ഹൃദയതാളം: ഭാഗം 22

ഹൃദയതാളം: ഭാഗം 22

എഴുത്തുകാരി: അനു സത്യൻ

ജോയൽ നൽകിയ സാരി കയ്യിൽ പിടിച്ചു നിൽക്കുകയായിരുന്നു അക്സ. താൻ വാങ്ങിയ അതേ നിറത്തിൽ ഒരു സാരി.. അതും ജോയലിൽ നിന്ന് അവള് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഓഫീസിൽ പോവാൻ ആ സാരി ഉടുത്താലോ എന്ന് ആദ്യം ആലോചിച്ചെങ്കിലും പിന്നെ വേണ്ടെന്ന് വെച്ചു. ഇന്നലെ അവൻ പെണ്ണ് കാണാൻ വന്നതൊന്നും അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. തൻ്റെ പ്രണയം ഇനി എന്നും തനിക്ക് സ്വന്തം എന്ന ഓർമയിൽ അവളുടെ കവിളുകളിൽ ചുവപ്പ് പടർത്തി. “ഇത്തിരി നാണം പെണ്ണിൻ കവിളിനു കുങ്കുമമേകുമ്പോൾ മംഗളഗന്ധം ആണിൻ കരളിനെ ഇക്കിളിയൂട്ടുമ്പോൾ ആശംസാ പുഷ്പങ്ങൾ നിങ്ങൾക്കായ്‌ നൽകുന്നു ഞാൻ…” പുറകിൽ നിന്നും വയലിനൊപ്പം അബിയുടെ ശബ്ദം കൂടി കേട്ടപ്പോൾ അക്സ ചമ്മലോടെ അവനെ നോക്കി.

“എൻ്റെ ചേച്ചി പെണ്ണേ.. ജോയിച്ചൻ നിനക്കുള്ളത് തന്നെയാണ്.. പിന്നെ ഈ സാരി.. അതും നിനക്ക് വേണ്ടി വാങ്ങി തന്നതല്ലെ..? എന്നിട്ടും എന്താ രാവിലെ മുതൽ ഇതും പിടിച്ചു സ്വപ്നം കണ്ടു നിൽക്കുന്നത്..?” “എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല അബിക്കുട്ടാ.. ഒരിക്കൽ പോലും എൻ്റെ നേരെ നീളുന്ന ആ കണ്ണുകളിൽ ഞാൻ പ്രണയം കണ്ടിരുന്നില്ല.. പക്ഷേ ഇന്നലെ ഹൃദയം നിറഞ്ഞ പ്രണയത്തോടെ ഉള്ള ഇച്ചായൻ്റെ നോട്ടത്തിൽ ഞാൻ പതറി പോയി.. സന്തോഷമാണോ സങ്കടമാണോ ദേഷ്യമാണോ എനിക്കറിയില്ല അപ്പൊൾ എനിക്കുണ്ടായ വികാരം എന്താണെന്ന്.. നഷ്ടപ്പെട്ടു എന്ന് വിചാരിച്ചത് പ്രതീക്ഷിക്കുക പോലും ചെയ്യാതെ കിട്ടുമ്പോൾ.. ഞാൻ ഇപ്പൊ ഒരുപാട് ഹാപ്പി ആണ് അബീ.. ഒത്തിരി ഒത്തിരി ഹാപ്പി…”

അവൻ്റെ തോളിലേക്ക് തല ചായ്ച്ചു അവള് പറഞ്ഞു. “നിൻ്റെ മുഖത്തെ ഈ സന്തോഷം കണ്ടാൽ പോരെ ഞങ്ങൾക്ക്..?” അവളുടെ കവിളിൽ അവൻ സ്നേഹത്തോടെ നുള്ളി. “അല്ല മോനേ.. ജാനു ആരാ..?” പെട്ടെന്ന് ഓർത്തത് പോലെ അക്സ അവനു നേരെ പുരികം പൊക്കി നോക്കി. അബി പെട്ടെന്ന് നാക്ക് കടിച്ചു മുഖം മാറ്റി. “പറഞ്ഞോ അബീ.. ജാനിക്കുട്ടി നിനക്ക് മാത്രം എങ്ങനെയാ ജാനു ആയത്..? അവളെ കാണുമ്പോൾ നിൻ്റെ കണ്ണുകളിലെ തിളക്കം ഞാൻ അറിയില്ലെന്ന് കരുതിയോ..?” സ്വരത്തിൽ ഗൗരവം കലർത്തി അവൻ്റെ മുഖം തനിക്ക് നേരെ തിരിച്ചു അക്സ ചോദിച്ചപ്പോൾ അബി ചമ്മലോടെ അവളെ നോക്കി. ചിരിച്ചു കാണിച്ചു രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ അവള് കണ്ണ് ഒന്നുകൂടി കൂർപ്പിച്ചു അവനെ നോക്കി.

“ജാനു.. അല്ല ജാനി..” വീണ്ടും ജാനു എന്ന് നാവിൽ വന്നത് വെപ്രാളതോടെ തിരുത്തി അക്സായെ നോക്കിയപ്പോൾ അവള് ചിരി കടിച്ചു പിടിക്കാൻ ശ്രമിക്കുകയാണ്. അത് കണ്ടപ്പോൾ അവനും ആശ്വാസമായി. “ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ എന്നെ നേരത്തെ പള്ളിയിൽ വെച്ച് വഴക്കിടുന്ന ഒരു കാന്താരിയേ പറ്റി.. അവള് ആണ് ഈ ജാനി..” “ഏത്..? വേലക്കാരി ജാനു എന്ന് നീ വിളിക്കുമ്പോൾ നിന്നെ തടിയൻ മണിയാ എന്ന് വിളിച്ചിരുന്ന കൊച്ചോ..?” അക്സായുടെ കണ്ണുകളിൽ അത്ഭുതം നിറഞ്ഞു. “അതേ ചേച്ചി പെണ്ണേ.. ആ ജാനു ആണ് ഈ ജാനി..” അവളെ നോക്കി കണ്ണ് ചിമ്മി അബി പുറത്തേക്ക് നടന്നു. ഒരു നിമിഷം നിന്ന ശേഷം അക്സാ അവൻ്റെ പുറകെ ഓടി.

“ഡാ.. അബി.. അപ്പോ അവളെ നിനക്ക് ഇഷ്ടമാണോ..? അവൾക്ക് നിന്നെയോ..? മമ്മിയും പപ്പയും ഒക്കെ സമ്മതിക്കുമോ അവളെ നീ വിവാഹം കഴിക്കാൻ..? ഇച്ചായൻ സമ്മതിക്കുമോ..?” അവനെ തടഞ്ഞു നിർത്തി ഒരു വായിൽ ഒരായിരം ചോദ്യം ചോദിക്കുന്ന അവളെ കാണവെ അവന് ചിരി പൊട്ടി. “എൻ്റെ അക്സൂട്ടി.. ഞാൻ ഇപ്പൊ ചെന്നു അവളെ ഇഷ്ടമാണ് എനിക്ക് കെട്ടിച്ചു തരണം എന്നൊന്നും പറയില്ല.. അത് മാത്രമല്ല.. ഇപ്പൊ അവളുടെ ഉള്ളിൽ എവിടെയൊ ഞാൻ ഉണ്ട്.. പക്ഷേ കമ്പ്ലീറ്റ് ആയി നോർമൽ ആവുമ്പോൾ എന്നെ ഓർമയുണ്ടാവുമോ എന്ന് പോലും എനിക്ക് അറിയില്ല.. അത് മാത്രമല്ല എനിക്ക് അവളോട് പ്രണയം ആണോ എന്ന് പോലും ഉറപ്പില്ല.. ഒരു പക്ഷെ ഇനിയും നാളുകൾ കഴിയുമ്പോൾ അകലാൻ ആവാത്ത വിധം അവളെന്നിൽ ആഴ്ന്നിറങ്ങിയാൽ തീർച്ചയായും അവളെ എൻ്റെ സ്വന്തമാക്കും..

എനിക്ക് ഉറപ്പാണ് ആരും തടസമായി നിൽക്കില്ല.. കാരണം അവളുടെ സന്തോഷമാണ് എല്ലാവരും ആഗ്രഹിക്കുന്നത്.. സോ എൻ്റെ അക്സൂട്ടി ഇതൊക്കെ ആലോചിച്ചു തല പുകക്കാതെ പോയി ജോയിച്ചനുമായിയുള്ള ലൈഫ് സ്വപ്നം കാണ്… ഞാൻ പ്രിൻസിനെ കണ്ടിട്ട് വരാം..” കുസൃതിയോടെ അവളുടെ മൂക്കില് ഒന്ന് പിടിച്ചു വലിച്ചു അബി ബൈക്കുമായി പുറത്തേക്ക് പോയി. അക്സാ മുഖത്ത് വിരിഞ്ഞ നാണത്തോടെ അകത്തേക്കും….. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 “മോളേ.. ഇവിടെ ഒരുപാട് ചേച്ചിമാരും ചേട്ടന്മാരും ഒക്കെ ആവും പഠിക്കാൻ വരുന്നത്.. അവരെ ഒക്കെ കാണുമ്പോൾ പേടിക്കാൻ നിൽക്കരുത്.. അവരോടൊക്കെ പേര് പറഞ്ഞു നല്ല മിടുക്കി കുട്ടിയായി ഇരിക്കണം കേട്ടോ.. ജോചാച്ചൻ ഉച്ചക്ക് വരാമേ..”

ജാനിയുടെ നെറുകയിൽ ഒരു ഉമ്മ നൽകി അവൻ ജാനിയെ മീനയെ ഏൽപ്പിച്ചു. ട്യൂഷൻ സെൻ്റർ നടത്തുന്നത് മീനയും ഭർത്താവും കൂടെ ആണ്. “സർ പേടിക്കണ്ട.. ജാൻവി ഇവിടെ മിടുക്കി കുട്ടിയായി ഇരുന്നോളും.. അല്ലേ മോളേ..?” അവളുടെ കയ്യിൽ പിടിച്ചു മീന ചോദിച്ചപ്പോൾ ജാനി ചെറിയ പരിഭ്രമത്തോടെ തലയാട്ടി. ജോയൽ ഒരിക്കൽ കൂടി യാത്ര പറഞ്ഞു പോവുന്നത് കണ്ടപ്പോൾ ജാനിയിൽ ഒരു പരവേശം ഉണ്ടായി. അതിൻ്റെ ഫലമെന്നോണം കണ്ണ് നിറയാൻ തുടങ്ങി. കാറിൽ കയറും മുൻപേ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കിയ ജോ കണ്ടത് കണ്ണീരോടെ തന്നെ നോക്കുന്ന ജാനിയെ ആണ്.

അത് കണ്ടപ്പോൾ പണ്ടൊരിക്കൽ ആദ്യമായി വിദ്യാലയത്തിൻ്റെ പടിവാതിലിൽ തന്നെ ഏൽപ്പിച്ചു പോയ അമ്മയെ ആണ് അവനു ഓർമ വന്നത്. ചുണ്ട് മലർത്തി അമ്മയെ വിളിച്ചു കരയുന്ന ഒരു അഞ്ചു വയസ്സുകാരനെ അവൻ അവളിൽ കണ്ടു. ആ ഓർമയിൽ നിറഞ്ഞു വന്ന കണ്ണുകളെ ഒപ്പി അവൻ വേഗം കാർ എടുത്തു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ആദ്യത്തെ ദിവസം അല്പം പേടി ഉണ്ടാക്കി എങ്കിലും രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും ജാനിക്ക് പഠിക്കാൻ പോവാൻ ഉത്സാഹം ആയി തുടങ്ങി. പല കാരണങ്ങളാലും ഇടക്കു വെച്ച് പഠനം നിർത്തേണ്ടി വന്ന ചേച്ചിമാരുടെയും ചേട്ടന്മാരുടെയും പ്രീയപ്പെട്ട അനിയത്തികുട്ടി ആവാൻ ജാനിയുടെ നിഷ്കളങ്കമായ സ്വഭാവവും പെരുമാറ്റവും കൊണ്ട് വളരെ വേഗം സാധിച്ചു. അവൾക്ക് മാനസികമായ ഒരു വിഭ്രാന്തി ഉള്ളതായി അറിയാമായിരുന്നിട്ടും അവിടെ ഉള്ള ആരും അവളെ അവഗണിക്കുകയോ വേദനിപ്പിക്കുകയും ചെയ്തില്ല..

പകരം തങ്ങളിൽ ഒരാളായി കണ്ട് അവളിലെ കുറുമ്പിനും കുസൃതിക്കും കൂട്ട് നിന്നു. ഉച്ചക്ക് ക്ലാസ് കഴിഞ്ഞ് ജോ വന്നു ഓഫീസിൽ കൊണ്ട് പോവും. ആദ്യ ദിവസം ജോയോടും അക്സായോടും മാത്രം അടുപ്പം കാട്ടിയ ജാനി പിറ്റേന്ന് മുതൽ ബാക്കി ഉള്ളവരോട് ചെറിയ തോതിൽ മിണ്ടി തുടങ്ങി. വീട്ടിലും ജാനിയുടെ കിടപ്പ് ജോയുടെ മുറിയിലേക്ക് ആക്കി. താഴെ ഒറ്റക്ക് ആക്കിയാൽ ഗ്രേസിയും ജോസും അവളെ വീണ്ടും ഉപദ്രവിക്കാൻ ശ്രമിക്കും എന്നും അവള് പഴയ പോലെ ആവും എന്നുമോക്കെയുള്ള ഭയം ജോയലിൽ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ അവൻ അവളുടെ കാര്യത്തിൽ കുറെ കൂടെ ശ്രദ്ധ ചെലുത്തി. കൂടെയിരുതി പഠിപ്പിച്ചും സംശയങ്ങൾ പറഞ്ഞു കൊടുത്തും ജോ അടുതിരിക്കുമ്പോൾ കുസൃതി കാട്ടി അവളും കൂടെ കൂടും.

അവളുടെ കുസൃതിയും കൊഞ്ചലും എല്ലാം അവനു പുതിയ അനുഭവങ്ങൾ ആയത് കൊണ്ട് തന്നെ മനസ്സറിഞ്ഞ് തന്നെ ആസ്വദിച്ചു പോന്നു. “ഞാൻ പറഞ്ഞില്ലേ ജോയൽ അവൾക്ക് മാറ്റം ഉണ്ടാവും എന്ന്.. ഇപ്പൊ അപരിചിതരോട് പോലും ഭയം ഇല്ലാതെ സംസാരിക്കാൻ അവൾക്ക് കഴിയുന്നുണ്ട്.. ഞാൻ ഇത്രയും വേഗം ഒരു ഇമ്പ്രൂവ്മെൻ്റ് പ്രതീക്ഷിച്ചിരുന്നില്ല.. ” ജാനി ക്ലാസിനു പോയി കഴിഞ്ഞുള്ള ആദ്യ ശനിയാഴ്ച അവളെയും കൂട്ടി ഷൈനി ഡോക്ടറെ കാണാൻ വന്നതാണ് ജോ. അവർ മൂവരും കൂടി ഹോസ്പിറ്റലിൽ വരാന്തയിലൂടെ നടക്കുകയായിരുന്നു. “ശരിയാണ് ഡോക്റ്റർ.. ക്ലാസിൽ വിടാൻ ഡോക്റ്റർ പറഞ്ഞപ്പോൾ എനിക്ക് ചെറിയ പേടി ഉണ്ടായിരുന്നു.. പക്ഷേ ഇപ്പൊ നല്ല സന്തോഷം തോന്നുന്നു.. എത്രയും വേഗം എനിക്ക് പഴയ എൻ്റെ ജാനിയെ കിട്ടും എന്ന തോന്നൽ..”

ജാനിയുടെ തലയിൽ തഴുകി ജോ പറഞ്ഞത് കേട്ടു ഷൈനി ഒന്ന് പുഞ്ചിരിച്ചു. അവർ നടന്നു ഗൈനക്കോളജിസ്റ്റ് ൻ്റെ ക്യാബിന് അടുത്ത് എത്തിയിരുന്നു. “ഇനി അധികം ഇങ്ങോട്ട് വരേണ്ടകാര്യമില്ല എന്ന് തോന്നുന്നു ജോ.. മാസത്തിൽ ഒരിക്കൽ വന്നാൽ മതി..” “ശരി ഡോക്റ്റർ.. എങ്കിൽ ഞങൾ അങ്ങോട്ട്..” ഷൈനിയോട് യാത്ര പറഞ്ഞു തിരിഞ്ഞ ജോയുടെ കണ്ണുകൾ പെട്ടെന്ന് ഗൈനക്കോളജിസ്റ്റിൻ്റെ മുറിയിൽ നിന്നും ഇറങ്ങി പോകുന്ന ജീനയിൽ എത്തി നിന്നു. അവള് അവനെ കണ്ടിരുന്നില്ല. അവളെ ചേർത്ത് പിടിച്ചു അവളുടെ കൂടെ നടക്കുന്ന ആളെ കണ്ടപ്പോൾ അവനിൽ സംശയം വർദ്ധിച്ചു. “ജീന.. ഇവൾ എന്താ ഇവിടെ..? അതും ഇവൻ്റെ കൂടെ..?” “എന്താ ജോ..? ജോയുടെ മുഖം മാറിയത് കണ്ടു ഷൈനി തിരക്കി. “ഡോക്ടർക്ക് ഇവിടുത്തെ ഗൈനക്കോളജിസ്റ്റിനെ പരിചയം ഉണ്ടോ..?

മീൻസ് നല്ല ഫ്രണ്ട്‌ലി ആണോ..?” അവൻ ജാനിയെ ഒന്ന് നോക്കിയ ശേഷം ഷൈനിയോടു തിരക്കി. “ഹാ.. ഇത് മായയുടെ ക്യാബിൻ അല്ലേ.. എൻ്റെ ഫ്രണ്ട് ആണ്.. എന്താ ജോ..? എന്തേലും പ്രോബ്ലം ഉണ്ടോ..?” “ജാനികുട്ടി.. മോള് ദേ ഇവിടെ ഇരിക്കു.. ഞങൾ ഇപ്പൊ വരാമേ..” അവർ പോയെന്ന് ഉറപ്പാക്കി ജാനിയെ പുറത്തിരുത്തി ജോ ഷൈനിക്കൊപ്പം ഡോക്റ്റർ മായയുടെ ക്യാബിനിലേക്ക് കയറി. “എന്താ ഡോക്റ്റർ..?” പതിവില്ലാതെ തൻ്റെ ക്യാബിനിലേക്ക് വന്ന ഷൈനിയോട് മായ തിരക്കി. “മായാ.. ഇത് എൻ്റെ ഒരു റിലേടീവ് ആണ്.. ജോയൽ.. ഇവന് തന്നോട് എന്തോ ചോദിയ്ക്കാൻ ഉണ്ടെന്ന് പറഞ്ഞു.. അതാ വന്നത്.. ചോദിക്ക് ജോ..” “അത് ഡോക്റ്റർ.. ഇപ്പൊ ഇവിടെ നിന്ന് പോയില്ലേ ജീന.. അവൾക്ക് എന്താ കുഴപ്പം..?” “ജീന..? താങ്കൾ പേഷ്യൻ്റിൻ്റേ ആരെങ്കിലും ആണോ..?

നമുക്ക് പേഷ്യൻ്റിൻ്റേ ഡീറ്റെയിൽസ് പുറത്ത് ആരോടും പറയാൻ പറ്റില്ല.. ഡോക്ടർക്ക് അറിയില്ലേ..?” മായാ അവരെ മാറി മാറി നോക്കി ചോദിച്ചു. ജീനയുടെ പേര് കേട്ടതിൻ്റെ അമ്പരപ്പിൽ ആയിരുന്നു ഷൈനി. “ഡോക്റ്റർ.. അവള് എൻ്റെ അനിയത്തി ആണ്.. എൻ്റെ പപ്പയുടെ ചേട്ടൻ്റെ മകൾ ആണ്.. അതാണ് ഞാൻ തിരക്കിയത്..” “ഓകെ.. അങ്ങനെയെങ്കിൽ പറയാം.. അവള് പ്രഗ്നൻറ് ആണ്.. ഇപ്പൊ ടൂ മന്ത്സ് ആയി.. ആദ്യം ഒരു കുഞ്ഞു പോയത് കൊണ്ട് അല്പം ടെൻഷണിൽ ആണ് ആ കുട്ടി വന്നത്.. അല്ല നിങ്ങളെ കണ്ടില്ലേ അവർ..?” “ഇല്ലാ ഡോക്റ്റർ.. അവരെ കണ്ട് വേഗം വന്നതാണ്.. അപ്പോഴേക്കും പോയി.. അതാ ഡോക്ടറോട് ചോദിക്കാം എന്ന് കരുതിയത്..” “തൻ്റെ പെങ്ങൾ വളരെ ലക്കി ആണ് കേട്ടോ.. നല്ല കേയറിങ് ആണ് അവളുടെ ഭർത്താവ്.. കുഞ്ഞിനും അവൾക്കും കുഴപ്പം ഒന്നുമില്ല എന്ന് കേട്ടപ്പോൾ അവനിൽ ഉണ്ടായ സന്തോഷം..”

നിറഞ്ഞ ചിരിയോടെ മായ പറയുമ്പോൾ ജോയുടെ മനസ്സിൽ സംശയങ്ങളുടെ വേലിയേറ്റം ആയിരുന്നു. “ഡോക്റ്റർ.. അത് അവളുടെ ഹസ്ബണ്ടിൻ്റെ ബ്രതർ ആണ്.. ഹസ്ബണ്ട് അല്ല..” അല്പം പകപ്പോടെ ജോ പറഞ്ഞത് കേട്ടു മായ നെറ്റി ചുളിച്ചു അവനെ നോക്കി. “ബ്രതറോ..? കൂടെ വന്നത് ഹസ്ബണ്ട് ആണെന്ന് ആ കുട്ടി തന്നെയാ പറഞ്ഞത്.. അവള് കള്ളം പറയേണ്ട കാര്യം എന്താണ്..?” “അത് ചിലപ്പോൾ എനിക്ക് മാറിയത് ആവും ഡോക്റ്റർ.. അവളുടെ ഹസ്ബണ്ട് ട്വിൻസിൽ ഒരാള് ആണ്.. അതാവും.. അതും നേരിട്ട് കണ്ടില്ലല്ലോ..” വേഗം തന്നെ ജോ തിരുത്തി. അത് കേട്ട് ഷൈനി സംശയത്തോടെ അവനെ നോക്കി. “എങ്കിൽ ഇറങ്ങട്ടെ ഡോക്റ്റർ..” മുഖത്ത് ഒരു ചിരി വരുത്തി ജോ എഴുന്നേറ്റു. “എങ്കിൽ ശരി മായ..” ഷൈനിയും അവനോപ്പം എഴുന്നേറ്റു പുറത്തേക്ക് നടന്നു. “ജോ.. എന്താ ഇതൊക്കെ..? ക്രിസ്റ്റിക്കു ട്വിൻ ബ്രദർ ഇല്ലല്ലോ.. എന്തിനാ കള്ളം പറഞ്ഞത്..?” “അനിയത്തി ആയി പോയില്ലേ ഡോക്റ്റർ..

പെങ്ങൾ ഏതോ ഒരുത്തനെ കെട്ടിയവൻ ആയി കൊണ്ട് നടക്കുകയാണ് എന്ന് കേൾക്കുമ്പോൾ വീട്ടുകാർക്ക് ഉണ്ടാവുന്ന വിഷമം എന്താണെന്ന് അനുഭവിക്കുകയാണ് ഞാൻ ഇപ്പൊ.. ഞാൻ വിളിക്കാം ഡോക്റ്റർ.. ഇപ്പൊ പോവട്ടെ..” കൂടുതലൊന്നും പറയാതെ ജാനിയുമായി പോവുന്ന ജോയേ നോക്കി ഷൈനി നിന്നു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ജോച്ചാച്ചാ.. എനിക്ക് ദേ അത് വാങ്ങി തരുമോ..?” വീട്ടിലേക്ക് പോവുന്ന വഴി വലിയ പഞ്ഞി മിട്ടായി കണ്ടിട്ട് ജാനി ചോദിച്ചു. അവള് പറഞ്ഞതൊന്നും ശ്രദ്ധിക്കാതെ വേറെ എന്തോ ആലോചിച്ചു വണ്ടി ഓടിക്കുന്ന അവനെ കണ്ട് ജാനിയുടെ കണ്ണുകൾ നിറഞ്ഞു. ഉള്ളിലുണ്ടായ നോവിൻ്റെ ഫലമായി അവളിൽ നിന്നും ചെറിയ തേങ്ങൽ ഉതിർന്നു. ഇടക്കു ജാനി കരയുന്നത് പോലെ തോന്നി ജോ നോക്കിയപ്പോൾ അവൻ കണ്ടത് പുറത്തേക്ക് നോക്കി ഇരിക്കുന്ന ജാനിയെ ആണ്.

ആ ഇരുപ്പിൽ എന്തോ പന്തികേടു തോന്നി അവൻ വണ്ടി സൈഡിലേക്ക് ഒതുക്കി. “ജാനി.. എന്ത് പറ്റി..?” അവൻ ചോദിച്ചതിന് മുഖം തിരിക്കാതെ തന്നെ അവള് ഒന്നുമില്ല എന്ന് തലയാട്ടി. “ദേ.. ഇച്ചാച്ചൻ്റേ മുഖത്ത് നോക്കി പറ ഒന്നൂലെന്ന്..” അവൻ ബലമായി അവളുടെ മുഖം പിടിച്ചു തനിക്ക് നേരെ ആക്കി. “എന്താ മോളെ..? എന്തിനാ കരയുന്നത്..? എന്ത് പറ്റി..?” അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ട് അങ്കലാപ്പോടെ അവൻ തിരക്കി. “എനിക്ക് മുട്ടായി വാങ്ങി തന്നില്ലല്ലോ..” ജാനി ചിണുങ്ങികൊണ്ട് അവൻ്റെ കൈ മാറ്റി. “ഏത് മുട്ടായി..? ഏതാ എൻ്റെ ജാനി കുട്ടിക്ക് വേണ്ടത്..? ഇച്ചാച്ചൻ വാങ്ങി തരാലോ..” “ഇല്ലാ.. അത് പോയി.. കുറെ അപ്പുറത്ത് ആയിരുന്നു ആ മുട്ടായി.. വലിയ മുട്ടായി ആയിരുന്നു…” അവളുടെ മുഖത്ത് വിഷമം നിറഞ്ഞു. “നമുക്ക് ഒന്നൂടി പോയി നോക്കാം.. എന്നിട്ട് വാങ്ങാം..?”

അവളെ സന്തോഷിപ്പിക്കാൻ വേണ്ടി ചോദിച്ചു കൊണ്ട് ജോ വണ്ടി സ്റ്റാർട്ട് ചെയ്തു. “ഇനി വേണ്ട.. അവര് പോയി..” അതും പറഞ്ഞു പുറത്തേക്ക് നോക്കിയ ജാനിയുടെ മുഖം വിടർന്നു. “ജോച്ചാച്ചാ.. ദേ.. അവിടെ ഉണ്ട്..” അവള് കൈ ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയ ജോ കണ്ടു വലിയ ബോംബേ പൂട പാക്കറ്റുമായി വരുന്ന ഒരാളെ. “ഞാൻ പോയി വാങ്ങി വരാമേ.. മോള് കാറിൽ തന്നെ ഇരുന്നാൽ മതി ട്ടോ..” അയാളുടെ കയ്യിലെ മിട്ടായി കണ്ടപ്പോൾ അവളുടെ മുഖത്തെ സന്തോഷം കണ്ട് കവിളിൽ ഒന്ന് തലോടി അവൻ കാറിൽ നിന്നും ഇറങ്ങി. ജോ അയാളുടെ അടുത്ത് ചെന്ന് കഴിഞ്ഞപ്പോഴാണ് രണ്ടെണ്ണം വേണം എന്ന് അവൾക്ക് തോന്നിയത്. കാറിലിരുന്ന് അവനെ വിളിക്കാൻ നോക്കിയിട്ട് കഴിയാതെ വന്നപ്പോൾ ജാനി കാറിൽ നിന്നും ഇറങ്ങി ജോയുടെ അടുത്തേക്ക് നടക്കാൻ ഒരുങ്ങി.

അവൻ്റെ അരികിൽ എത്തുന്നതിനു മുന്നേ ആരോ തന്നെ നോക്കുന്നത് പോലെ തോന്നി ജാനി ചുറ്റും നോക്കി. അല്പം മാറി തന്നെ ഉറ്റു നോക്കി നിൽക്കുന്ന ജീനായിൽ അവളുടെ കണ്ണുകൾ എത്തി നിന്നു. അവളുടെ അടുത്ത് നിൽക്കുന്ന ആളെ കണ്ടതും ജാനിക്ക് ശരീരം മുഴുവൻ തളരുന്നതു പോലെ തോന്നി. അവർ രണ്ടു പേരും അവളുടെ അടുത്തേക്ക് നടന്നു വരുന്നത് പോലെ തോന്നിയിട്ടും അവൾക്ക് അവിടെ നിന്ന് മാറാൻ പോലും സാധിക്കാത്ത വിധത്തിൽ കാലു മരവിച്ചു. അവളുടെ ബോധം പതിയെ മറയാൻ തുടങ്ങി. ജോക്ക് നേരെ കൈ ഉയർത്തി വിളിക്കാൻ ഉള്ള അവളുടെ ശ്രമം പരാജയപ്പെട്ടു നിലത്തേക്ക് വീഴാൻ തുടങ്ങി.. മിട്ടായി വാങ്ങി തിരിച്ചു വരാൻ തുടങ്ങിയ ജോ കാണുന്നത് ഒരു പെൺകുട്ടി ബോധം പോയ പോലെ നിലത്തേക്ക് വീഴാൻ തുടങ്ങുന്നതാണ്.

അവൾക്ക് ചുറ്റും ആളുകൾ കൂടുന്നത് കണ്ട് അവൻ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി. ഡ്രസ്സ് ഒക്കെ കണ്ടപ്പോൾ അവനിൽ ഒരു നടുക്കം ഉണ്ടായി. “ജാനി..” കയ്യിൽ ഇരുന്ന മിട്ടായി വലിച്ചെറിഞ്ഞു അലർച്ചയോടെ അവൻ അവളുടെ അടുത്തേക്ക് ഓടി. നിലത്ത് വീണു കിടക്കുന്ന അവളെ വാരിയെടുത്ത് നെഞ്ചോടു ചേർക്കും നേരമാണ് തങ്ങളെ നോക്കി നിൽക്കുന്ന ജീനയെ കണ്ടത്. അവൻ കണ്ടു എന്ന് മനസ്സിലായതും അവള് വേഗം ആൾക്കൂട്ടത്തിനു ഇടയിലേക്ക് നൂണ്ട് കയറി അവൻ്റെ കാഴ്ചക്ക് തടസ്സം സൃഷ്ടിച്ചു. കവിളിൽ തട്ടി വിളിച്ചിട്ടും ഉണരാതെ ആയപ്പോൾ ആരോ നീട്ടിയ ഒരു കുപ്പി വെള്ളത്തിൽ നിന്നും അല്പം അവളുടെ മുഖത്തേക്ക് തളിച്ചു ജോ. പതിയെ കണ്ണ് തുറന്ന അവള് ചുറ്റും കൂടി നിൽക്കുന്ന ആൾക്കാരെ കണ്ട് ഭയന്ന് അവൻ്റെ നെഞ്ചിലേക്ക് തന്നെ ഒതുങ്ങി കൂടി.

ജാനിക്ക് ബോധം വീണെന്ന് കണ്ടതും കൂടി നിന്നവർ പതിയെ പിരിഞ്ഞു പോവാൻ തുടങ്ങി. ജാനിയുമായി കാറിൽ കയറാൻ എഴുന്നേൽക്കാൻ തുടങ്ങിയ ജോയുടെ മുഖത്ത് ആദ്യമായി എന്നപോലെ ജാനി നോക്കിക്കൊണ്ടിരുന്നു. ഡോർ തുറന്നു അവളെ കോ ഡ്രൈവർ സീറ്റിൽ ഇരുത്തിയ ശേഷം അവൻ ഡ്രൈവർ സീറ്റിലേക്ക് കയറി. അപ്പോഴും ജാനിയുടെ നോട്ടം അവനിൽ ആയിരുന്നു. “ഹേയ് പേടിക്കണ്ട.. ഇച്ചാച്ചൻ വന്നില്ലേ..” തൻ്റെ മുഖത്ത് നിന്നും കണ്ണെടുക്കാതെ നോക്കുന്ന അവളെ നെഞ്ചോടു ചേർത്ത് ജോ തലോടി.. “ജോച്ചാച്ചാ.. ഇത് സ്വപ്നം അല്ലല്ലോ.. എന്നെ എൻ്റെ ജോച്ചാച്ചൻ ശരിക്കും കെട്ടിപ്പിടിച്ചതാണോ..?” അതിശയത്തോടെയുള്ള അവളുടെ ചോദ്യം കേട്ട് ജോ ഞെട്ടലോടെ അവളിൽ നിന്നും അകന്നു മാറി……..തുടരും….

ഹൃദയതാളം: ഭാഗം 21

Share this story