നീ മാത്രം…❣️❣️ : ഭാഗം 30

നീ മാത്രം…❣️❣️ : ഭാഗം 30

എഴുത്തുകാരി: കീർത്തി

 “എനിക്ക് പറയാനുള്ളത് കേട്ട് ചോദിക്കാനുള്ളതിന് മറുപടി തന്നിട്ട് പോയാൽ മതി. ” “സാർ എന്റെ കൈയിൽ ന്ന് വിട്. ആരേലും കാണും. ” “കാണട്ടെ. എല്ലാവരും കാണട്ടെ. ചോദിച്ചു വരുന്നവരോട് ഞാൻ പറയും ഇത് ഞാൻ വിവാഹം കഴിക്കാൻ പോകുന്ന എന്റെ പെണ്ണാണെന്ന്. ” “അത് സാർ മാത്രം തീരുമാനിച്ചാൽ മതിയൊ? എനിക്ക് ഇഷ്ടല്ല ന്ന് ഞാൻ പലവട്ടം പറഞ്ഞു കഴിഞ്ഞതാണ്.” “അതിന്റെ കാരണമാണ് ഞാൻ ചോദിക്കുന്നത്. അന്ന് നാട്ടിൽ പോയി വന്നതിന് ശേഷമാണ് താനിങ്ങനെ. എനിക്കറിയാം വിജയ് യും ആനന്ദും ഞാൻ തന്നെയാണെന്ന് അറിഞ്ഞതോണ്ട് മാത്രല്ല താൻ എന്നോടിങ്ങനെ അകൽച്ച കാണിക്കുന്നത്. വെറുമൊരു നിസാരകാരണവും പറഞ്ഞ്…… യഥാർത്ഥ കാരണം എനിക്കറിഞ്ഞേ പറ്റൂ. ഇതിന് വേണ്ടിയല്ല ഞാനിത്രയും…. ” “എനിക്ക് ഇഷ്ടല്ല. അത്രതന്നെ. ”

“ഗാഥാ താനീ കള്ളം തന്നെ ഇങ്ങനെ എപ്പോഴും ആവർത്തിക്കുന്നതെന്തിനാ? ” അപ്പോഴും ആനന്ദേട്ടൻ എന്റെ കൈയിലെ പിടി വിട്ടിരുന്നില്ല. “നാളത്തെ നല്ല ദിവസത്തിന്റെ സന്തോഷത്തിലാണ് ഇവിടെ എല്ലാവരും. വെറുതെ ഒരു സീൻ ഉണ്ടാക്കി അത് ഇല്ലാണ്ടാക്കരുത്. ആനന്ദേട്ടാ പ്ലീസ്… എന്നെ വിട്. ” “ആ സന്തോഷം ഇരട്ടിയാക്കാനാണ് ഞാൻ ചോദിക്കുന്നത്. എന്റേതായിക്കൂടെ തനിക്കെന്ന്. ” “പറ്റില്ല. എനിക്ക് ഇഷ്ടല്ല. ” “നീ എന്തൊക്കെ പറഞ്ഞാലും ശെരി ഞാനൊരു പെൺകുട്ടിയുടെ കഴുത്തിൽ താലി കെട്ടുന്നുണ്ടെങ്കിൽ അതീ ഗാഥ ബാലചന്ദ്രന്റെയായിരിക്കും. നീയല്ലാതെ മറ്റൊരു പെണ്ണ് എന്റെ ജീവിതത്തിലുണ്ടാവില്ല. ” ആ വാക്കുകൾ അത്രയും ഉറച്ചതായിരുന്നു. “ഒരിക്കലും നടക്കാത്ത ആഗ്രഹം. ” “നീ നോക്കിക്കോ ഗാഥാ…അടുത്ത വർഷവും ഈ സമയത്ത് നീയ്യീ വീട്ടിലുണ്ടാവും. ഈ വിജയാനന്ദ് ന്റെ ഭാര്യയായിട്ട്. ഞാനാ പറയുന്നത്. ”

ബലം പ്രയോഗിച്ച് കൈയിലെ പിടി വിടുവിച്ച് ഞാൻ റൂമിലേക്ക് നടക്കുമ്പോൾ പിറകിൽ നിന്ന് വിളിച്ചു പറയുന്നത് കേട്ടു. ചുവരിനപ്പുറം അവരറിയാതെ ആ സംഭാഷണം മറ്റൊരാൾ കൂടി കേൾക്കുന്നുണ്ടായിരുന്നു. തിരിഞ്ഞു നോക്കാതെ റൂമിൽ കയറി വാതിലടച്ചു ചാരിനിന്നു. അതുവരെ പിടിച്ചുവെച്ച സങ്കടം മുഴുവനും കണ്ണീരായി പുറത്തു വന്നു. അത്രമേൽ ആഗ്രഹിച്ച കാര്യം ആനന്ദേട്ടന്റെ വായിൽ നിന്ന് തന്നെ കേട്ടു. പക്ഷെ…. അച്ഛൻ… മുത്തശ്ശിക്ക് ഞാൻ കൊടുത്ത വാക്ക്….. എനിക്ക് വേണമെങ്കിൽ ഈ നിമിഷം ഞാനനുഭവിക്കുന്ന വിഷമത്തിന്റെ കാരണം ആനന്ദേട്ടനോട് പറയാം. എന്തുകൊണ്ടാണ് മനസ്സിലെ ഇഷ്ടം തുറന്നുപറയാതെ ഉള്ളിൽ തന്നെ കൊണ്ടുനടക്കുന്നതെന്ന്. ഒരുപക്ഷെ ആനന്ദേട്ടൻ അതിന് പരിഹാരം കാണുകയും ചെയ്യും. എല്ലാവരും കൂടിചേർന്ന് ഞങ്ങളുടെ വിവാഹം തീരുമാനിക്കുകയും നടത്തിതരികയും ചെയ്തെന്നിരിക്കും. പക്ഷെ…

ഞങ്ങൾക്കിടയിലൊരു പ്രണയം ഉണ്ടായിരുന്നു ന്ന് അച്ഛനറിഞ്ഞാൽ… എല്ലാം അറിഞ്ഞിട്ടും ഞാനൊരാളെ പ്രണയിച്ചു ന്ന് അച്ഛൻ കരുതില്ലേ. അച്ഛന്റെ അഭിമാനത്തിന് ഞാനൊരു വിലയും നൽകിയിട്ടില്ല ന്ന് തോന്നില്ലേ. ഇല്ല. അച്ഛനെ ചതിക്കാൻ എന്നെക്കൊണ്ടാവില്ല. ഇത്രയും നാളും എന്നെ വളർത്തി വലുതാക്കിയ എന്റെ അച്ഛൻ തന്നെയാണ് എനിക്ക് വലുത്. അതിന് മുന്നിൽ ദിവസങ്ങൾ മാത്രം പരിചയമുള്ള ആനന്ദേട്ടൻ ഒന്നുമല്ല…അല്ലെങ്കിൽ തന്നെ ഞാൻ ആനന്ദേട്ടന്റെ നിലയ്ക്കും വിലയ്ക്കും ചേർന്നവളല്ല. ആനന്ദേട്ടനോടുള്ള എന്റെ പ്രണയം അത് എന്റെ ഉള്ളിൽ ഭദ്രമായിരിക്കട്ടെ. ഓരോന്ന് ആലോചിച്ചു വാതിലിൽ ചാരി നിലത്തേക്കിരുന്നു. കരഞ്ഞുകരഞ്ഞ് വല്ലാതെ തലവേദന തോന്നി തുടങ്ങിയപ്പോൾ കാൽമുട്ടിൽ തലവെച്ച് കണ്ണടച്ച് ഇരുന്നു. പെട്ടന്നാണ് ആരോ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടത്.

ഞെട്ടിപിടഞ്ഞ് എഴുന്നേറ്റ് വാതിലിന്റെ കുറ്റിതുറക്കാൻ ഒരുങ്ങിയപ്പോഴാണ് അത്രയും നേരം കരയുകയായിരുന്നല്ലോ എന്ന് ഓർത്തത്. വേഗം ചെന്ന് മുഖം കഴുകി തുടച്ച് ശേഷം കണ്ണാടിയിൽ നോക്കി ഉറപ്പുവരുത്തിയിട്ടാണ് വാതിൽ തുറന്നത്. അമ്മയായിരുന്നു. നന്നേ കഷ്ടപ്പെട്ട് മുഖത്തൊരു ചിരി വരുത്തി. “മോള് കിടന്നിരുന്നോ? ” “ഇല്ല അമ്മേ… ഞാൻ..വെറുതെ…. ” “ഞാൻ വന്നത് മോൾക്ക് ഈ മുണ്ടും നേര്യതും തരാനാണ്. നാളെ അമ്പലത്തിൽ പോകുമ്പോൾ ഉടുക്കാൻ. മോള് കൈയിൽ കരുതിക്കാണില്ല ന്ന് അറിയാം. അതാ. എന്നാ ഇനി മോള് കിടന്നോ. ഋതുവിനെ ഞാൻ ഇങ്ങോട്ട് വിടാം. ” കൈയിലെ കവർ എനിക്ക് നൽകിയ ശേഷം അമ്മ പോയി. ചുവപ്പിൽ വീതിയുള്ള സ്വർണകാസവോടു കൂടിയ മുണ്ടും നേര്യതുമായിരുന്നു അതിൽ. പിന്നെ അതിന് ചേർന്ന റെഡിമേഡ് ബ്ലൗസും.

അതിലേക്ക് നോക്കുംതോറും ഉള്ളിലെ സങ്കടം അതികരിക്കുന്നതായി തോന്നി. ഋതു വാതിൽ ലോക്ക് ചെയ്യുന്ന ശബ്ദം കെട്ടാണ് ഡ്രെസ്സിൽ നിന്നും കണ്ണെടുത്തത്. വേഗം അതെടുത്തുവെച്ച് ഉറങ്ങാൻ കിടന്നു. രാത്രി ഉറങ്ങാത്തത് കൊണ്ട് രാവിലെ നേരത്തെ തന്നെ എഴുന്നേറ്റു. എന്റെ കുളി കഴിഞ്ഞിറങ്ങുമ്പോഴേക്കും ഋതുവും എഴുന്നേറ്റിരുന്നു. എല്ലാം കഴിഞ്ഞ് ഞങ്ങൾ രണ്ടുപേരും ഒരുങ്ങി താഴെയെത്തിയപ്പോൾ എല്ലാവരും അമ്പലത്തിൽ പോകാൻ റെഡിയായി കൊണ്ടിരിക്കുന്നേയുള്ളൂ. ആകെയൊരു ബളഹം. ആളും ബഹളവുമൊക്കെ കണ്ടാൽ തോന്നും ഇവിടെയൊരു കല്യാണമാണ് നടക്കാൻ പോകുന്നത് ന്ന്. ഈശ്വരാ… ഇക്കണക്കിനു കല്യാണത്തിന് എന്താവും… ഞാനോർത്തു. സ്ത്രീജനങ്ങളും കുട്ടികളുമൊക്കെ ഒരുങ്ങി എന്നാൽ അമ്മാവന്മാരല്ലാതെ മറ്റു പുരുഷകേസരികളെയൊന്നും കാണാനില്ലായിരുന്നു.

അങ്ങനെ നിൽക്കുമ്പോഴാണ് ചേച്ചി അമ്പാടിയേയും അവന് ഇടാനുള്ള ഡ്രെസ്സും കൂടി എന്റെ കൈയിൽ തന്ന് അവനെ ധരിപ്പിക്കാൻ പറഞ്ഞത്. ചേച്ചി ഒരുങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. ചേച്ചിയുടെ കൂടെ റൂമിനകത്ത് കൈയിൽ ഒരു സെറ്റ് സാരിയും പിടിച്ച് നിൽക്കുന്ന കുതിരയെയും കണ്ടു. അവളെ സാരി ഉടുപ്പിച്ചു കൊടുക്കാനുള്ള ഡ്യൂട്ടിയും ചേച്ചിക്കാണ്. ഞാനും ഋതുവും കൂടി വേഗം അമ്പാടിയേം കൊണ്ട് ആ തിരക്കിൽ നിന്നെല്ലാം മാറി ഉമ്മറത്ത് വന്നിരുന്നു. ഒരു ബ്ലൂ കളർ കുഞ്ഞി ഷർട്ടും കുഞ്ഞി കസവ് മുണ്ടുമായിരുന്നു അവന് വേണ്ടി ചേച്ചി തന്നത്. ഒട്ടിക്കുന്ന ആ കുഞ്ഞിമുണ്ട് ഉടുത്തപ്പോൾ തന്നെ ചെക്കന് ഭയങ്കര ഗമയായി. വായിൽ ആകെക്കൂടി ഉണ്ടായിട്ടുള്ള അഞ്ചാറു കൊച്ചരിപ്പല്ല് കാണിച്ച് അവൻ ഞങ്ങളെ നോക്കിയൊരു ചിരി ചിരിച്ചു. ഉഫ്… എന്റെ സാറെ…. ആ ചിരി….. ചുറ്റുമുള്ളത് ഒന്നും കാണാൻ പറ്റൂല ന്ന് നിവിൻ ചേട്ടൻ പറഞ്ഞ പോലെയായിരുന്നു.

പെട്ടന്ന് അകത്തു നിന്ന് എന്തോ വലിയ ഹർഷാരവം കേട്ടാണ് ജനലിലൂടെ എത്തിനോക്കിയത്. പേടിക്കാനൊന്നുമില്ല. ബര്ത്ഡേ ബോയ് ഇറങ്ങിവന്നതിന്റെ സിഗ്നലായിരുന്നു അത്. ശബ്ദം കേട്ടതും ഋതുവും അങ്ങോട്ടോടി. എല്ലാവരും പൊതിഞ്ഞു നിൽക്കുന്ന കാരണം ആളെ കാണാൻ പറ്റിയില്ല. ഞാൻ പിന്നെ എത്തിവലിഞ്ഞു നോക്കാനും പോയില്ല. അമ്പാടിയോട് ഓരോന്ന് പറഞ്ഞ് അവന് ഷർട്ട്‌ ഇട്ടുകൊടുത്തു. എല്ലാം കഴിഞ്ഞ് അവനെയും എടുത്ത് അകത്തേക്ക് പോകാനൊരുങ്ങിയപ്പോൾ കണ്ടു ഋഷി ആനന്ദേട്ടന്റെ കൈയിൽ പിടിച്ചു വലിച്ച് ഉമ്മറത്തേക്ക് വരുന്നത്. “ദേ നിക്കണു ഏട്ടൻ തെരഞ്ഞോണ്ടിരുന്ന ആള്. ” ആനന്ദേട്ടനെ എന്റെ മുന്നിലേക്ക് നിർത്തികൊണ്ട് അവൻ പറയുന്നത് കേട്ട് ഞാനൊന്ന് ഞെട്ടി. ഇന്നലെ പറഞ്ഞത് നടത്താൻ വേണ്ടി ആള് ഇവിടെ എല്ലാവരോടും കാര്യം പറഞ്ഞു കാണുമോ ന്ന് ഞാൻ സംശയിച്ചു.

“ഗാഥേയാണ് ഞാൻ തിരിഞ്ഞത് ന്ന് നിന്നോടാരാ പറഞ്ഞത്? ” “പിന്നെ ആരെയാ ഏട്ടൻ തിരിഞ്ഞത് ഈ പൊടിക്കുപ്പിയെയോ? ” അമ്പാടിയെ ചൂണ്ടി ഋഷി അല്പം ദേഷ്യത്തിൽ ചോദിച്ചു. “എന്താ എനിക്ക് ഇവനെ നോക്കിക്കൂടെ? ഞാനെന്റെ അമ്പാടിക്കുട്ടനെ തന്നെയാ നോക്കിയത്. ” ആനന്ദേട്ടൻ എന്റെ കൈയിൽ നിന്നും അമ്പാടിയെ വാങ്ങിക്കുന്നതോടൊപ്പം വീണിടത്ത് കിടന്നുരുളാൻ തുടങ്ങി. പക്ഷെ ഋഷിയും വിട്ടുകൊടുത്തില്ല. “ഓഹ്… പിന്നെ…. ദേ ഏട്ടാ അപ്പച്ചിയോട് പറയുന്ന പോലെ എന്നോട് കള്ളം പറയണ്ട. ഇത്രയും നേരം ഞാൻ കണ്ടോണ്ട് തന്നെയാ നിന്നത്. ഉള്ളിൽ എല്ലായിടത്തും പോയി എത്തിനോക്കണത്. എന്താ ന്ന് ചോദിച്ച അപ്പച്ചിയോട് ഏട്ടൻ ഒന്നുല്ല ന്നല്ലേ പറഞ്ഞത്. അമ്പാടിയെയാണ് നോക്കിയതെങ്കിൽ അതങ്ങ് പറഞ്ഞൂടാർന്നോ? ” “അതേടാ ഞാൻ ഗാഥായെ തന്നെയാ നോക്കിയത്. നിനക്കതിൽ വല്ല പ്രശ്നവുമുണ്ടോ? ഉണ്ടോ ന്ന്? ” ആനന്ദേട്ടൻ അല്പം ദേഷ്യം ഭാവിച്ച് ഉച്ചത്തിൽ ചോദിച്ചപ്പോൾ പുലി വാല് ചുരുട്ടി പോക്കറ്റിലിട്ടു.

ആനന്ദേട്ടന്റെ ഭാവം കണ്ട് ഞാനുമൊന്ന് ഭയന്നുപോയിരുന്നു. അമ്പാടിയേം കൊണ്ട് ഋഷിയെ ഒന്ന് ഇരുത്തി നോക്കിയ ശേഷം ആനന്ദേട്ടൻ അകത്തേക്ക് പോയി. ആനന്ദേട്ടന്റെ പോക്ക് നോക്കി ഞങ്ങൾ അങ്ങനെ നിന്നു. പെട്ടന്ന് അകത്തേക്ക് പോയ ആള് ഒരടി പുറകോട്ട് വന്ന് ഞങ്ങളെ നോക്കി കണ്ണിറുക്കി കാണിച്ച ശേഷം വീണ്ടും അകത്തേക്ക് കയറിപോയി. “ചേച്ചി… ഞാനൊരു സംശയം ചോദിച്ചാൽ സത്യം പറയുവോ? ” ആനന്ദേട്ടൻ ഉള്ളിലേക്ക് പോയെന്ന് ഉറപ്പുവരുത്തിയ ശേഷം ഋഷി എന്നോട് സ്വകാര്യമായി ചോദിച്ചു. എന്ത് കൊനഷ്ട് സംശയമാണ് ആവോ ചെക്കൻ ചോദിക്കാൻ പോകുന്നത്. ഒരു സഹായത്തിന് ആരെയും കാണുന്നുമില്ലല്ലോ. “എന്താ? ” ഞാൻ ചോദിച്ചതും ആള് കുറച്ചു കൂടെ അടുത്തേക്ക് നീങ്ങി നിന്നു. “നിങ്ങള് തമ്മില് ലവല്ലേ? ” കല്യാണരാമനിലെ സലീമേട്ടൻ സ്റ്റൈലിൽ ചെക്കൻ ചോദിച്ചത് കേട്ട് ഞാൻ വാ പൊളിച്ചു പോയി, കണ്ണുകൾ പെട്ടന്ന് പുറത്തേക്കുന്തി.

ഇനിയും ഇവന്റെ കൂടെ നിന്നാൽ ശെരിയാവില്ല ന്ന് മനസിലാക്കിയ ഞാൻ അവനെ കുറച്ചു വഴക്കും പറഞ്ഞ് അവിടുന്ന് തടിത്തപ്പി. എല്ലാവരും ഒരുങ്ങി ഇറങ്ങിയതും ഞങ്ങൾ അമ്പലത്തിലേക്ക് പുറപ്പെട്ടു. കുതിര വേഗം തന്നെ ചാടിക്കേറി ആനന്ദേട്ടന്റെ കാറിൽ മുന്നിൽ തന്നെ പോയിരുന്നു. അത് കണ്ടതും ആനന്ദേട്ടൻ അവളെ ദേഷ്യത്തിൽ നോക്കുന്നുണ്ടായിരുന്നു. അതുകഴിഞ്ഞു എന്നെയും. പക്ഷെ പിന്നീടങ്ങോട്ട് ആ നോട്ടത്തെയും ആളെയും അവഗണിച്ച് പരമാവധി ഒഴിഞ്ഞുമാറി ഞാൻ നടന്നു. രണ്ട് അമ്മായിമാരും അരവിന്ദേട്ടനും കുതിരയുടെ അച്ഛനും മാത്രം വന്നില്ല. ബാക്കി എല്ലാവരും കൂടെ ഒരു മൂന്നു കാർ ആളുകൾ ഉണ്ടായിരുന്നു. ഞങ്ങള് കുട്ടിസെറ്റ് എല്ലാം ഋഷിയുടെ കാറിൽ അഡ്ജസ്റ്റ് ചെയ്തു കേറി. അമ്മയും മുത്തശ്ശിയും കുതിരയും ആനന്ദേട്ടന്റെ കൂടെയും.

ബാക്കിയുള്ളവർ അടുത്ത കാറിൽ. ഏകദേശം പത്തിരുപതു മിനിറ്റ് യാത്രയ്ക്കൊടുവിൽ ഒരു പഴയ എട്ടുകെട്ട് തറവാടിന്റെ മുന്നിലാണ് കാർ ചെന്നുനിന്നത്. ഇതാണത്രെ ഇവരുടെ ശെരിക്കും തറവാട്. പാടത്തിന്റെ ഇറക്കത്തിലുള്ള ഈ തറവാട് പുതിയ തലമുറയ്ക്ക് പോക്കുവരവിനും മറ്റും സൗകര്യത്തിന് വേണ്ടിയാണത്രെ ടൗണിന് സമീപം ആ ബാഹുബലിക്കോട്ട പണിത് എല്ലാരും അങ്ങോട്ട് മാറിയത്. പക്ഷെ വിശേഷദിവസങ്ങളിൽ ഇവിടെ മച്ചിൽ വിളക്ക് വെച്ച് പ്രാർത്ഥിക്കും. ദിവസവും അടിച്ചുതുടച്ച് വൃത്തിയാക്കി ഇടാൻ ഒരു ആളെയും ഏല്പിച്ചിട്ടുണ്ടത്രെ. അമ്പലത്തിലേക്ക് പോകാൻ ഇവിടെ ഇറങ്ങി പാടം കടക്കണം. അങ്ങോട്ട് റോഡ് ആയിട്ടില്ലത്രെ. ഇക്കാലത്ത് ഇങ്ങനെയുള്ള സ്ഥലങ്ങളുള്ളത് ഒരറിവായിരുന്നു. പാടത്ത് കൂടി അമ്പലത്തിലേക്ക്… നല്ല രസമായിരിക്കുമെന്ന് ഞാനോർത്തു.

ആദ്യം അമ്പലത്തിൽ തൊഴുതു വന്നിട്ട് തറവാട്ടിൽ കയറാമെന്ന് മുത്തശ്ശി പറഞ്ഞു. വണ്ടിയെല്ലാം അവിടെ നിർത്തി എല്ലാവരും ജാഥയായി അമ്പലത്തിലേക്ക് നടന്നു. നേരിയ മഞ്ഞിന്റെ മൂടുപടം തീർത്ത ആ പ്രഭാതത്തിൽ ആ പച്ചപ്പുകൾക്കിടയിലൂടെ നടക്കുമ്പോൾ ഒരു പ്രത്യേക ഉന്മേഷം മനസ്സിൽ നിറയുന്നതായി തോന്നി. നെൽക്കതിരിൻ തുമ്പത്തെ ആ മഞ്ഞുകണങ്ങൾ ഇടയ്ക്കിടെ ഇളംവെയിലേറ്റ് മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു. ആദിത്യൻ തന്റെ പൊൻകിരണങ്ങളാൽ ധരിത്രിയിൽ പുതിയൊരു കാവ്യം രചിക്കാൻ തുടങ്ങുകയായിരുന്നു. അതിന് മാറ്റ് കൂട്ടാൻ അവളെ തഴുകിപോകുന്ന മന്ദമാരുതനും. തലയെടുപ്പോടെ നിൽക്കുന്ന ആ അമ്പലഗോപുരം ദൂരെ നിന്നേ കാണുന്നുണ്ടായിരുന്നു. പ്രകൃതിഭംഗി ആസ്വദിച്ചു നടക്കുന്നതിനിടയിൽ അമ്മയും മറ്റുള്ളവരും വിളിച്ചു പറയുന്നത് ഞാൻ കേട്ടില്ല. ശ്രദ്ധിച്ചില്ല ന്ന് പറയുന്നതാവും ശെരി.

പാടത്തിന് കുറുകെയുള്ള തോട് കടക്കുന്ന പാലത്തിലേക്ക് കാലെടുത്തു വെച്ചതും ഋതു കൈയിൽ പിടിച്ചു പിറകിലേക്ക് വലിച്ചപ്പോഴാണ് ചുറ്റും നോക്കിയത്. ഞാൻ കാൽ വെച്ച ഭാഗം അല്പം ഇളകിയിരുന്നു. മുന്നിൽ പോയവര് അത് പ്രത്യേകം പറഞ്ഞത് ഞാൻ കേട്ടിരുന്നില്ല. കൂട്ടത്തിൽ ഒരാൾ എന്നെ നോക്കിദഹിപ്പിക്കുന്നുണ്ടായിരുന്നു. എന്തൊക്കെയായിരിക്കും മനസ്സിൽ പറയുന്നതെന്ന് ഞാൻ ഊഹിച്ചെടുത്ത് പൂരിപ്പിച്ചു. പിന്നെ ഞാനാ മുഖത്തേക്ക് നോക്കാനേ പോയില്ല. ഋതുവിന്റേയും ചേച്ചിമാരുടെയും കൂടെ നിന്നു തൊഴുതു. തൊഴുതുകഴിഞ്ഞ് തിരിച്ചു തറവാട്ടിൽ എത്തുമ്പോൾ പ്രായമായൊരു മനുഷ്യൻ ഉമ്മറപടിയിൽ ഞങ്ങളെയും പ്രതീക്ഷിച്ചെന്നപോലെ ഇരിപ്പുണ്ടായിരുന്നു. ശങ്കുണ്ണിയേട്ടൻ. അയ്യാളാണത്രെ ഇപ്പോൾ അവിടെ എല്ലാം നോക്കി നടത്തുന്നത്. മുറ്റത്ത് രണ്ടുവശവും അരമതിൽ ഉണ്ടാക്കി അതിനകത്ത് നിറയെ ചെടികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്.

അതിൽ ഒരു വശത്ത് വലിയ തെച്ചിയിൽ നിറയെ മുല്ലവള്ളികൾ പടർത്തിയിട്ടുണ്ടായിരുന്നു. മുല്ലപ്പൂക്കളുടെ സീസൺ ആയത്കൊണ്ട് നിറയെ പൂക്കളും ഉണ്ടായിരുന്നു. മുതിർന്നവർ മച്ചിൽ വിളക്ക് വെക്കാൻ പോയ നേരം കുട്ടികളെല്ലാം മുല്ലപ്പൂവിറുക്കുന്ന തിരക്കായിരുന്നു. കൈയ്യെത്തുന്നിടത്ത് ഉള്ളതെല്ലാം താഴെ നിന്ന് എങ്ങനെയൊക്കെയൊ എത്തിവലിഞ്ഞ് പൊട്ടിച്ചു. പിന്നെയും ഉണ്ട് നിറയെ അങ്ങ് മുകളിൽ. വിട്ടുകൊടുക്കാൻ തയ്യാറല്ലാത്തത് കൊണ്ട് ആ മതിലിൽ കയറിനിന്ന് പൊട്ടിക്കാൻ തീരുമാനിച്ചു. കൂട്ടത്തിൽ ഇച്ചിരി ഉയരമുള്ളതുകൊണ്ട് ഋതുവിന്റെ ചേച്ചിയും ഞാനും കൂടിയാണ് മതിലിൽ കയറിയത്. ബാക്കിയുള്ളവർ പെറുക്കികൾ. ഋഷി ഒരു ക്യാമറയും പിടിച്ചു അവിടെയാകെ നടപ്പാണ്. കുതിരടെ കാര്യം പറയണ്ടല്ലോ. ജയം രവിടെ സിനിമയിലെ പോലെ വിജ..യ് വിജ…യ് ന്നും വിളിച്ച് പിറകെ തന്നെയുണ്ട്.

അവിടെയൊരു സന്തോഷ്‌ ഇവിടെയൊരു വിജയ് അത്രേയുള്ളൂ വ്യത്യാസം. “മക്കളെ സൂക്ഷിച്ച്… ആ മതിലെല്ലാം പഴകികിടക്കാണ്. മതി പൊട്ടിച്ചത് താഴെ ഇറങ്ങിക്കോളൂ. ” മുകളിലെ ഒരു തെച്ചികൊമ്പ് താഴ്ത്തിപിടിച്ച് അതിൽ പടർന്ന മുല്ലവള്ളിയിലെ പൂക്കളിറുത്തോണ്ട് ഇരിക്കുമ്പോഴാണ് ശങ്കുണ്ണിയേട്ടൻ വിളിച്ചു പറയുന്നത് കേട്ടത്. പിറകെ അകത്ത് നിന്നും ബാക്കിയുള്ളവരും ഇറങ്ങി വരുന്നത് കണ്ടു. ചേച്ചി വേഗം തന്നെ താഴെയിറങ്ങി. ഇറുത്തത് താഴേക്കിട്ട് പതിയെ ഇറങ്ങാൻ തുടങ്ങിയതും കാൽ വെച്ച ഭാഗത്ത്‌ മതിൽ ഞെണുങ്ങാൻ തുടങ്ങി. “ചേച്ചി… സൂക്ഷിച്ച്… ” ഋതു താഴെ നിന്ന് വിളിച്ചു പറഞ്ഞു. വളരെ സാവധാനം അടുത്ത അടി കൂടി വെച്ചതും മതിൽ ദാ കിടക്കണു താഴെ. പിറകെ ഞാനും. അത്രയും പേരുടെ മുന്നിൽ മതിലിൽ ന്ന് വീഴാ ന്ന് പറഞ്ഞാൽ… അയ്യേ.. നാണക്കേട്.

ഒന്നും പോരാത്തതിന് ആനന്ദേട്ടൻ ! ഞാൻ പിന്നെങ്ങനെ അങ്ങേരുടെ മുഖത്ത് നോക്കും? ഭഗവാനെ ഈ വീഴ്ചയിൽ എന്റെ ബോധം അങ്ങ് പോയാൽ മതിയായിരുന്നു. ആരെയും തിരിച്ചറിയത്ത പോലെ വല്ലതും പറ്റിയാൽ മതിയായിരുന്നു. എങ്കിൽ പിന്നെ ആരാ? എന്താ? ന്നൊക്കെ ചോദിച്ച് കളിയാക്കലിൽ ന്ന് രക്ഷപെടാമായിരുന്നു. കണ്ണുകൾ ഇറുക്കിയടച്ച് ഇരുകൈകൾകൊണ്ടും മുഖം പൊത്തിപിടിച്ച് ഞാൻ താഴെക്ക് ലാൻഡ് ചെയ്തു. ഈശ്വരാ… എവിടുന്നൊക്കെയാണാവോ പെയിന്റ് ഇളകാൻ പോകുന്നേ? 😔…”തുടരും…. നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും. 

നീ മാത്രം…❣❣ : ഭാഗം 29

Share this story