നീ മാത്രം…❣️❣️ : ഭാഗം 8

നീ മാത്രം…❣️❣️ : ഭാഗം 8

എഴുത്തുകാരി: കീർത്തി

“വി. എ. അസോസിയേറ്റ്സിന്റെ ചെയർമാൻ അനന്തനാരായണൻ സാറിന്റെ, അതായത് വിജയ്ടെ അച്ഛന്റെ മരണം. അറ്റാക്കായിരുന്നു. ബിസിനസിൽ നഷ്ടം സംഭവിച്ചു. ശത്രുക്കൾ ആരൊക്കെയോ ചതിച്ചതാ. ഒരുപാട് കടമൊക്കെ ഉണ്ടായിരുന്നു. ഈ കമ്പനി വിജയ്ക്ക് നഷ്ടപ്പെടുമെന്ന ഘട്ടം വരെ എത്തിയിട്ടുണ്ട്. അതെല്ലാം തരണം ചെയ്ത് വളരെ കഷ്ടപ്പെട്ട് അവൻ തിരിച്ചു പിടിച്ചതാണ് ഇന്നു കാണുന്ന വി. എ. അസോസിയേറ്റ്സ്. അങ്കിൾന്റെ മരണമാണ് വിജയ് നെ ഇങ്ങനെയാക്കിയത്. കാരണം അങ്കിളായിരുന്നു അവന് എല്ലാം. അവന്റെ ബെസ്റ്റ് ഫ്രണ്ട് തന്നെ അങ്കിൾ ആയിരുന്നു. ആ നഷ്ടം അവനെ വല്ലാതെ തളർത്തി. പിന്നീട് എല്ലാത്തിനോടും ഒരു വിരക്തിയായിരുന്നു.

അവന്റെ ലോകം അങ്കിളുമൊത്തുള്ള ഓർമ്മകൾ മാത്രമായി ചുരുങ്ങിയ നാളുകൾ. ആരോടും നേരെ സംസാരിക്കുന്നത് പോലും ഇല്ലാതായി. ആന്റിക്കും കുറെ കാലം അങ്കിൾന്റെ മരണം ഉൾക്കൊള്ളാൻ കഴിയാത്ത ഒരു അവസ്ഥയിലായിരുന്നു. ചോദിക്കുന്നവരോടൊക്കെ അനന്തേട്ടൻ ഓഫീസിൽ പോയിരിക്കാണെന്നാ പറഞ്ഞിരുന്നത്. പിന്നെ പിന്നെ ആന്റിയുടെ സ്ഥിതി കൂടുതൽ മോശമാവാൻ തുടങ്ങിയപ്പോൾ ഡോക്ടർടെ നിർദേശപ്രകാരം ആന്റിയുടെ വീട്ടുകാർ ആന്റിയെ അവരുടെ കൂടെ കൊണ്ടുപോയി. അവനോടും കൂടെ ചെല്ലാൻ കൊറേ പറഞ്ഞു. പക്ഷെ അച്ഛന്റെ ഓര്മകളുള്ള ഇവിടുത്തെ വീട്ടിൽന്ന് എങ്ങോട്ടുമില്ലെന്ന് അവൻ തീർത്തുപറഞ്ഞു. എത്ര നിർബന്ധിച്ചിട്ടും കൂട്ടാക്കിയില്ല.

ഇങ്ങനെയൊരു അവസ്ഥയിൽ അവനെ തനിച്ചാക്കാൻ എനിക്ക് തോന്നിയില്ല. അതാ ഇവിടെ തന്നെ ഒരു ജോബ് ഒപ്പിച്ചത്. എത്ര വഴക്ക് പറഞ്ഞാലും എന്നെങ്കിലും ഞങ്ങൾക്ക് ആ പഴയ വിജയ് യെ തിരിച്ചു കിട്ടും. എനിക്കുറപ്പുണ്ട്. ഓഫീസിൽ ദേഷ്യപ്പെടുന്നതിന്റെ ഇടയിൽ എപ്പോഴെങ്കിലും പഴയത് പോലെ “ടാ മനു… ” ന്ന് വിളിക്കുന്നത് കേൾക്കാൻ പലവട്ടം കൊതിച്ചിട്ടുണ്ട്. ” എന്തോ അത് കേട്ടപ്പോൾ മനുവേട്ടനെ കുറിച്ചോർത്ത് എനിക്ക് വിഷമം തോന്നി. “ഏട്ടന് നല്ല സങ്കടമുണ്ടല്ലേ? ” ഞാൻ ചോദിച്ചു. “സങ്കടം ഇല്ലാണ്ട് ഇരിക്കുവോ? കൂടെ പഠിച്ചിട്ട് മാത്രമേ ഉള്ളൂച്ചാൽ കുഴപ്പമില്ല. ഇത് അതിനേക്കാളും ഫ്രണ്ട്സ് ആയിരുന്നില്ലേ. ന്നിട്ട് അങ്ങേർ മനുവേട്ടനെ ആലുവ മണപ്പുറത്ത് കണ്ട പരിചയം പോലും കാണിക്കാറില്ല. ഞങ്ങളോട് പെരുമാറുന്നത് പോലെ മാത്രം. ” ശില്പ പറഞ്ഞു.

“ഞാൻ നിന്നെ അറിയാത്തതുപോലെ പെരുമാറിയാലോ. നിനക്ക് വിഷമം ണ്ടാവില്ലേ? ഗീതു എന്നോട് ചോദിച്ചു. “വിഷമം ണ്ടാവുമോ ന്നോ. നീ അങ്ങനെ എങ്ങാനും ചെയ്താൽ നിന്നോട് ഞാനൊന്ന് ശെരിക്കും പെരുമാറും. അത്രതന്നെ. ” ഞാൻ പറഞ്ഞു. “അങ്ങനെ ചെയ്യാനും ചോദിക്കാനും അറിയാഞ്ഞിട്ടല്ല. അവൻ അനുഭവിച്ച വേദനകൾ ആലോചിച്ചപ്പോൾ. എല്ലാ വിഷമങ്ങളും മാറി ഒക്കെയാവട്ടെ ന്ന് കരുതി. മാത്രവുമല്ല ഞാൻ കൂടെതന്നെ ഉണ്ടല്ലോ. ആന്റി ദിവസവും വിളിക്കും അവന്റെ വിശേഷം അറിയാൻ. അവനെ വിളിച്ചാൽ അധികം സംസാരിക്കില്ല അതുകൊണ്ട് എന്നെയാ വിളിക്കാറ്. ആദ്യമാദ്യം എപ്പോഴെങ്കിലുമൊക്കെ അങ്ങോട്ട്‌ പോകുമായിരുന്നു. ഇപ്പൊ കുറെയായി പോയിട്ട്. അവിടെ എല്ലാവരും അവനെ കാണാൻ ആഗ്രഹിക്കുന്നുണ്ട്.

കാരണം ചോദിച്ചപ്പോൾ ആന്റി പറഞ്ഞത് അവസാനം വന്നപ്പോൾ എല്ലാവരും കൂടി അവനോട് ഒരു വിവാഹം കഴിക്കാൻ പറഞ്ഞത്രെ. എനിക്ക് തോന്നണത് അതവന് പറ്റിക്കാണില്ല ന്നാണ്. അതാ പിന്നെ അങ്ങോട്ട് പോകാത്തത്. അങ്കിൾന് എല്ലാം അറിയായിരുന്നു. പക്ഷെ ഇപ്പൊ ഈ ഭ്രാന്തിന് ആരും കൂട്ടുനിൽക്കുന്നുണ്ടാവില്ല. അതാണ്. ” “അങ്ങനെയെങ്കിൽ ഇപ്പോഴും സാർ ആ പെൺകുട്ടിയെ ഓർത്തിരിക്കാണ് ന്ന് ലെ. ഹോ…. ആരാണാവോ ആ ഭാഗ്യവതി.. ” ഇത്തവണ നെടുവീർപ്പിട്ടത് ശില്പയായിരുന്നു. “ആയിക്കോട്ടെ സമ്മതിച്ചു. പക്ഷെ ആ സങ്കടത്തിന് ഏട്ടനോടൊക്കെ ദേഷ്യപ്പെടുകയും മിണ്ടാതെ നടക്കുകയും ചെയ്തിട്ട് എന്താ കാര്യം. പോയവര് പോയി. താങ്ങാൻ പറ്റാത്ത സങ്കടം ണ്ടാവും. അറിയാം. അതിന് ജീവിച്ചിരിക്കുന്നവരെ വെറുപ്പിക്കണോ? എന്തൊരു മനുഷ്യനാ ഇത്.?

” ഞാൻ എന്റെ അഭിപ്രായം പറഞ്ഞു. ഉടനെ അത്രയും നേരം തങ്ങളുടെ ബോസ്സാണെന്ന് പോലും നോക്കാതെ അയ്യാളെ വായിൽ തോന്നിയത് വിളിച്ചു പറഞ്ഞിരുന്ന ഗീതുവും ശില്പയും എന്റെ നേർക്കൊരു ചാട്ടമായിരുന്നു. വാദി പ്രതിയായ അവസ്ഥ. ഇത് നല്ല കൂത്ത്…. ഇപ്പൊ അവരും അവരുടെ വിജയ് സാറും ഒന്നായി ഞാൻ പുറത്ത്. പിന്നെയും ഒരുപാട് നേരം ഞങ്ങളോടൊപ്പം ചിലവഴിച്ചിട്ടാണ് മനുവേട്ടൻ പോയത്. ഞങ്ങള് മൂവരും ഉച്ചത്തെ ഭക്ഷണവും പുറത്ത് ന്നാണ് കഴിച്ചത്. ദിവസങ്ങൾ പിന്നെയും കഴിഞ്ഞു. ജോലിയൊന്നും ശെരിയായില്ല. എന്നാലും മിക്കവാറും പുറത്ത് പോകുമ്പോഴൊക്കെ ആനന്ദ് സാറിനെ കാണുന്നത് പതിവായി. കണ്ടാൽ ഒരു വാക്കെങ്കിലും മിണ്ടാതെ പോകാറില്ല.

കൂടാതെ എനിക്കൊരു ചോക്ലേറ്റ് ആനന്ദേട്ടന്റെ വക. അതും പതിവാണ്. ഞാനാണ് ആദ്യം കാണുന്നതെങ്കിൽ ആനന്ദേട്ടാ ന്നും വിളിച്ച് അങ്ങോട്ട്‌ ചെന്ന് ആക്രമിക്കും. വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നത് തന്നെ ആനന്ദേട്ടനെ കാണാൻ വേണ്ടിയാണോ ന്ന് തോന്നി തുടങ്ങി. മാത്രവുമല്ല ഞങ്ങൾ തമ്മിൽ എന്തോ ആത്മബന്ധമുള്ളത് പോലെ. അല്ലെങ്കിൽ പിന്നെ എങ്ങനെയാ ഒരു കമ്പനിയുടെ MD പോസ്റ്റിലിരിക്കുന്ന ആളെ മിക്കപ്പോഴും ഇങ്ങനെ കാണാൻ പറ്റുന്നത്. ഇനി ഇങ്ങേർക്ക് അവിടെ വേറെ പണിയൊന്നുമില്ലേ. ഒരു തവണ ഇത് ചോദിച്ചപ്പോൾ മറുപടി കിട്ടിയില്ല പക്ഷെ കുറെ നേരം എന്നെനോക്കി ചിരിച്ചു. അതെനിക്കിഷ്ടപ്പെട്ടില്ല. പിണങ്ങി. പിന്നെ ഒന്ന് രണ്ടു വട്ടം കണ്ടപ്പോൾ വെയിറ്റ് പിടിച്ച് നിന്നു. എന്തോ ആ മുഖം കാണുമ്പോൾ അധികം പിണങ്ങിയിരിക്കാൻ പറ്റാത്തോണ്ട് മിണ്ടി.

പതിയെ പതിയെ ഗീതുവിനെ പോലെ ഞാനും സംശയിച്ചു തുടങ്ങി. ആനന്ദേട്ടനോട് എനിക്ക് പ്രണയമാണോന്ന്. പക്ഷെ ആനന്ദേട്ടനെ പോലൊരാളെ പ്രണയിക്കാനുള്ള യോഗ്യത എനിക്കുണ്ടോന്നുള്ള അപകർഷതാ ബോധം എന്നെ അലട്ടി കൊണ്ടിരുന്നു. എന്നാലും എന്റെ ചിന്തകളിൽ പലപ്പോഴായി ആനന്ദേട്ടൻ കടന്നു വരാൻ തുടങ്ങി. ചിലപ്പോഴൊക്കെ എന്റെ സംസാരങ്ങളിലും. ഗീതുവിന് ആദ്യമേ ഉണ്ടായിരുന്ന സംശയം അതോടെ അവൾ കൺഫേം ചെയ്തു. ഇപ്പൊ വാ തുറക്കാൻ പറ്റാത്ത അവസ്ഥയാണ് എനിക്ക്. അവൾക്കെതിരായി എന്തേലും പറഞ്ഞാൽ അപ്പൊ തുടങ്ങും ആനന്ദേട്ടന്റെ പേരും പറഞ്ഞ് കളിയാക്കാൻ. ചിലപ്പോഴൊക്കെ ഭീഷണിയും. ഗീതു ഓഫീസിൽ പോയി കഴിഞ്ഞപ്പോൾ വീട്ടിൽ ഞാൻ തനിച്ചായി. കുറച്ചു നേരം അമ്മയെ ഫോൺ വിളിച്ചു സംസാരിച്ച് ഇരുന്നു.

അച്ഛൻ കടയിലേക്ക് പോയെന്ന് പറഞ്ഞു. അച്ഛന് നാട്ടിൽ ഒരു കുഞ്ഞു സ്റ്റേഷനറി കടയാണ്. പുള്ളി പണ്ട് മദ്രാസിൽ ഒരു ടീ സ്റ്റാൾ നടത്തുകയായിരുന്നു. ഇപ്പോൾ അതെല്ലാം നിർത്തി ഇവിടെയായി. അമ്മ തമിഴ് ആണ്. അച്ഛൻ അവിടെ താമസിച്ചിരുന്ന വീടിന്റെ ഓണർടെ മകൾ. അവിടുന്ന് പ്രേമിച്ച് അടിച്ചോണ്ട് വന്നതാണത്രെ അമ്മയെ. അമ്മയ്ക്ക് ഒരേട്ടനും ചേച്ചിയും അനിയനും ഉണ്ടത്രേ. അമ്മയുടെ വീട്ടുകാരെ ആരെയും ഞാൻ കണ്ടിട്ടില്ല. അവർക്കെല്ലാം അമ്മയോട് പിണ്ണാക്ക് ആണ്. പിന്നെ എന്റെ ഓൾഡ് കുഞ്ഞാവ മുത്തശ്ശിക്കുട്ടിയുമായും കുറേ നേരം കത്തി വെച്ചിരുന്നു. “ജോലിയൊന്നും ശെരിയായില്ലെങ്കിൽ ഇങ്ങ് പോരെ പെണ്ണെ നമുക്ക് ഇവിടെ അടിച്ചുപൊളിച്ചു നടക്കാ ടി. ” മുത്തശ്ശി പറഞ്ഞു.

“വരണം ന്ന് ആഗ്രഹമൊക്കെ ണ്ട്. പക്ഷെ… ഞാൻ വന്നാൽ ആ സെക്കൻഡിൽ മുത്തശ്ശിടെ മോൻ ബ്രോക്കറെ വിളിക്കില്ലേ. അതോണ്ട് ഞാൻ വരില്ല. ” “അത് പറഞ്ഞപ്പഴാ…. കഴിഞ്ഞ ദിവസം അയ്യാള് ഒരു ആലോചന കൊണ്ട്വന്നിരുന്നു. ” “മുത്തശ്ശി…… ” ശബ്ദം കടുപ്പിച്ച് ഞാൻ വിളിച്ചു. “ഒന്ന് പറയട്ടെ പെണ്ണേ. ചെക്കൻ MBA കഴിഞ്ഞതാത്രെ. നിന്റെ പോലെതന്നെ അച്ഛനും അമ്മയ്ക്കും ഒറ്റമോനാ. പറഞ്ഞു വന്നപ്പോൾ നമ്മുടെ കേശവന് അറിയുന്ന കൂട്ടരും. ബാലന് താല്പര്യമുണ്ട്. ഇനി നീ വരുമ്പോൾ പെണ്ണുകാണാൻ വരാ ന്ന് പറഞ്ഞിരിക്കാ അവര്. ഞങ്ങൾ ഫോട്ടോ കണ്ടു ട്ടൊ. സുന്ദരനാടി. സിനിമ നടനെ പോലെ ണ്ട്. ” “ആണോ? എന്നാലേ… ആ സുന്ദരനെ എന്റെ മുത്തശ്ശി തന്നെ കെട്ടിക്കോള്ളൂ ട്ടൊ. ഏതായാലും പുതിയ പല്ലൊക്കെ വെച്ച് ഇപ്പോൾ കുറച്ചു കൂടെ സുന്ദരിയായിട്ടുണ്ടല്ലോ. എനിക്ക് എന്തായാലും വേണ്ട. ”

“നീയൊന്നു കണ്ടു നോക്ക്. മൂക്കും കുത്തി വീഴും. അവർക്ക് നിന്റെ ഫോട്ടോയും കാണിച്ചു കൊടുത്തു. ” “ആരോട് ചോദിച്ചിട്ടാ എന്റെ ഫോട്ടോ കാണിച്ചു കൊടുത്തത്. എനിക്ക് ഈ കല്യാണം ഇഷ്ടല്ല. വേണ്ട വേണ്ട വേണ്ട. ” “ഇഷ്ടായോ ഇല്ലയോ ന്നൊക്കെ കണ്ടിട്ടല്ലേ പറയാ? ” “ഇത് കാണാതെ തന്നെ പറയാം. എനിക്ക് ഇഷ്ട്ടായില്ല. ” “നീ ഇങ്ങനെ ഒന്നും ഇഷ്ടയില്ല ഇഷ്ടയില്ല ന്ന് പറഞ്ഞു നടന്നോ കൂടെ പഠിച്ചോരൊക്കെ കല്യാണം കഴിഞ്ഞ് ഓരോ കുട്ട്യോളായി. എന്തിനാ അധികം പറയുന്നേ നിന്റെ പ്രായത്തിലേയ് എനിക്ക് മക്കള് രണ്ടാ. ” “ഏഹ്…. ഇക്കാര്യം എന്റെ മുത്തശ്ശന് അറിയായിരുന്നോ? മുത്തശ്ശി ആ പാവത്തിനെ പറ്റിക്കായിരുന്നു ലെ? ” “പ്ഫ… കുരുത്തംകെട്ടവളേ… ആ പാവം തന്നെയാടി എനിക്ക് രണ്ടു മക്കളെ തന്നത്. നിന്റെ അച്ഛന്റേം അപ്പച്ചിടേം കാര്യമാ ഞാൻ പറഞ്ഞത്.

” മുത്തശ്ശിയുടെ ‘പ്ഫ ‘ കേട്ട് എന്റെ ചെവിയിൽ എന്തൊക്കെയോ ഇളകിയോ ന്നൊരു സംശയം. സ്റ്റേപ്പീസും മാലിയസും ഇൻകസുമൊക്കെ സ്ഥാനം മാറിയോ ആവോ? വെപ്പ്പല്ലിന്റെ ഒരു പവറെയ്…. ആട്ടലിനൊക്കെ ഇപ്പൊ എന്താ ശക്തി…… “എന്റെ മുത്തശ്ശി… എനിക്ക് കുറച്ചു കാലം ജോലിക്കൊക്കെ പോയി, സ്വന്തമായിട്ട് കുറച്ചു കാശ്ണ്ടാക്കിട്ടൊക്കെ മതി കല്യാണം. ” “അതിന് ഇതുവരെ ജോലിയൊന്നും കിട്ടീലല്ലോ? കുറെയായില്ലേ നടക്കാൻ തുടങ്ങീട്ട്. ഇനിയിപ്പോ കിട്ടാനൊന്നും പോണില്ല. ” “കിട്ടും. ഉടനെ കിട്ടും. നോക്കിക്കോ. ” പിന്നൊന്നും പറയാനോ കേൾക്കാനോ തോന്നിയില്ല. ഞാൻ ഫോൺ കട്ട്‌ ചെയ്തു. അല്ല പിന്നെ. മനുഷ്യന്റെ മനസമാധാനം കളയാനായിട്ട്. ജോലി കിട്ടില്ലത്രെ. ഈശ്വരാ എന്റെ മുത്തശ്ശിക്ക് കരിനാക്കൊന്നും അല്ലാണ്ടിരിക്കണേ…

എത്രയും വേഗം ഒരു ജോലി നേടി കാണിച്ചു കൊടുക്കണം. ഇല്ലെങ്കിൽ വൈകാതെ എല്ലാം കൈയിൽ ന്ന് പോവും. അച്ഛൻ ആ ആലോചന മുന്നോട്ട് കൊണ്ട്പോയാൽ……എന്റെ ഗീതു……. ടീച്ചറമ്മ…….. പിന്നെ…….. പിന്നെ.. ആനന്ദേട്ടൻ….??? പിന്നെ ഒരിക്കലും എനിക്കൊന്ന് കാണാൻ പോലും പറ്റില്ല… ഓരോന്ന് ആലോചിച്ച് വട്ട് പിടിച്ചപ്പോൾ ടീച്ചറമ്മയുടെ അടുത്തേക്ക് വിട്ടു. ആള് ഉമ്മറത്തെ വാതിലും തുറന്നിട്ട് അകത്തെ നടുമുറ്റത്ത് വളർത്തുന്ന ചെടികൾക്ക് വെള്ളം നനയ്ക്കുകയായിരുന്നു. ചുണ്ടിൽ ശ്രുതിമധുരമായൊരു പാട്ടും. പാട്ടിലും ചെടി നനയ്ക്കലിലും മുഴുകിയത്കൊണ്ട് ഞാൻ വന്നതൊന്നും പുള്ളിക്കാരി അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. ഞാൻ പതിയെ പമ്മിപ്പമ്മി ചെന്ന് ടീച്ചറമ്മയെ പിറകിലൂടെ കെട്ടിപിടിച്ചു. “പാറുട്ട്യേ… വേണ്ട… എനിക്ക് മനസിലായി ട്ടോ. ”

ടീച്ചറമ്മ വാത്സല്യത്തോടെ എന്നെ ചേർത്തുപിടിച്ചു കൊണ്ട് പറഞ്ഞു. ടീച്ചറമ്മ എന്നെ വിളിക്കുന്ന പേരാണ് പാറു. ടീച്ചറമ്മയ്ക്കും ആ മാഷ്ക്കും ജനിക്കുന്ന മോൾക്ക് അവർ കണ്ടുവെച്ചിരുന്ന പേരായിരുന്നത്രെ ‘പാർവ്വണ’ ന്ന്. അത് ചുരുക്കി വിളിക്കുന്നതാണ് പാറു ന്ന്. “ശ്ശെ.. ഒന്ന് പറ്റിക്കാനും പറ്റണില്ലല്ലോ ഭഗവാനെ !” ഞാൻ നിരാശപ്പെട്ടു. “എന്റെ കുട്ടി പറ്റിച്ചതായിരുന്നോ? അമ്മ അറിഞ്ഞില്ല ട്ടോ.” ഞാൻ ഉടനെ ടീച്ചറമ്മയെ നോക്കി ചുണ്ട് കൂർപ്പിച്ചു പിണക്കം നടിച്ചു. “ഇങ്ങനെ പിണങ്ങി നിൽക്കാതെ വന്ന് ഈ ചെടിയൊക്കെ നനച്ചേ.” എനിക്ക് ഏറ്റവും ഇഷ്ടമുള്ള പണിയാണത്. അതുകൊണ്ട് വേഗം ടീച്ചറമ്മയുടെ കൈയിൽ നിന്നും പൈപ്പ് വാങ്ങിച്ച് ചെടികൾ നനയ്ക്കാൻ തുടങ്ങി.

ടീച്ചറമ്മയോട് വർത്തമാനങ്ങളും പറഞ്ഞ് നടുമുറ്റത്തെയും പിന്നെ ടെറസിലും, ജനാലകളുടെ തട്ടിലും മുറ്റത്തുമൊക്കെയുള്ള എല്ലാ ചെടികളും ഞാൻ തന്നെ നനച്ചു. മിക്കതും പൂച്ചെടികളാണ്. പല വിധത്തിൽ പല വർണത്തിലുള്ളവ. പക്ഷെ അവയിൽ നിന്നെല്ലാം എനിക്കേറ്റവും പ്രിയപ്പെട്ടത് മുറ്റത്ത് ഉമ്മറത്തെ വാതിലിന് നേരെ തറ കെട്ടി വളർത്തിയിരിക്കുന്ന തുളസിചെടിയാണ്. അവിടെ വിളക്ക് വെക്കാൻ വേണ്ടി മാത്രം ദിവസവും സന്ധ്യനേരത്ത് ടീച്ചറമ്മയുടെ അടുത്തേക്ക് ഓടിവരും. തുളസി ചെടിയുടെ അടുത്ത് കത്തിനിൽക്കുന്ന ദീപവും ആ ഇത്തിരിവെട്ടത്തിൽ മുങ്ങിനിൽക്കുന്ന തുളസി ചെടിയും ഒരു പ്രത്യേക ഭംഗിയാണ്. ഒരു അനുഭൂതിയും. ഞാൻ വരുമെന്ന് അറിയാവുന്നത് കൊണ്ട് ടീച്ചറമ്മയും ആ സമയത്ത് എനിക്ക് വേണ്ടി കാത്തിരിക്കും…..”തുടരും…. നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും. 

നീ മാത്രം…❣❣ : ഭാഗം 7

Share this story