാവശ്യം പറഞ്ഞുകൊണ്ട് വന്നേക്കുന്നു” “ഇത് അനാവശ്യമായിട്ട് അമ്മയ്ക്ക് തോന്നിയെങ്കിൽ അമ്മ അകത്തേക്ക് പൊയ്ക്കോളൂ..എനിക്ക് പറയാൻ ഉള്ളത് ഞാൻ പറയും.ഇനിയും എന്റെ ഏട്ടന്റെ സങ്കടം കണ്ടില്ലെന്ന് നടിക്കാൻ എനിക്ക് പറ്റില്ല” “ഗിരിയെ ഞാൻ മനഃപൂർവം അകറ്റി നിർത്തിയിട്ടില്ല.മക്കൾ തന്നോളം ആകുമ്പോൾ ഏതൊരു അച്ഛനും അവർ സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹിക്കും.

അതിന് വേണ്ടി കുറച്ച് കർക്കശക്കാരൻ ആയിട്ടുണ്ട്.” “ഇതൊന്നും ഒരു ന്യായമല്ല അച്ഛാ..ഒന്നുമല്ലെങ്കിലും ‘അച്ഛൻ’ എന്ന് ആദ്യമായി വിളിച്ചത് ഏട്ടൻ അല്ലേ.അച്ഛന്റെ നെഞ്ചിലെ ചൂട് തട്ടിയല്ലേ ഏട്ടൻ വളർന്നത്.പിന്നേ എപ്പോഴാ അച്ഛൻ ഏട്ടനിൽ നിന്ന് അകന്നത്?? കുട്ടിക്കാലത്തു എന്റെ ഇഷ്ടങ്ങൾ അച്ഛൻ സാധിച്ച് തരുമ്പോൾ നിഷ്കരുണം ഏട്ടന്റെ ആഗ്രഹങ്ങൾ അച്ഛൻ ഗൗനിക്കാതിരുന്നിട്ടുണ്ട്.എന്നിട്ടും അതിന്റെ ഒരു ദേഷ്യവും എന്നോട് കാണിക്കാത്ത ഒരു പാവമാണ് എന്റെ ഏട്ടൻ.ഒരുപക്ഷെ അച്ഛനെക്കാൾ കൂടുതൽ എന്നെ സ്നേഹിച്ചതും എന്റെ ഏട്ടൻ ആണ്.” “നീ എന്ത് അറിഞ്ഞിട്ട ഗൗരി ഈ സംസാരിക്കുന്നത്..ഈ മനുഷ്യൻ അവനെ സ്നേഹിക്കുന്നില്ലെന്നാണോ??

അവൻ എവിടെയെങ്കിലും പോയി താമസിച്ച് വരുമ്പോൾ അവൻ വരുന്നതും കാത്ത് ഉറങ്ങാതിരിക്കുന്നത് നിങ്ങളുടെ ഈ അച്ഛനാ.അവന്റെ വണ്ടിയുടെ സൗണ്ട് കേൾക്കുമ്പോൾ എന്നെ വിളിച്ചുണർത്തും.അവന് വയ്യാതെ കിടക്കുമ്പോൾ ഈ മനുഷ്യന്റെ നെഞ്ചിൽ തീയാണ്..അതൊന്നും അറിയാതെയാ നീ ഈ പറയുന്നത്” “സത്യമാ അമ്മ പറഞ്ഞത്.ഞങ്ങള്ക്ക് ഇതൊന്നും അറിയില്ല.ഇങ്ങനെ സ്നേഹിച്ചിട്ട് എന്ത് പ്രയോജനം?? സ്നേഹം പ്രകടിപ്പിക്കാൻ ഉള്ളതാണ്.അല്ലാതെ മനസിനകത് ഒളിപ്പിച്ചു വെക്കാൻ അല്ല.ശിവേട്ടനെ അച്ഛൻ സ്നേഹിക്കുന്നത് കാണുമ്പോൾ ഗിരിയേട്ടന്റെ മനസ്സ് എത്രത്തോളം വേദനിക്കുന്നുണ്ടെന്ന് അച്ഛന് അറിയുമോ?? പക്ഷെ അതിന്റെ പേരിൽ ഗിരിയേട്ടന് ശിവേട്ടനോട് ഒരു ദേഷ്യവും ഇല്ല.കരണം എന്റെ ഏട്ടന് സ്നേഹം എന്താണെന്ന് അറിയാം.

അച്ഛൻ ഒരു കാര്യം ഓർക്കണം..അച്ഛനോ അമ്മയ്ക്കോ എന്തെങ്കിലും വയ്യാതായാൽ ഗിരിയേട്ടൻ മാത്രമേ കാണു..ഏട്ടൻ വിളിച്ചു പറയുമ്പോൾ മാത്രമേ ഞാനും ശിവേട്ടനും കാര്യം അറിയാത്തോളു..” “ഒരുപാട് സ്നേഹിച്ചാൽ ആൺമക്കൾ വഷളായി പോകുമെന്ന് ഒരു തോന്നൽ എനിക്ക് ഉണ്ടായിരുന്നു.അച്ഛനെ പേടിയില്ലാതെ വളരുന്ന മക്കൾ വഴിതെറ്റി പോകാൻ ഉള്ള സാധ്യത കൂടുതൽ ആണെന്ന് പലരുടെയും അനുഭവത്തിൽ നിന്ന് ഞാൻ മനസിലാക്കിയിരുന്നു.പക്ഷെ ഇപ്പോൾ തോന്നുന്നു ഞാൻ ഒന്ന് ചേർത്ത് പിടിച്ചിരുന്നെങ്കിൽ ഗിരി ഇത്രക്ക് മുൻകോപി ആകില്ലായിരുന്നെന്ന്” “അവിടെയും അച്ഛന് തെറ്റി.എന്റെ ഏട്ടൻ മുൻകോപി അല്ല.കലിപ്പൻ ആണ്.അത് നാട്ടുകാരുടെ കാര്യത്തിൽ അല്ല.ഏട്ടൻ ആദ്യമായി ഒരുത്തനെ തല്ലിയത് എന്തിനാണെന്ന് അറിയുമോ?? അവൻ “തന്തക്ക് വിളിച്ചപ്പോൾ”..

അച്ഛൻ എന്ന സ്ഥാനത്തിന് അത്രത്തോളം വിലകല്പിക്കുന്ന ഒരാളും ആ വിളി സഹിക്കില്ല.അതോടെ എന്റെ ഏട്ടന് വഴക്കാളി എന്ന പേര് കിട്ടി.പിന്നേ പലപ്പോഴും ഏട്ടൻ വഴക്കുണ്ടാക്കിയിട്ടുള്ളത് എനിക്ക് വേണ്ടിയാ..എന്റെ കാര്യത്തിൽ അച്ഛൻ എന്തെങ്കിലും ശ്രദ്ധ കാണിച്ചിട്ടുണ്ടോ?? അതിന്റെ ആവശ്യം ഉണ്ടായിട്ടില്ല..കാരണം എനിക്കൊരു ഏട്ടൻ ഉണ്ട്..എന്നെ ആരെങ്കിലും ശല്യം ചെയ്‌താൽ ആ ഏട്ടൻ അതിൽ തീരുമാനം എടുക്കുമായിരുന്നു.ചുരുക്കി പറഞ്ഞാൽ ഗിരിയേട്ടൻ വഴക്കുണ്ടാക്കിയിട്ടുള്ളത് മുഴുവനും നമുക്ക് വേണ്ടിയാണ്..ഉള്ളിലെ സ്നേഹം പ്രകടിപ്പിക്കാതെ അച്ഛൻ നടക്കുമ്പോൾ ഉള്ളിലെ സങ്കടം ആരെയും അറിയിക്കാതെ എന്റെ ഏട്ടനും ഈ വീട്ടിൽ ഉണ്ടായിരുന്നു….

അച്ഛന്റെ ‘മോനേ’ എന്നൊരു വിളിയും കാത്ത്…” ഒന്നും മിണ്ടുന്നില്ലെങ്കിലും ഞാൻ പറയുന്നത് ഒക്കെ ആ മനസ്സിൽ കൊള്ളുന്നുണ്ടെന്ന് എനിക്ക് അറിയാം.അച്ഛന്റെ അടുത്തായി നിലത്ത് ഞാൻ ഇരുന്നു.ആ കൈകളിൽ പിടിച്ചുകൊണ്ട് ഞാൻ തുടർന്നു: “സങ്കടപെടുത്താൻ പറഞ്ഞത് അല്ലച്ഛാ..എന്റെ ഏട്ടന്റെ ഉള്ള് നീറുന്നത് ഇനിയും കാണാൻ വയ്യാത്തത് കൊണ്ടാ.മക്കൾ തന്നോളം ആകുമ്പോൾ അകറ്റുകയല്ല..അവര്ക് നല്ലൊരു സുഹൃത്തായി മാറണം.തെറ്റ് കണ്ടാൽ സ്നേഹത്തോടെ ശാസിക്കണം..കാലിടറുമ്പോൾ കൈത്താങ്ങാകണം.ഏട്ടന്റെ മനസ്സിൽ എന്നെക്കാൾ സ്ഥാനം അച്ഛനാണ്.” എന്റെ നെറുകയിൽ ഒന്ന് തലോടിയിട്ട് അച്ഛൻ മുറിയിലേക്ക് പോയി.

എല്ലാം കേട്ട് നിന്ന അമ്മ എന്നെ ചേർത്ത്പിടിച്ച് ചുംബിച്ചു. “എല്ലായിപ്പോഴും മുതിർന്നവർ പറയുന്നത് അനുസരിക്കുക മാത്രമല്ല..ചില സമയത്ത് മക്കൾ പറയുന്നത് അച്ഛനമ്മമാരും കേട്ട് നിൽക്കണം.സ്നേഹബന്ധങ്ങളുടെ കാര്യത്തിൽ എന്റെ മക്കൾ തന്നെയാണ് ശരി.” നിറഞ്ഞു വന്ന കണ്ണുനീർ എന്നെ കാണിക്കാതിരിക്കാൻ അമ്മ അടുക്കളയിലേക്ക് നടന്നു.ഞാൻ അച്ഛന്റെ മുറിയിൽ പോയി നോക്കുമ്പോൾ ഞങ്ങളുടെ കുട്ടിക്കാലത്തെ ആൽബം എടുത്ത് നോക്കുവാ അച്ഛൻ.അത് കണ്ടതോടെ ഞാൻ ഹാപ്പി ആയി.ആ സന്തോഷം പങ്കിടാൻ വേണ്ടി ശിവേട്ടനെ വിളിച്ചപ്പോൾ ഫോൺ എടുത്തില്ല..തിരക്കിലായിരിക്കും.പിന്നേ നേരെ തൊടിയിലേക്ക് ഇറങ്ങി.കുട്ടിപ്പട്ടാളം ഒക്കെ സ്കൂളിൽ പോയേക്കുവാ.

എനിക്ക് പിന്നേ ചെറിയ മടി ഉള്ളത് കൊണ്ടാണ് ഇന്ന് ലീവ് ആക്കിയത്.കുറച്ച് നേരം മുത്തശ്ശിയെ വിളിച്ചു കത്തിയടിച്ചു.ഇന്നലെ രാത്രിയിലെ സംഭവങ്ങൾ ഒക്കെ പറഞ്ഞ് ചിരിച്ചും കുസൃതി പറഞ്ഞും കുറേ നേരം അങ്ങനെ പോയി.ഉച്ചക്ക് ചോറ് കൊടുത്ത് കഴിഞ്ഞ് അമ്പൂട്ടിയെ ഉറക്കി.കൂടെ ഞാനും കിടന്നു.അപ്പോഴും ശിവേട്ടനെ വിളിച്ചു നോക്കി.പക്ഷെ കാൾ എടുത്തത് അനഘ ആണ്.ശിവേട്ടൻ മീറ്റിംഗിൽ ആണത്രേ..ആണെങ്കിൽ തന്നെ ഇവൾ എന്തിനാ എന്റെ ശിവേട്ടന്റെ ഫോൺ എടുക്കുന്നത്??? തികട്ടി വന്ന ദേഷ്യം ഞാൻ ഉറങ്ങി തീർത്തു..അല്ല പിന്നെ…. വൈകിട്ട് ചായ കുടിച്ച് കൊണ്ടിരുന്നപ്പോഴേക്കും ശിവേട്ടൻ എത്തി.ഏട്ടനും ചായ കൊടുത്തു.

“നിങ്ങളുടെ ഫോൺ എങ്ങനെയാ അനഘയുടെ കയ്യിൽ വന്നത്??” “എന്തേ?” “ഞാൻ വിളിച്ചപ്പോൾ അവൾ ആണ് അറ്റൻഡ് ചെയ്തത്.” “അതിനിപ്പോൾ എന്താ?? ഞാൻ മീറ്റിംഗിൽ ഇരുന്നപ്പോൾ ആയിരിക്കും നീ വിളിച്ചത്” “മ്മ്മ്…” “എന്താടി പെണ്ണേ..മ്മ്മ്…കലിപ്പ് ആണല്ലോ” “എനിക്ക് കലിപ്പ് ഒന്നും ഇല്ല.അല്ലെങ്കിൽ തന്നെ ഞാൻ എന്തിനാ ഇയാളെ വിളിക്കുന്നത്” “അതാ നീ എന്തിനാ എന്നെ വിളിക്കുന്നത്?? അല്ല നീ എന്തിനാ എന്നെ വിളിച്ചത്? ” “ഒന്നുമില്ല” “പറയടി” “ഒന്നുമില്ലെന്ന് പറഞ്ഞില്ലേ” ദേഷ്യപ്പെട്ട് ഞാൻ മുറിയിലേക്ക് വന്നു.തൊട്ടുപിറകെ ശിവേട്ടനും..അകത്തു കയറിയതും ഏട്ടൻ കതക് അടച്ച് കുറ്റിയിട്ടു.

മീശയും പിരിച്ച് കള്ളച്ചിരിയോടെ എന്റെ അടുത്തേക്ക് ഓരോ ചുവട് വെക്കുമ്പോഴും ഞാൻ ഓരോ ചുവട് പിറകിലേക്ക് വെച്ചുകൊണ്ടിരുന്നു.ഒടുവിൽ ഭിത്തിയിൽ ചെന്നു തട്ടി നിന്നപ്പോൾ ഞാൻ ശിവേട്ടന്റെ മുഖത്തേക്ക് നോക്കി.രണ്ട് കയ്യും എനിക്ക് ഇരുവശവും കുത്തിനിർത്തി മുഖം എന്നിലേക്ക് അടുപ്പിച്ചു… “എന്നിൽ നിന്ന് അകന്ന് പോകാൻ കഴിയുമോ എന്റെ പെണ്ണിന്??” ആ ചുടുനിശ്വാസം എന്റെ കവിളിൽ പതിഞ്ഞപ്പോൾ ഒരു പിടച്ചിലോടെ ഞാൻ ശിവേട്ടന്റെ ഷർട്ടിൽ മുറുകെ പിടിച്ചു. “ഈ നാണം ഇതുവരെ മാറിയില്ലേടി??? ” എന്റെ മുഖം പിടിച്ച് ഉയർത്തികൊണ്ട് ശിവേട്ടൻ ചോദിച്ചപ്പോൾ ഞാൻ കാൽവിരലിൽ ഊന്നി ശിവേട്ടന്റെ നെറ്റിയിൽ ഒരു ചുംബനം നൽകി.

അപ്പോഴേക്കും ഇടുപ്പിൽ പിടിച്ച് കൊണ്ട് ശിവേട്ടൻ എന്നെ പൊക്കിയെടുത്തിരുന്നു.കട്ടിലിൽ മെല്ലെ കിടത്തി എന്റെ അരികിലായി ചേർന്ന് കിടന്നു. “ഈ മനസ്സ് നിറയെ ഇപ്പോൾ പ്രണയമാണ്….നീ ചിന്തിക്കുന്നതിനും അപ്പുറം.ഇനി എത്ര ജന്മം ഉണ്ടെങ്കിലും എന്റെ പാതിയായി എനിക്ക് നിന്നെ മാത്രം മതി.കലിപ്പനായ ശിവയെ സ്നേഹിച്ച ഈ വായാടി ഗൗരിയേ…അത് കൊണ്ട് കണ്ട അവളുടെയും ഇവളുടെയും പേരും പറഞ്ഞ് ഇനി ഈ മുഖം വാടരുത്..കേട്ടല്ലോ…” “മ്മ്മ്…” മുഖത്ത് നോക്കാതെ ഞാൻ മൂളി..നെറ്റിയിലും മൂക്കിൻത്തുമ്പിലും ശിവേട്ടന്റെ ചുണ്ട് പതിഞ്ഞു.പുറത്ത് അമ്പൂട്ടിയുടെ കൊഞ്ചല് കേട്ടപ്പോൾ ശിവേട്ടനെ വിട്ട് ഞാൻ എഴുന്നേറ്റു. “അമ്പൂട്ടി ഉണർന്നു..

ഞാൻ പോയി നോക്കട്ടെ” “അത് അമ്മ നോക്കിക്കോളും” “അയ്യോടാ…മര്യാദക് എഴുനേറ്റ് പോയി കുളിക്ക്..നമുക്ക് പോകണ്ടേ” “എടി അൺറൊമാന്റിക് പൊണ്ടാട്ടി…നീ എന്റെ അടുത്ത് വരും കേട്ടോ..” അത്രയും പറഞ്ഞ് കുളിക്കാൻ ആയി ശിവേട്ടൻ പോയി.ഞാൻ പുറത്തേക്കും ഇറങ്ങി.. തിരികെ വീട്ടിലേക്ക് പോകാനായി ഞങ്ങൾ റെഡി ആയി.ഗിരിയേട്ടൻ വന്നിട്ട് പോകാമെന്ന് കരുതി കാത്തിരിക്കുന്ന സമയം അമ്പൂട്ടിയെ മടിയിൽ ഇരുത്തി ഓരോ വാക്കുകളും പഠിപ്പിച്ച് കൊടുക്കുവാ അച്ഛൻ.പലതും അവളുടെ കുഞ്ഞ് നാവിനു ഉച്ചരിക്കാൻ കഴിയാത്തത് ആയിരുന്നു.വളരെ കഷ്ടപ്പെട്ട് അവളുടേതായ ഭാഷയിൽ അവൾ പറയാൻ തുടങ്ങി.അത് കേട്ട് ചിരിച്ചു കൊണ്ടിരുന്നപ്പോഴേക്കും ഗിരിയേട്ടൻ എത്തി.

“നിങ്ങൾ പോകാൻ നില്ക്കുവാണോ?” “അതേടാ..നീ വന്നിട്ട് പോകാമെന്ന് കരുതി.പോകുന്ന വഴിക്ക് ശ്രേയയുടെ വീട്ടിൽ ഒന്ന് കയറണം.അമ്പൂട്ടിയെ കൊണ്ട് ആകാൻ പറഞ്ഞ് അളിയൻ വിളിച്ചിരുന്നു.” “മാമന്റെ പൊന്നൂസ് പോകുവാണോ??” ചോദിച്ചുകൊണ്ട് ഏട്ടൻ കൈനീട്ടിയതും കൊഞ്ചിക്കൊണ്ട് അവൾ ഏട്ടന്റെ തോളിലേക്ക് ചാഞ്ഞിരുന്നു. “നിന്റെ ജോലി ഒക്കെ എങ്ങനെ പോകുന്നു??” അച്ഛന്റെ ചോദ്യം കേട്ട് ഗിരിയേട്ടൻ ഞങ്ങളെ ഒന്ന് നോക്കി.ഞങ്ങളിൽ വലിയ ഭാവമാറ്റം കാണാത്തത് കൊണ്ട് ഏട്ടൻ അച്ഛനെ നോക്കിയപ്പോൾ ആണ് ആ ചോദ്യം തന്നോട് ആണെന്ന് ഏട്ടന് മനസിലായത്.പാവം ഏട്ടൻ..സന്തോഷവും അത്ഭുതവും കാരണം വാക്കുകൾ ഇടറി. “കുഴപ്പമില്ലച്ഛാ..”

“മ്മ്മ്…നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ആയിട്ട് തോന്നുന്നെങ്കിൽ വേറെ ജോബിന് ട്രൈ ചെയ്യണം കേട്ടോ” ഏട്ടന്റെ മുഖത്ത് നോക്കിയല്ല അച്ഛൻ പറയുന്നത്.എങ്കിലും രണ്ട് പേരുടെയും മനസ്സുകൾ തമ്മിൽ ഇപ്പോൾ അധികം ദൂരമില്ലെന്ന് തോന്നി.ഏട്ടൻ പെട്ടെന്ന് അകത്തേക്ക് പോയി.അച്ഛൻ കണ്ണ് തുടക്കുന്നത് കണ്ടപ്പോൾ ഒന്നും മനസിലാകാതെ ശിവേട്ടൻ എന്നെ നോക്കി.എല്ലാം പറയാമെന്ന് പറഞ്ഞ് ഞാൻ ഏട്ടന്റെ റൂമിൽ ചെന്നു.മുഖം പൊത്തിയിരുന്നു കരയുന്ന ഏട്ടനെ കണ്ടപ്പോൾ എനിക്കും കരച്ചിൽ വന്നു. “ഏട്ടാ…” “മോളേ…നീ കേട്ടില്ലേ..അച്ഛൻ എന്നോട് എന്റെ ജോലിയെ കുറിച്ചൊക്കെ…” “അതിന് ഏട്ടൻ എന്തിനാ കരയുന്നത്??” “ഏയ്‌..അത് ചുമ്മാ..എന്തോ പൊടി വീണതാ”

“ആണോ..എങ്കിൽ അച്ഛന്റെ കണ്ണിലും പൊടി വീണെന്ന് തോന്നുന്നു..” “അച്ഛൻ കരയുന്നോ?? ” എന്നും ചോദിച്ചു വെപ്രാളപ്പെട്ട് പോകാൻ തുനിഞ്ഞ ഏട്ടന്റെ കൈയിൽ പിടിച്ച് ഞാൻ നിർത്തി. “ഇവിടെ ഞാൻ കണ്ണുനിറച്ച് വെച്ചിരിക്കുന്നത് ഏട്ടൻ കണ്ടില്ലേ?? എനിക്ക് എല്ലാം മനസിലായി…അവസാനം എല്ലാവരുടെയും ഉള്ളിൽ ഞാൻ രണ്ടാംസ്ഥാനക്കാരി ആയി” “ഡീ കാന്താരി..നീ എന്തെങ്കിലും ഒക്കെ അച്ഛനോട് പറഞ്ഞ് കാണും..അതാ കാരണവർക്ക് പെട്ടെന്ന് ഒരു മാറ്റം.എന്നിട്ട് അവളെ രണ്ടാംസ്ഥാനക്കാരി ആക്കി പോലും..” ഏട്ടനെ നോക്കി വെളുക്കെ ചിരിച്ചപ്പോൾ ഏട്ടൻ എന്നെ ചേർത്ത്പിടിച്ച് പുറത്തേക്ക് നടന്നു.യാത്ര പറഞ്ഞ് ഞങ്ങൾ ഇറങ്ങുമ്പോൾ അച്ഛന്റെയും മകന്റെയും സ്നേഹപ്രകടനങ്ങളിൽ സന്തോഷിക്കുന്ന എന്റെ അമ്മയുടെ ചിരിയായിരുന്നു മനസ്സിൽ.

അമ്പൂട്ടിയെ ചേച്ചിയുടെ കൈയിൽ ഏല്പിക്കാൻ വേണ്ടി സിദ്ധു ഏട്ടന്റെ വീട്ടിൽ ചെന്നപ്പോൾ അവിടെ നന്ദുവേട്ടൻ ഉണ്ടായിരുന്നു.പോലീസ് യൂണിഫോമിൽ ആണ്.. “നീ എന്താടാ ഈ വേഷത്തിൽ ഇവിടെ?” “ഞാൻ തിരികെ എത്തിയത് അറിഞ്ഞ് ചേച്ചി വിളിയോട് വിളി ആയിരുന്നു.യാത്ര ചെയ്യാൻ വയ്യെന്ന് പറഞ്ഞപ്പോൾ ഇങ്ങോട്ട് വന്നു കാണാമെന്നു കരുതി.ഇന്നാകുമ്പോൾ ഇവിടെ അടുത്ത് ഒരു കേസ് അന്വേഷണം ആയിട്ട് വരണമായിരുന്നു..” “ഞങ്ങൾ ദേ ഈ സാധനത്തിനെ ഇവിടെ ഏല്പിക്കാൻ വന്നതാ” അമ്പൂട്ടിയെ എടുത്തുയർത്തി കൊണ്ട് ശിവേട്ടൻ അങ്ങനെ പറഞ്ഞപ്പോൾ ശ്രേയ ചേച്ചി ഒന്ന് കൂർപ്പിച്ച് നോക്കി. “ഇതുപോലൊരു സാധനം നിനക്കും ജനിക്കുമല്ലോ.അപ്പോൾ ഞാൻ കാണിച്ച് തരാം” അതേ നാണയത്തിൽ ചേച്ചി തിരിച്ച് മറുപടി കൊടുത്തപ്പോൾ ശിവേട്ടൻ എന്നെ കണ്ണടച്ച് കാണിച്ചു.

“അമ്പൂട്ടിയുടെ ജനനസമയത്ത് ഞാൻ ഇല്ലാതിരുന്ന കുറവ് ഈ വാവയുടെ വരവിൽ തീർക്കണം” “ഏത്‌ വാവയുടെ വരവിലാടാ??” എന്റെ തോളിലൂടെ കയ്യിട്ട് ശിവേട്ടൻ അത് ചോദിച്ചപ്പോൾ നന്ദുവേട്ടൻ ഞങ്ങളെ രണ്ടുപേരെയും മാറി മാറി നോക്കി. “ഞാനെന്റെ ചേച്ചിയുടെ കാര്യമാ പറഞ്ഞത്.അച്ഛനും അമ്മയും ആകാനുള്ള മെച്ച്യൂരിറ്റി രണ്ടിനും ആയിട്ടില്ല” അങ്ങനെ കളിയാക്കിയും വഴക്കിട്ടും കുറേ നേരം ചിലവഴിച്ചതിനു ശേഷമാണ് ഞങ്ങൾ പിരിഞ്ഞത്… ******* ഇന്ന് തിരുവോണം ആണ്.രാവിലെ 4 മണിക്ക് അലാറം വെച്ച് എഴുന്നേറ്റു.കുളിച്ച് റെഡി ആയി താഴേക്ക് വന്നപ്പോഴേക്കും മുത്തശ്ശി വിളക്ക് വെച്ചിരുന്നു.മുറ്റത്ത് ഞാനും ശിവേട്ടനും ചേർന്ന് വലിയ ഒരു പൂക്കളം തന്നെ ഒരുക്കി.ഞങ്ങളുടെ വിവാഹശേഷമുള്ള ആദ്യത്തെ ഓണം അല്ലേ..

പോരാത്തതിന് 4 വർഷങ്ങൾക് ശേഷമാണ് ശിവേട്ടൻ ഓണം ആഘോഷിക്കാൻ പോകുന്നത്.മുത്തശ്ശിക്ക് വേണ്ടി ഞങ്ങൾ വാങ്ങിയ സെറ്റും മുണ്ടും കൊടുത്തപ്പോൾ മുത്തശ്ശിയും ഞങ്ങൾക്കായി സമ്മാനം കരുതിയിരുന്നു.ശിവേട്ടന് ഷർട്ടും മുണ്ടും..എനിക്ക് സെറ്റ് സാരി.. ഉച്ചക്കൽതേക്കുള്ള സദ്യയും ഞങ്ങൾ ഒരുമിച്ച് ഉണ്ടാക്കി. ഉച്ച കഴിഞ്ഞപ്പോഴേക്കും സിദ്ധു ഏട്ടനും ചേച്ചിയും മോളും എത്തി.എനിക്ക് സാരി ഉടുക്കാൻ നല്ല ബുദ്ധിമുട്ടാണെന്ന് അറിയാവുന്നത് കൊണ്ട് ചേച്ചി എനിക്കായി ചുരിദാർ ആണ് കൊണ്ട് വന്നത്.അത് എല്ലാവരോടും പറഞ്ഞ് എന്നെ നാറ്റിക്കാനും ചേച്ചി മറന്നില്ല.വൈകുന്നേരം ആയപ്പോഴേക്കും ഞാനും ശിവേട്ടനും എന്റെ വീട്ടിലേക്ക് വന്നു.

ഗിരിയേട്ടന്റെ ഓണസമ്മാനം എന്നെ ശെരിക്കും ഞെട്ടിച്ചു.എനിക്കും ശിവേട്ടനും കപ്പിൾ റിങ് ആയിരുന്നു.എല്ലാ മാസവും സാലറിയിൽ നിന്ന് ഒരു പങ്ക് മാറ്റിവെച്ചാണ് എന്റെ ഏട്ടൻ ഇത് വാങ്ങിയത്.ഏട്ടൻ വാങ്ങി കൊടുത്ത ഷർട്ട്‌ ആണ് അച്ഛൻ ഇട്ടേക്കുന്നതെന്ന് അമ്മ പറഞ്ഞപ്പോൾ അച്ഛനെയും മോനെയും നല്ല രീതിയിൽ തന്നെ ഞാൻ കളിയാക്കി..എന്തൊക്കെ ജാഡ ആയിരുന്നു..അതിനും ഈ ഗൗരി തന്നെ വേണ്ടി വന്നു..നാളെ സൗഭാഗ്യയുടെ മുത്തശ്ശന്റെ പിറന്നാൾ ആണ്.എല്ലാവരെയും അവൾ ക്ഷണിച്ചിട്ടുണ്ട്.അച്ഛനും അമ്മയ്ക്കും പകരം ഏട്ടൻ വരുമെന്ന് അമ്മ പറഞ്ഞപ്പോൾ ഏട്ടൻ അത് എതിർത്തു.ശിവേട്ടൻ ഓരോന്ന് പറഞ്ഞ് നിര്ബന്ധിച്ചാണ് ഏട്ടനെ കൊണ്ട് സമ്മതിപ്പിച്ചത്.. ******

നന്ദുവേട്ടൻ പറഞ്ഞ് കൊടുത്ത അടയാളങ്ങൾ വെച്ച് ഒരു വീടിന് മുന്നിൽ ശിവേട്ടൻ വണ്ടി നിർത്തി.വീട് അല്ല..കോവിലകം..സിനിമകളിൽ മാത്രം കണ്ടിട്ടുള്ള പഴമയുടെ പ്രൗഢിയിൽ നിൽക്കുന്ന “മംഗലത്ത് തറവാട്”.അന്തം വിട്ടാണ് ഞാനും ശിവേട്ടനും ഗിരിയേട്ടനും ആ മുറ്റത്തേക്ക് കയറിയത്.ഒരു സൈഡിലായിട്ട് മാവ്..അതും ആ തറവാടിനോളം പഴക്കം ചെന്ന ഒരു മുത്തശിമാവ്.അതിന്റെ കൊമ്പിൽ വലിയൊരു ഊഞ്ഞാൽ.മുറ്റത്തെ തുളസിത്തറക്ക് മുന്നിൽ വിളക്ക് വെച്ചിട്ടുണ്ട്.

ഉമ്മറക്കോലായിൽ പൂമാലകൾ കൊണ്ടുള്ള അലങ്കാരം.അകത്ത് ആരുടെയൊക്കെയോ സംസാരം കേൾക്കാം.ഉമ്മറത്തെ തൂണിനോട് ചേർന്ന് തൂക്കിയിട്ടിരിക്കുന്ന മണിയിൽ തട്ടാൻ പോയപ്പോഴേക്കും അവിടേക്ക് ഒരു കാർ വന്ന് നിന്നു.അതിൽ നിന്നും പ്രായാധിക്യത്തിന്റെ അവശതകൾ ഇല്ലാത്ത ആഢ്യത്തം വിളിച്ചോതുന്ന മുഖശ്രീയുള്ള ഒരാൾ ഇറങ്ങി..മംഗലത്ത് തറവാടിന്റെ കാരണവർ..വീരേശ്വരവർമ്മ..സൗഭാഗ്യയുടെ മുത്തശ്ശൻ….. (തുടരും)

❤കലിപ്പന്റെ വായാടി❤ : ഭാഗം 30

Share this story