മധുരനൊമ്പരം…..🍒🍒 : ഭാഗം 25

മധുരനൊമ്പരം…..🍒🍒 : ഭാഗം 25

എഴുത്തുകാരി: റിൻസി പ്രിൻസ്‌

മുന്നിൽ നിൽക്കുന്ന ജോജിയെ കണ്ടപ്പോൾ ഒരു നിമിഷം അവൾ പകപ്പോടെ നോക്കി….. “ഇതെന്താ ഇവിടെ…..? “നീയല്ലേ പൊറോട്ടയും ബീഫും കഴിക്കാൻ ഭയങ്കര കൊതി വരുന്നു എന്ന് പറഞ്ഞത്….. കയ്യിലിരുന്ന കവർ പൊക്കി കാണിച്ചു കൊണ്ട് അവൻ പറഞ്ഞപ്പോൾ അവൾ അത്ഭുത പൂർവ്വം അവനെ തന്നെ നോക്കിയിരുന്നു….. ” ആദ്യമായിട്ട് സ്നേഹിക്കുന്ന പെണ്ണ് ഒരു ആഗ്രഹം പറഞ്ഞിട്ട് അത് സാധിച്ചു കൊടുക്കാൻ പറ്റിയില്ലെങ്കിൽ ഞാൻ ഈ മൂക്കിനുതാഴെ രോമം വെച്ച് നടക്കുന്നതിൽ എന്തെങ്കിലും അർത്ഥമുണ്ടോ മോളെ…? തമാശയോടെ അവൻ അത് അവളുടെ കൈകളിലേക്ക് വച്ചുകൊടുത്തു കൊണ്ട് ചോദിച്ചു……. ” ജോജിച്ചായന് ഇതെന്താ വട്ടു പിടിച്ചോ…..? ഞാൻ വെറുതെ എന്തോ പറഞ്ഞു എന്ന് വെച്ചിട്ട് ഇത് വാങ്ങിയിട്ട് വരുവാണോ…? ” വെറുതെയാണെങ്കിലും നീ എന്നോട് ആദ്യമായിട്ട് ആവശ്യപ്പെട്ട ഒരു ആഗ്രഹം അല്ലേ……

അത് സാധിച്ചു തരാതിരുന്നാൽ എനിക്കൊരു സങ്കടം….. അതാണ് ഇപ്പൊൾ പെട്ടെന്ന് വാങ്ങിയിട്ട് വന്നത്…… ഇനി പോയി കഴിച്ചിട്ട് ഗുളിക കഴിച്ച് കിടന്നു ഉറങ്ങാൻ നോക്ക്…… “എങ്കിൽ കയറി വാ…… ഞാനൊരു ഒരു ചായ ഇട്ടു തരാം….. ” ഈ നട്ടുച്ചക്ക് ചായ….. ” ഈ നട്ടുച്ചക്ക് എനിക്ക് പൊറോട്ടയും ബീഫും കഴിക്കാമെങ്കിൽ ജോജിച്ചായന് ഒരു ചായ കുടിക്കുന്നത് കൊണ്ട് ഒരു കുഴപ്പമില്ല….. “കുഴപ്പമില്ല….. പക്ഷേ ഞാൻ അകത്തേക്കു കയറുന്നില്ല…… ഒന്നാമത് ഇവിടെ മറ്റാരുമില്ല, നീ മാത്രമേ ഉള്ളൂ…… രണ്ടാമത് നമ്മൾ രണ്ടുപേരും ഒരുപാട് സ്നേഹിക്കുന്ന ആൾക്കാരാ…… അകത്തേക്ക് കയറുമ്പോൾ ചിലപ്പോൾ ഒരു ഉമ്മ തരാൻ തോന്നും…… പിന്നീട്, ഞാനൊരു പുരുഷനല്ലേ മറ്റെന്തെങ്കിലും ഒക്കെ തോന്നും…… സ്വാതന്ത്ര്യം കൂടുമ്പോൾ മറ്റു പല തലങ്ങളിലേക്ക് മാറും…… പ്രണയത്തെ മറ്റു വികാരങ്ങൾ കീഴടക്കാൻ തുടങ്ങും…… നമ്മൾ രണ്ടുപേരും ആവേശപൂർവം മനസ്സിൽ സ്നേഹിക്കുന്നവരാണ്……

വെറുതെ ഒരു അവസരം എന്തിനാ…… നീ അരികിൽ നിൽക്കുമ്പോൾ എനിക്കെന്നെ ഒട്ടു വിശ്വാസമില്ല…….. അതുകൊണ്ട് മാത്രം ഞാൻ അകത്തേക്ക് കയറുന്നില്ല…… നീ പോയി ഭക്ഷണം കഴിച്ചിട്ടു കിടന്നു ഉറങ്ങിക്കോ…… അവൻ പറഞ്ഞ വാക്കുകളിലെ മര്യാദ അവൾക്ക് മനസ്സിലായിരുന്നു……. സത്യമാണ് അവൻ അരികിൽ നിൽക്കുമ്പോൾ താനും പലപ്പോഴും തന്നെ മറന്നു പോകുന്നുണ്ട്…… പ്രണയം തങ്ങളിൽ ഉണർത്തുന്ന ഒരു അനുഭൂതി കൊണ്ടായിരിക്കാം……. അവസരങ്ങൾ ഉണ്ടാകുമ്പോഴാണ് പലർക്കും തെറ്റുകൾ ചെയ്യാൻ തോന്നുന്നത്…… സത്യമാണ് അവസരങ്ങൾ അറിഞ്ഞുകൊണ്ട് ഉണ്ടാക്കാതിരിക്കുക എന്നതാണ് ഏറ്റവും നല്ല പ്രവർത്തി….. ” എങ്കിൽ ഞാൻ പോട്ടെ….!! പോകുന്നതിനു മുൻപ് ചുറ്റുപാടും ഒന്നു നോക്കി ആരും ഇല്ല എന്ന് ഉറപ്പു വരുത്തി അവൻ മെല്ലെ അകത്തേക്ക് കയറി അവളെ നെഞ്ചോട് ചേർത്ത് പിടിച്ച ചുണ്ടുകളിൽ ഒരു നനുത്ത ചുംബനം നൽകിയിരുന്നു….. ”

ഇത് പെട്ടെന്ന് പനി മാറാൻ….. അവളുടെ അരികിൽ നിന്നും മാറി പുറത്തേക്കിറങ്ങി കൊണ്ട് അവൻ അത് പറഞ്ഞപ്പോൾ, ആ പനി ചൂടിലും അവൾ കുളിരാർന്നു പോയിരുന്നു……. വിയർത്തു പോയിരുന്നു….. അവളുടെ പനിച്ചൂട് തൻറെ ശരീരത്തിലേക്ക് ഏറ്റുവാങ്ങാൻ ആ നിമിഷം അവൻറെ മനസ്സും വെമ്പൽകൊള്ളുന്നുണ്ടായിരുന്നു……. പ്രിയപ്പെട്ടവളോട് യാത്രപറഞ്ഞ് അകന്നുപോകുന്നവനെ ഒരു നിമിഷം കണ്ണുനിറച്ച് കണ്ടിരുന്നു അവൾ…… ശേഷം വാതിലടച്ച് അകത്തേക്ക് കയറി…… അവിടെ നിന്നും പുറത്തേക്കിറങ്ങി അല്പം നടന്നു…… ആ നിമിഷമാണ് വീട്ടിലേക്ക് കടന്നുവന്ന അനന്ദു അവനെ കണ്ടത്…… അപ്പോഴേക്കും അവൻ ആ വീടിൻറെ പടിക്കെട്ടുകൾ ഇറങ്ങി കഴിഞ്ഞിരുന്നു……. പേരറിയാത്ത ഒരു ആവലാതി അനന്തുവിൻറെ മനസ്സിൽ ഉടലെടുത്തിരുന്നു….. അവൻ പെട്ടെന്ന് തന്നെ വീട്ടിലേക്ക് കയറി കോളിംഗ് ബെൽ അമർത്തി……..

ഉത്സാഹത്തോടെ ആയിരുന്നു അവൾക് വാതിൽ തുറന്നത്…… മുന്നിൽ അനന്തുവിനെ കണ്ടപ്പോൾ ഒരു നിമിഷം അവളുടെ മുഖത്ത് പരിഭ്രമം തെളിയുന്നത് കണ്ടപ്പോൾ അവൻറെ മനസ്സിലുള്ള സംശയത്തിന്റെ ആക്കം കൂട്ടുകയായിരുന്നു…… ” നിനക്ക് പനി എങ്ങനെയുണ്ട്…..? ഗൗരവത്തിൽ ആയിരുന്നു അവൻറെ ചോദ്യം…… ” ഏട്ടനോട് ആരുപറഞ്ഞു….!! ” അമ്മ വിളിച്ചു പറഞ്ഞിരുന്നു…. നീ ഒറ്റയ്ക്കാണ് ഉള്ളതെന്ന്….. അതുകൊണ്ട് ആണ് ഇപ്പോൾ ഇങ്ങോട്ട് ഓടി പിടിച്ചു വന്നത്…… കുറവുണ്ട് ചേട്ടാ…… വിറയാർന്ന ശബ്ദത്തിൽ ആയിരുന്നു അവൾ പറഞ്ഞിരുന്നത്…….. അവളുടെ മനസ്സിൽ എന്തോ ഒളിക്കാൻ ശ്രമിക്കുന്നതുപോലെ അവന് തോന്നിയിരുന്നു……. “ആ മാഷ് ഇപ്പോൾ ഇവിടെ നിന്ന് ഇറങ്ങുന്നത് കണ്ടല്ലോ…. എടുത്തടിച്ച പോലുള്ള അവൻറെ ആ ചോദ്യത്തിൽ അവൾ ഒന്ന് ഉലഞ്ഞു പോയിരുന്നു…… ” അത് അച്ഛൻ പറഞ്ഞിരുന്നു എനിക്ക് പനി ആണെന്ന്……

അപ്പൊൾ എങ്ങനെയുണ്ടെന്ന് തിരക്കാൻ വേണ്ടി വന്നതാ….. മുക്കിയും മൂളിയും എങ്ങനെയോ അത്രയും പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകളിലേക്ക് തന്നെ ഉറ്റു നോക്കി നിൽക്കുകയായിരുന്നു അനന്ദു…… കൂടപ്പിറപ്പിന്റെ കണ്ണിലെ പിടച്ചിൽ അവന് അറിയാൻ അധികസമയം വേണ്ടി വന്നില്ല……. ആ കണ്ണുകളിൽ എന്താണെന്ന് ആ നിമിഷം തിരിച്ചറിയുന്നണ്ടായിരുന്നു അവൻ….. അവൾ ഒളിപ്പിക്കാൻ വ്യഗ്രത കാട്ടുന്നത് എന്താണ് എന്ന് ആ നിമിഷം അനന്തുവിന് ഏറെക്കുറെ തിരിച്ചറിയാൻ സാധിക്കുന്നുണ്ടായിരുന്നു….. ” നീ ഒറ്റയ്ക്ക് ഉള്ള സമയത്ത് അയാൾ ഇവിടെ വരരുത് എന്ന് അച്ഛന് പറഞ്ഞു കൂടെ…… ചുമ്മാ നാട്ടുകാരൊടോക്കെ വിശേഷം പറയാൻ നിൽക്കുന്നു….. ദേഷ്യത്തോടെ അത്രയും പറഞ്ഞു കയറി പോകുന്നത് കണ്ട് അവൾ ഒന്ന് നിശ്വസിച്ചു…… ശേഷം അടുക്കളയിൽ പോയി ജോജി കൊണ്ട് തന്ന ഭക്ഷണം അവൻ കാണാതെ മുറിയിലേക്ക് കൊണ്ടുപോയി വെച്ചു…… 🥀🥀🥀🥀🥀

അന്ന് വൈകുന്നേരം അച്ഛനും അമ്മയും മടങ്ങി വന്നതിനു ശേഷം കുറച്ചു സമയം കഴിഞ്ഞപ്പോൾ അവളുടെ പനിക്ക് തെല്ല് ആശ്വാസം തോന്നിയിരുന്നു…… അല്ലെങ്കിലും പ്രിയപ്പെട്ടവന്റെ സാമിപ്യം തൊട്ടരികിൽ അറിഞ്ഞ നിമിഷം തന്നെ ആ പനി എവിടെയോ പോയി മറഞ്ഞു എന്ന് അവൾക്ക് തോന്നിയിരുന്നു…… തന്റെ രോഗത്തിനുള്ള മരുന്ന് അവനായിരുന്നു എന്ന് ആ നിമിഷം അവൾ ഓർത്തു…… അവൻറെ നനുത്ത സ്പർശം ആയിരുന്നു തനിക്ക് ലഭിച്ച ഏറ്റവും വലിയ പാരസെറ്റാമോൾ എന്ന ആ നിമിഷം അവൾ അറിയുകയായിരുന്നു….. അന്ന് രാവേറെ വൈകിയെങ്കിലും പുറത്തെ ജനലിൽ നോക്കിനിന്നപ്പോൾ നക്ഷത്രങ്ങൾക്കും നിലാവിനും പതിവിലും ശോഭ ഉണ്ട് എന്ന് അവൾക്ക് തോന്നിയിരുന്നു…. നീലവാനത്തെ സുന്ദരി ആകുന്ന നക്ഷത്രങ്ങളും തിങ്കളും…… പുറത്തെവിടെയോ നിന്നു ഒഴുകി വന്ന നിശാഗന്ധി പൂമണം….. തമ്മിൽ കോകുരുമ്മി പ്രണയം പകരുന്ന പ്രാവുകൾ……

ആ രാവിന് മാറ്റു കൂട്ടാൻ ഇവയൊക്കെ ധാരാളം ആയിരുന്നു….. അവളുടെ പ്രിയപ്പെട്ടവനെ ഓർത്തു പോയിരുന്നു അവൾ…… ഉറക്കം വരാതെ ആ നിമിഷം ബുക്ക്‌ മറിച്ചുനോക്കി കിടക്കുകയായിരുന്നു അവൻ…… എല്ലാവരും ഉറങ്ങി എന്ന് മനസിലായപ്പോൾ അവൾ മെല്ലെ മുറി തുറന്ന് ഹോളിലേക്ക് നടന്നിരുന്നു…… ആരും ഇല്ല എന്ന് ഉറപ്പു വരുത്തി ഫോണെടുത്ത് നമ്പർ ഡയൽ ചെയ്തു…… അപ്പുറത്ത് നിന്നും ഫോൺ ബെല്ല് കേട്ടപ്പോൾ തന്നെ ഹൃദയത്തിൽ ഒരു ആശ്വാസം നിറയുന്നത് അവൾ അറിഞ്ഞിരുന്നു….. ഒറ്റ ബെല്ലിൽ തന്നെ ഫോൺ എടുക്കപെട്ടപ്പോൾ ആളും നിദ്ര നഷ്ടപ്പെട്ടു കിടക്കുകയായിരുന്നു എന്ന് അവൾക്ക് മനസ്സിലായി…… . “ഉറങ്ങി ഇല്ലായിരുന്നോ….? ആർദ്രമായി അവൾ ചോദിച്ചു…. ” ഈ ചോദ്യം ഞാൻ അങ്ങോട്ട് ചോദിച്ചാൽ എന്തു മറുപടി ആയിരിക്കും എനിക്ക് തരാനുള്ളത്….. അതു തന്നെയാണ് എനിക്കും തരാനുള്ളത്….. അവൻറെ മറുപടിക്ക് ഒരു പതിഞ്ഞ ചിരി ഫോണിൽകൂടി അവൻ കേൾക്കുന്നുണ്ടായിരുന്നു….. ”

പനി എങ്ങനെയുണ്ട്…. ” പൂർണമായും മാറി….. “പൊറോട്ടയും ബീഫും ഏറ്റോ അതോ വേറെ എന്തെങ്കിലും ആയിരുന്നോ….? കുസൃതിയോടെ അവൻ ചോദിച്ചപ്പോൾ….. വീണ്ടും അവളുടെ പതിഞ്ഞ ചിരി അവന് കേൾക്കാമായിരുന്നു…. ” രണ്ടും….. കുസൃതിയോടെ അവൾ പറഞ്ഞപ്പോൾ അവനും അറിയാതെ ചിരിച്ചു പോയിരുന്നു…… “എന്തേ ഇപ്പോൾ വിളിക്കാൻ തോന്നിയത്…… “നാളെ എനിക്കൊന്നു കാണാൻ പറ്റുമോ…..? ” അതിനെന്താ എപ്പോൾ വേണമെങ്കിലും കാണാലോ…. പള്ളി വരില്ലേ….? ” ഈസ്റ്റർ നോയമ്പ് തുടങ്ങിയതുകൊണ്ട് പള്ളിയിൽ പ്രാർത്ഥന അല്ലേ….. അതുകൊണ്ട് പ്രാക്ടീസ് നിർത്തിവെച്ചിരിക്കുകയാണ്….. “അയ്യോ അത് ഞാൻ മറന്നുപോയി….. പിന്നെ എങ്ങനെ കാണാം….. ഒരു കാര്യം ചെയ്യാം ഞാൻ കോളേജിൽ വരാം…… ” അയ്യോ…. “എന്താ പേടിയുണ്ടോ…..? ” എല്ലാവരും പരിചയക്കാര് അപ്പൊ ആരെങ്കിലും കണ്ടാലോ….. “എങ്കിൽ പിന്നെ താൻ തന്നെ പറ എങ്ങനെ കാണാം…..

“അത് എനിക്ക് അറിയില്ല…. പക്ഷേ കാണാതിരുന്നാൽ എനിക്കെന്തോ വീർപ്പുമുട്ടൽ പോലെ….. ” ആരെങ്കിലും കാണുന്നതാണ് തന്റെ പ്രശ്നം എങ്കിൽ ഒരു കാര്യം ചെയ്യ് നാളെ ഞാൻ കോളേജിനു മുൻപിൽ ഉള്ള ബേക്കറിയിൽ വരാം, താൻ നേരത്തെ അവിടെ കാത്തിരുന്നാൽ മതി….. ” അത് കൊള്ളാം….. നാളെ വൈകുന്നേരം 3 മണിയാവുമ്പോൾ ഞാൻ വരാം…. “ശരി…. സമാധാനത്തോടെ ഉറങ്ങിക്കോ…. ഫോൺ വച്ചു തിരിഞ്ഞപ്പോൾ മുന്നിൽ അനന്തു….. അവനെ കണ്ടപ്പോൾ അവൾ ഒന്ന് പരുങ്ങി…. “എന്താടി….. ആരാ ഈ സമയത്ത്… അവന്റെ ചോദ്യം കേട്ടപ്പോൾ തെല്ല് ആശ്വാസം അവൾക്ക് തോന്നി….. “സോ…. സോഫി…..ഒരു ബുക്ക്‌ കൊണ്ടുവരുന്ന കാര്യം പറയാൻ വിളിച്ചത് ആണ്….. “ശരി ……. നീ പോയി കിടക്കാൻ നോക്ക്…. അവളെ അടിമുടി ഒന്ന് നോക്കി അവൻ പറഞ്ഞു …. രക്ഷപെട്ടതുപോലെ അവൾ മുറിയിലേക്ക് പാഞ്ഞു….. 🌼🌼🌼🌼

പിറ്റേന്ന് പതിവിലും ഒരുങ്ങി യാണ് അവൾ കോളേജിൽ പോയത്….. ലഞ്ച് ബ്രേക്ക് സമയം കഴിഞ്ഞപ്പോൾ മുതൽ അവളിൽ ഒരു പ്രത്യേക സന്തോഷവും ഉത്സാഹവും ഒക്കെ സോഫി കണ്ടിരുന്നു…….. അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ ജോജി വരുമെന്ന് പറഞ്ഞത് കൊണ്ട് തന്നെ അതിൻറെ കാരണം അവൾക്ക് മനസ്സിലായിരുന്നു…… ഏകദേശം 2. 45 ആയപ്പോൾ തന്നെ അവൾ പുറത്തേക്കിറങ്ങി….. അവരുടെ സ്ഥിരം ബേക്കറി യിലേക്ക് കയറിയിരുന്നു….. അവിടെയിരുന്ന് പതുക്കെ ഐസ്ക്രീം കഴിക്കുമ്പോഴും വെളിയിലേക്ക് ആയിരുന്നു കണ്ണുകൾ പാഞ്ഞത്….. “നീ ഒന്ന് സമാധാനപ്പെടു അനൂ…. കളിയാക്കുന്നുണ്ട് സോഫി കണക്കിനി…. കുറച്ച് സമയത്തെ പ്രതീക്ഷയ്ക്ക് ശേഷം ആള് അകത്തേക്ക് ചിരിയോട് കയറി വരുന്നത് കണ്ടപ്പോൾ അറിയാതെ അവൾ അവനെ തന്നെ നോക്കി ഇരുന്നു പോയിരുന്നു….

ഒരു കരിമ്പച്ച നിറത്തിലുള്ള ഷർട്ടും സിൽവർ കരയിലുള്ള മുണ്ടുമാണ് ആളുടെ വേഷം,അങ്ങനെ ജീൻസിൽ ഒന്നും താൻ ആളെ കണ്ടിട്ടില്ല…… അധ്യാപകൻ ആയതുകൊണ്ട് ആയിരിക്കാം…… പലപ്പോഴും നാടൻ വേഷത്തിൽ തന്നെയാണ് കണ്ടിട്ടുള്ളത്…… ചിരിയോടെ അരികിലേക്ക് വരുന്ന ആളെ നോക്കി അറിയാതെ അനുവും ചിരിച്ചിരുന്നു…… ” ഞാൻ വിചാരിച്ചു ഇവൾ ഈ ക്ലോക്ക് തല്ലിപ്പൊട്ടിക്കുമെന്ന്….. പക്ഷേ സാർ കറക്റ്റ് ടൈം ആണ്…… 3:00 എന്നുപറഞ്ഞാൽ 3:00 തന്നെ….. കളിയാക്കിയപ്പോൾ ജോജി ചിരിച്ചു പോയിരുന്നു…… “അപ്പോൾ നിങ്ങൾ സംസാരിക്ക്, നിങ്ങളുടെ സ്വർഗ്ഗത്തിൽ ഞാൻ കട്ടുറുമ്പ് ആവുന്നില്ല……. അതും പറഞ്ഞ് സോഫി എഴുന്നേറ്റ് പോയപ്പോൾ ചിരിയോടെ ജോജി അവളുടെ മുഖത്തേക്ക് നോക്കി….. ശേഷം സോഫി ഇരുന്ന കസേരയിൽ അവൾക്ക് അഭിമുഖമായി ഇരുന്നു…..

കോളേജ് വിടാത്ത സമയം ആയതുകൊണ്ട് തന്നെ ഒരുപാട് ആളുകൾ ഒന്നും അവിടെ ഉണ്ടായിരുന്നില്ല….. അതുകൊണ്ട് തന്നെ ഇരുവർക്കും സ്വസ്ഥമായി സംസാരിക്കാമായിരുന്നു…… അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ പടർന്നു തുടങ്ങിയ ഭസ്മക്കുറി ആണ് ആദ്യം അവന്റെ കണ്ണുകളിൽ പെട്ടത്…. ഒരു നിമിഷം അവന്റെ കണ്ണിൽ ഒരു ചിരി തെളിഞ്ഞിരുന്നു…… എന്നും ജോജിയെ പ്രണയത്തിൽ ആക്കിയ ആ ഭസ്മക്കുറി യോട് അവന് ഒരു പ്രത്യേക ആരാധന തന്നെ ഉണ്ട്…… കുറച്ചുസമയം രണ്ടുപേരും ഒന്നും സംസാരിച്ചില്ല……. സുഖകരമായ മൗനം വീണ്ടും ഇരുവർക്കുമിടയിൽ നിറഞ്ഞു……. ആരാദ്യം സംസാരിക്കുമെന്ന് ഒരു രീതിയായിരുന്നു എന്നു തോന്നിയിരുന്നു….. ” എന്തേ കാണണം എന്ന് പറഞ്ഞിട്ട് ഒന്നും മിണ്ടാത്തത്….. ഡസ്കിൽ വച്ചിരുന്ന അവളുടെ കൈകളിൽ തൻറെ കൈ ചേർത്ത് വെച്ചു കൊണ്ട് അവൻ പ്രണയാർദ്രമായി ചോദിച്ചപ്പോഴാണ് അവൾ മുഖം ഉയർത്തിയത്….. ” എനിക്ക് കണ്ടാൽ മതിയായിരുന്നു…..!!

അവൻറെ മുഖത്തേക്ക് നോക്കി ഏറെ പ്രണയത്തോടെ അവളും പറഞ്ഞു…. ” പക്ഷേ എനിക്ക് കണ്ടാൽ മാത്രം പോരാ…. കുസൃതിയോടെ അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞപ്പോൾ അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി മെല്ലെ ചോദിച്ചു….. ” പിന്നെ…? ഡെസ്കിൽ വച്ചിരുന്ന അവളുടെ കൈ എടുത്ത് ആരും കാണാത്ത വിധത്തിൽ തൻറെ ചുണ്ടോടെ ചേർത്ത് ആയിരുന്നു അതിനുള്ള മറുപടി അവൻ നൽകിയത്….. ഒരു നിമിഷം അവളുടെ മുഖത്ത് നാണം വിരിയുന്നതും കൗതുകത്തോടെ അവൻ നോക്കി…….(തുടരും )… ഒത്തിരി സ്നേഹത്തോടെ ✍ റിൻസി.

മധുരനൊമ്പരം…..🍒🍒 : ഭാഗം 24

Share this story