ഭാര്യ: ഭാഗം 8

ഭാര്യ: ഭാഗം 8

Angel Kollam

ടീവിയിൽ വാർത്ത കണ്ടപ്പോളാണ് ദീപ്തി ആ വിവരം അറിഞ്ഞത്. അവൾ അമ്മയോടും അനിയത്തിയോടും യാത്ര പറഞ്ഞിട്ട് അപ്പോൾ തന്നെ അമ്പാടിയിലെത്തി. ദീപ്തി എത്തുമ്പോൾ ഗീത കരഞ്ഞു തളർന്നു കിടക്കുകയായിരുന്നു. ദീപ്തിയെ കണ്ടതും അവർ ആശ്വാസത്തിനായി അവളെ കെട്ടിപിടിച്ചു കരഞ്ഞു. ദീപ്തി അവരെ ആശ്വസിപ്പിച്ചു. “അമ്മ വിഷമിക്കണ്ട.. അച്ഛനൊരു തെറ്റും ചെയ്യില്ലെന്ന് നമുക്കെല്ലാവർക്കും അറിയാമല്ലോ.. അത് പോലീസിനും മനസിലായിട്ടുണ്ടാകും.. അതുകൊണ്ട് അച്ഛനെ അവർ ഉപദ്രവിക്കുകയൊന്നുമില്ല.. എത്രയും വേഗം അച്ഛൻ ഇങ്ങോട്ടേക്ക് വരും അമ്മേ ” ദീപ്തിയുടെ ആശ്വാസവാക്കുകൾ ഗീതയുടെ നെഞ്ചിലെ തീയണയ്ക്കാൻ ഉതകുന്നതായിരുന്നില്ല..

രാജാവിനെപോലെ പ്രൗഡിയോടെ തലയുയർത്തി പിടിച്ചാണ് തന്റെ ഭർത്താവ് നടന്നിരുന്നത്.. അങ്ങനെയുള്ള ആളെയാണ് പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്നത് ടീവിയിലൂടെ ഈ നാട്ടുകാർ മുഴുവൻ കണ്ടത്.. ഹരീഷ് കേസിന്റെ ആവശ്യമായ പണത്തിനു വേണ്ടിയാണ് ശീതളിനെ വിളിച്ചതു. തനിക്കൊരാവശ്യം വരുമ്പോൾ അവൾ കൂടെയുണ്ടാകുമെന്ന് അവൻ വിശ്വസിച്ചിരുന്നു. നിരന്തരം വിളിച്ചിട്ടും അവളുടെ ഫോൺ സ്വിച്ചഡ് ഓഫ് ആയത് കൊണ്ട് അവൻ ഓഫീസിൽ അന്വേഷിച്ചു ചെന്നു. ഹരീഷിനെ കണ്ടതും ശീതൾ മുഖവുര ഒന്നുമില്ലാതെ പറഞ്ഞു. “സോറി ഹരീഷ്, അച്ഛൻ ഇപ്പോൾ കുറച്ചു സാമ്പത്തിക ഞെരുക്കത്തിലാണ്…നിനക്കറിയാല്ലോ..

ഈയിടെയായിട്ട് ബിസിനസ് കുറച്ച് ഡള്ളാണ്.. കാഷിന്റെ ആവശ്യത്തിന് വേണ്ടിയാണ് വന്നതെങ്കിൽ നീ മറ്റാരോടെങ്കിലും ചോദിക്ക് ” “ശീതു.. അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു പോയത് ഈ നാട്ടിലെ മിക്കവാറും എല്ലാവരും അറിഞ്ഞതാണ്.. അതുകൊണ്ട് തന്നെ ഞാൻ ചെന്ന് ചോദിച്ചാൽ പൈസ തരാൻ എല്ലാവരും ഒന്ന് മടിക്കും.. നിന്റെ അച്ഛന്റെ കയ്യിൽ പൈസ ഇല്ലെങ്കിലും അദേഹത്തിന്റെ ബിസിനസ് ബന്ധം ഉപയോഗിച്ച് ആരുടെയെങ്കിലും കയ്യിൽ നിന്ന് അഡ്ജസ്റ്റ് ചെയ്തു തരാമല്ലോ.. ഈ കേസ് ഒന്ന് ഒതുക്കി തീർത്തിട്ട് ഞാൻ ഉടനെ തന്നെ പൈസ തിരികെ കൊടുക്കുകയും ചെയ്യും ” “ഹരീഷ്..

നിങ്ങളുടെ കമ്പനിയിൽ ഉണ്ടായ പ്രശ്നത്തിന് എന്റെ അച്ഛനെന്തിനാ നാട്ടുകാരോട് കടം ചോദിക്കുന്നത്? തന്നെയുമല്ല നിങ്ങൾക്ക് അത്‌ തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ ആ ബാധ്യത കൂടി എന്റെ അച്ഛന്റെ തലയിലാകും.. അറിഞ്ഞു കൊണ്ട് ഇത്രയും വല്യ റിസ്ക് എടുത്തു തലയിൽ വയ്ക്കാനൊന്നും ഞാനോ അച്ഛനോ ഒരുക്കമല്ല ” “എനിക്കൊരു പ്രശ്നം വരുമ്പോൾ കൂടെ നിൽക്കേണ്ടവളല്ലേ നീ, എന്നിട്ടെന്താ നീ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്?” ശീതളിന്റെ മുഖത്ത് പുച്ഛഭാവത്തിൽ ഒരു പുഞ്ചിരി വിടർന്നു. “പ്രശ്നം വരുമ്പോൾ കൂടെ നിൽക്കേണ്ടതു ഞാനല്ല നിന്റെ ഭാര്യ ആണ് ..

നീ ഒരു കാര്യം ചെയ്യ് ദീപ്തിയെ പോയി വിളിക്ക്. എന്നിട്ട് നിന്റെ സങ്കടങ്ങളിൽ കൂടെ നിൽക്കാൻ പറയ്….” ശീതളിന്റെ പെട്ടന്നുള്ള ഭാവമാറ്റം കണ്ടപ്പോൾ ഹരീഷ് അമ്പരപ്പോടെ ചോദിച്ചു. “ഓഹോ അപ്പോൾ നിനക്ക് എന്നോടുള്ള സ്നേഹം വെറും അഭിനയമായിരുന്നോ? ഇന്നലെ നീ കാട്ടികൂട്ടിയതെല്ലാം വെറും നാടകമായിരുന്നോ?” “ബി പ്രാക്ടിക്കൽ ഹരീഷ്, ദിവ്യപ്രണയം തോന്നി നശിപ്പിച്ചു കളയാൻ ഉള്ളതല്ല എന്റെ ജീവിതം… നിന്നെ എനിക്ക് ഇഷ്ടമായിരുന്നു.. പക്ഷേ അതിന്റെപേരിൽ എന്റെ ജീവിതം കൂടി അപകടത്തിലാക്കാൻ വയ്യ ” അവൻ മറുപടിയില്ലാതെ നിന്നു.ശീതളിന്റെ പ്രണയം അഭിനയമായിരുന്നു എന്ന തിരിച്ചറിവ് അവനും താങ്ങാവുന്നതിലും അപ്പുറമായിരുന്നു..

ശീതൾ അവന്റെ നേർക്ക് നോക്കിയിട്ട് ദയവില്ലാതെ പറഞ്ഞു. “ഒക്കെ ഹരീഷ്, എനിക്കൊരു മീറ്റിംഗ് ഉണ്ട്. യൂ ക്യാൻ ലീവ് നൗ ” അവൻ ഒരു സ്വപ്നത്തിലെന്ന പോലെ പുറത്തേക്ക് നടന്നു.. ശീതളിന്റെ മുഖംമൂടി അവന്റെ മുൻപിൽ അഴിഞ്ഞു വീണെങ്കിലും അത്‌ വിശ്വസിക്കാൻ അവന് പ്രയാസം തോന്നി.. ഹരീഷ് തന്റെ സുഹൃത്തുക്കളെ കണ്ട് പണത്തിനു വേണ്ട ഏർപ്പാടുകളെല്ലാം ചെയ്തിട്ട് അമ്പാടിയിലേക്ക് ചെന്നു. ഹരീഷ് അമ്പാടിയിൽ എത്തിയപ്പോൾ അമ്മയോടൊപ്പം ദീപ്തിയെ കണ്ടപ്പോൾ അവന് ഒരാശ്വാസം തോന്നി. പക്ഷേ അവൾ ഹരീഷിനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അച്ഛന് പിറ്റേന്ന് ജാമ്യം കിട്ടുമെന്ന് പറഞ്ഞു അവൻ അമ്മയെ സമാധാനിപ്പിച്ചു. ദീപ്തി നിർബന്ധിച്ചു ഗീതയെ ഭക്ഷണം കഴിപ്പിച്ചു..

ആ വീട്ടിൽ ആകെ ഒരു ശ്മശാന മൂകത തളം കെട്ടി നിന്നു.. ദീപ്തി ഏറെ നിർബന്ധിച്ചപ്പോൾ ഗിരീഷും വന്ന് ആഹാരം കഴിച്ചു… അപ്പോളും അവൾ ഹരീഷിന്റെ നേർക്ക് നോക്കാതെ ഒഴിഞ്ഞു മാറി നടന്നു.. രാമചന്ദ്രൻ ജയിലിലായതിന്റെ ടെൻഷനിൽ നിൽക്കുന്നതിനാൽ ഗീതയോ ഗിരീഷോ ദീപ്തിയുടെ ഒളിച്ചുകളി ശ്രദ്ധിച്ചില്ല… ഹരീഷ് ദീപ്തിയെ ശ്രദ്ധിക്കുകയായിരുന്നു. എത്ര പക്വതയോട് കൂടിയാണ് അവൾ പെരുമാറുന്നത്, തന്റെ അമ്മയെ സ്നേഹത്തോടെ പരിചരിക്കുന്നു. അനിയനെ നിർബന്ധിച്ചു ഭക്ഷണം കഴിപ്പിക്കുന്നു..

എല്ലാ അർത്ഥത്തിലും ഒരു നല്ല മരുമകളുടെ കടമ അവൾ നിറവേറ്റുന്നു…കുറ്റബോധം കൊണ്ട് അവന്റെ നെഞ്ച് നീറി. അവളോട്‌ മാപ്പ് പറയാൻ അവൻ റൂമിൽ കാത്തിരുന്നു. എന്നാൽ ദീപ്തി അവനടുക്കലേക്കു വന്നില്ല, രാത്രിയിൽ ഗീതയോടൊപ്പം അവരുടെ റൂമിലാണ് ഉറങ്ങിയത്. ഏറെ നേരം അവളെ കാത്തിരുന്നിട്ടും കാണാതിരുന്നത് കൊണ്ട് അവൻ നിരാശയോടെ ഉറങ്ങാൻ കിടന്നു.. രാവിലെ ഉണർന്നു അടുക്കളയിലേക്ക് വന്നപ്പോൾ അവന്റെ നേർക്ക് നോക്കാതെ അവൾ ഒരു ചായ നീട്ടി..

ദീപ്തിയോട് മനസ് തുറന്നു സംസാരിക്കണമെന്നുണ്ടായിരുന്നുവെങ്കിൽ പോലും അതിനുള്ള സാഹചര്യം അല്ലാത്തതിനാൽ ഹരീഷ് അവൾ നീട്ടിയ ചായ വാങ്ങി കുടിച്ചിട്ട് അടുക്കളയിൽ നിന്നും പോയി.. കോടതിയിൽ ഹരീഷും ഗിരീഷും കൂടിയെത്തി.. ആ നാട്ടിലെ തന്നെ അറിയപ്പെടുന്ന ഒരു വക്കീലിനെയാണ് അച്ഛന് വേണ്ടി വാദിക്കാൻ അവർ ഏർപ്പാടാക്കിയത്.. കോടതിയിൽ വാദപ്രതിവാദങ്ങൾ നടന്നു.. വർഷങ്ങളായി ഈ രംഗത്ത് പ്രവർത്തിക്കുന്ന രാമചന്ദ്രന്റെ പേരിൽ ഇതുവരെ ഒരു കളങ്കവും ഇല്ലാതിരുന്നത് കൊണ്ട് തന്നെ ഉപാധികളോടെ കോടതി രാമചന്ദ്രന് ജാമ്യം അനുവദിച്ചു.. അയാൾ അമ്പാടിയിൽ തിരിച്ചെത്തിയപ്പോൾ എല്ലാവരും ഉത്സാഹത്തിലായി.

ഗീത കണ്ണുനീരോടെ അയാളുടെ നെഞ്ചിലേക്ക് വീണു.. അയാൾ തന്റെ പ്രിയതമയെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.. “എനിക്കൊന്നൂല്ല ഗീതേ.. നീ ചുമ്മാ കരയാതെ ” അച്ഛനും അമ്മയും പരസ്പരം പരിഭവങ്ങൾ പങ്കിടുമ്പോൾ ബാക്കി എല്ലാവരും അവിടുന്ന് ഒഴിഞ്ഞു മാറി.. ഈ അവസരത്തിൽ ഹരീഷ് റൂമിലെത്തി ദീപ്തിയെ തനിച്ചു കിട്ടാൻ അവൻ കാത്തിരുന്നു. ഏറെ നേരം കാത്തിരുന്നപ്പോൾ അവൾ റൂമിലെത്തി. ഹരീഷിന്റെ മുഖത്തേക്ക് നോക്കിയിട്ട് മുഖവുര ഒന്നുമില്ലാതെ പറഞ്ഞു. “ഏട്ടൻ വിഷമിക്കണ്ട, ഞാൻ സ്ഥിരതാമസത്തിനു വന്നതല്ല ഇവിടേക്ക്, ഞാൻ വന്നതിൽ ഏട്ടന് മുഷിച്ചിൽ ഉണ്ടാകുമെന്നു എനിക്കറിയാം.. ടീവിയിൽ വാർത്ത കണ്ടപ്പോൾ വരാതിരിക്കാൻ തോന്നിയില്ല..

ഇപ്പോൾ ഇവിടെ എന്റെ ആവശ്യം കഴിഞ്ഞു.. ഇനി തിരിച്ചു പോവാ ഞാൻ.. ആരുടെയും ജീവിതത്തിലെ സന്തോഷം തല്ലിക്കെടുത്താൻ ഞാനായിട്ട് ശ്രമിക്കുന്നില്ല ” അവൾ കൂടുതൽ ഒന്നും പറയുന്നതിന് മുൻപ് അവൻ അവളുടെ കൈകൾ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു. “നീ എന്നോട് ക്ഷമിക്കണം, നിന്നെ ഞാൻ വേദനിപ്പിച്ചു. നിന്റെ കണ്ണുനീർ കണ്ടില്ലെന്ന് നടിച്ചു..അതിനുള്ള ശിക്ഷ ദൈവം എനിക്ക് നൽകി. ഇനിയുള്ള ജീവിതം നീ എന്നോടൊപ്പം വേണം ” ദീപ്തിയ്ക്ക് തന്റെ കാതുകളെ വിശ്വസിക്കാനായില്ല. ഇനി ഇതും ഇയാളുടെ മറ്റൊരു നാടകമാണോ എന്ന് ചിന്തിച്ചു കൊണ്ട് അവൾ ഹരീഷിന്റെ നേർക്ക് നോക്കി..അവൻ അവളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു.

“ദീപ്തി ഞാൻ പറഞ്ഞതെല്ലാം സത്യമാണ്… ഞാൻ നിന്നോട് ചെയ്ത തെറ്റ് എനിക്ക് തിരുത്തണം… അതിനുള്ള പ്രായശ്ചിത്തം എനിക്ക് ചെയ്യണം ” ദീപ്തി അപ്പോളും മറുപടിയില്ലാതെ നിന്നതേയുള്ളു.. എന്താ അയാളോട് പറയേണ്ടതെന്ന് അവൾ മനസ്സിൽ ആലോചിച്ചു… അയാൾ പറയുന്നത് പോലെ നിമിഷനേരം കൊണ്ട് തന്റെ മനസ് മാറ്റാൻ കഴിയില്ലെന്ന് പറയണോ.. അതോ ഇതിനോടൊക്കെ പൊരുത്തപ്പെടാൻ കുറച്ച് കൂടി സമയം ചോദിക്കണോ.. ദീപ്തി മിണ്ടാതെ നിൽക്കുന്നത് കണ്ടപ്പോൾ ഹരീഷ് വീണ്ടും അവളോട് പറഞ്ഞു. “നമ്മൾ ഒരുമിച്ചു ജീവിതം ആരംഭിക്കുന്നതിന് മുൻപ് ഒരു ചെറിയ കാര്യം ചെയ്യാനുണ്ട്, വൈകുന്നേരം നമുക്ക് ക്ഷേത്രം വരെ പോകാം ” ദീപ്തി സ്വപ്നത്തിലെന്ന പോലെ തലയാട്ടി.. ** ***

ശീതൾ ജയദേവന്റെ റൂമിലെത്തിയിട്ട് പറഞ്ഞു. “അച്ഛാ.. നമ്മൾ കരുതിയത് പോലെയൊന്നുമല്ല കാര്യങ്ങൾ നടന്നത്.. ഹരീഷിന്റെ അച്ഛന് ജാമ്യം കിട്ടി.. ആ കേസിൽ മരണപെട്ടവർക്കും അപകടപ്പെട്ടവർക്കും അവർ ആവശ്യപ്പെട്ടതിലും കൂടുതൽ നഷ്ടപരിഹാരം നൽകി അവർ ആ കേസ് ഒതുക്കി തീർക്കാൻ പോവാണെന്നാണ് കേട്ടത്.. ജനങ്ങൾക്ക് അമ്പടിക്കാരോട് വർഷങ്ങളായിട്ടുള്ള വിശ്വാസം ഇതുപോലെ ഒരു ചെറിയ സംഭവം കൊണ്ടൊന്നും നഷ്ടപ്പെട്ട് പോകില്ലെന്ന് എനിക്കിപ്പോൾ മനസിലായി.. ചെറുതായി ഒരു വീഴ്ച ഉണ്ടായെന്നേയുള്ളു.. പക്ഷേ ശക്തമായി തന്നെ അവർ ഇതിനെ നേരിടും ” “ഇതൊക്കെ നിന്നോടാരു പറഞ്ഞു?” “അമ്പാടി കൺസ്ട്രക്ഷൻസിൽ എന്റെ പരിചയത്തിലുള്ളവർ ഉണ്ടല്ലോ?”

“നീ പറഞ്ഞതൊക്കെ സത്യമാണ്.. പക്ഷേ ഇന്നലെ ഹരീഷിനെ നീ അപമാനിച്ചു ഇറക്കി വിടാതെ നമ്മൾ പൈസ കൊടുത്തു സഹായിച്ചിരുന്നുവെങ്കിൽ നിനക്ക് അവനോട് ഒരു സൗഹൃദമെങ്കിലും നിലനിർത്താമായിരുന്നു..” “അതിന് ഞാനറിഞ്ഞോ ഹരീഷിന്റെ അച്ഛൻ ഷെയർ മാർക്കറ്റിലൊക്കെ പണം മുടക്കി ഇട്ടിട്ടുണ്ടായിരുന്നുവെന്ന്.. ആ ഷെയറൊക്കെ വിറ്റിട്ടല്ലേ അയാൾ ഈ നഷ്ടപരിഹാരം ഒക്കെ കൊടുക്കാൻ പോകുന്നത്.. എന്തൊക്കെ പറഞ്ഞാലും അയാൾ എല്ലാ അർത്ഥത്തിലും നല്ലൊരു ബിസിനസ്‌കാരൻ ആണെന്ന് ഇപ്പോൾ എനിക്ക് മനസിലായി.. അയാളുടെ പകുതി ബുദ്ധി പോലും ആ രണ്ട് ആണ്മക്കൾക്കും ഇല്ല ” “മോളെ.. നോക്ക്.. അവന്റെ വിവാഹം കഴിഞ്ഞതിന് ശേഷം നീയും ഹരീഷും തമ്മിലുള്ള വിവാഹത്തിന് എനിക്ക് താല്പര്യം ഇല്ലായിയിരുന്നു..

നിനക്ക് നന്നായിണങ്ങുന്നത് അഭയ് ആണ്.. നിനക്ക് സമ്മതമാണെങ്കിൽ ഞാൻ അവനോട് സംസാരിക്കാം ” “ഇനിയിപ്പോൾ വേറെ നിവൃത്തിയില്ലല്ലോ.. ഇനിയും ഹരീഷിന്റെ പിന്നാലെ ചെല്ലാൻ പറ്റില്ലല്ലോ.. അവൻ എന്നെ ആട്ടിപ്പായിക്കും.. ഇനി അഭയ് എങ്കിൽ അഭയ്.. പക്ഷേ അവന്റെ മുന്നിൽ ആളാകാൻ വേണ്ടി ഹരീഷ് എന്റെ ബോയ്ഫ്രണ്ട് ആണെന്ന് പരിചയപ്പെടുത്തികൊടുത്തിട്ടുണ്ട്.. ഇനി അഭയ് അതൊക്കെ മനസ്സിൽ വച്ച് പെരുമാറുമോ?” “മോളെ.. പണത്തിനു മീതെ പരുന്തും പറക്കില്ലെന്നാണ് പ്രമാണം.. അഭയ് അതൊന്നും മനസ്സിൽ വയ്ക്കാതെ ഈ വിവാഹത്തിന് സമ്മതിക്കും എനിക്കുറപ്പാണ്..” ശീതൾ സമ്മതം മൂളി.. അവളുടെ മനസ്സിൽ പല ചിന്തകളും കടന്നു വന്നു..

അമ്പാടിയുടെ സ്വത്തും പണവും സൽപേരും എല്ലാം നശിച്ചിട്ടായിരുന്നു താനും അഭയും തമ്മിലുള്ള വിവാഹമെങ്കിൽ താനേറെ സന്തോഷിച്ചേനെ.. ഇതിപ്പോൾ താൻ വല്യ സൗഭാഗ്യം നഷ്ടപ്പെടുത്തി എന്നൊരു തോന്നൽ നെഞ്ചിൽ അലയടിക്കുന്നു.. ** ** *** വൈകുന്നേരം ദീപ്തിയും ഹരീഷും ഒരുമിച്ചു ക്ഷേത്രത്തിൽ പോയി. അവിടെ ദേവിയുടെ മുന്നിൽ വച്ചു അവളുടെ സീമന്തരേഖയിൽ സിന്ദൂരം ചാർത്തികൊടുത്തു കൊണ്ട് അവൻ പറഞ്ഞു.. “ഇത് വരെ ഞാൻ നിന്റെ ഭർത്താവായി അഭിനയിക്കുകയായിരുന്നു. ഇന്ന് മുതൽ നിന്റെ ഭർത്താവായി എനിക്ക് ജീവിക്കണം” അവളുടെ മിഴികൾ നിറഞ്ഞു, അവൻ ആ മിഴിനീർ തുടച്ചു,അവളുടെ കരങ്ങൾ ചേർത്തു പിടിച്ചു കൊണ്ട് പുതിയൊരു ജീവിതത്തിലേക്കു അവൻ നടന്നു കയറി. ഹരീഷ് ആ സത്യം മനസിലാക്കിയിരുന്നു..

‘പണവും പ്രതാപവും നോക്കി നമ്മളെ തേടി വരുന്ന ബന്ധങ്ങൾ, നമ്മുടെ കയ്യിൽ പണമില്ലാതെ വരുമ്പോൾ ഉപേക്ഷിച്ചു പോകും, എന്നാൽ ഒന്നും പ്രതീക്ഷിക്കാതെ നിഷ്കളങ്കമായി സ്നേഹിക്കുന്നവർ ഏതു പ്രതിസന്ധിയിലും നമ്മുടെ കൂടെ ഉണ്ടാകുമെന്ന സത്യം ‘ അന്ന് രാത്രിയിൽ ദീപ്തി റൂമിലേക്ക് ചെല്ലുമ്പോൾ ഹരീഷ് ബാൽക്കണിയിൽ നിൽക്കുകയായിരുന്നു.. അവളെ കണ്ടതും അവൻ റൂമിലേക്ക് വന്നു.. ഹരീഷ് വലതുകരം അവളുടെ ചുമലിലേക്ക് വച്ചതും അവൾ പറഞ്ഞു.. “ഏട്ടാ.. എനിക്ക് കുറച്ച് സമയം വേണം.. ഈ യഥാർഥ്യങ്ങളുമായി എന്റെ മനസിന് പൊരുത്തപ്പെടാൻ കുറച്ച് സമയം കൂടി വേണം ” ഹരീഷ് ഞെട്ടലോടെ കൈ പിൻവലിച്ചു.. ദീപ്തിയുടെ മനസിലെ ചിന്ത മറ്റു പലതും ആയിരുന്നു..

‘ഒരു നാടകത്തിലൂടെ തന്നെ സ്വന്തമാക്കിയവനാണ്, വീണ്ടും ശീതളിന്റെ വാക്ക് കേട്ട് പോകില്ലെന്ന് എന്തുറപ്പാണുള്ളത്.. തന്നെ ഭാര്യയായി കൊണ്ട് വന്നതിന് ശേഷവും തന്റെ മുന്നിൽ അഭിനയിച്ചവനാണ്.. അതുകൊണ്ട് ഈ സ്നേഹം അഭിനയമല്ല, സത്യമാണെന്നു ഉറപ്പായതിന് ശേഷം മാത്രം മതി… എല്ലാ അർത്ഥത്തിലും അയാളുടെ ഭാര്യ ആകുന്നത്.. അതിന് തനിക്കു കുറച്ച് കൂടി സമയം വേണം….ഇനിയും വിഡ്ഢിയാകാൻ തനിക്ക് കഴിയില്ല ‘ ഹരീഷ് ഉറക്കം വരാതെ ആ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ ദീപ്തി സമാധാനത്തോടെ ഉറങ്ങി.. അവളുടെ മുഖത്തേക്ക് നോക്കിയിട്ട് അവൻ ചിന്തിച്ചു.. ‘എന്തായിരിക്കും ഇവളുടെ ഉദ്ദേശ്യം.. തന്നോട് പകരം വീട്ടാനായിരിക്കുമോ?’…. തുടരും

ഭാര്യ: ഭാഗം 6-7

Share this story