ആത്മിക : ഭാഗം 11

ആത്മിക : ഭാഗം 11

എഴുത്തുകാരി: ശിവ നന്ദ

ആൽബി തിരികെ എത്തുമ്പോൾ കത്രീനാമ്മയുടെ നെഞ്ചിലേക്ക് കിടന്ന് കരയുന്ന അമ്മുവിനെയാണ് കണ്ടത്.അമ്മച്ചിയുടെ കണ്ണും നിറഞ്ഞിരുപ്പുണ്ട്.അത് കണ്ടതും ആൽബിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..ഇന്നത്തോടെ നിന്റെ ഈ കരച്ചിൽ മാറും ആത്മിക.ഇനിമുതൽ നിനക്ക് സന്തോഷത്തിന്റെ ദിനങ്ങൾ ആകും.അമ്മയുടെ..സഹോദരങ്ങളുടെ..കൂട്ടുകാരുടെ..അങ്ങനെ ഒരുപാട് പേരുടെ സ്നേഹം നിനക്ക് കിട്ടാൻ പോകുവാണ്… “അതേ ഇങ്ങനെ കരഞ്ഞോണ്ട് ഇരുന്നാൽ മതിയോ??” ആൽബിയുടെ ശബ്ദം കേട്ടതും അമ്മു ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റു. “താൻ എന്തിനാടോ ഇങ്ങനെ ഞെട്ടുന്നത്??” “അത്..ഞാൻ…” “കേട്ടോ അമ്മച്ചി..ഈ ഇരുന്ന് കരയുന്ന ആള് ആ ക്രിസ്റ്റിക്ക് ഇട്ട് ഒരെണ്ണം പൊട്ടിച്ചായിരുന്നു..

അതും നല്ല ഒന്നാന്തരം ഒരെണ്ണം” അത്ഭുതത്തോടെ തന്നെ നോക്കിനിൽകുന്നവളെ ആൽബി ഒളികണ്ണിട്ടൊന്ന് നോക്കി. “ഏഹ്ഹ് അത് നീ കണ്ടായിരുന്നോ?? മോള് പറഞ്ഞത് നീ അപ്പോൾ ദൂരെ നിൽകുവായിരുന്നു..നിന്നെ കണ്ട ധൈര്യത്തിൽ ഇവൾ അടിച്ചത് ആണെന്ന്” “ഞാൻ നിന്നത് കുറച്ച് ദൂരെ ആയിരുന്നു.പക്ഷെ എല്ലാം നല്ല വൃത്തി ആയിട്ട് കണ്ടു” “എന്നാലും ഈ ചെറിയ പ്രായത്തിൽ അമ്മുമോള് എന്തൊക്കെ അനുഭവിച്ചു…ആ ഹർഷനെന്ന് പറയുന്നവനെ അങ്ങനെ അങ്ങ് വിടരുതായിരുന്നു..അവനുള്ളത് കർത്താവ് കൊടുക്കും..ഉറപ്പാ” “ക്രിസ്റ്റിക്ക് കൊടുത്തത് പോലെ ഹർഷന് കൊടുക്കാൻ അറിയാൻ വയ്യാഞ്ഞിട്ട് അല്ല അമ്മച്ചി..ആ ദേവുവിനെ ഓർത്തിട്ടാ” ദേവുവിന്റെ പേര് കേട്ടതും അമ്മുവിന്റെ നെഞ്ചൊന്ന് പിടച്ചു.അടക്കി വെയ്ക്കാൻ ശ്രമിച്ചിട്ടും ഏങ്ങലുകൾ പുറത്തേക്ക് വന്നു.

“നീ എന്തിനാ ഇനി കരയുന്നത്?? ഇവിടെ നീ സേഫ് ആണ്” “ദേ..വു… ” “ദേവൂന് എന്താ??” “സ്വന്തമെന്ന് പറയാൻ അവൾ മാത്രമേ ഉള്ളു എനിക്ക്. ആ അവൾ പോലും എന്നെ മനസിലാക്കിയില്ല…” “അവളല്ല…നീയാണ് മനസിലാക്കാഞ്ഞത്” ചോദ്യഭാവത്തിൽ നിൽക്കുന്നവളെ ആൽബി തന്റെ അടുത്തായിട്ട് സോഫയിൽ പിടിച്ചിരുത്തി. “നിന്നെ പ്രാണനെ പോലെ സ്നേഹിച്ചവൾ നീ പറയുന്നത് ഒന്നും വിശ്വസിക്കില്ലെന്ന നിന്റെ തോന്നലാണ് കാര്യങ്ങൾ ഇത്രയും കുഴപ്പിച്ചത്..എടി.. അവൾ നിന്നെ അല്ലാതെ മറ്റാരെയാ വിശ്വസിക്കുക. ഒരുതവണ എങ്കിലും എല്ലാം നീ പറയാൻ ശ്രമിച്ചിരുന്നെങ്കിൽ..അവൾ നിന്റെ കൂടെ നിന്നേനെ” “അപ്പോൾ ദേവു എല്ലാം അറിഞ്ഞിട്ടാണോ…” “മ്മ്മ്..ഹർഷന്റെ ഫ്രണ്ട് എൻഗേജ്മെന്റ് കൂടാൻ എത്തിയിട്ടുണ്ടെന്ന് കിച്ചു അറിഞ്ഞപ്പോൾ തന്നെ ഇങ്ങനെ ഒരു ചതി മനസിലാക്കിയിരുന്നു.

അതുകൊണ്ടാണ് രണ്ടുംകല്പിച്ച് ഇന്നലെ തന്നെ അവൻ എല്ലാ കാര്യങ്ങളും ദേവുവിനെ അറിയിച്ചത്. ആദ്യം അവൾ ദേഷ്യപ്പെട്ടു..അവനുമായിട്ട് വഴക്കിട്ടു. പക്ഷെ ഹർഷൻ നിന്നെ ശല്യം ചെയ്യുന്ന കാര്യവും നിന്നെ ഉപദ്രവിക്കാൻ ശ്രമിച്ചതും ഒക്കെ പറഞ്ഞപ്പോഴാണ് കിച്ചു പറഞ്ഞതിന്റെ സീരിയസ്നെസ് അവൾക്ക് മനസിലായത്. പാവം അവൾ ആകെ തകർന്ന് പോയെന്നാ കിച്ചു പറഞ്ഞത്. ഇത്രയൊക്കെ സംഭവിച്ചിട്ടും ഒരുവാക്ക് പോലും നീ അവളോട് പറയാതിരുന്നതിന്റെ ദേഷ്യം ആയിരുന്നു ദേവുവിന്.നിന്നോട് അവളുടെ ഏട്ടൻ പെരുമാറിയതൊക്കെ ഓർത്ത് ഒത്തിരി സങ്കടപെട്ടാ അവൾ ഓരോനിമിഷവും തള്ളി നീക്കിയത്. നിശ്ചയം കഴിഞ്ഞ് ഇറങ്ങിയപ്പോൾ തന്നെ കിച്ചുന് കമ്പനിയിൽ നിന്നും കാൾ വന്നിരുന്നു..അങ്ങനെ അവന് കോയമ്പത്തൂർ പോകേണ്ടി വന്നു.

പക്ഷെ പോകുന്നതിന് മുൻപ് തന്നെ അവൻ ദേവുവിനോട് നിന്നെ നോക്കിക്കോളണമെന്ന് പറഞ്ഞിരുന്നു. എന്തെങ്കിലും സഹായം വേണമെങ്കിൽ എന്നെ വിളിക്കണമെന്ന് കിച്ചു പറഞ്ഞേല്പിച്ചത് കൊണ്ടാണ് കൃത്യസമയത്ത് ദേവു എന്നെ വിളിച്ചതും എനിക്ക് അവിടെ വരാൻ കഴിഞ്ഞതും” എല്ലാം കേട്ടിരുന്ന അമ്മു ഒരു പൊട്ടിക്കരച്ചിലോടെ ആൽബിയുടെ കാൽക്കലേക്ക് വീണു. “എങ്ങനെയാ നന്ദി പറയേണ്ടതെന്ന് എനിക്ക് അറിയില്ല.ഇന്ന് എന്റെ ജീവിതം അവിടെ അവസാനിക്കേണ്ടത് ആയിരുന്നു….” “അയ്യേ.എന്താ മോളെ ഈ കാണിക്കുന്നത്..എഴുന്നേറ്റേ..” കത്രീനാമ്മ അമ്മുവിനെ പിടിച്ചെഴുനേൽപിച്ച് മാറോടടക്കി.അവളുടെ മുടിയിഴകളിലൂടെ വിരൽ ഓടിച്ചു. “എനിക്ക് ദേവുവിനെ കാണണം” ആൽബിയെ നോക്കി യാചനയോടെ അവൾ പറഞ്ഞു. “കിച്ചു നാളെ എത്തും.അവൻ ദേവുവിനെ ഇങ്ങോട്ട് കൊണ്ട് വരും.

അപ്പോൾ കണ്ടാൽ പോരേ” “മ്മ്മ്…എനിക്ക് എന്തെങ്കിലും ജോലി സംഘടിപ്പിച്ച് തരുമോ? ” “ഈ രാത്രിയിലോ??” കളിയായി അവൻ ചോദിച്ചതും അവൾ കണ്ണുതുടച്ച് അവന്റെ മുന്നിലേക്ക് വന്ന് നിന്നു. “ഒരു ജോലി ഉണ്ടെങ്കിൽ ആർക്കും ഒരു ബുദ്ധിമുട്ടും ആകാതെ ഞാൻ..” “ഇവിടെയിപ്പോ ആർക്കാ ബുദ്ധിമുട്ട്…അമ്മച്ചിക്ക് ബുദ്ധിമുട്ടുണ്ടോ?” “എനിക്കോ..എന്തിന്?” “അതല്ല..ആരുമല്ലാത്ത എനിക്ക് ഇത്രയൊക്കെ സഹായം ചെയ്ത് തന്നില്ലേ.അത് തന്നെ ഒരിക്കലും മറക്കാൻ പറ്റാത്ത കാര്യമാണ്” “എടോ ആത്മിക…തനിക്കൊരു ജോലി വാങ്ങി തരാൻ എനിക്ക് വളരെ എളുപ്പം ആണ്.പക്ഷെ തന്നെ പോലൊരു തൊട്ടാവാടിക്ക് ഈ നാട്ടിൽ സമാധാനത്തോടെ ആരെയും പേടിക്കാതെ ജീവിക്കാൻ ഒരു ജോലി മാത്രം പോരാ..ചോദിക്കാനും പറയാനും ഒരാളുണ്ടാകണം..അല്ലെങ്കിൽ പിന്നെ അതുപോലത്തെ പവർ ഉള്ള ജോബ് ആയിരിക്കണം.പക്ഷെ അതിനുള്ള ക്വാളിഫിക്കേഷൻ തനിക്ക് ഇപ്പോൾ ഇല്ല.

അതുകൊണ്ട് തത്കാലം താൻ ഇവിടെ നിന്നേ പറ്റു.നാളെ കിച്ചു വന്നിട്ട് ബാക്കി കാര്യങ്ങൾ നമുക്ക് തീരുമാനിക്കാം.” അവൻ പറഞ്ഞതിൽ സത്യമുണ്ടെന്ന് മനസ്സിലായതും അവൾ മൗനം പാലിച്ചു.കത്രീനാമ്മയെ ഒന്ന് നോക്കിയിട്ട് ആൽബി മുകളിലേക്ക് നടന്നു.എന്നാൽ രണ്ട് സ്റ്റെപ് കയറിയിട്ട് അവൻ തിരിഞ്ഞുനിന്നു. “അതേ..ആരുമല്ലാത്തവൾ എന്ന ചിന്ത വേണ്ടാ..എന്റെ കിച്ചു അവന്റെ അനിയത്തിയുടെ സ്ഥാനത്താ തന്നെ കാണുന്നത്.ആ ഒരു ബന്ധം മതി തനിക് ഇവിടെ സ്വാതന്ത്ര്യത്തോടെ നിൽക്കാൻ” അത് കേൾക്കേ ആൽബിയെ നോക്കി അമ്മു ഒന്ന് ചിരിച്ചു..പുതുജീവിതത്തിന്റെ പ്രതീക്ഷയിൽ നിറംവെച്ച ഒരു ചിരി. “മോള് വാ..ഇന്ന് എന്റെ കൂടെ കിടന്നാൽ മതി.നാളെ നമുക്ക് മോൾക്കുള്ള മുറി ഒക്കെ റെഡി ആക്കാം” കത്രീനാമ്മയുടെ മുറിയിൽ ഉള്ള ടേബിളിൽ അവൾ അച്ഛന്റെയും അമ്മയുടെയും ഫോട്ടോ വെച്ചു.

എന്നിട്ട് കത്രീനാമ്മയുടെ നെഞ്ചിലെ ചൂട് പറ്റി അവൾ മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീണു..നാളുകൾക്ക് ശേഷം സമാധാനത്തോടെയുള്ള ഉറക്കം.. 💞💞💞💞💞💞💞💞💞💞💞💞💞 വീട്ടിലെത്തിയ ഹർഷൻ ദേവു എല്ലാ സത്യങ്ങളും അറിഞ്ഞു എന്നറിയാതെയാണ് അവളെ കാണാനായി മുറിയിലേക്ക് ചെന്നത്.നിലത്ത് ഭിത്തിയോട് ചേർന്ന് മുട്ടുകാലിൽ മുഖംപൂഴ്ത്തി ഇരിക്കുന്നവളെ കണ്ടപ്പോൾ ഹർഷൻ കരുതിയത് അമ്മു തെറ്റുകാരിയാണെന്ന് അറിഞ്ഞതിന്റെ സങ്കടം ആണെന്നാണ്.അത് അവന് ഒരു തുറുപ്പുചീട്ടായി തോന്നി. “മോളെ..ദേവു..” ഹർഷന്റെ ശബ്ദം കേട്ട് ദേവു തലയുയർത്തി നോക്കി.താൻ ജീവനേക്കാളേറെ സ്നേഹിച്ച..വിശ്വസിച്ച..തന്റെ ഏട്ടൻ..അവൾ അവന്റെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കികൊണ്ട് ഇരുന്നു.എവിടെയാണ് ഏട്ടന് പിഴച്ചത്??? എവിടെയാണ് തന്റെ വിശ്വാസം തകർന്നത്???

“നീ എന്തിനാ അവളെ ഓർത്ത് സങ്കടപെടുന്നത്?? അവൾ നമ്മളെയെല്ലാം ചതിച്ചു..എന്തിനേറെ അവളെ സ്നേഹിച്ച ക്രിസ്റ്റിയെ വരെ അവൾ തെറ്റുകാരൻ ആക്കിയില്ലേ..എന്നിട്ടോ ആ നസ്രാണിയുടെ കൂടെ പോയേക്കുന്നു.കിരണിനോട് പറയണം അവനുമായിട്ടുള്ള കൂട്ട് വിട്ടേക്കാൻ.” ഹർഷന്റെ ഓരോ വാക്കുകളും ദേവു കേട്ടിരുന്നു..തന്റെ ഏട്ടൻ ഒരുപാട് മാറിയിരിക്കുന്നു..ഒരുപാട് ഒരുപാട്… “അവൾ ആള് ശെരിയല്ല മോളെ..തെറ്റ് ചെയ്തിട്ടും ഒരു കൂസലും ഇല്ലാതെ അല്ലേ അവൾ നിന്ന് കരഞ്ഞത്” “ഹ്മ്മ്..അവൾ തെറ്റ് ചെയ്തു..വലിയ തെറ്റ്…ഏട്ടന്റെ ചൂഴ്ന്ന് നോട്ടം കണ്ടിട്ടും അത് കാര്യമാക്കാതിരുന്നത് അവൾ ചെയ്ത ആദ്യത്തെ തെറ്റ്..ഏട്ടൻ അവളെ കീഴ്പ്പെടുത്താൻ ശ്രമിച്ചപ്പോൾ ഓടിരക്ഷപെട്ടത് രണ്ടാമത്തെ തെറ്റ്..ഒടുവിൽ കൂട്ടുകാരനെ കൊണ്ടുവന്ന് കടത്തിക്കൊണ്ട് പോകാൻ ശ്രമിച്ചപ്പോൾ അതിനെ എതിർത്തത് മൂന്നാമത്തെ തെറ്റ്..

ഇതെല്ലാം എന്നിൽ നിന്ന് മറച്ച് വെച്ചത് ഏറ്റവും വലിയ തെറ്റ്..” ദേവുവിന്റെ വാക്കുകൾ തന്റെ നെഞ്ചിനെ കീറിമുറിക്കുന്നത് പോലെ ഹർഷന് തോന്നി.അതിൽ നിന്നും രക്തം ചീന്തി താൻ അതിൽ മുങ്ങിപോകുന്നത് പോലെ അവന് ശ്വാസംമുട്ടി. “മോളെ….” ദേവുവിന്റെ മുഖത്തേക്ക് നീണ്ട അവന്റെ കൈ അറപ്പോടെ അവൾ തട്ടിമാറ്റി. “തൊടരുത് എന്നെ..പേടിയാ എനിക്ക് നിങ്ങളെ..എന്റെ അമ്മുവിനെ തെറ്റായ അർത്ഥത്തിൽ നോക്കിയ നിങ്ങൾ എന്നെയും ഇല്ലാതാക്കും..” “ദേവു…ഇങ്ങനെ പറയല്ലേ മോളെ” “എന്റെ ഹർഷേട്ടൻ മരിച്ചു..ഈ ഇരിക്കുന്നത് പെങ്ങളെ പോലും കൂട്ടിക്കൊടുക്കാൻ മടിയില്ലാത്ത ആണുംപെണ്ണും കെട്ട ഒരുത്തനാണ്.” “മോളെ പ്ലീസ്…” “മോളോ?? വെറുപ്പാ നിങ്ങളോട്…എത്രത്തോളം ഞാൻ സ്നേഹിച്ചിരുന്നോ അതിന്റെ നൂറിരട്ടി…”

ഇനിയും അത് കേട്ടിരിക്കാൻ അവന് പറ്റുമായിരുന്നില്ല.സ്വന്തം മുറിയിലേക്ക് പോകാനായി അവൻ എഴുന്നേറ്റപ്പോഴാണ് വാതിലിനടുത്ത് ദിയ നില്കുന്നത് കണ്ടത്.അവളുടെ ചുവന്നുകലങ്ങിയ കണ്ണുകൾ കണ്ടപ്പോൾ തന്നെ അവന് മനസിലായി അവൾ എല്ലാം കേട്ടുവെന്ന്.അവളുടെ മുഖത്ത് നോക്കാതെ അവൻ മുറി വിട്ടിറങ്ങിയതും ദിയ ദേവുവിന്റെ അടുത്ത് പോയിരുന്ന് അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു.ഒരാശ്രയം കിട്ടിയത് പോലെ ദേവു ദിയയെ കെട്ടിപിടിച്ച് കരഞ്ഞു..ദിയയുടെ കണ്ണുകളും പെയ്തിറങ്ങി…നിശബ്ദമായി…. മുറിയിലെത്തിയ ഹർഷൻ ആകെ ഭ്രാന്ത് പിടിച്ച അവസ്ഥയിൽ ആയിരുന്നു.തലമുടിയിൽ കൈകോർത്ത് വലിച്ച് അവൻ ബെഡിൽ ഇരുന്നു.ദേവുവിന്റെ വാക്കുകൾ അവനെ ചുട്ടുപൊള്ളിക്കുന്നുണ്ടായിരുന്നു..അത് അമ്മുവിലുള്ള പകയായി മാറി..ദേവു എല്ലാം അറിഞ്ഞ സ്ഥിതിക്ക് ഇനി ഹർഷന് നഷ്ടപ്പെടാൻ ഒന്നുമില്ല..എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച് ഹർഷൻ വീട്ടിൽ നിന്നിറങ്ങി. 💞💞💞💞💞💞💞

കത്രീനാമ്മ രാവിലെ ഉണരുമ്പോൾ അമ്മു അടുത്തില്ലായിരുന്നു.വെപ്രാളപ്പെട്ട് അവർ മുറിക്ക് പുറത്തേക്കിറങ്ങി നോക്കി.അവളെ അടുക്കളയിൽ കണ്ടതും അവർ ഒരു ദീർഘനിശ്വാസം വിട്ടു. “മോള് രാവിലെ എഴുന്നേറ്റോ??” “മ്മ്മ് എന്നും ഈ സമയത്ത് എഴുന്നേറ്റ് ശീലമായി” പറയുന്നതിനോടൊപ്പം തന്നെ അവൾ അവർക്ക് നേരെ ചായക്കപ്പ് നീട്ടി.ഒന്ന് കുടിച്ചിട്ട് അവർ അത് തിരികെ വെച്ചു. “എനിക്ക് ഷുഗർ ഉണ്ട് മോളെ” “അയ്യോ അതെനിക്ക് അറിയില്ലായിരുന്നു” “അത് സാരമില്ല..ഞാൻ വേറെ ഇട്ടോളാം” ചായ ഇട്ടുകൊണ്ട് നിൽക്കുന്ന കത്രീനാമ്മയെ അമ്മു കണ്ണെടുക്കാതെ നോക്കി നിന്നു.ഇന്നലെ രാത്രിയിൽ തന്റെ സങ്കടം മുഴുവൻ കേട്ട് തന്റെ കണ്ണുനീർ തുടച്ച് ചേർത്ത് പിടിച്ചപ്പോൾ താൻ ആഗ്രഹിച്ച ഒരമ്മയുടെ സ്നേഹമാണ് കിട്ടിയത്.. “മോളെന്താ എന്നെ ഇങ്ങനെ നോക്കുന്ന?” “ഞാൻ..ഞാൻ എന്താ വിളിക്കേണ്ടത്??” “അതാണോ..എന്ത് വേണമെങ്കിലും വിളിച്ചോ..

ആന്റിന്നോ അമ്മേന്നോ…അല്ലെങ്കിൽ വേണ്ടാ..അമ്മച്ചീന്ന് തന്നെ വിളിച്ചോ” “അമ്മച്ചി..”അവൾ മനസ്സിൽ അതൊന്ന് വിളിച്ച് നോക്കി. പിന്നെ അവർ ഒരുമിച്ച് രാവിലത്തേക്കുള്ള ഫുഡ് ഒക്കെ റെഡി ആക്കി.അതിനോടകം തന്നെ കളരിയ്ക്കൽ വീടിനെ കുറിച്ച് ഒരു ചെറിയ വിവരം അവൾക് കിട്ടിയിരുന്നു. ആൽബി എഴുന്നേറ്റ് വന്നപ്പോൾ കാണുന്നത് അമ്മച്ചിയും അമ്മുവും കൂടി എന്തോ പറഞ്ഞ് ചിരിക്കുന്നതാണ്.അവൻ അത് നോക്കി നിന്നു..ഇന്നലെ കരഞ്ഞ് നിലവിളിച്ചവൾ ഇന്ന് ഇങ്ങനെ ചിരിക്കണമെങ്കിൽ അത്രക്ക് അമ്മച്ചി അവളെ ചേർത്ത് നിർത്തുന്നുണ്ട്. “ആ നീ എഴുന്നേറ്റോ..ഇന്നാ ചായ കുടിക്ക്” അമ്മച്ചി പറഞ്ഞ് തീർന്നതും അമ്മു അവന് നേരെ ചായ നീട്ടിയിരുന്നു.ഒരു ചിരിയോടെ ചായ വാങ്ങിക്കൊണ്ട് അവൻ സിറ്റ്ഔട്ടിലേക്ക് ഇറങ്ങി.കിച്ചുവിനെ വിളിച്ച് അമ്മു ഇപ്പോൾ ഹാപ്പി ആണെന്ന് പറഞ്ഞപ്പോൾ അവനും സമാധാനം ആയി. ബ്രേക്ക്‌ഫാസ്റ്റ് കഴിച്ച് കഴിഞ്ഞ് എഴുന്നേറ്റപ്പോളാണ് ടീന മൂന്നാല് കവറുമായി കയറി വന്നത്. “നീ രാവിലെ തന്നെ കടയിൽ പോയോ?”

“പിന്നല്ലാതെ..അവൾക് മാറിയിടാൻ വേറെ ഡ്രസ്സ്‌ ഇല്ലെന്ന് നീയല്ലേ പറഞ്ഞത്.അതുകൊണ്ട് കട തുറന്നപ്പോൾ തന്നെ അത്യാവശ്യം വേണ്ടതൊക്കെ പോയി വാങ്ങി..അല്ല ആത്മിക എവിടെ?” ആൽബി അമ്മുവിനെ വിളിക്കാനായി തിരിഞ്ഞപോഴേക്കും അവൾ അമ്മച്ചിയുടെ കൂടെ അവിടേക്ക് വന്നിരുന്നു. “ഹായ്..ഞാൻ ടീന..തൊട്ടപ്പുറത്തെ വീട്ടിലെയാ” അവൾക് നേരെ കൈനീട്ടി ടീന സ്വയം പരിചയപ്പെടുത്തി.ചെറുപുഞ്ചിരിയോടെ അമ്മുവും കൈകൊടുത്തു. “അപ്പുറത്തെ വീട്ടിലെ എന്ന് പറഞ്ഞ് നീ അങ്ങനെ അങ്ങ് ജാഡ കാണിക്കണ്ട..ആത്മിക..ഇവൾ എന്റെ ബെസ്റ്റ് ഫ്രണ്ട്..എന്റെ മാത്രമല്ല കിച്ചുന്റെയും.” ടീനയുടെ കഴുത്തിലൂടെ കൈയിട്ട് കൊണ്ട് ആൽബി അത് പറഞ്ഞതും ടീന അവന്റെ നെഞ്ചിലൊരു തട്ട് കൊടുത്തുകൊണ്ട് മാറ്റി നിർത്തി. “ഇത് കുറച്ച് ഡ്രസ്സ്‌ ആണ്..തന്നെ കണ്ടയൊരു ഐഡിയ വെച്ച് വാങ്ങിയതാ..” ടീന കവർ നീട്ടിയപ്പോൾ മടിയോടെ അമ്മു അത് വാങ്ങി.

“എന്നെ കണ്ടിട്ടുണ്ടോ??” “പിന്നല്ലാതെ..കിച്ചൂന്റെ എൻഗേജ്മെന്റിന് ഞാനും ഉണ്ടായിരുന്നടോ..പക്ഷെ നമുക്ക് പരിചയപെടാൻ പറ്റിയില്ല..താൻ വാ..നമുക്ക് ഇതൊക്കെയൊന്ന് ഇട്ട് നോക്കാം..പാകമല്ലെങ്കിൽ ഇപ്പോൾ തന്നെ മാറ്റാം” അമ്മുവിനെയും പിടിച്ച് ടീന മുറിയിലേക്ക് പോയി. “ആൽബി നീയും പോയി റെഡി ആക്..നമുക്ക് ആത്മികയുമായി ഒന്ന് പുറത്തൊക്കെ പോയിട്ട് വരാം” അകത്ത് നിന്നും ടീന വിളിച്ച് പറഞ്ഞതും ആൽബിയും റൂമിലേക്ക് പോയി….. (തുടരും )

ആത്മിക: : ഭാഗം 10

Share this story