നീ മാത്രം…❣️❣️ : ഭാഗം 23

നീ മാത്രം…❣️❣️ : ഭാഗം 23

എഴുത്തുകാരി: കീർത്തി

“എത്രയാ ന്നാ പറഞ്ഞേ? ” ഞാൻ ഒരിക്കൽ കൂടി ചോദിച്ചു. “20 തൗസൻഡ്‌. ” എത്ര നിസാരമായിട്ടാണ് ആ ചേച്ചി അത് പറഞ്ഞത്. ഇരുപതിനായിരം രൂപയുടെ മൊതലായിരുന്നോ ഭഗവാനെ ഇത്രയും നേരം ഞാൻ ദേഹത്ത് വെച്ച് ചന്തം നോക്കിയത്. നീയപ്പോ വല്ല്യ പുള്ളിയായിരുന്നു ലെ. ഞാനറിഞ്ഞില്ല…. എന്നോടാരും പറഞ്ഞില്ല. എന്നോട് ക്ഷമിക്കണം. എവിടെയെങ്കിലും പിടിച്ചു വലിക്കുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ മാപ്പ്. ഞാൻ ആ സാരിയെ ഭയഭക്തിബഹുമാനത്തോടെ നോക്കി മനസ്സിൽ പറഞ്ഞുകൊണ്ട് അതിനെ പതുക്കെ ഒന്ന് തലോടി. “ഇത് ഇവിടെ തന്നെ ഇരുന്നോട്ടെ ചേച്ചി. കല്യാണപ്പെണ്ണ് ഞാനല്ല. ദേ ഇവളാ. മാത്രവുമല്ല… കൂട്ടുകാരിടെ കല്യാണത്തിന് ഇത്രയും വിലയുടെ സാരി വാങ്ങാനുള്ള ബഡ്ജറ്റൊന്നും എനിക്കില്ല. ”

ശില്പയെ ചൂണ്ടി അത് പറഞ്ഞ് ഞങ്ങൾ അവിടുന്ന് പോന്നു. അവിടുന്ന് താഴേക്കുള്ള സ്റ്റെപ്പിറങ്ങാൻ തുടങ്ങുമ്പോൾ ഒന്നുകൂടി പിറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ സെയിൽസിലെ ചേച്ചി ആ സാരി മടക്കി വെയ്ക്കുന്നത് കണ്ടു. ഇഷ്ടപ്പെട്ട സാരി അവിടെ തന്നെ ഉപേക്ഷിച്ചു പോരേണ്ടി വന്നു. ആരാണാവോ ആ ഭാഗ്യവതി. എല്ലാം വാങ്ങിച്ചു കഴിഞ്ഞപ്പോൾ ശില്പ യാത്ര പറഞ്ഞു പോയി. ഒരിക്കൽ കൂടി എൻഗേജ്മെന്റ്ന് ക്ഷണിക്കുകയും ചെയ്തു. വീട്ടിലെത്തി ടീച്ചറമ്മയ്ക്കുള്ള ഓണക്കോടി ടീച്ചറമ്മയെ ഏൽപ്പിച്ചു. അപ്പോഴെല്ലാം ആ സാരി മാത്രം മനസ്സിലങ്ങനെ തെളിമയോടെ മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷമായിരുന്നു നാട്ടിലേക്കുള്ള ട്രെയിൻ. ഏതാണ്ട് ഏഴു മണിയോടുകൂടി ഇറങ്ങേണ്ട സ്റ്റേഷനിൽ എത്തി.

ഞങ്ങളെ കൂട്ടാൻ അച്ഛൻ അങ്ങോട്ട് വന്നിരുന്നു. വീട്ടിലെത്തിയതും യാത്രാക്ഷീണം കാരണം കുറച്ചു എന്തോ കഴിച്ചെന്നു വരുത്തി ഉറങ്ങാൻ കിടന്നു. ഗീതുവും ഞാനും ഒരുമിച്ചായിരുന്നു. ഉറങ്ങാനാണെന്നും പറഞ്ഞാണ് ഞങ്ങൾ കിടന്നത്. പക്ഷെ ഓഫീസിലെ ഓണം സെലിബ്രേഷനെക്കുറിച്ച് സംസാരിച്ച് കുറെ നേരം കിടന്നു. ഗീതുവിന് പറയാനുണ്ടായിരുന്നത് മുഴുവനും ആനന്ദേട്ടൻ സെലിബ്രേഷന് വന്നതിനെപ്പറ്റിയാണ്. പുകഴ്ത്തി പുകഴ്ത്തി അവള് അങ്ങേരെ ബഹിരാകാശത്ത് വരെ എത്തിച്ചു. അവൾ അതൊക്കെ പറയുമ്പോൾ എന്റെ മനസപ്പോഴും ആനന്ദേട്ടന്റെ ക്യാബിനിൽ കുരുങ്ങിക്കിടക്കുകയായിരുന്നു. അച്ഛനോട് നേരിട്ട് ചോദിക്കാമെന്ന ആനന്ദേട്ടന്റെ തീരുമാനം നല്ലത് തന്നെ. ഒരേ കമ്പനിയിലാണ് ജോലി ചെയ്യുന്നതെന്ന് അച്ഛൻ അറിഞ്ഞാൽ…..

പിന്നെ ഞങ്ങൾ തമ്മിൽ അതിന് മുന്നേ തന്നെ പരിചയമുണ്ടെന്ന് കൂടി അറിഞ്ഞാൽ….. ഒരുപക്ഷെ അച്ഛന് സംശയം തോന്നിയാൽ… ഞാൻ അച്ഛനെ പറ്റിക്കായിരുന്നു ന്ന് തോന്നില്ലേ? പേരിന് ഒരു വാക്ക് കൊടുത്തു അവരുടെ മുന്നിൽ അഭിനയിക്കായിരുന്നു ന്ന്. അച്ഛന്റെ മനസിലെ ആ കരട് നീക്കാൻ പിന്നെ എപ്പോഴാണ് പറ്റുക. അച്ഛന്റെ മനസ് വേദനിപ്പിച്ച് ആനന്ദേട്ടന്റെ കൂടെ സന്തോഷമായിട്ട് ഒരു നിമിഷം പോലും ജീവിക്കാൻ കഴിയില്ല. ചിന്തകൾ എപ്പോഴാണ് എന്നെ ഉറക്കത്തിലേക്ക് കൊണ്ടുപോയതെന്ന് അറിയില്ല. പാതിരാത്രിയിൽ എപ്പോഴോ മറുവശത്തേക്ക് തിരിഞ്ഞു കിടന്ന ഞാൻ തൊട്ടടുത്തു കിടന്ന ഗീതുവിനെ കെട്ടിപിടിച്ചു. അവളും എന്നെ തിരിച്ചു കെട്ടിപിടിച്ചതും പതിയെ കുറച്ചു കൂടെ തന്നിലേക്ക് ചേർത്തുപിടിക്കുന്നതും പാതിമയക്കത്തിലും ഞാനറിഞ്ഞു.

മൃദുലമായിരുന്ന ആ കൈകൾക്ക് അപ്പോൾ വല്ലാത്ത ബലം തോന്നി. പുഞ്ചിരിയോടെ കണ്ണുകൾ വലിച്ചുതുറന്ന് ഞാനവളെ തലയുയർത്തി നോക്കി. ജനലിലൂടെ അരിച്ചിറങ്ങിയ ആ നേരിയ നിലാവെളിച്ചത്തിൽ ആ മുഖം കണ്ട് ഞാൻ അമ്പരന്നു. ചുണ്ടിൽ പതിവ് കുസൃതിച്ചിരിയുമായി കണ്ണടച്ച് കിടക്കുന്ന ആനന്ദേട്ടൻ. സംശയിച്ച് ഞാൻ പിറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു തൊട്ടപ്പുറത്ത് സുഖസുന്ദരമായിട്ട് കിടന്നുറങ്ങുന്ന ഗീതുവിനെ. തിരിച്ചു വീണ്ടും ആനന്ദേട്ടന്റെ മുഖത്തേക്ക് നോക്കിയതും ആള് പെട്ടന്ന് കണ്ണുതുറന്നു. അപ്പോഴും പരസ്പരം കെട്ടിപിടിച്ചാണ് ഞങ്ങൾ കിടക്കുന്നതെന്ന തിരിച്ചറിവിൽ ആനന്ദേട്ടനെ തള്ളിമാറ്റി നിലവിളിച്ചുകൊണ്ട് ഞാൻ ബെഡിൽ നിന്നും ചാടിയെണീറ്റു.

“എന്താടി എന്തിനാ നിലവിളിച്ചെ? ” എന്റെ നിലവിളി കേട്ട് ഞെട്ടിയുണർന്ന ഗീതു ഉടനെ ലൈറ്റിട്ട് അടുത്ത് വന്നു ചോദിച്ചു. ഞാനപ്പോഴും ബെഡിലേക്ക് തന്നെ നോക്കി പേടിച്ചു നിൽക്കുകയായിരുന്നു. “ആ….. ആ…… ആ….. ” “നീയ്യെന്താടി ഈ പാതിരാത്രി അക്ഷരമാല ചൊല്ലിപഠിക്കാണോ? ” തൊണ്ടക്കുഴിയിൽ വെച്ച് ശബ്ദം ട്രാഫിക്കിൽ പെട്ടു. അതുകൊണ്ട് അല്ലെന്ന് ആംഗ്യം കാണിച്ചപ്പോൾ അവൾ വീണ്ടും എന്താണെന്ന് ചോദിച്ചു. “ആനന്ദേട്ടൻ ” ബെഡിലേക്ക് ചൂണ്ടുന്നതിനൊപ്പം സിഗ്നലിൽ നിന്ന് പുറത്തു വന്ന ശബ്ദം ആ പേര് മാത്രം പുറപ്പെടുവിച്ചു. “എവിടെ? ” “ദാ ഇവിടെ…. ഇവിടെ കിടക്കായിരുന്നു. ” “എന്നിട്ട് ഇപ്പോ എവിടെ? ” “ആാാ…. അറിയില്ല. ” എന്നാലും ഗീതു വേഗം റൂം മുഴുവനും അരിച്ചു പെറുക്കി. ആനന്ദേട്ടനെ പോയിട്ട് ഒരു ആനയെപോലും കണ്ടു കിട്ടിയില്ല.

പെട്ടന്ന് എന്തോ ഓർത്തപോലെ ഗീതു ഓട്ടിൻ പുറത്തേക്ക് നോക്കുന്നത് കണ്ടു. “ഏയ്‌… ഓടൊന്നും ഇളകിയിട്ടില്ല.” അവൾ സ്വയം പിറുപിറുത്തു. അപ്പോഴേക്കും വീട്ടിലെ ലൈറ്റെല്ലാം തെളിഞ്ഞു. വൈകാതെ റൂമിന്റെ വാതിലിൽ തട്ടും മുട്ടും കേൾക്കാൻ തുടങ്ങി ഒപ്പം കോറസ്സായി “മക്കളെ വാതിൽ തുറക്ക് ” ന്നുള്ള ഡയലോഗും. ഗീതു ചെന്ന് കതക് തുറന്നതും റോക്കറ്റ് വിട്ടത് പോലെ മുത്തശ്ശിയും അമ്മയും എന്റെ അടുത്തേക്ക് പാഞ്ഞുവന്നു. “എന്താ? എന്തിനാ മോള് നിലവിളിച്ചത്? ” “ആന്റി… അത്… അവളെന്തോ സ്വപ്നം കണ്ടതാ. ” രണ്ടാളും ടെൻഷനോടെ ചോദിക്കുന്നത് കേട്ട്, എന്ത് പറയുമെന്നറിയാതെ ഞാൻ മിണ്ടാതിരുന്നപ്പോൾ ഗീതുവാണ് മറുപടി പറഞ്ഞത്. അമ്മയും അച്ഛനും അത് കേട്ട് എന്നെ നോക്കിയപ്പോൾ ഞാനും അതെയെന്ന് തലയാട്ടി. എന്നെനോക്കി നിൽക്കുന്ന മുത്തശ്ശിടെ മുഖത്ത് പക്ഷെ ഒരു പുച്ഛഭാവമായിരുന്നു.

“കണ്ണിൽ കണ്ട പ്രേതസീരിയകൾ ഇരുന്ന് കണ്ടിട്ട് രാത്രി നിലവിളിച്ചാൽ മതി ലോ. ഇവള്ടെ കഴിഞ്ഞു. ഇനി അടുത്തത് അമ്മയാ.” അച്ഛൻ എന്നെയും മുത്തശ്ശിയേയുമാണ് ആ പറഞ്ഞത്. പ്രേതം യക്ഷിന്നൊക്കെ പറഞ്ഞാൽ ഞങ്ങൾക്ക് പണ്ടേ പെരുത്ത് ഇഷ്ടാ. അതാണ്. ശേഷം എന്നെയൊന്ന് ആശ്വസിപ്പിച്ച ശേഷം അച്ഛനും അമ്മയും കിടക്കാൻ പോയി. എന്നിട്ടും പോകാതെ നിന്ന മുത്തശ്ശിയോട് എന്താ ന്നുള്ള അർത്ഥത്തിൽ ഞാൻ തലയനക്കി ചോദിച്ചു. “കിടക്കാൻ നേരത്ത് അറിയാവുന്ന വല്ല ഈശ്വരനാമവും ചൊല്ലിയിട്ട് കിടക്കണം അല്ലെങ്കിൽ ഇങ്ങനെയൊക്കെ ഉണ്ടാവും. കേട്ടോടി? എന്നെക്കൂടെ കേൾപ്പിച്ചപ്പോൾ സന്തോഷമായല്ലോ? ” മുത്തശ്ശി എന്നോട് പറഞ്ഞ ആദ്യഡയലോഗ് കേട്ട് ഞാൻ അന്തം വിട്ടു നിന്നു.

ഗീതു വായ പൊത്തി ചിരിയടക്കുന്നതും കണ്ടു. അപ്പോൾ ഞാൻ പാവം ശില്പയെ ഓർത്തുപോയി. “നാണമില്ലാത്തവള്. അലറിവിളിച്ച് മനുഷ്യന്റെ ഉറക്കവും കളഞ്ഞു. മര്യാദക്ക് ന്റെ ഗോവിന്ദേട്ടനെയും സ്വപ്നം കണ്ട് അങ്ങേരെയും കെട്ടിപിടിച്ചു കിടന്നിരുന്ന ഞാനാ…. പെണ്ണിന്റെ അലർച്ച കേട്ട് അങ്ങേര് പോയി. ഇനിയിന്ന് വരുവോ എന്തോ? ” മുത്തശ്ശി മുകളിലേക്ക് നോക്കി പിറുപിറുക്കുന്നത് കേട്ട് ഞാനും ഗീതുവും വാ പൊളിച്ചു പോയി. എന്നെയൊന്ന് ഇരുത്തി നോക്കിയിട്ട് മുത്തശ്ശിയും പോയി. “കൊച്ചുമോള് ഇവിടെ ഒരുത്തനെ സ്വപ്നം കണ്ട് കിടക്കുന്നു, വേറൊരാള് അവിടെ. അല്ല.. ആരാടി ഈ ഗോവിന്ദേട്ടൻ? ” “നീ വെറുതെ തെറ്റിദ്ധരിക്കണ്ട. ന്റെ മുത്തശ്ശി അത്തരക്കാരി നഹീ ഹേ.

ആ പറഞ്ഞ ഗോവിന്ദേട്ടൻ ന്റെ മുത്തശ്ശനാണ് ആള്. സാക്ഷാൽ Late ഗോവിന്ദൻ നായർ. ” “നല്ല ചേർച്ചയുണ്ട്. ഗോവിന്ദേട്ടനും ആനന്ദേട്ടനും. ന്ദേട്ടൻ… ന്ദേട്ടൻ… ” “നീ അവിടെ ചേർച്ചയും നോക്കിക്കൊണ്ട് നിന്നോ ഞാൻ ഉറങ്ങാൻ പോണു. ” വേഗം ബെഡിൽ ചെന്നുകിടന്ന് പുതപ്പെടുത്ത് ദേഹത്തേക്ക് ഇട്ടുക്കൊണ്ട് ഞാൻ പറഞ്ഞു. “അയ്യടി….. എല്ലാവരുടേം ഉറക്കം കളഞ്ഞിട്ട് ഇപ്പൊ അവള് കിടന്നുറങ്ങാൻ പോവാണത്രെ. നീങ്ങി കിടക്കടി അങ്ങോട്ട്. ” കൂടെ വന്നു കിടക്കുന്നതോടൊപ്പം പുതപ്പിനു വേണ്ടിയുള്ള പിടിവലിയായി. ഒടുവിൽ എപ്പോഴോ കോംപ്രമൈസ് ആയി ഉറങ്ങി. പിറ്റേന്ന് രാവിലെ ആരോ ശക്തിയിൽ കുലുക്കിവിളിച്ചപ്പോഴാണ് ഉണർന്നത്. കണ്ണും തിരുമി എഴുന്നേറ്റ ഞാൻ കാണുന്നത് ഒരു കറുത്ത ചരടും പിടിച്ചു ആ വെപ്പ്പ്പല്ലും കാണിച്ച് ഇളിച്ചോണ്ട് നിൽക്കുന്ന മുത്തശ്ശിയെയാണ്.

നല്ല അസ്സല് കണി. ഗീതുവിനെ നോക്കിയപ്പോൾ ആള് എപ്പോഴോ എണീറ്റ് പോയിരിക്കുന്നു. “ദൈവമേ…. എന്റെ ഇന്നത്തെ ദിവസം പോയി. ” തലയ്ക്ക് കൈയും കൊടുത്ത് ഞാൻ പറഞ്ഞപ്പോൾ മുത്തശ്ശി ഒരൊറ്റ ആട്ടായിരുന്നു. ഞാൻ ബെഡിൽന്ന് തെറിച്ചു വീഴാഞ്ഞത് എന്റെ ഭാഗ്യം. ഇങ്ങനെയൊന്നും ആട്ടല്ലേ എന്റെ മുത്തശ്ശി.. പിന്നെ ആട്ടാൻ ആളുണ്ടാവില്ല. ഞാൻ മനസ്സിൽ പറഞ്ഞു. മുത്തശ്ശി കേൾക്കേ പറഞ്ഞാൽ ശെരിയാവില്ല. അതാ. “കൈ ഇങ്ങോട്ട് നീട്ടടി അസത്തെ രാത്രി മുഴുവനും കൂകിവിളിച്ചിട്ട് ഉച്ചവരെ കിടന്നുറങ്ങാ…. ആ കുട്ടിയെ കണ്ട്പഠിക്ക്. നേരത്തെ എണീറ്റ് കുളിച്ച് അമ്മയുടെ കൂടെ അടുക്കളയിലാണ്. നല്ല മോള്. ഇവിടൊരുത്തി ണ്ട്….. ബാക്കിയുള്ളോരടെ ഉറക്കം കളയാന്നല്ലാണ്ട് ഒരു ഉപകാരവും ഇല്ല. ഇതിനെ എത്രയും പെട്ടന്ന് കെട്ടിച്ചുവിടാൻ ബാലനോട് പറയണം.

പിന്നെ അവനും അവന്റെ വീട്ടുകാരും സഹിച്ചാൽ മതി ലൊ.” പറയുന്നതോടൊപ്പം മുത്തശ്ശി ആ ചരട് എന്റെ കൈയിൽ കെട്ടികഴിഞ്ഞിരുന്നു. “ഏത് ലവൻ? പോയി പണി നോക്കാൻ പറ. അങ്ങനെയിപ്പോ എന്നെ പെട്ടന്ന് കെട്ടിച്ചു വിട്ടിട്ട് ചെറുപ്പക്കാരി ഗോവിന്ദേട്ടനെ സ്വപ്നം കണ്ട് സുഖിക്കണ്ട. ഹോ… എന്താന്നല്ലേ….. ” “കിടക്കപായിൽ ഇരുന്ന് ന്യായം വെക്കാണ്ട് എഴുന്നേറ്റ് പോടീ….. ഇല്ലെങ്കിൽ ഞാനിപ്പോ ബാലനോട് വിളിച്ചുപറയും നീ കല്യാണത്തിന് സമ്മതിച്ചു ന്ന്. ” “എപ്പോ സമ്മതിച്ചു? ” “ദേ ഇപ്പൊ. ബാല്……” മുത്തശ്ശി അച്ഛനെ വിളിക്കാനുള്ള തയ്യാറെടുപ്പ് ആണെന്ന് മനസിലാക്കിയ ഞാൻ വേഗം ബെഡിൽ നിന്ന് ചാടിയെണീറ്റു വാഷ് റൂമിലേക്കോടി. കിട്ടാവുന്ന സ്പീഡിൽ പല്ല് തേപ്പും കുളിയുമെല്ലാം കഴിച്ച് മുത്തശ്ശിയുടെ മുന്നിൽ ഹാജർ വെച്ചു..

പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങളിൽ ആ ഒരു കാര്യം പറഞ്ഞ് ബ്ലാക്ക് മെയിൽ ചെയ്ത് മുത്തശ്ശി എന്നെക്കൊണ്ട് പലതും ചെയ്യിച്ചു. ഭീഷണിയിൽ പേടിച്ച് ഞാനും തിരിച്ചു കമാ ന്നൊരക്ഷരം മിണ്ടാതെ എല്ലാം അനുസരിച്ചുപോന്നു. അങ്ങനെ ബാലന്റെ ഈ ഒരേയൊരു മകളെക്കൊണ്ട് ബാലവേല ചെയ്യിച്ച് മുത്തശ്ശി ആ ഓണം ഗംഭീരമായി ആഘോഷിച്ചു. ഞങ്ങളും. ഇതിനിടയിൽ അച്ഛൻ വളരെ ഗൗരവമായി തന്നെ വിവാഹകാര്യം നോക്കുന്നതായി മുത്തശ്ശി പറഞ്ഞു. അതറിഞ്ഞപ്പോൾ ആനന്ദേട്ടനെക്കുറിച്ച് അച്ഛനോട് പറഞ്ഞാലോ ന്ന് പലവട്ടം ആലോചിച്ചതാണ്. പക്ഷെ അപ്പോഴെല്ലാം എന്തോ പറയാൻ കഴിയാതെ ആ ഉദ്യമം വേണ്ടന്ന് വെയ്ക്കുകയായിരുന്നു. പിന്നെ ഈശ്വരനിശ്ചയം പോലെ എല്ലാം നടക്കട്ടെയെന്ന് സ്വയം ആശ്വാസിച്ച് മനസിനെ സമാധാനിപ്പിച്ചു. ലീവ് കഴിഞ്ഞു പോരാൻ നേരത്ത് വല്ലാത്ത സങ്കടം തോന്നി.

ഓഫീസിലെ അവസ്ഥയിൽ പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടായിരുന്നില്ല. തിരക്കുകൾക്കിടയിലും ആനന്ദേട്ടൻ മുൻപത്തേതിലും കൂടുതൽ കുറുമ്പും കൊണ്ട് വന്നുകൊണ്ടിരുന്നു. എന്നാൽ ആദ്യമാദ്യം ആനന്ദേട്ടനെ ശാസിച്ചുകൊണ്ടിരുന്ന മനുവേട്ടനും എല്ലാ പിന്തുണയുമായി കൂടെ നിൽക്കുന്ന കാഴ്ചയാണ് എന്നെയേറെ അത്ഭുതപ്പെടുത്തിയത്. പെട്ടന്ന് ഇപ്പൊ എന്താ പറ്റിയത്. അന്ന് ഓണാഘോഷങ്ങൾ കഴിഞ്ഞു പോരുന്ന ദിവസം എന്നോട് അങ്ങനെയൊക്കെ പെരുമാറിയതിന് ആനന്ദേട്ടനോട്‌ ദേഷ്യപ്പെട്ട് ക്യാബിനിലേക്ക് കൊണ്ട്പോയ ആളാണ് ഇന്ന് ഇങ്ങനെ മാറുന്നത്. എവിടെയോ എന്തോ തകരാർ പോലെ…. കണ്ടുപിടിച്ചോളാം…….”തുടരും…. നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും. 

നീ മാത്രം…❣❣ : ഭാഗം 22

Share this story