അഞ്ജലി: ഭാഗം 9

അഞ്ജലി: ഭാഗം 9

എഴുത്തുകാരി: പാർവ്വതി പിള്ള

അന്ന് രാത്രിയിൽ രണ്ടുമണിയോടെ ആയിരുന്നു അനന്തൻ വീട്ടിലെത്തിയത്. അതുവരെയും ഉറങ്ങാതെ ദേവമ്മ അഞ്ജലിയുടെ ഒപ്പം ഹാളിൽ ഇരുന്നു. അവൾക്ക് അത്ഭുതമായിരുന്നു ദേവമ്മയുടെ അനന്തനോടുള്ള ഈ കരുതൽ കണ്ട്. കാറിൽനിന്നിറങ്ങി അകത്തേക്ക് കയറിയ അനന്തൻ ദേവമ്മയോടൊപ്പം ഹാളിൽ ഇരിക്കുന്ന അഞ്ജലിയെ കണ്ടു അത്ഭുതത്തോടെ നോക്കി. അവന്റെ കണ്ണുകൾ തിളങ്ങി. അതേ നിമിഷം തന്നെ ആ തിളക്കവും നഷ്ടപ്പെട്ടു. കുഞ്ഞേ ആഹാരം വല്ലതും എടുക്കണോ. വേണ്ട ദേവമ്മേ ഞാൻ കഴിച്ചിട്ടാ വന്നത്. ദേവമ്മ കിടന്നോളൂ. അവൻ അഞ്ജലിയുടെ മുഖത്തേക്ക് ഒന്ന് നോക്കി കൊണ്ട് വേഗം മുകളിലേക്ക് സ്റ്റെപ്പുകൾ ഓടിക്കയറി.

അഞ്ജലിക്ക് അവനോട് എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ എന്തോ ഒന്ന് അവളെ അതിൽ നിന്നും പിന്തിരിപ്പിച്ചു. തിരികെ തന്റെ റൂമിലേക്ക് കയറിയ അഞ്ജലി മെല്ലെ ബെഡിലേക്ക് കിടന്നു. ഒരിക്കലെങ്കിലും തനിക്ക് ഇയാളെ ഉൾക്കൊള്ളാൻ പറ്റുമോ. ഏതു പെണ്ണിനാണ് പറ്റുക. എല്ലാം ഒന്നു മറക്കാൻ പറ്റിയിരുന്നെങ്കിൽ. ദേവമ്മ പറയുന്നത് കേട്ടിട്ട് ആൾ ഒരു പാവമാണെന്ന് തോന്നുന്നു. പക്ഷേ മറ്റു പലതും ഓർക്കുമ്പോൾ അറപ്പ് തോന്നുകയാണ് അയാളോട്. എന്തായാലും നാളെ ആതിയെ കൊണ്ടുവിടാൻ അയാളോടൊപ്പം പോകണം. എങ്ങനെയാണ് അവളെ തനിയെ വിടുക. ഓരോന്ന് ആലോചിച്ചു കൊണ്ട് അഞ്ജലി ഉറക്കത്തിലേക്ക് വഴുതി വീണു.

പിറ്റേന്ന് രാവിലെ അഞ്ജലി ഉണരുമ്പോൾ സമയം ഒരുപാട് ആയിരുന്നു. അവൾ വേഗം കുളിച്ചു ഡ്രസ്സ് മാറി താഴേക്ക് ചെന്നു. ദേവമ്മ കിച്ചണിൽ ഉണ്ട്. കാര്യമായ പാചകത്തിലാണ്. അവൾ അവരുടെ അടുത്തേക്ക് ചെന്നു. അവളെ കണ്ടയുടനെ ഫ്ലാസ്ക്കിൽ നിന്നും ചായ കപ്പിലേക്ക് ഒഴിച്ച് അവളുടെ കൈകളിലേക്ക് കൊടുത്തു. ഇന്നലെ കിടക്കാൻ താമസിച്ചത് കൊണ്ടാണോ മോളെ എഴുന്നേൽക്കാൻ വൈകിയത്. അതെ ദേവമ്മേ ഞാൻ ഉറങ്ങിപ്പോയി.. അനന്തൻ കുഞ്ഞ് വെളുപ്പിനെ തന്നെ പോയി. എങ്ങോട്ടോ പോകാൻ ഉണ്ടെന്നു പറഞ്ഞു. രാത്രി വരാൻ താമസിക്കും എന്ന് പറഞ്ഞു. ഉറക്കമിളച്ച് നോക്കി ഇരിക്കേണ്ട എന്ന് പറഞ്ഞിട്ടാ പോയത്. അഞ്ജലിയുടെ മുഖം വാടി. കൂടെ പോകണം എന്ന് വിചാരിച്ചതാണ്.

ആളെക്കുറിച്ച് ദേവമ്മ എല്ലാം പറഞ്ഞെങ്കിലും എന്തോ ഒരു പേടി. അവൾ വേഗം ചായ കുടിച്ചിട്ട് മുകളിലേക്ക് കയറി. ഫോണെടുത്ത് ആതിയെ കോൾ ചെയ്തു. ആദ്യത്തെ രണ്ടു റിങ്ങിന് ഉള്ളിൽ തന്നെ ആതി ഫോണെടുത്തു. ചേച്ചി ഞങ്ങൾ പോകുന്ന വഴിയാ കേട്ടോ. ചേച്ചി എന്താ വരാതിരുന്നത്. ഞാൻ കരുതി ചേച്ചിയും ഉണ്ടാകുമെന്ന്. അത് പിന്നെ മോളെ ഞാൻ… അഞ്ജലി എന്തുപറയണമെന്നറിയാതെ നിന്നു. ചേച്ചി ഇന്നലെ താമസിച്ച കിടന്നത് എന്ന് ഏട്ടൻ പറഞ്ഞു. അച്ഛനെ രാവിലെ ഹോസ്പിറ്റലിലേക്ക് മാറ്റി ചേച്ചി. മ്മ്മ്മ്…. ആതി…. മോൾക്ക് കുഴപ്പമൊന്നുമില്ലല്ലോ. ഇല്ല ചേച്ചി എനിക്കൊരു കുഴപ്പവുമില്ല. ഇനി കുഴപ്പം ഉണ്ടായാലും പ്രശ്നമില്ല. എന്റെ കൂടെ അനന്തേട്ടൻ ഉണ്ടല്ലോ.

അതാണ് നിന്റെ ചേച്ചിയുടെ പ്രശ്നമെന്ന് അടുത്തിരുന്ന് അവരുടെ സംസാരം കേട്ടുകൊണ്ടിരുന്ന അനന്തൻ മനസ്സിൽ പറഞ്ഞു. തെളിമയാർന്ന രൂപത്തോടെ അഞ്ജലിയുടെ മുഖം മനസ്സിലേക്ക് കടന്നു വന്നതും അവന് നെഞ്ചിൽ ആകെ ഒരു കുളിർമ തോന്നി. ഒപ്പം വെറുപ്പ് നിറഞ്ഞ കണ്ണുകളോടെ തന്നെ നോക്കി നിൽക്കുന്ന അഞ്ജലിയുടെ മുഖം ഓർക്കവേ അവന്റെ നെഞ്ചിൽ എന്തെന്നില്ലാത്ത ഒരു ഒരു വേദന വിങ്ങി. എന്നെങ്കിലും അവൾ തന്നെ സ്നേഹിക്കുമോ.ഒരുപാട് ആഗ്രഹിക്കുന്നുണ്ട് അഞ്ജലിയുമൊത്തു ഒരു നല്ല ജീവിതം. തന്റെ തെറ്റുകൾപൊറുക്കാൻ അവളെക്കൊണ്ട് ആകുമോ..സ്നേഹിച്ചു തുടങ്ങുമോ അവൾ തന്നെ.

അവൻ ഒരു ദീർഘനിശ്വാസത്തോടെ ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് ഡ്രൈവിങ്ങിലേക്ക് ശ്രദ്ധതിരിച്ചു. പിന്നീട് കുറച്ചു ദിവസം അനന്തനെ അഞ്ജലി കണ്ടതേയില്ല. അവൻ ബിസിനസുമായി നല്ല തിരക്കിലായിരുന്നു. ഒരു തരത്തിലും അഞ്ജലിയെ അവൻ ശല്യപ്പെടുത്തിയില്ല ഒരു നോട്ടം കൊണ്ട് പോലും. ഒരുതരത്തിൽ അവൾക്കും അത് ആശ്വാസമായിരുന്നു. പതിവുപോലെ ഒരുദിവസം ദേവമ്മയുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് അനന്തൻ വരുന്നത് കണ്ടത്. ഇന്ന് കുഞ്ഞ് നേരത്തെ ആണല്ലോ. പതിവില്ലാതെ ആണല്ലോ ഇത്. എന്തു പറ്റിയോ ആവോ.ദേവമ്മ ആവലാതിയോടെ എഴുന്നേറ്റു.

ക്ഷീണിച്ച മുഖത്തോടെ കയറിവരുന്ന അനന്തനെ കണ്ട് അവൾ ദേവമ്മയുടെ മുഖത്തേക്ക് നോക്കി. അനന്തൻ അവരെ ഒന്ന് നോക്കി കൊണ്ട് ഒന്നും മിണ്ടാതെ വേഗം മുകളിലേക്ക് കയറിപ്പോയി. കുറച്ചുനേരം അഞ്ജലി ദേവമ്മയുടെ കൂടെ അവിടെയൊക്കെ ഇരുന്ന ശേഷം മുറിയിലേക്ക് പോയി.ഒന്നു മയങ്ങിയതിനുശേഷമാണ് പിന്നെ എഴുന്നേറ്റത്. ഫ്രഷായ ശേഷം അവൾ താഴേക്ക് ചെല്ലുമ്പോൾ ദേവ്വമ്മ കിച്ചണിൽ നിന്ന് ചുക്ക് കഷായം തയ്യാറാക്കുകയാണ്. അതിന്റെ നല്ല വാസന അവിടമാകെ പരന്നിട്ടുണ്ട്. ഇത് ആർക്കു വേണ്ടിയാ ദേവമ്മേ. ഇത് അനന്തൻ കുഞ്ഞിനാ മോളെ. നല്ല പനിയുണ്ട്. പൊള്ളുന്ന ചൂടുമാ.

അഞ്ജലി ഒന്നും മിണ്ടാതെ അവർ ചെയ്യുന്നത് ഓരോന്നും നോക്കി നിന്നു. അന്ന് വൈകിട്ട് അനന്തൻ കഴിക്കാനായി താഴേക്ക് വന്നില്ല. ദേവമ്മ അനന്തന് വേണ്ടി കഞ്ഞി ഉണ്ടാക്കി മുകളിലേക്ക് കൊണ്ടു കൊടുത്തു. പക്ഷേ ഒരു സ്പൂൺ കഞ്ഞി മാത്രമാണ് അനന്തൻ കുടിച്ചതെന്ന് ദേവമ്മ സങ്കടത്തോടെയാണ് താഴെ വന്ന് പറഞ്ഞത്. രാത്രിയിൽ ആഹാരം കഴിക്കാൻ എടുത്തപ്പോൾ അഞ്ജലിക്ക് എന്തോ ഒരു വല്ലായ്മ തോന്നി. അവൾ അത് കഴിക്കാതെ വേസ്റ്റ് ബിന്നിലേക്ക് തട്ടി. നെഞ്ചിലൊരു വല്ലാത്ത വിഷമം പോലെ. ആൾ എത്ര കൊള്ളരുതാത്തവൻ ആയാലും തന്റെ ഭർത്താവാണ്. ഇത്രയും നേരമായിട്ടും താൻ ഒന്നു നോക്കിയത് പോലുമില്ല. പ്രതീക്ഷിക്കുന്നുണ്ടാവില്ലേ തന്നെ.

അവൾ ഓരോന്നാലോചിച്ച് കൊണ്ട് മെല്ലെ മുകളിലേക്ക് കയറി. മുറിയുടെ വാതിലിൽ ചെന്ന് കുറച്ചുനേരം നിന്നു. പിന്നെ മെല്ലെ വാതിൽ തുറന്നു അകത്തേക്ക് നോക്കി. ബ്ലാങ്കറ്റ് കൊണ്ട് മൂടിപ്പുതച്ച് കിടക്കുകയാണ്. നല്ല ഉറക്കമാണ്. അവൾ നെറ്റിയിൽ കൈ വച്ചു നോക്കി. നല്ല ചൂടുണ്ട്. വേഗം ഒരു ചെറിയ ടവൽ എടുത്തു നനച്ചു കൊണ്ടുവന്ന് അവന്റെ നെറ്റിയിൽ ഇട്ടു. കുറച്ചു സമയം കഴിഞ്ഞപ്പോൾ ചൂടിന് ചെറിയ മാറ്റം ഉണ്ടായെങ്കിലും വീണ്ടും ചൂട് കൊണ്ടത് അഞ്ജലിയെ പരിഭ്രമത്തിൽ ആക്കി. കുറച്ചു സമയം കൂടി അവൾ നോക്കിയെങ്കിലും ചൂടിന് ഒരു കുറവുമുണ്ടായിരുന്നില്ല. അവൾ വേഗം താഴേക്ക് ഓടി.

ദേവമ്മയുടെ മുറിയുടെ വാതിലിൽ തട്ടി വിളിച്ചു. എന്താ മോളെ എന്തുപറ്റി ദേവമ്മേ അദ്ദേഹത്തിന് പനി ഒട്ടും കുറവില്ല. നല്ല ചൂടുണ്ട്. അറിയാവുന്ന ഏതെങ്കിലും ഒരു ഡോക്ടറെ വിളിച്ചിരുന്നെങ്കിൽ. അവൾ അർദ്ധോക്തിയിൽ നിർത്തി. ദേവമ്മ പെട്ടെന്ന് മുകളിലേക്ക് അവളുടെ ഒപ്പം കയറി. അനന്തന്റെ നെറ്റിയിൽ തൊട്ടുനോക്കി. പൊള്ളുന്ന ചൂട് ആണല്ലോ ഭഗവാനേ. അവർ നെഞ്ചത്ത് കൈവച്ചു. എനിക്ക് ആരെയും അറിയില്ല മോളെ ആരെയാ ഒന്ന് വിളിക്കുക. അഞ്ജലി വേഗം ഗേറ്റിനടുത്ത് സെക്യൂരിറ്റിയുടെ റൂമിലേക്ക് ഓടി. അയാളെ വിവരം ധരിപ്പിച്ചു. അയാൾ വേഗം ഫോണെടുത്ത് ഏതോ നമ്പറിൽ വിളിച്ചു.

അരമണിക്കൂറിനുള്ളിൽ ഗേറ്റിനു മുൻപിൽ കാറിന്റെ വെളിച്ചം കണ്ടു. സെക്യൂരിറ്റി ഡോക്ടറെയും കൂട്ടി അകത്തേക്ക് കയറി. അനന്തന് നല്ല ടെമ്പറേച്ചർ ഉണ്ടായിരുന്നു. ചൂട് കുറയാൻ ആയി ഇഞ്ചക്ഷൻ എടുത്തു. കുറവില്ലെങ്കിൽ രാവിലെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യാമെന്ന് പറഞ്ഞു. കഴിക്കാനുള്ള ടാബ്ലെറ്റും കൊടുത്തു. അന്ന് അഞ്ജലി ഉറങ്ങിയതേ ഇല്ല. നേരം പുലരാറായപ്പോൾ എപ്പോഴോ ആണ് അവൾ ഒന്ന് കണ്ണടച്ചത്. രാവിലെ ദേവമ്മയുടെ വിളിയാണ് അവളെ ഉറക്കത്തിൽ നിന്നും ഉണർത്തിയത്. അനന്തന്റെ കയ്യിൽ മുഖമമർത്തി നല്ല ഉറക്കത്തിലായിരുന്നു അവൾ. ദേവമ്മ പുഞ്ചിരിയോടെ അവളെ നോക്കി നിന്നു. അഞ്ജലി പെട്ടെന്ന് എഴുന്നേറ്റ് അനന്തന്റെ നെറ്റിയിൽ തൊട്ടു നോക്കി.

ചൂട് നന്നായി കുറഞ്ഞിട്ടുണ്ട്. നെറ്റി തണുത്തിരിക്കുകയാണ്. ഞാൻ ഒന്ന് ഫ്രഷ് ആയി വരാം ദേവമ്മേ. അവൾ വേഗം അപ്പുറത്തെ റൂമിലേക്ക് പോയി. പെട്ടെന്നുതന്നെ ഫ്രഷായി അനന്തന് അരികിലേക്ക് എത്തി. അനന്തനെ വന്ന് നോക്കി. നല്ല ഉറക്കമാണ്. അവൾ വേഗം താഴേക്ക് ഇറങ്ങി. പെട്ടെന്ന് തന്നെ ഫ്രിഡ്ജിൽ നിന്നും പാലെടുത്ത് ചായ ഉണ്ടാക്കി. ഒരു പാക്കറ്റ് ബ്രെഡ് എടുത്തു. ചായയുമായി മുകളിലേക്ക് പോയി. അനന്തനെ മെല്ലെ തട്ടി വിളിച്ചു. ആയാസപ്പെട്ട് കണ്ണുകൾ വലിച്ചു തുറന്ന അനന്തൻ കണ്ടത് തന്റെ മുന്നിൽ നിൽക്കുന്ന അഞ്ജലിയെ ആണ്. അവൻ എഴുന്നേൽക്കാൻ തുടങ്ങി. തലയ്ക്ക് വല്ലാത്ത ഭാരം പോലെ.

അഞ്ജലി പെട്ടെന്ന് അവനെ താങ്ങി ഇരുത്തി. ഇന്നലെ ഒന്നും കഴിക്കാതെ ഇരുന്നതുകൊണ്ടാവും എഴുന്നേൽക്കാൻ പറ്റാത്തത്. ഒന്ന് ഫ്രഷ് ആയി വന്ന് ഈ ചായ കുടിച്ചാൽ കുറച്ച് ആശ്വാസമാകും. അവൾ അവനെ നോക്കി പറഞ്ഞു. അവൻ മെല്ലെ കട്ടിലിൽനിന്നും എഴുന്നേൽക്കാൻ തുടങ്ങി. തല തലകറങ്ങുന്നതുപോലെ. വീണ്ടും അവിടെ തന്നെ ഇരുന്നു. അഞ്ജലി മെല്ലെ അവനെ പിടിച്ചെഴുന്നേൽപ്പിച്ചു വാഷ് റൂമിലേക്ക് ആക്കി. അവൻ വേഗം ഫ്രഷായി വെളിയിലേക്ക് ഇറങ്ങി. അഞ്ജലി രണ്ടു സ്ലൈഡ് ബ്രെഡ് ചായയിൽ മുക്കി അവന് കൊടുത്തു. രണ്ടെണ്ണം കഴിച്ചു കഴിഞ്ഞപ്പോഴേക്കും അവൻ മതി എന്ന് കൈ എടുത്തു കാണിച്ചു. അവന് കഴിക്കാനുള്ള ഗുളികയും കൊടുത്തു. ഇനി കുറച്ചുനേരം കിടന്നോളൂ….

അവൻ ബെഡിലേക്ക് കിടന്ന് കണ്ണുകളടച്ചു. നല്ല തലവേദന. കൈകൊണ്ട് നെറ്റി തടവി. നെറ്റിയിൽ ഒരു തണുപ്പ് പടർന്നപ്പോഴാണ് കണ്ണു തുറന്നു നോക്കിയത്. അവന് അരികിലിരുന്ന് അഞ്ജലി നെറ്റിയിൽ ബാം പുരട്ടി കൊടുക്കുകയാണ്. എപ്പോഴാ സുഖമുള്ള ആലസ്യത്തിൽ അവൻ മയങ്ങി. അവൻ ഉറങ്ങി എന്ന് മനസ്സിലായപ്പോൾ അഞ്ജലി മെല്ലെ അവിടെ നിന്നും എഴുന്നേറ്റു. കിച്ചണിൽ പോയി കുറച്ചു പൊടിയരി കഞ്ഞി ഉണ്ടാക്കി. പർപ്പടകം ചുട്ടെടുത്തു. കുറച്ച് അച്ചാറും എടുത്തു കഞ്ഞി ഒരു ബൗളിൽ ആക്കി അവൾ മുകളിലേക്ക് ചെന്നു. അനന്തനെ വിളിച്ചുണർത്തി അവന് കഞ്ഞി കൊടുത്തു.

വായ്ക്ക് നല്ല കയ്പ്പാണ്. വേണ്ടാന്ന് പറഞ്ഞിട്ടും അഞ്ജലി നിർബന്ധിച്ച് അത് മുഴുവൻ അവനെ കൊണ്ട് കുടിപ്പിച്ചു. കഞ്ഞി കുടിച്ചു കഴിഞ്ഞപ്പോൾ അവന് ആകെ ഒരു ഉന്മേഷം തോന്നി. പിന്നെ രണ്ടു ദിവസത്തേക്കും അനന്തൻ വീട്ടിൽ തന്നെ ആയിരുന്നു. ഇതിനിടയിൽ അഞ്ജലിയും അനന്തനും തമ്മിൽ പരസ്പരം സംസാരിക്കുന്നതിനുള്ള വിമുഖത മാറിയിരുന്നു. പതിയെ പതിയെ അഞ്ജലിയുടെ ശീതസമരം അവസാനിക്കുകയായിരുന്നു. അനന്തൻ എന്ന വ്യക്തിയിലുപരി താലികെട്ടിയ തന്റെ ഭർത്താവ് എന്ന നിലയിലേക്ക് അഞ്ജലിയുടെ മനസ്സ് അനന്തനിലേക്ക് ചാഞ്ഞു.

പിന്നീട് രണ്ടു മുറിയിൽ ആയുള്ള വാസം ഒരു മുറിയിലായി. പിന്നെ കട്ടിലിന്റെ രണ്ട് അരികിൽ ആയുള്ള കിടത്തം ഒരുമിച്ച് ആയി. പിന്നെ മെല്ലെ അനന്തന്റെ നെഞ്ചിലേക്ക് സ്ഥാനക്കയറ്റം കിട്ടി അഞ്ജലിക്ക്. ഇതുവരെയും അറിയാത്ത പ്രണയത്തിന്റെയും കരുതലിന്റെയും നറുമണം നുകരാൻ തുടങ്ങുകയായിരുന്നു അനന്തനും…..( തുടരും)

അഞ്ജലി: ഭാഗം 8

Share this story