ജനനി: ഭാഗം 33

ജനനി: ഭാഗം 33

എഴുത്തുകാരി: അനില സനൽ അനുരാധ

ജനനിയുടെ ചെന്നിയിലൂടെ വിയർപ്പു കണങ്ങൾ ഒലിച്ചിറങ്ങി… പൂജാരി താലിമാല നീരവിനു നേർക്ക് നീട്ടിയതും ജനനി മിഴികൾ പൂട്ടി… വിവാഹ മണ്ഡപം ശബ്ദമുഖരിതമായി… കെട്ടി മേളം ഉയർന്നില്ല… ജനനി മിഴികൾ തുറന്നു… ദേഷ്യത്തോടെ നീരവിന്റെ ഷർട്ടിന്റെ കോളറിൽ പിടുത്തമിട്ടു നിൽക്കുന്ന ആരോമലിനെ കണ്ടപ്പോൾ അവൾക്ക് പെട്ടെന്ന് എന്താണ് കാര്യമെന്ന് പിടി കിട്ടിയില്ല… “ജാനി എന്തോ പ്രശ്നമുണ്ട്…” അഞ്ജലി പേടിയോടെ പറഞ്ഞു… ആരതിയുടെ വീട്ടുകാരും നീരവിന്റെ വീട്ടുകാരും കാര്യം എന്താണെന്നറിയാതെ പകച്ചു… “ഇവളുടെ കഴുത്തിൽ താലി കെട്ടാതെ നീ ഇറങ്ങില്ല കുഞ്ഞാ… ” ആരോമലിന്റെ ശബ്ദം ഉയർന്നു… ആരോമലിന്റെ കൈ നീരവ് കുടഞ്ഞെറിഞ്ഞു…

“ബാലു…” നീരവ് ഉറക്കെ വിളിച്ചതും ആൾക്കൂട്ടത്തിൽ നിന്നും വോക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെ ഒരു യുവാവ് മുന്നോട്ട് കടന്നു വന്നു… ആരതിയുടെ കണ്ണുകൾ നിറഞ്ഞു… “ഇവനെ അറിയുമോ നിങ്ങൾ? ” നീരവിന്റെ ശബ്ദം ഉയർന്നു… “എന്താ കുഞ്ഞാ.. നീ എന്തൊക്കെയാ ഇവിടെ കാണിച്ചു കൂട്ടുന്നത്…” മോഹനകൃഷ്ണൻ തിരക്കി… “ഞാൻ എല്ലാം പറയാം അച്ഛാ… ചേച്ചി… ചേച്ചിയ്ക്ക് ബാലുവിനെ അറിയുമോ? ” നീരവ് ചേച്ചിയുടെ നേർക്ക് തിരിഞ്ഞു… നീന ഒന്നും പറയാതെ ആരോമലിനെ നോക്കി… “അളിയന് അറിയുമോ? ” “ഈ ചോദ്യം ചോദിക്കാനാണോ കുഞ്ഞാ നീ കല്യാണമണ്ഡപം വരെ കാര്യങ്ങൾ കൊണ്ടെത്തിച്ചത്… ” “അതേ… ” നീരവ് കൂസലില്ലാതെ പറഞ്ഞു… “നിനക്ക് എന്നെ അറിയില്ല… ” “അറിയാം… ആട്ടിൻ തോലിട്ട ചെന്നായയാണ് നിങ്ങൾ… ”

“കുഞ്ഞാ… നീ എന്തൊക്കെയാ പറയുന്നത് എന്ന വല്ല ബോധവും ഉണ്ടോ? ” നീന ദേഷ്യത്തോടെ തിരക്കി… “എന്റെ ബോധത്തിനു ഒരു കുഴപ്പവും പറ്റിയിട്ടില്ല… സ്വന്തം അനിയന്റെ ജീവിതം വെച്ചു കളിക്കാൻ നോക്കിയ ചേച്ചിയ്ക്ക് ബോധമുണ്ടോ… ഈ നിൽക്കുന്ന ബാലുവും ആരതിയും ഇഷ്ടത്തിലായിരുന്നു എന്ന് ചേച്ചിയ്ക്ക് അറിയാമായിരുന്നില്ലേ… പിന്നെ എന്തിന് എന്റെ ജീവിതത്തിലേക്ക് ഇവളെ വലിച്ചിടാൻ നോക്കി…” “നിനക്ക് കല്യാണത്തിനു ഇഷ്ടം ഇല്ലായിരുന്നെങ്കിൽ തുറന്നു പറയണമായിരുന്നു… അല്ലാതെ ഇത്ര ആളുകളുടെ മുൻപിൽ എന്റെ വീട്ടുകാരുടെ മുൻപിൽ വെച്ച് ഷോ കാണിക്കുകയല്ല വേണ്ടിയിരുന്നത്.. ” ആരോമൽ ദേഷ്യത്തോടെ പറഞ്ഞു… “അന്നേ ഞാൻ അളിയനോടു പറഞ്ഞിരുന്നു ആരതിയ്ക്ക് അങ്ങനെ ഒരു ഇഷ്ടം ഉണ്ടെങ്കിൽ ഞാൻ കൂടെ നിൽക്കുമെന്ന്…

അവളുടെ ഇഷ്ടം ബാലുവാണ്… നിങ്ങളും നിങ്ങളുടെ ഗുണ്ടകളും ചേർന്നു കൊല്ലാകൊല ചെയ്ത ബാലു… ഇന്നിവിടെ വെച്ച് ബാലു ആരതിയുടെ കഴുത്തിൽ താലി കെട്ടും… ” “സമ്മതിക്കില്ല ഞാൻ… എന്റെ വെറും ഒരു സ്റ്റാഫായ അവനു ഞാൻ എന്റെ പെങ്ങളെ കെട്ടിച്ചു കൊടുക്കില്ല… ” ആരോമൽ ചീറി… “ഞങ്ങളെ ഒന്നു ജീവിക്കാൻ അനുവദിച്ചാൽ മതി ഏട്ടാ… പിന്നെ ഒരു ശല്യത്തിനും ഞങ്ങൾ വരില്ല… ഏട്ടനെ പേടിച്ചാ കുഞ്ഞേട്ടന്റെ കാലു പിടിച്ച് ഞാൻ ഈ നാടകത്തിനു സമ്മതിപ്പിച്ചത്… ബാലു എന്നെ വിവാഹം കഴിക്കാം എന്നു കെഞ്ചി പറഞ്ഞതല്ലേ ഏട്ടാ എല്ലാവരോടും… ഏട്ടനും അച്ഛനും അമ്മയും സമ്മതിക്കാത്ത കാരണമല്ലേ ഞാൻ അന്ന് വീട്ടിൽ നിന്നും ഇറങ്ങി ബാലുവിന്റെ കൂടെ പോയത്…

എന്നിട്ടും എന്നെ പിടിച്ചു കൊണ്ടു വന്നു ബാലുവിനെ തല്ലി ചതച്ചു… ഇനി ഞാൻ കൂടെ പോയാൽ എന്നെ പിടിച്ചു കൊണ്ടു വന്ന് ഏട്ടൻ ബാലുവിനെ കൊല്ലാനും മടിക്കില്ല… ഇനി ആരുടെ മുന്നിലും ഒന്നും ഒളിച്ചു വെക്കാനില്ല… ഞങ്ങളുടെ കല്യാണം നടത്തി തരണേ…” അവൾ കൈ കൂപ്പി യാചനയോടെ പറഞ്ഞു… ആരോമലിന്റെ മുഖം ദേഷ്യത്താൽ വിറച്ചു… അച്ഛനും അമ്മയും അപമാനഭാരത്താൽ തല കുനിച്ചു… നീരവ് ആരോമലിന്റെ അച്ഛന്റെയും അമ്മയുടെയും മുൻപിൽ കൈകൂപ്പി വന്നു നിന്നു… “ഞാൻ ചെയ്തത് തെറ്റാണെന്ന് അറിയാം… കുടുംബത്തിന്റെ അന്തസ്സും പണത്തിന്റെ ഭാരവും തലയിൽ നിന്നും ഇറക്കി വെച്ച് ഒന്നു ചിന്തിച്ചു നോക്കൂ…

നിങ്ങളുടെ മകൾ സന്തോഷത്തോടെ സ്നേഹിക്കുന്ന പുരുഷനോടൊപ്പം ജീവിക്കുന്നതാണോ നല്ലത് അതോ സങ്കടത്തോടെ നിരാശയോടെ ഇഷ്ടമില്ലാത്ത ഒരാളോടൊപ്പം ജീവിതം ജീവിച്ചു തീർക്കുന്നതാണോ നല്ലത്.. ബാലു നല്ലവനാ… ഞാൻ അന്വേഷിച്ചു അവനെ കുറിച്ച്.. നല്ല വിദ്യാഭ്യാസമുണ്ട്… തരക്കേടില്ലാത്ത ചുറ്റുപാടുണ്ട്… എല്ലാറ്റിലും ഉപരിയായി അവൻ ആരതിയെ ആത്മാർത്ഥമായി സ്നേഹിക്കുന്നുമുണ്ട്… പാവങ്ങൾ എങ്ങനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടെ… ഇനി മകളുടെ കണ്ണുനീര് കാണുന്നതാണ് സന്തോഷമെങ്കിൽ എനിക്ക് കൂടുതൽ ഒന്നും പറയാനില്ല… ക്ഷമിക്കണം…” എന്നു പറഞ്ഞ് അവരുടെ കാൽ തൊട്ട് വന്ദിച്ച് നീരവ് സ്വല്പം നീങ്ങി നിന്നു…

ബന്ധുക്കളും നാട്ടുകാരും ഓരോ അഭിപ്രായങ്ങൾ പറഞ്ഞു തുടങ്ങിയിരുന്നു… “മോളുടെ ഇഷ്ടം നടത്തി കൊടുത്തേക്ക് വിജയയേട്ടാ…” ആൾക്കൂട്ടത്തിൽ നിന്നും ഒരു കൂട്ടം യുവാക്കൾ ഉറക്കെ വിളിച്ചു പറഞ്ഞു… അതു കേൾക്കുമ്പോൾ ആരോമൽ ദേഷ്യം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു… “അവളുടെ ഇഷ്ടം പോലെ നടക്കട്ടെ…” അച്ഛൻ പറയുന്നത് കേട്ടതും ആരോമൽ കതിർമണ്ഡപത്തിൽ നിന്നും ഇറങ്ങാൻ തുനിഞ്ഞു… അച്ഛൻ ആരോമലിന്റെ കൈപ്പിടിച്ചു നിർത്തി… “നീയും ഉണ്ടാകണം ഇവിടെ… ” അച്ഛൻ കല്പന പോലെ പറഞ്ഞു… ബാലു പൂജാരിയുടെ കയ്യിൽ നിന്നും താലി മാല സ്വീകരിച്ചു… ബാലു ആരതിയുടെ കഴുത്തിൽ താലി ചാർത്തുമ്പോഴും ജനനിയുടെ അമ്പരപ്പ് വിട്ടു മാറിയിരുന്നില്ല…

അഞ്ജലിയും ആകെ അന്ധാളിപ്പോടെ നിന്നു… വിജയൻ ആരതിയുടെയും ബാലുവിന്റെയും കൈകൾ ചേർത്തു വെച്ചു… മകന്റെ കല്യാണം കൂടാനായി ക്ഷണിക്കപ്പെട്ടു വന്ന അതിഥികളുടെ മുൻപിൽ താൻ ചെറുതായതു പോലെ മോഹനകൃഷ്ണനു തോന്നി… “എന്നോടെങ്കിലും നിനക്ക് തുറന്നു പറയാമായിരുന്നു… ” മോഹനകൃഷ്ണൻ ദേഷ്യത്തോടെ നീരവിനോട്‌ പറഞ്ഞു… “സോറി അച്ഛാ… ” “നിനക്ക് ഇമ്മാതിരി തോന്നിവാസം കാണിക്കാൻ ആയിരുന്നുന്നെങ്കിൽ ഞാൻ എന്റെ സുഹൃത്തുക്കളെ ക്ഷണിച്ചു വരുത്തില്ലായിരുന്നു… ” “എന്നാൽ എന്റെ കല്യാണം കൂടെ ഇപ്പോൾ അങ്ങു നടത്തിയാലോ… ” “ആഹ് ! നടത്താം… ” അദ്ദേഹം നിസാര മട്ടിൽ പറഞ്ഞു…

“താങ്ക്സ് അച്ഛാ… ഇനി അവൾ കൂടെ സമ്മതിച്ചാൽ മതി…” “നീ എന്തൊക്കെയാ കുഞ്ഞാ ഈ പറയുന്നത്? ” “ജാനി… ” നീരവ് അവിടെ നിന്ന് ഉറക്കെ വിളിച്ചു… ജനനി ഞെട്ടി നീരവിനെ നോക്കി… മോഹനകൃഷ്ണനും സുമിതയും കാര്യം മനസ്സിലാവാതെ നീരവിനെ നോക്കി… ആര്യനും വിനോദും വിഷ്ണുവും ഇനി എന്തു നടക്കും എന്ന ആകാംക്ഷയോടെ നിന്നു… “പലർക്കും എന്നോട് പ്രണയം തോന്നിയിട്ടുണ്ട്… അതു തുറന്നു പറഞ്ഞിട്ടുമുണ്ട്… പക്ഷേ അവരോടൊന്നും എനിക്ക് അങ്ങനെ തിരിച്ചു തോന്നിയിട്ടില്ല… പലരോടും അട്ട്രാക്ഷൻ തോന്നിയിട്ടുണ്ടെങ്കിലും പ്രണയം തോന്നിയത് എന്റെ ജാനിയോട് മാത്രമാണ്…

അവളുടെ സമ്മതം ഇല്ലാതെ മറ്റാരോടും ഞാനായിട്ട് വെളിപ്പെടുത്തില്ല എന്നു കരുതിയ എന്റെ പ്രണയം ഞാൻ ഇതാ ഇപ്പോൾ എല്ലാവരും കേൾക്കെ പറയുന്നു… നീരവിനു ഒരു വിവാഹം ഉണ്ടെങ്കിൽ ജീവിതം ഉണ്ടെങ്കിൽ അത് ആ നിൽക്കുന്ന ജനനിയോടൊപ്പം മാത്രമായിരിക്കും… അത്രയ്ക്കും ഞാൻ അവളെ സ്നേഹിക്കുന്നു… ബഹുമാനിക്കുന്നു… ഇഷ്ടപ്പെടുന്നു… വിൽ യു മാരി മി ജാനി? ” അവൻ ഉറക്കെ തിരക്കി… ജനനിയുടെ മുഖം ചുവന്നു വന്നു… അഞ്ജലി അവളുടെ കയ്യിൽ മുറുകെപ്പിടിച്ചു… “എല്ലാവരും ചേർന്നുള്ള നാടകം ആയിരുന്നു അല്ലേ ഇതെല്ലാം… നിനക്ക് അവളെ കെട്ടണമായിരുന്നു എങ്കിൽ അന്തസ്സായി കെട്ടണമായിരുന്നെടാ.. അല്ലാതെ നിന്റെ കല്യാണം നടത്താൻ എന്റെ പെങ്ങളെ കൂട്ട് പിടിക്കാൻ പാടില്ലായിരുന്നു…

” ആരോമൽ നീരവിനോട്‌ തട്ടിക്കയറി. “അറിയാത്ത കാര്യത്തെ കുറിച്ച് സംസാരിക്കാൻ നിൽക്കരുത്… ” നീരവ് സംയമനം പാലിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു. “പറഞ്ഞാൽ നീ എന്തു ചെയ്യുമെടാ…” എന്നു ചോദിച്ച് ആരോമൽ നീരവിനെ പിടിച്ചു തള്ളി… നീന നീരവിനെ പിടിച്ചു നിർത്തി… “ഇവളുടെ കല്യാണം ഒന്നു മുടങ്ങി പോയതല്ലേ… എന്നിട്ട് അവർ വീണ്ടും ആലോചനയുമായി വന്നപ്പോൾ ഇവൾക്ക് അവനെ വേണ്ട… അപ്പോഴേക്കും എന്റെ അനിയനെ വലയിലാക്കി കാണും… മോനെ കുഞ്ഞാ ഇവൾക്ക് വേണ്ടി നീ ഞങ്ങളെ ചതിക്കാൻ കൂട്ട് നിൽക്കണ്ടായിരുന്നു… കെട്ടിയാലും നിന്നെക്കാൾ നല്ലൊരുത്തനെ കണ്ടാൽ ഇവൾ ചാടി പോകും… ” “ചേച്ചി… ” നീരവ് അലറി…

മുന്നോട്ട് നടക്കാൻ തുനിഞ്ഞ ആര്യന്റെ കയ്യിൽ വിനോദ് മുറുകെ പിടിച്ചു… അവൻ കയറി ചെന്നാൽ നീനയെ നിലത്തു നിന്നും പെറുക്കി എടുക്കേണ്ടി വരും എന്ന് വിനോദിന് അറിയാമായിരുന്നു… “മതി… നീ വിചാരിച്ച പോലെ ആരതിയുടെ കല്യാണം കഴിഞ്ഞല്ലോ.. ഇനി ഇവിടെ നിന്നും ഇറങ്ങാം… ” മോഹനകൃഷ്ണൻ പറഞ്ഞു… “ഒരു നിമിഷം… ” അഞ്ജലിയുടെ കൈ തന്നിൽ നിന്നും വേർപ്പെടുത്തിക്കൊണ്ട് ജനനി മുന്നോട്ട് നടന്നു വന്നു… നീരവിന്റെ തൊട്ട് മുൻപിൽ വന്നു നിന്നു… അവളുടെ ചുവന്ന കണ്ണുകളിൽ അഗ്നി എരിയുന്നുണ്ടായിരുന്നു… “നിങ്ങളെ ഇഷ്ടമാണെന്ന് ഞാൻ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ? ” അവളുടെ ചോദ്യം അവിടെ പ്രകമ്പനം കൊണ്ടു.. …….. “പറയാൻ… ”

അവളുടെ ശബ്ദം ഉയർന്നു… “ഇല്ല… ” “പിന്നെ നിങ്ങളുടെ ചേച്ചി ഇപ്പോൾ എന്താ പറഞ്ഞത്.. ഞാൻ വല വീശിപിടിച്ചെന്നോ… വല വീശി പിടിക്കാൻ നിങ്ങൾ എന്താ വല്ല മത്സ്യകന്യകനാണോ… മറ്റുള്ളവരെ അളക്കുന്ന കണ്ണുകൾ കൊണ്ട് എന്നെ അളക്കാൻ നോക്കരുത്… ഞാൻ ചാടി പോകും എന്നു പറയാൻ ഇവർക്ക് എന്നെക്കുറിച്ച് എന്ത് അറിയാം… നിങ്ങൾക്ക് എന്നെ അറിയുമോ?” അവൾ നീനയുടെ നേർക്ക് തിരിഞ്ഞു… അവളുടെ അപ്പോഴത്തെ മുഖഭാവം കണ്ടപ്പോൾ നീനയുടെ മുഖം വിളറി വെളുത്തു… നീന ഇല്ലെന്ന് തലയാട്ടി.. “അറിയാത്ത കാര്യങ്ങൾ പറയാൻ നിൽക്കരുത്… ” “ജാനി…” നീരവ് പതിയെ വിളിച്ചു… “വിളിക്കരുത്… നിങ്ങൾ എന്താ എന്നെക്കുറിച്ച് കരുതിയത്…

മറ്റൊരുവൾക്കായി ഒരുക്കിയ കതിർമണ്ഡപത്തിൽ നിങ്ങളുടെ താലിയ്ക്കായി ഞാൻ തല കുനിച്ചു തരുമെന്നോ… എന്റെ കുടുംബത്തിലെ ആളുകളെ നോക്കി എന്നെ അളക്കാൻ വരരുത്… ” “നീ അങ്ങനെ ഒന്നും സമ്മതിച്ചു തരില്ല എന്നത് എനിക്ക് അറിയാവുന്ന കാര്യം തന്നെയാണല്ലോ… ഇനി എന്തെങ്കിലും മാനസാന്തരം വന്നിട്ടുണ്ടെങ്കിൽ കെട്ടി കൂടെ കൂട്ടാം എന്നു കരുതി എന്നെയുള്ളു…” നീരവ് കുസൃതിയോടെ പറഞ്ഞു… ജനനി നീരവിൽ നിന്നും നോട്ടം മാറ്റി ആരതിയേയും ബാലുവിനെയും നോക്കി… പിന്നെ അവരുടെ അടുത്തേക്ക് നടന്നു… “വിഷ് യു എ ഹാപ്പി മാരീഡ് ലൈഫ്… ” അവൾ പുഞ്ചിരിയോടെ ഇരുവരോടുമായി പറഞ്ഞു… ആരതി ജനനിയെ പുണർന്നു…

ജനനി തിരിച്ചും… അവൾ അവിടെ നിന്നും ഇറങ്ങി മണ്ഡപത്തിനു പുറത്തേക്കു നടന്നു… ആര്യൻ വേഗം അവളുടെ പുറകെ ചെന്നു… അതിനു പുറകിലായി വിഷ്ണുവും വിനോദും അഞ്ജലിയും… “ജാനി… ” ആര്യൻ വിളിച്ചു… അവൾ തിരിഞ്ഞു നോക്കിയില്ല… “ജാനി…” എന്നു വിളിച്ച് ആര്യൻ അവളുടെ കയ്യിൽ പിടിച്ചു… ജനനി അവന്റെ മുഖത്തേക്ക് നോക്കി… “നീ ഇതെങ്ങോട്ടാ പായുന്നത്? ” “ഈ കല്യാണം നടക്കില്ല എന്ന് അറിയാമായിരുന്നോ? ” ആര്യൻ തലയാട്ടി… “ഹ്മ്മ്… എന്റെ വിഷ്ണുവേട്ടനോ? ” “ഹ്മ്മ്…” “വിനു സാറിനോ? ” “ഹ്മ്മ്… പക്ഷേ അഞ്ജലിയ്ക്ക് അറിയില്ലായിരുന്നു…” “ജാനി… ” വിഷ്ണു വിളിച്ചതും അവളുടെ കണ്ണുകൾ നിറഞ്ഞു… “വേണ്ട… വിളിക്കണ്ട…” ജാനി മുഖം വീർപ്പിച്ചു…

“ഞങ്ങൾ ഇറങ്ങാണ്… ഇനി ഇവിടെ നിന്നാൽ ശരിയാകില്ല…” എന്ന് വിനോദിനോടും അഞ്ജലിയോടും പറഞ്ഞ് വിഷ്ണു അവിടെ നിന്നും വേഗം ഇറങ്ങി… “ജാനി… ഒന്നു മെല്ലെ നടക്ക് മോളെ… ഏട്ടന് കൂടെ എത്താൻ പറ്റുന്നില്ല… ” ബസ് സ്റ്റാൻഡിലേക്ക് നടക്കുമ്പോൾ വിഷ്ണു കിതപ്പോടെ പറഞ്ഞു… ജനനി നടത്തം പതിയെയാക്കി… ** മോഹനകൃഷ്ണൻ ദേഷ്യത്തോടെ സോഫയിൽ ഇരുന്നു… “ഇനി ആളുകളുടെ മുഖത്ത് എങ്ങനെ നോക്കും… ” “ജാനി നല്ല കുട്ടിയാ മോഹനേട്ടാ… കുഞ്ഞന്റെ ആഗ്രഹം അങ്ങനെ ആണെങ്കിൽ നമുക്ക് നടത്തി കൊടുക്കാം…” സുമിത പറഞ്ഞു…

“അവരുടെ കുടുംബം എവിടെ കിടക്കുന്നു… നമ്മുടെ സ്റ്റാറ്റസിനു ചേർന്ന ബന്ധമല്ല ഇത്… ” മോഹനകൃഷ്ണൻ തലയ്ക്ക് കൈ കൊടുത്തു കൊണ്ടു പറഞ്ഞു. “അവൾ എനിക്ക് ചേർന്ന പെണ്ണാണ്… അവൾ മാത്രമേ എനിക്ക് ചേരൂ…” എന്നും പറഞ്ഞ് കാറിന്റെ കീ എടുത്ത് നീരവ് ഇറങ്ങി… **** “കൊല്ലണ്ട… ” ഫോണിൽ ആർക്കോ നിർദേശം കൊടുത്ത ശേഷം ആരോമൽ മദ്യഗ്ലാസ്സ് വായിലേക്ക് കമിഴ്ത്തി……തുടരും….നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ജനനി: ഭാഗം 32

Share this story