ആത്മിക: : ഭാഗം 1

ആത്മിക: : ഭാഗം 1

എഴുത്തുകാരി: ശിവ നന്ദ

പുതിയ കഥയുമായി ഞാൻ എത്തിട്ടോ😌😌കഴിഞ്ഞ കഥകൾക്ക് കിട്ടിയ സപ്പോർട്ട് ഇതിനും ഉണ്ടാകണം❤❤അപ്പോ തുടങ്ങാംല്ലേ😊😊😊…….

പച്ചപ്പ് വിരിയിച്ചയാ നെൽപാടത്തിലെ ഓരോ പുൽനാമ്പിലും മഞ്ഞുതുള്ളി പറ്റിച്ചേർന്നിരുന്നു.ഉദയസൂര്യന്റെ പൊൻകിരണത്താൽ അവ തിളങ്ങുന്നുണ്ടായിരുന്നു.ആ പാടവരമ്പിലൂടെ കുഞ്ഞ് പാട്ടുവാടയുമിട്ട് കാലിൽ നിറയെ മുത്തുകളുള്ള കൊലുസുമിട്ട് ഓടിവരുന്ന അഞ്ചുവയസുകാരിയെ അയാൾ രണ്ട് കൈകൊണ്ടും കോരിയെടുത്ത് ഇരുകവിളിലും വാത്സല്യചുംബനങ്ങൾ നൽകി. “എന്തിനാ അച്ഛന്റെ അമ്മൂട്ടീ ഇങ്ങനെ ഓടിവരണ??” “അമ്മ പറഞ്ഞൂലോ അച്ഛ കാവിലെ കൊടിയേറ്റ് കാണിക്കാൻ കൊണ്ടോവുമെന്ന്. അതിനാ അമ്മൂട്ടീ രാവിലെ കുളിച്ച് ഒരുങ്ങിയ” “അതേയോ..എന്നിട്ട് അമ്മ എവിടെ?” ആ കുഞ്ഞുവിരൽ പിന്നിലേക്ക് നീണ്ടു.

അവിടെ നേര്യതുടുത്ത് അവൾക് പിന്നാലെ ഓടിവന്നിരുന്ന അമ്മമനസ്സിൽ അപ്പോൾ എങ്ങും വീഴാതെ തന്റെ പൊന്ന് അവളുടെ അച്ഛന്റെ കൈകളിൽ എത്തിയല്ലോ എന്ന ആശ്വാസം ആയിരുന്നു.ചെറുതായി കിതച്ചുകൊണ്ട് അവൾ ആ മനുഷ്യനെ നോക്കി. അതിൽ പ്രണയം നിറഞ്ഞിരുന്നു.കുഞ്ഞിനെ ഇടതുകൈയിലേക്ക് ഇരുത്തികൊണ്ട് വലംകൈയിൽ തന്റെ ഭാര്യയെയും ചേർത്ത് പിടിച്ച് അയാൾ നടന്നു. പെട്ടെന്ന് സൂര്യനെ മറച്ചുകൊണ്ട് കാർമേഘം ഇരുണ്ടുകൂടി.പുൽനാമ്പിൽ പറ്റിയിരുന്ന മഞ്ഞുത്തുള്ളികൾ എപ്പോഴോ മണ്ണോടു ചേർന്നിരുന്നു.അവിടെ ആ വയൽവരമ്പിൽ ആ അഞ്ചുവയസ്സുകാരി ഒറ്റക്കായിരുന്നു.

പേടിയോടെ ചുറ്റുംനോക്കുന്ന ആ കുഞ്ഞുമിഴികൾ ഈറനണിഞ്ഞു.അവളുടെ കരച്ചിൽ ചെറിയ ചീളുകളായി അവിടെ മുഴങ്ങിക്കൊണ്ടേയിരുന്നു.. “അമ്മേ……” സ്വപ്നത്തിൽ നിന്ന് ഞെട്ടിയുണർന്ന അവൾ ചുറ്റും നോക്കി.ടേബിളിൽ വെച്ചിരുന്ന അച്ഛന്റെയും അമ്മയുടെയും ഫോട്ടോ കണ്ടതും അവൾ അത് കയ്യെത്തിച്ച് എടുത്തു.എന്തോ ഓർത്തെന്ന പോലെ കൺകോണിൽ നീർതുള്ളി തെളിഞ്ഞു. “എന്തിനാ രണ്ടാളും എന്നെ ഒറ്റക്കാക്കി പോയ?? ആർക്ക് വേണ്ടിയാ എന്നെ മാത്രം മരണം വെറുതെ വിട്ടത്.അച്ഛനും അമ്മയും മറ്റൊരു ലോകത്ത് ഇപ്പോഴും ഒരുമിച്ചുണ്ട്.പക്ഷെ കഴിഞ്ഞ 15 വർഷമായി ഞാൻ അനുഭവിക്കുന്ന വേദന നിങ്ങൾ അറിയുന്നുണ്ടോ?? കൊതിയാകുവാ അച്ഛാ..

ആ നെഞ്ചിലെ ചൂട് ദേ ഇപ്പോഴും അമ്മൂട്ടീടെ കവിളിൽ ഉണ്ട്.അമ്മയുടെ ചോറുരുളയുടെ രുചി പിന്നെ ഇതുവരെ ഈ നാവ് അറിഞ്ഞിട്ടില്ല.എന്നും സ്വപ്നത്തിൽ വന്നെന്നെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യാതെ തിരികെ വന്നൂടെ രണ്ടാൾക്കും…” ഒഴുകിയിറങ്ങുന്ന കണ്ണുനീരിനെ തടയാതെ അവൾ സ്വതന്ത്രമായി വിട്ടു.അവ ആ ഫോട്ടോയിൽ വീണ് ചിന്നിച്ചിതറുമ്പോൾ എന്നോ മുറിവേറ്റ ആ ഹൃദയം വല്ലാതെ വേദനിക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. “അമ്മൂ….” വാതിലിൽ തട്ടികൊണ്ടുള്ള ദേവൂന്റെ വിളികേട്ടതും അവൾ എഴുന്നേറ്റു.കണ്ണ് അമർത്തി തുടച്ച് അവൾ ഡോർ തുറന്നു. “ആഹാ ഇന്നും കരഞ്ഞുകൊണ്ടാണല്ലേ ഉണർന്നത്” ദേവൂന്റെ ചോദ്യത്തിന് വിളറിയ ചിരി തിരികെ നൽകി അമ്മു നിന്നു.

അവളുടെ മനസിലെ സങ്കടകടൽ അറിയാവുന്നത് കൊണ്ട് കൂടുതൽ ഒന്നും ചോദിക്കാൻ ദേവുവിനും തോന്നിയില്ല. “തത്കാലം എന്റെ മോള് ഈ കരച്ചിൽ ഒക്കെ മാറ്റിവെച്ച് ഒന്ന് വേഗം വന്നേ.അറിയാലോ എനിക്ക് ഇന്ന് ഉച്ചക്ക് എക്സാം ഉള്ളതാ.നീ എല്ലാം ഒന്നുംകൂടി പറഞ്ഞ് തന്നാലേ എനിക്ക് സമാധാനം കിട്ടു” “ഓഓഓ പിന്നേ..സ്കൂൾ വിദ്യാഭ്യാസം മാത്രമുള്ള ഇവളല്ലേ ഡിഗ്രിക്ക് പഠിക്കുന്ന നിന്നെ സഹായിക്കുന്നത്” തിരിഞ്ഞ് നോക്കാതെ തന്നെ അവർക്ക് അറിയാമായിരുന്നു ആ ശബ്ദത്തിന്റെ ഉടമ ആരാണെന്ന്.വേറെ ആരുമല്ല..ദേവുവിന്റെ അമ്മ..അതായത് അമ്മു എന്ന ആത്മികയുടെ അമ്മായി.

“പഠിക്കാൻ കഴിവില്ലാഞ്ഞിട്ട് അല്ലല്ലോ ഇവൾ തുടർന്ന് പഠിക്കാഞ്ഞത്.അമ്മ തന്നെയല്ലേ ഈ പാവത്തിന്റെ ഭാവി ഇല്ലാതാക്കിയത്” “അതേടി ഞാൻ തന്നെയാ..അഞ്ചാമത്തെ വയസിൽ തന്തയും തള്ളയും ചത്തൊടുങ്ങിയപ്പോ നിന്റെ അച്ഛനായിട്ടാ ഇവളെ ഇങ്ങോട്ട് കെട്ടിയെടുത്തത്.പെങ്ങളോടും അളിയനോടും ഉള്ള അങ്ങേരുടെ സ്നേഹം കാരണം പഠിപ്പിച്ചതല്ലേ ഇവളെ.എന്നിട്ടോ ഈ നശൂലത്തിന് ഡിഗ്രിടെ അഡ്മിഷൻ എടുക്കാൻ പോയിട്ട് വെള്ളപുതപ്പിച്ച ശരീരം ആയിട്ടല്ലേ അങ്ങേര് തിരികെ വന്നത്.” “അച്ഛൻ ഇവൾക്ക് മാത്രമല്ല എനിക്കും കൂടി അഡ്മിഷൻ എടുക്കാനാ പോയത്.അത് കൊണ്ട് ഇവളുടെ ജാതകദോഷം കൊണ്ടാണ് അച്ഛൻ പോയതെന്ന് അമ്മ പറയുന്നതിൽ ഒരർത്ഥവും ഇല്ല” “വേണ്ട ദേവു..അമ്മായിക്ക് പറയാനുള്ളതൊക്കെ പറയട്ടെ.

അമ്മായിടെ സങ്കടം ആണ് എന്നോടുള്ള ദേഷ്യമായിട്ട് വരുന്നത്.ഞാൻ ഇതൊന്നും ആദ്യമായിട്ടല്ലല്ലോ കേൾക്കുന്നത്.” “എന്നെ കൊണ്ട് കൂടുതൽ പറയിപ്പിക്കാതെ നീ അടുക്കളയിലോട്ട് പോടീ.അവിടെ പിടിപ്പത് പണി ഉണ്ട്” “അരമണിക്കൂറിനുള്ളിൽ എത്താം അമ്മായി.ദേവു നീ റൂമിലേക്ക് ചെന്നോ.ഞാൻ ഒന്ന് മുഖം കഴുകിയിട്ട് വരാം” സ്വന്തം മകളുടെ പഠനകാര്യം ആയതു കൊണ്ടാകും അമ്മായി അമ്മുവിനെ ഒന്ന് കൂർപ്പിച്ച് നോക്കികൊണ്ട് അടുക്കളയിലേക്ക് പോയി. “അമ്മൂസേ..അമ്മ പറഞ്ഞതും ഓർത്ത് ബാത്‌റൂമിൽ പോയി കരയാൻ ആണെങ്കിൽ വേണ്ടാട്ടോ” “ഇല്ലടി പെണ്ണേ..ഈ വാക്കുകൾ ഒന്നും ഇപ്പോൾ എന്നെ വേദനിപ്പിക്കാറില്ല.ഒന്നുമല്ലെങ്കിലും എനിക്ക് കൂട്ടിന് നീയില്ലേ..”

ദേവുവിനെ പറഞ്ഞ് വിട്ട് മുഖവും കഴുകി മുറിക്ക് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് മുറ്റത്തിരിക്കുന്ന ബൈക്ക് അമ്മുവിന്റെ ശ്രദ്ധയിൽ പെട്ടത്.പേടിയോടെ ചുറ്റും നോക്കിയപ്പോൾ അവൾ കണ്ടു തന്നെ നോക്കി നിൽക്കുന്ന രണ്ട് കണ്ണുകൾ.അതിൽ തെളിഞ്ഞ ഭാവം കാൺകെ അവളുടെ ശരീരം വിറച്ചു. “എന്താ ആത്മിക എന്നെ ഇങ്ങനെ നോക്കണ??” “എ..എ..എപ്പോ എത്തി??” “ഇന്നലെ രാത്രിയിൽ.നിന്നെ കാണാനായി ഞാൻ റൂമിന്റെ അടുത്ത് വന്നതാ.പക്ഷെ നീ ഡോർ ഒക്കെ കുറ്റിയിട്ട് അല്ലേ കിടന്നുറങ്ങുന്നത്.ആഹ്..പെണ്ണുങ്ങൾ മാത്രമുള്ള വീട്ടിൽ അതൊരു കണക്കിന് നല്ലതാ.ഇനി എന്തായാലും അതിന്റെ ആവശ്യം ഇല്ലല്ലോ.ഞാൻ ഇങ്ങ് എത്തിയില്ലേ..ഇനി ആരെയും പേടിക്കാതെ നിനക്ക് ഉറങ്ങാം.”

തന്റെ ശരീരത്തെ ആകമാനം ഉഴിഞ്ഞുകൊണ്ടുള്ള അവന്റെ സംസാരത്തിന് അറപ്പോടെ അവൾ മുഖം തിരിച്ചു.തൊട്ടപ്പുറത്തെ മുറിയിൽ നിന്നും ദേവുവിന്റെ വിളി കേട്ടതും അവളെ നോക്കി ചുണ്ട് നനച്ചുകൊണ്ട് അയാൾ പുറത്തേക്ക് ഇറങ്ങി. “ഇത്രയും നേരവും മുഖം കഴുകുവായിരുന്നോ?? അതോ അവിടെ പോയിരുന്ന് കരഞ്ഞോ എന്റെ അമ്മൂസ്” “അതല്ല ദേവു..ഹർഷേട്ടൻ???” “നീ കണ്ടോ ഏട്ടനെ..ഇന്നലെ രാത്രിയിൽ എത്തിയെന്ന്.ഇനി എനിക്ക് സമാധാനം ആയിട്ട് കോളേജിൽ പോകാം.ഞാൻ പോയാലും നിനക്ക് കൂട്ടായിട്ട് ഏട്ടൻ കാണുമല്ലോ.പോരാത്തതിന് അമ്മയ്ക്ക് ഏട്ടനെ പേടിയും ആണ്” എന്നാൽ ദേവുവിന്റെ വാക്കുകൾ അമ്മുവിനെ കൂടുതൽ സങ്കടത്തിലാക്കി.

ആ ഏട്ടന് തന്നോടുള്ള സമീപനം ദേവുവിനോട് പറയാൻ അമ്മുവിന് ധൈര്യം ഇല്ലായിരുന്നു.അത്രയ്ക്ക് അവളുടെ ഏട്ടനെ അവൾ സ്നേഹിക്കുന്നുണ്ട്..വിശ്വസിക്കുന്നുണ്ട്..എന്നാൽ കഴിഞ്ഞ കുറച്ച് നാളായിട്ട് ഹർഷേട്ടന്റെ നോട്ടവും സംസാരവും..അന്ന് ഹർഷേട്ടൻ പറഞ്ഞയാ വാക്കുകൾ..അതിന് ശേഷമുള്ള ഓരോ രാത്രിയും പേടിയോടെ നേരം വെളുപ്പിക്കുക ആയിരുന്നു. “എന്റെ വീട്ടിൽ എന്റെ ഔദാര്യത്തിൽ കഴിയുന്നവളാ നീ.അപ്പോൾ നിന്നെ ഞാൻ ഒന്ന് പിടിച്ചെന്നും പറഞ്ഞ് ആരും ഒന്നും പറയില്ല.അഥവാ പറഞ്ഞാലും അതൊന്നും ഈ ഹർഷനെ ബാധിക്കുന്ന കാര്യവും അല്ല.നിന്നെ എനിക്ക് വേണം…കൊതി തീരുവോളം അനുഭവിക്കാൻ…

അതിന് ഈ ജന്മം മുഴുവൻ വേണ്ടി വരുമെന്ന് മാത്രം..” “അമ്മൂ…” ദേവുവിന്റെ വിളിയാണ് ചിന്തകളിൽ നിന്നും ഉണർത്തിയത്. “നീ ഇത് എന്ത് ആലോചിച്ച് ഇരിക്കുവാ..ആകെ വിയർത്തല്ലോ പെണ്ണ്..എന്ത് പറ്റി??” “ഒന്നുമില്ല ദേവൂട്ടി..നീ ആ നോട്സ് എല്ലാം ഇങ്ങ് എടുക്ക്.” ചിന്തകൾക്ക് കടിഞ്ഞാണിട്ട് കൊണ്ട് ദേവുവിന് എക്സാമിന് വേണ്ടിയുള്ളതെല്ലാം ഒന്ന് ചുരുക്കി പറഞ്ഞ് കൊടുത്തു.വിധി വില്ലനായില്ലായിരുന്നെങ്കിൽ ഇന്ന് ദേവുവിനെ പോലും താനും ഇതൊക്കെ പഠിച്ച് നല്ലൊരു ഡിഗ്രി നേടേണ്ടത് ആയിരുന്നു എന്ന ചിന്ത ഒരുനിമിഷം അമ്മുവിന്റെ മിഴികൾ നിറച്ചു.എന്നാൽ അടുത്ത നിമിഷം തന്നെ അവൾ അത് മറയ്ക്കുകയും ചെയ്തു.

“നീ ഇങ്ങനെ പറഞ്ഞ് തരുന്നത് കൊണ്ട് വലിയ ടെന്ഷൻ ഇല്ലാതെ എക്സാം എഴുതാം.” ആശ്വാസത്തോടെയുള്ള ദേവുവിന്റെ സംസാരത്തിൽ അമ്മുവും ചിരിച്ചു. “അപ്പോൾ ഞാൻ പോയി റെഡി ആകട്ടെട്ടോ അമ്മൂസേ” “അതിന് ഉച്ചക്ക് അല്ലേ പരീക്ഷ.നീ ഇപ്പോഴേ എവിടെ പോകുവാ?” അമ്മുവിന്റെ ചോദ്യത്തിന് ഒരു കള്ളച്ചിരിയോടെ ദേവു നിന്നു.കാര്യം മനസിലായത് പോലെ തലയൊന്നാട്ടി അമ്മു അവളെ ആകമാനം ഒന്ന് നോക്കി. “എന്താടി ഇങ്ങനെ നോക്കുന്ന?” “അല്ല..കിച്ചേട്ടനെ കുറിച്ച് ഓർത്ത് പോയതാ ഞാൻ.ആ പാവത്തിന് നിന്നെ മാത്രമേ കിട്ടിയോളോ?” “ഡീ വേണ്ടാട്ടോ…നിന്റെ കിച്ചേട്ടനെ…” പറഞ്ഞ് മുഴുവിപ്പിക്കുന്നതിനു മുൻപേ അവളുടെ ഫോൺ റിങ് ചെയ്തു.പെണ്ണിന്റെ മുഖത്തെ ചുവപ്പ് രാശി കണ്ടപ്പോൾ തന്നെ മനസിലായി മറുതലയ്ക്കൽ കിച്ചേട്ടൻ ആണെന്ന്.

എന്നാൽ ഫോൺ വെച്ചിട്ട് വന്ന ദേവുവിന്റെ മുഖം കടന്നൽ കുത്തിയത് പോലെ വീർത്തിരുന്നു. “എന്തേ പെണ്ണിന് ഒരു കലിപ്പ് ഭാവം” “ഞാൻ ഉച്ചക്കെ പോകുന്നുള്ളൂ” “കിച്ചേട്ടൻ വരില്ല അല്ലേ..” പൊട്ടിവന്ന ചിരി അടക്കി അമ്മു ചോദിച്ചതും അവളുടെ തലയ്ക്കു ഒരു കിഴുക്ക് കൊടുത്ത് ദേവുവും അടുത്ത് ഇരുന്നു. “വല്യ എഞ്ചിനീയർ അല്ലേ.ഇന്ന് എന്തോ പ്രൊജക്റ്റ്‌ നോക്കണമെന്ന്.അത് അങ്ങേർക്ക് നേരത്തെ പറഞ്ഞൂടായിരുന്നോ..” “ഇപ്പോഴായിരിക്കും ഏട്ടൻ അറിഞ്ഞത്.അതിന് നീ ഇങ്ങനെ ചൂടാകാതെ.കല്യാണം കഴിഞ്ഞ് ഇതിലും കൂടുതൽ തിരക്കുകൾ വരുമ്പോൾ നീ വേണ്ടേ ഏട്ടന്റെ കൂടെ നിൽക്കാൻ” “അതൊക്കെ എനിക്ക് അറിയാടി.

ഇത് ചുമ്മാ കിച്ചേട്ടനെ ഒന്ന് വട്ട് പിടിപ്പിക്കാൻ അല്ലേ.പറയുന്നതെന്തും തലയാട്ടി സമ്മതിച്ചാൽ പ്രണയത്തിൽ ഒരു ത്രില്ല് ഉണ്ടാകില്ല” “മ്മ്മ്..കിച്ചേട്ടന്റെ കൈയിൽ നിന്നും നല്ലത് കിട്ടുമ്പോൾ മാറിക്കോളും..തത്കാലം നീ ഇവിടെ ഇരുന്ന് ഈ നോട്സ് ഒക്കെ ഒന്ന് വായിക്ക്.ഞാൻ അടുക്കളയിലോട്ട് ചെല്ലട്ടെ” അമ്മുവിന്റെ പോക്ക് നോക്കിയിരുന്ന ദേവുവിൽ ഒരു സഹതാപം ഉണ്ടായിരുന്നു. “തന്നെക്കാൾ നല്ല നിലയിൽ ജീവിക്കേണ്ടിയിരുന്നവൾ..ഇനിയെന്ന ദൈവമേ ഈ പെണ്ണ് മനസ്സ് തുറന്നൊന്നു ചിരിക്കുന്നത്.അത് കാണാൻ വേണ്ടി ഞാൻ നേർന്ന നേർച്ചകൾ ഇനിയെങ്കിലും ഒന്ന് പരിഗണിക്കണേ ന്റെ കണ്ണാ” ****

ഉച്ച കഴിഞ്ഞ് അടുക്കളയിൽ നിൽക്കുമ്പോൾ അമ്മുവിന്റെ മനസ്സ് നിറയെ ദേവുവിനെ കുറിച്ചുള്ള ചിന്ത ആയിരുന്നു.ഒറ്റയ്ക്കായി പോകേണ്ടിയിരുന്ന തനിക് ദൈവം തന്ന കൂട്ട്..തന്റെ ശ്വാസമായി മാറിയവൾ..ഇന്നവൾക് കൂട്ടിന് കിച്ചേട്ടൻ വന്നു.ഒരിക്കൽ മാത്രമേ പുള്ളിയെ താൻ കണ്ടിട്ടുള്ളു.അതും ദേവൂന്റെ പിറന്നാളിന് അമ്പലത്തിൽ വെച്ച്.അന്ന് കിച്ചേട്ടൻ അവൾക് സമ്മാനം കൊടുത്തപ്പോൾ പെണ്ണിന്റെ സന്തോഷം ഒന്ന് കാണേണ്ടത് ആയിരുന്നു.എന്നെങ്കിലും തന്റെ ജീവിതത്തിലും അങ്ങനെ ഒരാൾ വരുമായിരിക്കും..

ആരായിരിക്കും ഈ ശപിക്കപ്പെട്ട പെണ്ണിന് വേണ്ടി ജനിച്ചവൻ??? ഓരോന്ന് ആലോചിക്കുന്നതിനിടയിൽ തന്റെ തൊട്ട് പിറകെ ഹർഷൻ വന്ന് നിന്നതോ അവന്റെ കഴുകൻ കണ്ണുകൾ തന്റെ അഴകളവുകൾ ആർത്തിയോടെ നോക്കുന്നതോ ഒന്നും അവൾ അറിയുന്നുണ്ടായിരുന്നില്ല.വികാരത്തിനുമേൽ രക്തം ഇരച്ചുകയറിയതും അവന്റെ ബലിഷ്ഠമായ കൈകൾ അവളുടെ വയറിന് കുറുകെ അമർന്നിരുന്നു…

…. (തുടരും )

Share this story