ഭാഗ്യ ജാതകം: ഭാഗം 1

ഭാഗ്യ ജാതകം: ഭാഗം 1

എഴുത്തുകാരി: ശിവ എസ് നായർ

“ഈ ജാതകങ്ങൾ തമ്മിൽ ഒരു കാരണവശാലും ചേരാൻ പാടില്യ. ഇവർ തമ്മിൽ മരണപൊരുത്തമാണ് നാം കാണുന്നത്..” തന്റെ കയ്യിലിരുന്ന ഗ്രഹനില പരിശോദിച്ചു കൊണ്ട് വാമദേവൻ തിരുമേനി സുഭദ്ര തമ്പുരാട്ടിയോട് പറഞ്ഞു. അത് പറയുമ്പോൾ തിരുമേനിയുടെ മനസ്സിൽ ചില സംശയങ്ങൾ ഉടലെടുക്കുന്നുണ്ടായിരുന്നു. “ഈ ആലോചന വേണ്ടെന്നു വയ്ക്കുന്നതാണ് നല്ലതല്ലേ.” വിതുമ്പലോടെ അവർ ചോദിച്ചു. “അതേ… അതാണ് ഉചിതമായ തീരുമാനം. ഇവർ തമ്മിലുള്ള വിവാഹം നടന്നാൽ രണ്ടിലൊരാൾ ജീവനോടെ ഉണ്ടാവില്ല. രണ്ടുപേരുടെയും ഗ്രഹനില വച്ചു നോക്കിയാൽ അതിൽ കൂടുതൽ സാധ്യത പെൺകുട്ടിക്ക് തന്നെയാ. ഭാഗ്യം തുണച്ചാൽ മാത്രമേ കുട്ടിക്ക് മരണത്തെ അതിജീവിക്കാൻ കഴിയു.

അത് കഴിഞ്ഞാൽ പിന്നെ സമയം തെളിയും. പക്ഷേ ഇവിടെ ഒരു ഭാഗ്യപരീക്ഷണത്തിനു മുതിരാതിരിക്കുന്നതാണ് നല്ലത്. കാരണം ബന്ധുക്കൾ തന്നെയാണ് പെൺകുട്ടിയുടെ ശത്രുക്കൾ.” “എനിക്ക് എന്ത് ചെയ്യണമെന്നറിയില്ല തിരുമേനി. ഉണ്ണിയേട്ടൻ തന്നെ കൊണ്ട് വന്ന ആലോചനയാണിത്. ഉള്ളിൽ എന്തോ സംശയം തോന്നിയിട്ട് അദ്ദേഹം കാണാതെയാണ് ഞാൻ തിരുമേനിയെ കാണിക്കാനായി ഗ്രഹനില എടുത്തു കൊണ്ട് വന്നത്.” അത് പറയുമ്പോൾ സുഭദ്ര തമ്പുരാട്ടി നന്നായി വിയർക്കുന്നുണ്ടായിരുന്നു. “ഞാനൊരു കാര്യം പറഞ്ഞാൽ തമ്പുരാട്ടി ഞെട്ടരുത്. ” വാമദേവൻ തിരുമേനിയുടെ വാക്കുകൾ അവരെ ചിന്താ കുഴപ്പത്തിലാഴ്ത്തി. “എന്താ തിരുമേനി.?? എന്ത് കാര്യമാ??”

വിറയലോടെ സുഭദ്ര ചോദിച്ചു. “ഇന്നലെ സന്ധ്യ മയങ്ങിയ നേരത്ത് ഈ ഗ്രഹനിലയും കൊണ്ട് ഉണ്ണി തമ്പുരാൻ എന്നെ കാണാൻ വന്നിരുന്നു. ഗ്രഹനില വാങ്ങി നോക്കിയിട്ട് ഞാൻ തമ്പുരാനോട് പറഞ്ഞു. ഈ ആലോചന കുട്ടിക്ക് നോക്കാതിരിക്കുന്നതാണ് നല്ലതെന്നു. പക്ഷേ ഉണ്ണി തമ്പുരാൻ കുറച്ചധികം നോട്ടുകെട്ടുകൾ ദക്ഷിണയായി തന്ന ശേഷം ഇക്കാര്യം ആരും അറിയരുതെന്ന് പറഞ്ഞിട്ട് പോയി. എനിക്കൊന്നും മനസിലായില്ല… എന്നിരുന്നാലും ഇതത്ര നല്ലതിനല്ല എന്നെന്റെ മനസ്സ് പറയുന്നു. കുട്ടിയെ പറ്റി ഉണ്ണി തമ്പുരാൻ എന്തെങ്കിലും അറിഞ്ഞിട്ടാണോ എന്നെനിക്കറിയില്ല. പക്ഷേ ഈ വിവാഹം നടക്കരുത്. തമ്പുരാട്ടിയോട് ഇക്കാര്യം പറയണമെന്ന് കരുതിയിരിക്കുകയായിരുന്നു ഞാൻ… ഈ നോട്ടുകെട്ടുകൾ തമ്പുരാട്ടി തന്നെ വച്ചോളൂ. ” തലേ ദിവസം തമ്പുരാൻ കൊടുത്ത നോട്ടുകെട്ടുകൾ വാമദേവൻ നമ്പൂതിരി സുഭദ്ര തമ്പുരാട്ടിയുടെ കൈയിലേക്ക് വച്ചു കൊടുത്തു.

“പല്ലവിയെ പറ്റി ഉണ്ണിയേട്ടൻ അറിഞ്ഞിട്ടുണ്ടാകുമോ തിരുമേനി. അതോ ഇനിയെന്തെങ്കിലും സംശയം ആ മനസ്സിൽ തോന്നിയിട്ടാണോ??ആലോചിച്ചിട്ട് എനിക്കൊരു സമാധാനവും കിട്ടുന്നില്ല…. ” “എന്തെങ്കിലും അറിഞ്ഞിട്ടാണോ ഉണ്ണി തമ്പുരാൻ ഈ ആലോചനയും കൊണ്ട് വന്നിരിക്കുന്നത് എന്നെനിക്കറിയില്ല. പക്ഷേ എന്തോ ഒരു ചതി മണക്കുന്നുണ്ട്. തമ്പുരാനിൽ ഒരു ശ്രദ്ധ ഉണ്ടായിരിക്കുന്നത് നല്ലതാ. പിന്നെ ജാതകവശാൽ കുട്ടിക്ക് സമയം വളരെ മോശമാണ് ഇപ്പോഴും. അപകടം എങ്ങനെ ഏത് രൂപത്തിലും ഭാവത്തിലും സംഭവിക്കാം. അതുകൊണ്ട് കുട്ടിയെ ഇവിടുന്ന് എങ്ങോട്ടെങ്കിലും പറഞ്ഞയക്കുന്നതാണ് നല്ലത്. ഇവിടെ തുടർന്നാൽ ഉണ്ണി തമ്പുരാൻ അവളുടെ വേളി നടത്തും. ആട്ടെ അവർ എവിടുന്നു വന്ന കൂട്ടരാണെന്ന് അറിയോ തമ്പുരാട്ടിക്ക്.” “ഇല്ല തിരുമേനി… രണ്ടു ദിവസം മുൻപ് ആരോ ഉണ്ണിയേട്ടനെ കാണാൻ വന്നിരുന്നു. അയാളാണ് ഉണ്ണിയേട്ടന് ഈ ഗ്രഹനില കൈമാറിയതും.

ഒരുപക്ഷേ അയാൾ വഴി വന്ന ആലോചനയാകാനാണ് സാധ്യത. വരുന്ന ഞായറാഴ്ച ചെക്കനും കൂട്ടരും പെണ്ണുകാണാൻ വരുമെന്ന് മാത്രമേ എന്നോട് പറഞ്ഞുള്ളു. ആരാ എവിടുന്നാ എന്നൊക്കെ വരുമ്പോ അല്ലെ അറിയൂ.” “അവർ വരുന്നതും കാത്ത് നിൽക്കണ്ട. എത്രയും വേഗം തന്നെ മോളെ മറ്റെവിടേക്കെങ്കിലും മാറ്റിക്കോളൂ.” “ശരി തിരുമേനി… എന്നാ ഞാൻ ഇറങ്ങാ.” ഉടുത്തിരുന്ന നേര്യതിന്റെ തുമ്പ് തലവഴി പുതച്ചു കൊണ്ട് വാമദേവൻ തിരുമേനിയോട് യാത്ര പറഞ്ഞു സുഭദ്ര തമ്പുരാട്ടി അവിടെ നിന്നിറങ്ങി മാമ്പിള്ളി തറവാട് ലക്ഷ്യമാക്കി നടന്നു. മാമ്പിള്ളി തറവാടിന് അടുത്ത് തന്നെയാണ് വാമദേവൻ തിരുമേനിയുടെ ഇല്ലം. ഉണ്ണി തമ്പുരാൻ പുറത്ത് പോയ സമയം നോക്കിയാണ് ഗ്രഹനിലയും എടുത്തു കൊണ്ട് സുഭദ്ര തമ്പുരാട്ടി തിരുമേനിയെ കാണാനായി പോയത്. സൂര്യൻ അസ്തമിച്ചിരുന്നു.

നേരം ഇരുട്ടി തുടങ്ങി. വഴിയിൽ മഞ്ഞു വീഴ്ച കൂടുതലായിരുന്നു. തമ്പുരാൻ തിരിച്ചെത്തുന്നതിനു മുൻപ് തന്നെ തമ്പുരാട്ടിക്ക് തറവാട്ടിലെത്തണം. അവർ തന്റെ നടത്തതിന് വേഗത കൂട്ടി. സുഭദ്ര തമ്പുരാട്ടിയുടെ നീക്കങ്ങൾ എല്ലാം തന്നെ മറ്റൊരാൾ വീക്ഷിക്കുന്നുണ്ടായിരുന്നു. പക്ഷേ അവർ അതൊന്നും അറിഞ്ഞിരുന്നില്ല. അന്തരീക്ഷമാകെ മഞ്ഞു പുതച്ചു കിടക്കുകയാണ്. കിഴക്ക് നിന്നും വീശിയടിക്കുന്ന കാറ്റിൽ തമ്പുരാട്ടി തണുത്തു വിറച്ചു. അകാരണമായ ഒരു ഭയം അവരെ വലയം ചെയ്തിരുന്നു. പത്തു മിനിറ്റ് കൊണ്ട് തമ്പുരാട്ടി തറവാട്ടിനു മുന്നിലെത്തിച്ചേർന്നു. അപ്പോഴാണ് അവർക്ക് ശ്വാസം നേരെ വീണത്. പടിപ്പുര കടന്നു മുറ്റത്തേക്ക് പ്രവേശിച്ചപ്പോൾ തന്റെ മൂത്ത മകൾ പല്ലവി കോലായിൽ വിളക്ക് വയ്ക്കുന്നത് അവർ കണ്ടു. നിലവിളക്ക് കോലായുടെ നടുക്കായി വച്ച ശേഷം അവൾ തുളസിതറയിലും ദീപം തെളിച്ചു.

കണ്ണുകൾ അടച്ചു കൈകൾ കൂപ്പി നിഷ്കളങ്കതയോടെ പ്രാർത്ഥിക്കുന്ന പല്ലവിയെ നോക്കിനിൽക്കേ അവരുടെ കണ്ണുകൾ ഈറനണിഞ്ഞു. ഇരുപത്തിനാല് വയസ്സായി അവൾക്ക്. കാണാൻ അതിസുന്ദരിയായിരുന്നു അവൾ. നിതംബം കവിഞ്ഞൊഴുകുന്ന മുടി… വടിവൊത്ത ശരീരം… ആരെയും മയക്കുന്ന മിഴിയഴക്… നെറ്റിയിൽ എപ്പോഴും ഭസ്മക്കുറിയുണ്ടാകും. താമര വിടരുന്ന പോലത്തെ അധരങ്ങൾ. അല്പ സമയം അവളെ നോക്കി നിന്ന ശേഷം സുഭദ്ര തമ്പുരാട്ടി കിണറ്റിൻ കരയിലേക്ക് ചെന്ന് ഒരു തൊട്ടി വെള്ളമെടുത്തു കൈയും കാലും മുഖവും കഴുകി. പിന്നെ തൊടിയിൽ നിന്നും ഒരു വാഴയില ചീന്തിയെടുത്തു അടുക്ക് മുല്ലകൾ വിരിഞ്ഞു നിൽക്കുന്ന തെക്കേ മുറ്റത്തേക്ക് നടന്നു.

മാവിലേക്ക് പടർന്നു കിടക്കുന്ന മുല്ലവള്ളിയിൽ നിന്നും അവർ കുറച്ചധികം മുല്ലപ്പൂക്കൾ പറിച്ചെടുത്തു വാഴയിലയിലേക്കിട്ടു. പിന്നീട് ഒന്നും സംഭവിക്കാത്തത് പോലെ തമ്പുരാട്ടി മകളുടെ അടുത്തേക്ക് നടന്നു. കോലായിൽ ഇരുന്നു നാമം ജപിക്കുകയായിരുന്നു അവളപ്പോൾ. “നിന്റെ നാമജപം ഇതുവരെ കഴിഞ്ഞില്ലേ മോളെ??” അമ്മയുടെ ശബ്ദം കേട്ടതും അവൾ മുഖമുയർത്തി നോക്കി. കോലായുടെ ഒരു വശത്തേക്ക് പാദരക്ഷ ഊരിയിട്ട ശേഷം ഉമ്മറത്തേക്ക് കയറുന്ന സുഭദ്രയെ അവൾ കണ്ടു. “അമ്മ ഇത്രയും നേരം എവിടെ പോയേക്കുവായിരുന്നു. ഞാൻ എവിടെയൊക്കെ നോക്കി.??” ചോദ്യഭാവത്തിൽ പല്ലവി അമ്മയെ നോക്കി. “അച്ഛൻ പുറത്തേക്ക് പോയപ്പോൾ ഞാൻ തൊടിയിലേക്ക് ഇറങ്ങിയതായിരുന്നു.

തെക്കേ മുറ്റത്തെ മാവിൽ പടർന്നു പന്തലിച്ചു കിടക്കുന്ന മുല്ലപ്പൂ കണ്ടപ്പോൾ അതൂടെ പറിച്ചിട്ടു പോരാമെന്ന് കരുതി… അങ്ങനെ നേരം പോയതറിഞ്ഞില്ല.” “എനിക്ക് അമ്മയോടൊരു കാര്യം ചോദിക്കാനുണ്ടായിരുന്നു.” “എന്താ മോളെ..??” ആകാംക്ഷയോടെ സുഭദ്ര മകളെ നോക്കി. പല്ലവി എഴുന്നേറ്റു അമ്മയ്‌ക്കരികിലേക്ക് വന്നു. അമ്മയ്‌ക്കരികിലായി അവളിരുന്നു. “അച്ഛനെന്താ അമ്മേ എന്നോടൊരു അകൽച്ച പോലെ. പഴയ അച്ഛനല്ല ഇപ്പൊ കുറേ നാളായി ഞാൻ ശ്രദ്ധിക്കുന്നുണ്ട് അച്ഛനെ. ഞാൻ അടുത്തേക്ക് ചെല്ലുമ്പോൾ ദേഷ്യപ്പെട്ട് എഴുന്നേറ്റു പോകും. പാറുനോടും അച്ചുവിനോടും മാത്രമേ അച്ഛനിപ്പോ സ്നേഹമുള്ളൂ. വെറുക്കപ്പെട്ട ജന്തുവിനെ നോക്കുന്ന പോലെയാ അച്ഛനെന്നെ നോക്കുന്നത്. ”

അത്രയും പറഞ്ഞപ്പോൾ തന്നെ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. “അച്ഛനെന്താ ഇങ്ങനെയെന്ന് അമ്മയ്ക്കറിയില്ല മോളെ. പക്ഷേ അമ്മയ്ക്ക് നിങ്ങൾ മൂന്നുപേരും ഒരുപോലെ തന്നെയാ. ” സുഭദ്ര തമ്പുരാട്ടി മകളെ തന്റെ മാറോടു ചേർത്ത് വിതുമ്പി. മാമ്പിള്ളി തറവാട്ടിലെ സുഭദ്ര തമ്പുരാട്ടിക്കും ഉണ്ണി കൃഷ്ണൻ തമ്പുരാനും മൂന്നു മക്കളാണ്. മൂത്തവൾ പല്ലവി. രണ്ടാമത്തെ മകൾ പാർവതി. മൂന്നാമത്തെ മകൻ അർജുൻ. പാർവതി ഡിഗ്രിക്കും അർജുൻ പ്ലസ് ടു വിനുമാണ് പഠിച്ചിരുന്നത്. അവരെക്കൂടാതെ ഉണ്ണി തമ്പുരാന്റെ സഹോദരി ഊർമിളയും ഉത്തരയും അവരുടെ കുടുംബവും അവിടെ തന്നെയായിരുന്നു താമസം. ഉത്തരയുടെ ഭർത്താവ് മരിച്ചു പോയി. ഊർമിളയുടെ ഭർത്താവ് അളിയനെ സഹായിച്ചു കൊണ്ട് തറവാട്ടിൽ തന്നെ കഴിഞ്ഞു കൂടി. അവരുടെ മക്കളൊക്കെ പുറത്താണ്.

മാമ്പിള്ളി തറവാട് സുഭദ്ര തമ്പുരാട്ടിയുടേത് ആയിരുന്നെങ്കിലും അവർക്ക് അവിടെ സ്വന്തമായി ഒരു അഭിപ്രായം എടുക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ലായിരുന്നു. ഭർത്താവിനെ ഭയന്നാണ് അവരവിടെ കഴിഞ്ഞു പോന്നിരുന്നത്. പല്ലവിയെ ഓർത്താണ് എല്ലാം സഹിച്ചും ക്ഷമിച്ചും സുഭദ്ര തമ്പുരാട്ടി ജീവിക്കുന്നത്. മൂന്നു മക്കളിൽ പല്ലവിയെ ആയിരുന്നു ഉണ്ണിതമ്പുരാൻ ഏറെ സ്നേഹിച്ചതും ലാളിച്ചു ഓമനിച്ചു വളർത്തിയതും. പെട്ടെന്നൊരു ദിവസം മുതൽ പ്രിയപ്പെട്ട മകളെ അച്ഛൻ വെറുക്കാനുണ്ടായ കാരണം ആർക്കുമറിയില്ല. ഏകദേശം രണ്ടു വർഷമാകും ഉണ്ണി തമ്പുരാനിൽ ഈ മാറ്റം വന്നിട്ട്.

അച്ഛനിൽ പ്രത്യക്ഷമായ മാറ്റങ്ങൾ പല്ലവിയെ ഒരുപാട് വേദനിപ്പിച്ചു. എങ്കിലും അവൾ ആരോടും പരാതി പെട്ടില്ല. ഭർത്താവിന്റെ മാറ്റങ്ങൾ എല്ലാം തന്നെ സുഭദ്ര ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എങ്കിലും അവൾ അയാളോടൊന്നും ചോദിച്ചിരുന്നില്ല. അത്താഴ സമയത്താണ് പുറത്തു പോയ ഉണ്ണി തമ്പുരാൻ മാമ്പിള്ളി തറവാട്ടിലേക്ക് മടങ്ങിയെത്തിയത്. സുഭദ്ര എല്ലാവർക്കും അത്താഴം വിളമ്പി. അപ്പോഴാണ് മുരടനക്കി കൊണ്ട് ഉണ്ണി തമ്പുരാൻ എല്ലാവരെയും ഒന്ന് നോക്കിയത്. എല്ലാവരുടെയും ശ്രദ്ധ അയാളിൽ മാത്രമായി. “പല്ലവിക്ക് ഒരു ആലോചന ഒത്തു വന്നിട്ടുണ്ട്. രണ്ടു ദിവസം മുൻപ് പയ്യന്റെ വീട്ടിലെ കാര്യസ്ഥനാണ് ഇക്കാര്യം ഇവിടെ വന്ന് അവതരിപ്പിച്ചത്. പയ്യന്റെ വീട്ടുകാർ അവളെ അമ്പലത്തിൽ വച്ചു കണ്ടിട്ടുണ്ട്.

അങ്ങനെ ആണ് അവർ കാര്യസ്ഥനെ ഇങ്ങോട്ട് വിട്ടത്. നമുക്ക് കുഴപ്പമില്ലെങ്കിൽ ഞായറാഴ്ച ചെക്കനും കൂട്ടരും പെണ്ണ് കാണാൻ വരാമെന്നു പറഞ്ഞു. ഞാൻ അവരോട് വരാൻ പറഞ്ഞിട്ടുണ്ട്. നല്ല കൂട്ടരാണ്.” എല്ലാം കേട്ടുകൊണ്ട് സുഭദ്രയ്ക്കരികിൽ മിണ്ടാതെ നിൽക്കുകയായിരുന്നു പല്ലവി. “എന്താ മോളെ നിനക്ക് എന്തെങ്കിലും ഇഷ്ടക്കേട് ഉണ്ടോ??” അച്ഛന്റെ ചോദ്യം കേട്ടതും പല്ലവി ഞെട്ടലോടെ അയാളെ നോക്കി. കുറേ നാളിനു ശേഷമാണ് ആ നാവിൽ നിന്നും മോളേന്നൊരു വിളി കേൾക്കുന്നത്. മറ്റുള്ളവരുടെ മുൻപിൽ വച്ച് ഉണ്ണി തമ്പുരാൻ അവളോട്‌ അകൽച്ച കാണിക്കാറില്ല. എങ്കിലും ഇപ്പോഴുള്ള അയാളുടെ പെരുമാറ്റത്തിൽ അവൾക്ക് അതിശയം തോന്നി. “നീയെന്താ ഒന്നും പറയാത്തത്??

നിനക്കെന്തെങ്കിലും ഇഷ്ടക്കേട്.??” ഉണ്ണി കൃഷ്ണൻ ചോദ്യം ആവർത്തിച്ചു. “അച്ഛന്റെ ഇഷ്ടം പോലെ…” അത് പറഞ്ഞു കൊണ്ടവൾ തന്റെ മുറിയിലേക്ക് പോയി. ഉണ്ണികൃഷ്ണൻ അത്താഴം മതിയാക്കി എഴുന്നേറ്റു കൈകഴുകി. അടുക്കളയിലെ പണിയെല്ലാം ഒതുക്കി വച്ച ശേഷം സുഭദ്ര പല്ലവിയുടെ മുറിയിലേക്ക് ചെന്നു. “മോളെ….” കട്ടിലിൽ കമഴ്ന്നു കിടക്കുകയായിരുന്നു പല്ലവി. അമ്മയുടെ വിളി കേട്ടവൾ തലയുയർത്തി നോക്കി. “എന്താ അമ്മേ…??” “നീ ഇന്ന് രാത്രി തന്നെ ഇവിടുന്നു പോണം…” അമ്മയുടെ വാക്കുകൾ കേട്ട് പല്ലവി ഞെട്ടി. “എങ്ങോട്ട് പോകാനാ..?? ഞാൻ എന്തിനു ഇവിടം വിട്ട് പോണം..” ഒന്നും മനസിലാകാതെ അവൾ അമ്മയെതന്നെ നോക്കി ഇരുന്നു. “ഇപ്പൊ മോള് അമ്മയോടൊന്നും ചോദിക്കരുത്. അച്ഛൻ കൊണ്ടുവന്ന ഈ ആലോചന നടക്കാൻ പാടില്ല. അതിനു നീയിവിടുന്ന് പോയേ തീരു.

അമ്മയ്ക്ക് ഇവിടെ ചില കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. സമയമാകുമ്പോൾ ഞാൻ നിന്നോടെല്ലാം പറയാം. എനിക്കെന്തെങ്കിലും സംഭവിച്ചാലും വേണ്ടില്ല… നീ ജീവനോടെ ഉണ്ടാവണം… ഈ വിവാഹം നടന്നാൽ നിന്നെ ചിലപ്പോ ഈ അമ്മയ്ക്ക് ജീവനോടെ കാണാൻ കഴിഞ്ഞുവെന്ന് വരില്ല…” “അമ്മ എന്തൊക്കെയാ ഈ പറയുന്നത്.??” പല്ലവി കരച്ചിലിന്റെ വക്കോളാം എത്തിയിരുന്നു. “എറണാകുളത്തു അമ്മയുടെ ഒരു കൂട്ടുകാരി ഉണ്ട്. മോള് കുറച്ചു നാൾ അവിടെ നിൽക്കണം. ഇവിടെ എനിക്ക് ചെയ്തു തീർക്കാൻ കുറച്ചേറെ കാര്യങ്ങൾ ഉണ്ട്. അത് കഴിഞ്ഞാൽ അമ്മ വരും മോളെ കാണാൻ. അപ്പോൾ ഞാൻ എല്ലാം പറയാം. ഇപ്പൊ നീ ഇവിടുന്നു രക്ഷപ്പെടുന്നതിനെ പറ്റി മാത്രം ചിന്തിച്ചാൽ മതി.”

മനസ്സില്ലാമനസോടെ അവൾ അമ്മ പറഞ്ഞതൊക്കെ തല കുലുക്കി സമ്മതിച്ചു. “നമ്മുടെ ഈ തറവാട് വിട്ട് ഞാൻ എങ്ങോട്ടും പോയിട്ടില്ലല്ലോ അമ്മേ. ഈ ഇരുട്ടിൽ ഞാൻ ഒറ്റയ്ക്ക് എങ്ങനെ അത്രയുംദൂരം ??” അവളുടെ കണ്ണുകൾ ഭയം നിഴലിച്ചു. സ്കൂൾ കാലം മുതൽ ഡിഗ്രി വരെ മാമ്പിള്ളി തറവാട്ടിനു അടുത്ത് തന്നെയാണ് അവൾ പഠിച്ചത്. ആ നെല്ലനാട് ഗ്രാമം വിട്ട് അവൾ എങ്ങും പോയിട്ടില്ല. വല്ലപ്പോഴും ദൂരെയുള്ള ബന്ധുക്കളുടെ വിവാഹത്തിന് പോയിട്ടുള്ളതും കാറിലാണ്. തറവാടും അമ്പലവും മാത്രമാണ് അവളുടെ ലോകം. ഡിഗ്രി കഴിഞ്ഞു അവൾ പിന്നീട് തറവാട്ടിൽ തന്നെ ഒതുങ്ങി കൂടി. പെണ്ണുങ്ങൾക്ക് അത്രയും പഠിപ്പ് തന്നെ കൂടുതൽ ആണെന്നാണ് അവളുടെ അമ്മായിമാർ അവളോടു പറയുന്നത്.

അവരൊന്നും പത്താം ക്ലാസ്സ്‌ പോലും പാസ്സായിട്ടില്ല. അതുകൊണ്ട് പല്ലവിയെ മുൻപോട്ട് പഠിപ്പിക്കാൻ സമ്മതിക്കാതെ അവർ തടസ്സം നിന്നു. ഉണ്ണികൃഷ്ണനും അതേ അഭിപ്രായക്കാരനായിരുന്നു. പഴഞ്ചൻ ചിന്താഗതിക്കാർ. “ഇവിടുന്നു നിന്നെ ഞാൻ സ്റ്റാൻഡിലേക്ക് ബസ് കയറ്റി വിടാം. അവിടുന്ന് എറണാകുളത്തേക്ക് എപ്പോഴും ബസ് ഉണ്ടാവും. ഇവിടുന്ന് രണ്ടു മണിക്കൂർ ഉണ്ട് ബസ് സ്റ്റാൻഡിലേക്ക്. അവിടുന്ന് എറണാകുളത്തേക്ക് അഞ്ചു മണിക്കൂർ. നേരം പുലരുമ്പോൾ മോള് അവിടെ എത്തും. പിന്നെ അവിടുന്ന് നീ മാലതിയുടെ വീട്ടിലേക്ക് പോണം. അവളുടെ അഡ്രസ്സും ഫോൺ നമ്പറും ഞാൻ മോൾക്ക് തരാം. നിന്നെ ഇവിടുന്നു രക്ഷപ്പെടുത്താൻ എന്റെ മുന്നിൽ വേറെ വഴിയില്ല…” “അമ്മേ നമ്മൾ ഇവിടുന്നു ഇറങ്ങുന്നത് ആരെങ്കിലും കണ്ടാലോ?? ” പല്ലവിക്ക് അപ്പോഴും ഭയമായിരുന്നു.

“ആരും കാണില്ല… ഇപ്പൊ തന്നെ എല്ലാവരും ഉറക്കം പിടിച്ചു കാണും. അത്താഴ സമയത്തു ഞാൻ ആഹാരത്തിൽ ഉറക്ക ഗുളിക പൊടിച്ചു ചേർത്തിരുന്നു. ” “അപ്പോൾ അമ്മ എല്ലാം നേരത്തെ തീരുമാനിച്ചുറപ്പിച്ചിരുന്നു അല്ലെ??” “അതേ മോളെ…. അച്ഛന്റെ മാറ്റങ്ങൾ ഞാൻ കുറേ നാളായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പിന്നെ നിനക്ക് കൊണ്ട് വന്ന ആ വിവാഹാലോചനയിലും അമ്മയ്ക്ക് സംശയം ഉണ്ടായിരുന്നു. അതിനെപ്പറ്റി അച്ഛൻ ഒരു വാക്കു പോലും എന്നോട് പറഞ്ഞിരുന്നില്ല. പയ്യന്റെ വീട്ടിൽ നിന്നും കൊടുത്തു വിട്ട ഗ്രഹനിലയും നിന്റെ ഗ്രഹനിലയും ഞാൻ വാമദേവൻ തിരുമേനിയെ കാണിച്ചിരുന്നു. അദ്ദേഹമാണ് നിന്നിയിവിടെ നിന്ന് എത്രയും പെട്ടന്ന് മാറ്റണമെന്ന് നിർദേശിച്ചതും.

ഉണ്ണിയേട്ടന്റെ മനസ്സിൽ എന്താണെന്ന് എനിക്കറിയില്ല. പക്ഷേ അറിഞ്ഞുകൊണ്ട് എന്റെ മോളെ ഒരു ചതിക്കുഴിയിലേക്ക് തള്ളി വിടാൻ ഞാൻ ഒരുക്കമല്ല.” തിരുമേനി പറഞ്ഞ കാര്യങ്ങൾ സുഭദ്ര തമ്പുരാട്ടി അവളോട്‌ പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഇനിയും അവിടെ നിൽക്കുന്നത് ആപത്താണെന്ന് അവൾക്ക് തോന്നി. അമ്മയുടെ തീരുമാനത്തോട് അവളും അനുകൂലിച്ചു. പിന്നെ എല്ലാം വേഗത്തിലായിരുന്നു. ആവശ്യമുള്ള ഡ്രെസ്സും സർട്ടിഫിക്കറ്റും എല്ലാം പല്ലവി ഒരു ബാഗിലേക്ക് എടുത്തു വച്ചു. തറവാട്ടിൽ മറ്റുള്ളവർക്ക് സംശയം തോന്നാതിരിക്കാനായി അമ്മയുടെ നിർദേശ പ്രകാരം അവൾ തനിക്ക് ഇഷ്ടപെട്ട ഒരാളോടൊപ്പം പോവുകയാണെന്ന് ഒരു കത്തെഴുതി വച്ചു. മാമ്പിള്ളി തറവാട്ടിലെ ലൈറ്റുകൾ എല്ലാം അണഞ്ഞു. തറവാടും പരിസരവും അന്തകാരത്തിൽ പൂണ്ടു കിടന്നു. ഇരുളിന്റെ മറവ് പറ്റി തന്റെ ബാഗ് മാറോടടുക്കിപ്പിടിച്ചു കൊണ്ട് പല്ലവി അമ്മയ്ക്ക് പിന്നാലെ നടന്നു. നിഴലുകളുടെ മറ പറ്റി ഒരാൾ അവരെ പിന്തുടരുന്നത് ഇരുവരും അറിഞ്ഞിരുന്നില്ല. തുടരും..

Share this story