മധുരനൊമ്പരക്കാറ്റ്: ഭാഗം 2

മധുരനൊമ്പരക്കാറ്റ്: ഭാഗം 2

എഴുത്തുകാരി: പത്മപ്രിയ

വളരെ സന്തോഷത്തോടെ മുന്നോട്ട് പോയിക്കൊണ്ടിരുന്നു ജീവിതം. ഞങ്ങൾ മൂന്നാളും അടങ്ങുന്ന കൊച്ചു സ്വർഗം. അപ്പോഴും സ്വന്തം നാടും വീടും എന്നും ഒരു നോവായി അച്ഛന്റെയുള്ളിൽ ഉണ്ടായിരുന്നു. എനിക്ക് പറഞ്ഞു തരുന്ന കഥകളിൽ എല്ലാം അച്ഛന്റെ നാടും വീടും വീട്ടുകാരും നിറഞ്ഞു നിന്നു..എന്റെ ജനന ശേഷം ഒരിക്കൽ അച്ഛൻ വീട്ടിലേക്കു വിളിച്ചു.. കുഞ്ഞുണ്ടായ വിവരം അറിയിക്കാൻ… അന്ന് മുത്തശ്ശൻ ഒഴികെ മറ്റെല്ലാവരോടും സംസാരിച്ചു.. മുത്തശ്ശൻ ഇപ്പോഴും പിടിവാശിയിലാണെന്ന കാര്യം അച്ഛനെ ഒരുപാട് വേദനിപ്പിച്ചു.. പക്ഷെ അപ്പോഴും ഞാനും അമ്മയും ഉള്ളതായിരുന്നു അച്ഛന്റെ ഏറ്റോം വല്യ സന്തോഷവും ആശ്വാസവും….

എന്നാൽ ഈ സന്തോഷത്തിനു കരിനിഴൽ വീഴാൻ അധികം സമയമെടുത്തില്ല… എനിക്ക് 12 വയസുള്ളപ്പോൾ ഒരു മെഡിക്കൽ കോൺഫറൻസ് അറ്റൻഡ് ചെയ്യാനായി അച്ഛൻ ഡൽഹിക്ക് പോയി…5 ദിവസത്തെ കോൺഫറൻസ് ആയിരുന്നു.. അമ്മ എന്നത്തേയും പോലെ ഹോസ്പിറ്റലിലേക്ക് പോയിരുന്നു… എനിക്ക് ആ സമയം വെക്കേഷൻ ആയിരുന്നതിനാൽ ഞങ്ങളുടെ അപാർട്മെന്റിൽ തന്നെ താമസിക്കുന്ന അച്ഛന്റെ ഒരു ഫ്രണ്ട് മോഹൻ അങ്കിൾന്റെ ഫ്ലാറ്റിൽ ആക്കി ആണ് അമ്മ പോകാറ് … അവിടെ മോഹൻ അങ്കിൾന്റെ വൈഫ്‌ പാർവതി ആന്റിയും മകൻ അർജുനും ഉണ്ട്… കോൺഫെറെൻസിന്റെ 4-ആം നാൾ പതിവ് പോലെ അമ്മ എന്നെ അവരുടെ ഫ്ലാറ്റിൽ ആക്കി യാത്രപറഞ്ഞു പോയി…..

2 മണിക്കൂറുകൾക് ശേഷം ആന്റിക്ക് ഒരു കാൾ വന്നു… സംസാരിച്ചശേഷം കണ്ണു തുടച്ചുകൊണ്ട് നേരെ വന്നു ന്യൂസ്‌ ചാനൽ വെക്കുന്നത് കണ്ടു…. എന്താണെന്നു അറിയാൻ ഞാനും അതിലേക് മിഴികൾ നാട്ടി… “കൽക്കട്ടയിലെ ഫോർട്ടിസ് ഹോസ്പിറ്റലിൽ വൻ തീപ്പിടുത്തം.രാവിലെ 10:30 ഓടെ ആണ് 3 ആം നിലയിൽ നിന്നു തീയും പുകയും ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ഷോർട് സർക്യൂട്ട് ആണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.. ഈ വിപത്തിൽ 3 ഡോക്ടർമാർ ഉൾപ്പടെ 10 പേർ മരിച്ചു…50 il അധികം പേരെ അഗ്നിരക്ഷ സേന ഒഴിപ്പിച്ചു….” അന്ന് ആ വാർത്തയുടെ മുഴുവൻ അർത്ഥം എനിക്ക് മനസിലായില്ലെങ്കിലും എന്തോ അരുതാത്തത് സംഭവിക്കാൻ പോണു എന്നൊരു തോന്നൽ ഉണ്ടായിരുന്നു…

എന്നെ കൂട്ടി ഉടൻ തന്നെ മോഹൻ അങ്കിളും ഭാര്യയും എന്റെ ഫ്ലാറ്റിലേക് പോയി… എന്താ നടക്കുന്നതെന്ന് ചോദിക്കണം എന്ന് ഉണ്ടായിരുന്നെങ്കിലും സാധിച്ചില്ല.. അന്ന് രാത്രി അമ്മ ആ നേരം വരെയും തിരിച്ചെത്തിയില്ല എന്നത് എന്നിൽ ഭയം ജനിപ്പിച്ചു…അതിനെപ്പറ്റി ആന്റിയോട് ചോദിച്ചെങ്കിലും വരുമെന്ന് പറഞ്ഞു സമാധാനിപ്പിച്ചു എന്നെ നെഞ്ചോടടക്കി വീണ്ടും കരയുവായിരുന്നു…. പിറ്റേന്ന് രാവിലെ തന്നെ അച്ഛൻ തിരിച്ച് വന്നു…അച്ഛനെ കണ്ടതും അത്രയും നേരം അടക്കി വെച്ച സങ്കടവും പേടിയും അണപൊട്ടി ഒഴുകി… അച്ഛനും എന്നെ കെട്ടിപിടിച്ചു കരയുകയായിരുന്നു….

കുറച്ച് നേരം കൊണ്ട് ഫ്ലാറ്റിൽ ഒരുപാട് പേർ വന്നു പോകാൻ തുടങ്ങി…. എല്ലാം കണ്ടു എന്താ സംഭവിക്കുന്നതെന്ന് അറിയാതെ ആന്റിയുടെ പുറകിൽ പതുങ്ങി നിന്നു….വന്നവരെല്ലാം ആന്റിയോട് എന്നെ നോക്കി അടക്കം പറയുന്നതും, എന്നിലേക്ക് നീളുന്ന സഹതാപനോട്ടവും എല്ലാം എന്നിൽ എന്തെന്നില്ലാത്ത അസ്വസ്ഥത നിറച്ചു… അല്പം നേരം കഴിഞ്ഞ് അച്ഛനും മോഹൻ അങ്കിളും ഫ്ലാറ്റിലേക് വന്നു… പുറകെ കുറച്ച് ആൾകാർ ഒരു വലിയ പെട്ടി ചുമന്നുകൊണ്ട് വന്നു ഹാളിൽ വെച്ചു….. അച്ഛൻ വന്നു എന്നെ ചേർത്തു പിടിച്ചു പെട്ടിയുടെ അടുത്തേക്ക് നടന്നു…. എന്നിട്ട് പറഞ്ഞു മീനുട്ടി അമ്മ നമ്മളെ വിട്ടിട്ട് പോയി…. ഒരുപാട് ദൂരേക്ക്… ഇനി ഒരിക്കലും തിരിച്ചു വരില്ല എന്ന്….

അവസാനമായി ഒന്ന് കാണാൻ കൂടി സാധിക്കാതെ എന്നെയും അച്ഛനെയും ഒറ്റയ്ക്കാക്കി അമ്മ പോയി എന്നത് കുറച്ചൊന്നുമല്ല ഞങ്ങളെ തളർത്തിയത്….. ലോകം കീഴ്മേൽ മറിഞ്ഞ പോലെ ആയി…. അതിൽ നിന്നും കരകേറാൻ ഒരുപാട് സമയമെടുത്തു…..പിന്നീട് അച്ഛൻ ആയിരുന്നു എനിക്ക് എല്ലാം… എനിക്ക് അച്ഛനും അച്ഛന് ഞാനും… അതായി പിന്നീട് ഞങ്ങളുടെ ലോകം…. ആദ്യമൊക്കെ ഒരുപാട് കഷ്ടപാടുകൾ ആയിരുന്നു… ഒരു പെൺകുട്ടി വളർന്നു വരുന്ന സമയത്ത് ഒരുപാട് കാര്യങ്ങൾ പറഞ്ഞു തരാനും, തളരുമ്പോൾ താങ്ങാവനും അമ്മ എത്രത്തോളം ആവശ്യമാണ് എന്നത് ആ സമയത്താണ് ബോധ്യമായത്… പക്ഷെ അപ്പോഴും ആ കുറവ് അറിയിക്കാതിരിക്കാൻ എന്റെ അച്ഛൻ അന്നും ശ്രമിച്ചുകൊണ്ടേ ഇരുന്നു….

എല്ലാരും അച്ഛനെ മറ്റൊരു വിവാഹത്തിനെ കുറിച് ചിന്തിക്കാൻ പറഞ്ഞെങ്കിലും അച്ഛൻ അന്ന് എന്നെ ചേർത്തുപിടിച്ച് ഉറച്ച ശബ്ദത്തിൽ പറഞ്ഞു എന്റെ മീനുട്ടിക്ക് ഞാനും എനിക്ക് അവളും മതി ഇനിയങ്ങോട്ട് എന്റെ അവസാനം വരെയും എന്ന്…. അന്ന് മുതൽ പിന്നീടങ്ങോട്ട് അച്ഛനായിരുന്നു എനിക്ക് എല്ലാം… എന്റെ ഫ്രണ്ടും, അഡ്വൈസറും, റോൾ മോഡലും, ക്രൈം പാർട്ണറും, അങ്ങനെ എല്ലാ റോളുകളും അച്ഛൻ ഭംഗിയായി ഏറ്റെടുത്തു എന്റൊപ്പം കൂടിയിരുന്നു… എന്റെ കൂട്ടുകാർ പോലും അസൂയപ്പെടും വിധം ആയിരുന്നു ഞങ്ങളുടെ ബന്ധം…. അത്രയധികം കൊഞ്ചിച്ചും സ്നേഹിച്ചും ലാളിച്ചും കൈവെള്ളയിൽ കൊണ്ട് നടന്നിരുന്നു….

ഞങ്ങൾ തമ്മിൽ അറിയാത്തതായി പറയാത്തതായി ഒന്നും തന്നെ ഇല്ലായിരുന്നു…എന്റെ എല്ലാ തല്ലുകൊള്ളിത്തരത്തിനും, പിടിവാശിക്കും ഒപ്പം നിന്ന് അമ്മയുടെ കുറവ് ഒരിക്കൽ പോലും തോന്നിക്കാതെ സ്നേഹം കൊണ്ട് മൂടിയിരുന്നു ആ മനുഷ്യൻ….. എന്റെ 18 ആം വയസ്സിൽ സ്കൂൾ ജീവിതം അവസാനിച്ചു കൽക്കട്ട നഗരത്തോട് ഞങ്ങൾ വിട പറഞ്ഞു… അച്ഛൻ ബാംഗ്ലൂർ ഫോർട്ടിസ് ഹോസ്പിറ്റലിലേക് മാറി, എന്നെ അവിടെ തന്നെ IISc il BSc. Chemistry-ക്ക് ചേർത്തു …. ഞാൻ 2nd year പഠിക്കുമ്പോഴാണ് മുത്തച്ഛൻ മരിക്കുന്നത്… വർഷങ്ങൾക്ക് ശേഷം നാട്ടിൽ നിന്ന് അച്ഛനെ തേടിയെത്തിയത് ഈ വാർത്തയാണ്…അമ്മ മരിച്ച വിവരം വല്യച്ഛൻ വഴി വീട്ടിൽ അറിഞ്ഞിരുന്നെങ്കിലും അന്നും മുത്തച്ഛന്റെ പിടിവാശിയിൽ ഞങ്ങളെ ഒന്ന് അന്വേഷിക്കാൻ പോലും ആരും ശ്രമിച്ചില്ല…

അന്ന് ഉപേക്ഷിച്ചതായിരുന്നു അച്ഛൻ വീട്ടുകാരുമായുള്ള ഫോൺ സംഭാഷണം പോലും….അത്രമേൽ മുറിവേറ്റിരുന്നു ആ മനസ്സ് ….അമ്മയുടെ മരണശേഷം ഏകദേശം ഒരുവർഷക്കാലം എന്നെയും അടക്കിപിടിച്ചു പേടിച്ചാണ് അച്ഛൻ ജീവിച്ചത്… പ്രിയപ്പെട്ടതെല്ലാം കൈവെള്ളയിൽ നിന്ന് ഊർന്നു പോകുന്നു എന്ന തോന്നൽ അച്ഛനെ പിടിച്ചുലച്ചിരുന്നു….അതിൽ നിന്നും പുറത്ത് വന്നതും ജീവിച്ചതും പിന്നീട് എനിക്ക് വേണ്ടിയായിരുന്നു… അതിനാൽ ആ മനസ്സ് വേദനിക്കാൻ ഞാനും അനുവദിച്ചിരുന്നില്ല….. മുത്തച്ഛന്റെ മരണം അറിഞ്ഞിട്ടു പോലും അച്ഛൻ പോകുകയോ ആരെയെങ്കിലും വിളിച്ചു അന്വേഷിക്കുകയോ ചെയ്തിരുന്നില്ല.. അച്ഛനെ അറിയാവുന്നതിനാൽ നിർബന്ധിക്കാൻ ഞാനും ശ്രമിച്ചില്ല….

പിന്നീട് ഒരിക്കൽ അച്ഛനെ തേടി വീണ്ടും നാട്ടിൽ നിന്ന് ഫോൺ വന്നിരുന്നു…. മുത്തശ്ശി ആയിരുന്നു… അത്രയും വർഷക്കാലം ഒരമ്മ മകനെ കുറിച്ചോർത്തു നീറിയ കഥകളും വേദനകളും പങ്കുവെച്ചു കണ്ണീർ പൊഴിച്ചപ്പോൾ അച്ഛന് പിടിച്ചുനിൽക്കാനായില്ല…. അങ്ങനെയാണ് ആദ്യമായി ഞാൻ എന്റെ അച്ഛന്റെ നാട്ടിൽ കാലുകുത്തുന്നത്…. എന്റെ 22-ആം വയസ്സിൽ… മുത്തശ്ശിയുടെ പേരക്കുട്ടിയെ കാണണം എന്ന ആഗ്രഹം മാനിച്ചു… മണ്ണിന്റെ മണം ഉള്ള, പ്രകൃതിരമണീയമായ, ദൈവം കനിഞ്ഞു അനുഗ്രഹിച്ച നെന്മാറ….. 🍂🍂🍂🍂🍂🍂🍂🍂🍂

“അല്ല ആരിത് മീനാക്ഷി കുഞ്ഞല്ലയോ?? കാത്തിരിക്കുവായിരുന്നു ഞാൻ വരേണ്ട സമയം ആയല്ലോ എന്നോർത്ത് കവലയിലേക് ഇറങ്ങുവായിരുന്നു….” അമ്പലപ്പാട്ടെ മുറ്റത്ത് വന്നു നിന്ന വണ്ടിയിൽ നിന്ന് ഇറങ്ങിയതും കാര്യസ്ഥൻ രാമനുണ്ണി ചേട്ടൻ ചിരിയോടെ അടുത്തേക്ക് വന്ന് തിരക്കി…. അതിനു മറുപടിയായി നല്ലൊരു പുഞ്ചിരി വിരിയിച്ചു വണ്ടിയിൽ നിന്ന് ബാഗ്‌ എടുത്ത് തിരിയുമ്പോഴേക്കും കണ്ടു വണ്ടിക്കകത്തേക്ക് സംശയത്തോടെ എത്തി നോക്കുന്ന രാമനുണ്ണി ചേട്ടനെ…. കാര്യം തിരക്കിയപ്പോൾ കിട്ടിയ ചോദ്യം മനസിന്റെ കോണിൽ ചെറിയൊരു വേദന നിറയ്ക്കുന്നത് അറിഞ്ഞു…. “അല്ല കുഞ്ഞേ ഒറ്റയ്‌ക്കെ ഉള്ളോ? ഭർത്താവും കുട്ടികളും ഒന്നും വന്നിട്ടില്ലേ?”

എന്ന ചോദ്യത്തിന് ആദ്യം മനസിലേക്ക് ഓടിയെത്തിയത് ആ മുഖം ആണ്…. ചിരിക്കുമ്പോൾ ചെറുതാകുന്ന കാപ്പി കണ്ണുകളും, നീണ്ട മൂക്കും വെട്ടിയൊതുക്കിയ താടിയും, ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴിയും, മുഖത്തേക്ക് അലസമായി വീണു കിടക്കുന്ന നീണ്ട മുടിയും ആയി ആരെയും ആകർഷിക്കുന്ന സ്വഭാവവും , എല്ലാരുടേം പ്രിയപെട്ടവനുമായ തന്റെ മാത്രം പ്രാണനായി ഉള്ളിൽ പതിച്ച ആ ഒരുവൻ…. “മീനുട്ടി…” എന്ന വല്യമ്മയുടെ വിളിയാണ് ഓർമ്മകളിൽ നിന്ന് തിരികെയെത്തിച്ചത്… ഉമ്മറതേക്ക് നോക്കിയപ്പോൾ കണ്ടു നിറഞ്ഞ ചിരിയോടെ തന്നെ വരവേൽക്കാൻ തയ്യാറായി നില്കുന്നവരെ… വല്യമ്മ, വല്യച്ഛൻ, ലക്ഷ്മി അപ്പച്ചിയും,

വരദേച്ചിയും കുടുംബവും,സൗമ്യ ചേച്ചിയും കുടുംബവും, രമ്യയും അവളുടെ ഒക്കത്തിരുന്നു തന്നെ നോക്കി കൈ കൊട്ടി ചിരിക്കുന്ന പട്ടുപാവാടകാരി ഉണ്ടക്കണ്ണിയെയും… നിറഞ്ഞ കണ്ണുകൾ നേര്യത്തിന്റെ തലപ്പിൽ തുടച്ചുകൊണ്ട് വന്നു ചേർത്തു പിടിച്ചു വല്യമ്മ…. 6 വർഷങ്ങൾ… എല്ലാരിലും അതിന്റെതായ മാറ്റങ്ങൾ കാണാനുണ്ട്…. ഒരുപാട് പ്രായം ആയപോലെ… കണ്ണുകൾ കുഴിഞ്ഞു, ജരാനരകൾ ബാധിച്ച്… പഴയ വല്യമ്മയിൽ നിന്ന് രാവും പകലും പോൽ വ്യത്യസ്തം…. എല്ലാരുടേം പരിഭവവും പിണക്കവും പറഞ്ഞു തീർത്ത് ഊഴം രമ്യയിൽ എത്തിയപ്പോൾ മുഖം തരാതെ കുഞ്ഞിനേം എടുത്ത് വെട്ടിതിരിഞ്ഞു കോണിപടി കേറിപോകുന്നവളെ കാൺകെ നെഞ്ചം നീറി….

” സാരമില്ല മോളെ… പെട്ടെന്ന് ഒരു രാത്രി ആരോടും ഒന്നും പറയാതെ ഇവിടുന്ന് ഇറങ്ങിപോയതിന്റെ പരിഭവമാ അവൾക്…. നിങ്ങൾ എങ്ങനെ നടന്നോണ്ടിരുന്ന കുട്ട്യോളാ…. അവളോട് മിണ്ടാതെ പോയതിൽ ഉള്ള സങ്കടമാ…. മോള് ചെന്നൊന്നു സംസാരിച്ചാൽ തീരാവുന്നതേ ഉള്ളു… മനസ് വിഷമിപ്പിക്കാതെ മോള് ചെല്ല്… മുകളിലത്തെ മോൾടെ പഴേ മുറി വൃത്തിയാക്കി ഇട്ടിട്ടുണ്ട്…. ” കവിളിൽ മൃദുവായി തഴുകി അത്രയും പറഞ്ഞ വല്യമ്മയെ ചേർത്തു നിർത്തി അരുമയായി കവിളിലൊന്നു മുത്തി മുകളിലേക്കു ചെന്നു…. മുറിയുടെ വാതിൽ എത്തിയതും ഒന്ന് നിന്നു… ഹൃദയം വല്ലാണ്ട് മിടിക്കുന്നു… പഴയ ഒരുപാട് ഓർമ്മകൾ തികട്ടി വരുന്നു….

അവസാനമായി കരഞ്ഞോണ്ട് പടിയിറങ്ങുന്ന രംഗം ഓർമയിൽ തെളിഞ്ഞതും കണ്ണുകൾ ഇറുക്കി അടച്ചു ദീർഘമായി നിശ്വസിച്ചു ശേഷം വാതിൽ തള്ളി തുറന്നു…. പഴയതു പോൽ തന്നെ ഒരു മാറ്റവും ഇല്ല… അല്ലെങ്കിലും മാറ്റങ്ങൾ മനുഷ്യർക്കല്ലേ ഞൊടിയിടയിൽ സംഭവിക്കുന്നത്… ഇവിടെ മാറിയത് താൻ അല്ലെ…. ഭിത്തിയിൽ തൂക്കിയിരിക്കുന്ന അച്ഛന്റെയും അമ്മയുടെ ഒപ്പം നിൽക്കുന്ന 12 വയസ്സുകാരിയുടെ ചിത്രം കണ്ണുകൾ ഈറനാക്കി…. എന്തിനാ തനിച്ചാക്കി പോയതെന്ന് മൗനമായി അതിൽ നോക്കി പരിഭവിച്ചു…. 🍂🍂🍂🍂🍂

കുളിച്ചു ഫ്രഷ്‌ ആയി താഴെ എത്തിയപ്പോൾ കണ്ടു ഊണുമേശക്കു ചുറ്റും തനിക്കായി കാത്തിരിക്കുന്നവരെ…. നോട്ടം വലത്തേ അറ്റത്തേക്ക് ചെന്നപ്പോൾ കണ്ടു മേശപ്പുറത്തിരുന്ന് കുഞ്ഞി കാലിലെ കൊലുസിട്ടു കിലുക്കി കുഞ്ഞി തല ആട്ടി ആട്ടി വായിൽ വെച്ച് തരുന്ന ഓരോ ഉരുളയും വാങ്ങി കഥ പറഞ്ഞു കഴിക്കുന്ന കുട്ടികുറുമ്പിയെ….. അവൾക് ഓരോ ഉരുളയും ശ്രദ്ധാപൂർവം വായിൽ വെച്ച് കൊടുക്കുന്ന രമ്യയിലേക് നോട്ടം ചെന്നെത്തിയപ്പോൾ കണ്ടു തന്നെ കണ്ട ഭാവം പോലും നടിക്കാതെ പ്ലേറ്റിൽ മാത്രം ശ്രദ്ധിച്ചിരിക്കുന്നവളെ….. 🍂🍂🍂🍂🍂🍂🍂🍂🍂

മുത്തശ്ശി മരിക്കുന്നതിനു മുന്നേ തറവാടും മറ്റു സ്വത്തുക്കളും ഭാഗം വെച്ചിരുന്നു… അതിൽ അച്ഛനുള്ള പങ്ക് എന്റെ പേരിലാത്രെ എഴുതിവെച്ചിരിക്കുന്നത്… അതും അച്ഛന്റെ ബുദ്ധി ആയിരിക്കണം…. അച്ഛൻ ഇല്ലാണ്ടായാലും അച്ഛൻ ജനിച്ചു വളർന്ന മണ്ണിനേം അവിടത്തെ മനുഷ്യരേം മറക്കാതെ ഇരിക്കാൻ…. ഇവിടേക്ക് എന്നെങ്കിലും തിരിച്ചു വരാൻ….. തിരിച്ചു വരവ്…. ഈ മണ്ണിലേക്ക്…. ഒരിക്കലും ഉണ്ടാവരുതെന്നു ആഗ്രഹിച്ചതാണ്…. പ്രാർത്ഥിച്ചതാണ്… പലതും കാണാതെ ഇരിക്കാൻ… കണ്ടു ചങ്കു തകരാതെ ഇരിക്കാൻ…. അതിനുള്ള ധൈര്യം ഇല്ലായിരുന്നു… പക്ഷെ ഇപ്പോൾ അതും നടന്നിരിക്കുന്നു…..

ഭക്ഷണം കഴിച്ച ശേഷം വെറുതെ മുറ്റത്തും , തൊടിയിലും ഒക്കെ ഒന്ന് നടന്നു…. രമ്യയെ കൂടെ കൂട്ടണം അവളോട്‌ സംസാരിക്കണം എന്നൊക്കെ ഉണ്ടായിരുനെങ്കിലും കുഞ്ഞിപ്പെണ്ണ് ഉറക്കപ്പിച്ചിൽ കരച്ചിൽ തുടങ്ങിയപ്പോളേക്കും അവൾ കൂട്ടികൊണ്ട് പോയിരുന്നു…. നടത്തം ചെന്നവസാനിച്ചത് എന്റെ പ്രിയപ്പെട്ട സ്ഥലത്തും…. വെള്ളയും നീലയും ആമ്പലുകൾ നിറഞ്ഞ അമ്പലക്കുളം…. കുറച്ച് നേരം പടവിൽ ഇറങ്ങി കാലുകൾ വെള്ളത്തിലേക് ഇറക്കി വെച്ചിരുന്നു… തെളിഞ്ഞ തണുത്ത വെള്ളത്തിൽ കുഞ്ഞി മീനുകൾ കാലുകളെ വട്ടം ചുറ്റി ഇക്കിളിക്കൂട്ടി പോയിക്കൊണ്ടിരുന്നു…. തെളിനീരിലെ പ്രതിബിംബത്തെ നോക്കി ഭൂതകാല സ്മരണകളിലേക്ക് വീണ്ടും ഊളയിട്ടു…….. തുടരും…

മധുരനൊമ്പരക്കാറ്റ്: ഭാഗം 1

Share this story