അവന്തിക: ഭാഗം 10

അവന്തിക: ഭാഗം 10

എഴുത്തുകാരി: വാസുകി വസു

കിടക്കയിലേക്ക് വീണു തലയിണയെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു. എത്രയൊക്കെ ശ്രമിച്ചിട്ടും സങ്കടം സഹിക്കാൻ കഴിയുന്നില്ല. “ഇനിയൊരു വിവാഹം വേണ്ടാ വേണ്ടാന്ന് നൂറാവർത്തി കരുതിയതാണ്.ഇനിയൊരു നോവുകൂടി ഏറ്റുവാങ്ങാൻ കഴിവില്ല.ശിവദ് സാറിന്റെ പ്രണയം നോവോടെ തള്ളിക്കളഞ്ഞതും അതുകൊണ്ട് ആണ്.പക്ഷേ പ്രതീക്ഷിക്കാതെ സാറ് ഹൃദയം കീഴടക്കിയതോടെ മനസ്സിൽ പ്രണയത്തിന്റെ വിത്ത് പൊട്ടിമുളച്ചു. ” വേണ്ടീരുന്നില്ല..ഒന്നും വേണ്ടായിരുന്നു” തേങ്ങലിന്റെ ശക്തി കുറഞ്ഞിട്ടും അവിടെ തന്നെ കിടന്നു..എഴുന്നേൽക്കാൻ തോന്നിയില്ല.. ആകെയുള്ളൊരു കൂടപ്പിറപ്പ് ആണ്.. സ്നേഹിക്കണ്ടാ..ദ്രോഹിക്കാതിരിക്കാമല്ലോ. അതെങ്ങനെ അതവളുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്. “കണ്ണാ” അച്ഛന്റെ ശബ്ദം കേട്ടപ്പോൾ തലയുയർത്തി നോക്കി…അച്ഛൻ അരികിൽ നിൽക്കുന്നു. ഞാൻ ചാടി എഴുന്നേൽക്കാൻ ശ്രമിച്ചതും അച്ഛൻ തടഞ്ഞു.

“ന്റെ കുട്ടി കിടന്നോളൂ…എഴുന്നേൽക്കണ്ടാ” അച്ഛൻ എനിക്ക് അരികിലിരുന്ന് തലയിൽ തലോടി.. “ന്റെ കുട്ടിക്ക് സങ്കടമായല്ലേ..വാവ വന്നതല്ലേയുള്ളൂ..അവളുടെ വാശി ജയിക്കട്ടെ..രണ്ടും കൂടിയൊരു വഴക്ക് കൂടണ്ടാന്ന് കരുതിയാ അച്ഛൻ അങ്ങനെ പറഞ്ഞത്.വേറൊന്നും കരുതണ്ടാ കുട്ടിയേ.നീറണ നിന്റെ മനസ്സ് കാണുമ്പോഴെന്റെ ഉള്ളു പിടയാ” ഗദ്ഗദത്താൽ അച്ഛനു വാക്കുകൾ കിട്ടാതെ വന്നപ്പോൾ ഞാൻ എഴുന്നേറ്റു.. “അച്ഛാ സങ്കടപ്പെടേണ്ടാ ട്ടൊ..നിക്ക് സങ്കടല്യാ..പക്ഷേങ്കി എനിക്ക് ശിവദ് സാറിനെ വേണം..അത്രയേറെ സ്നേഹിച്ചു പോയി അച്ഛാ” അച്ഛന്റെ തോളിൽ തല ചായിച്ചു ഏങ്ങലടിച്ചു കരഞ്ഞു…എനിക്കറിയാം ഞാൻ സാറിനെ സ്നേഹിച്ചു തുടങ്ങിയെന്ന്..എന്റെ ഹൃദയത്തിനുള്ളിൽ ആൾ ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു. “അതെന്തായാലും അങ്ങനേ നടക്കൂ .ന്റെ കണ്ണൻ സങ്കടപ്പെടാതെ എഴുന്നേറ്റു വന്ന് ചായ കുടിക്ക്” “ഞാൻ വരാ ട്ടൊ അച്ഛാ..കുറച്ചു നേരം കൂടി കഴിയട്ടെ”

“കിടന്നോളൂ കുട്ടിയേ” അച്ഛൻ പതിയെ മുറിവിട്ടിറങ്ങി പോയി..ഞാൻ കുറച്ചു സമയം കൂടി കിടന്നു.. വല്ലാത്ത തലവേദന അനുഭവപ്പെട്ടപ്പോൾ എഴുന്നേറ്റു.. ചായ കുടിക്കണ സമയം കഴിഞ്ഞു. അടുക്കളയിൽ ചെന്ന് അടുപ്പ് കൂട്ടി കട്ടൻ ചായക്കുളള വെള്ളം വെച്ചു..വെളളം തിളച്ചപ്പോൾ പാകത്തിനു തേ യിലയും പഞ്ചസാരയും ചേർത്തിളക്കി ഇറക്കി വെച്ചു. രണ്ടു ഗ്ലാസിൽ കട്ടൻ ചായ പകർന്ന് ഒന്ന് അച്ഛനും ചേച്ചിക്കും കൊണ്ടു കൊടുത്തു. ഞാൻ ചെല്ലുമ്പോൾ ആരാധ്യ വേറെയേതൊ ലോകത്തായിരുന്നു. “ചേച്ചി കട്ടൻ ചായ” ഞാൻ ചായ ഗ്ലാസ് ആരാധ്യക്ക് നേരെ നീട്ടി. “എനിക്കൊന്നും വേണ്ടാ ബ്ലാക്ക് ടീ…” അവൾ ദേഷ്യപ്പെട്ടതും ഒന്നും പറയാതെ ഞാൻ പോകാനായി തിരിഞ്ഞു.. “കണ്ണാ….” സ്നേഹമൂറിയ വിളി..ചേച്ചി..ഞാനൊന്ന് ഞെട്ടാതിരുന്നില്ല..

എന്നെ അവളങ്ങനെ വിളിക്കാറില്ല.. എനിക്ക് അരികിലെത്തി അഭിമുഖമായി നിന്നു… “എന്നോട് ദേഷ്യമുണ്ടോ കണ്ണാ നിനക്ക്…പെട്ടന്ന് ഒരാണിനു പിന്നിൽ ബൈക്കിൽ നീ വന്നിറങ്ങിയപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല.സോറി” ചേച്ചി തന്നെയാണോ ഇങ്ങനെ സംസാരിക്കുന്നത്..എനിക്ക് അത്ഭുതം തോന്നി..സാധാരണ ആരാധ്യ ഇങ്ങനെയല്ല. “പ്രിയപ്പെട്ടവരെ ഒഴിവാക്കി പ്രണയിച്ചവന്റെ ഒപ്പം ഇറങ്ങിപ്പോയി..ഏതോ സ്വർഗ്ഗം പിടിച്ചടക്കിയ പ്രതീതി ആയിരുന്നു കണ്ണാ അന്ന്..പക്ഷേ എല്ലാം കഴിഞ്ഞു ഒരു കറിവേപ്പിലയായി വലിച്ചെറിയപ്പെട്ടപ്പോൾ എല്ലാവരിൽ നിന്നും ഓടിയൊളിക്കാനായിരുന്നു ആഗ്രഹിച്ചത്..അതാ ബാംഗ്ലൂരിൽ നിന്ന് വെക്കേഷനു പോലും നാട്ടിലേക്ക് വരാതിരുന്നത്..അച്ഛന്റെയും നിന്റെയും മുന്നിൽ നിൽക്കാനുള്ള യോഗ്യതയൊന്നും എനിക്കില്ല..

ആരെയും അഭിമുഖീകരിക്കാൻ കഴിയില്ലായിരുന്നു..വീടിനു ചീത്തപ്പേരുണ്ടാക്കിയവൾ” ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ടപ്പോൾ എന്റെ ഹൃദയം നൊന്തു..എത്രയൊക്കെ ആയാലും എന്റെ കൂടപ്പിറപ്പ് ആണ്. എനിക്ക് നോവും അവളുടെ കണ്ണുകൾ നിറഞ്ഞാൽ… “ചേച്ചി..അങ്ങനെയൊന്നും കരുതണ്ടാ ട്ടൊ..ഒരാളെ സ്നേഹിച്ചുവെന്നത് അത്ര തെറ്റല്ല..പക്ഷേ വിവാഹത്തിനു മുമ്പ് എത്ര പ്രാവശ്യം ചോദിച്ചതാ നിനക്ക് സമ്മതമാണോന്ന്.എല്ലാം സമ്മതിച്ചിട്ട് അവസാന നിമിഷം പോയപ്പോൾ ശരിക്കും ദേഷ്യമായിരുന്നു.നീ കാരണം എന്റെ ജീവിതം തകർന്നിട്ടും ഒരിക്കലും ശപിച്ചിട്ടില്ലാ ട്ടൊ.കൂടെ ചേർത്തു നിർത്താനേ ശ്രമിച്ചിട്ടുള്ളൂ” കരയരുതെന്ന് എത്ര കരുതിയട്ടും വിങ്ങിപ്പൊട്ടി.. അതമേൽ സങ്കടം ഉള്ളിൽ കുന്നുകൂടി കിടപ്പുണ്ട്. “ഒരുവാക്കിൽ തീരില്ലെന്ന് അറിയാം..

മാപ്പ് ചോദിക്കാനും അർഹതയില്ലെന്ന് അറിയാം.എന്നാലും ക്ഷമിച്ചു കൂടെ കണ്ണാ” ചേച്ചി ഏങ്ങലടിക്കുന്നത് കണ്ടപ്പോൾ എനിക്ക് പിന്നെയും സങ്കടമേറി..കൂടപ്പിറപ്പിനെ ഞാൻ ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കാൻ ശ്രമിച്ചു. “കരയരുത് ചേച്ചി..ഞാനും നീയും നമ്മുടെ അച്ഛനുമെല്ലാം ഒരുപാട് കണ്ണീരൊഴുക്കിയതാ..നീ തെറ്റുകൾ തിരിച്ചറിഞ്ഞല്ലോ അതുമതി” കണ്ണുനീരിലും പുഞ്ചിരിക്കുന്ന ആരാധ്യയുടെ മുഖം കണ്ടപ്പോൾ എന്റെ സങ്കടങ്ങൾ മഞ്ഞിലലിഞ്ഞു പോയിരുന്നു.. “ചേച്ചി വീടിനു പുറത്തേക്കൊക്കെ ഇറങ്ങണം..ഇതിനുള്ളിൽ അടച്ചു മൂടിയിരിക്കരുത്..എല്ലാവരെയും ഫേസ് ചെയ്യണം. ആദ്യമൊക്കെ ചിലരുടെ നോട്ടങ്ങളും വാക്കുകളും സഹതാപവും ബുദ്ധിമുട്ടിച്ചേക്കാം..

പിന്നീട് നമുക്കത് ശീലമായാൽ പ്രശ്നം ഇല്ല. ഞാനും വീട്ടിൽ അടച്ചു മൂടിയിരുന്നെങ്കിലോ ഇതുപോലെ എല്ലാവരിൽ നിന്നും ഓടിയൊളിച്ചിരുന്നെങ്കിലോ..ഇരുട്ടറയിൽ ഒതുങ്ങി പോയേനെ” ഞാൻ ചേച്ചിക്ക് ധൈര്യം പകരാൻ ശ്രമിച്ചു.. അവളിലൊരു പുത്തനുണർവ് ഞാൻ കണ്ടു.. “മാറണം ചേച്ചി നമ്മൾ..ചെയ്തു പോയൊരു തെറ്റിൽ കടിച്ചു തൂങ്ങി കിടന്നാൽ ജീവിതാവസാനം വരെ അങ്ങനെ ആയിപ്പോകും” “ഹ്മ്മ്മ്മ്… അവളിൽ നിന്നൊരു മൂളൽ മാത്രം ഉയർന്നു…അപ്പോഴാണ് വാതിക്കലൊരു തലവെട്ടം കണ്ടത്.. ” എന്താ പൊതുവാളേ മറഞ്ഞ് നിൽക്കണത്..മടിക്കാതെ അകത്തേക്ക് കയറി വന്നോളൂ..ഇവിടെ രഹസ്യമൊന്നും ഇല്ലാ ട്ടൊ” ഞാൻ പറഞ്ഞതും അച്ഛൻ അകത്തേക്ക് കയറി വന്നു..കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്..ഞങ്ങൾ സംസാരിച്ചത് മുഴുവനും കേട്ടിട്ടുണ്ടെന്ന് മുഖം കണ്ടാലറിയാം.

അച്ഛൻ ആരാധ്യക്ക് അരികിലെത്തി അവളുടെ തോളിൽ കൈവെച്ചു.. “ന്തിനാ കുട്ടി നീയിങ്ങനെ സ്വയമുരുകി ജീവിക്കണത..ഞങ്ങൾ എല്ലാവരും കൂടെയില്ലേ” “അച്ഛാ…എന്നോട് ക്ഷമിക്കണം’ കരച്ചിലോടെ ആരാധ്യ അച്ഛന്റെ കാൽപ്പാദങ്ങളിൽ വീണു.. ” ഹേയ്.. ന്താ വാവേ നീ കാണിക്കണേ..എഴുന്നേൽക്ക്..അച്ഛൻ എല്ലാം എന്നേ ക്ഷമിച്ചതാടാ” കുനിഞ്ഞ് അവളെ പൊക്കിയെടുത്ത് തോളിലേക്ക് ചായിച്ചു…അച്ഛന്റെ തോളിലൂടെ അവളുടെ കണ്ണുനീർ ചാലിട്ടൊഴുകി.. “കരയട്ടെ…ചേച്ചിയുടെ സങ്കടങ്ങൾ കരഞ്ഞു തീർക്കട്ടെ” കുറച്ചു സമയം കഴിഞ്ഞു ചേച്ചിയുടെ കരച്ചിൽ നേർത്തു വന്നു..അവൾ അച്ഛനോട് ചേർന്നു നിൽക്കുന്നതു കണ്ടു ഞാൻ കുശുമ്പു കുത്തി… “ഓ…മുത്തമോള് വന്നപ്പോഴേക്കും ഞാൻ പുറത്തായല്ലോ” “ഡീ കുറുമ്പി…ന്റെ കുട്ടി വന്നതല്ലേയുള്ളൂ..നീ എപ്പോഴും അച്ഛന്റെ കൂടെയല്ലേ..വാ കണ്ണാ” അച്ഛൻ കൈ നീട്ടിയതും മറുവശത്തേക്ക് ഞാനും ചേർന്നു..

“ഇപ്പോൾ എനിക്ക് രണ്ടു വശവും ഒരുപോലെയായി..എനിക്ക് ഇനിയും ജീവിക്കണം.. എന്റെ മക്കൾക്ക് മാത്രമായി…” അത്രയേറെ ആത്മാർത്ഥമായിരുന്നു അച്ചന്റെ വാക്കുകൾ… പിന്നീടുള്ള നിമിഷങ്ങൾ സന്തോഷപ്രദമായിരുന്നു…നഷ്ടപ്പെട്ടുവെന്ന് കരുതിയ ഉണർവ് ഞങ്ങളുടെ വീട്ടിലേക്ക് തിരിച്ചെത്തി..ചേച്ചിയും ഞങ്ങളുടെ കൂടി കൂടിയപ്പോൾ ഉത്സവ പ്രതീതിയായി.. അത്താഴം കഴിഞ്ഞു അച്ഛന്റെ കൂടെ ഞാനും ചേച്ചിയും കൂടി.. മുറ്റത്തെ നിലാവെട്ടത്തിൽ കസേരയിട്ടിരുന്നു ഞങ്ങൾ ഒരുപാട് സംസാരിച്ചു..കിടക്കുമ്പോൾ സമയം പന്ത്രണ്ട് മണി കഴിഞ്ഞിരുന്നു.. ഞാൻ എന്റെ മുറിയിലാണ് കിടന്നത്.കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചി വന്നത് എനിക്ക് അത്ഭുതമായി..

“എന്താ ചേച്ചി” ചോദിച്ചു കൊണ്ട് ഞാൻ എഴുന്നേറ്റു.. “നിന്റെ കൂടെയാ കിടക്കണത്” കുഞ്ഞും നാൾ മുതൽ ചേച്ചി തനിച്ചാണ് കിടന്ന് ഉറങ്ങുന്നത്..ഒറ്റക്ക് ഒരു മുറിയിൽ..അതാണവളുടെ സാമ്രാജ്യം.. ആരെയും അടുപ്പിക്കാറില്ല.. “അതിനെന്താ ചേച്ചി കിടന്നോളൂ” ഞാൻ ഒരുവശത്തേക്ക് മാറി കിടന്നു..എനിക്ക് സമീപമായി ചേച്ചിയും…കുറച്ചു കഴിഞ്ഞപ്പോൾ ഒരു കൈ നീണ്ടുവന്ന് എന്നെ ചുറ്റിപ്പിടിച്ചു… ചേച്ചി… ഞാനും അവളെ പൊതിഞ്ഞ് പിടിച്ചു.. ഊഷ്മളമായ സ്നേഹം ഞാൻ അനുഭവിക്കുകയായിരുന്നു.. “പെട്ടെന്ന് എനിക്ക് എല്ലാവരെയും കാണണമെന്ന് തോന്നി..അതാ ഉടനെ വന്നത്” ചോദിക്കാതെ ചേച്ചി മനസ്സ് തുറന്നു… “,നന്നായി ചേച്ചി..അച്ഛനത് വലിയൊരു ആശ്വാസമായി” പിന്നെയും കുറച്ചു നേരം കൂടി സംസാരിച്ചു…പതിയെ മയക്കം കണ്ണുകളെ മൂടി.. പതിവു പോലെ രാവിലെ എഴുന്നേറ്റു…

കുളിച്ചു ക്ഷേത്രത്തിലേക്ക് പോകാനൊയി ഒരുങ്ങിയപ്പോൾ ചേച്ചിയും ഉണർന്നു.. “എവിടേക്കാ കണ്ണാ” “ക്ഷേത്രത്തിലേക്കാ..ചേച്ചി വരണുണ്ടോ..ഭഗോതിയെ പ്രാർത്ഥിച്ചാൽ മനസ്സിലെ സങ്കടം അലിഞ്ഞു പോകും” “ഞാനും വരാം” “വേഗം കുളിച്ചിട്ട് വാ” ചേച്ചി എഴുന്നേറ്റു കുളിക്കുവാനായി പോയി..രാവിലെ എഴുന്നേൽക്കാൻ മടിയുളളവളാ ഒരുപാട് മാറിയിരിക്കുന്നു.. എനിക്ക് അഭിമാനം തോന്നി.. എന്നെ പോലെ ചേച്ചിയും ഹാഫ് സാരിയും ബ്ലൗസുമാണു ധരിച്ചത്..മേയ്ക്കപ്പ് ഒന്നൂല്ലാ..എന്തിനേറെ കണ്ണെഴുതി പൊട്ടു പോലും തൊട്ടട്ടില്ല..എന്നിട്ടും ഈ വേഷത്തിൽ ചേച്ചിയെത്ര സുന്ദരിയാ… അച്ഛനോട് അനുവാദം വാങ്ങി ഞങ്ങൾ ക്ഷേത്രത്തിലേക്ക് പോയി…ഒരുപാട് സമയം ചേച്ചി പ്രാർത്ഥനയിൽ മുഴുകി നിന്നു…തിരുമേനിയോട് കുശലം ചോദിച്ചു.. അതുകഴിഞ്ഞു ശ്രീ കോവിലിനു വലയം ചെയ്തു തൊഴുത് ഇറങ്ങിയപ്പോൾ നേരം നന്നേ പുലർന്നിരുന്നു..

എന്റെ കണ്ണുകൾ അറിയാതെ അരയാൽ ചുവട്ടിനു നേരെ ചെന്നു…ചുണ്ടിലൊരു മന്ദഹാസം വിരിഞ്ഞു… “ശിവദ് സാറ് പതിവു പോലെ നിൽക്കുന്നു…” ചെറിയൊരു മന്ദഹാസത്തോടെ സാറ് ഞങ്ങൾക്ക് അരികിലേക്ക് നടന്നു വന്നു…ആരെന്ന ഭാവത്തിൽ ആരാധ്യ എന്നെ നോക്കി.. “ശിവദ് സാറ്…എനിക്ക് ആലോചനയുമായി വന്നയാൾ” സാറിന്റെ പേര് കേട്ടപ്പോൾ അവൾക്ക് ആളെ മനസ്സിലായി..സാറിലായിരുന്നു ആ കണ്ണുകൾ… “അരാധ്യയല്ലേ …. ഞാൻ കണ്ടിട്ടുണ്ട്” സാറിന്റെ മറുപടി ചേച്ചിയെ അമ്പരപ്പിക്കാതിരുന്നില്ല.. “എവിടെ വെച്ച്” അവൾ പെട്ടന്ന് ചോദിച്ചു…. “നാട്ടിൽ വെച്ചൊക്കെ തന്നെ ” സാറ് ചിരിയോടെ പറഞ്ഞു… പതിയെ അവർക്കിടയിലെ അപരിചിതത്വം മറഞ്ഞ് ചിരപരിചിതരെ പോലെ സംസാരിച്ചു…സാറും ഞങ്ങളുടെ കൂടെ നടന്നു…. കുറച്ചു നാളുകൾക്ക് ശേഷം സന്തോഷത്തോടെ ചേച്ചി പൊട്ടിച്ചിരിക്കുന്നത് കേട്ടു..

സാറ് പറയുന്നതിനൊക്കെ അവൾ മതി മറന്നു ചിരിക്കുന്നു… പലപ്പോഴും അവരുടെ സംസാരത്തിനിടയിൽ ഞാൻ ഒറ്റപ്പെട്ടത് പോലെയായി…എന്നിൽ ഒരു അപരിചിതത്വം ഫീൽ ചെയ്തു.. അതെന്നിൽ ഭയമായി വേരൂർന്നിറങ്ങിയതും ഞാനാകെ അസ്വസ്ഥതതയായി… “സാറ് എന്നിൽ നിന്ന് അകന്നു പോകുമോ” അന്നാദ്യമായി ഞാനങ്ങനെ ചിന്തിച്ചു.. അതിനു കാരണം ചേച്ചിയും സാറും തമ്മിലുള്ള ചിരപരിചിതര പോലെയുളള സംസാരമായിരുന്നു ……. (തുടരും)

അവന്തിക: ഭാഗം 9

Share this story