അഞ്ജലി: ഭാഗം 17

അഞ്ജലി: ഭാഗം 17

എഴുത്തുകാരി: പാർവ്വതി പിള്ള

രാവിലെ ദിയ ഉണരുമ്പോൾ അവളുടെ കണ്ണുക മുറിയിലാകെ റാമിനെ പരതി. അവൾ ബെഡിൽ നിന്നും എഴുന്നേറ്റ് മെല്ലെ ബാൽക്കണിയിലേക്ക് നടന്നു. അവിടെ കിടന്ന് ഉറങ്ങുന്ന റാമിന് അരികിലേക്ക് അവൾ ചെന്നു. നെറ്റിയിലേക്ക് വീണുകിടക്കുന്ന അവന്റെ മുടി മാടിയൊതുക്കി പുറകോട്ട് വെച്ചു. ഒരു കൊച്ചു കുട്ടിയെ പോലെ സുഖമായി ഉറങ്ങുന്ന അവനെ കണ്ണിമയ്ക്കാതെ നിറഞ്ഞ പ്രണയ വായ്പോടെ അവൾ നോക്കി നിന്നു. എന്നാണ് റാം എന്നെ നീ ഈ നെഞ്ചോട് ചേർക്കുന്നത്. കൊതിയാവുകയാണ് ആ നെഞ്ചോട് ചേരാൻ. എനിക്കറിയാം വിവാഹം കഴിഞ്ഞാൽ എന്നെ ഹൃദയം തുറന്ന് സ്നേഹിക്കുമെന്ന്. അതിനായി കാത്തിരിക്കുകയാണ് ഞാൻ. എല്ലാം ഒരു നിമിത്തമാണ് റാം.

ദീപക്കിന്റെ വിവാഹത്തിനായി ബാംഗ്ലൂരിൽ നിന്ന ഞാൻ കൂട്ടുകാരുടെ നിർബന്ധത്തിന് മുംബൈയിലേക്ക് വന്നതും ഫ്രണ്ട്സുമായി കറങ്ങാൻ ഇറങ്ങിയതും വെള്ളച്ചാട്ടം കണ്ടുഅങ്ങോട്ടേക്ക് പോകാൻ തോന്നിയതും വെള്ളത്തിൽ കൂടി ഒഴുകിവരുന്ന റാമിനെ കണ്ടതും കൂടെയുള്ള ഫ്രണ്ട്സിനെ വിളിച്ചു രക്ഷപ്പെടുത്തി ഹോസ്പിറ്റലിൽ ആക്കിയതും ഒടുവിൽ ബോധം വന്നപ്പോൾ ആരെയും തിരിച്ചറിയാനാവാതെ സ്വന്തം പേര് പോലും ഓർമ്മിക്കാൻ ആവാതെ കിടന്നതും എല്ലാവരും ഹോസ്പിറ്റലിൽ ഉപേക്ഷിച്ച് മാറിയപ്പോൾ അതിന് മനസ്സ് വരാതെ കൂടെ നിന്നതും ഒടുവിൽ ഈ മുഖം മാത്രം എന്റെ ഹൃദയത്തിൽ കൂടുകൂട്ടിയതും റാം എന്ന വിളിപ്പേരു നൽകിയതും പിടിച്ചുനിൽക്കാൻ വേണ്ടി റാമിനോട് ഒരുപാട് കള്ളങ്ങൾ പറഞ്ഞതും ഒക്കെ ഈ ദിയക്ക് റാമിനെ സ്വന്തമാക്കാൻ വേണ്ടി മാത്രമാണ്.

എനിക്ക് വേറൊന്നും വേണ്ട. റാമിനെ മാത്രം മതി. ഇതുവരെയും ആരുടേയും കണ്ണുതട്ടാതെ പൊതിഞ്ഞു പിടിച്ചത് അതിനു വേണ്ടി മാത്രമാണ്.അവകാശികൾ ആരെങ്കിലുമുണ്ടോ എന്നറിയില്ല. ഉണ്ടെങ്കിൽ എത്തുന്നതിന് മുൻപ് റാമിന് സ്വന്തമായിരിക്കും ഈ ദിയ. റാമിൽ എനിക്ക് ഒരു കുഞ്ഞായി കഴിഞ്ഞാൽ പിന്നെ ആർക്കും റാമിനെ എന്നിൽ നിന്നും തിരിച്ചു കൊണ്ടുപോകാൻ കഴിയില്ല. അവൾ കുനിഞ്ഞ് അവന്റെ നെറുകയിൽ അമർത്തി ചുംബിച്ചു. ഉറക്കം മുറിഞ്ഞ ദേഷ്യത്തിൽ അവൻ കണ്ണുകൾ ചിമ്മി അടച്ചു കൊണ്ട് തുറന്നു. തന്നെ നോക്കി പുഞ്ചിരിയോടെ നിൽക്കുന്നദിയയെ കണ്ട് അവൻ ചാടിയെഴുന്നേറ്റു. പിന്നെ ചുറ്റിനും ഒന്നു നോക്കി. സോറി ഡിയർ ഞാൻ ഉറങ്ങിപ്പോയി.

ഒരുപാട് ലേറ്റ് ആയോ. നോ റാം. അകത്തു പോയി കിടന്നോളൂ. എന്തിനാ ഇവിടെ കിടന്നത്. തണുപ്പടിച്ച് പനിച്ചാൽ എന്ത് ചെയ്യും. അവൻ ദിയയെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ഞാൻ ഒന്ന് ഫ്രഷ് ആകട്ടെ റാം. അവൾ വാഷ് റൂമിലേക്ക് കയറി. അവൻ ദിയ പോയ വഴിയെ നോക്കി ഇരുന്നു എന്തുകൊണ്ടാണ് തനിക്ക് ഇവളെ അക്സപ്റ്റ് ചെയ്യാൻ പറ്റാത്തത്. മുഖം കറുത്ത് ഒരു വാക്കു പോലും പറഞ്ഞിട്ടില്ല. സ്നേഹം മാത്രമാണ് തന്നോട്. എപ്പോഴും തന്നെ നോക്കുമ്പോൾ ആ കണ്ണുകളിൽ തെളിയുന്ന പ്രണയം കാണുന്നതാണ്. പക്ഷേ എന്തോ ഒന്ന് തന്നെ അതിൽ നിന്നും പിന്തിരിക്കുന്നു. എന്താണത്.. പലതവണ ശ്രമിച്ചതാണ് ദിയയോട് അടുക്കാൻ. പക്ഷേ കഴിയുന്നില്ല. അല്ലെങ്കിലും തനിക്ക് പഴയതൊന്നും ഓർക്കാൻ കഴിയുന്നില്ല.

ദിയയുയുടെ ഡാഡിയുടെ സഹോദരിയുടെ മകനാണ് താൻ എന്ന് ദിയ പറഞ്ഞു അറിയാം. ഒരു ആക്സിഡന്റിൽ ആണത്രേ തന്റെ പേരൻസ് തന്നെ വിട്ടു പോയത്. ആ ആക്സിഡന്റിൽ ആണത്രേ തന്റെ പഴയ ഓർമ്മകളും നഷ്ടമായത്. ഒന്നും അറിയില്ല. എല്ലാവരുടെയും ഫോട്ടോ കാണിച്ചു തന്നു. ഒന്നും ഓർമ്മയിൽ തെളിയുന്നില്ല. ഓർത്തെടുക്കാൻ ഒരുപാട് ശ്രമിച്ചു. ഒന്നിനും കഴിയുന്നില്ല. പിന്നെ കുറെ നേരത്തേക്ക് തലയ്ക്കുള്ളിൽ ഒരു മൂളലാണ്. ഇപ്പോൾ മനപ്പൂർവ്വം ഒന്നും ആലോചിക്കാറില്ല. ദിയ തനിയെ ഒട്ടും തന്നെ ഇരുത്താറും ഇല്ല. നല്ല കെയറിങ് ആണ് തന്നോട്. എന്റെയും ദിയയുടെയും വിവാഹം ചെറുതിലെ പറഞ്ഞു വെച്ചിരിക്കുന്നത് ആണത്രേ. തന്റെ അമ്മയുടെ ആഗ്രഹം ആയിരുന്നു അതെന്ന്.

ദിയയുടെ ഡാഡി പറഞ്ഞുള്ള അറിവാണ് തനിക്ക്.. വെറുതെ ഓരോന്നോർത്ത് ആലോചനയോടെ ഇരുന്നു. ബാത്റൂമിൽ നിന്നും ഇറങ്ങി വന്ന ദിയ കാണുന്നത് എന്തൊക്കെയോ ആലോചിച്ചു കൊണ്ട് വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കുന്ന റാമിനെ ആണ്. അവൾ വേഗം അവന്റെ അരികിലേക്ക് വന്നു. തോളിലൂടെ കയ്യിട്ട് അവന്റെ കവിളിലേക്ക് മുഖം അടുപ്പിച്ചു. റാം ഞെട്ടിപ്പിടഞ്ഞു ചാടിയെഴുന്നേറ്റു. പിന്നെ ദിയയുടെ മുഖത്തേക്ക് നോക്കി. അവൾ പുഞ്ചിരിയോടെ ടവ്വൽ എടുത്ത് റാമിന്റെ തോളിലേയ്ക്ക് ഇട്ടുകൊടുത്തു. പോയി ഫ്രഷ് ആയി വാ റാം. അവൻ അവളെ നോക്കി ഒരുപുഞ്ചിരിയോടെ അകത്തേക്ക് കയറി. ഇല്ല റാം… നിന്നെ തനിയെ വിടില്ല ഞാൻ.

നിന്റെ ആലോചന വേറെ എങ്ങോട്ടും പോകണ്ട. ദിയയുടെ ഓർമ്മകൾ മാത്രം മതി അവിടെ.. രാവിലെ എഴുന്നേറ്റ് ഉണ്ണിക്കുട്ടന്റെ പിറകെ ആണ് അഞ്ജലി. കുഞ്ഞരിപ്പല്ലുകൾ തേപ്പിക്കാൻ പെടാപ്പാട് പെടുകയാണ് അവൾ. ഒരുവിധത്തിൽ അവനെ കുളിപ്പിച്ച് വൃത്തിയാക്കി ഡ്രസ്സും മാറ്റി താഴേക്ക് കൊണ്ടുവന്നു അഞ്ജലി. ഹോർലിക്സ് ഇട്ട് പാലുകൊടുത്തു ഉണ്ണിക്കുട്ടന്. ദേവമ്മേ ഇവനെ ഒന്ന് ശ്രദ്ധിച്ചോണേ. ഞാൻ പോയി ഒന്ന് റെഡിയായിട്ട് വേഗം വരാം. ശരി മോളെ ഞാൻ നോക്കിക്കൊള്ളാം. അഞ്ജലി ഉണ്ണിക്കുട്ടന്റെ കവിളിൽ ഒന്ന് തലോടി കൊണ്ട് വേഗം മുകളിലേക്ക് പോയി. ആ കുഞ്ഞു കണ്ണുകൾ അവിടം ആകമാനം ഒന്ന് പരതി.

ദോശ കല്ലിലേക്ക് മാവൊഴിച്ചു തിരിഞ്ഞു നിന്ന് ദോശ ചുടുക യായിരുന്ന ദേവമ്മയുടെ അടുത്തേക്ക് തിരിഞ്ഞു അവൻ. ഏന്തി വലിഞ്ഞ് കയ്യെത്തി ദോശമാവിലേക്ക് ഒന്ന് നോക്കി. പിന്നെ കയ്യെത്തി മാവിരുന്ന പാത്രത്തിൽ പിടിച്ചു നീക്കി. പെട്ടെന്ന് പാത്രത്തിൽ ദേവമ്മ പിടിച്ചെങ്കിലും മാവ് മുഴുവൻ ഉണ്ണിക്കുട്ടന്റെ തലയിലൂടെ ഒഴുകി ഇറങ്ങി. മാവിൽ കുളിച്ചുനിൽക്കുന്ന ഉണ്ണിക്കുട്ടനെ കണ്ട ദേവമ്മ അന്തം വിട്ട് നിന്നു . എന്റെ ഉണ്ണിക്കുട്ടാ… കുഞ്ഞിനെ അമ്മ ഇപ്പോൾ കുളിപ്പിച്ചു കൊണ്ടു വന്നതല്ലേ ഉള്ളൂ.അമ്മ കണ്ടാൽ നല്ല അടി തരും കേട്ടോ. എന്തായാലും നമുക്ക് ഒന്നുകൂടി കുളിക്കാം. സ്റ്റവ് ഓഫ് ആക്കി കൊണ്ട് തിരിഞ്ഞുനിന്ന് ദേവമ്മ ഉണ്ണിക്കുട്ടനോടായി പറഞ്ഞു.

ഓഫീസിൽ പോകാൻ ആയി റെഡിയായി താഴേക്ക് ഇറങ്ങിവന്ന അഞ്ജലി കാണുന്നത് ബാത്റൂമിൽ നിന്നും ഉണ്ണിക്കുട്ടനെ കുളിപ്പിച്ചു കൊണ്ട് ഇറങ്ങി വരുന്ന ദേവമ്മയെ ആണ്. എന്താ ദേവമ്മേ എന്തുപറ്റി. ഇവനെ ഞാൻ രാവിലെ കുളിപ്പിച്ചത് ആണല്ലോ. എന്റെ മോളെ അടുക്കളയിൽ ഇരുന്ന് മാവ് മുഴുവൻ തലയിലൂടെ ഒഴിച്ചു. അഞ്ജലി ഉണ്ണിക്കുട്ടന്റെ മുഖത്തേക്ക് രൂക്ഷമായി നോക്കി.എന്തൊരു കുരുത്തക്കേടാണ് ഉണ്ണിക്കുട്ടാ നിനക്ക്. ദേവമ്മയുടെ കയ്യിൽ നിന്നും അവനെ വാങ്ങിച്ച് അവൾ മുകളിലേക്ക് സ്റ്റെപ്പുകൾ കയറി. അവനെ ഓരോ വഴക്കുകൾ പറഞ്ഞുകൊണ്ട് അവൾ അവനെ ഡ്രസ്സുകൾ ഇടുവിച്ചു. എല്ലാം കേട്ടു കുനിഞ്ഞുനിന്ന അവന്റെ താടിയിൽ പിടിച്ച് മുഖമുയർത്തി അവൾ.

കണ്ടില്ലേ കള്ളന്മാരെ പോലെ കുനിഞ്ഞു നിൽക്കുന്നത്. അഹങ്കാരത്തിന്റെ കൂമ്പാരമാണ് നീ… അവൻ കണ്ണുകൾ കൂർപ്പിച്ചു അമ്മയുടെ മുഖത്തേക്ക് നോക്കി. പിന്നെ ദേഷ്യത്തോടെ അഞ്ജലിയോട് ആയി പറഞ്ഞു… കൂമ്പാരം അങ്കാരം അമ്മ…. അഞ്ജലി അന്തംവിട്ട് അവന്റെ മുഖത്ത് നോക്കി. തന്നെ കൂർപ്പിച്ചു നോക്കുന്ന അവന്റെ മുഖവും ആ സംസാരശൈലിയും കേട്ട് അവൾക്ക് ചിരി പൊട്ടി. ഒടുവിൽ അത് ഒരു പൊട്ടിച്ചിരിയിലേക്ക് മാറി. പിന്നെ അവനെ ചേർത്തുപിടിച്ചു കൊണ്ട് ഇരുകവിളിലും അമർത്തി ചുംബിച്ചു. എന്റെ ഉണ്ണിക്കുട്ടാ നിന്റെ ഒരു കാര്യം. അമ്മയുടെ സ്നേഹത്തോടെയുള്ള ചുംബനം കിട്ടിയപ്പോൾ ഉണ്ണിക്കുട്ടൻ അഞ്ജലിയുടെ തോളിലേക്ക് ചാഞ്ഞു…..തുടരും…..

അഞ്ജലി: ഭാഗം 16

Share this story