നീ മാത്രം…❣️❣️ : ഭാഗം 1

നീ മാത്രം…❣️❣️ : ഭാഗം 1

എഴുത്തുകാരി: കീർത്തി

രാവിലെ അടുക്കളയിലെ തിരക്കെല്ലാം ഒഴിഞ്ഞപ്പോൾ തുടങ്ങിയതാണ് ന്യൂസ്‌പേപ്പറും ഞാനും തമ്മിലുള്ള ആഭ്യന്തരചർച്ച. വേറൊന്നിനും അല്ല. ജോലി അന്വേഷണം. പഠിപ്പ് കഴിഞ്ഞിട്ട് ഇപ്പോൾ മാസങ്ങളായി. എങ്കിലും ഇപ്പോഴാണ് ഒരു ജോലിയെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. സ്വന്തം മക്കളെക്കാളും നാട്ടുകാരുടെ മക്കളെക്കുറിച്ച് ആവലാതിപ്പെടുന്ന കുറെ സുമനസുകൾ ഉണ്ടല്ലോ നമ്മുടെ നാട്ടിൽ. അവരാണ് ഇതിനുള്ള രണ്ടാമത്തെ കാരണം. എങ്ങനെ ജീവിച്ചിരുന്ന ഞാനാ ഇപ്പൊ കണ്ടില്ലേ….ദിവസവും ന്യൂസ്‌പേപ്പറിലെ ഓരോ അരിമണിയും പെറുക്കി കൊണ്ടിരിക്കുന്നത്.

ഹമ്… വിധിന്നല്ലാണ്ട് എന്താ പറയാ? ഞാൻ ജോലിക്ക് പോകണം ന്നോ കഷ്ടപ്പെടണം ന്നൊന്നും അച്ഛനും അമ്മയ്ക്കും ഒരു നിർബന്ധവുമില്ല. പക്ഷെ പെട്ടന്നൊരു ദുർബല നിമിഷത്തിൽ ബാലചന്ദ്രൻ അതായത് എന്റെ ഒരേയൊരു അച്ഛൻ എന്നെ കെട്ടിച്ചുവിടാനുള്ള പ്ലാനിംഗ് തുടങ്ങി. അതാണ് ഒന്നാമത്തെ കാരണം. അപ്പോൾ ജോലിന്നും പറഞ്ഞ് ചാടിയതാണ് വീട്ടിൽന്ന്. അതുകൊണ്ടാണ് ഒരു ജോലിക്കായി ഇങ്ങനെ കിണഞ്ഞു ശ്രമിച്ചോണ്ടിരിക്കുന്നത്. ഇപ്പോഴത്തെ പല കമ്പനികളിലും ബോണ്ട്‌ ന്ന് പറയുന്ന ഒരു സംഭവം ണ്ടല്ലോ. അതാണെന്റെ തുറുപ്പുചീട്ട്. ആ കാലാവധി. ബോണ്ട്‌ ഉള്ള കമ്പനിയിൽ മാത്രമേ ഞാൻ ജോലിക്ക് കേറുള്ളൂ. അതാണെന്റെ പ്രതിജ്ഞ. “ഗാഥേ… ” വന്നല്ലോ വനമാല. എന്റെ ബെസ്റ്റ് ഫ്രണ്ട്.

ഗീതു എന്ന ഗീതാഞ്ജലി. ഞാനിപ്പോൾ താമസിക്കുന്നത് ഗീതുവിന്റെ വീട്ടിലാണ്. ഇപ്പോൾ എന്നല്ല, ഇവിടുത്തെ കോളേജിൽ അഡ്മിഷൻ കിട്ടി വന്നപ്പോൾ തൊട്ട് താമസം ഇവിടെയാണ്. എന്റെ കോളേജിലെ സീനിയർ ആയിരുന്നു. പരിചയപ്പെട്ടു വന്നപ്പോൾ മനസിലായി അച്ഛന്റെ ബാല്യകാല സുഹൃത്തിന്റെ മകളാണ് ന്ന്. പിന്നെ അച്ഛന്മാർ തമ്മിലൊരു കൂടിക്കാഴ്ച്ച, കെട്ടിപ്പിടുത്തം, ഓർമകളുടെ അയവിറക്കൽ…. അവസാനം എന്റെ വാസസ്ഥലം അവരുടെ വീട്ടിലേക്ക് ആക്കിയതോടെ അവര് ഹാപ്പിയായി. വെറും സീനിയർ മാത്രമായിരുന്ന ഗീതു ഇന്ന് എന്റെ ചങ്കും കരളും കുടലും ശ്വാസകോശവും അങ്ങനെ പലതുമാണ്. ആള് ഇപ്പോൾ വി.എ. അസോസിയേറ്റ്സിലാണ് വർക്ക്‌ ചെയ്യുന്നത്.

ഒരുപാട് സ്ഥാപനങ്ങളുള്ള വലിയൊരു ബിസിനസ്‌ സാമ്രാജ്യമാണ് വി.എ. അസോസിയേറ്റ്സ്. ഇപ്പോൾ ഇവിടെ വീട്ടിൽ ഞാനും ഗീതുവും മാത്രമേയുള്ളൂ. അങ്കിളും ആന്റിയും ഗീതുവിന്റെ ചേച്ചിയുടെ അടുത്താണ്. പുള്ളിക്കാരി ഭർത്താവിനോടൊപ്പം അമേരിക്കയിലാണ്. ചേച്ചിയുടെ പ്രസവം അടുപ്പിച്ച് പോയതാണ് അവര്. ഇനിയിപ്പോ കുഞ്ഞിന്റെ ചോറൂണിന്റെ സമയത്തേക്ക് തിരിച്ചു ഇങ്ങോട്ട് നോക്കിയാൽ മതിത്രെ. “ടി നിന്റെ താരഹാരം കുറെ നേരായി കിടന്ന് ഇളകണു. ന്നാ സംസാരിക്ക്. ” കൈയിലെ ഫോൺ എനിക്ക് നേരെ നീട്ടികൊണ്ട് ഗീതു പറഞ്ഞു. എന്റെ ഫോണിലെ റിങ് ടോണിനെ പരിഹസിച്ചതാണ് ദുഷ്ട. അച്ഛനായിരുന്നു ഫോണിൽ. വാങ്ങിച്ച് സംസാരിച്ചു.

എന്നും കേൾക്കാറുള്ള പതിവ് ഉപദേശങ്ങൾ തന്നെ. എല്ലാം മൂളിക്കേട്ടു. അച്ഛന്റെ കഴിഞ്ഞപ്പോൾ അമ്മയുടെ വക. അതുംകഴിഞ്ഞ് പത്തെൺപത് വയസായ വായിൽ പല്ലില്ലാത്ത ഒരു കൊച്ചുക്കുട്ടിയുണ്ട് വീട്ടിൽ. പുള്ളിക്കാരീടെ വക വേറെ. അമ്പലത്തിൽ പോകുമ്പോൾ പഴയ ക്ലാസ്‌മേറ്റ്സ് കളിയാക്കാണ് ന്നും പറഞ്ഞ് കുറെ വാശി പിടിച്ച് കഴിഞ്ഞ മാസം അച്ഛനെക്കൊണ്ട് ഒരു സെറ്റ് വെപ്പ്പ്പല്ല് വാങ്ങിപ്പിച്ചിട്ടുണ്ട് ആള്. എല്ലാം കേടായിരുന്നു ന്നേയ്. എങ്ങനെയാ എന്നെക്കാളും നല്ല ചോക്ലേറ്റ് തീറ്റക്കാരിയല്ലേ. ആ പുതിയ പല്ല് എല്ലാരേം കാണിക്കാൻ ക്ലോസ്സ് അപ്പിന്റെ പരസ്യം പോലെ ഇപ്പോൾ ഏത് നേരോം ചിരിയോട് ചിരിയാണ്. ചിരിച്ച് ചിരിച്ച് ആ പല്ല് തെറിച്ചുപോകാഞ്ഞാൽ മതിയാരുന്നു.

“നീ ഇതുവരെ പോയില്ലേ? സമയം ഒൻപത്കഴിഞ്ഞല്ലോ. ” അച്ഛനോട് സംസാരിച്ച് ഫോൺ കട്ട്‌ ചെയ്തുകൊണ്ട് ഞാൻ ഗീതുനോട്‌ ചോദിച്ചു. “ഇന്നല്പം ലേറ്റ് ആയിട്ട് പോയാലും സാരല്ല്യ. ആ കാലൻ ലീവാണ്. അങ്ങേരുടെ അച്ഛന്റെ ആണ്ടാണത്രെ. ” “എന്നാ നീയും ലീവാക്ക്. നമുക്ക് ഇവിടെ അടിച്ചുപൊളിക്കാം. ” “ആഗ്രഹമില്ലാഞ്ഞിട്ടാണോ? ലീവാണെങ്കിലും ദുഷ്ടൻ ഒരു ലോഡ് പണി തന്നിട്ടാണ് പോയത്. ” പിന്നെയും അവൾ വായിൽ തോന്നിയത് എന്തൊക്കെയോ അയ്യാളെ പറയുന്നുണ്ട്. മുന്നിലെ പേപ്പർ മടക്കിവെച്ച് ചിരിയോടെ ഞാനവളുടെ പിറകെ ഉമ്മറത്തേക്ക് നടന്നു. “പിന്നെയ് മറക്കണ്ട വൈകുന്നേരം ഞാൻ വരുമ്പോഴേക്കും റെഡിയായി നിന്നോണം. സൂപ്പർ മാർക്കറ്റിൽ പോണം സാധനങ്ങൾ ഏതൊക്കെയോ കഴിഞ്ഞു. വെറുതെ ഇരിക്കുമ്പോൾ നീ അതിന്റെ ഒരു ലിസ്റ്റ് ഉണ്ടാക്ക്. മറക്കരുത്.

” ബാഗുമെടുത്ത് ഉമ്മറത്തേക്ക് നടക്കുന്നതിനിടയിൽ അവൾ പറഞ്ഞുകൊണ്ടിരുന്നു. “ഓഹ്… ശരി. സമ്മതിച്ചു. നീ ചെല്ല്. ” വൈകുന്നേരം സാധനങ്ങളുടെ ഒരു നീണ്ട ലിസ്റ്റും തയ്യാറാക്കി സൂപ്പർമാർക്കറ്റിൽ പോകാൻ ഒരുങ്ങിക്കെട്ടി ഇരിക്കാൻ തുടങ്ങിയിട്ട് സമയം ഒരുപാടായി. വിളിച്ചു നോക്കിയപ്പോൾ ഒരുത്തി പറഞ്ഞത് ” ദാ ഞാനങ്ങ് എത്തി. നീ റെഡിയായി ഇരുന്നോ ” ന്നാണ്. എന്നിട്ട് ഈ നേരം വരെ ആളിങ്ങോട്ട് എത്തിയിട്ടില്ല. ആ ചൂടൻ ഇന്ന് ഇല്ലെന്നല്ലേ അവള് പറഞ്ഞത്. അപ്പോൾ പിന്നെ നേരത്തെ ഇറങ്ങിക്കൂടെ അവൾക്ക്. ഇങ്ങോട്ട് വരട്ടെ. ഞാൻ ശെരിയാക്കി കൊടുക്കുന്നുണ്ട്. മനുഷ്യന്റെ ക്ഷമയ്ക്ക് ഒരതിരില്ലേ. അവളിനി വന്നിട്ട് എപ്പോ പോവാനാണ് ഷോപ്പിൽ. ഇപ്പൊ തന്നെ സമയം പത്തായി. എനിക്കാണേൽ ഉറക്കം വന്നിട്ട് വയ്യ. ഈ ഗീതുപ്പെണ്ണ് ഇതെവിടെ പോയി കിടക്കുവാണോ എന്തോ.

ഒന്നൂടെ വിളിച്ചു നോക്കട്ടെ. ഇപ്പോഴും നേരത്തെ പറഞ്ഞത് തന്നെയാണ് പറയുന്നതെങ്കിൽ ഈ പരിപാടിക്കിനി ഗാഥയെ കിട്ടില്ല. തന്നത്താൻ പോയി വാങ്ങിച്ചോട്ടെ. അല്ല പിന്നെ. വായിൽ തോന്നിയതൊക്കെ പിറുപിറുക്കുന്നതോടൊപ്പം ഫോണെടുത്ത് ഗീതുവിനെ വിളിച്ചു. റിംഗ് ഉണ്ട്. പക്ഷെ എടുക്കുന്നില്ല. വീണ്ടും അടിക്കാൻ തുടങ്ങിയതും ആള് വീട്ടുപടിക്കൽ എത്തി. എന്നിട്ട് എന്നെ നോക്കിയൊരു ഇളിയും. ഞാൻ വേഗം മുഖം തിരിച്ചു പിണങ്ങി നിന്നു. “എന്റെ ഗാഥക്കുട്ടി പിണങ്ങിയോ? സോറി ടി മുത്തേ നാളെ ആ കാലൻ വരുമ്പോൾ തന്ന വർക്ക്‌ മുഴുവൻ കംപ്ലീറ്റ് ചെയ്തുകണ്ടില്ലെങ്കിൽ എന്റെ പണി പോകും. അതുകൊണ്ടല്ലേ. പ്ലീസ്. ” “എങ്കിൽ ഞാൻ വിളിച്ചപ്പോൾ നിനക്ക് അത് പറഞ്ഞാൽ പോരായിരുന്നോ.

ഞാനിവിടെ ഇങ്ങനെ നോക്കുകുത്തിയെ പോലെ ഉടുത്തൊരുങ്ങി നിൽക്കില്ലല്ലോ? ” “പുറത്തല്ലല്ലോ വീട്ടിലല്ലേ. ആരും കണ്ടിട്ടില്ല. വാ നമുക്ക് പോകാം. ഇനിയും നിന്നാൽ ഷോപ്പ് അടക്കും. ” നിന്നു തർക്കിക്കാതെ ഞങ്ങൾ കിട്ടാവുന്ന സ്പീഡിൽ സൂപ്പർമാർക്കറ്റിലേക്ക് വിട്ടു. ഒരു വീട്ടിലേക്ക് വേണ്ട എല്ലാ സാധനങ്ങളും അവിടെ കിട്ടും. ഞങ്ങൾ ഇവിടുത്തെ സ്ഥിരം കുറ്റികളാണ്. അതുകൊണ്ട് തന്നെ അവിടെയുള്ള ജോലിക്കാരുമായും നല്ല കൂട്ടാണ്. പോരാത്തതിന് സംസാരിക്കാൻ ഒരാളെ കിട്ടിയാൽ വിടാത്ത പ്രകൃതമായതിനാൽ അവരുടെയെല്ലാം കുടുംബചരിത്രം വരെ എനിക്ക് കാണാപ്പാഠമാണ്. എല്ലാരുമായും ഇടപഴകുമെങ്കിലും ഗീതു എന്റെ അത്രയും വായാടിയല്ല. ചിലപ്പോഴൊക്കെ ആളും തരവും നോക്കി മാത്രമേ അവള് ഒന്ന് ചിരിക്കുക കൂടി ചെയ്യുള്ളു.

ഷോപ്പ് അടക്കാനായെന്ന് തോന്നുന്നു ആളുകൾ നന്നേ കുറവാണ്. മിക്കവരും ബില്ലിംഗ് സെക്ഷനിലായിരുന്നു. ഗീതു ഞാനുണ്ടാക്കിയ ലിസ്റ്റിൽ നോക്കി ഓരോന്നോരോന്നായി ബാസ്കറ്റിൽ എടുത്തിടുന്നുണ്ട്. ഞാനാ ബാസ്കറ്റിന് പിന്താങ്ങിയായി പിറകെയും. “ഇതിലിപ്പോ നമ്മുടെ രണ്ടാളുടെ ഒഴികെ വീട്ടിലെ ബാക്കിയെല്ലാറ്റിന്റെയും പേരുണ്ടല്ലോ? ” ഗീതു ചോദിച്ചു. “നീയല്ലേ പറഞ്ഞത് ഇല്ലാത്ത സാധനങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കാൻ. അവിടെ ഒന്നും ഇല്ല. വയറ്റിലേക്ക് എന്തെങ്കിലും എത്തണമെങ്കിലേയ് എല്ലാം വാങ്ങിച്ചിട്ട് വേണം. എല്ലാം കാലിയാ. ” “ഇത്രയും സാധനങ്ങൾ എങ്ങനെയാ സ്കൂട്ടിയിൽ ഒരുമിച്ച് കൊണ്ടുപോവുന്നത്. ഇതിൽ ചിലത് വെട്ടിക്കുറയ്ക്കണം.

അത്യാവശ്യം വേണ്ടത് മാത്രം വാങ്ങിച്ചാൽ മതി. ” അങ്ങനെ അത്യാവശ്യമുള്ളത് മാത്രം നോക്കി എടുത്തുകൊണ്ടിരിക്കുമ്പോളാണ് ഷോപ്പ് അടക്കാൻ പോവാണെന്നും വേഗം എടുക്കണമെന്നും അവിടെ ജോലി ചെയ്യുന്ന ഒരു ചേട്ടൻ വന്നുപറഞ്ഞത്. “എന്റെ പിറകെ വാചകമടിച്ച് ബാസ്‌ക്കറ്റും പിടിച്ചു നടക്കാതെ ഇതിലെ വേണ്ടത് നോക്കി നീയും പെട്ടന്ന് എടുക്ക്. ” കൈയിലെ പേപ്പർ പകുതി കീറി ഒരു തുണ്ട് എന്നെ ഏൽപ്പിച്ച് ഗീതു പറഞ്ഞു. പണി കിട്ടിയ സന്തോഷത്തിൽ ഞാൻ പകച്ചു നിന്നപ്പോൾ ഗീതു മറ്റേ തുണ്ടുമായി ഏതോ അറ്റത്തുപോയി സാധനങ്ങൾ എടുത്തു തുടങ്ങിയിരുന്നു. കഷ്ടപ്പെട്ട് ലിസ്റ്റുണ്ടാക്കിയതും പോരാ എല്ലാം പെറുക്കിയെടുക്കുക കൂടി ചെയ്യണംന്ന് പറഞ്ഞാൽ…… നീണ്ടൊരു നെടുവീർപ്പുമിട്ട് ഞാൻ ആ പണിയിലേക്ക് തിരിഞ്ഞു. “അതേയ് ലിസ്റ്റിലുള്ളത് മാത്രം എടുത്താൽ മതി.

അനാവശ്യമായി വല്ല ചോക്കലേറ്റോ സ്‌നാക്‌സോ ഞാനാ ബാസ്കറ്റിൽ കണ്ടാൽ….. ” ഗീതു പിറകിൽ നിന്നും വിളിച്ചു കൂവി. കാരണം ചോക്ലേറ്റ്സും ഞാനും തമ്മിലുള്ള പ്രണയം അവൾക്ക് നന്നായിട്ടറിയാം. വർഷം കുറചായ്യില്ലേ എന്നെ കാണാൻ തുടങ്ങീട്ട്. പക്ഷെ ആര് കേൾക്കാൻ. ഞാൻ എന്തായാലും പണിക്കൂലി വാങ്ങിക്കും. വേണ്ടതെല്ലാം എടുത്തു കഴിഞ്ഞപ്പോഴാണ് കൂലിയെടുത്തില്ലെന്ന് ഓർമ വന്നത്. ഇഷ്ടഗാനവും മൂളി ചോക്ലേറ്റ് സെക്ഷനിലേക്ക് നടന്നു. 🎶 കാൽച്ചിലമ്പുകൾ ചൊല്ലുന്ന പരിഭവങ്ങളിൽ പ്രേമദാരയൂർന്നുലഞ്ഞ കൗതുകങ്ങളിൽ…….. 🎶 അവിടെ എല്ലാം ഒരുവിധം കഴിഞ്ഞിരുന്നു.

ഇനി പുതിയ സ്റ്റോക്ക് വെച്ചിട്ട് വേണമെന്ന് തോന്നുന്നു. നോക്കി നോക്കി വന്നപ്പോൾ എനിക്ക് വേണ്ടി കാത്തുവെച്ചത് പോലെ ഒരു ഫ്യൂസ് ചോക്ലേറ്റ് ഒരറ്റത്ത് അടങ്ങിയൊതുങ്ങി നല്ല കുട്ടിയായിട്ട് ഇരിക്കുന്നു. ആരേലും വന്ന് കൈക്കലാക്കും മുൻപ് ഞാൻ ചെന്നതെടുത്തു. ഒട്ടും പ്രതീക്ഷിക്കാതെ പെട്ടന്നാണ് അതിന്റെ മറ്റേ അറ്റത്ത് വേറൊരു പിടി വീണത്. “അയ്യോ… എന്റെ ചോക്ലേറ്റ്…..” 😭😭😭 (തുടരും)

Share this story