പ്രിയസഖി: ഭാഗം 14

പ്രിയസഖി: ഭാഗം 14

എഴുത്തുകാരി: ശിവ നന്ദ

കല്യാണം കഴിഞ്ഞ് ഞങ്ങൾ വീട്ടിലേക്ക് മടങ്ങി.അമ്മയുടെ കയ്യിൽ നിന്നും നിലവിളക്ക് വാങ്ങി മൃദു ഞങ്ങളുടെ വീട്ടിലെ അംഗമായി.ഇനി വൈകുന്നേരത്തെ റിസെപ്ഷന്റെ തിരക്കാണ്.മൃദുവിനെ ഒരുക്കുന്ന ചുമതല ഞാൻ ഏറ്റെടുത്തു.അതിന് ശേഷം ഞാനും പോയി റെഡി ആയി വന്നു..അപ്പോഴേക്കും മൃദുവിന്റെ വീട്ടുകാരും എത്തി.എല്ലാവരെയും സ്വീകരിച്ചിരുത്തുന്നതിനിടയിൽ മൃദുവിന്റെ അമ്മ എന്നെ പിടിച്ച് അടുത്തിരുത്തി.. “ഇതാണ് ഇവിടുത്തെ മോള്..വേദിക” “അറിയാം..മൃദു പരിചയപെടുത്തിയാരുന്നു..മോള് ഇപ്പൊ എന്ത് ചെയ്യുവാ” “ഞാൻ ഇപ്പൊ ഡിഗ്രി” “നമ്മുടെ കോളേജിൽ തന്നെയാ” “അതിന്റെ ചുമതല ഇപ്പോൾ ജിതിന് അല്ലേ??” “അതെ അതെ…”

“എന്തായാലും അവിടുത്തെ കുട്ടി ഇങ്ങോട്ട് വന്ന സ്ഥിതിക്ക് ഇവിടുത്തെ ആളെ അങ്ങോട്ട് കൊണ്ട് പോയികൂടെ” മനുഷ്യൻ ഒന്ന് നന്നാവാനും ഇവർ ആരും സമ്മതിക്കില്ലല്ലോ…എന്നെ ഇരുത്തികൊണ്ട് തന്നെ ഇവർക്ക് ഇത് സംസാരിക്കണോ…എങ്കിൽ കഥാനായകനെയും കൂടി വിളിക്കാരുന്നല്ലോ.. “ഞങ്ങൾക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല..കുറച്ച് നാൾക്ക് മുൻപ് എന്റെ ഒരു കൂട്ടുകാരി അവരുടെ മകൾക് വേണ്ടി ഒരു പ്രൊപോസൽ കൊണ്ട് വന്നു.ആ കാര്യം ഒന്ന് ജിതിനോട് സൂചിപ്പിച്ചിരുന്നു..അപ്പോഴാ അവൻ പറയുന്നത് ഒരു പെൺകുട്ടിയെ ഇഷ്ടമാണെന്ന്” “അവൻ അങ്ങനെ പറഞ്ഞ സ്ഥിതിക്ക് ഇനി ഫോഴ്സ് ചെയ്യണ്ട..ഇപ്പോഴത്തെ പിള്ളേർ അല്ലേ..അവരുടെ ഇഷ്ടത്തിന് വിടുന്നതാ നല്ലത്…

പിന്നേ മിഥുനെ പോലെ അല്ലല്ലോ ജിതിൻ..പക്വതയോടെ കാര്യങ്ങൾ തീരുമാനിക്കും” പിന്നെ അവിടെ ഇരിക്കാൻ തോന്നിയില്ല.മനസ്സിൽ ഒരു നോവ് വന്നത് പോലെ…ജിത്തേട്ടനെ ഒന്ന് അറിയാൻ ശ്രമിച്ചിരുന്നെങ്കിൽ എനിക്ക് ഇങ്ങനെ നീറേണ്ടി വരില്ലായിരുന്നു.ബാൽക്കണിയിൽ പോയി കുറച്ച് നേരം ഇരിക്കാമെന്ന് കരുതി ചെന്നപ്പോൾ അവിടെ ഏട്ടന്റെയും മൃദുവിന്റെയും ഫോട്ടോഷൂട്ട്…ഏതൊക്കെ പോസിൽ ആണ് ഈ ക്യാമറ ചേട്ടന്മാർ അവരെ നിർത്തുന്നത്…ഏട്ടന്റെ മുഖം കണ്ടിട്ട് ഇന്ന് ഇവർക്ക് നല്ലത് കിട്ടുമെന്ന് തോന്നുന്നു…കുറച്ച് നേരം അത് നോക്കി നിന്നിട്ട് നേരെ എന്റെ മുറിയിലേക്ക് പോയി..അവിടെ എന്നെ വരവേറ്റത് ജിത്തേട്ടനും മിഥുനും അവരുടെ കസിൻസും ആണ്..

ഈ വീട്ടിൽ ഇത്രയും സ്ഥലം ഉണ്ടായിട്ടും ഇവന്മാർക്ക് ഈ മുറിയെ കിട്ടിയോളോ എന്ന് മനസ്സിൽ പ്രാകിയിട്ട് എല്ലാവർക്കും ഓരോ ചിരിയും കൊടുത്ത് ഞാൻ പോകാനായി തിരിഞ്ഞതും മിഥുൻ വിളിച്ചു…സഹികെട്ട് അവന്മാരുടെ കത്തിയും കേട്ട് ഇരിക്കേണ്ടി വന്നു.ജിത്തേട്ടൻ പക്ഷെ സൈലന്റ് ആയിരുന്നു…ആ സൈലെൻസിൽ ഞാനും പങ്കുചേർന്നു… “വേദിക പാടുമോ??” “പാട്ടൊക്കെ വരുൺ അളിയനാണ്..ഇവള് ഡാൻസിന്റെ ആളാ..” “ആഹാ..അപ്പൊ ജിത്തേട്ടന് ഒരു കമ്പനി ആയല്ലോ” ഏഹ്..ജിത്തേട്ടൻ ഡാൻസ് കളിക്കുമോ???? അത്ഭുതത്തോടെ ഞാൻ ജിത്തേട്ടന്റെ മുഖത്തേക്ക് നോക്കി…അവിടെ ഒരു പുഞ്ചിരി മാത്രം. “പക്ഷെ ഒരു വ്യത്യാസം ഉണ്ടട..ഇവളുടെ ഡാൻസ് ഇവൾ മാത്രമേ കണ്ടിട്ടുള്ളു” എന്തോ വലിയ കോമഡി കേട്ടപോലെ എല്ലായെണ്ണവും ചിരി തുടങ്ങി.

സംഭവം സത്യം ആയത് കൊണ്ട് ഞാൻ മിണ്ടാതെയിരുന്നു.. “മിഥുൻ…ഒരാളെ കളിയാക്കുന്നതിന് മുൻപ് സ്വയം അങ്ങനെ ഒരു കഴിവുണ്ടോ എന്ന് ചിന്തിക്കണം” അത് വരെ മൗനവ്രതത്തിൽ ആയിരുന്ന ജിത്തേട്ടനിൽ നിന്നും അങ്ങനൊരു പ്രതികരണം ഞാൻ പ്രതീക്ഷിച്ചില്ല. “ഏട്ടാ ഞാൻ വെറുതെ ഇവളെ ഒന്ന് പിരി കയറ്റാൻ പറഞ്ഞതാ” “എന്താണെങ്കിലും ഒരാളെ വേദനിപ്പിച്ചുകൊണ്ടല്ല പറയേണ്ടത്. ” വീണ്ടും ജിത്തേട്ടൻ രക്ഷകന്റെ വേഷം അണിഞ്ഞു..പക്ഷെ ഇനി ഞാൻ തെറ്റിദ്ധരിക്കില്ല.കല്ലു പറഞ്ഞത് പോലെ എല്ലാം എന്റെ തോന്നൽ ആണ്.താഴെ ഫങ്ക്ഷന് തുടങ്ങി എന്ന് പറഞ്ഞ് അന്നൗൺസ്‌മെന്റ് കേട്ട് എല്ലാവരും മുറിയിൽ നിന്നും ഇറങ്ങി..

അവസാനം ആണ് ഞാനും ജിത്തേട്ടനും ഇറങ്ങിയത്. “നിന്റെ ഡാൻസ് ഉണ്ടോ?” “ഇല്ല..സാറിന്റെയോ?” “ഇല്ല.. ” “മ്മ്..” “പിന്നെ ഈ സർ വിളി ഒന്ന് നിർത്താമോ… ” “ശ്രമിക്കാം” “നാളെ കോളേജിൽ പോകുന്നുണ്ടോ? ” “ഉണ്ടല്ലോ..എന്തേ?” “ചോദിച്ചതാ” “മ്മ്… ” “ഉം…. ” താഴെ എത്തിയപ്പോഴേക്കും ഫങ്ക്ഷന് തുടങ്ങിയിരുന്നു…ഡാൻസും പാട്ടും ഒക്കെ ആയി അടിപൊളി ആയിരുന്നു..ഇടയ്ക്ക് ഫ്രണ്ട്സിന്റെ വക പണികൊടുക്കൾ ഒക്കെ കളര്ഫുള് ആയി..എല്ലാം ആസ്വദിച്ചുകൊണ്ട് നിൽകുമ്പോൾ ആണ് വീണ്ടും ജിത്തേട്ടൻ എന്നോട് സംസാരിക്കാൻ വരുന്നത്. “മൃദുവിനെ ഒരുക്കിയത് നീയാണോ?” “മ്മ്…നന്നായിട്ടില്ലേ??” “പിന്നേ ഗംഭീരം…എന്ത് സുന്ദരി ആയിരുന്നു എന്റെ പെങ്ങൾ…ഇപ്പോൾ ഇരിക്കുന്ന കോലം കണ്ടില്ലേ” “അതെ എന്നെ കൊണ്ട് ഇപ്പോൾ ഇത്രയേ പറ്റു.

പുന്നാര ആങ്ങള വന്നങ്ങ് ഒരുക്കാഞ്ഞതെന്ത്” “ഇപ്പോഴാണ് നീ വരുണിന്റെ പെങ്ങൾ ആയത്..ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറയുന്ന ഈ വേദികയെ ആണ് എനിക്ക് ഇഷ്ടം..” “എന്താ പറഞ്ഞത്…എന്നെ ഇഷ്ടമാണെന്നോ…ഞാൻ ഒന്ന് പൊട്ടിചിരിച്ചോട്ടെ…” “ആ ഇഷ്ടം അല്ല…നിന്നെ പോലത്തെ കാന്താരികളോട് എല്ലാവർക്കും തോന്നുന്ന ഒരിഷ്ടം ഉണ്ടല്ലോ.അത്…സംസാരം കേൾക്കുമ്പോൾ കയ്യുടെ ചൂട് അറിയിക്കാനും തോന്നും എന്നാൽ മുഖം കണ്ടാൽ അതേ കൈ കൊണ്ട് തലോടാനും തോന്നും” ജിത്തേട്ടന്റെ ഓരോ വാക്കുകളും എന്റെ ഹൃദയത്തിൽ തറയ്ക്കുന്നത് പ്രണയം ആയിട്ടാണ്.ഇനിയും ജിത്തേട്ടനെ തടഞ്ഞില്ലെങ്കിൽ എന്റെ കണ്ണുകൾ എന്നോട് അനുസരണക്കേട് കാണിക്കും…

“അപ്പോൾ കവി പറഞ്ഞ് വരുന്നത് എന്നെ അടിക്കണമെന്നോ അതോ തലോടണമെന്നോ??” “നിന്നോട് സംസാരിക്കാൻ വന്ന എന്നെ പറഞ്ഞാൽ മതി” “ഞാൻ ആരെയെങ്കിലും ക്ഷണിച്ചോ..എന്നോട് സംസാരിക്കന്നും പറഞ്ഞ്” “തെറ്റ് പറ്റി പോയി മാഡം..ക്ഷമിച്ചേക്ക്” അതോടെ ജിത്തേട്ടൻ കുറച്ച് ഡിസ്റ്റൻസിൽ നില്കാൻ തുടങ്ങി..അതാണ്‌ എല്ലാവർക്കും നല്ലത്.. ഫങ്ക്ഷന് കഴിഞ്ഞ് ബന്ധുക്കൾ എല്ലാം പിരിഞ്ഞുപോയി…മൃദുവിന്റെ വീട്ടുകാർ കുറച്ച് നേരം കൂടി ഇരുന്നിട്ടാണ് പോയത്.പോകാൻ നേരം മൃദുവിന്റെയും അമ്മയുടെയും വക കെട്ടിപിടിച്ച് ഒരു കരച്ചിൽ ഉണ്ടായിരുന്നു…സ്വാഭാവികം..എന്നാൽ ഇവിടുത്തെ അസ്വാഭാവികത എന്തെന്നാൽ എന്നും രാവിലെ മൃദു കണി കാണുന്നത് സ്വന്തം വീട് തന്നെയാണ്…… “വരുൺ….നിന്നോട് പ്രത്യേകിച്ച് ഒന്നും പറയുന്നില്ല..

കാരണം ഇങ്ങനൊരു സിറ്റുവേഷനിൽ ഒരേട്ടന്റെ മനസ്സിൽ എന്തായിരിക്കുമെന്ന് നിനക്ക് അറിയാമല്ലോ” “ജിതിൻ ഒന്നുകൊണ്ടും പേടിക്കണ്ട…പരസ്പരം മനസ്സിലാക്കിയവർ ആണ് ഞങ്ങൾ..ഒരു പരാതിയും നിങ്ങൾക് കേൾക്കേണ്ടി വരില്ല” ജിത്തേട്ടന്റെ മുഖത്ത് ആശ്വാസവും അഭിമാനവും എല്ലാം ഉണ്ടായിരുന്നു..എന്നാൽ ഇതൊക്കെ എന്ത് പ്രഹസനമാണ് എന്ന ഭാവത്തിൽ മിഥുനെ കണ്ടപ്പോൾ അവനെ കണ്ടം വഴി ഓടിക്കാൻ ആണ് തോന്നിയത്…സഹോദരസ്നേഹം ഇല്ലാത്ത തെണ്ടി….. പിറ്റേന്ന് രാവിലെ ഞാൻ എഴുനേറ്റ് വന്നപ്പോഴേക്കും അമ്മായിയമ്മയും മരുമകളും അടുക്കള ഭരണത്തിൽ ആയിരുന്നു… “അമ്മ ഇപ്പഴേ ഇവളെ അടുക്കളക്കാരി ആക്കിയോ??” “ഇവളോ???

ഏട്ടത്തിയമ്മാന്ന് വിളിക്കണം…കേട്ടോ” “അയ്യേ അതൊന്നും വേണ്ടമ്മേ..വേദു അങ്ങനൊക്കെ വിളിച്ചാൽ എനിക്ക് എന്തോ പോലെയാകും..” “അങ്ങനെ പറഞ്ഞ് കൊടുക്ക് മൃദു..ഈ അമ്മ ഇപ്പോഴും പഴഞ്ചൻ ആണ്” “രണ്ടാളും കണക്കാ..ഞാൻ ഒന്നും പറയുന്നില്ല..ഇതാ..ഈ ചായ അവന് കൊണ്ട് കൊടുത്തിട്ട് വാ മോളേ” “വേദു കൊണ്ട് കൊടുത്തിട്ട് വാ..എനിക്ക് ഇവിടെ കുറച്ച് പണി ഉണ്ട്” “അയ്യോ അത് വേണ്ട മോളേ…ഞാൻ എങ്ങാനും ചായ കൊണ്ട് കൊടുക്കണം..നീയാണെന്ന് കരുതി ഏട്ടൻ എന്റെ കയ്യിൽ കയറി പിടിക്കണം..ആകെ ചമ്മി നാറണം…എന്തിനാ വെറുതെ” “അയ്യേ ഈ പെണ്ണ്…ഒന്ന് പോ വേദു..” പാവം മൃദു…അവളുടെ ഈ നാണം കാണാൻ വേണ്ടി തന്നെയാ അങ്ങനെ പറഞ്ഞത്…

ഇനി കോളേജിൽ പോകാൻ റെഡി ആകണം..ഇന്ന് ജൂനിയർസ് വരും.നേരത്തെ പോയിട്ട് വേണം കഴിഞ്ഞ വർഷം ഞാൻ ഒക്കെ നേരിട്ട ആ മഹാ ചടങ്ങ് നടത്താൻ..റാഗിംഗ്… പോകാനിറങ്ങിയപ്പോൾ മിഥുനും റെഡി ആയി നില്കുന്നു…ഇത് പതിവില്ലാത്തതാണല്ലോ… “ഞാൻ ലേറ്റ് ആയതാണോ അതോ നീ നേരത്തെയോ…” “കളിയാക്കണ്ടടി..ഞാനും കോളേജിലേക്ക..ഇനി പഠിക്കാമെന്ന് തീരുമാനിച്ചു..ഉള്ള supply എല്ലാം എഴുതിയെടുക്കണം.” “നീയെന്തിനാടി മാനത്ത് നോക്കി നില്കുന്നത്?” “അല്ല..വെള്ള കാക്ക മലർന്ന് പറക്കുന്നോന്ന് നോക്കിയതാ…” “ഓ തേഞ്ഞ് മാഞ്ഞ കോമഡി അടിച്ച് നീ ഇവിടെ നിന്നോ..ഞാൻ എന്റെ പെങ്ങളെ കണ്ടിട്ട് വരാം..” “മ്മ്മ്..ചെല്ല് ചെല്ല്..ഞാൻ പോകുന്നു.ബൈ” ..

കോളേജിൽ കുട്ടികൾ ഒക്കെ വന്ന് തുടങ്ങുന്നതേ ഉള്ളു..കയറിചെല്ലുന്നിടത്തുള്ള മരച്ചുവട്ടിൽ തന്നെ ഞാൻ സ്ഥാനം പിടിച്ചു.ജൂനിയർസിനെ കൊണ്ട് പാട്ട് പാടിപ്പിക്കുന്നതും ഡാൻസ് കളിപ്പിക്കുന്നതും ഒക്കെ പ്ലാൻ ചെയ്തിരുന്നപ്പോൾ തന്നെ കല്ലു എത്തി.പിന്നെ ഒരുമിച്ചായി പ്ലാനിങ്.അപ്പോഴേക്കും പിള്ളേരും എത്തി തുടങ്ങി.2, 3പേരെ അത്യാവശ്യം റാഗ് ചെയ്ത് വിട്ടതിന് ശേഷമാണ് ഒരുത്തനെ കയ്യിൽ കിട്ടിയത്..ജൂനിയർ ആണെങ്കിലും അവന്റെ ഭാവം കണ്ടാൽ തോന്നും ഇവിടുത്തെ പ്രിൻസിപ്പൽ ആണെന്ന്..കല്ലു തന്നെ ചടങ്ങിന് തുടക്കം ഇട്ടു. “ടാ ടാ…ഇബിടെ കമോൺ..” “Me??” “അതേടാ ചെക്കാ..നീ തന്നെ..” “മ്മ്..എന്താ കാര്യം??” “എന്താ കാര്യമെന്നോ…നിനക്ക് പെണ്ണാലോചിക്കാൻ…ഒന്ന് പറഞ്ഞ് കൊടുക്ക് വേദു” “ഹലോ…നിങ്ങൾ ഉദ്ദേശിക്കുന്ന തരത്തിൽ ഉള്ള ആളല്ല ഞാൻ…”

“നീ ഇവിടെ പഠിക്കാൻ തന്നെ വന്നതല്ലേ? ” “അത് കൊണ്ട്?? ഞാൻ ആരാണെന്ന് അറിയുമോ?? നിങ്ങളുടെ സീനിയർ അജയ്ടെ അനിയൻ ആണ്..ചേട്ടനെ കുറിച്ച് ഞാൻ പ്രത്യേകിച്ച് പറഞ്ഞ് തരണ്ടല്ലോ” ദൈവമേ അജയ്ടെ ബ്രദർ ആണോ ഇത്..ഈ അജയ് ആളൊരു തല്ലിപ്പൊളി ആണ്…പെൺപിള്ളേരെ വരെ ചീത്ത വിളിക്കുകയും അടിക്കുകയും ചെയ്യുന്നവൻ ആണ്..ഇതുവരെ അവനും ആയിട്ട് ഒരു പ്രശ്നം ഉണ്ടായിട്ടില്ല..ഇതിപ്പോ വഴിയിൽ കൂടി പോയതിനെ വിളിച്ച് വരുത്തിയതാണല്ലോ.. “ഹാ..അജയ് ചേട്ടന്റെ അനിയൻ ആയിരുന്നോ…അത് നേരത്തെ പറയണ്ടേ” “വേദു….” “എന്റെ പൊന്ന് കല്ലു ഒന്ന് മിണ്ടാതിരിക്ക്….. മോൻ പൊയ്ക്കോ..” “എന്താടി…നിനക്ക് ഇപ്പൊ ഇവനെ റാഗ് ചെയ്യണ്ടേ” സബാഷ്!!!

അജയ് ദേ മുന്നിൽ വന്ന് നിൽക്കുന്നു.. “ചേട്ടാ ഒരു scene ഉണ്ടാക്കണ്ട..അനിയനെ വിളിച്ച് കൊണ്ട് പൊയ്ക്കോ” “കൊള്ളാലോടി..എന്റെ അനിയനെ കൊണ്ട് പോകാൻ നീ അനുവാദം തരുന്നോ…എസിപി സാറിന്റെ കയ്യിൽ നിന്നും പഠിച്ചതാണോ ഇതൊക്കെ??” “ചേട്ടാ..എന്റെ ഏട്ടന്റെ പേര് ഇതിൽ കൊണ്ട് വരേണ്ട ആവശ്യം ഇല്ല…ഞങ്ങള്ക്ക് ഒരു അബദ്ധം പറ്റി..വേണമെങ്കിൽ സോറി പറയാം” “എസിപിയുടെ അനിയത്തിയെ കൊണ്ട് സോറി പറയിക്കുന്നത് മോശം അല്ലേ…നീയൊരു കാര്യം ചെയ്യ്..നൈസ് ആയിട്ട് ഇവന് ഒരുമ്മ കൊടുത്തേക്ക്” “ഛെ…താൻ എന്താടോ പറഞ്ഞത്??” എന്നും ചോദിച്ച് കല്ലു അയാൾക് നേരെ വിരൽ ചൂണ്ടി…

അയാൾ അവളെ പിടിച്ച് തള്ളി…അത് കണ്ടപ്പോൾ വന്നയൊരു ദേഷ്യത്തിൽ മുന്നും പിന്നും നോക്കാതെ എന്റെ കൈ അയാളുടെ കവിളിൽ പതിഞ്ഞു.അടിച്ച് കഴിഞ്ഞാണ് പ്രശ്നം വഷളാകുമെന്ന് മനസ്സിലായത്..അപ്പോഴേക്കും ഞങ്ങള്ക്ക് ചുറ്റും ഒരാൾകൂട്ടം തന്നെ ഉണ്ടായി..എല്ലാവരും കാഴ്ചക്കാർ ആയി നില്കുകയെ ഉള്ളു.കിട്ടിയ അടിയുടെ ചൂടിലും നാണക്കേടിലും അയാളുടെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു…ആ കൈകൾ എനിക്ക് നേരെ ഉയർന്നതും അയാൾ ദൂരേക്ക് തെറിച്ച് വീണതും ഒരുമിച്ചായിരുന്നു…എല്ലാം വളരെ പെട്ടെന്നായത് കൊണ്ട് ഒരു മിന്നായം പോലെയേ കണ്ടോളു…പക്ഷെ അയാളെ ചവിട്ടിയ ആളെ നല്ല വ്യക്തമായി തന്നെ ഞാൻ കണ്ടു…. ജിത്തേട്ടൻ…..!!!….തുടരും….നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

പ്രിയസഖി: ഭാഗം 13

Share this story