ഒറ്റ മന്ദാരം: ഭാഗം 1

ഒറ്റ മന്ദാരം: ഭാഗം 1

എഴുത്തുകാരി: നിഹാരിക

“നന്ദേട്ടാ…..” കുപ്പിവള കിലുങ്ങും പോലാ പെണ്ണിൻ്റെ ചിരി , വീൽചെയർ ഒന്ന് ചരിച്ച് നന്ദൻ അവളെ കൂർപ്പിച്ച് നോക്കി… ” നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേടി ന്നെ നന്ദൻ മാഷേ ന്ന് വിളിക്കാൻ! എല്ലാരും അതല്ലേ വിളിക്കണേ നിനക്ക് മാത്രം എന്താ കൊമ്പുണ്ടോ?” പെണ്ണ് ചുണ്ട് പിളർത്തി നന്ദനെ നോക്കി… ” ഇത്രേം നാള് നന്ദേട്ടാ എന്നല്ലേ വിളിച്ചേ, കുറച്ചിലാണെങ്കി നന്ദേട്ടൻ വിളി കേൾക്കണ്ട ട്ടോ… ” പറഞ്ഞിട്ട് കാര്യം ഇല്ല എന്നറിയാവുന്നത് കൊണ്ട് നന്ദൻ വീൽ ചെയർ വീടിനകത്തേക്ക് മെല്ലെ ഉരുട്ടി … അപ്പഴേക്കും ഓടിച്ചെന്നാ പെണ്ണ് പുറകിൽ നിന്ന് മെല്ലെ ഉന്താൻ തുടങ്ങിയിരുന്നു… നന്ദന് കേറാനായി ചെരിച്ച് കെട്ടിയിട്ടുള്ള നിരപ്പായ സ്റ്റെപ്പിലൂടെ, ” നിളാ….. നിനക്ക് വീട്ടിൽ ഒരു പണീം ഇല്ലേ?

ഇതെനിക്ക് ചെയ്യാവുന്നതേ ഉള്ളു… മാറിനിക്ക് ” അതും പറഞ്ഞ് വീട്ടിനകത്തേക്ക് വീൽ ചെയറും ഉരുട്ടി പോകുന്നവനെ നോവോടെ നോക്കി.. എന്നും അകറ്റി നിർത്തുന്നതിൻ്റെ നോവോടെ …. 🌹🌹🌹 അമ്മയുടെ വീട്ടിൽ നിന്ന് അവകാശം കിട്ടിയപ്പോൾ, അതും അച്ഛൻ അന്യനാട്ടിൽ കിടന്ന് കഷ്ടപ്പെട്ടതും ചേർത്ത് വാങ്ങിയ പതിനഞ്ച് സെൻ്റിൽ വീട് വച്ച് ഇങ്ങോട്ടേക്ക് വരുമ്പോൾ അന്ന് തനിക്ക് പതിനാല് വയസാ…. ആരേം പരിചയം ഇല്ലായിരുന്നു … പുതിയ സ്കൂളിൽ തൊട്ടടുത്തിരിക്കുന്ന കുട്ടിയെ പരിചയപ്പെട്ടപ്പഴാ അയൽക്കാരാണ് എന്നറിഞ്ഞത്…. ചിഞ്ചു ” കുറേ നിർബന്ധിച്ചപ്പഴാ അവളുടെ വല്യമ്മയുടെ വീട്ടിലേക്ക് ഒരു ദിവസം ചെന്നത്, സ്വന്തം വീട് കഴിഞ്ഞ് ഒരു പറമ്പ് കഴിഞ്ഞാ അവളുടെ വല്യമ്മയുടെ വീടായി ..

അവൾ അവിടെ നിന്നാ പഠിക്കുന്നേ… അവളുടെ അച്ഛനുമമ്മയും ഒക്കെ വിദേശത്താത്രെ … ” നിള …. ഇതാ ൻ്റെ വല്യമ്മ ലക്ഷ്മി ടീച്ചർ … ഓങ്ങല്ലൂര് എൽ പി സ്കൂളിലെ ഹെട്ടീച്ചറായിരുന്നു …” എന്നവൾ ടീച്ചറെ ചേർത്ത് പിടിച്ച് പറയുമ്പോൾ, വാത്സല്യത്തിൽ പൊതിഞ്ഞ ഒരു ചിരി ടീച്ചറും തിരിച്ച് നൽകി … അപ്പുറത്ത് ചാരു കസേരയിൽ എല്ലാം കണ്ട് ചെറുചിരിയോടെ കിടക്കുന്നയാളുടെ അടുത്തെത്തി കുസൃതിയോടെ ചിഞ്ചു, “ഇത് , സോമശേഖരൻ മാഷ്, ചില്ലറ പുള്ളി അല്ല ട്ടോ… നമ്മടെ പട്ടാമ്പി ഗവൺമെൻ്റ് എച്ച് എസ് എസ് ലെ പ്രിൻസിപ്പളായിരുന്നു .. ” എന്ന് പരിചയപ്പെടുത്തി.. “നിങ്ങൾ സംസാരിക്കു എന്ന് പറഞ്ഞ് മാഷ് അകത്തേക്ക് പോയി… ” പെട്ടെന്നാണ് വീടിൻ്റെ സൈഡിൽ നിന്ന് ഘനഗാംഭീര്യമുള്ള ആ ശബ്ദം കേട്ടത്.. വേർഡ്സ് വർത്തിൻ്റെ, ഡാഫോഡിൽസ് എന്ന കവിത ചൊല്ലുകയാണ് …

“ഐ വാണ്ടേർഡ് ലൊൺലി ആസ് എ ക്ലൗഡ്……….” ലക്ഷ്മി ടീച്ചർ മുന്നിലിരിക്കുന്നതിനാൽ, ആരാന്ന് ചോദിക്കാൻ മടിച്ചങ്ങനെ ഇരുന്നു … ഒട്ടും ക്ഷമ കിട്ടിയില്ലെങ്കിൽ പോലും… ടീച്ചർ പുതിയ അയൽപക്കത്തുകാരെ പറ്റി ചോദിച്ചറിയുന്ന തിരക്കിലായിരുന്നു .. ശബ്ദം കേൾക്കുന്നിടത്തേക്ക് ഇടക്കിടക്ക് മിഴി പായിച്ച് ടീച്ചറുടെ ചോദ്യങ്ങൾക്കെല്ലാം ഒരു വിധം ഉത്തരം കൊടുത്തു….. ” ഞാൻ കുടിക്കാനെന്തെങ്കിലും എടുക്കാം ” എന്ന് ടീച്ചർ പറഞ്ഞപ്പോ… ചിഞ്ചുവിനോട് അതാരാ എന്ന് ചോദിക്കാനുള്ള ആവേശം കൊണ്ട്, ഫോർമാലിറ്റിക്ക് വേണ്ട എന്ന് പോലും പറഞ്ഞില്ല… ലക്ഷ്മി ടീച്ചർ അകത്തേക്ക് പോയതും, ഓടി ചിഞ്ചുവിൻ്റെ അടുത്തെത്തി…. “ആരാ… അവിടെ.. അത് ” “അത് നന്ദേട്ടനാ നിള…

വല്യമ്മടെ മകൻ… ട്യൂഷൻ എടുക്കാ..” “നന്ദേട്ടൻ……” അവൾ പോലും അറിയാതാ നാമം ഉള്ളിൽ കേറിയിരുന്നു, എന്തോ ആ ശബ്ദത്തിന് വല്ലാത്ത ആകർഷണീയത, “അങ്ങട് പോവാം ചിഞ്ചൂ??” “എന്തിന് ? നിളാ നന്ദേട്ടൻ ഒരു പ്രത്യേക ടൈപ്പാ… ആരും അവിടെ ട്യൂഷൻ പഠിപ്പിക്കുന്നിടത്തേക്ക് ചെല്ലണതേ ഇഷ്ടല്ല ഏട്ടന് ” ” വിട്ട് നിന്ന് നോക്കാലോ ചിഞ്ചു, നീ വാ ..” മെല്ലെ അവളെയും വലിച്ച് ആ ശബ്ദം കേട്ടിടത്തേക്ക് പോയി….. ആ വലിയ വീടിനോട് ചേർന്ന്, ആസ്ബറ്റോസ് മേഞ്ഞ ഭംഗിയുള്ള ഒരു ഓലഷെഡ്, മാലയിട്ട് തൂക്കിയ ഗാന്ധിജിയുടെ പടമാണ് ആദ്യം കണ്ണിൽ ഉടക്കിയത്… അത് പിന്നീട് അങ്ങോട്ട് തിരിഞ്ഞിരുന്ന് പഠിപ്പിക്കുന്നയാളിൽ ചെന്നെത്തി…. മുന്നിലിരിക്കുന്ന കുട്ടികളുടെ ശ്രദ്ധ തിരിയുന്നത് കണ്ടിട്ടാവണം നന്ദേട്ടൻ തിരിഞ്ഞ് നോക്കിയത്….

അപ്പഴാണ് ആ വീൽ ചെയർ താനും കണ്ടത്…. ശ്വാസം നിലച്ചും അത് നോക്കി നിന്നു.. സഹതാപമോ, സങ്കടമോ ഏത് ഭാവമാ നന്ദേട്ടൻ എന്നിൽ കണ്ടെത്തിയതെന്നറിയില്ല … ദേഷ്യത്താൽ ആ മുഖമാകെ ചുമന്നിരുന്നു.. “ഉം” എന്ന് ചോദ്യഭാവത്തിൽ കനപ്പിച്ചൊന്നു മൂളി … ” നന്ദേട്ടാ ഇത് നിള… അപ്പുറത്ത് പുതിയതായി വന്നത് ഇവരാ…” ചിഞ്ചു പേടിച്ചാണെങ്കിലും പറഞ്ഞൊപ്പിച്ചു… ” ” അതിന്?? ഇവിടെയെന്താ???” എന്ന് ഒച്ച ഉയർന്നതും അവൾ എന്നെയും കൂട്ടി ഓടിയിരുന്നു … ” കരയൊന്നും വേണ്ട നിളാ, അതങ്ങനെ ഒരു സാധനാ ” എന്ന് ചിഞ്ചു പറഞ്ഞപ്പഴാ ഞാൻ കരഞ്ഞെന്ന് അറിഞ്ഞത്… അത് പക്ഷെ ആ കുറവ് കണ്ടിട്ടില്ലായിരുന്നു, ആരുമല്ലാത്ത വിധം ദേഷ്യപ്പെട്ടതിനാലായിരുന്നു…. കാരണം ഇത്ര നിമിഷങ്ങൾ കൊണ്ട് എൻ്റെ ആരൊക്കെയോ ആയി മാറിയിരുന്നു നന്ദേട്ടൻ….. 🌹🌹🌹

ടീച്ചർക്കും മാഷിനും കല്യാണം കഴിഞ്ഞ് പത്ത് വർഷം കാത്തിരുന്നു കിട്ടിയ നിധി.. അതായിരുന്നു നന്ദകിഷോർ “” പക്ഷെ ദൈവത്തിൻ്റെ ഒരോ കുസൃതിയാവാം പോളിയോ ബാധിതനായ കാലു തളർന്ന ഒരു കുഞ്ഞിനെ കൊടുത്തത്… ടീച്ചറും മാഷും അവന് വേണ്ടി നിലകൊണ്ടു, വിധിയെ തോൽപ്പിച്ച് പഠിച്ച ക്ലാസുകളിൽ എല്ലാം റാങ്ക് ഹോൾഡറായി അവനും അവരെ സന്തോഷിപ്പിച്ചു, എല്ലാം ചിഞ്ചു പറഞ്ഞ അറിവായിരുന്നു .. ഓരോന്ന് കേൾക്കുമ്പോഴും, ആ മനുഷ്യൻ ഉള്ളിൽ കൂടുതൽ കൂടുതൽ ആഴത്തിൽ പതിഞ്ഞു കൊണ്ടേ ഇരുന്നു അമ്മയാണ് തീരുമാനിച്ചത് നന്ദേട്ടൻ്റെ അടുത്തേക്ക് തന്നെ ട്യൂഷന് വിടാൻ … അവിടെ പഠിക്കുന്ന ഒരോ കുട്ടികളുടെയും സ്കൂളിലെ കാര്യങ്ങൾ വരെ നന്ദേട്ടൻ മറ്റു കുട്ടികളോട് ചോദിച്ചറിഞ്ഞിരുന്നു..

ഒരു വീൽചെയറിൽ ജീവിതം ഹോമിക്കുന്നവന് തൻ്റെ കണ്ണ് എല്ലായിടത്തും എത്തും…. ഇവിടെ ഇരുന്നാലും എന്ന് ആ കുട്ടികളുടെയും, സ്വയം തന്നെയും അറിയിക്കാനുള്ള വ്യഗ്രത.. അത് മാത്രമായിരുന്നു അത്.. തൻ്റെ ലോകം തന്നെയായ ആ ട്യൂഷൻ ക്ലാസും അതിലെ കുട്ടികളുടെയും പരി പൂർണ്ണ അവകാശം അയാൾ സ്വയം പിടിച്ച് വാങ്ങി, അവരുടെ ആൺ – പെൺ കൂട്ടുകെട്ട് ശക്തമായി എതിർത്തിരുന്നു, ഒരിക്കൽ പോലും ഒരു പെൺ സൗഹൃദ മറിയാത്ത മനസിൻ്റെ വൈകല്യമാവാം…. നന്ദൻ മാഷിനെ പേടിച്ച് കുട്ടികളും അത്തരം കൂട്ടുകൾ ഉപേക്ഷിച്ചു… നന്ദൻ മാഷിൻ്റെ കുട്ട്യോൾ എന്ന് പറഞ്ഞാൽ പിന്നെ ആ നാട്ടിൽ വേറെ സ്വഭാവ സർട്ടിഫിക്കറ്റ് വേണ്ടായിരുന്നു …

പക്ഷെ താനപ്പഴും അതൊന്നും കാര്യമാക്കാതെ തോന്നിയവരോടൊക്കെ കൂട്ടു കൂടി.. എല്ലാത്തിലും പോയി തലയിട്ടു, വെറുതേ, നന്ദേട്ടൻ്റെ സിഐഡികൾ കാണാൻ, എന്നിട്ട് തന്നെ ചോദ്യം ചെയ്യാൻ… ചീത്ത പറയാൻ, അടി തരാൻ.. അങ്ങനെ, അങ്ങനെ കുറച്ച് നേരത്തേക്കെങ്കിലും തന്നെ മാത്രം ശ്രദ്ധിക്കാൻ, തൻ്റെ കാര്യത്തിൽ മാത്രം ഇടപെടാൻ … ഒരു പാവം പെണ്ണിൻ്റെ പാവം കിറുക്കുകൾ …. എന്നും പറഞ്ഞിരുന്നു നന്ദേട്ടാന്ന് മാറ്റി മറ്റു കുട്ടികളെ പോലെ മാഷേ ന്ന് വിളിക്കാൻ … അപ്പോഴൊക്കെ അവളും വിളിച്ചു വാശിയോടെ…. അധികാരത്തോടെ നന്ദേട്ടാ”” എന്ന് തന്നെ, മറ്റു കുട്ടികളെ പോലെ അല്ല താനെന്ന ധാരണയാലെ…. 🌹🌹🌹

പ്ലസ് ടു ക്ലാസ് കഴിഞ്ഞതും ചിഞ്ചു തിരിച്ച് വിദേശത്തേക്ക് പറന്നു….. ദൂരേക്ക് പോകാൻ മനസില്ലാത്ത കാരണം നിള കലാമണ്ഡലത്തിൽ ഡിഗ്രി ഭരതനാട്യത്തിനും…. ഉച്ചവരെയുള്ള ക്ലാസ് കഴിഞ്ഞാ പിന്നെ അവൾ ഉണ്ടാകും ലക്ഷ്മി ടീച്ചറെ ചുറ്റിപ്പറ്റി … മിഴികൾ ട്യൂഷൻ ക്ലാസിലേക്ക് പായിച്ച് കൊണ്ട് ….. നന്ദൻ അവളെ നോക്കാറു കൂടി ഇല്ല!.. തന്നെയുമല്ല ചീത്തയും പറയും.. എന്നിട്ടും അവളവിടെ എന്നും എത്തി… നന്ദൻ ചോദിക്കാതെ തന്നെ അയാൾക്ക് സഹായമായി … അയാളുടെ ചീത്തകൾ കേട്ട് , ചിലപ്പോ മിഴി നിറച്ചും, ചിലപ്പോൾ തർക്കുത്തരം പറഞ്ഞുo ചിലപ്പോൾ കൊഞ്ഞനം കുത്തിയും എല്ലാം … 🌹🌹🌹

പറയാതെ തൻ്റെ പ്രണയം നന്ദേട്ടൻ മനസിലാക്കാൻ പോകുന്നില്ലെന്ന് അവൾക്ക് തോന്നി തുടങ്ങിയിരുന്നു, കാരണം നന്ദന് വേണ്ടി ലക്ഷ്മി ടീച്ചറും സോമശേഖരൻ മാഷും ആവുന്നിടത്തെല്ലാം പെണ്ണന്വേഷിച്ചു ….. മകൻ്റെ വൈകല്യം എന്നോ തളർത്തിയ രണ്ട് പേരെ വീണ്ടും വീണ്ടും ആളുകൾ തളർത്തിയിരുന്നു … എല്ലാം തുറന്ന് പറയാനായിട്ടാണ് അന്നവൾ നന്ദനരികിൽ എത്തിയത്… അവസാന കുട്ടിയും പോണത് വരെ കാത്തു, മെല്ലെ അകത്തേക്ക് കയറിച്ചെന്നു… നാല് വര കോപ്പി നോക്കി തെറ്റ് തിരുത്തുന്നയാൾ അതിൽ നിന്ന് ഒന്ന് മുഖമുയർത്തി നോക്കുക പോലും ചെയ്യാതെ കൊലുസ്സിൻ്റെ കിലുക്കത്താൽ ആളെ അറിഞ്ഞ് ”ഉം ??” എന്ന് അന്വേഷിച്ചു,…. ” നന്ദേട്ടാ…..” എന്ന് ആർദ്രമായി വിളിച്ചതും ലക്ഷ്മി ടീച്ചർ കയറി വന്നു… ”

നന്ദാ…. ചിറ്റാരിക്കലത്തെ കുട്ടിയുടെ ജാതകം ചേരും ത്രെ, ഇപ്പോ ബ്രോക്കറാ വിളിച്ചേ, ” നിളയെ ഒന്ന് നോക്കി നന്ദൻ ഒന്ന് മൂളി … “ൻ്റെ മുത്തശ്ശിയാർ കാവിലമ്മേ ഇതൊന്ന് നടന്ന് കാട്ടിത്തരണേ…. ” എന്നും പറഞ്ഞ് നിളയോട് ഒന്ന് ചിരിച്ച് ടീച്ചർ തിരിച്ച് പോയി… നന്ദൻ വീണ്ടും ചോദ്യ ഭാവത്തിൽ നിളയെ നോക്കി… ” ഞാൻ… എന്നെ കൂട്ടിക്കൂടെ നന്ദേട്ടാ നന്ദേട്ടൻ്റെ ഭാര്യയായി…. അത്രക്ക് ഇഷ്ടായിട്ടാ… ” ടീച്ചർ പറഞ്ഞത് കേട്ട് ഉള്ളുരുകി നിൽക്കുന്നവളുടെ ഉള്ളിൽ നിന്ന് തേങ്ങലായി നേർത്ത ശബ്ദത്തിൽ അത്രയും പുറത്തേക്ക് വന്നു…

വീൽച്ചെയറിൽ ഇരുന്ന് അവളുടെ കൈ പിടിച്ച് മുന്നിലേക്ക് വലിച്ചിട്ട് ആ കവിളത്ത് അപ്പഴേക്ക് നന്ദൻ്റെ കൈ ആഞ്ഞ് പതിഞ്ഞിരുന്നു…… ധൃതിയിൽ വീൽ ചെയറിൽ പുറത്തേക്ക് പോകുന്നവനെ കാണെ ഉള്ള് നീറി പിടഞ്ഞിരുന്നു അവൾക്ക്… ” നന്ദാ നാളെ എല്ലാരോടും അങ്ങട് ചെല്ലാൻ ” എന്ന് പുറത്ത് നിന്ന് ടീച്ചർ പറയുന്നത് നിള കേട്ടിരുന്നു… ഒപ്പം, ” കാണുകയൊന്നും വേണ്ട നിക്ക് സമ്മതാ ” എന്ന് തന്റെ നന്ദേട്ടൻ തിരിച്ച് പറയുന്നതുo … മുട്ടിൽ തലചേർത്ത് അവൾ ശബ്ദമില്ലാതെ ആർത്ത് കരഞ്ഞു… ഉള്ളിലെ ആർത്തിരമ്പുന്ന സങ്കടക്കടൽ അവളുടെ സഹനത്തിനുമപ്പുറത്തായിരുന്നു….(തുടരും)

Share this story