പ്രിയസഖി: ഭാഗം 1

പ്രിയസഖി: ഭാഗം 1

എഴുത്തുകാരി: ശിവ നന്ദ

“വേദു..ഒന്നും കൂടി ആലോചിച്ചിട്ട് പോരേ…വെറുതെ നമ്മളായിട്ട് ഒരു പ്രശ്നത്തിന് പോണോ??” “നമ്മൾ ആയിട്ട് ആണോ പ്രശ്നം ഉണ്ടാക്കുന്നത്? നിനക്ക് പേടി ആണെങ്കിൽ നീ വരണ്ട. എന്ത് വന്നാലും ഞാനിത് റിപ്പോർട്ട്‌ ചെയ്യും” അത്രയും പറഞ്ഞ് ഞാൻ പ്രിൻസിയുടെ മുറി ലക്ഷ്യമാക്കി നടന്നു.അങ്ങേരാണെങ്കിൽ ഒരു കലിപ്പൻ ആണ്.അതുകൊണ്ടാണോ എന്തോ…വല്ലാത്തൊരു വിറയൽ.ദേഷ്യപെട്ടിട്ടാണെങ്കിലും കല്ലുവിനെയും കൂടെ കൂട്ടേണ്ടതായിരുന്നു.ഇനി പറഞ്ഞിട്ട് കാര്യം ഇല്ല” “എന്താണ് വേദു മോളേ..അവിടുന്ന് ചാടി തുള്ളി പോന്നപ്പോൾ ഉള്ള സ്പീഡ് ഇപ്പോൾ ഇല്ലല്ലോ” “ഹാ..കല്ലു..നീയെന്റെ പിറകെ ഉണ്ടായിരുന്നോ..

ഞാൻ നിന്നെ കാത്ത് നില്കുവായിരുന്നു” “എന്തിനാടി ചുമ്മാ ഉരുണ്ട് കളിക്കുന്നത്? പറ്റുന്ന പണിക്ക് പോയാൽ പോരേ…പേടിത്തൊണ്ടി” “എന്ത്…വേദിക പ്രസാദിന് പേടിയോ?? No never..ശ്രീചിത്ര കോളേജിന്റെ ഹീറോ ആയിരുന്ന വരുൺ പ്രസാദിന്റെ അനിയത്തിയാടി ഞാൻ..ആ ഞാൻ ആരെ പേടിക്കാനാ” “ഓ തുടങ്ങി അവളുടെ ഏട്ടൻ പുരാണം. ലോകത്ത് നിനക്ക് മാത്രമല്ലെ ഏട്ടൻ ഉള്ളു” “ലോകത്ത് ഒരുപാട് ഏട്ടന്മാർ ഉണ്ടാകും.പക്ഷെ എനിക്ക് ഈ ലോകത്ത് ഏട്ടൻ ആയിട്ട് ഒരാൾ മാത്രമേയുള്ളു” “നിന്ന് സിനിമ ഡയലോഗ് അടിക്കാതെ ഈ ഉശിര്‌ ആ പ്രിൻസിയോട് കാണിക്ക്” “എങ്കിൽ വാ..നമുക്കിനി പ്രിൻസിയെ വിരട്ടിയിട്ട് വരാം” “എന്റെ പൊന്നുമോൾ ഒറ്റക്കങ്ങു പോയാൽ മതി.നിന്നെ പോലെ വീരശൂരപരാക്രമിയായ ഒരു ഏട്ടൻ എനിക്കില്ല.ഞാനേ ഒറ്റയാനാ.അത് കൊണ്ട് ധൈര്യവും കുറച്ച് കുറവാ” “ഹോ കഷ്ടം തന്നെ.

എങ്ങനെയാടി നിന്നെ പോലൊരുത്തി എന്റെ ഫ്രണ്ട് ആയത്.ഞാനെന്തായാലും പോയിട്ട് വരാം.അനുഗ്രഹിച്ചാലും….” “പ്രിൻസിയുടെ വായിൽ ഇരിക്കുന്നത് കേട്ട് നന്നായി വരട്ടെ” ഡോർ തുറന്നപ്പോഴേ കണ്ടു ഭൂതക്കണ്ണാടിയും വെച്ച് ലാപ്പിൽ കമഴ്ന്ന് കിടക്കുന്ന പ്രിൻസിയെ. “Sir…may I? ” “ഉം..എന്താ കാര്യം?” ഇങ്ങേരിത് എവിടുത്തെ പ്രിൻസിപ്പൽ ആണ്…’may I come in’ എന്ന് ചോദിക്കുമ്പോൾ ഇങ്ങനെയാണോ മറുപടി തരേണ്ടത്.. “സർ, ഞാനൊരു കംപ്ലയിന്റ് പറയാൻ വന്നതാണ്.” “ഉം..പറ” “സർ, ഞാൻ വേദിക പ്രസാദ്.1st year literature student” “നിന്ന് പുരാണം പറയാതെ കാര്യം പറഞ്ഞിട്ട് ക്ലാസ്സിൽ പോ കൊച്ചേ” മേശപ്പുറത്തിരിക്കുന്ന paper weight എടുത്ത് അങ്ങേരുടെ കഷണ്ടി തല നോക്കി ഒരേറ്‌ വെച്ച് കൊടുക്കാനാ തോന്നിയത്.ഇവിടുന്ന് പോകുന്നതിന് മുൻപ് ഞാൻ അത് ചെയ്തിരിക്കും.

“ടോ..താനെന്താ സ്വപ്നം കാണുവാണോ? ഇതിനാണെങ്കിൽ ഇങ്ങോട്ട് എന്തിനാ കെട്ടിയെടുത്തത്.ക്ലാസ്സിൽ എങ്ങാനും ഇരുന്നാൽ പോരായിരുന്നോ.അവിടെയാകുമ്പോൾ ടീച്ചേഴ്സിന്റെ താരാട്ട് പാട്ടും കേൾക്കാലോ” “സോറി സർ.ഞാൻ വന്നത് ആർട്സ് ഡേയുടെ പ്രോഗ്രാം ലിസ്റ്റിൽ നിന്നും ഞങ്ങളുടെ ഐറ്റം കട്ട്‌ ചെയ്തതിന്റെ കാരണം അറിയാൻ ആണ്” “അത് ഞാനാണ് ടീച്ചേഴ്സിനോട് പറഞ്ഞത് ഓവർടൈം schedule ആയത് കൊണ്ട് ട്രയൽ നോക്കി 2-3പ്രോഗ്രാംസ് കട്ട്‌ ചെയ്യാൻ” “ഓക്കേ സർ..പക്ഷെ അലീനയ്ക്കും ഗ്രൂപ്പിനും 3 പ്രോഗ്രാംസ് ഉണ്ട് – ഫ്യൂഷൻ ഡാൻസ്, ഗ്രൂപ്പ് സോങ്, കൂടാതെ സ്കിറ്റും.ഇത് മൂന്നും നിലനിർത്തികൊണ്ട് ഒരൊറ്റ പ്രോഗ്രാം മാത്രമുള്ള ഞങ്ങളെ അവോയ്ഡ് ചെയ്തത് എന്ത് മര്യാദയാണ് സർ?”

“താനെന്നെ മര്യാദ പഠിപ്പിക്കാൻ ആണോ വന്നത്? ട്രയൽ നോക്കിയാണ് ടീച്ചേർസ് ഫൈനൽ ലിസ്റ്റ് സബ്മിറ്റ് ചെയ്തിരിക്കുന്നത്.അലീനയുടെ മൂന്ന് പ്രോഗ്രാമിന്റെ അത്രയും ടൈം തന്നെ തന്റെ ഒറ്റ പ്രോഗ്രാം എടുക്കുന്നുണ്ട്” “എങ്കിൽ അത് പറഞ്ഞാൽ പോരേ സർ.ഞങ്ങൾ ടൈം അഡ്ജസ്റ്റ് ചെയ്യുമായിരുന്നല്ലോ” “എങ്കിൽ ടീച്ചേഴ്സിന് നിങ്ങളുടെ പ്രോഗ്രാമിൽ തൃപ്തിയുണ്ടായി കാണില്ല.അതാകാം cancel ചെയ്തത്.നിന്ന് സമയം കളയാതെ കുട്ടി പോകാൻ നോക്ക്” “അറിയാം സർ..എന്ത് കൊണ്ടാണ് തൃപ്തിയാകാത്തതെന്ന്.മാനേജ്മെന്റിന് വേണ്ടപ്പെട്ട കുട്ടികളെ അങ്ങനെയങ്ങ് ഒഴിവാക്കാൻ പറ്റില്ലല്ലോ..അല്ലേ??” “Vedhika…stop it and get out from here!!!” ഇനി നിന്നിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കി പ്രിൻസിയ്ക്ക് ഒരു ലോഡ് പുച്ഛവും വാരിയെറിഞ്ഞ് പുറത്തിറങ്ങിയപ്പോൾ എന്നെയും കാത്ത് ഒരു പട തന്നെ അവിടെയുണ്ടായിരുന്നു.

“ആർട്സ് ഡേയ്ക്ക് നിന്റെ എത്ര പ്രോഗ്രാം ഉണ്ട് വേദിക? ” “ഡീ..നീ കൂടുതൽ നെകളിക്കണ്ട.മാനേജ്മെന്റിന്റെ പിടിപാടിൽ ആണ് നീയൊക്കെ പ്രോഗ്രാം നടത്താൻ പോകുന്നതെന്ന് എല്ലാവർക്കും അറിയാം” “എല്ലാവരും അറിഞ്ഞോട്ടെ.ഞങ്ങൾക്ക് അതിൽ ഒരു നാണക്കേടും ഇല്ല….പിന്നേ..ഞങ്ങളുടെ ഗ്രൂപ്പിന്റെ മൂന്ന് പ്രോഗ്രാംസ് ഉണ്ട്.അറിഞ്ഞ് കാണുമല്ലോ.അത് കൂടാതെ എന്റെയൊരു മോണോആക്ട് കൂടിയുണ്ട്.അതും കണ്ടിട്ടേ നീ പോകാവൂ” “നോക്കിക്കോടി…എന്റെ കൊക്കിന് ജീവനുണ്ടെങ്കിൽ നീയൊന്നും ഒരു പ്രോഗ്രാമും നടത്തില്ല.” “വേദു..മതി..നീയിങ്ങോട്ട് വന്നേ.അവർ എന്താണെന്ന് വെച്ചാൽ ചെയ്യട്ടെ” …………………………………….. “അല്ല വേദു..

എന്താ നിന്റെ പ്ലാൻ? നീയെങ്ങനെയാ അവരുടെ പ്രോഗ്രാം മുടക്കാൻ ഉദ്ദേശിക്കുന്നത്? ” “പ്രോഗ്രാം മുടക്കാനോ…ആര്??” “നീയല്ലേ പറഞ്ഞത് കൊക്കിന് ജീവൻ ഉണ്ടെങ്കിൽ എന്തോ ചെയ്യുമെന്ന്” “അത് കൊക്കിന് അല്ലേ..എനിക്ക് അല്ലല്ലോ…” “ഡീ ചുമ്മാ കളിക്കാതെ കാര്യം പറ” “എടി പൊട്ടിപെണ്ണേ…അത് ആ സിറ്റുവേഷനിൽ നിന്നൊന്ന് സ്കൂട്ട് ആകാൻ വേണ്ടി പറഞ്ഞതല്ലേ..അല്ലാതെ മാനേജ്മെന്റിന്റെ ഉള്ളംകയ്യിലിരിക്കുന്ന അവറ്റകളെ ഞാൻ എന്ത് ചെയ്യാനാ? ” “അയ്യേ ഇത്രയേയുള്ളു വേദിക പ്രസാദിന്റെ തന്റേടം” “ടീ പെണ്ണേ..എന്റെ ഉള്ളിൽ കിടക്കുന്ന സിംഹത്തെ നീ ചുമ്മ ചൊറിഞ്ഞ് ഉണർത്തല്ലേ…ദൈവം ഒരു ചാൻസ് ഒപ്പിച് തന്നാൽ അവരുടെ പ്രോഗ്രാം മാത്രമല്ല ഈ ആർട്സ് ഡേ തന്നെ ഞാൻ മുടക്കും” …………………………………

ഉച്ച ആയപ്പോഴേക്കും വല്ലാത്തൊരു മടുപ്പ് തോന്നി.തലവേദന ആണെന്നും പറഞ്ഞ് കോളേജിൽ നിന്നും ഇറങ്ങി.വീട്ടിലേക്കുള്ള ബസിൽ ഇരിക്കുമ്പോൾ സങ്കടം കൊണ്ടെന്റെ ഉള്ളം വിങ്ങുവായിരുന്നു.കാര്യം അവരോടൊക്കെ ചീറ്റപ്പുലിയെ പോലെ പെരുമാറിയെങ്കിലും പ്രോഗ്രാം ചെയ്യാൻ പറ്റാത്തതിൽ നല്ല വിഷമം ഉണ്ട്.കോളേജിൽ വന്നതിന് ശേഷമുള്ള ആദ്യത്തെ ആർട്സ് ഡേ ആണ്.അതാണ്‌ പൊളിഞ്ഞത് വീട്ടിൽ വന്ന് കയറിയ ഉടനെ മുകളിലേക്ക് പോയി.പോകുന്ന വഴിക്ക് അമ്മ എന്തൊക്കെയോ ചോദിക്കുന്നുണ്ട്.ഒന്നിനും മറുപടി പറയാതെ നേരെ ഏട്ടന്റെ മുറിയിൽ കയറി വാതിൽ അടച്ചു.സങ്കടം വരുമ്പോൾ എല്ലാം ഈ മുറിയിലാണ് ഞാൻ അഭയം തേടുന്നത്.ഇവിടെ വന്നിരിക്കുമ്പോൾ ഏട്ടൻ കൂടെയുണ്ടെന്നുള്ള ഫീൽ ആണ്.അത് തരുന്ന ഒരു +ve എനർജി ഉണ്ട്..ഏട്ടൻ ഇപ്പോൾ IPS ട്രെയിനിങ്ങിന്റെ ഭാഗമായിട്ട് ഹൈദരാബാദിൽ ആണ്.

ഈ സന്ദർഭത്തിൽ ഏട്ടന്റെ പ്രെസെൻസ് ഒരുപാട് ആഗ്രഹിക്കുന്നുണ്ട്.കുട്ടിക്കാലം മുതലേ ഏട്ടനെ കണ്ടാണ് ഞാൻ വളർന്നത്.ഏട്ടൻ ബഹുമാനിക്കുന്നവരെ മാത്രമേ ഞാനും ബഹുമാനിച്ചിരുന്നുള്ളു.ഏട്ടന്റെ ഇഷ്ടങ്ങൾ എന്റെയും ഇഷ്ടങ്ങൾ ആയി…ഒന്നൊഴികെ…ഏട്ടൻ സംഗീതത്തെ സ്നേഹിച്ചപ്പോൾ ഞാനിഷ്ടപ്പെട്ടത് ഡാൻസ് ആണ്.ക്ലാസിക്കൽ അല്ല ട്ടോ…നല്ല ഒന്നാംതരം ഡപ്പാങ്കൂത്! ഡപ്പാങ്കൂത് ഒരു മത്സരയിനം അല്ലാത്തത് കൊണ്ട് ഏട്ടനെ പോലെ സമ്മാനങ്ങൾ വാരി കൂട്ടാൻ പറ്റിയില്ല.പഠിച്ച സ്കൂളിൽ ഡപ്പാങ്കൂത്തിനു പ്രവേശനം ഇല്ലാതിരുന്നത് കൊണ്ട് നാലാളുടെ മുന്നിൽ കളിക്കാനും പറ്റിയിട്ടില്ല.കോളേജിൽ എത്തിയപ്പോൾ ഏറെ സന്തോഷിച്ചത് ആർട്സ് ഡേ ഒര്തായിരുന്നു…അതിപ്പോൾ ഇങ്ങനെയും ആയി..ഏട്ടന്റെ പ്രിയപ്പെട്ട വയലിൻ നെഞ്ചോട് ചേർത്ത് വെച്ച് കിടന്നു.

ഈ വയലിനിൽ തൊടാൻ എനിക്ക് മാത്രമേ അവകാശമുള്ളൂ….ഓരോന്ന് ഓർത്ത് എപ്പോഴോ ഉറങ്ങി… ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് ഉണർന്നത്.നോക്കുമ്പോൾ കല്ലു ആണ്.പിന്നേ വിളിക്കാമെന്ന് മെസ്സേജ് അയച്ചിട്ട് ഞാൻ ബെഡിൽ എഴുന്നേറ്റിരുന്നു.ദൈവമേ നേരം സന്ധ്യ ആയോ..ഞാൻ ഇത്രയും മണിക്കൂർ കിടന്ന് ഉറങ്ങിയോ..അമ്മയുടെ വായിലിരിക്കുന്നത് മുഴുവൻ ഇന്ന് കേൾക്കണമല്ലോ..അപ്പോഴാണ് ഞാൻ നെഞ്ചോട് ചേർത്ത് വെച്ചിരുന്ന ഏട്ടന്റെ വയലിൻ അവിടെ ഇല്ലെന്ന് അറിഞ്ഞത്..അതെവിടെ പോയി???? ഇവിടെ ഇപ്പോൾ ഞാനും അമ്മയും മാത്രമേയുള്ളു..പിന്നേ ആര് വന്ന് എടുക്കാനാ…. “അമ്മേ….അമ്മേ….” “കിടന്ന് കാറണ്ട..ഞാൻ അടുക്കളയിൽ ഉണ്ട്” “അമ്മ ഏട്ടന്റെ മുറിയിൽ വന്നിരുന്നോ?” “ഞാൻ എന്തിനാ അങ്ങോട്ട് വരുന്നത്?” “പിന്നെ ഏട്ടന്റെ വയലിൻ എവിടെ പോയി? ”

“അതെനിക്കെങ്ങനെ അറിയാം.ഇത്രയും നേരം നീ അല്ലേ മുറിയിൽ ഉണ്ടായിരുന്നത്..” “അമ്മേ സത്യം പറ..ഏട്ടൻ വന്നോ? ” “പിന്നേ നീ ഇവിടെ ദുഖിച്ചിരിക്കുന്നത് അറിഞ്ഞ് പറന്ന് വരാൻ അവൻ മായാവി അല്ലേ..നിന്ന് ചിണുങ്ങാതെ പോയി കുളിക്കാൻ നോക്ക്” അപ്പോഴാണ് എന്റെ ഫേവറൈറ്റ് പാട്ടിലെ ഫേവറൈറ്റ് വരികൾ വയലിനിലൂടെ കേൾക്കുന്നത്: ‘നിന്റെ പൂവലിമ നനയുകിൽ… നിന്റെ കുഞ്ഞുമനം ഉരുകുകിൽ.. ആറ്റാനും മാറ്റാനും ഞാനില്ലേ….’ ഇത് കേട്ടതും അമ്മയെ കൂർപ്പിച്ച് ഒന്ന് നോക്കിയിട്ട് ഞാൻ പടികൾ ഓടി കയറി..എന്റെ ഊഹം തെറ്റിയില്ല.ബാൽക്കണിയിൽ എന്റെ വരവും കാത്ത് ഒരു കുസൃതി ചിരിയും ഒളിപ്പിച്ച് വയലിനും വായിച്ച് ഇരിപ്പുണ്ട് എന്റെ ഏട്ടൻ…(തുടരും)

Share this story