തമസ്സ്‌ : ഭാഗം 10

തമസ്സ്‌ : ഭാഗം 10

എഴുത്തുകാരി: നീലിമ

ആൽവി പറഞ്ഞ വാർത്ത തെല്ലോന്നുമല്ല സരസ്വതിയേ സന്തോഷിപ്പിച്ചത്. ആ സന്തോഷത്തിൽ നിന്നും, മോഹൻ ജാനകിയെക്കുറിച്ച് പറഞ്ഞ നിമിഷം മുതൽക്ക് തന്നെ താൻ അവളെ മകളായി കണ്ട് തുടങ്ങി എന്ന് തിരിച്ചറിയുകയായിരുന്നു സരസ്വതി. ജാതകപ്പൊരുത്തം കൂടി നോക്കിയതിനു ശേഷം മോഹനെ അറിയിക്കാം എന്ന് അവർ കരുതി . “””””””പത്തിൽ പത്തു പൊരുത്തം……! ഇത്രയും ചേർച്ച ഉള്ള ജാതകങ്ങൾ ഞാൻ കണ്ടിട്ടേ ഇല്ല്യ…… ഈ കുട്ടി ജീവിതസഖി ആയാൽ ജാതകക്കാരന് ഉയർച്ച മാത്രേ ഉണ്ടാവുള്ളൂ…..”””””” ജ്യോൽസ്യന്റെ വാക്കുകൾ ഇരു വീട്ടുകാരെയും സന്തോഷിപ്പിച്ചു……പിന്നീട് വിവാഹത്തിനുള്ള ഒരുക്കങ്ങൾ ആയിരുന്നു…. ❣❣❣❣

കാര്മേഘം മൂടിയ ആകാശത്തിലേയ്ക്ക് കണ്ണ് നട്ടിരിക്കുകയായിരുന്നു മോഹൻ…. മഴത്തുള്ളിക്കൾ പൊഴിഞ്ഞു തുടങ്ങിയിരുന്നു…. വലിയ തുള്ളികൾ നേർത്ത വൈര ദണ്ടുകൾ പോലെ താഴേയ്ക്ക് പതിക്കുന്നത് കൗതുകമുള്ള കുട്ടിയെപ്പോലെ നോക്കിയിരുന്നു മോഹൻ….. വലതു കൈ വെറുതെ ചാറ്റൽ മഴയിലേയ്ക്ക് നീട്ടി പിടിച്ചു…… കൈ വെള്ളയിലേയ്ക്ക് മഴ വീണ് ചിതറുന്നത് നോക്കി പുഞ്ചിരിച്ചു. നേർത്ത ഒരു കാറ്റ് തഴുകി കടന്നു പോയി…. മനസ്സും ശരീരവും വല്ലാതെ കുളിരുന്നത് പോലെ…… അറിയാത്ത ഒരു സന്തോഷം മനസ്സ് നിറയ്ക്കുന്നു…….. ആദ്യമായി ജാനിയെ കണ്ടത് ഓർത്തു പോയി മോഹൻ…… ചില കഥകളിലും സിനിമയിലുമൊക്കെ കാണുന്നത് പോലെ അമ്പലത്തിൽ തൊഴുതു നിൽക്കുന്ന പെൺകുട്ടി……. ആദ്യം ശ്രദ്ധയിൽ‌പെട്ടത് അവളുടെ മുടി ആയിരുന്നു.

കറുത്ത് ഇടതൂർന്ന നല്ല നീളമുള്ള മുടി. ആ കണ്ണികളിലെ തിളക്കം വല്ലാതെ ആകർഷിച്ചിരുന്നു. ആദ്യ കാഴ്ചയിൽ ഇഷ്ടം തോന്നിയോ എന്ന് ചോദിച്ചാൽ അറിയില്ല എന്നെ പറയാനാകൂ …….. ചുണ്ടിൽ ഒരു പുഞ്ചിരിയുമായി എല്ലാപേരോടും ബഹുമാനത്തോടെ സംസാരിക്കുന്നവൾ…. കാണുമ്പോഴൊക്കെ ദാവണി ആയിരുന്നു വേഷം. ഒരു ദിവസം മാത്രമാണ് സമപ്രായക്കാരിയായ ഒരു പെൺകുട്ടിയോടൊപ്പം അവളെ കണ്ടത്. അവളുടെ കണ്ണുകളിലും ചിരിയിലും അന്ന് നിറയെ കുറുമ്പായിരുന്നു. അമ്പലത്തിനു പുറത്തു കൂട്ടുകാരിയോട് തല്ലു പിടിക്കുന്നതും കണ്ടു. ഒരു പുഞ്ചിരിയുടെ അകംപടിയോടെയാണ് അന്ന് അവളെക്കുറിചോർത്തത്. അവളോട് ഉള്ളിൽ ഒരു കുഞ്ഞിഷ്ടം ഉണ്ടെന്ന് തിരിച്ചറിഞ്ഞതും അന്നാണ്….. “””””””കണ്ണാ……..”””””” വാത്സല്യം നിറച്ച ആ വിളി……

മഴയിൽ നിന്നും കൈ പിൻവലിച്ചു തിരിഞ്ഞു മോഹൻ… ചുണ്ടിലെ പുഞ്ചിരിയും മുഖത്തെ സന്തോഷവും മറയ്ക്കാതെ തന്നെ….. “”””സ്വപ്നലോകത്താണോ കണ്ണാ….? എന്നെയൊന്നും ഓർക്കാറില്ലല്ലോ ഇപ്പൊ……””””” പരിഭവം നടിച്ചു സരസ്വതി…… അത് ആസ്വദിച്ചിട്ടെന്ന പോലെ മോഹന്റെ ചുണ്ടിലെ ചിരി കൂടുതൽ വിടർന്നു…. “”””അസൂയയാണോ സരസമ്മേ…..?”””” കുറുമ്പോടെ അവൻ ചോദിച്ചു….. “”””മ്മ്…. ലേശം……”””” ചിരിയോടെ സരസ്വതി മറുപടി നൽകി. “”””ആഹാ….. സരസമ്മയ്ക്കും ഉണ്ടോ അസൂയ????? എന്റെ സരസമ്മേ….. പരിഭവിക്കണ്ട……. എന്റെ സരസമ്മ എന്നും ദേ ഇവിടെ തന്നെ ഉണ്ട്…..”””” പറഞ്ഞു കൊണ്ട് നെഞ്ചിൽ തൊട്ടു മോഹൻ. “”””ഹൃദയത്തിന് നാലറ ഉണ്ടെന്നല്ലേ പറയുന്നത്? അതിൽ രണ്ടെണ്ണം ജാനകിയ്ക്ക് കൊടുക്കാം….

ബാക്കി രണ്ടെണ്ണം…. എന്റെ സരസമ്മ അവിടെ എന്നും ഭദ്രമായിരിക്കും…… ആരെയും ഞാൻ അങ്ങോട്ട് പ്രവേശിപ്പിക്കില്ല…. എന്താ പോരെ?”””” ചോദ്യത്തിനൊപ്പം അവരുടെ മൂക്കിൽ ഒന്ന് കളിയായി നുള്ളി….. ചിരിയോടെ സരസ്വതി അവനെ ചേർത്തണച്ചു….. “”””എനിക്കറിയില്ലേടാ കണ്ണാ….. ഈ മനസില് ഞാൻ എന്നും ഉണ്ടാകുമെന്ന്…… ഞാൻ തമാശയ്ക്ക് പറഞ്ഞതല്ലേ? വാ ചായ കുടിക്കാം…..”””” സരസ്വതി അവനെ ചേർത്ത് പിടിച്ച് ഉള്ളിലേയ്ക്ക് നടന്നു കഴിഞ്ഞു. ❣❣❣❣❣❣❣❣❣❣ നാല് മാസങ്ങൾ വളരെ വേഗം കടന്നു പോയി. കല്യാണത്തിന് ഇരു വീട്ടുകാരും അധികം ആരെയും ക്ഷണിച്ചില്ല. അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. വിവാഹവേഷത്തിൽ ഒരുങ്ങി നിൽക്കുമ്പോൾ ഒരു ദേവതയെപ്പോലെ സുന്ദരിയായിരുന്നു ജാനകി. താലി ചാർത്താനായി മോഹനരികിലായി നിൽക്കുമ്പോൾ ഫോണിൽ മോഹന്റെ ഫോട്ടോ കണ്ടു വിനോദ് പറഞ്ഞത് അവൾക്ക് ഓർമയിൽ വന്നു.

“”നിനക്ക് ചേരുന്ന ആളൊന്നുമല്ല ഇത്. നോക്കിക്കോ കല്യാണത്തിന് എല്ലാരും പറയും നിലവിളക്കിനടുത്തു കരിവിളക്ക് വച്ചത് പോലെ എന്ന്…. പിന്നെ വടക്കുനോക്കിയന്ത്രം സിനിമയിലെ പോലെ ഭാവിയിൽ അയാൾക്ക് കോംപ്ലക്സ് ഉണ്ടാകാനും മതി.””””””” തലയുയർത്തി ചുറ്റിനും ഉള്ളവരെ നോക്കി അവൾ…. ആരൊക്കെയോ പരസ്പരം സംസാരിക്കുന്നു….. വിനോദ് പറഞ്ഞത് പോലെ ആകുമൊ അവർ പറയുന്നത്…..? ഒരു വേള അവൾ ചിന്തിച്ചു. നിറഞ്ഞു വന്ന കണ്ണുകൾ ആരും കാണാതെ തുടച്ചു മാറ്റി അവൾ. ജീവന്റെ പാതി ആകേണ്ടവന്റെ താലി ഏറ്റുവാങ്ങുമ്പോൾ ഓരോ പെണ്ണിലും നിറഞ്ഞു നിൽക്കേണ്ട സന്തോഷം,ചുണ്ടിലെ പുഞ്ചിരി, കണ്ണുകളിലെ തിളക്കം ഒന്നും ജാനകിയ്ക്ക് ഉണ്ടായിരുന്നില്ല.

കുനിഞ്ഞ ശിരസുമായി യാന്ത്രികമായി കൈ കൂപ്പി അവന് മുന്നിൽ നിൽക്കുമ്പോൾ കണ്ണുകളിൽ വന്ന് നിറഞ്ഞ മിഴിനീര് സന്തോഷാശ്രു ആയിരുന്നില്ല……. മറിച്ചു തന്റെ സ്വപ്നങ്ങൾ എരിഞ്ഞു തീർന്നതിന്റെ വേദനയിൽ നിന്നുണ്ടായതായിരുന്നു. മനസ്സിൽ മുഴുവൻ ഇരുട്ടാകുമ്പോ അത് മറച്ചു മുഖത്തു പ്രകാശം നിറയ്ക്കാൻ വല്ലാത്ത പ്രയാസമാണെന്ന് തോന്നി ജാനകിയ്ക്ക്. ആൽവിയും മായയും അരികിൽ വന്നു പരിചയപ്പെടുമ്പോഴും ജോക്കുട്ടന്റെ കുസൃതികൾ കണ്ടു എല്ലാപേരും ചിരിക്കുമ്പോഴും അതിലൊന്നും ശ്രദ്ധ പതിപ്പിക്കാൻ ജാനകിയ്ക്കായില്ല. ഒരുപക്ഷെ ഈ നാല് മാസം എന്ന കാലാവധി കുറച്ചു കൂടി നീണ്ടിരുന്നു എങ്കിൽ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ തന്റെ മനസ്സിന് അല്പം കൂടി കഴിഞ്ഞേനെ എന്നോർത്തു അവൾ….

.മറ്റുള്ളവർക്ക് മുന്നിൽ ചിരിക്കുമ്പോഴും അവളുടെ ഉള്ള് വല്ലാതെ നോവുന്നുണ്ടായിരുന്നു. ജാനകിയുടെ ചുണ്ടിൽ എപ്പോഴും കാണാറുള്ള തിളക്കമുള്ള പുഞ്ചിരി അല്ല ഇപ്പോൾ ആ ചുണ്ടിൽ സ്ഥാനം പിടിച്ചിരിക്കുന്നത് എന്ന് മോഹന് വേഗത്തിൽ മനസിലായി…… പലവിധ ചിന്തകളാൽ അവന്റെ മനസ്സും കലുഷിതമായി. ❣❣❣❣❣❣❣❣❣❣ ജാനകിയ്ക്ക് നിലവിളക്കു കൈമാറുമ്പോൾ സരസ്വതിയുടെ മുഖത്തെ ചിരിയ്ക്ക് നിലവിളക്കിന്റെ നാളത്തേക്കാൾ ശോഭ ഉണ്ടായിരുന്നു. ചിരിയോടെ തന്നെ വിളക്ക് വാങ്ങി ഉള്ളിലേയ്ക്ക് കയറി ജാനകി. പൂജാമുറിയിൽ നിലവിളക്കു വച്ചു പ്രാർത്ഥിച്ചു തിരികെ ഇറങ്ങുമ്പോൾ എന്ത് ചെയ്യണമെന്ന് ഒരു രൂപവും ഉണ്ടായിരുന്നില്ല അവൾക്ക്.

പൂജമുറിയ്ക്ക് മുന്നിൽ വിഷമിച്ചു നിൽക്കുന്ന ജാനകിയെ കണ്ടപ്പോൾ 35 വർഷങ്ങൾക്ക് മുൻപ് ഇത് പോലെ പകച്ചു നിന്ന ഒരു പെൺകുട്ടിയെ ഓർമ വന്നു സരസ്വതിയ്ക്ക്… ആ കുട്ടിയ്ക്ക് തന്റെ മുഖമായിരുന്നു എന്നവർ ചിരിയോടെ ഓർത്തു ….. സരസ്വതി അവൾക്കരികിലേയ്ക്ക് ചെന്നു. “””””മോളെന്താ ഇവിടെ നിക്കണത്…? ഇത് ഇനി മുതൽ മോളുടെ വീട് തന്നെയാ….. ഒട്ടും പേടി വേണ്ടാട്ടോ…. അമ്മയാന്നു കൂട്ടിയാ മതി…. അല്ല…. അമ്മ തന്നെയാ…… “”””” ജാനകിയെ പൊതിഞ്ഞു പിടിച്ച് നെറുകയിൽ ചുണ്ടുകൾ ചേർത്തു സരസ്വതി. ഒരു നിമിഷം സ്വന്തം അമ്മയാണ് മുന്നിൽ നിൽക്കുന്നത് എന്ന് തോന്നി അവൾക്ക് . സരസ്വതിയുടെ സ്നേഹവും കരുതലും ജാനകിയ്ക്ക് വല്ലാത്ത ആശ്വാസം ആയിരുന്നു. അച്ഛനെയും അമ്മയെയും പിരിഞ്ഞ വേദനയുടെ ശക്തി കുറയ്ക്കാൻ അവരുടെ സാനിദ്ധ്യത്തിന് പോലും കഴിയുന്നു എന്ന് ജാനകിക്ക് തോന്നി…….

“”””വൈകിട്ട് ഫങ്ക്ഷൻ ഒന്നും ഒരുക്കീട്ടില്ലട്ടോ മോളെ…. ഒന്നും വേണ്ട എന്ന് കണ്ണൻ തന്നെയാ പറഞ്ഞത്. ഇവിടെ അടുത്ത് ഒരനാഥാലയം ഉണ്ട്…. പത്തിരുന്നൂറ്‌ പേരുണ്ടവിടെ…. അവർക്ക് വേണ്ടി ആഹാരവും വസ്ത്രങ്ങളും ഒക്കെ കൊടുത്തു. അതിനും പുതുമ ഒന്നും ഇല്ലാട്ടോ…. ഇടയ്ക്കൊക്കെ കൊടുക്കണത് തന്നെയാ…. എന്നാലും ഇന്നത്തെ ദിവസം ആകുമ്പോ പ്രത്യേകത ഉണ്ടല്ലോ……. വൈകിട്ട് അവരോടൊപ്പം ഭക്ഷണം കഴിക്കാൻ ക്ഷണിച്ചതാ അവര്. ഇന്നിനിയിപ്പോ വേണ്ട… നമുക്ക് മറ്റൊരിക്കൽ പോകാം…… മോള് ഇപ്പൊ ഈ ഡ്രസ്സ്‌ ഒക്കെ ഒന്ന് മാറ്റൂ….. മായ സഹായിക്കും….””””” സരസ്വതി മായയെ വിളിച്ചപ്പോൾ ജാനകിയെ നോക്കി ചിരിച്ചു കൊണ്ട് മായ അവർക്കരികിലേയ്ക്ക് വന്നു.

അപ്പോൾ മുതൽ രാത്രി വൈകും വരെ ഓരോന്നൊക്കെ സംസാരിച്ചും ചിരിപ്പിച്ചും മായ ജാനകിയോടൊപ്പം തന്നെ ഉണ്ടായിരുന്നു. ആൽവിയുടെയും മായയുടെയും സരസ്വതിയുടെയും സംസാരവും കളിചിരികളും ജോക്കുട്ടന്റെ കുസൃതികളും ജാനകിയുടെ മനസിലെ പിറമുറുക്കത്തിനു അലപം അയവു വരുത്തി. കുറച്ചു സമയത്തിനുള്ളിൽ തന്നെ ആ വീട്ടിലെ അപരിചിതത്വം ഏറെകുറെ മാറിയിരുന്നു ജാനകിയ്ക്ക്….. അച്ഛനെയും അമ്മയെയും പിരിയേണ്ടി വന്നതിലുള്ള ഒരു കുഞ്ഞ് നോവ് അവളിൽ അപ്പോഴും അവശേഷിച്ചു. “”””എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ പെങ്ങളൂട്ടി….”””” എന്ന് പറഞ്ഞു ആൽവിയും മായയും പടിയിറങ്ങുമ്പോൾ അത് വരെ അകന്നു നിന്ന ഭയം വീണ്ടും ഉള്ളിൽ നിറയുന്നതറിഞ്ഞു ജാനകി. ❣❣❣

സരശ്വതിയെ ചുറ്റിപ്പറ്റി അടുക്കളയിൽ തന്നെ നിന്ന് അവൾ “””””മോള് പോയി കിടന്നോ…..നേരം ഒത്തിരി ആയില്ലേ? മുഖം കണ്ടാൽ അറിയാം നല്ല ക്ഷീണം ഉണ്ടെന്ന്. നിങ്ങളുടെ മുറി ദേ ആ കാണുന്നതാ……””””” മുന്നിൽ കാണുന്ന മുറിയിലേയ്ക്ക് അവർ വിരൽ ചൂണ്ടി. “”””മോള് പൊയ്ക്കോ….. ഞാനും കിടക്കാൻ പോകുവാ… വല്ലാത്ത ക്ഷീണം…..”””” സരസ്വതി അവരുടെ മുറിയിലേയ്ക്ക് നടന്നപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ കുറച്ചു സമയം അവൾ അവിടെത്തന്നെ നിന്നു. പിന്നെ പതിയെ സരസ്വതി കാണിച്ചു കൊടുത്ത റൂമിലേയ്ക്ക് നടക്കാൻ തുടങ്ങി. ഭയം കാരണം അവളുടെ മനസ്സും ശരീരവും ഒരുപോലെ വിറയ്ക്കുന്നുണ്ടായിരുന്നു …. പല തവണ ദീർഘനിശ്വാസം എടുത്തിട്ടും ലവലേശം പോലും അതിന് കുറവുണ്ടായില്ല.

മനസ്സ് കൊണ്ട് അല്പം പോലും അംഗീകരിക്കാൻ കഴിയാത്ത ഒരാളിനരികിലേയ്ക്കാണ് പോകുന്നത് എന്നുള്ള ചിന്ത അവളിൽ പരിഭ്രമം നിറച്ചു. റൂമിലേയ്ക്ക് ചെല്ലുമ്പോൾ എന്തോ വായിച്ചിരിക്കുകയായിരുന്നു മോഹൻ…. അവളെക്കണ്ടു അവൻ തലയുയർത്തു നോക്കി ഒന്ന് പുഞ്ചിരിച്ചു. മറുപടിയായി ഒരു പുഞ്ചിരി പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. അവളെ വീക്ഷിക്കുകയായിരുന്നു മോഹൻ….. തല കുനിച്ചുള്ള നിൽപ്പും സാരിത്തുമ്പിൽ വിരൽ ചുറ്റി വലിയ്ക്കുന്നതും കണ്ടപ്പോൾ തന്നെ അവളിൽ ഭയവും പരിഭ്രമവും ഉണ്ടെന്ന് മോഹന് മനസിലായി. “”””താൻ കിടന്നോളൂ…… കിടക്കുന്നതിനു മുൻപ് കുറച്ചു വായിക്കുന്ന ശീലമുണ്ട് എനിക്ക്….. എങ്കിലേ ഉറക്കം വരൂ….. താൻ കിടന്നോ… ആകെ ടയർഡ്‌ അല്ലെ?””””” കൂടുതൽ ഒന്നും ചോദിക്കാതെ കയ്യിലെ ബുക്കുമായി മോഹൻ പുറത്തേയ്ക്ക് നടന്നു.. ഇടയ്ക്ക് തിരിഞ്ഞു നോക്കിയപ്പോഴും ജാനകി അതേ നിൽപ്പ് തുടരുന്നുണ്ടായിരുന്നു. ❣❣❣

പുസ്‌തകത്തിലേയ്ക്ക് കണ്ണുനട്ടിരിക്കുമ്പോഴും മോഹന്റെ ചിന്തകളിൽ നിറഞ്ഞു നിന്നത് ജാനകി ആയിരുന്നു. കണ്ടിട്ടുള്ളപ്പോഴൊക്കെ അവളുടെ ചുണ്ടുകളിൽ വിരിഞ്ഞു നിന്ന പുഞ്ചിരി കണ്ണുകളിലെ തിളക്കം ഒന്നും ഇന്ന് കാണാനായില്ല. തന്റെ അരികിൽ വരാനോ സംസാരിക്കാനോ മുഖത്ത് നോക്കാനോ അവൾ ഭയക്കുന്നു എന്ന് വച്ചാൽ അതിനർത്ഥം ഈ വിവാഹം അവളുടെ സമ്മതത്തോടെ ആയിരുന്നില്ല എന്നല്ലേ? ഹൃദയം വല്ലാതെ വിങ്ങുന്നതറിഞ്ഞു മോഹൻ…. ഇഷ്ടായിരുന്നില്ല എങ്കിൽ അവൾക്കത് തുറന്ന് പറഞ്ഞു കൂടായിരുന്നോ? ഇഷ്ടമില്ലാത്ത വിവാഹത്തിന് ആരാണ് അവളെ നിർബന്ധിക്കാൻ പോകുന്നത്? ചിന്തകളുടെയും ഒപ്പം മനസിന്റെയും ഭാരം വർധിച്ചു തുടങ്ങിയിരുന്നു ……

മനസ്സ് കൂടുതൽ ആസ്വസ്തമായപ്പോൾ പുസ്തകം മടക്കി വച്ചു കണ്ണുകളടച്ചു ചാരി ഇരുന്നു…… അങ്ങനെ ഇരുന്ന് അവൻ എപ്പോഴോ മയങ്ങിപ്പോയി….. മൂക്കിനുള്ളിലേയ്ക്ക് കടന്ന വന്ന നേർത്ത ഒരു ഗന്ധമാണ് അവനെ ഉണർത്തിയത്…… മുറ്റത്തു നിറഞ്ഞു നിന്ന ഇരുളിലിനിടയിൽ ഒരു നേർത്ത വെള്ളി വെളിച്ചം പോലെ നിശാഗന്ധി വിടർന്നു നിന്നിരുന്നു…… മനസിന്‌ സന്തോഷം നൽകുന്ന കാഴ്ച…..!!! ഉള്ളിൽ നിറഞ്ഞ അസ്വസ്ഥതകൾക്ക് വിരാമമിടാൻ ഇത്തരം ചില മനോഹരയായ കാഴ്ചകൾക്ക് കഴിയുമെന്ന് ഓർത്തു പോയി അവൻ…. പുറത്തേക്കിറങ്ങി വിടരാൻ ഒരുങ്ങുന്ന പൂവിന്റെ ചിത്രം മൊബൈലിൽ പകർത്തി. ❣❣❣❣

റൂമിൽ എത്തുമ്പോൾ ജാനകി കാട്ടിലിനു ഓരം ചേർന്ന് കിടന്ന് നല്ല ഉറക്കമായിരുന്നു. അവളോട് ഒരകലം പാലിച്ചു മോഹനും കിടന്നു. അവളുടെ മുഖത്തേയ്ക്ക് നോക്കുമ്പോൾ അപ്പോഴും ആ മുഖത്തൊരു വിഷാദഭാവം ഉള്ളത് പോലെ തോന്നി അവന്…. “ഇഷ്ടമായിരുന്നില്ലേ പെണ്ണെ നിനക്കെന്നെ? പിന്നെ എന്തിനാണ് ഇഷ്ടമല്ലാതിരുന്ന ഒരു വിവാഹത്തിന് നീ സമ്മാനം മൂളിയത്…..?” നിശബ്ദമായി അവന്റെ ഹൃദയം അവളോട് ചോദിച്ചു………. “മറക്കാൻ കഴിയാത്ത ഇഷ്ടമൊന്നും അന്നെനിക്ക് നിന്നോട് ഉണ്ടായിരുന്നില്ല…… പക്ഷെ ഇപ്പൊ……..ഇഷ്ടമാണ് പെണ്ണെ എനിക്ക് നിന്നെ…. എത്രയെന്നു പറയാനാകാത്തത്രയും ഇഷ്ടം…… എന്നാണ് നിനക്കെന്നെ തിരികെ സ്നേഹിക്കാനാവുക? കാത്തിരിക്കാം ഞാൻ…. നിന്നിലെ സ്നേഹം എനിക്കായി പകർന്നു തരുന്ന ദിവസത്തിനായി…… പ്രതീക്ഷയോടെ……” ജാനകിയെതന്നെ നോക്കിക്കിടന്നു അവൻ …. കൺപോളകൾ ആലിംഗനബദരാകുന്നത് വരെ…… ❣❣❣❣

ഉണർന്ന ഉടനെ ജാനകിയുടെ കണ്ണുകൾ ബെഡിൽ അവൾക്കരികിലായി മോഹൻ ഉണ്ടോ എന്നാണ് തിരഞ്ഞത്…. ഇല്ല എന്ന് കണ്ടപ്പോൾ ഒന്നാശ്വസിച്ചു. ആളിന്നലെ ഇവിടെ വന്നു കിടന്നില്ലേ….? അതോ നേരത്തെ എഴുന്നേറ്റു പോയതാകുമോ…..? ബാത്ത് റൂമിലേയ്ക്ക് കാതോർത്തപ്പോൾ പ്രത്യേകിച്ച് ശബ്ദം ഒന്നും കേട്ടില്ല. സമയം ഏഴു മണി ആകുന്നു എന്ന് കണ്ടു ചാടി എഴുന്നേറ്റു. ഫ്രഷ് ആയി ഹാളിലേയ്ക്ക് ചെല്ലുമ്പോൾ അവിടെയും മോഹനെ കണ്ടില്ല. അടുക്കളയിൽ സംസാരം കേട്ടപ്പോൾ അങ്ങോട്ടേക്ക് ചെന്നു. വാതിൽക്കൽ എത്തിയപ്പോഴേ കണ്ടു കറിയ്ക്കായി ഉള്ളി നുറുക്കുന്ന സരസ്വതിയേ…… അടുത്ത് തന്നെ മോഹനുമുണ്ട്. ചപ്പാത്തി പരത്തുകയാണവൻ……. അമ്മയും മകനും കൂടി എന്തൊക്കെയോ സംസാരിക്കുന്നുണ്ട്…. തമാശ പറഞ്ഞു ചിരിക്കുന്നുണ്ട്……

അവരുടെ മാത്രമായ ലോകത്തിലാണവർ…. ജാനകി വന്നത് കൂടി ഇരുവരും അറിഞ്ഞിരുന്നില്ല….. അവൾ വാതിൽക്കൽ നിന്ന് കുറച്ചു സമയം ഇരുവരെയും നോക്കി നിന്നു. അവൾക്ക് ജയയെയും പ്രഭാകരനെയും ഓർമ വന്നു….. അവരെക്കാണാൻ ഉള്ളം തുടികൊട്ടുന്നതറിഞ്ഞു…. കണ്ണ് നിറഞ്ഞു വന്നു….. അപ്പോൾ മാത്രമാണ് വാതിൽക്കൽ നിൽക്കുന്ന ജാനകിയെ സരസ്വതി കാണുന്നത്…. “”””ആഹാ മോള് എഴുന്നേറ്റോ? എന്തെ അവിടെത്തന്നെ നിന്നത്?ഇവിടുത്തെ ബഹളം കേട്ടിട്ടാണോ? ഇവിടെ ഇങ്ങനെയാ മോളെ….. ഇവൻ ബേക്കറിയിലേയ്ക്ക് പോകുമ്പോ എട്ടര എങ്കിലും ആകും… അത് വരെ വെറുതെ ഇരിക്കാൻ വയ്യന്ന് പറഞ്ഞു ഇങ്ങനെ എന്നോടൊപ്പം കൂടും…. അത്യാവശ്യം പണികളൊക്കെ ഇവനും അറിയാം…..

എനിക്ക് എന്തെങ്കിലും പറ്റിയാൽ ഇവൻ ഒറ്റയ്ക്കായിപ്പോകില്ലേ? അതാ കുറച്ചൊക്കെ പഠിപ്പിച്ചു കൊടുത്തത്….. ഇനിയിപ്പോ എനിക്ക് ആ പേടിയില്ല……മോളുണ്ടല്ലോ എന്റെ കണ്ണന് കൂട്ടായി…..”””” മോഹൻ രൂക്ഷമായി സരസ്വതിയേ നോക്കി…. ഒരു കള്ള ചിരിയോടെ ഇനി ഒന്നും മിണ്ടില്ല എന്ന് ആംഗ്യം കാണിച്ചു അവർ….. മോഹൻ ഒരു കപ്പിലേക്ക് ചായ പകർന്നു ജാനകിയ്ക്ക് നീട്ടി…. കപ്പ്‌ വാങ്ങാൻ മടിച്ചു നിന്നു ജാനകി……. താൻ അല്ലെ ആളിന് ചായ കൊടുക്കേണ്ടത്….??? ഇതിപ്പോ…..??? “”””സാധാരണ ഭാര്യ ഭർത്താവിനല്ലേ ചായ കൊടുക്കുന്നത്? ഇവിടെ തിരിച്ചായിക്കോട്ടെ……”””” അവളുടെ മനസ്സ് മനസിലാക്കിയിട്ടെന്ന പോലെ ചിരിയോടെ മോഹൻ പറഞ്ഞു. ജാനകിയ്ക്ക് അത് വാങ്ങാൻ വല്ലാത്ത ചമ്മൽ തോന്നി.

“””””വാങ്ങെടോ… ഇവിടെ അങ്ങനെ ഒന്നും ഇല്ല…. അമ്മ പറഞ്ഞില്ലേ?”””” മോഹൻ അങ്ങനെ പറഞ്ഞപ്പോ വീണ്ടും മടിച്ചു നിൽക്കാതെ അവൾ കപ്പ്‌ വാങ്ങി. അവൾ ആലോചിക്കുകയായിരുന്നു….. അമ്മ പറഞ്ഞത് ശെരിയാ…. അച്ഛനും ഇങ്ങനെ തന്നെയാണ്…. ജോലിയ്ക്ക് പോകുന്നതിനു മുൻപ് അമ്മയെ കുറച്ചൊക്കെ സഹായിക്കുന്നത് കണ്ടിട്ടുണ്ട്. ചപ്പാത്തി ഉണ്ടാക്കാനൊന്നും അറിയില്ലെങ്കിലും ദോശ ചുടാനും ചായ ഉണ്ടാക്കാനും പാത്രങ്ങൾ കഴുകാനും ഒക്കെ അമ്മയെ സഹായിക്കും…… അമ്മയേക്കാൾ ഒരുപടി മുകളിലാണ് തനിക്ക് അച്ഛനോടുള്ള ഇഷ്ടം…. ആ അച്ഛനുമായി മോഹനുള്ള സാമ്യതകളെ എണ്ണിപ്പറക്കുകയായിരുന്നു ജാനകി…………. തുടരും

തമസ്സ്‌ : ഭാഗം 9

Share this story