ആത്മിക : ഭാഗം 8

ആത്മിക : ഭാഗം 8

എഴുത്തുകാരി: ശിവ നന്ദ

“ഇന്ന് കിച്ചേട്ടന്റെ കൂടെ വന്നത് ആരായിരുന്നു ദേവൂട്ടി??” രാത്രിയിൽ തന്നെ കെട്ടിപിടിച്ച് കിടന്ന് കിച്ചേട്ടനെ കുറിച്ചും അവരുടെ പ്രണയത്തെ കുറിച്ചും ഒക്കെ വാചാലയാകുന്നതിനിടയ്ക്കാണ് അമ്മു അത് ചോദിച്ചത്. “ആര് ആൽബിച്ചായൻ ആണോ??” “മ്മ്മ്” “നീ കളരിയ്ക്കൽ ഗ്രൂപ്പ്സ് എന്ന് കേട്ടിട്ടില്ലേ..അതിന്റെ ഓണർ ആണ്.കിച്ചേട്ടന്റെ ബെസ്റ്റ് ഫ്രണ്ട്” “കിച്ചേട്ടൻ എല്ലാ കാര്യങ്ങളും ഫ്രണ്ട്സിനോട് പറയാറുണ്ടോ?” “അങ്ങനെ എല്ലാ ഫ്രണ്ട്‌സിനോടും പറയാറില്ല.പക്ഷെ ആൽബിച്ചായനോടും ടീന ചേച്ചിയോടും ഒന്നും ഇതുവരെ മറച്ചുവെച്ചിട്ടില്ലെന്ന പറഞ്ഞത്” “ടീന ചേച്ചി??” “അവരുടെ കൂട്ടത്തിൽ ഉള്ളതാ.ഇച്ചായനും ചേച്ചിയും ഫാമിലി ഫ്രണ്ട്‌സ് ആണ്.പ്ലസ് വൺ ആയപ്പോൾ കിച്ചേട്ടനും അവരുടെ ഫ്രണ്ട്‌ ആയി.ഇപ്പോൾ ഇണപിരിയാത്ത കൂട്ടുകാരാ മൂന്നും” “ഹ്മ്മ്മ്…”

“അല്ല നീ എന്താ ഇപ്പോൾ ഇച്ചായനെ കുറിച്ച് ചോദിക്കാൻ കാരണം?” “ഏയ് ഒന്നുല്ല..കിച്ചേട്ടന്റെ റിലേറ്റീവ് അല്ലെന്ന് ആ കുരിശ് കണ്ടപ്പോൾ മനസിലായി.അപ്പോൾ പിന്നെ ആരാണെന്ന് അറിയാൻ വേണ്ടി ചോദിച്ചതാ” ദേവുവിനോട് അങ്ങനെ പറഞ്ഞെങ്കിലും അമ്മുവിന്റെ മനസ്സിൽ എന്തൊക്കെയോ തോന്നൽ ഉണ്ടായി.അയാളെ കുറിച്ച് കൂടുതൽ അറിയാൻ ഒരാകാംക്ഷ..അന്ന് കിച്ചേട്ടൻ കൂടെയുണ്ടെന്ന് പറഞ്ഞപ്പോൾ പോലും കിട്ടാതിരുന്ന ധൈര്യം ഇന്ന് അയാളുടെ വാക്കുകളിലൂടെ തനിക് കിട്ടി.ശെരിക്കും ആരാണ് ഈ ആൽബിൻ ജോൺ കളരിയ്ക്കൽ?? അയാൾക്ക് എന്റെ ജീവിതത്തിൽ എന്തെങ്കിലും റോൾ ഉണ്ടാകുമോ?? 💞💞💞💞

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ആൽബിയ്ക്ക് ഉറക്കം വന്നില്ല. “കിച്ചുന്റെ പെണ്ണുകാണലിനെ കുറിച്ചൊക്കെ അമ്മച്ചിയോട് പറയുന്നതിനിടയ്ക്ക് കറങ്ങി തിരിഞ്ഞ് അത് തന്റെ കല്യാണത്തിൽ എത്തിച്ചേർന്നപ്പോൾ ഉറക്കം വരുന്നെന്നും പറഞ്ഞ് റൂമിൽ കയറിയതാ.ഇത്ര നേരത്തെ കിടന്നത് കൊണ്ടാകും ഉറങ്ങാത്തത്.എന്നാലും എന്താ എനിക്ക് പറ്റിയത്??? കണ്ണടയ്ക്കുമ്പോൾ ഹർഷന്റെ കൈക്കുള്ളിൽ പേടിയോടെ നിൽക്കുന്ന അവളുടെ മുഖമാണ് തെളിയുന്നത്.ഞാൻ എന്തിനാ അവളെ ഓർക്കുന്നത്??? കിച്ചുവിലൂടെ അറിഞ്ഞ ഒരു പെണ്ണ്..തനിക് തികച്ചും അന്യ ആയവൾ..

ആ അവളുടെ പിറകെ ഹർഷൻ പോകുന്നത് കണ്ടപ്പോൾ ഞാൻ എന്തിനാ അസ്വസ്ഥൻ ആയത്??? അതിപ്പോ അവളുടെ സ്ഥാനത് ഏത്‌ പെൺകുട്ടി ആയിരുന്നെങ്കിലും ഞാൻ അങ്ങനെ ചെയ്തേനെ…പക്ഷെ തിരിച്ചിറങ്ങിയപ്പോൾ ഞാൻ എന്തിനാ അവളെ നോക്കിയത്??? ഓഓഓ എല്ലാം കൂടി ഓർത്തിട്ട് വട്ടാകുന്നു…” തലയൊന്ന് കുടഞ്ഞുകൊണ്ട് അവൻ റൂമിൽ നിന്നും ഇറങ്ങി.കത്രീനാമ്മ ഏതോ സീരിയലിൽ മുഴുകി ഇരിപ്പുണ്ട്.ആൽബി ഇറങ്ങി വരുന്നത് കണ്ടതും അവർ ടിവിയുടെ സൗണ്ട് കുറച്ചു. “നീ കുറേ നേരം ആയല്ലോ ഉറക്കം വരുന്നെന്ന് പറഞ്ഞ് പോയിട്ട്” “അത് ചെന്ന് കിടന്നപ്പോൾ ഉറക്കം പോയി” “എന്നാ വാ..ഇവിടെ ഇരിക്ക്” “വേണ്ട അമ്മച്ചി.ഞാൻ ടീനുനെ കണ്ടിട്ട് വരാം”

“അപ്പോൾ എന്റെ മോന്റെ മനസിനെ അലട്ടുന്ന എന്തോ ഉണ്ടായിട്ടുണ്ടല്ലോ” “അതെന്താ അമ്മച്ചി അങ്ങനെ പറഞ്ഞ?” “അങ്ങനെ എന്തെങ്കിലും ഉണ്ടാകുമ്പോൾ ആണല്ലോ നിനക്ക് ഉറക്കം വരാത്തതും ടീനയെ കാണാൻ തോന്നുന്നതും” “ഹോ ഈ അമ്മച്ചിയെ കൊണ്ട് ഞാൻ തോറ്റ്..” അമ്മച്ചിയുടെ കവിളിൽ ഒന്ന് പിച്ചിയിട്ട് അവൻ ടീനയുടെ വീട്ടിലേക്ക് പോയി.വാതിൽ തുറന്ന് കിടന്നത് കൊണ്ട് കാളിങ് ബെൽ ഒന്ന് അടിച്ചിട്ട് അവൻ അകത്തേക്ക് കയറി.അവിടെ സോഫയിൽ ഇരിക്കുന്ന കുര്യച്ചനെ കണ്ടപ്പോൾ തന്നെ ആള് നല്ല ഫോമിൽ ആണെന്ന് അവന് മനസിലായി.അവനെ കണ്ടതും കൈയിൽ ഇരുന്ന് മദ്യഗ്ലാസ്സ് അയാൾ മാറ്റാൻ ശ്രമിച്ചു.അത് കണ്ടതും അവന് ചിരി വന്നു.

“എന്റെ പപ്പാ..എന്റെ മുന്നിൽ വേണോ ഈ അഭിനയം?” “പപ്പ സങ്കടം കൊണ്ട് കുടിക്കുന്നതാ മോനേ..നിന്റെ അപ്പൻ ഉണ്ടായിരുന്നെങ്കിൽ ഈ സമയത്തു ഞങ്ങൾ രണ്ടുംകൂടി എന്തോരം കഥകൾ പറഞ്ഞിരുന്നേനെ” “കഥ പറയാൻ പറ്റാത്തതിനാണോ പപ്പ സങ്കടപെടുന്നത്??” “കണ്ടോ എന്റെ ജോണിച്ചന്റെ അതേ തമാശയാ എന്റെ ചെക്കന് കിട്ടിയേക്കുന്നത്..” അതും പറഞ്ഞ് അവന്റെ കവിളിൽ അയാൾ അമർത്തി ചുംബിച്ചു.വീണ്ടും സങ്കടക്കെട്ട് അഴിക്കാൻ തുടങ്ങിയപ്പോഴേക്കും സിസിലി വന്നത് ആൽബിയ്ക്ക് ഒരാശ്വാസം ആയി. “നീ അല്ലാതെ ആരെങ്കിലും ഇങ്ങേരോട് ഇപ്പോൾ സംസാരിക്കാൻ പോകുവോ??” “കണ്ടോടാ ആൽബി മോനേ..

എന്നോട് സംസാരിക്കാൻ ഈ വീട്ടിൽ ആരുമില്ല.എന്റെ ജോണിച്ചൻ ഉണ്ടായിരുന്നേൽ….” “എന്റെ പൊന്ന് ഇച്ചായ..ഒന്നടങ്ങ്..ആൽബി നീ മുകളിലേക്ക് ചെല്ല്..അവൾ അവിടെ എന്തൊക്കെയോ ഫയൽസ് നോക്കി ഇരിപ്പുണ്ട്” പപ്പയെ ഒന്ന് നോക്കിയിട്ട് അവൻ മുകളിലേക്ക് കയറി.അവിടെ ടീനയുടെ റൂമിൽ അവളെ കാണാത്തത് കൊണ്ട് അവൻ ഓഫീസ് റൂമിൽ നോക്കി.മൂന്നാല് ഫയൽസിന് മുന്നിൽ കിളിപോയ അവസ്ഥയിൽ ഇരിക്കുന്നവളെ കണ്ടപ്പോൾ അവന് സങ്കടം തോന്നി.അവളീ കഷ്ടപ്പെടുന്നത് തനിക്ക് വേണ്ടിയാണ് .തന്റെ കമ്പനിയ്ക്ക് വേണ്ടിയാണ്. “ടീനു കൊച്ചേ…”

അവന്റെ വിളി കേട്ടതും ഞെട്ടലോടെ അവൾ വാതിൽക്കലേക്ക് നോക്കി. “ഇപ്പോൾ ആലോചിച്ചതേയുള്ളു നിന്നെ കുറിച്ച്” “ആണോ എന്നതാ ആലോചിച്ച??” “നിനക്ക് നല്ല ബുദ്ധി തോന്നി ആ ഓഫീസിലേക്ക് ഒന്ന് വന്നിരുന്നെങ്കിൽ ഞാൻ ഈ കഷ്ടപ്പാടിൽ നിന്നും രക്ഷപെട്ടേനേന്ന്” “നീ ഈ കഷ്ടപെടുന്നതിനൊക്കെ പ്രതിഫലം തരാടി…ഒന്നുമല്ലെങ്കിലും എനിക്ക് വേണ്ടിയല്ലേ…” “നിന്റെ പ്രതിഫലം കൊണ്ടോയി പുഴുങ്ങി തിന്ന്” ദേഷ്യത്തോടെ ആ ഫയൽസ് എല്ലാം അവന്റെ കൈയിൽ വെച്ചുകൊടുത്തിട്ട് അവൾ പുറത്തേക്ക് ഇറങ്ങി.ഫയൽസ് ടേബിളിൽ വെച്ച് അവൻ ഓടിച്ചെന്ന് അവളുടെ തോളിലൂടെ കൈയിട്ട് പിടിച്ച് നിർത്തി.

“എന്റെ അമ്മച്ചിടെ അത്ര പോലും നീ എന്നെ മനസിലാക്കിയിട്ടില്ലല്ലോ..ഇങ്ങോട്ട് ഇറങ്ങിയപ്പോഴേ അമ്മച്ചിക്ക് കാര്യം മനസിലായി” “അതേ എനിക്കും മനസിലായി..നിനക്ക് ഉറക്കം വരുന്നില്ല..കിടന്നിട്ട് മനസ്സിന് ഒരു സമാധനവും ഇല്ല..അതിനൊരു സൊല്യൂഷൻ തരാൻ എനിക്ക് മാത്രമേ പറ്റു..” “എന്നിട്ടാണോ നീ എന്നോട് ദേഷ്യപ്പെട്ട് പോകുന്നത്” “ഡാ ചെക്കാ നിന്റെ ഈ സൊല്യൂഷൻ തേടിയുള്ള വരവ് ഇന്നോ ഇന്നലെയോ തുടങ്ങിയത് അല്ലാലോ..അതുകൊണ്ട് അല്ലേ ചെയ്തുകൊണ്ടിരുന്ന ജോലി മതിയാക്കി ഞാൻ റൂമിലേക്ക് പോകുന്നത്” “റൂമിൽ വേണ്ട..നമുക്ക് ബാൽക്കണിയിൽ ഇരിക്കാം” ബാൽക്കണിയിലെ വെറുംനിലത്ത് ഭിത്തിയിലേക്ക് ചാരിയിരിക്കുന്ന ആൽബിയെ ഉറ്റുനോക്കി ടീന തൊട്ടടുത്ത് തന്നെയിരുന്നു.

ദേവുവിന്റെ വീട്ടിൽ ചെന്നതും അമ്മുവിനെ കണ്ടതും ഹർഷൻ അവളുടെ പിന്നാലെ പോയതും എല്ലാം അവൻ പറഞ്ഞു. “എന്റെ കർത്താവേ ചെക്കൻ കൈവിട്ട് പോയോ??” നെഞ്ചിൽ കൈവെച്ച് പറയുന്നവളെ അവൻ സംശയത്തോടെ നോക്കി. “എന്നാടി??” “അല്ല അവളെ ഒന്ന് കണ്ടപ്പോൾ തന്നെ നിന്റെ ഉറക്കം പോയത് കൊണ്ട് പറഞ്ഞതാ” “ഒന്ന് പോടീ..അമ്മച്ചിയും നീയും അല്ലാതെ വേറെ ഒരുപെണ്ണും ഈ ഹൃദയത്തിൽ ഇല്ല..ഇത് മറ്റെന്തോ..അവളെ അങ്ങനെ കണ്ടപ്പോൾ…” “മ്മ്മ്മ്….അല്ല അവൾ കാണാൻ എങ്ങനെയാ??” കുശുമ്പ് നിറഞ്ഞ അവളുടെ ആ ചോദ്യം കേട്ടതും അവന് കുറുമ്പ് തോന്നി.

“അങ്ങനെ ചോദിച്ചാൽ…മ്മ്മ്…നിന്റെ അത്രയും നിറമില്ല..പക്ഷെ നിന്നെക്കാൾ ഐശ്വര്യം ഉണ്ട്.നിന്നേക്കാൾ മുടി ഉണ്ട്..ജിമ്മിൽ പോയി നീ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ബോഡി ഷേപ്പിനേക്കാൾ നല്ലത് അവളുടെ ബോഡി സ്ട്രക്ച്ചെർ ആണ്..പിന്നെ…” “മതി മതി നിർത്ത്..കൊള്ളാലോ നീ..ഏതാനും മിനിറ്റുകൾ മാത്രം അവളെ കണ്ടപോഴേക്കും ഇത്രയും സ്കാൻ ചെയ്തല്ലേ..ഇതിപ്പോൾ ആ ഹർഷനെക്കാൾ പ്രശ്നക്കാരൻ നീയാണല്ലോ” “ഡീ കോപ്പേ..ആ ചെറ്റയെയും എന്നെയും തമ്മിൽ താരതമ്യം ചെയ്യാൻ നാണമില്ലേ നിനക്ക്” “നീ ഒട്ടും മോശം അല്ലലോ” മുഖം വീർപ്പിച്ച് അവൾ ഇരുന്നതും അവൻ ചിരിയോടെ അവളുടെ മടിയിലേക്ക് കിടന്നു.

എന്നിട്ടും അവൾ അവനെ മൈൻഡ് ചെയ്യാതെ വന്നതും അവൻ അവളുടെ കവിളിൽ ഒന്ന് കുത്തി.അവൾ തിരിച്ച് അവന്റെ നെഞ്ചിൽ ഒരു ഇടിയും കൊടുത്തു. “സ്സ്സ്…ഡീ വേദനിച്ചു..” “കണക്കായി പോയി” “എടി ഞാൻ ചുമ്മാ പറഞ്ഞതാ..അവളെ ഞാൻ ജസ്റ്റ്‌ ഒന്ന് നോക്കിയതേ ഉള്ളു.നല്ല കണ്ണാണ്..ബാക്കിയൊന്നും ഞാൻ കണ്ടില്ല.പ്ലീസ് കൊച്ചേ..ഇങ്ങനെ പിണങ്ങല്ലേ..ഇന്ന് എനിക്ക് പാടാൻ വയ്യ” താഴ്‌മയോടുള്ള അവന്റെ സംസാരം കേട്ടതും അവൾ ചിരിച്ചുപോയി. “ഇത്രേ ഉള്ളു ഈ ആൽബിന്റെ ഗൗരവം..ഇനി നീ പറ..എന്ത് പറ്റി അവള് നിന്നോട് എന്തെങ്കിലും സംസാരിച്ചോ??” “ഇല്ലടി..ഞാൻ പറഞ്ഞതെല്ലാം കേട്ടുകൊണ്ട് നിന്നതേ ഉള്ളു.അവൾ എന്തൊരു പാവമാടി..

ആ പേടിയാ അവൻ മുതലെടുക്കുന്നത്.നിന്നെ പോലൊരു പെണ്ണിന്റെ അടുത്താണെങ്കിൽ അവൻ ഇപ്പോൾ ബാക്കി കാണില്ലായിരുന്നു..അന്ന് ബസിൽ വെച്ച് അറിയാതൊരുത്തൻ ഒന്ന് തട്ടിയതിന് അവന്റെ മിഡിൽ സ്റ്റമ്പ് തെറിപ്പിച്ചവളല്ലേ നീ” “എന്താ പറഞ്ഞ..അറിയാതെ തട്ടിയെന്നോ??” കണ്ണുരുട്ടി അവൾ ചോദിച്ചതും അവൻ അവളുടെ അടുത്ത് നിന്നും കുറച്ച് നീങ്ങിയിരുന്നു. “സോറി സോറി..അവൻ വൃത്തികേട് കാണിച്ചത് കൊണ്ടാ നീ പ്രതികരിച്ചത്..” “മ്മ്…എടാ എന്നെ പോലെ അല്ലല്ലോ അവൾ.നമ്മളും അവളും വളർന്ന സാഹചര്യം രണ്ടാണ്.കിച്ചു പറഞ്ഞിട്ടില്ലേ അവൾക് സ്നേഹിക്കാൻ ഈ ലോകത്ത് ദേവു മാത്രമേ ഉള്ളു.എന്നാൽ ആ ദേവുവിന്റെ വിശ്വസ്തനായ ഏട്ടനാണ് ഈ കഥയിലെ വില്ലൻ എന്നതാണ് ആത്മികയുടെ വിധി.”

“ഹാ അതെന്തെങ്കിലും ആകട്ടെ..anyway ഞാൻ ഇപ്പോൾ ഓക്കേ ആണ്.എല്ലാം നിന്നോട് പറഞ്ഞപ്പോൾ ഒരു റിഫ്രഷ്മെന്റ് കിട്ടിയത് പോലെ.ഇനി മോള് പോയി ജോലി ചെയ്തോ” “ഇന്നിനി ചെയ്യുന്നില്ല..ഞാൻ ഉറങ്ങാൻ പോകുവാ” “എന്റെ കമ്പനി തകർക്കുവോ നീ” “എന്റെ വായിൽ ഇരിക്കുന്നത് കേൾക്കണ്ടെങ്കിൽ നീ വേഗം സ്ഥലം കാലിയാക്ക്” കൈകെട്ടി ശാസനയോടെ പറയുന്നവളെ ചേർത്ത് പിടിച്ച് നെറുകയിൽ മുത്തികൊണ്ട് അവൻ ഇറങ്ങി.എത്ര വലിയ പ്രശ്നം ആണെങ്കിലും ടീനുനോട് ഒന്ന് മനസ്സ് തുറന്നാൽ തീരാവുന്നതേ ഉള്ളു എന്നൊരു ചിരിയോടെ ഓർത്ത് കൊണ്ട് അവൻ ബെഡിലേക്ക് വീണു. 💞💞💞

ദിവസങ്ങൾ അതിവേഗം പൊയ്ക്കൊണ്ടിരുന്നു.ദേവുവിന്റെയും കിച്ചന്റെയും നിശ്ചയ തീയതി അടുത്തു.വീട്ടുമുറ്റത്ത് പന്തൽ ഉയരുന്നതും അലങ്കാരങ്ങൾ നിറയുന്നതും അമ്മു സന്തോഷത്തോടെ നോക്കി നിന്നു.ഡ്രസ്സ്‌ എടുക്കാൻ അവളെയും കൂടെ കൊണ്ടുപോകണമെന്ന ദേവുവിന്റെ നിർബന്ധത്തിൽ അമ്മുവും അവരോടൊപ്പം പോയി.അധികം വില വരാത്ത ഒരു ദാവണി സെറ്റ് അവൾ എടുത്തു.തിരികെ വരുമ്പോൾ ഹോട്ടലിൽ നിന്നും ആഹാരവും കഴിച്ചിരുന്നു.ഈ അനുഭവങ്ങൾ ഒക്കെ വർഷങ്ങൾക് ശേഷമാണ് അമ്മു അറിയുന്നത്.അതിന്റെ സന്തോഷം അവളുടെ മുഖത്ത് ഉണ്ടായിരുന്നു.

കൂടാതെ ഈ ദിവസങ്ങളിൽ ഒന്നും ഹർഷൻ അവളോട് അധികം അടുപ്പം കാണിക്കുന്നതും ഇല്ല. എന്നാൽ ഹർഷന്റെ മാറ്റത്തിൽ കിട്ടിയ സമാധാനം ഒരാളുടെ വരവിലൂടെ ഇല്ലാതെ ആയി.ഹർഷന്റെ കൂട്ടുകാരൻ..ക്രിസ്റ്റി.ദേവുവിന്റെ എൻഗേജ്മെന്റ് കൂടാൻ വന്നതാണെങ്കിലും അവന്റെ വരവിന്റെ യഥാർത്ഥ ഉദ്ദേശം അമ്മു ആയിരുന്നു.അത് അവന്റെ നോട്ടത്തിൽ നിന്നും അവൾക് മനസിലായി.അവനെ ഹർഷൻ പരിചയപ്പെടുത്തിയത് അമ്മു ഓർത്തു: “ആത്മിക..ഇതെന്റെ ഫ്രണ്ട്..ക്രിസ്റ്റി..ഹൈദരാബാദ് ആണ്..ഇവൻ വന്നത് എന്തിനാണെന്ന് അറിയുമോ നിനക്ക്..

നിന്നെ ഞങ്ങൾ ഇവിടുന്ന് അങ്ങ് കൊണ്ട് പോകുവാ..എനിക്ക് ഇനിയും കാത്തിരിക്കാൻ പറ്റില്ല മോളെ..” “അമ്മു” ദേവുവിന്റെ വിളികേട്ടാണ് അമ്മു ചിന്തകളിൽ നിന്നും ഉണർന്നത്.കിച്ചേട്ടൻ വിളിച്ചിട്ട് അവൾ അമ്പലത്തിലേക്ക് പോയത് ആയിരുന്നു.നാളെ നിശ്ചയം അല്ലേ..അവർക്ക് മാത്രമായിട്ട് പ്രാര്ഥിക്കണമെന്ന് പറഞ്ഞാ പോയത്. “നീ എന്ത് ആലോചിച്ച് നിൽകുവാ അമ്മു?” “ഒന്നുല്ല ദേവൂട്ടി..അമ്പലത്തിൽ പോയിട്ട് എന്തൊക്കെയുണ്ട്” “എന്തുണ്ടാകാൻ..പ്രത്യേകിച്ച് ഒന്നും ഇല്ല” കൂടുതൽ ഒന്നും പറയാതെ റൂമിലേക്ക് കയറി പോകുന്നവളെ കണ്ടതും അമ്മുവിന് വല്ലാത്ത ആശ്ചര്യം തോന്നി.എന്തോ തന്നിൽ നിന്ന് അകന്ന് പോകുന്നത് പോലെ.പിന്നീട് പല തവണ ദേവുവിൽ നിന്നും ഈ അവഗണ അവൾക് കിട്ടി.ചോദിച്ചിട്ടാണെങ്കിൽ ദേവു ഒന്നും പറഞ്ഞതും ഇല്ല.രാത്രിയിൽ കിടന്നപ്പോഴും തന്നിൽ നിന്നും അകന്ന് കിടക്കുന്നവളെ കണ്ടപ്പോൾ അമ്മുവിന് കണ്ണ് നിറഞ്ഞൊഴുകി.. *****

രാവിലെ നിശ്ചയത്തിന്റെ തിരക്കിൽ ആയിരുന്നു ആ വീട്ടിൽ എല്ലാവരും.ബന്ധുക്കൾ എല്ലാവരും എത്തിയതോടെ അമ്മുവിന്റെ ജോലിഭാരവും കൂടി.ഇടയ്കിടയ്ക്കുള്ള ക്രിസ്റ്റിയുടെ ചൂഴ്ന്ന് നോട്ടവും ദേവുവിന്റെ അകൽച്ചയും അവളെ ആകെ തളർത്തി. ബ്യൂട്ടിഷൻ വന്ന് ദേവുവിനെ ഒരുക്കാൻ തുടങ്ങി.അപ്പോഴേക്കും അമ്മുവും ദാവണി ഉടുത്ത് മിതമായി ഒന്ന് ഒരുങ്ങി.അവളെ കണ്ടതും ഹർഷന് തന്റെ ഹൃദയമിടിപ്പ് ക്രമാതീതം ആകുന്നത് പോലെ തോന്നി.ഹർഷൻ അടുത്തുള്ളത് കൊണ്ട് ക്രിസ്റ്റി സംയമനം പാലിച്ചു.. അല്പസമയം കഴിഞ്ഞതും കിച്ചനും കുടുംബവും എത്തി.

ആൽബിയുടെ കൂടെ ടീനയും ഉണ്ടായിരുന്നു.അവർ വന്നതോടെ വീട്ടിലെ ബന്ധുക്കൾ എല്ലാവരും പന്തലിലേക്ക് ഇറങ്ങി.അപ്പോഴാണ് പുറത്തെ ഷെഡിൽ നിന്നും ഒരു പാത്രം എടുക്കാനായി അമ്മുവിനെ ബന്ധുക്കളിൽ ഒരാൾ പറഞ്ഞു വിട്ടത്.അവൾ പിന്നാമ്പുറത്ത് വന്ന് ഷെഡിൽ നിന്നും പാത്രവും എടുത്ത് തിരിഞ്ഞതും അവളുടെ നഗ്നമായ ഇടുപ്പിൽ ക്രിസ്റ്റിയുടെ കൈപതിഞ്ഞു.ഞെട്ടിപ്പിടഞ്ഞ് അവൾ നോക്കിയതും ഒരു വഷളൻ ചിരിയോടെ ക്രിസ്റ്റി ഇടുപ്പിലെ പിടി മുറുക്കി. “ഹർഷന് നിന്നെ ഒറ്റക്ക് വേണമെന്ന്..അതിനാണെങ്കിൽ ഇത്രയും ദൂരം താണ്ടി ഞാൻ ഇവിടെ വരേണ്ട ആവശ്യം ഉണ്ടോ..

ഞാൻ അറിഞ്ഞതിന് ശേഷം ഹർഷൻ നിന്നെ തൊട്ടാൽ മതി” അമ്മു ആ കൈ തട്ടി മാറ്റാൻ ശ്രമിച്ചുകൊണ്ട് ചുറ്റും നോക്കി.അവിടെ ആരും ഇല്ലായിരുന്നു.എല്ലാവരും മുൻവശത്ത് പന്തലിൽ ആണ്.പെട്ടെന്നാണ് അവൾ കണ്ടത്..മുന്നിലെ ചാരുപടിയോട് ചേർന്ന് നിൽക്കുന്ന പെരമരത്തിൽ പിടിച്ചുകൊണ്ട് നിൽക്കുന്ന ആൽബിയെ..ഫോണിൽ ആരോടോ സംസാരിക്കുവാണ്..അവനെ കണ്ടതും അവൾക്ക് അവന്റെ വാക്കുകൾ ഓർമ വന്നു..”ദേഹത്ത് തൊടുന്നവന്റെ കരണം നോക്കി കൊടുക്കണം” പിന്നെ ഒട്ടും താമസിച്ചില്ല.അമ്മുവിന്റെ വലംകൈ അന്തരീക്ഷത്തിൽ ഒന്ന് ഉയർന്ന താഴ്ന്നു.

പ്രതീക്ഷിക്കാതെയുള്ള അടിയിൽ അവളുടെ ഇടുപ്പിൽ ഉള്ള പിടി വിട്ട് ക്രിസ്റ്റി പകച്ച്‌ നിന്നു.താക്കീതെന്നോണം അവനെ രൂക്ഷമായൊന്ന് നോക്കി അമ്മു അകത്തേക്ക് നടന്നു. ഇടത്തെ കവിൾ അമർത്തി തടവിക്കൊണ്ട് നിൽക്കുന്നവനെ കണ്ടതും വെറുതെ ചെവിയിലേക്ക് വെച്ചിരുന്ന ഫോൺ പോക്കറ്റിലേക്ക് ഇട്ടുകൊണ്ട് ഒരു ചിരിയോടെ ആൽബിയും പന്തലിലേക്ക് നടന്നു…. (തുടരും )

ആത്മിക: : ഭാഗം 7

Share this story