ഭാര്യ: ഭാഗം 1

ഭാര്യ: ഭാഗം 1

Angel Kollam

അമ്പാടിത്തറവാടിന്റെ വിശാലമായ ഹാളിൽ, കവടിയ്ക്ക് മുന്നിലിരുന്ന കൃഷ്ണപണിക്കരുടെ മുഖത്തെ ആശങ്ക കണ്ടപ്പോൾ രാമചന്ദ്രൻ ചോദിച്ചു “എന്തെങ്കിലും കുഴപ്പം ഉണ്ടോ പണിക്കരെ? ” പണിക്കർ മറുപടി പറയാതെ, ഹാളിലെ സെറ്റിയിൽ ഇണക്കുരുവികളെ പോലെ മുട്ടിയുരുമ്മി ഇരിക്കുന്ന ഹരീഷിനെയും ശീതളിനെയും നോക്കി, പിന്നെ കവടിയിലേക്ക് നോക്കിയിട്ട് പറഞ്ഞു. “ഈ ജാതകങ്ങൾ തമ്മിൽ പൊരുത്തo കുറവാണു, തന്നെയുമല്ല ഇവരുടെ ദാമ്പത്യത്തിനു ആയുസ് കുറവായിരിക്കും, ഹരികുട്ടന്റെ ജാതകത്തിൽ രണ്ടു വിവാഹങ്ങൾക്കുള്ള യോഗം കാണിക്കുന്നുണ്ട് ” അൽപസമയത്തേക്കു ആരും ഒന്നും മിണ്ടിയില്ല.

ശീതളിന്റെ മുഖം ദേഷ്യം കൊണ്ടും സങ്കടം കൊണ്ടും ചുമന്നു, അവൾ പണിക്കരെ പുച്ഛത്തോടെ നോക്കിയിട്ട്, നിലത്തു ചവിട്ടി കുലുക്കി പുറത്തേക് പോയി. ഹരീഷ് അവളെ സമാധാനിപ്പിക്കാൻ പിന്നാലെ ചെന്നു. “ശീതു , ഞാൻ ഒന്ന് പറയട്ടെ ” “എനിക്കൊന്നും കേൾക്കണ്ട ഹരീഷ്, ജാതകം നോക്കിയാണോ നമ്മൾ പ്രണയിച്ചത്, അല്ലല്ലോ, പിന്നെ ഒരു ജ്യോത്സന്റെ വാക്ക് കേട്ട് എന്നെ ഉപേക്ഷിക്കാനാണ് നിന്റെ ഭാവമെങ്കിൽ, അതു നടക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതണ്ട, ഈ ശീതൾ ആഗ്രഹിക്കുന്നതൊന്നും ഇതുവരെ നേടിയെടുക്കാതിരുന്നിട്ടില്ല, നിന്നോടൊപ്പമുള്ള ജീവിതം ഞാൻ സ്വപ്നം കണ്ടതാണ്, അതും ഞാൻ നേടിയെടുക്കും, അതു എന്തു വില കൊടുത്തിട്ടായാലും ” ഹരീഷിന്റെ മറുപടിയ്ക്ക് വേണ്ടി കാത്തു നില്കാതെ അവൾ തന്റെ കാർ ഡ്രൈവ് ചെയ്തു പോയി.

അവൻ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി നിന്നു. പിന്നെ വീടിന്റെ ഉള്ളിലേക്കു ചെന്നു. അവിടെ അച്ഛനും അമ്മയും അനിയനും തന്നെ കാത്തിരിക്കുകയാണെന്ന് അവനു മനസിലായി. അവൻ പണിക്കരോട് ചോദിച്ചു “ഒന്നുകൂടെ നോക്കു പണിക്കരെ, എന്തെങ്കിലും പ്രതിവിധി കാണാതിരിക്കില്ലല്ലോ ” “പ്രതിവിധി ഒന്നും ഞാൻ കാണുന്നില്ല ഹരിക്കുട്ടാ, ഞാൻ കവടിയിൽ കണ്ടത് തുറന്നു പറഞ്ഞുവെന്നേയുള്ളൂ. ഇനിയിപ്പോൾ ആ പെൺകുട്ടിയെ തന്നെ വിവാഹം കഴിക്കണമെന്നു നിർബന്ധമാണെങ്കിൽ നിങ്ങൾക് അങ്ങനെ ചെയ്യാം, പക്ഷേ ആ ദാമ്പത്യത്തിനു ആയുസ് ഉണ്ടാകുകയില്ല, എന്നെ വിശ്വാസമില്ലെങ്കിൽ നിങ്ങൾക് വേറെ ആരെയെങ്കിലും കൊണ്ട് ഈ ജാതകം നോക്കിക്കാം, കൂടുതൽ ഒന്നും എനിക്ക് പറയാൻ ഇല്ല ” അയാൾ കവടി മടക്കി എഴുന്നേറ്റു.

രാമചന്ദ്രൻ ദക്ഷിണ കൊടുത്ത് അദ്ദേഹത്തെ യാത്രയാക്കി. എല്ലാവരും ഹരീഷിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. അവൻ അച്ഛന്റെ മുഖത്ത് നോക്കി പറഞ്ഞു. “ശീതൾ ഇല്ലാതെ എനിക്കൊരു ജീവിതം ഇല്ല, ഞാൻ ഇല്ലാതെ അവൾക്കും പറ്റില്ല, നമുക്ക് വേറെ ആരെയെങ്കിലും കൊണ്ട് നോക്കിക്കാം, നാട്ടിൽ ഇയാൾ മാത്രമല്ലല്ലോ ജ്യോത്സനായിട്ട് ” “മോനെ, കൃഷ്ണപണിക്കർ പറഞ്ഞാൽ അച്ചിട്ടാണ്, നമുക്ക് നിന്റെ ജീവിതം വച്ചു കളിക്കണോ? ” “എന്തു പറഞ്ഞാലും എന്റെ ഭാര്യ ശീതൾ ആയിരിക്കും ” അവൻ തറപ്പിച്ചു പറഞ്ഞിട്ട് അകത്തേക്കു പോയി.രാമചന്ദ്രൻ ആകുലതയോടെ തന്റെ ഭാര്യയുടെ മുഖത്തേക്ക് നോക്കി.

അമ്പാടിയിലെ രാമചന്ദ്രനും ഗീതയ്കും രണ്ടു മക്കളാണ് മൂത്തവൻ ഹരീഷ്, രണ്ടാമത്തവൻ ഗിരീഷ്. അമ്പാടി കൺസ്ട്രക്ഷൻസ് എന്ന പേരിൽ ടൗണിൽ അറിയപ്പെടുന്ന കൺസ്ട്രക്ഷൻ കമ്പനി നടത്തുകയാണ് അവർ. സാമ്പത്തികo കൊണ്ടും തറവാട്ട് മഹിമ കൊണ്ടും അറിയപ്പെടുന്നവരാണ്. ഹരീഷും ശീതളും നാലു വർഷമായി പ്രണയത്തിലാണ്, അവരുടെ കമ്പനിയിലേക്ക് ബിൽഡിംഗ്‌ മെറ്റീരിയൽസ് സപ്ലൈ ചെയ്യുന്ന സ്ഥാപനത്തിന്റെ, ഉടമസ്ഥനായ ജയദേവന്റെ മകളാണ് ശീതൾ. ഒറ്റ മകളാണ്, വായിൽ സ്വർണകരണ്ടി കൊണ്ട് ജനിച്ചു വീണതാണന്നു വേണമെങ്കിൽ പറയാം. ആശിച്ചതെല്ലാം സ്വന്തമാക്കണമെന്ന വാശിക്കാരിയാണ് അവൾ. ശീതൾ അമ്പാടിയിൽ നിന്നും നേരെ പോയത് അച്ഛന്റെ അടുത്തേക്കാണ്. തികട്ടി വന്ന ദേഷ്യം നിയന്ത്രിക്കാൻ ശ്രമിച്ചു കൊണ്ടവൾ പറഞ്ഞു.

“അമ്പാടിയിലെ ഹരീഷിന്റെ സൗന്ദര്യം കണ്ട് ഭ്രമിച്ചിട്ടൊന്നുമല്ല ഞാൻ അവനെ സ്നേഹിച്ചത്, ആ തറവാട്ട് മഹിമ കണ്ടപ്പോൾ ഒരാഗ്രഹം, സമൂഹത്തിൽ അത്രയും നല്ല പേരുള്ള ആ വീട്ടിലെ മരുമകളാകണമെന്നുള്ള വാശി എനിക്കുണ്ടെന്ന് കൂട്ടിക്കോ, ഈ നാട്ടിൽ വേറെ നല്ല ആൺപിള്ളേരെ കിട്ടാഞ്ഞിട്ടല്ല.. പക്ഷേ അമ്പാടിയുടെ കുടുംബമഹിമ അത് വേറെ എവിടെയും ഉണ്ടാകില്ലെന്നെനിക്കറിയാം ” “എന്താ മോളെ നീയിപ്പോൾ ഇങ്ങനെയൊക്കെ പറയുന്നത്?” ജയദേവൻ ആകാംഷയോടെ ചോദിച്ചു. ശീതൾ അമ്പാടിയിൽ നടന്നത് അച്ഛനോട് വിശദീകരിച്ചു. ജയദേവൻ ആലോചനയോടെ ഇരുന്നിട്ട് പറഞ്ഞു. “മോളെ,കൃഷ്ണ പണിക്കർ എന്തെങ്കിലും പറഞ്ഞാൽ അതൊക്കെ സംഭവിക്കും.

നിന്റെ ജീവിതം വച്ചൊരു റിസ്ക്കെടുക്കാൻ ഞാൻ തയ്യാറല്ല” “അപ്പോൾ ഞാൻ ഹരീഷിനെ മറക്കണമെന്നാണോ അച്ഛൻ പറഞ്ഞു വരുന്നത്?” “എന്റെ പരിചയത്തിലുള്ള ഒരു ജ്യോത്സനെ കൊണ്ട് നമുക്ക് നിങ്ങളുടെ ജാതകം പരിശോധിപ്പിക്കാം. എന്നിട്ട് ബാക്കി തീരുമാനിക്കാം ” ജയദേവൻ അവരുടെ ജാതകവുമായി പരിചയത്തിലുള്ള ജ്യോത്സന്റെ അടുക്കലേക്ക് പോയി.അയാൾക്കും കൃഷ്ണ പണിക്കരുടെ അതേ അഭിപ്രായം തന്നെയായിരുന്നു. ജയദേവൻ മകളുടെ അടുക്കലെത്തിയിട്ട് പറഞ്ഞു. “മോളെ, ജാതകചേർച്ച ഇല്ലാതെ ഈ വിവാഹം നടത്തുന്നതിനോട് എനിക്കൊട്ടും യോജിപ്പില്ല.

ഹരീഷിന്റെ ജാതകത്തിൽ രണ്ടു വിവാഹത്തിന് യോഗം ഉണ്ടെന്നാണ് അദ്ദേഹവും പറയുന്നത്. ” “അച്ഛാ.. അങ്ങനെ ഒരു ദിവസം കൊണ്ട് നഷ്ടപ്പെടുത്താനല്ല ഞാൻ അവനെ സ്നേഹിച്ചത്, അമ്പാടിയുടെ മരുമകളായിട്ട് ആ പടി കയറുന്നത് ഞാൻ തന്നെയാകും, അതിന് വേണ്ടി ഞാൻ എന്തും ചെയ്യും ” ശീതൾ ചിന്തയോടെ ഇരുന്നു. ഹരീഷിനെ നഷ്ടപെടാതിരിക്കാൻ എന്ത് ചെയ്യണമെന്ന് അവളോർത്തു. അവളുടെ മനസിലേക്ക് പല ആശയങ്ങളും കടന്നു വന്നു. ഏറെനേരത്തെ ചിന്തയ്ക്ക് ശേഷം ഉറച്ച തീരുമാനത്തോടെ അവൾ ഹരീഷിനെ ഫോൺ ചെയ്തു. ഹരീഷ് ടെറസ്സിൽ തനിച്ചിരുന്നു ചിന്തിക്കുകയായിരുന്നു. ഫോൺ റിങ് ചെയ്തപ്പോൾ അവൻ ചിന്തയിൽ നിന്നുണർന്നു.ശീതൾ വിളിക്കുന്നു.

“എന്താ ശീതു ? ” “ഞാൻ അച്ഛനോട് സംസാരിച്ചു, കൃഷ്ണ പണിക്കർ പറയുന്നത് അച്ഛന് വിശ്വാസമാണ്, എന്നാലും നിന്റെ ജാതകം വേറെ ഒരാളെ കൂടി കാണിച്ചപ്പോൾ രണ്ടു വിവാഹത്തിനു യോഗം കാണിക്കുന്നുണ്ടെന്നു പറഞ്ഞു. പക്ഷേ നമ്മൾ പിരിയാതിരിക്കാൻ എനിക്ക് ഒരു ഐഡിയ ഉണ്ട്, കുറച്ചു റിസ്ക് ആണ് ” “എന്ത് റിസ്ക് ആയാലും സാരമില്ല നീ പറയു” “നീ വേറെ ഒരു കല്യാണം കഴിക്കു, എന്നിട്ട് അവളെ ഉപേക്ഷിക്കു” “നീ എന്ത് വിഡ്ഢിത്തമാണ് പറയുന്നത്, വേറെ വിവാഹം കഴിക്കാനോ? ” “യെസ്, അതിനിപ്പോൾ എന്താ, നീ വിവാഹം കഴിച്ചു അവളോടൊപ്പം കുടുംബം നടത്തണം എന്നല്ല ഞാൻ പറഞ്ഞത്, ഏതെങ്കിലും ഒരുത്തിയെ താലി കെട്ടി കൊണ്ട് വരണം,

പക്ഷേ ഞാൻ അല്ലാതെ ആരും നിന്റെ മനസ്സിൽ ഉണ്ടാകാൻ പാടില്ല, എന്തെങ്കിലും കാരണം ഉണ്ടാക്കി അവളെ ഉപേക്ഷിക്കണം ” “അങ്ങനെ ഉപേക്ഷിക്കാൻ വേണ്ടിയാണെന്ന് പറഞ്ഞാൽ ആരെങ്കിലും വിവാഹത്തിനു സമ്മതിക്കുമോ? ” “ഒരിക്കലും ഇല്ല, അതുകൊണ്ട് തന്നെ ആ വിവരം രഹസ്യം ആയിരിക്കണം, നമ്മൾ രണ്ടുമല്ലാതെ നിന്റെ വീട്ടുകാർ പോലും അറിയരുത്, നിന്റെ അച്ഛൻ ഭയങ്കര സത്യസന്ധൻ ആണ്, ഒരു പെണ്ണിനെ ചതിക്കാനൊന്നും കൂട്ട് നിൽക്കില്ല ” “പിന്നെ എന്താ ചെയ്യുക? ” “നീ എന്റെ കൂടെ നിന്നാൽ മാത്രം മതി, അധികം ബന്ധുക്കൾ ഒന്നുമില്ലാത്ത ഒരു പെണ്ണിനെ കണ്ടു പിടിക്കണം,

അതാകുമ്പോൾ ഏന്തെങ്കിലും കാരണം പറഞ്ഞു ഉപേക്ഷിച്ചാലും ചോദിക്കാനും പറയാനും ആരും വരത്തില്ലല്ലോ ” “ഇതൊക്കെ നടക്കുമോ ശീതൾ ” “എല്ലാം നടക്കും, നിന്നെ സ്വന്തമാക്കാൻ ഞാൻ എന്തും ചെയ്യും ഹരീഷ്, നീ ഞാൻ പറയുന്നത് കേട്ടാൽ മതി ” “നമുക്ക് ഒരുമിച്ചു ജീവിക്കാൻ വേണ്ടി എന്ത് റിസ്ക് എടുക്കാനും ഞാൻ റെഡിയാണ്. പക്ഷേ എന്നാലും നമ്മൾ ആഗ്രഹിക്കുന്നത് പോലെയൊക്കെ നടക്കുമോ?” “നടക്കും.. അല്ലെങ്കിൽ നടത്തും ഈ ശീതൾ ” ദൃഡനിശ്ചയത്തോടെ അത് പറയുമ്പോൾ ശീതളിന്റെ മിഴികൾ തിളങ്ങി.. മനസ്സിൽ എന്തൊക്കെയോ തീരുമാനിച്ചു കൊണ്ട് അവൾ ഗൂഢമായി മന്ദഹസിച്ചു… തുടരും

Share this story