കള്ളനസ്രാണി : ഭാഗം 2

കള്ളനസ്രാണി : ഭാഗം 2

എഴുത്തുകാരി: അഭിരാമി

” എന്റെ വിശ്വാസങ്ങൾ നിങ്ങൾ തകർത്തുടച്ച ദിവസം നിങ്ങളോടുള്ള എന്റെ പ്രണയം വറ്റിവരണ്ടു. അവിടെ വെറുപ്പ് നിറഞ്ഞു….. ” മറുപടിക്കായി കാത്തുനിൽക്കാതെ ക്രിസ്റ്റി ഉറക്കത്തിലേക്ക് വഴുതി വീണുവെങ്കിലും അവന്റെ കൈക്കുള്ളിൽ കിടന്നുകൊണ്ട് തന്നെ ജെസ്സി സ്വയം പറഞ്ഞു. ” നീയെന്താഡീ കോപ്പേ വിചാരിച്ചത് എന്റെ പുറകെ നടന്നിട്ടൊടുവിൽ ഏതെങ്കിലുമൊരുത്തനേം കെട്ടി ചുമ്മാതങ്ങ് പോകാമെന്നോ??? വിടില്ലെടി നിന്നേ ഞാൻ മോഹിച്ചിട്ടുണ്ടെങ്കിൽ നീയെന്റെകൂടെത്തന്നെ പൊറുക്കും….. ” ഉറക്കത്തിൽ അവ്യക്തമായിട്ടാണ് അവനത് പറഞ്ഞതെങ്കിലും ആ വാക്കുകൾ ജെസ്സിയുടെ ഹൃദയത്തിൽ തന്നെ ചെന്ന് തറച്ചു. ” മോഹിച്ചെന്നോ……. ”

അവന്റെ ബലിഷ്ടമായ കൈകൾക്കുള്ളിൽ ഒന്നനങ്ങാൻ പോലുമാവാതെ കിടക്കുമ്പോഴും ഒരു ഞെട്ടലോടവൾ തല ഉയർത്തി അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് അത്ഭുതത്തോടെ അവൾ ചോദിച്ചു. പക്ഷേ ഗാഡമായ നിദ്രയിലാണ്ട് പോയ അവനതൊന്നുമറിഞ്ഞിരുന്നില്ല. പക്ഷേ ആ കൈകൾ രണ്ടും അവളിൽ ചുറ്റിവരിഞ്ഞിരുന്നു. കുറച്ചുസമയം കൂടി ജെസ്സിയവന്റെ മുഖത്തേക്ക് തന്നെ നോക്കിക്കിടന്നു. നെറ്റിയിലേക്ക് വീണുകിടക്കുന്ന മുടിയിഴകളും ഭംഗിയായി ഡ്രിം ചെയ്തുവച്ച താടിയും കഴുത്തിലെ കുരിശുമാലയുമെല്ലാം അവനൊരു പ്രത്യേക ഭംഗി തോന്നിച്ചിരുന്നു.

ഉറക്കത്തിലുമൊരിളം ചിരിയാ അധരങ്ങളിൽ തങ്ങി നിന്നിരുന്നു. ഒരുനിമിഷമാ മുഖത്തേക്ക് നോക്കി കിടക്കുമ്പോൾ വല്ലാത്തൊരോമനത്തം തോന്നിയവൾക്ക്. ഒപ്പം തന്നെ ഒരുപാടോർമകളും അവളുടെ മനസിലേക്ക് ഒഴുകിയെത്തി. ആ ഓർമ്മയിൽ സ്വയമറിയാതവളൊന്ന് പുഞ്ചിരിച്ചു. പക്ഷേ അതിനേയൊക്കെയും തിരശീലക്ക് പിന്നിൽ മറച്ചുകൊണ്ട് മറ്റൊരു ചിത്രം തെളിഞ്ഞതും ജെസ്സിയുടെ മുഖത്തെ ചിരി മാഞ്ഞു. പകരമവിടെ വെറുപ്പ് സ്ഥാനംപിടിച്ചു. ഈ നെഞ്ചോരം ചേർന്നിങ്ങനെ കിടന്നീ ഹൃദയമിടുപ്പിന്റെ താളം ശ്രവിച്ചുകൊണ്ട് ഉറങ്ങാൻ ഒരുപാട് മോഹിച്ചിട്ടുണ്ട്…..

ഈ കൈപ്പിടിക്കുള്ളിലേ സുരക്ഷിതത്വമൊരുപാട് ആഗ്രഹിച്ചിട്ടുണ്ട്…… പക്ഷേ ഇന്നതെല്ലാം എനിക്ക് സ്വന്തമായപ്പോൾ എനിക്ക് വെറുപ്പാണ്…. അറപ്പാണ്…… ഓർത്തുകൊണ്ട് അവന്റെ കൈപ്പിടിയിൽ നിന്നും അടർന്നുമാറാനൊരു പാഴ്ശ്രമം നടത്തിനോക്കിയവൾ. പക്ഷേ അതവളിലേ അവന്റെ പിടിയൊന്നുകൂടി മുറുകാൻ മാത്രമേ ഉപകരിച്ചുള്ളൂ. അതോടെ അവനിൽ നിന്നുമൊരു അടർന്നുമാറ്റം സാധ്യമല്ലെന്ന് ബോധ്യമായ അവൾ പതിയെ ആ നെഞ്ചിലേക്ക് തന്നെ തല ചായ്ച്ചുകിടന്നു. പിറ്റേദിവസം കാലത്തേ ക്രിസ്റ്റി ഉണരുമ്പോൾ ജെസ്സിയരികിലുണ്ടായിരുന്നില്ല.

അവൻ കണ്ണ് തുറക്കാതെ തന്നെ കിടക്കയിലാകെയൊന്ന് പരതി. എന്നിട്ട് പതിയെ കണ്ണുകൾ തുറന്നു. തലേദിവസത്തെ മദ്യത്തിന്റെ കെട്ടവനിൽ നിന്നും അപ്പോഴും വിട്ടിരുന്നില്ല. അതിന്റെ ഫലമായി തലയാണെങ്കിൽ വെട്ടിപ്പൊളിയുന്ന നൊമ്പരവും അവനറിഞ്ഞു. അല്പനേരം കിടക്കയിൽ തന്നെ തലയ്ക്ക് കൈ താങ്ങിയിരുന്ന അവൻ തല ഉയർത്തി തുറന്നിട്ട വാതിലിലൂടെ പുറത്തേക്ക് നോക്കുമ്പോൾ പുറത്തെ നീളൻ വരാന്തയിൽ നിന്ന് മുടിയുണക്കുന്ന ജെസ്സിയെയാണ് കണ്ടത്. അവൾ കുളിയൊക്കെ കഴിഞ്ഞ് മുടിയാകെ പിന്നിൽ വിടർത്തിയിട്ടിരുന്നു. ഇളംനീല നിറത്തിലുള്ള ഒരു കോട്ടൺ ചുരിദാറായിരുന്നു അവളുടെ വേഷം.

അതാവൾക്ക് നന്നേ ഇണങ്ങിയിരുന്നു. ഇതുവരെ ജാഡ കാണിച്ചുനടന്നിട്ട് പെട്ടന്നവളുടെ മുന്നിൽ വന്ന് നിൽക്കാനൊരു ചമ്മൽ തോന്നിയത് കൊണ്ടാണ് അല്പം കഴിക്കാമെന്ന് കരുതിയത്. അതിനൊപ്പം കൂട്ടുകാര് കൂടെ ചേർന്നപ്പോൾ അല്പമെന്നുള്ളത് കുറച്ചധികമായിപ്പോയി. പിന്നീടെപ്പോഴാണ് മുറിയിൽ വന്നതെന്നോ എന്ത്‌ സംഭവിച്ചുവെന്നോ പോലും ഓർക്കുന്നില്ലല്ലോ എന്ന് ചിന്തിച്ചുകൊണ്ട് ഒരിളം ചിരിയോടെ അവനെഴുന്നേറ്റ് അവൾക്കരികിലേക്ക് നടന്നു. അവൻ തൊട്ടുപിന്നിലെത്തിയിട്ടും അതൊന്നുമറിയാതെ എന്തോ ഓർത്തുകൊണ്ട് നിന്ന ജെസ്സിയെ അവൻ പിന്നിലൂടെ ചേർത്തുപിടിച്ചു.

അവന്റെയാ പ്രവർത്തിയിൽ അവളൊന്ന് ഞെട്ടിപ്പോയി. അങ്കലാപ്പോടെ ആ കൈപ്പിടിയിൽ നിന്നും കുതറിമാറി തിരിഞ്ഞുനോക്കിയപ്പോൾ പിന്നിൽ ക്രിസ്റ്റിയെ കണ്ട് അവളൊന്ന് ആശ്വസിച്ചു. പക്ഷേ വളരെ വേഗത്തിൽ തന്നെ ആ മുഖം ദേഷ്യം കൊണ്ട് ചുവന്നുതുടുത്തു. ” സോറിഡീ പെണ്ണേ ഇന്നലെ ഇത്തിരി ഓവറായിപ്പോയി…… എന്തോ എനിക്കാകെ വല്ലാത്തൊരു ചമ്മലായിരുന്നു അതുകൊണ്ട് പറ്റിപ്പോയതാ…..നീയങ്ങ് ക്ഷമിച്ചേക്കെടീ…. ” പറഞ്ഞുകൊണ്ട് അവൻ വീണ്ടുമവളുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ചു. പക്ഷേ പെട്ടന്ന് അവളാകൈ തട്ടിമാറ്റി അല്പം മാറി നിന്നു. ” അയ്യോടിയെ എന്റെ കെട്ടിയോൾടെ പിണക്കമിതുവരെ മാറിയില്ലേ……പോട്ടെടി കൊച്ചേ…. ഞാൻ ക്ഷമ പറഞ്ഞില്ലിയോ…. ”

ഒരു ചിരിയോടെ പറയുമ്പോഴും ആദ്യരാത്രിയിൽ മണിയറയിൽ മദ്യപിച്ചുകൊണ്ട് കയറിചെന്നതിന്റെ പരിഭവമാണ് അവൾക്കെന്നായിരുന്നു അവന്റെ ധാരണ. പക്ഷേ അവളുടെ ഉള്ള് തിളച്ചുമറിഞ്ഞുകൊണ്ടിരുന്നതിന്റെ കാരണം മറ്റൊന്നായിരുന്നു എന്നവൻ തിരിച്ചറിഞ്ഞില്ല. ” എന്റെ ദേഹത്ത് തൊടരുത്…… ” വീണ്ടും തന്റെ നേർക്ക് നടന്നടുക്കുന്ന അവന്റെ അവന് നേർക്ക് വിരൽ ചൂണ്ടി അലറുകയായിരുന്നു ജെസ്സി. ” ഹാ അതെന്നാ ഒരു പറച്ചിലാടി ജെസിയാമോ…… കെട്ടും കഴിഞ്ഞ് ഒരു രാത്രി ഒരുമിച്ച് കഴിയുവേം ചെയ്തു എന്നിട്ടാണോ നീയിങ്ങനത്തെ ഡയലോഗൊക്കെ പറയുന്നത്. ഇന്നലെപ്പിന്നെ എനിക്ക് ബോധമില്ലാഞ്ഞത് കൊണ്ട് നീ രക്ഷപെട്ടു.

എന്നുകരുതി എന്നും നീയിങ്ങനെ നിക്കുമെന്നാണോ എന്റെ മോൾടെ വിചാരം ???? എന്നാ അതൊക്കെ വെറും മോഹമാ കേട്ടോ അത്രേം ക്ഷമയൊന്നും നിന്റെയിച്ചായനില്ല കേട്ടോടീ പെമ്പ്രന്നോത്തീ….. ” അവളുടെ കവിളിലൊന്ന് പിച്ചിയൊരു വഷളൻ ചിരിയോടെ അവൻ പറഞ്ഞു. പക്ഷേ എല്ലാം കൂടി കേട്ടപ്പോഴേക്കും ജെസ്സിയുടെ ക്ഷമ തീർത്തും നശിച്ചിരുന്നു. ” തൊടരുതന്നല്ലേ നിങ്ങളോട് ഞാൻ പറഞ്ഞത്…… നിങ്ങളുടെ ഒരു സ്പർശത്തിന് ഒരു ചിരിക്ക് എന്തിനേറെ പറയുന്നു ഒരു നോട്ടത്തിന് കൊതിയോടെ കാത്തിരുന്നിട്ടുള്ള ജെസ്സിയുണ്ടായിരുന്നു ഒരിക്കൽ. പക്ഷേ ഇന്നവൾ ജീവനോടെ ഇല്ല…. ചത്തുതുലഞ്ഞു.

ഇന്ന് നിങ്ങടെ മിന്നും കഴുത്തിലിട്ട് നിങ്ങടെ മുന്നിലീ നിൽക്കുന്നത് ജെസ്സിയുടെ ശവമാണ്. പക്ഷേ ആ ശവത്തിന് പോലും അറപ്പാ നിങ്ങളോട്…. നിങ്ങൾ തൊടുമ്പോൾ തെമ്മാടിക്കുഴിയിലെ പുഴുക്കൾ ശരീരത്തിലൂടിഴയുന്നത് പോലാ എനിക്ക് തോന്നുന്നത്….. ” അന്തംവിട്ടവളെ നോക്കി നിൽക്കുകയായിരുന്ന ക്രിസ്റ്റിക്കപ്പോഴാണ് അവളുടെ വാക്കുകളുടെ ആഴവും വ്യാപ്തിയും മനസിലായത്. ” ഡീ…… നിർത്തേടി…. കുറെ നേരമായല്ലോ നിന്ന് പ്രസംഗിക്കുന്നു. ഞാനെന്താടി ഒരു പൊട്ടനാണെന്നാണോ നിന്റെ വിചാരം ??? ഒരബദ്ധം പറ്റിപ്പോയി എന്നുകരുതി നീ കുറെ ആയല്ലോ നിന്ന് തിളയ്ക്കുന്നു…. കൂടുതൽ നാക്കിട്ടാട്ടിയാൽ കെട്ട് കഴിഞ്ഞിട്ട് ഒരു രാത്രി പുലർന്നിട്ടെയുള്ളെന്നൊക്കെ ഞാനങ്ങ് മറക്കും.

അടിച്ച് പല്ല് ഞാൻ കൊഴിക്കും….. ” ദേഷ്യം കൊണ്ട് അവന്റെ മുഖം വലിഞ്ഞുമുറുകിയിരുന്നു അപ്പോൾ. അതുവരെ ആ അധരങ്ങളിൽ ഉണ്ടായിരുന്ന കുസൃതിച്ചിരി എവിടെയോ പോയൊളിച്ചിരുന്നു. ദേഷ്യം സഹിക്കാൻ കഴിയാതെ അവൻ മുഷ്ടി ചുരുട്ടി ഭിത്തിയിൽ ആഞ്ഞിടിച്ചു. ” നിങ്ങളെന്താ വിചാരിച്ചത് കുടിച്ചിട്ട് വന്നത് കൊണ്ട് ആദ്യരാത്രി അലങ്കോലമായിപ്പോയതിന്റെ പരിഭവവമാ എനിക്ക് നിങ്ങളോടെന്നാണോ ??? എന്നാ കേട്ടോ അതല്ല വെറുപ്പാണെനിക്ക് നിങ്ങളോട് നിങ്ങളുടെ കൈകൾ പോയിട്ടൊരു നോട്ടം പോലുമെന്നിലേക്ക് പാളി വീണാൽ ആ നിമിഷം എന്റെയീ ജീവിതം ഞാനവസാനിപ്പിക്കും…… ” ” വേണ്ടെടി പുല്ലേ…..

നീയെന്തുവാ കരുതിയേ നിന്റെയീ മേനിക്കൊഴുപ്പ് കണ്ടിട്ടാ ഈ ക്രിസ്റ്റിയൊരു മിന്ന് നിന്റെ കഴുത്തിൽ കെട്ടിയതെന്നോ….. എന്നാൽ അല്ലെടി പുല്ലേ…. ആഹ് അതൊക്കെയിനി നിന്നേ ബോധിപ്പിക്കേണ്ട കാര്യമില്ലല്ലോ…. പിന്നെ നീ പറഞ്ഞ നിന്റെയീ ശരീരമില്ലേ അതീ ക്രിസ്റ്റിടെ പട്ടിക്ക് പോലും വേണ്ടെടി…. ഞാനൊന്ന് വിരൽ ഞൊടിച്ചാൽ നിന്നേക്കാൾ കൊഴുപ്പുള്ളവളുമാർ നിരന്നുനിക്കും എന്റെ മുന്നിൽ…. ” ദേഷ്യം സഹിക്കാൻ കഴിയാതെ അവൻ അലറുന്നത് പോലെയായിരുന്നു അത് പറഞ്ഞത്. അതിലേറെ ദേഷ്യത്തോടെ നിൽക്കുകയായിരുന്നു അപ്പോൾ ജെസ്സിയും. ”

അതിനി പറയണമെന്നില്ല പ്ലാന്തോട്ടത്തിൽ ക്രിസ്റ്റി സേവ്യറിന് മുന്നിൽ മടിക്കുത്തഴിക്കാൻ മടിയില്ലാത്തവളുമാർ ഈ നാട്ടിൽ തന്നെയുണ്ടെന്ന് എനിക്കറിയാം. പക്ഷേ ആ കൂട്ടത്തിൽ എന്നേ കൂട്ടണ്ട. സമ്മതിക്കില്ല ഞാൻ…. ” പറഞ്ഞതും വെട്ടിത്തിരിഞ്ഞവൾ അകത്തേക്ക് കയറിപ്പോയി. പക്ഷേ അപ്പോഴും അവൾ പറഞ്ഞതിന്റെ അർഥം ചികഞ്ഞെടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു ക്രിസ്റ്റി. ദേഷ്യം വന്നപ്പോ പറഞ്ഞതാണ് അതിനിവളിതെന്തൊക്കെയാ ഈ പറഞ്ഞിട്ട് പോയതെന്ന് അവനോർത്തു. പക്ഷേ അപ്പോഴേക്കും അവൾ പറഞ്ഞവാക്കുകൾ സൃഷ്ടിച്ച മുറിവുകൾ അവനിൽ നിന്നും അവളെ ദൂരേക്ക് വലിച്ചകറ്റിത്തുടങ്ങിയിരുന്നു. 🔻🔻🔻

ജെസി താഴേക്ക് വരുമ്പോൾ അടുക്കളയിൽ കാലത്തേക്കുള്ളതെല്ലാം റെഡിയായിരുന്നു. ” മമ്മീ…. ” അവിടെയെന്തോ ചെയ്തുകൊണ്ട് നിന്നിരുന്ന ആനിയുടെ അരികിലേക്ക് ചെന്നുകൊണ്ട് അവൾ പതിയെ വിളിച്ചു. ” ആഹാ മോള് കുളിയൊക്കെ കഴിഞ്ഞോ ???? ” അവളെ കണ്ടതും ആനി ചിരിയോടെ ചോദിച്ചു. അതിന് മറുപടിയായി ജെസ്സിയുമൊന്ന് ചിരിച്ചു. ” പപ്പയെന്തിയേ മമ്മി ????? ” ” ആഹ് പപ്പ രാവിലെ തോട്ടത്തിലോട്ടോ മറ്റോ പോയിക്കാണും മോളെ….. എല്ലാം കള്ളമ്മാരാ കണ്ണ് തെറ്റിയാൽ ഷീറ്റും ഒട്ടുപാലുമെല്ലാം കക്കും. അതുകൊണ്ട് പപ്പായെന്നും പോകും. ” ആനി പറയുന്നതെല്ലാം കേട്ടുകൊണ്ട് ജെസ്സി അവിടെത്തന്നെ നിന്നു.

ആ സമയം കൊണ്ട് ആനി ചായ ഉണ്ടാക്കി ഒരു കപ്പിലേക്കൊഴിച്ച് അവൾക്ക് കൊടുത്തു. ” ദാ മോള് തന്നെ അവന് കൊണ്ടക്കൊടുക്ക്….. ” ” അത് മമ്മീ ഞാൻ…. ” ” ചെറുപ്പത്തിലേ അവന്റെ മനസ്സിനേറ്റ മുറിവുകളുടെ ഫലമാ മോളെ അവനിങ്ങനൊക്കെ ആയത്. ചിലപ്പോൾ എനിക്ക് തോന്നിയിട്ടുണ്ട് ഈ ലോകത്തിന് കീഴിൽ ഒന്നിനോടും ആരോടും അവന് സ്നേഹമില്ലെന്ന്. ഇവിടെ ഞങ്ങളാരും അവന്റെയൊരു കാര്യത്തിലും ഇടപെടാനവൻ സമ്മതിക്കില്ല. ഒരുതരം പകപോലെയാണ് ഞങ്ങളോടൊക്കെ അവന്. മോൾക്കറിയോ പതിനെട്ടുവർഷമായി അവനെന്നെയൊന്ന് മമ്മീന്ന് വിളിച്ചിട്ട്. ഓർക്കുമ്പോ ചങ്ക് പൊടിയും.

പക്ഷേ അവനോടാവശ്യപ്പെടാനുള്ള അർഹത പോലും എനിക്കില്ല. പക്ഷേ മോളെ കൂടുതലും അവന്റെ തെറ്റിദ്ധാരണകളാണ്. ചെറിയ പ്രായത്തിലേ അവന്റെയാ ധാരണകളെ തിരുത്താൻ എനിക്ക് കഴിയാതെ പോയി. വളർന്നപ്പോ അതിനുള്ള അവസരവും അവനെനിക്ക് തന്നിട്ടില്ല. ഇനി മോള് വേണം അവന്റെ ധാരണകളൊക്കെ തിരുത്തി അവനെ നേർവഴിക്ക് കൊണ്ടുവരാൻ. ” പറഞ്ഞു നിർത്തുമ്പോൾ ആനിയുടെ കണ്ണുകൾ നീർഗോളങ്ങളായിരുന്നു. ” മമ്മീ എനിക്കൊന്നും…. ” ” അറിയാം മോളെ പെട്ടന്ന് ഒരു ദിവസം കൊണ്ട് മോൾക്കെല്ലാം മനസ്സിലവണം എന്നില്ല. പക്ഷേ മോളെല്ലാം അറിയണം അതൊക്കെ സാവധാനം മോളറിയുകയും ചെയ്യും. ഇപ്പോ തല്ക്കാലം മോളീ ചായ അവനുകൊണ്ടക്കൊടുക്ക്. ”

അവളുടെ തലയിലൊന്ന് തലോടിക്കൊണ്ട് ആനി പറഞ്ഞു. ” എന്താണ് അമ്മായിയമ്മയും മരുമോളൂടെ ഒരു അയൽക്കൂട്ടം കൂടൽ ??? ചേട്ടത്തിയേ ഗുഡ് മോർണിംഗ്…. ” പെട്ടനായിരുന്നു ചിരിയോടെ പറഞ്ഞുകൊണ്ട് ഒരു ചെറുപ്പക്കാരനങ്ങോട്ട് കയറിവന്നത്. ക്രിസ്റ്റിയോട് നല്ല സാമ്യമുള്ള അവനെപ്പോലെ വേഷം ധരിച്ച അവനെക്കണ്ട് ആരാണെന്ന് മനസ്സിലാവാതെ ജെസ്സി ആനിയെ നോക്കി. ” ഒന്ന് പോടാ കുരുത്തംകെട്ടവനേ….. ആ മോളെ ഇതാ കേട്ടോ മെൽവിൻ. എന്റെ അനിയത്തീടെ മോനാ….. ഇവിടെ ഇല്ലായിരുന്നു അതാ മോൾക്ക് പരിചയമില്ലാതിരുന്നത്. ഇവനങ്ങ് കാനഡയിലാ പഠിച്ചതും ജോലി ചെയ്യുന്നതുമൊക്കെ.

വന്നാൽ കൂടുതൽ സമയോം ഇവിടാ….. ” ആനിയവനെ അവൾക്ക് പരിചയപ്പെടുത്തി. അപ്പോൾ മെൽവിനും ജെസ്സിയും പരസ്പരം നോക്കി പുഞ്ചിരിച്ചു. പിന്നീടവിടെ നിൽക്കാതെ അവൾ വേഗത്തിൽ പുറത്തേക്കിറങ്ങിപ്പോന്നു. മെൽവിനാണെങ്കിൽ ചെന്ന് ആനിയുടെ തോളിലൂടെ കയ്യിട്ടവരോട് ഓരോ കൊച്ചുവാർത്താനമൊക്കെ പറഞ്ഞുകൊണ്ട് നിന്നു. ജെസ്സി ചായയുമായി മുറിയിലേക്ക് വരുമ്പോൾ ക്രിസ്റ്റി കുളിയൊക്കെ കഴിഞ്ഞ് വന്നിരുന്നു. എവിടേക്കോ പോകാൻ റെഡിയായി അവൻ വണ്ടിയുടെ ചാവിയുമായി തിരിയുമ്പോഴായിരുന്നു അവളകത്തേക്ക് ചെന്നത്. ” ഇന്നാ ചായ…. ” മുന്നിലേക്ക് ചെന്ന് കപ്പവന്റെ നേർക്ക് നീട്ടിക്കൊണ്ട് അവൾ പറഞ്ഞു. ”

നിന്റെ തന്തയാ ഒറ്റക്കാലന് കൊണ്ടുക്കൊടുക്കെടീ…. ” പറഞ്ഞതും അവളുടെ കയ്യിൽ നിന്നും കപ്പ് തട്ടിത്തെറിപ്പിച്ചുകൊണ്ട് അവൻ പുറത്തേക്ക് പോയി. ചൂടുചായ കാൽപ്പാദങ്ങളിലേക്ക് വീണതും ഒന്ന് പുളഞ്ഞുപോയി ജെസ്സി. ഒരു നിലവിളിയവളിൽ നിന്നുമുയർന്നുവെങ്കിലും അതവൾ കൈപ്പത്തിയാൽ തടഞ്ഞു. പക്ഷേ ഇതൊന്നുമറിയാതെ ക്രിസ്റ്റിയുടെ വണ്ടിയപ്പോഴേക്കും ഗേറ്റ് കടന്നുപോയിരുന്നു. തിളച്ചചായ വീണ് ഇരുകാൽപ്പാദവും വെന്തുരുകി കണ്ണുകൾ നിറഞ്ഞൊഴുകിയെങ്കിലും അവൾ ഒന്നേങ്ങുക പോലും ചെയ്യാതെ നിലത്തേക്ക് തന്നെയിരുന്നു….തുടരും…..

കള്ളനസ്രാണി : ഭാഗം 1

Share this story