നീ മാത്രം…❣️❣️ : ഭാഗം 15

നീ മാത്രം…❣️❣️ : ഭാഗം 15

എഴുത്തുകാരി: കീർത്തി

” മുത്തശ്ശി എല്ലാം പറയാം. പക്ഷെ മോള് മുത്തശ്ശിക്കൊരു വാക്ക് തരണം. മോള്ടെ അച്ഛൻ പറയുന്ന ആളെ മാത്രേ വിവാഹം കഴിക്കൂ ന്ന്. ” മുത്തശ്ശി ചോദിച്ചത് കേട്ട് ഒരുമാത്ര എന്റെ ഹൃദയം നിലച്ചത് പോലെ തോന്നി. ആദ്യം മനസിലേക്ക് ഓടിയെത്തിയത് ആനന്ദേട്ടൻ മുഖമായിരുന്നു. ഇരുകൈകളും മാറിൽ പിണച്ചുകെട്ടി ചിരിയോടെ നിൽക്കുന്ന ആനന്ദേട്ടന്റെ മുഖം. ഉള്ളിന്റെ ഉള്ളിലിരുന്ന് ആരോ തേങ്ങുന്നത് പോലെ തോന്നി…. ഒരു വിങ്ങൽ. ആനന്ദേട്ടനെ ഒരിക്കലും പരിചയപ്പെടരുതായിരുന്നു ന്ന് തോന്നി പോയി. ആനന്ദേട്ടനുമായി ഇത്രയും അടുക്കരുതായിരുന്നു ന്ന്. മനസാകെ ശൂന്യമായിരുന്നു. കാറ്റഴിച്ചുവിട്ട പട്ടം കണക്കെ അതെവിടെയൊക്കെയോ പാറിപൊയ്ക്കൊണ്ടിരുന്നു. എത്രയും പെട്ടന്ന് ഗീതുവിന്റെ അടുത്തെത്താൻ മനസാഗ്രഹിച്ചു. 💞💞

എത്ര സന്തോഷമായിരുന്നു വീട്ടിലേക്ക് വരുമ്പോൾ. ആ സന്തോഷത്തിന് മാറ്റ് കൂട്ടികൊണ്ട് ആനന്ദേട്ടനോടൊപ്പമുള്ള യാത്രയും. എന്നാൽ തിരിച്ചുള്ള യാത്ര തികച്ചും വേദന നിറഞ്ഞതാണ്. സ്വന്തം മനസാക്ഷിയെ വഞ്ചിച്ചു കൊണ്ട്, മനസ്സിൽ തോന്നിയ ആ നടക്കാത്ത ആഗ്രഹത്തെ കുറിച്ചോർത്ത് വിങ്ങികൊണ്ട്. അരുതെന്ന് പലയാവർത്തി സ്വയം പറഞ്ഞു പഠിക്കുമ്പോഴും കൂടുതൽ ആഴത്തിൽ മനസ്സിൽ പതിഞ്ഞു കൊണ്ടിരിക്കുന്ന ആ മുഖം ദുഃഖത്തിന്റെ ആക്കം കൂട്ടികൊണ്ടിരുന്നു. സ്റ്റാൻഡിൽ എത്തിയിട്ടും അഞ്ചു മിനിറ്റ് കഴിഞ്ഞാണ് ബസിൽ നിന്നും ഇറങ്ങിയത്. കാരണം സ്ഥലം എത്തിയത് അപ്പോഴാണ് അറിഞ്ഞത്. ഞാൻ മറ്റേതോ ലോകത്തായിരുന്നു. പുകച്ചുരുളുകൾ നിറഞ്ഞ ആ ലോകത്ത് എന്നോടൊപ്പം ആരോ നിൽക്കുന്നു. കൈയെത്തും ദൂരെ നിന്നിരുന്ന ആ രൂപത്തിന് ആനന്ദേട്ടന്റെ ഛായയായിരുന്നു. പെട്ടന്ന് ആ രൂപം എന്നിൽ നിന്നും അകലാൻ തുടങ്ങി.

അകന്നകന്ന് അവസാനം ആ പുകച്ചുരുളുകൾക്കിടയിൽ എവിടെയോ മറഞ്ഞു പോയി. അവയ്ക്കിടയിലൂടെ ആ രൂപത്തെ അന്വേഷിച്ച് ഞാൻ നാലുപാടും ഓടി. ഓടിത്തളർന്ന് ഒടുവിൽ ഞാൻ കണ്ടുപിടിച്ച രൂപത്തിന് പക്ഷെ ആനന്ദേട്ടന്റെ ഛായയായിരുന്നില്ല. അതിന് എന്റെ അച്ഛന്റെ ഛായയായിരുന്നു. അപ്പോൾ അച്ഛന്റെ മുഖത്ത് വിരിഞ്ഞ ഭാവം അനിർവ്വചനീയമായിരുന്നു. പ്രിയപ്പെട്ട ഈ നഗരം ഇനിയൊരിക്കലും ആനന്ദേട്ടനെ എന്റെ മുന്നിൽ കൊണ്ടുവരാതിരിക്കട്ടേ യെന്ന് മനസ്സിൽ ചിന്തിച്ചുകൊണ്ട് ഞാൻ ബസിറങ്ങി. വിളിച്ചു പറഞ്ഞതനുസരിച്ച് ഗീതു എന്നെയും കാത്ത് സ്റ്റാൻഡിൽ നിൽപ്പുണ്ടായിരുന്നു. “പറഞ്ഞതിലും രണ്ടു ദിവസം നേരത്തെ വന്നത് നന്നായി.

നീയില്ലാതെ ഒരു സുഖവും ഉണ്ടായിരുന്നില്ല. ” എന്നെ കണ്ടതും അവൾ ഓടി വന്നു കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു. ഒട്ടും തെളിച്ചമില്ലാത്ത ഒരു പുഞ്ചിരിയായിരുന്നു എന്റെ മറുപടി. എന്നാൽ ഗീതു വളരെ ഉത്സാഹവതിയായി കാണപ്പെട്ടു. “നിനക്കെന്താ ടി ഒരു ഉഷാറില്ലാത്തെ? പോയ പോലല്ലല്ലോ വരവ്? എന്താ കാര്യം? ” എന്റെ കൈയിൽ നിന്നും ബാഗ് വാങ്ങിച്ച് വണ്ടിയുടെ അടുത്തേക്ക് നടക്കുമ്പോൾ അവൾ ചോദിച്ചു. “ഏയ്‌… ഒന്നൂല്ല്യ. യാത്രയുടെയായിരിക്കും. ” ഞാൻ പറഞ്ഞു. വിശ്വസിച്ചോ ഇല്ലയോ. ഗീതു ഇരുത്തിയൊന്ന് മൂളി. പതിവിന് വിപരീതമായി ഡ്രൈവിംഗ്നിടയിലും അവള് എന്തൊക്കെയോ കലപില സംസാരിച്ചു കൊണ്ടിരുന്നു. എന്തൊക്കെയോ കേട്ടു. എവിടെയൊക്കെയോ മൂളി.

എന്റെ അവസ്ഥ ശെരിയല്ലെ ന്ന് മനസിലായെന്ന് തോന്നുന്നു കുറച്ചു കഴിഞ്ഞപ്പോൾ തന്നത്താൻ ചിലയ്ക്കൽ നിർത്തി. ഗീതുവിനോട് അധികമൊന്നും മിണ്ടാൻ നിൽക്കാതെ വീട്ടിൽ എത്തിയതും കയറികിടന്നു. എല്ലാവരെയും കണ്ടു തിരിച്ചു വന്നതിലെ വിഷമമാണെന്ന് കരുതിയിട്ടാവും ഗീതുവും ബുദ്ധിമുട്ടിക്കാൻ വന്നില്ല. പിന്നീടുള്ള രണ്ടു ദിവസവും ഇതുതന്നെയായിരുന്നു അവസ്ഥ. വന്നിട്ട് ടീച്ചറമ്മയുടെ അടുത്തേക്ക് ഒന്ന് പോയത് കൂടിയില്ല. വീട്ടിൽ തന്നെ ഒരേയിരുപ്പ് ഇരുന്നു. പുറത്ത് ഇറങ്ങാൻ തന്നെ ഒരു പേടി. ഒരുപക്ഷെ ആനന്ദേട്ടനെ കണ്ടാലോ ന്ന്. ആ ദിവസങ്ങളിൽ എങ്ങനെയൊക്കെയോ ആണ് സമയം തള്ളിനീക്കിയത്. ഏത് നേരവും മൂളിക്കൊണ്ട് നടക്കുന്ന എന്റെ നീലരാവ് പോലും എന്നെ തിരിഞ്ഞു നോക്കിയില്ല എന്നതാണ് അത്ഭുതം. ഇങ്ങനെ ഇരുന്നാൽ ശെരിയാവില്ല.

നാളെ കഴിഞ്ഞാൽ ജോലിക്ക് ജോയിൻ ചെയ്യണം. ഇങ്ങനെയൊരു മാനസികാവസ്ഥയും വെച്ച് കയറി ചെല്ലാൻ പറ്റിയ സ്ഥലം. ഗീതുന്റെ കാലന്റെ കോട്ട. എല്ലാം മറന്ന് പഴയപടി ആയേ പറ്റൂ. ഇല്ലെങ്കിൽ ചെന്നുകയറി പിറ്റേന്ന് തന്നെ ആ കാലൻ എന്നെ കഴുത്തിന് പിടിച്ചു വെളിയിൽ കളയും. ഈ ജോലിയും ഇപ്പോൾ അത്യാവശ്യമാണ്. ജോലിയുടെ തിരക്കുകളിൽ മുഴുകിയാൽ ഒരുപരിധി വരെ ചിലപ്പോൾ ആനന്ദേട്ടനെ മറക്കാൻ സാധിച്ചേക്കും. പിന്നെ ഗീതു പറയുന്ന പോലെ ദിവസവും ആ കാലനോട് വഴക്കിട്ട് അതിന്റെ വായിലിരിക്കുന്നത് കേട്ടാലും ചിലപ്പോൾ ശെരിയായേക്കും. പതിവ് പോലെ വൈകുന്നേരം ഗീതുവിന്റെ വരവും കാത്ത് ഞാനിരുന്നു. സമയമായപ്പോൾ ഗീതു വന്നു.

മുഖം വീർപ്പിച്ചു കെട്ടി എന്നെയൊന്ന് നോക്കുക പോലും ചെയ്യാതെ അകത്തേക്ക് കയറി പോയി. ഇതെന്താ കഥ ന്നുള്ള രീതിയിൽ ഞാനും കുറച്ചു നേരം അന്തം വിട്ടു നിന്നു. ശേഷം അവളുടെ പിറകെ വെച്ചു പിടിച്ചു. ചെന്നു നോക്കിയപ്പോൾ ആള് ചായയുണ്ടാക്കാനുള്ള ഒരുക്കത്തിലായിരുന്നു. “ഗീതു… ചായ ഞാനുണ്ടാക്കി വെച്ചിട്ടുണ്ട്. ” അവളുടെ അടുത്ത് ചെന്ന് ഞാൻ പറഞ്ഞു. “അത് നീ കുടിച്ചോ. എനിക്ക് വേണ്ടത് ഞാനുണ്ടാക്കിക്കോളാം. ” ഭയങ്കര ഗൗരവത്തിലാണ് അവളത് പറഞ്ഞത്. ഒരുനിമിഷം ഞാനൊന്ന് ഞെട്ടി. ഇവളെന്താ ഇങ്ങനെ പറയുന്നേ? ഇനി അന്നത്തെ പോലെ വിജയ് സാറുമായി വല്ല പ്രശ്നവും…. ഞാൻ സംശയിച്ചു. “ഗീതു… എന്താടി. നീ വീണ്ടും വിജയ് സാറിനെ ഫ്രിഡ്ജിൽ വെക്കാൻ നോക്കിയോ? ”

തമാശ രൂപേണ ഞാൻ ചോദിച്ചു. “ദേ ഞങ്ങടെ വിജയ് സാറിനെ പറഞ്ഞാലുണ്ടല്ലോ? ഹും….. നിന്നെ വെച്ച് നോക്കുമ്പോൾ അങ്ങേരൊക്കെ എന്ത് പാവാ. ദേഷ്യപ്പെട്ടിട്ടാണെങ്കിലും മനസിലുള്ളത് വിളിച്ചു പറയുന്നുണ്ടല്ലോ. നീയോ? ” “ഞാൻ എന്ത് ചെയ്തു ന്നാ? ” “ഒന്നും ചെയ്തില്ല. ഇങ്ങനെ നടക്കാതെ നിന്റെ വിഷമം എന്താണെന്ന് എന്നോടെങ്കിലും പറഞ്ഞൂടെ? അതോ ഞാൻ നിനക്ക് ആരുമല്ലാതായോ? ” “ഗീതു…. ഞാൻ….. ” “എന്താടി നിനക്ക് പറ്റിയത്. വന്നപ്പോൾ മുതൽ ഞാൻ നിന്നെ ശ്രദ്ധിക്കാണ്. ആദ്യം കരുതിയത് അവരെയൊക്കെ വിട്ട് പോന്നതിന്റെ സങ്കടമാവും ന്നാണ്. പക്ഷെ സാധാരണ ഒന്ന് ഉറങ്ങിയെണീറ്റ് എന്നോട് രണ്ടു തല്ല്കൂടി ടീച്ചറമ്മയെകൊണ്ട് ഒരു പാട്ടും പാടിച്ചാൽ തീരാറുണ്ട് ആ സങ്കടമെല്ലാം.

പക്ഷെ….. ഇന്നീ നേരം വരെ നിന്റെ മുഖമൊന്ന് തെളിഞ്ഞിട്ടില്ല. ഇവിടുന്ന് ഞാൻ പറഞ്ഞയച്ച എന്റെ ഗാഥയല്ല തിരിച്ചു വന്നിരിക്കുന്നത്. പറ എന്താടി? വീട്ടിൽ എന്തെങ്കിലും പ്രശ്നം? ഇനി പോകുന്ന വഴിയിൽ നിന്റെ ആനന്ദേട്ടൻ വല്ലതും പറഞ്ഞോ? ” എന്റെ മുഖം കൈകളിൽ കോരിയെടുത്ത് അവൾ ചോദിച്ചപ്പോൾ സങ്കടം സഹിക്കാനാവാതെ അവളെ കെട്ടിപിടിച്ചു ഞാൻ പൊട്ടിക്കരഞ്ഞു. എന്നെ അവളിൽ നിന്നടർത്തി മാറ്റി ഗീതു വീണ്ടും ചോദിച്ചു. “ആനന്ദേട്ടനെ എനിക്ക്…… എനിക്കി…..ഷ്ടമാണ്. “ഗീതു ന്റെ മുഖത്തു നോക്കാതെ ഞാൻ പറഞ്ഞു. “എടി പൊട്ടിക്കാളി. ഇതിനായിരുന്നോ നീ ഇവിടെ കിടന്ന് അവാർഡ് പടം കളിച്ചത്. ഇക്കാര്യം നീ പറയാതെ തന്നെ എനിക്കറിയാം.

ഇഷ്ടമാണെങ്കിൽ ആദ്യം അത് അങ്ങേരോട് പോയി ചോദിക്ക്. ന്നിട്ട് ബാലൻ അങ്കിൾനോടും. ” “അച്ഛനോട് ഞാൻ വെറുതെ ഒന്ന് ചോദിച്ചു നോക്കി. എനിക്കും അവരെപോലെ മതി വിവാഹം ന്ന്. ” “ന്നിട്ട് ന്നിട്ട് അങ്കിൾ എന്ത് പറഞ്ഞു. സമ്മതിച്ചോ? സമ്മതിക്കാതിരിക്കാൻ എന്താ? അങ്കിളും പഴയൊരു പ്രണയകഥയിലെ നായകനല്ലേ? അതും സ്റ്റേറ്റ് മാറി പ്രണയിച്ച ആള്. എന്നിട്ടോ അയ്യാളെ തന്നെ വിവാഹവും കഴിച്ചു. അങ്ങനെയുള്ള അങ്കിൾ എന്തായാലും സമ്മതിക്കും. ” അവൾ ആത്മവിശ്വാസത്തോടെ പറയുന്നത് കേട്ട് എനിക്ക് ചിരിക്കണോ കരയാണോ ന്ന് തോന്നി. കാരണം രണ്ടു ദിവസം മുന്നേ ഞാനും ഇതേ ന്യായീകരണങ്ങളുടെ അടിസ്ഥാനത്തിൽ വളരെ സന്തോഷത്തിലായിരുന്നു. അച്ഛൻ സമ്മതിക്കുമെന്ന പ്രതീക്ഷയിൽ.

“ഞാനും ഇങ്ങനെ തന്നെയാ കരുതിയത്. അച്ഛൻ സമ്മതിക്കും എന്നിട്ട് മതി ആനന്ദേട്ടനോട് ചോദിക്കുന്നത് ന്ന്. ആനന്ദേട്ടന് അങ്ങനെയൊരു ഇഷ്ടം ഉണ്ടോന്ന് എനിക്കറിയില്ലല്ലോ. എന്റെ ഇഷ്ടം ഞാനിതുവരെ പറഞ്ഞിട്ടുമില്ല. ഒരു കണക്കിന് അത് നന്നായിന്ന് ഇപ്പൊ തോന്നാ. ” “ഇവളിത് എന്തൊക്കെയാ ഈ പറയുന്നേ? എനിക്കൊന്നും മനസിലാവുന്നില്ലല്ലോ ഭഗവാനെ !!” ഒരു കൈ ഇടുപ്പിൽ കുത്തി മറുകൈകൊണ്ട് നെറ്റിയിൽ തടവി കൊണ്ട് ഗീതു പറഞ്ഞപ്പോൾ അന്ന് സംഭവിച്ചതെല്ലാം അവളോട് പറഞ്ഞു. ഉടനെ വന്നു അടുത്ത സംശയം. “അതെന്താ മുത്തശ്ശി അങ്ങനെ പറഞ്ഞത്?

അങ്കിൾ എന്തിനാ ദേഷ്യപ്പെട്ട് എഴുന്നേറ്റ് പോയത്. ” “പറയാം. അച്ഛൻ എന്തിനാ അങ്ങനെ ചെയ്തതെന്ന് മുത്തശ്ശി പറഞ്ഞപ്പോൾ എനിക്ക് എവിടെയെങ്കിലും തനിച്ചിരുന്ന് പൊട്ടിക്കരയാനാണ് തോന്നിയത്. പണ്ട് അച്ഛൻ അമ്മയെയും കൊണ്ട് മദ്രാസിൽ ന്ന് ഒളിച്ചോടി പോന്ന സമയത്ത്……. അമ്മയുടെ വീട്ടുകാർ നാട്ടിൽ വന്ന് ഒത്തിരി പ്രശ്നമുണ്ടാക്കിയത്രെ. അച്ഛന്റെ ഒപ്പമേ ജീവിക്കൂ ന്ന് അമ്മ എല്ലാരുടെയും മുന്നിൽ വെച്ച് പറഞ്ഞപ്പോൾ രണ്ടു ആൺമക്കളുടെയും തോളിൽ താങ്ങി തല കുനിച്ചാണത്രെ അമ്മയുടെ അച്ഛൻ അതായത് എന്റെ മുത്തശ്ശൻ ഇറങ്ങി പോയത്. അന്ന് പോകുമ്പോൾ അച്ഛനോട് ഒരു കാര്യവും പറഞ്ഞിരുന്നു. ” “എന്ത് കാര്യം? ” “എല്ലാ അച്ഛന്മാരും ഇങ്ങനെയുള്ള സാഹചര്യത്തിൽ പറയാറുള്ള സ്ഥിരം ഡയലോഗ് തന്നെ.

നിനക്ക് ജനിക്കുന്നത് ഒരു പെൺകുട്ടിയായിരിക്കും. അവളും ഇതേപോലെ ഒരുത്തനെ സ്നേഹിച്ച് അവനോടൊപ്പം ഇറങ്ങിപോകുമ്പോഴേ എന്റെ വിഷമം നിനക്ക് മനസ്സിലാവൂ ന്ന്. ” “സത്യമല്ലേ നിന്റെ മുത്തശ്ശൻ പറഞ്ഞത്. അതിനിപ്പോ എന്താ. അങ്കിൾ അല്ലെ ആള് എനിക്കറിയാം. എന്റെ മോള് ഇഷ്ടപ്പെടുന്ന ആൾക്ക് തന്നെ ഞാനവളെ വിവാഹം കഴിച്ചു കൊടുക്കുമെന്നും പറഞ്ഞിട്ടുണ്ടാവും. ലെ? ” ഉത്സാഹത്തോടെ അവള് ചോദിച്ചപ്പോൾ ഉടനെ ഞാൻ നിഷേധാർത്ഥത്തിൽ തലയാട്ടി. “പിന്നെ? ” ഗീതു ചോദിച്ചു. “അന്ന് അമ്മയുടെ വിവാഹം വേറാരുടെയോ കൂടെ ഉറപ്പിച്ചതായിരുന്നുത്രെ.

ആ സമയത്താണ് അച്ഛൻ അമ്മയെയും കൊണ്ട് ഓടിപ്പോന്നത്. അന്നത്തെ ആവേശത്തിൽ…… വാശിപ്പുറത്ത്….. ആ പ്രശ്നങ്ങൾക്കിടയിൽ…..അച്ഛൻ പറഞ്ഞത് മറ്റൊന്നായിരുന്നു. എന്റെ മോള്ടെ വിവാഹം ഞാൻ തീരുമാനിക്കുന്ന പയ്യന്റെ കൂടെയേ നടക്കൂ. ഏറ്റവും മികച്ചത് തന്നെയായിരിക്കും എന്റെ മകൾക്ക് വേണ്ടി ഞാൻ കണ്ടുപിടിക്കുന്നത്. അല്ലാതെ നിങ്ങള് സ്വന്തം മകൾക്ക് കണ്ടുപിടിച്ചത് പോലൊരു ഗുണ്ടയെ ആയിരിക്കില്ല. നിങ്ങളെയും ക്ഷണിക്കും വന്ന് കണ്ടിട്ട് പോണം. പറ്റുമെങ്കിൽ അനുഗ്രഹിക്കാം ന്ന്. നമുക്ക് കാണാം എന്താ നടക്കുന്നത് ന്ന് പറഞ്ഞ് അച്ഛനെ വെല്ലുവിളിച്ചിട്ടാണത്രെ അവര് പോയത്. അമ്മയ്ക്ക് വേണ്ടി അവര് കണ്ടുപിടിച്ച ആള് അടിപിടികേസിന് ജയിലിലൊക്കെ കിടന്നിട്ടുണ്ടത്രെ. ”

“അല്ലാതെ അവര് തമ്മിൽ അപ്പൊ പ്രേമമൊന്നും ഉണ്ടായിരുന്നില്ലേ? ” “ഉണ്ടായിരുന്നു. പക്ഷെ ഇങ്ങനെയൊരു കാരണം അവർക്ക് കൂടുതൽ സൗകര്യമായി ന്ന്. അയ്യാൾ അമ്മയുടെ എന്തോ റിലേഷനിലുള്ള ആളാണ്. പണ്ടെങ്ങോ ഉറപ്പിച്ചതായിരുന്നുത്രെ അവരുടെ കല്യാണം. അമ്മയ്ക്ക് ഇഷ്ടവുമല്ല. അപ്പൊ…. ” “അപ്പൊ നിന്റെ അച്ഛൻ കേറി ഗോളടിച്ചു. എന്നിട്ട് പഴി മുഴുവനും അയാൾക്കും നിന്റെ അമ്മേടെ അച്ഛനും. അങ്കിൾ ആള് കൊള്ളാലോ? ” “ദേ എന്റെ അച്ഛനെ പറഞ്ഞാലുണ്ടല്ലോ? ” “അയ്യോ…. ഞാനൊന്നും പറഞ്ഞില്ലേ. അല്ലേലും ഇനി പറഞ്ഞിട്ടെന്താ. അവര് കെട്ടി ഒരു കൊച്ചും ആയി. ഇപ്പൊ വിഷയം ആ കൊച്ചിന്റെ കല്യാണമല്ലേ.

കോച്ച് പറ കൊച്ചേ. കൊച്ചെന്ത്‌ തീരുമാനിച്ചു? ” “എന്ത് തീരുമാനിക്കാൻ. എന്റെ ഇഷ്ടം നിനക്കല്ലാതെ വേറാർക്കും അറിയില്ല. ഞാൻ കാരണം എന്റെ അച്ഛൻ ആരുടെ മുന്നിലും തല കുനിച്ചു നിൽക്കരുത്. അതെനിക്ക് സഹിക്കില്ല. മുത്തശ്ശിക്ക് മാത്രമല്ല അച്ഛനും വാക്ക് കൊടുത്തിട്ടാണ് വന്നത്. എല്ലാ പ്രണയങ്ങളും സക്‌സെസ്സ് ആവണമെന്നില്ലല്ലോ. എന്റെതും അങ്ങനെ തന്നെയാണെന്ന് കരുതി സമാധാനിച്ചോണ്ട്. പറ്റുമോന്നറിയില്ല. പക്ഷെ കഴിവിന്റെ പരമാവധി ശ്രമിക്കും ഞാൻ ആനന്ദേട്ടനെ മറക്കാൻ. മറന്നേ പറ്റൂ. എന്റെ അച്ഛന് വേണ്ടി. ” “ഞാനെന്നാൽ ഒരു ഐഡിയ പറയട്ടെ?

” ഗീതു കുറച്ചു നേരം ഒന്നും മിണ്ടാതെ എന്തോ ആലോചിച്ചിരിക്കുന്നത് കണ്ടു. എന്നിട്ട് എന്നോട് ചോദിച്ചപ്പോൾ ഞാൻ എന്താണെന്ന് അർത്ഥത്തിൽ അവളെ ചൂഴ്ന്നു നോക്കി. “അല്ലടി…. അച്ഛൻ പറയുന്ന ആളെ മാത്രമേ വിവാഹം കഴിക്കൂ ന്നല്ലേ നീ പറഞ്ഞത്. അങ്ങനെയെങ്കിൽ ആനന്ദേട്ടനെ തന്നെ നിനക്ക് വേണ്ടി നിന്റെ അച്ഛൻ കണ്ടുപിടിച്ചാൽ എങ്ങനെ ണ്ടാവും? “…”തുടരും…. നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും. 

നീ മാത്രം…❣❣ : ഭാഗം 14

Share this story