നിനക്കായ് : ഭാഗം 89

നിനക്കായ് : ഭാഗം 89

എഴുത്തുകാരി: ഫാത്തിമ അലി

“പപ്പായി അവരോട് വരാൻ പറഞ്ഞോളൂ…..” സാം എന്തോ പറയാൻ വരുന്നതിന് മുൻപേ തന്നെ അന്നയുടെ ശബദം അവിടെ മുഴങ്ങി കേട്ടിരുന്നു… ഞൊടിയിടയിൽ എല്ലാവരുടെയും നോട്ടം അന്നയിലേക്കായി… സാമും അലക്സും ഒഴിച്ച് ബാക്കി എല്ലാവരും അത്ഭുതത്തോടെ ആണ് അവളെ നോക്കിയത്…. സാമിന്റെ മുഖത്ത് ഞെട്ടൽ ആണ് കാണാൻ കഴിഞ്ഞത് എങ്കിൽ അലക്സിന്റെ ഭാവം എന്താണെന്ന് മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല…. “അന്നമ്മോ…..അവരോട് വരാൻ തന്നെ അല്ലേ നീ പറഞ്ഞത്…. ഞാൻ കേട്ടത് മാറിയിട്ടൊന്നും ഇല്ലല്ലോ…?” മാത്യൂ ഇനി താൻ കേട്ടതിന്റെ കുഴപ്പം ആണോ എന്നറിയാനായി ഒരിക്കൽ കൂടി കാത് കൂർപ്പിച്ച് വെച്ച് ചോദിച്ചു… “ഹാ ആ ന്നേ…..കെട്ടിക്കാൻ പ്രായം ആയിട്ടും എന്റെ കാര്യത്തിൽ ആർക്കും ഒരു ഉഷാറില്ല…”

ചുണ്ട് കൂർപ്പിച്ച് വെച്ച് പരിഭവത്തോടെ പറയുന്ന അന്നയെ കണ്ട് റീനയും അമ്മച്ചിയും മുഖത്തോട് മുഖം നോക്കി… “നീ കാര്യായിട്ടാണോ…?” റീന ഒരു ഉറപ്പിന് വേണ്ടി എന്ന പോലെ അവളെ നോക്കി… “അല്ല തമാശക്ക്…ഈ മമ്മയെ കൊണ്ട് തോറ്റല്ലോ കർത്താവേ….” മുഷ്ടി ചുരുട്ടി നെറ്റിയിൽ അടിച്ച് കൊണ്ട് അന്ന റീനയ്ക്ക് മറുപടി കൊടുത്തു… “ഇന്നാളൊരിക്കെ ആ ജാൻസീടെ മോന്റെ റിസപ്ഷന് പോയപ്പോ ആരോ മോൾക്ക് കല്യാണം നോക്കുന്നുണ്ടോ എന്ന് ചോദിച്ചതിന് അവിടെയിട്ട് അവരെ ചീത്ത വിളിച്ച് നാറ്റിച്ച് പോന്നത് മമ്മേടെ പൊന്ന് മോള് മറന്നോ…..ആ നീ തന്നെ ആന്നോ പറഞ്ഞതെന്ന് ഓർത്ത് മമ്മ ഒന്ന് കൂടെ ചോദിച്ച് പോയതാ….”

റീന അവളുടെ തലക്ക് ഒരു കിഴുക്ക് കൊടുത്തതും അവൾ അവരെ നോക്കി ഇളിച്ചു… “അതൊക്കെ അന്നല്ലേ മമ്മാ….ഒരു പോലീസുകാരനെ കെട്ടണം എന്നത് പണ്ടേ എന്റെ ആഗ്രഹം ആയിരുന്നു…. കുടുംബത്ത് ഒരു പോലീസ് ഒക്കെ ഉള്ളത് ഒരു അന്തസ് അല്ലായോ ത്രേസ്യക്കൊച്ചേ…ഏത്….” അമ്മച്ചിയുടെ കവിളിൽ പിച്ചി വലിച്ച് കൊണ്ട് ചിരിയോടെ അവൾ സോഫയിൽ നിന്നും എഴുന്നേറ്റ് മുകളിലേക്ക് പോയി… “സാമേ…നീ എന്നാ പറയുന്നു….അവരോട് വന്നേക്കാൻ പറയാം അല്ല്യോ…?” മാത്യൂ ചോദിച്ചത് കേൾക്കാതെ സാം അപ്പോഴും അന്ന പോയ വഴിക്കും നോക്കി ഞെട്ടി ഇരിക്കുകയായിരുന്നു…. “ടാ ചെറുക്കാ….നിന്നോടാ ചോദിക്കുന്നേ….” റീന അവന്റെ കൈയിൽ അടി വെച്ച് കൊടുത്തതും സാം ഞെട്ടി ഉണർന്നു….

“ഞാൻ….ഞാൻ ഇപ്പോ വരാം…” മറ്റാരേയും ശ്രദ്ധിക്കാതെ സ്റ്റെയർ കയറി പോവുന്നത് കണ്ട് റീനയും അമ്മച്ചിയും പരസ്പരം നോക്കി… “ഇവനിത് എന്നാ പറ്റി…?” സാമിന്റെ പോക്ക് കണ്ട് അമ്മച്ചി സ്വയം ചോദിച്ചു… “നീ എന്നാ ടാ പറയുന്നേ…അലക്സേ…?” മുഖം താഴ്ത്തി ഇരിക്കുന്ന അലക്സിനോടായാണ് മാത്യൂ ചോദിച്ചത്… “ഞാ…ഞാൻ എന്ത് പറയാനാ പപ്പേ….?” വാക്കുകൾ പതറാതെ പറയാൻ അവൻ ബുദ്ധിമുട്ടിയിരുന്നു… “നീയും ഞങ്ങൾക്ക് മോനെ പോലെ തന്നെ അല്ലേ…അപ്പോ അന്നേടെ കാര്യത്തിന് നിന്റെ തീരുമാനവും അറിയണ്ടേ….” റീനയെ നോക്കി അവനൊന്ന് ചിരിക്കാൻ ശ്രമിച്ചു…. “അവൾക്ക് സമ്മതമാണെങ്കിൽ പ്രോസീഡ് ചെയ്തോ പപ്പാ…” അലക്സ് പറഞ്ഞത് കേട്ട് മാത്യൂ അവനെ നോക്കി ചിരിച്ച് കൊണ്ട് തലയാട്ടി….

“എന്നതാ ടാ നിന്റെ മുഖം എന്നാ ഒരുമാതിരി ഇരിക്കുന്നേ…?” അമ്മച്ചി അലക്സിനെ നോക്കി സംശയത്തോടെ ചോദിച്ചു… “ഏയ്…ഒന്നൂല്ല അമ്മച്ചീ….ഒരു തലവേദന….ഞാൻ സാമിന്റെ റൂമിൽ ടാബ്ലറ്റ് ഉണ്ടോ എന്ന് നോക്കട്ടേ…” കൈ വിരലാൽ നെറ്റിയിൽ ഉഴിഞ്ഞ് അവൻ മുകളിലേക്ക് കയറി…. സ്റ്റെയർ കയറിയതും അന്നയുടെ റൂമിന് മുന്നിലേക്ക് കാലുകൾ ചലിക്കാൻ ഒരുങ്ങിയെങ്കിലും പിന്നെ അതിനെ പിടിച്ച് കെട്ടി അവൻ ടെറസ് ലക്ഷ്യമാക്കി നടന്നു… ***** റൂമിലേക്ക് കയറിയ അന്നക്ക് ആകെ ഭ്രാന്ത് എടുക്കുന്നത് പോലെ തോന്നി… താഴെ വെച്ച് അങ്ങനെ പറഞ്ഞപ്പോഴെങ്കിലും അലക്സിന്റെ ഭാഗത്ത് നിന്ന് അനുകൂലമായി ഒരു പ്രതികരണം പോലും ലഭിക്കാഞ്ഞത് അവളുടെ സമനില തെറ്റിച്ചു…

തന്നെ ഒന്നും ബാധിക്കാത്ത പോലെ മുഖം കുനിച്ച് കൊണ്ടുള്ള അവന്റെ ഇരിപ്പ് കണ്ണിൽ തെളിഞ്ഞതും അന്നയുടെ ചുണ്ടുകൾ വിറക്കാൻ തുടങ്ങി… നിറഞ്ഞ് വരാനൊരുങ്ങിയ കണ്ണുകളെ വാശിയോടെ തുടച്ച് മാറ്റിയപ്പോഴാണ് അടച്ചിട്ട ഡോർ തുറന്ന സാം റൂമിന് അകത്തേക്ക് കയറിയത്…. സാമിന്റെ ആ വരവ് പ്രതീക്ഷിച്ചിരുന്നത് കൊണ്ട് അവനെ നോക്കാതെ വാഡ്രോബിന് അടുത്തേക്ക് നടന്നു… “കുഞ്ഞാ….നീ എന്തിനാ പപ്പക്ക് പ്രൊപോസലിന്റെ കാര്യത്തിൽ പോസിറ്റീവ് ആയി മറുപടി കൊടുത്തത്….?” ഡോർ അടച്ചിട്ട് സാം അന്നയുടെ പിന്നിലായി ചിന്ന് നിന്ന് കൊണ്ട് ചോദിച്ചു… അവൻ ചോദിക്കുന്നത് കേട്ടെങ്കിലും അതിന് മറുപടി കൊടുക്കാതെ വാഡ്രോബിൽ നിന്നും എന്തോ തിരയുന്ന പോലെ കാണിക്കുന്നുണ്ടായിരുന്നു…

അവളുടെ ആ പ്രവർത്തി സാമിന് ചെറുതായി ദേഷ്യം വരാൻ തുടങ്ങിയിരുന്നു…. “ഞാൻ നിന്നോടാ ഈ ചോദിക്കുന്നത്…?” അവന്റെ സ്വരം മാറിയത് അറിഞ്ഞിട്ടും ഒന്ന് തിരിഞ്ഞ് നോക്കുക പോലും ചെയ്യാതിരിക്കുന്ന അന്നയെ കണ്ട് ദേഷ്യം വന്ന സാം അവളുടെ കൈയിൽ പിടിച്ച് തിരിച്ച് നിർത്തി…. “നിനക്ക് ചെവി കേൾക്കില്ലെന്നുണ്ടോ….?” ദേഷ്യത്തിൽ രണ്ട് ചീത്ത വിളിക്കാൻ അവളുടെ മുഖത്തേക്ക് നോക്കിയ സാം ഒരു നിമിഷം സ്തംഭിച്ച് നിന്നു…. ഇപ്പോ തുളുമ്പും എന്ന നിലക്ക് നിറഞ്ഞ് നിൽക്കുന്ന അവളുടെ മിഴികളും ചുവന്ന് നിൽക്കുന്ന മുഖവും വിറക്കുന്ന ചുണ്ടുകളും അന്നയുടെ സങ്കടം വിളിച്ചോതുന്നുണ്ടായിരുന്നു…

അവൾ അനുഭവിക്കുന്ന മാനസിക സംഘർഷം മുലം ആകാം ഉടൽ ചെറുതായി വിറക്കുന്നുണ്ട്… “കുഞ്ഞാ…..” അവളുടെ നിൽപ്പ് കണ്ട് ഇടർച്ചയോടെ സാം വിളിച്ചതും അത്രയും നാൾ അടക്കി വെച്ച സങ്കടം എല്ലാം അവന്റെ നെഞ്ചിലേക്ക് പെയ്തൊഴിച്ചു… തന്നെ ഇറുകെ പുണർന്ന് പൊട്ടിക്കരയുന്ന അന്നയുടെ കണ്ണുനീർ അവനെ ചുട്ട് പൊള്ളിക്കുന്നുണ്ടായിരുന്നു… മൂന്നാല് വർഷങ്ങൾക്ക് മുൻപേ അലക്സിന്റെയും ശ്രുതിയുടെയും പ്രണയം അറിഞ്ഞ സമയത്താണ് അന്ന ഇത് പോലെ നെഞ്ച് പൊട്ടി കരഞ്ഞത്…. അതിന് ശേഷം ഇന്നാണ് അവളെ ഈ ഒരു അവസ്ഥയിൽ അവൻ കാണുന്നത്… എന്താണെന്ന് അറിയില്ലെങ്കിലും അലക്സാണ് അവളുടെ കണ്ണീരിന് കാരണം എന്ന് അവന് ഉറപ്പായിരുന്നു…

അവന് അലക്സിനോട് വല്ലാത്ത ദേഷ്യം തോന്നി… അടക്കി വെച്ച സങ്കടം എല്ലാം പെയ്ത് തീർക്കട്ടെ എന്ന് കരുതി അവളെ തടയാൻ നിൽക്കാതെ സാം അന്നയെ അവന്റെ നെഞ്ചിലേക്ക് പൊതിഞ്ഞ് പിടിച്ചു… അവളുടെ ഏങ്ങലടികൾ കുറഞ്ഞ് വരുന്നത് വരെ മുടിയിഴകളിൽ തലോടിക്കൊണ്ടിരുന്നു… പതിയെ അന്ന ശാന്തമായതും സാം അവളുടെ മുഖത്തെ ഇരു കൈയിലുമായി കോരി എടുത്തു… “എന്നാ ടാ….ഇച്ചേടെ കുഞ്ഞന് എന്താ ഇത്ര സങ്കടം…?അലക്സും ആയിട്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ…. അവൻ എന്തെങ്കിലും പറഞ്ഞോ നിന്നെ…?” കവിളിൽ ഒലിച്ചിറങ്ങുന്ന കണ്ണുനീരിനെ പെരുവിരലാൽ തുടച്ച് മാറ്റിക്കൊണ്ട് അവൻ വാത്സല്യത്തോടെ ചോദിച്ചു… “ഞാ…ഞാൻ….തോറ്റ്…പോയി…ഇച്ചേ…” വീണ്ടും വിങ്ങി കരയാൻ ഒരുങ്ങിയ അന്നയെ ചേർത്ത് പിടിച്ച് ബെഡിലേക്കായി ഇരുത്തി….

“കരയല്ലേ കുഞ്ഞാ…മോൾ ഈ വെള്ളം കുടിക്ക്….” ടേബിളിൽ വെച്ചിരുന്ന ബോട്ടിൽ എടുത്ത് അടപ്പ് തുറന്ന് അന്നക്ക് നേരെ നീട്ടിയതും അവളത് വാങ്ങി കുടിച്ചു… “ഇനി റിലാക്സ് ആയിട്ട് എന്നതാ എന്റെ കുഞ്ഞന്റെ സങ്കടം എന്ന് പറ…” അന്നക്ക് താഴെ ആയി നിലത്ത് മുട്ട് കുത്തി ഇരുന്ന് അവളുടെ ഇരു കൈകളും പൊതിഞ്ഞ് പിടിച്ച് കൊണ്ട് അവളുടെ കണ്ണിലേക്ക് ഉറ്റ് നോക്കി… “ഇ…ഇച്ചായൻ….എന്നെ…എന്നെ വേണ്ടെന്ന്….പറഞ്ഞു…. എ…എന്നെ….ഇഷ്ടല്ലെന്ന്….ഒരിക്കലും…സ്നേഹിക്കില്ല…. സ്നേഹിക്കില്ലെന്ന്…പറഞ്ഞു ഇച്ചേ…. ഇച്ചായൻ…എന്താ…ഇച്ചേ…എന്നെ…മനസ്സില്ലാക്കാത്തേ…. ഞാൻ…സ്നേഹിച്ചിട്ടല്ലേ ഉള്ളൂ….എന്നിട്ടും…എന്നിട്ടും…. എന്നെ…വേണ്ടെന്ന്….സഹിക്കാൻ…പറ്റുന്നില്ല…ഇച്ചേ…എനിക്ക്..”

പതം പറഞ്ഞുള്ള അവളുടെ കരച്ചിൽ സാമിന്റെ കണ്ണുകളെയും ഈറനണിയിച്ചു… അലക്സ് അന്നയുടെ മനസ്സിനെ നന്നായി തന്നെ മുറിവേൽപ്പിച്ചിട്ടുണ്ടെന്ന് അറിഞ്ഞതും സാമിന്റെ മുഖം വലിഞ്ഞ് മുറുകാൻ തുടങ്ങി… തന്റെ വയറിനെ ചുറ്റി പിടിച്ച് വെച്ചിരിക്കുന്ന അന്നയുടെ കൈകളെ വിടുവിച്ച് സാം എഴുന്നേറ്റ് നിന്നു… കണ്ണുകൾ ഉയർത്തി നോക്കിയ അന്ന ചുവന്ന് നിൽക്കുന്ന സാമിന്റെ മുഖം ചാണെ പേടിയോടെ എഴുന്നേറ്റ് നിന്നു… അവളെ ഒന്ന് നോക്കി പുറത്തേക്ക് പോവാനൊരുങ്ങിയ അവന്റെ കൈ ബലമായി അവൾ പിടിച്ച് വെച്ചു… സാം അലക്സിന് അടുത്തേക്കാണ് പോവുന്നതെന്ന് അവൾക്ക് നന്നായി അറിയാമായിരുന്നു…

“കൈ വിട് കുഞ്ഞാ….” സാമിന്റെ സ്വരത്തിലെ ഗൗരവം അറിഞ്ഞതും അവളുടെ പിടുത്തം ഒന്ന് കൂടെ മുറുകി… “ഇച്ചേ…വേണ്ട….” ദയനീയമായുള്ള അന്നയുടെ മുഖം കണ്ടിട്ടും കാണാത്ത പോലെ അവളുടെ കൈയെ വിടുവിക്കാൻ നോക്കി… “പ്ലീസ് ഇച്ചേ…” നിശ്പ്രയാസം അന്നയുടെ കൈ വിരലുകൾ മാറ്റി ഡോറിനടുത്തേക്ക് പോയ സാമിന് മുന്നിൽ അവൾ തടസമായി നിന്നു… “കുഞ്ഞാ…ഡോറീന് മുന്നിൽ നിന്ന് മാറി നിൽക്ക്…” സാം പരമാവധി ദേഷ്യം അടക്കി വെച്ചാണ് അന്നയോട് സംസാരിച്ചത്… “ഇല്ല….ഇച്ചായനോട് ഒന്നും ചെന്ന് ചോദിക്കില്ലെന്ന് പറഞ്ഞാലേ ഞാൻ മാറൂ…” ഡോർ ലോക്ക് ചെയ്ത് അവനെ പോവാൻ അനുവദിക്കാതെ നിന്നതും സാം മുഷ്ടി ചുരുട്ടി കണ്ണുകൾ ഇറുകെ അടച്ച് തുറന്നു…

“മാറി നിൽക്കാനാ നിന്നോട് പറഞ്ഞത്…” പേടി തോന്നിയെങ്കിലും അത് പുറത്ത് കാണിക്കാതെ ഇല്ല എന്ന് തല ചലിപ്പിച്ചു… “നിന്റെ ഒരാളുടെ വാശിക്ക് ആണ് ഇത്രയും നാൾ ഞാൻ നിങ്ങളുടെ കാര്യത്തിൽ ഇടപെടാതിരുന്നത്….ഇനി എനിക്കിത് സമ്മതിച്ച് തരാൻ പറ്റില്ല…” അവളുടെ കൈയിൽ പിടിച്ച് മാറ്റാൻ ശ്രമിച്ചെങ്കിലും ബലം പിടിച്ച് നിന്നു… “മാറി നിൽക്കാൻ…” “ഇച്ചേ…” സാമിന്റെ ദേഷ്യം അതിന്റെ ഉച്ചിയിൽ എത്തിയിരുന്നു… “അന്നാ….” സാമിന്റെ അലർച്ചയിൽ ഭയന്ന് വിറച്ച അവൾ അറിയാതെ തന്നെ മുന്നിൽ നിന്നും മാറി കൊടുത്തു… അവളെ തറപ്പിച്ചൊന്ന് നോക്കിക്കൊണ്ട് ലോക്ക് തുറന്ന് അവൻ പുറത്തേക്ക് പോയി… സാമിന്റെ പോക്കും നോക്കി ആശ്രയം അറ്റ പോലെ അവൾ ചുവരിലേക്ക് ചാരി നിന്നു…. ******

ടെറസിലെ കൈവരിയിൽ ചാരി നിന്ന് ആകാശത്തേക്ക് മിഴികൾ പായിച്ച് നിൽക്കുകയായിരുന്നു അലക്സ്…. തെളിഞ്ഞ ആകാശത്തെ കാർമേഘങ്ങൾ വന്ന് മൂടിയത് അവൻ ഉറ്റ് നോക്കി… തന്റെ മനസ്സും ഇതേ പോലെ തന്നെ പലതിനാലും മൂടപ്പെട്ടത് ഓർത്ത് അവൻ വെറുതെ ഒന്ന് ചിരിച്ചു…. മഴ പെയ്യാനുള്ള ഒരുക്കം എന്ന പോലെ തണുത്ത കാറ്റ് അവനെ തഴുകി തലോടി കടന്ന് പോയിരുന്നു… എന്നാൽ ആ കുളിരിന് അവന്റെ മനസ്സിന്റെ വേദന തെല്ല് പോലും കുറച്ചില്ല… കുറച്ച് നേരം കണ്ണുകൾ അടച്ച് മനസ്സ് ശാന്തമാക്കാൻ ശ്രമിച്ചു… ആരോ തനിക്ക് അടുത്തായി വന്ന് നിൽക്കുന്നത് പോലെ തോന്നി അലക്സ് കണ്ണുകൾ തുറന്ന് സൈഡിലേക്ക് നോക്കി…

മാറിൽ കൈ പിണച്ച് കെട്ടി ഇരുട്ടിലേക്ക് കണ്ണുകൾ പായിച്ച് നിൽക്കുന്ന സാമിനെ കണ്ട് മെല്ലെ ഒന്ന് ചീരിക്കാൻ ശ്രമിച്ച് അവനും മറ്റെവിടേക്കോ നോട്ടമെറിഞ്ഞു… “അലക്സേ…” ഏറെ നേരത്തെ നിശബ്ദത ഭേദിച്ച് കൊണ്ട് സാം ശബ്ദം ഉയർത്തി… അവനെ നോക്കാതെ ഒരു മൂളലിൽ അലക്സ് മറുപടി ഒതുക്കി… “അന്നമ്മേടെ കാര്യത്തിൽ നടന്ന ചർച്ച നീയും കേട്ടതല്ലേ… എന്താ അതിനെ കുറിച്ച് നിന്റെ അഭിപ്രായം…?” അലക്സിനെ നോക്കാതെ ആണ് അവന്റെ ചോദ്യം… “അത്…അവൾക്ക് സമ്മതം ആണെന്ന് അല്ലേ പറഞ്ഞത്…. നല്ല കൂട്ടരാണെങ്കിൽ അതുമായി മുൻപോട്ട് പോവാം…” അലക്സിന്റെ മറുപടി കേട്ട് സാം തല ചെറുതായി ചെരിച്ചു… “നിനക്ക് തോന്നുന്നുണ്ടോ അവൾക്ക് അതിന് പൂർണ്ണ സമ്മതം ആണെന്ന്….

അപ്പോ നിന്നോടുള്ള അവളുടെ ഇഷ്ടമോ അലക്സേ….?അന്ന നിന്നെ അല്ലേ സ്നേഹിക്കുന്നത്…” ഭാവമാറ്റം ഏതുമില്ലാതെ അവന്റെ ചോദ്യം അലക്സിന് ഷോക്ക് ആയിരുന്നു… അവന്റെ മുഖത്തുള്ള ഞെട്ടൽ കണ്ട് സാം അലക്സിന് നേരതെ തിരിഞ്ഞ് നിന്നു… “സാമേ…..നീ….” അവിശ്വസനീയതോടുള്ള അലക്സിന്റെ നോട്ടം കണ്ട് സാം ഒന്ന് ചിരിച്ചു… “അറിയാമായിരുന്നു എനിക്ക്….നിന്നോടുള്ള അവളുടെ ഇഷ്ടം ആദ്യം പറഞ്ഞത് എന്നോടാണ്…” സാമിന് എന്ത് മറുപടി കൊടുക്കണം എന്ന് അറിയാതെ അവനാകെ കുഴങ്ങി…

“എന്നോടുള്ള സൗഹൃദത്തിന്റെ പുറത്താണ് അവളോടുള്ള ഇഷ്ടം നീ വേണ്ടെന്ന് വെക്കുന്നതെങ്കിൽ അതിനി വേണ്ട അലക്സേ….എന്റെ അന്നയെ നിനക്ക് തരുന്നതിൽ ഈ ലോകത്ത് ഏറ്റവും സന്തോഷിക്കുന്ന ആൾ ഞാനാവും….” സാം അലക്സിന്റെ കൈകളിൽ പിടിച്ച് കൊണ്ട് പറഞ്ഞത് കേട്ട് അലക്സ് ദയനീയതയോടെ അവനെ നോക്കി… “സാമേ….ടാ…ഞാൻ… എനിക്ക്….പറ്റില്ലെടാ…. ഞാൻ….ഞാൻ…അന്നയെ…അങ്ങനെ കണ്ടിട്ടില്ല….” അലക്സ് സാമിന്റെ കൈയിൽ നിന്നും അവന്റെ കൈകൾ ഊരിയെടുത്തു… “നീ കള്ളം പറയരുത് അലക്സേ…എന്റെ മുഖത്ത് നോക്കി നിനക്ക് പറയാമോ…അന്നയെ സ്നേഹിച്ചിട്ടില്ലെന്ന്…” സാം ഇരച്ച് വരുന്ന ദേഷ്യം അടക്കിക്കൊണ്ട് അലക്സിനെ നോക്കി…

“ഞാൻ കള്ളമല്ല പറഞ്ഞത്….ഞാൻ അന്നയെ സ്നേഹിച്ചിട്ടില്ല… എനിക്കത് പറ്റില്ല…” വാശിയോടെ ആയിരുന്നു അലക്സിന്റെ മറുപടി… “എന്ത് കൊണ്ട് പറ്റില്ല….നീയിപ്പോഴും നിന്നെ വേണ്ടെന്ന് പറഞ്ഞ് പോയവളെയും ഓർത്തിരിക്കുകയാണോ….ഹേ….” സാമിന്റെ സ്വരത്തിൽ ദേഷ്യം നിറഞ്ഞിരുന്നു… “സാമേ….” അലക്സ് സാമിന്റെ നേരെ കോപത്തോടെ ചീറി…. “പിന്നെ എന്താ നിന്റെ പ്രശ്നം എന്ന് പറയ്…എന്തിനാ അന്നയെ നീ ഒഴിവാക്കുന്നത്….അതിന്റെ കാരണം എന്താണെന്ന് പറയ്…. പറയാൻ….” അലക്സിന്റെ കോളറിൽ കുത്തി പിടിച്ച് കൊണ്ട് ചോദിച്ചതും അവൻ സാമിന്റെ ശക്തിയിൽ പിന്നിലേക്ക് തള്ളിമാറ്റിയിരുന്നു…

അലക്സ് തള്ളിയതിന്റെ ശക്തിയിൽ സാം പിന്നിലേക്ക് നീങ്ങി നിലത്തേക്ക് വീണു…. “ടാ..” ദേഷ്യവും സങ്കടവും എല്ലാം കൂടെ സാം വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു… ഞൊടിയിടയിൽ നിലത്ത് നിന്ന് ചാടി എഴുന്നേറ്റ സാം അവനെ നോക്കി നിന്ന അലക്സിന്റെ കവിളിലേക്ക് മുഷ്ടി ചുരുട്ടി ഇടിച്ചിരുന്നു…… തുടരും

നോമ്പ് ആയത് കൊണ്ടാണ് പാർട്ട് പോസ്റ്റ് ചെയ്യാൻ വൈകിയത്… ഈ പാർട്ട് തന്നെ എത്രത്തോളം നന്നായിട്ടുണ്ടെന്ന് അറിയില്ല… നെക്സ്റ്റ് പാർട്ട് ഇനി എപ്പോ പോസ്റ്റ് ചെയ്യാനാവും എന്ന് അറിയില്ല… സാഹചര്യം മനസ്സിലാക്കി നിങ്ങൾ കാത്തിരിക്കുമെന്ന് വിശ്വസിക്കുന്നു… 

നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

നിനക്കായ് : ഭാഗം 88

Share this story