ഹൃദയത്തിൻ താളമായി…..❣️ : ഭാഗം 44

ഹൃദയത്തിൻ താളമായി…..❣️ : ഭാഗം 44

എഴുത്തുകാരി: റിൻസി പ്രിൻസ്‌

” എന്നോട് എന്തിനാണ് സോറി പറയുന്നത്….. അപർണ്ണയുടെ സ്ഥാനത്ത് ആരാണെങ്കിലും ഇങ്ങനെയൊക്കെ മാത്രമേ ചിന്തിക്കു….. താൻ ആയതുകൊണ്ട് ഇത്രയേ ചെയ്തുള്ളൂ ………. വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ എൻറെ വീട്ടിൽ വന്ന് എൻറെ മുഖത്ത് അടിക്കുക ആയിരിക്കും ചെയ്യുന്നത് ആദ്യം……. സ്വന്തം ഭർത്താവിനെ പങ്കു വയ്ക്കപ്പെടുന്നത് എന്ത് കാരണത്തിന് പേരിലാണെങ്കിലും ഒരു സ്ത്രീയും സഹിക്കാത്ത ഒന്നാണ്……. സ്വന്തം നിലനിൽപ്പിന് ഭീഷണി ഉണ്ടാകുമ്പോൾ ഏതൊരാളും ചെയ്യുന്നതൊക്കെ അപർണ്ണയും ചെയ്തിട്ടുള്ളൂ…… അത് മനസ്സിലാക്കാനുള്ള ബോധം ഒക്കെ എനിക്കുണ്ട്……

പക്ഷേ സോറി പറയേണ്ടത് എന്നോടല്ല…….. ഒരു നിമിഷത്തേക്കെങ്കിലും അറിയാതെയാണെങ്കിലും സംശയിച്ചു പോയത് ശിവേട്ടനെ അല്ലേ…… ചേട്ടൻ എല്ലാം തന്നോട് പറയാൻ വേണ്ടി തന്നെ ഇരുന്നതാ ആണ്……. പലപ്രാവശ്യം അതിനുവേണ്ടി ശിവേട്ടൻ ഒരുങ്ങിയപ്പോഴും ഞാനാണ് ശിവേട്ടനെ തടഞ്ഞത്……. ആരുമറിയാതെ ഈ നാട്ടിൽ നിന്നും തിരിച്ചു പോകാം എന്ന് തന്നെയാണ് ഞാൻ വിശ്വസിച്ചത്……. അതിനിടയിൽ നിങ്ങളുടെ സന്തോഷകരമായ ജീവിതത്തിൽ എൻറെ പേര് വെറുതെ കടന്നു വരണ്ട എന്ന് കരുതി……. അപർണയ്ക്ക് ഉള്ള സമാധാനം കളയണ്ട എന്ന് ഞാൻ ആഗ്രഹിച്ചത്…….

ഒരിക്കലും വിഷ്ണുവിൻറെ കാര്യം ശിവേട്ടൻ തുറന്നു പറയില്ല എന്ന് എനിക്ക് അറിയാം…….. അതുകൊണ്ടുതന്നെ എന്നെ പറ്റി കേൾക്കുമ്പോൾ എന്തായിരിക്കും അപർണ്ണയുടെ മനസ്സിൽ ഉണ്ടാകുന്ന ഭാവങ്ങൾ എന്ന് എനിക്ക് ഊഹിക്കാൻ കഴിയുമായിരുന്നു……. അപർണ ഒന്നും അറിയിക്കാതെ ശിവേട്ടന് സന്തോഷകരമായ ജീവിതം തിരിച്ചു നൽകി എൻറെ മോൻറെ ഓപ്പറേഷൻ കഴിഞ്ഞു തിരിച്ചു പോകണമെന്ന് തന്നെയായിരുന്നു ഞാൻ കരുതിയത്…… പക്ഷെ ആശുപത്രിയിൽ വച്ച് ഞങ്ങളെ ഒരിക്കലും അപർണ കണ്ടില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഈ സത്യങ്ങൾ ഒന്നും താൻ അറിയാൻ പോകുന്നുണ്ടായിരുന്നില്ല……

ഒരുപക്ഷേ ഇത് ഈശ്വരന്റെ നീതിയായിരിക്കും….. ശിവേട്ടനെ പറ്റി ചെറിയൊരു കളങ്കം പോലും അപർണ്ണയുടെ മനസ്സിൽ അവശേഷിക്കുന്നുണ്ടാകരുത് എന്ന് ഉള്ള ഈശ്വരനിശ്ചയം…….. അപർണ്ണക്കറിയൊ ഒരുദിവസം തന്നോട് എന്തോ ഒരു കാര്യത്തിന് കള്ളം പറഞ്ഞു എന്ന് പറഞ്ഞു കൊച്ചുകുട്ടിയെപ്പോലെ എൻറെ മുൻപിൽ ഇരുന്നു പൊട്ടി കരഞ്ഞിട്ടുണ്ട് ശിവേട്ടൻ……. ഞാൻ കാരണം അന്ന് വീണ്ടും ശിവേട്ടൻ വേദനിക്കുന്നു എന്ന് ഓർത്തപ്പോൾ കുറ്റബോധം തോന്നിയിട്ടുണ്ട്. അന്ന് പോലും അപർണ്ണയോട് വന്നു കണ്ട് ഒക്കെ പറഞ്ഞാലോ എന്ന് ഞാൻ മനസ്സുകൊണ്ട് ആഗ്രഹിച്ചത് ആണ്…….

പക്ഷേ വീണ്ടും വീണ്ടും ഞാൻ ആ മനുഷ്യനെ തോൽപ്പിക്കുന്നതിന് തുല്യമായി പോകുമല്ലോ എന്ന് വിചാരിച്ചു…….. ശിവേട്ടൻ ഉം അമ്മയും സഹോദരിയും ഒഴികെ ബാക്കിയുള്ളവരൊക്കെ എന്നോട് ചെയ്തിട്ടുള്ളത് ദ്രോഹം തന്നെയാണ്……. എങ്ങനെ നോക്കിയാലും ആ വീട്ടിലെ സ്ത്രീകളോട് പോലും എനിക്ക് ദേഷ്യമാണ്……. ശിവേട്ടന്റെ അമ്മയ്ക്ക് എങ്കിലും തുറന്നു പറയാമായിരുന്നില്ലേ അപർണ്ണയോട് സ്വന്തം മകൻ നിരപരാധിയാണെന്ന്…… ചെയ്തില്ല……!! ഒരേ പന്തിയിൽ രണ്ടുതരം ചോറു വിളമ്പുന്നത് പോലെ…… സമൂഹത്തിൽ മാന്യനായ ഒരു ക്രിമിനലിനെ അവർ സംരക്ഷിച്ചു കൊണ്ടിരിക്കുന്നു……..

ഒരു നല്ല മനുഷ്യനെ കുറ്റവാളിയായി സമൂഹത്തിൻറെ മുമ്പിൽ മുദ്രകുത്തുന്നു……. സ്വന്തം മക്കളെ ഇങ്ങനെ രണ്ടുതരത്തിൽ കാണുന്ന ആൾക്കാരെ എനിക്ക് പുച്ഛമാണ്……. പിന്നെ സൗപർണിക, ആ കുട്ടിക്ക് ഒന്നും അറിയാൻ സാധ്യത ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല ……. കാരണം ആ സമയത്ത് ആ കുട്ടി തീരെ ചെറുതായിരുന്നു…… “ഒരുപക്ഷേ അമ്മയ്ക്കും ഒന്നും അറിയില്ലായിരിക്കും അലീന …… അച്ഛൻ പറയുന്നത് എന്തും കണ്ണും പൂട്ടി വിശ്വസിക്കുന്ന ഒരാളാണ് അമ്മ…… ഒരിക്കലും അറിഞ്ഞുകൊണ്ട് ശിവേട്ടനെ ഒരു കുറ്റവാളി ആക്കാൻ സമ്മതിക്കുമെന്ന് എനിക്ക് തോന്നുന്നില്ല…… ” ചിലപ്പോൾ അതായിരിക്കും സത്യം…….

എനിക്കും അറിയില്ല….. പക്ഷേ ശിവേട്ടൻ ഒരു നല്ല മനസ്സിന് ഉടമയാണ്…… ആ വീട്ടിൽ ജനിച്ചു പോയി എന്ന് ഒരു കുറ്റം മാത്രമേ അദ്ദേഹം ചെയ്തിട്ടുള്ളൂഎന്നാണ് എനിക്ക് തോന്നുന്നത്….. “മോന് സുഖമായിരിക്കുന്നോ….? ” കുഴപ്പമൊന്നുമില്ല….! അവനെ ജോലിക്കാരിയുടെ അരികിൽ ആക്കി ആണ് ഞാൻ അപർണയെ കാണാൻ വേണ്ടി വന്നത്……. അവൻറെ അടുത്തേക്ക് ഞാൻ നിൽക്കേണ്ട സമയമാണിത്…… പക്ഷേ ശിവേട്ടൻ വേദനിക്കുമ്പോൾ എനിക്കങ്ങനെ മാറി നിൽക്കാൻ കഴിയില്ലല്ലോ…… പിന്നെ ഞാന് മറ്റ് ഒരു കാര്യം കൂടി പറയാൻ ആണ് വന്നത്. ഞാൻ ഒരു ട്രാൻസഫർ ശരിയാക്കിയിട്ടുണ്ട്…….

ഇനി നിങ്ങളുടെ ജീവിതത്തിൽ ഞാൻ ഒരിക്കലും ഒരു കരടായി വരില്ല…… അതോർത്തു താൻ പേടിക്കേണ്ട…… ” ഇനി അങ്ങനെ പറയരുത്……. എല്ലാം അറിഞ്ഞ സ്ഥിതിക്ക് ഇനി ഒരിക്കലും എൻറെ ജീവിതത്തിൽ ഒരു കരട് അല്ല അലീന……. അലീന പറഞ്ഞതുപോലെ ശിവേട്ടന്റെ മനസ്സിൽ എനിക്കല്ലാതെ മറ്റാർക്കും ഒരിക്കലും ഒരു സ്ഥാനം ഉണ്ടാകില്ല എന്ന് എനിക്ക് നന്നായി അറിയാം……. ആദ്യമായി സ്നേഹിച്ച സമയം മുതൽ ഈശ്വരനിശ്ചയം പോലെ ആരോ എൻറെ മനസ്സിൽ ഇരുന്ന് പറയുന്നുണ്ടായിരുന്നു അറിഞ്ഞതും കേട്ടതിനും ഒക്കെ അപ്പുറം എന്തൊ ഒരു സത്യം എന്നെ കാത്തിരിപ്പുണ്ടായിരുന്നു എന്ന്…….

ഒരിക്കലും അങ്ങനെ ഒരു തെറ്റ് ചെയ്യാൻ ശിവേട്ടന് കഴിയില്ലെന്ന്…… അറിയാവുന്നവർ ഒക്കെ പറഞ്ഞു ഒരിക്കലും അങ്ങനെ ഒരു തെറ്റ് ചെയ്തിട്ടുണ്ട് എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല എന്ന്…… ആ ഒരു ആശ്വാസം എനിക്കുണ്ടായിരുന്നു…….. അതിലെല്ലാമുപരി എൻറെ തീരുമാനം ഒരിക്കലും തെറ്റായി പോകില്ല എന്നുള്ള ഒരു വിശ്വാസം എനിക്കുണ്ടായിരുന്നു…… മനസ്സിലിരുന്ന് പറഞ്ഞ മനസ്സാക്ഷി തന്നെയായിരുന്നു…….. നമ്മളോട് അടുത്തിടപഴകുന്ന ഒരാളുടെ സ്വഭാവം ഏകദേശം ഒക്കെ മനസ്സിലാക്കാനുള്ള ഒരു കഴിവ് ഏതൊരു വ്യക്തിക്ക് ഉണ്ടാകും……….. ശിവേട്ടൻ സ്നേഹിച്ച സമയത്ത് പോലും മോശമായി പെരുമാറിയിട്ടില്ല…….

എനിക്ക് തോന്നിയിട്ടുണ്ട് ഈ മനുഷ്യൻ എങ്ങനെയാണ് ഇങ്ങനെ ഒരു തെറ്റ് ചെയ്തു പോയത് എന്ന്………. പക്ഷേ ശിവേട്ടൻ അങ്ങനെ ചെയ്തു എന്ന് വിശ്വസിക്കാൻ എനിക്ക് കഴിയുന്നില്ല……… ഇന്നുവരെ മോശമായ രീതിയിൽ ആരോടും സംസാരിക്കുന്നത് പോലും കണ്ടിട്ടില്ല……. “സമൂഹത്തിൽ പലപ്പോഴും മാന്യതയുടെ മുഖം മൂടി അണിഞ്ഞവർ ആണ് ഇരുട്ടിൻറെ മറവിൽ ഏറ്റവും വലിയ കുറ്റവാളികൾ ആകുന്നത്……. അത് എൻറെ ജീവിതം എന്നെ പഠിപ്പിച്ചത് ഒരു കഥയാണ്….. ഇത് മാത്രമല്ല ഒരുപാട് മാന്യന്മാരുടെ പലമുഖങ്ങൾ ഞാൻ കണ്ടിട്ടുണ്ട്…….. അനുഭവിക്കേണ്ടിവന്നിട്ടുണ്ട്……..

ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു പെണ്ണിനെ ഈ സമൂഹത്തിൽ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ ഒരു പ്രശ്നവും അതുതന്നെയാണല്ലോ…… ജോലി ചെയ്ത ഇടങ്ങളിൽ താമസിക്കുന്ന സ്ഥലങ്ങളിലൊക്കെ മാന്യതയുടെ മുഖംമൂടി അണിഞ്ഞു ഇരുട്ടിൻറെ മറവിൽ ശരീരം മോഹിച്ച് വന്ന ഒരുപാട് പേരെ എനിക്കറിയാം…….. അവരുടെയൊക്കെ മുൻപിൽ തളരാതെ പൊരുതി നിൽക്കാൻ ഉള്ള ഊർജ്ജം എനിക്ക് ലഭിച്ചത് എൻറെ ജീവിതം എനിക്ക് നൽകിയ അനുഭവങ്ങൾ കൊണ്ട് തന്നെയായിരുന്നു…… ഇനിയും സംസാരിച്ചാൽ ഞാൻ ഒരുപാട് വൈകും…… അപർണ എത്രയും പെട്ടെന്ന് ശിവേട്ടനെ കാണണം…….

അത് മാത്രം പറയാനാണ് ഞാൻ വന്നത്…….. പോട്ടെ…….!! അത്രയും പറഞ്ഞ് അവിടെ നിന്ന് നടന്നു നീങ്ങുമ്പോൾ ഒരു വാതിലിനപ്പുറം നിന്ന് എല്ലാം കേട്ട് നിന്ന അമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോൾ ആ നിറഞ്ഞ കണ്ണുകൾ എനിക്ക് പറയാതെ പറഞ്ഞു തരുന്നുണ്ടായിരുന്നു അമ്മ എല്ലാം കേട്ടിരുന്നു എന്ന്……… അരികിലേക്ക് ചെന്നപ്പോഴേക്കും ഒന്നും ചോദിക്കാതെ അമ്മ എന്നെ മാറോടുചേർത്തു……. ആ നിമിഷം എനിക്ക് അമ്മയുടെ തലോടൽ അത്യാവശ്യമായിരുന്നു എന്ന് അമ്മയ്ക്ക് തോന്നിയിട്ട് ഉണ്ടാവണം….. ” അമ്മേ.. ..!! ഞാൻ…… ” ഒന്നും പറയണ്ട……. കുഞ്ഞു ഉറക്കം ആണ്…… നീ വേഗം ശിവനെ പോയി കണ്ടിട്ട് വാ…..

അപ്പോഴേക്കും അമ്മ കുഞ്ഞിന്റെ ഉടുപ്പുകൾ ഒക്കെ മടക്കി വയ്ക്കാം……… ഇന്ന് വൈകുന്നേരം തന്നെ പോകണം ശിവന്റെ ഒപ്പം……… അമ്മ പറഞ്ഞപ്പോൾ എനിക്ക് വല്ലാത്ത സമാധാനമായിരുന്നു……… മനസ്സിലുണ്ടായിരുന്ന അവസാന കരടും നീങ്ങി പോയ് സമാധാനം അമ്മയുടെ മനസ്സിലുണ്ടായിരുന്നു……… ശിവേട്ടൻ ഒരിക്കലും അങ്ങനെ ഒരു തെറ്റ് ചെയ്തിട്ടില്ല എന്ന് വിശ്വസിച്ചത് കൊണ്ട് തന്നെ ഇതിന്റെ പേരിൽ ഒരു പ്രത്യേക സന്തോഷമോ സമാധാനമോ ഒന്നും എനിക്കു ഉണ്ടായിരുന്നില്ല……….. എങ്കിലും അമ്മയുടെ മനസ്സിൽ ശിവേട്ടന്റെ സ്ഥാനം ഉയർന്നത് എന്നിൽ വല്ലാത്തൊരു സന്തോഷം നിറച്ചിരുന്നു.

പിന്നീട് ഒന്നും നോക്കിയില്ല പെട്ടെന്നുതന്നെ മുറിയിലേയ്ക്ക് ചെന്ന് കയ്യിൽ കിട്ടിയ ഒരു ചുരിദാർ എടുത്തണിഞ്ഞു, മറ്റൊരു ചമയങ്ങളും ഇല്ലങ്കിലും സീമന്തരേഖ ചുവപ്പിക്കാൻ മറന്നില്ല…… ശിവേട്ടന്റെ വർക്ക്‌ഷോപ്പിലേക്ക് കാലുകൾ വലിച്ച് നടക്കുമ്പോൾ കാലുകൾക്ക് പതിവിലും വേഗം കൂടുതൽ ആണ് എന്ന് തോന്നിയിരുന്നു………… വർക്ക് ഷോപ്പിലേക്ക് ചെന്നപ്പോൾ തന്നെ അവിടെ ഉണ്ടായിരുന്നവരൊക്കെ സൗഹൃദപൂർവ്വം ചിരിച്ചിരുന്നു……. ശിവേട്ടന് ചോറു കൊടുക്കാൻ വരുന്നതുകൊണ്ട് എല്ലാവർക്കും തന്നെ അറിയാമായിരുന്നു. തന്നെ കണ്ടതും ആരോ ഒരാൾ പറഞ്ഞു ശിവേട്ടൻ ആകെത്തുണ്ട് എന്ന്…..

അത് കേട്ടതും മനസ്സിൽ തോന്നിയ സന്തോഷത്തിന് അതിരില്ലായിരുന്നു…… എല്ലാവരും ഓരോ പണികളിലാണ്….. ഓടി അകത്തേക്ക് കയറുമ്പോൾ ശിവനെ കാണാൻ വേണ്ടി മനസ്സ് വെമ്പുകയായിരുന്നു……….. രണ്ടോ മൂന്നോ ദിവസത്തെ അകലം മാത്രമേ തമ്മിൽ ഉണ്ടായിരുന്നുള്ളൂ എങ്കിലും അതൊരു ജന്മത്തിന് അകലമാണ് എന്ന് തനിക്ക് മനസ്സിലായിരുന്നു……… ഒരിക്കലും ശിവൻ ഇല്ലാതെ അപർണ ഇല്ല എന്ന ആ സത്യത്തെ താൻ അപ്പോഴേക്കും ഉൾക്കൊണ്ട് കഴിഞ്ഞിരുന്നു………. തിരിഞ്ഞു നിന്ന് വണ്ടിയിൽ എന്തോ കാര്യമായി ജോലി ചെയ്യുകയാണ് ശിവേട്ടൻ…………

ശിവേട്ടനെ കണ്ടതും ഹൃദയം വല്ലാതെ പൊട്ടി പോകും എന്ന് തോന്നിയിരുന്നു……. ഒരുപാട് വർഷങ്ങൾക്കു ശേഷം കാണുന്നതുപോലെ…… അത്രമേൽ ഈ അസാന്നിധ്യം എന്നിലൊരു വേദന നിറച്ചിരുന്നു എന്ന ആ നിമിഷം ആണ് എനിക്ക് പോലും മനസ്സിലാകുന്നത്…………. ആ നിമിഷം എവിടെയാണ് നിൽക്കുന്നത് എന്ന് പോലും മറന്ന് ഞാൻ ഓടി ചെന്ന് ശിവേട്ടനെ പിന്നിലൂടെ കെട്ടിപ്പിടിച്ചു……….. ഒരു നിമിഷം എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ ശിവേട്ടൻ പെട്ടന്ന് തിരിഞ്ഞു നോക്കിയപ്പോഴാണ് എന്നെ കണ്ടത്……… എന്നെ കണ്ടതും ആ മുഖത്തെ മാറിമറിയുന്ന ഭാവങ്ങൾ ഞാൻ മനസ്സിലാവാതെ നോക്കി കാണുകയായിരുന്നു……..

ഒരാഴ്ച കൊണ്ട് ശിവേട്ടൻ ആകെപ്പാടെ മാറിപ്പോയത് പോലെ എനിക്ക് തോന്നിയിരുന്നു…….. ക്ഷീണം അലതല്ലുന്ന കണ്ണുകളും മുഖത്തെ കുറ്റി രോമങ്ങളും എല്ലാം എന്നെ ഒരു വല്ലാത്ത വേദനയിലേക്ക് നയിച്ചിരുന്നു……….. ആ കണ്ണുകൾ കാണുമ്പോൾ തന്നെ അറിയാം ഉറക്കം കിട്ടാക്കനിയായിട്ട് ദിവസങ്ങൾ ആയിരിക്കുന്നു എന്ന്……… എങ്ങനെ ഉറങ്ങാൻ ആണ്…….. ഞാൻ ഇല്ലാതെ ഇന്നോളം ശിവേട്ടൻ ഉറങ്ങിയിട്ടുണ്ടാവില്ല……… എന്നെ ചേർത്തു കിടക്കാതെ, മോൾക്ക് ഉമ്മ നൽകാതെ എങ്ങനെയായിരിക്കും ശിവേട്ടൻ സമാധാനമായി ഉറങ്ങിയിട്ട് ഉണ്ടാവുക…….. ആ മുഖത്തേക്ക് നോക്കിയതും എനിക്ക് വല്ലാത്ത വേദന തോന്നിയിരുന്നു……..

ഒപ്പം മനസ്സിൽ കുറ്റബോധവും……. വെറുതെ ആണെങ്കിൽ പോലും ഞാൻ സംശയിച്ചു പോയല്ലോ എന്നോർത്ത്……… എന്നെ കണ്ടതും ശിവേട്ടൻ മനസ്സിലാവാതെ മുഖത്തേക്ക് തന്നെ നോക്കി പോയിരുന്നു…… ഒന്നും മിണ്ടാതെ ഏന്തിവലിഞ്ഞ് ആദ്യം തന്നെ ശിവേട്ടൻ കവിളിലേക്ക് ചുണ്ട് ചേർക്കുകയായിരുന്നു ചെയ്തിരുന്നത്………. ഒരു നിമിഷം എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ശിവേട്ടൻ എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു……… എന്നിട്ടും ഒന്നും സംസാരിക്കാതെ ഞാൻ ശിവേട്ടന്റെ നെഞ്ചിലേക്ക് ചേർന്ന് ശിവേട്ടനെ പുണർന്നുകൊണ്ട് തന്നെ നിന്നു…….. ” എന്നോട് ക്ഷമിക്കില്ലേ ശിവേട്ടാ…..!

അറിയാതെ ഒരു തെറ്റിദ്ധാരണയുടെ പുറത്താണ് എങ്കിലും ഞാൻ എൻറെ ഏട്ടനെ ഒരു നിമിഷത്തേക്ക് തെറ്റിദ്ധരിച്ചുപോയി……….. എൻറെ മാനസികാവസ്ഥ പറഞ്ഞാൽ മനസ്സിലാവില്ല……… അത്രമേൽ സ്നേഹിച്ചിരുന്നു…….. അതുകൊണ്ടുതന്നെ ഒരു നോട്ടം കൊണ്ട് പോലും ശിവേട്ടൻ മറ്റൊരാളുടെ ആകുന്നു എന്ന ചിന്ത എന്നെ ഭയപ്പെടുത്തുന്നതായിരുന്നു ശിവേട്ടാ……. സത്യങ്ങൾ ഒന്നും എനിക്കറിയില്ലയിരുന്നല്ലോ…….. ഇന്ന് എന്നോട് എല്ലാം അലീന പറയുന്നതുവരെ……. അത് പറഞ്ഞപ്പോൾ ശിവേട്ടൻ ഹൃദയതാളം വല്ലാതെ മുറുകുന്നത് ഞാനറിയുന്നുണ്ടായിരുന്നു…… ”

അപ്പു…… കുറേ ദിവസങ്ങൾക്കുശേഷം ആ ശബ്ദം കാതിലേക്ക് വീണപ്പോൾ ആദ്യമായി ശിവേട്ടനെ കാണാൻ നിൽക്കുന്ന അവസ്ഥയിൽ തന്നെ ആയിരുന്നു ഞാനും എന്ന് തോന്നിയിരുന്നു……. “അലീന നിന്നെ കാണാൻ വന്നിരുന്നോ…..? ” വന്നിരുന്നു…..! ശിവേട്ടൻ പറയാതെ സത്യങ്ങളൊക്കെ എന്നോട് പറഞ്ഞു……. ഇതൊക്കെ നേരത്തെ പറയാമായിരുന്നില്ലേ……. ഇതൊക്കെ നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഞാനെൻറെ ശിവേട്ടനെ ഒരു ചെറിയ രീതിയിൽ പോലും സംശയിക്കില്ലയിരുന്നു……. അതിലുമുപരി ഒപ്പം ഞാൻ നിന്നേനെ…… ശിവേട്ടന് എന്നോട് ദേഷ്യം ഉണ്ടോ.

ശിവേട്ടാ……. ഞാനും ഒരു മനുഷ്യസ്ത്രീ അല്ലെ….. ദൈവം ഒന്നുമല്ലല്ലോ……. എപ്പോഴൊക്കെയോ ദേഷ്യപ്പെട്ട് പോയി……. സംശയിച്ചുപോയി എന്നോട് ക്ഷമിക്ക് ശിവേട്ട….. കഴിയില്ലേ……? എൻറെ കണ്ണുനീർ തുടച്ച് എന്നെ ഒന്നു കൂടി ഞാൻ നെഞ്ചിലേക്ക് ചേർത്തുനിർത്തി കൊണ്ട് ശിവേട്ടൻ പറഞ്ഞു……. ” സാരമില്ല……. നിനക്ക് അതേ സാധിക്കു എന്ന് എനിക്കറിയാം……. എന്നെ അത്രമേൽ ഇഷ്ടപ്പെട്ടത് കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും എനിക്കറിയാം……. പക്ഷേ നീയും മോളും ഇല്ലാത്ത ഈ ദിവസങ്ങൾ ഞാൻ എങ്ങനെ തള്ളിനീക്കി എന്ന് എനിക്ക് തന്നെ അറിയില്ല……. ഞാൻ ഉറങ്ങിയിട്ടില്ല…….

നീയും ഉറങ്ങിയിട്ടുണ്ടാവില്ല എന്ന് എനിക്കറിയാം…… എൻറെ മാറിൽ തലചായ്ക്കാതെ എന്റെ കരവലയത്തിൽ അല്ലാതെ നിനക്ക് ഉറങ്ങാൻ കഴിയില്ലല്ലോ മോളെ….. കുഞ്ഞ് എവിടെ….? ” വീട്ടിലുണ്ട്….. ഉറക്കി കിടത്തിയിട്ട് ഞാൻ വന്നത്……. എനിക്ക് പെട്ടെന്ന് പോകണം ഏട്ടാ……. കുഞ്ഞു ഉണരുന്നതിനു മുൻപ് എനിക്ക് അവിടെ എത്തണം…… ഏട്ടനെ കാണാതിരുന്ന ഞാൻ ഹൃദയം പൊട്ടി മരിച്ചു പോകും എന്ന് എനിക്ക് തോന്നി…… അതുകൊണ്ട് മാത്രം ഞാൻ ഓടി വന്നതാ…… ” ഞാൻ അവിടേക്ക് വന്നേക്കാം നീ പൊയ്ക്കോ……. ഞാൻ അവിടേക്ക് വരാം…… ” ഉറപ്പാണോ ശിവേട്ട….. ” ഉറപ്പാണ്…..! പിന്നെ ഒരു സന്തോഷവാർത്ത ഉണ്ട്…….

നീലു ചേച്ചിക്ക് വിശേഷം ഉണ്ട്……. ചികിത്സ ഫലിച്ചു….. ഇപ്പോൾ വിളിച്ചുപറഞ്ഞത് അമ്മ ആണ്…… കേട്ടത് സന്തോഷവാർത്ത ആണെങ്കിലും മനസ്സുനിറഞ്ഞ് എന്തുകൊണ്ട് സന്തോഷിക്കാൻ തനിക്ക് കഴിയുന്നില്ല എന്ന് അപർണ്ണ ഓർത്തു……… അതിനുള്ള കാരണം അലീനയുടെ മകൻറെ മുഖം തന്നെയാണ്……. അലീനയുടെ കുഞ്ഞിന് മറ്റൊരു സഹോരനോ സഹോദരിയോ കൂടി വന്നിരിക്കുന്നു……… ഒരിക്കലും പഴയതുപോലെ ഇനി വിഷ്ണു ചേട്ടനെ പറ്റി എനിക്ക് ചിന്തിക്കാൻ കഴിയില്ല…….. എങ്കിലും അലീന പറഞ്ഞതുപോലെ അലീനയ്ക്ക് ഒരിക്കലും ഇനി അയാളെ സ്നേഹിക്കാൻ കഴിയില്ല………

എന്താണെങ്കിലും സന്തോഷവാർത്തയാണ് ആഗ്രഹിച്ചിരുന്നത് എല്ലാരും…… ഒരു കുഞ്ഞിനുവേണ്ടി…… ഒരു പക്ഷേ അലീന അയാൾക്ക് മനസ്സിൽ മാപ്പ് കൊടുത്തിട്ടുണ്ടാവും……. അതുകൊണ്ടായിരിക്കും ഇപ്പോൾ ഇങ്ങനെ ഒരു സന്തോഷം കടന്നുവന്നത്…… അവളുടെ മുഖത്ത് നിന്ന് കാര്യം മനസ്സിലായി ശിവനു…. ” നീ അറിഞ്ഞതൊക്കെ നിൻറെ മനസ്സിൽ തന്നെ സൂക്ഷിക്കണം…….. മറ്റാരും അറിയരുത്……. എല്ലാവരുടെയും മുൻപിൽ ഞാൻ ഒരു കുറ്റവാളിയായി തന്നെ ഇരുന്നോട്ടെ……. എനിക്ക് ആരെയും ബോധിപ്പിക്കേണ്ട ഇല്ല…..

നിന്നെ അല്ലാതെ…… മനസ്സിലാക്കേണ്ടവൾ എന്നെ മനസ്സിലാക്കി……. ഇനി എനിക്ക് ആരെയും ബോധ്യപ്പെടുത്തണ്ട ആവിശ്യം ഇല്ല……. അതുകൊണ്ട് ആരോടും ഒന്നും പറയണ്ട…….. അമ്മയ്ക്ക് പോലും ഈ കാര്യം അറിയില്ല…… ശിവേട്ടൻ അത് പറഞ്ഞപ്പോൾ അത്ഭുതത്തോടെ താൻ ശിവേട്ടനെ തന്നെ നോക്കി….. തുടരും……ഒത്തിരി സ്നേഹത്തോടെ ✍ റിൻസി

ഹൃദയത്തിൻ താളമായി…..❣ : ഭാഗം 43

Share this story