അഞ്ജലി: ഭാഗം 27

അഞ്ജലി: ഭാഗം 27

എഴുത്തുകാരി: പാർവ്വതി പിള്ള

രാവിലെ ഉറക്കമുണർന്ന അഞ്ജലി കുറച്ചു നേരം കൂടി അനന്തന്റെ നെഞ്ചോട് ചേർന്ന്അങ്ങനെ തന്നെ കിടന്നു… കുറ്റിയായി നിൽക്കുന്ന അവന്റെ താടിയിൽ കൂടി വിരലോടിച്ചു കൊണ്ട് ഏന്തിവലിഞ്ഞ് അവന്റെ കവിളിൽ ചുണ്ടുകൾ ചേർത്തു… തന്നെ പൊതിഞ്ഞു പിടിച്ചിരിക്കുന്ന കൈരണ്ടും അടർത്തിമാറ്റി അവനെ ഉണർത്താതെ മെല്ലെ എഴുന്നേറ്റു… ഭിത്തിയോട് ചേർന്ന് സുഖമായി ഉറങ്ങുന്ന ഉണ്ണിക്കുട്ടനെ എടുത്ത് അനന്തന് അരികിലേക്ക് ചേർത്ത് കിടത്തി…ഷീറ്റ് എടുത്ത് രണ്ടാളെയും നന്നായി പുതപ്പിച്ചു… രണ്ടാളെയും നോക്കി ഒരു പുഞ്ചിരിയോടെ അവൾ ബാത്റൂമിലേക്ക് കയറി… കുളികഴിഞ്ഞ് ഇറങ്ങുമ്പോഴും രണ്ടാളും സുഖനിദ്രയിൽ ആയിരുന്നു…. താഴേക്കിറങ്ങി പൂജാമുറിയിൽ കയറി നിലവിളക്ക് കൊളുത്തി…

വളരെ നാളുകൾക്കു ശേഷം സിന്ദൂരച്ചെപ്പ് തുറന്ന് നെറുകയിൽ സിന്ദൂരം ചാർത്തി… താലി എടുത്ത് അതിലും സിന്ദൂരം തൊട്ടു… താലി രണ്ടു കണ്ണിലും ചേർത്ത് വെച്ച് അവൾ കണ്ണുകൾ അടച്ചു കൊണ്ട് കൈകൾ കൂപ്പി നിന്നു… ശാന്തമായിരുന്നു മനസ്സ്… എന്നും ഇങ്ങനെ നിൽക്കുമ്പോൾ ഉണ്ണിക്കുട്ടനു വേണ്ടി മാത്രമായിരുന്നു പ്രാർത്ഥന… പിന്നെ അനന്തേട്ടന്റെ ആത്മാവിന് ശാന്തി കിട്ടുവാൻ വേണ്ടിയും…എന്നും കലുഷിതമായിരുന്ന മനസ്സ് ഇന്ന് ഒരു പുഴ പോലെ ശാന്തമാണ്… എത്ര സമയം അങ്ങനെ നിന്നു വെന്ന് അവൾക്ക് അറിയില്ല… ഒരു ദീർഘനിശ്വാസത്തോടെ മെല്ലെ അവൾ വെളിയിലേക്കിറങ്ങി… ദേവമ്മ രാവിലെ പാചകം ആരംഭിച്ചിട്ടുണ്ട്…

അവൾ ഒരു ചിരിയോടെ അവരുടെ അരികിലേക്ക് ചെന്നു…തിരിഞ്ഞുനോക്കിയ ദേവമ്മ നെറുകയിൽ സിന്ദൂരം ചാർത്തി നിറഞ്ഞ ചിരിയോടെ തന്റെ മുൻപിൽ നിൽക്കുന്ന അഞ്ജലിയെ കണ്ണിമയ്ക്കാതെ നോക്കി നിന്നു… അവർക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി…എന്നും വിഷാദമായ മുഖഭാവത്തോടെ തന്റെ മുൻപിൽ വന്നിരുന്ന അഞ്ജലിയെ ഓർത്തു ഒരു നിമിഷം… ഒരിക്കലും കരുതിയതല്ല ഇനി ഇങ്ങനെ കാണാൻ പറ്റുമെന്ന്… എല്ലാം ഭഗവാന്റെ അനുഗ്രഹം… ചായ എടുത്തോ ദേവമ്മേ… എടുത്തു മോളെ… അവർ ഫ്ലാസ്ക് എടുത്ത് അഞ്ജലിയുടെ കയ്യിലേക്ക് കൊടുത്തു… ഒപ്പം രണ്ടു കപ്പും എടുത്ത് കയ്യിൽ കൊടുത്തു… അഞ്ജലി ചോദ്യഭാവത്തിൽ അവരുടെ മുഖത്തേക്ക് നോക്കി…

ഇതെന്തിനാ ദേവമ്മേ രണ്ടു കപ്പ്… മോൾ മുകളിലേക്ക് പൊയ്ക്കോ… ഇവിടെ ഒക്കെയും റെഡിയായി… അഞ്ജലിയുടെ മുഖം കുനിഞ്ഞു… കവിളിൽ പടരുന്ന ചുവപ്പു കണ്ട് ദേവമ്മ പുഞ്ചിരിയോടെ തിരിഞ്ഞുനിന്നു… സ്റ്റെപ്പുകൾ കയറുമ്പോഴേ അഞ്ജലി കേട്ടു ഉണ്ണിക്കുട്ടന്റെ പൊട്ടിച്ചിരി… ഉണ്ണിക്കുട്ടനെ മലർത്തികിടത്തി അവന്റെ വയറിൽ മുഖം ഉരസി ഇക്കിൾ ആക്കുകയാണ് അനന്തൻ… അനന്തൻറെ മുടിയിൽ പിടിച്ചു വലിച്ച് മുകളിലോട്ടാഞ്ഞ് പൊട്ടിച്ചിരിക്കുകയാണ് ഉണ്ണിക്കുട്ടൻ… അഞ്ജലി വാതിൽക്കൽ തന്നെ കുറച്ച് നേരം അത് നോക്കി നിന്നു… പിന്നെ അകത്തേക്ക് കയറി ഫ്ലാസ്ക് ടേബിളിലേക്ക് വെച്ചു… അനന്തേട്ടാ ഫ്രഷായി വന്നാൽ ചായ തരാം… അഞ്ജലിയെ ഒന്നു നോക്കിയതിനു ശേഷം വീണ്ടും അച്ഛനും മകനും തമ്മിലുള്ള ബഹളം ആരംഭിച്ചു…

അഞ്ജലി കപട ദേഷ്യത്തോടെ അനന്തന്റെ മുഖത്തേക്ക് നോക്കി…. അല്പസമയത്തിനുശേഷം ഉണ്ണിക്കുട്ടനെ മാറ്റിക്കൊണ്ട് ബെഡിലേക്ക് നിവർന്നു കിടന്നു അനന്തൻ… ദേഷ്യത്തോടെ തങ്ങളെ നോക്കിയിരിക്കുന്ന അഞ്ജലിയെ കീഴ്ച്ചുണ്ട് കടിച്ചു കൊണ്ട് ഒരു കള്ള ചിരിയോടെ വലിച്ച് ബെഡിലേക്കിട്ടു… പിന്നെ അവളുടെ കാതോരം ചുണ്ടുകൾ ചേർത്ത് കൊണ്ട് പതിയെ ചോദിച്ചു.. എന്താടി ഭാര്യേ നിനക്ക് ഇത്ര ദേഷ്യം… ഉണ്ണിക്കുട്ടനെ ചിരിപ്പിച്ചപോലെ നിന്നെയും ചിരിപ്പിക്കട്ടെ… കാതോരം അത്രയും പറഞ്ഞുവെങ്കിലും അവന്റെ കണ്ണുകൾ സാരി തെന്നിമാറി കിടക്കുന്ന അവളുടെ അണിവയറിലേക്കാണ് നീളുന്നത് എന്ന് കണ്ടപ്പോൾ അഞ്ജലി വെപ്രാളത്തോടെ പിടഞ്ഞെഴുന്നേറ്റു…

പൊട്ടി വന്ന ചിരി ചുണ്ടുകൾകൊണ്ട് കടിച്ചമർത്തി കൈരണ്ടും പിറകോട്ടു മടക്കിവെച്ച് തല ഉയർത്തി വെച്ചുകൊണ്ട് അഞ്ജലിയെ നോക്കി കിടന്നു അനന്തൻ…. അച്ചേ… ഉണ്ണിക്കുട്ടന്റെ വിളി കേട്ട് അനന്തൻ തിരിഞ്ഞുനോക്കി… എന്താടാ ചക്കരേ…അവൻ ഒരു കുതിപ്പിന് ചാടി അച്ചേടെ നെഞ്ചിലേക്ക് ചേർന്നു… ഉണ്ണിക്കുട്ടാ ഇങ്ങ് വാ അമ്മ ബ്രഷ് ചെയ്യിക്കാം… അച്ഛാ.. മതി… അവൻ അനന്തന്റെ തോളിലേക്ക് മുഖമമർത്തി…അഞ്ജലി ഒരു ചിരിയോടെ അവരെ നോക്കി നിന്നു… ഫ്രഷായി വെളിയിലേക്കിറങ്ങി വന്ന അനന്തന് കൊടുക്കാനായി അഞ്ജലി കപ്പിലേക്ക് ചായ പകർന്നു… ഒരു കപ്പിൽ ഉണ്ണിക്കുട്ടനും ചായ ആറിച്ച് കൊടുത്തു… ചായ കപ്പുമായി അഞ്ജലിക്ക് അരികിലേക്ക് ചെന്ന അനന്തൻ അവളെ ചേർത്തു പിടിച്ചുകൊണ്ട് കപ്പ് അവളുടെ ചുണ്ടോടു ചേർത്തു കൊടുത്തു…

പിന്നെ ഉണ്ണിക്കുട്ടൻ കാണാതെ അവളുടെ ചുണ്ടിൽ അമർത്തി മുത്തി… ചുവന്നു തുടുത്തു നിൽക്കുന്ന അവളുടെ കവിളിലേക്ക് വീണ്ടും ചുണ്ടുകൾ ചേർക്കാൻ തുടങ്ങുമ്പോഴാണ് കോളിംഗ് ബെൽ ശബ്ദിച്ചത്… നാശം ഇത് ആരാണാവോ ഈ സമയത്ത് തന്നെ… അനന്തൻ പിറുപിറുത്തു…അഞ്ജലി ഒരു ചിരിയോടെ അവനിൽ നിന്നും അകന്നു മാറി…ഉണ്ണിക്കുട്ടനെയും എടുത്തുകൊണ്ട് അനന്തന് പിറകെ താഴെ ചെല്ലുമ്പോഴേക്കും ദേവമ്മ ഡോർ തുറന്നിരുന്നു… പുറത്തു നിൽക്കുന്ന ആളെ നോക്കി അമ്പരപ്പോടെ നിൽക്കുന്ന ദേവമ്മയുടെ അടുത്തേക്ക് ചെന്ന അനന്തൻ തോളിലൊരു ട്രാവൽ ബാഗുമായി നിൽക്കുന്ന ദിയയെ കണ്ട് തറഞ്ഞു നിന്നു… സിറ്റൗട്ടിൽ നിന്നും അകത്തേക്ക് കയറിയ ദിയ അനന്തനെ നോക്കി ഒന്ന് പുഞ്ചിരിച്ചു… എന്താ റാം ഇങ്ങനെ നോക്കുന്നത് എന്നെ കണ്ടിട്ടില്ലാത്തതുപോലെ…

ട്രാവൽ ബാഗ് താഴേക്ക് വെച്ച് ദിയയെ തന്നെ നോക്കി നിൽക്കുന്ന അഞ്ജലിയുടെ അടുത്തേക്ക് അവൾ ചെന്നു… അഞ്ജലിയുടെ ഇരുകൈകളും കൂട്ടുപിടിച്ചുകൊണ്ട് അവളോടായി പറഞ്ഞു.. അഞ്ജലി എന്നോട് ക്ഷമിക്കണം…ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല… അച്ഛൻ വന്ന് വിവരം എല്ലാം പറഞ്ഞപ്പോൾ നിങ്ങളെയൊക്കെ കണ്ട് മാപ്പുപറയണമെന്ന് തോന്നി… അതാ അധികം വൈകാതെ തന്നെ ഞാൻ ഓടി വന്നത്… എനിക്കാണെങ്കിൽ പിന്നത്തേക്ക് ഒന്നും മാറ്റിവയ്ക്കുന്ന ശീലവും ഇല്ല… എന്റെ സ്വഭാവം കുറെയൊക്കെ റാമിനും അറിയാം… അല്ലേ റാം…അവൾ തിരിഞ്ഞ് അനന്തനോടായി ചോദിച്ചു… ദിയയുടെ ഓരോ ഭാവങ്ങളും വീക്ഷിക്കുകയായിരുന്ന അനന്തൻ അവളെ നോക്കി ഒന്നു പുഞ്ചിരിച്ചു…

അഞ്ജലിയുടെ ഒക്കത്തിരിക്കുകയായിരുന്ന ഉണ്ണിക്കുട്ടന്റെ കവിളിൽ തലോടി ദിയ…. എന്താ മോന്റെ പേര്… അവൻ നാണത്തോടെ അഞ്ജലിയുടെ തോളിലേക്ക് മുഖം ചായ്ച്ചു… ദിയ തന്റെ ബാഗ് തുറന്ന് അതിൽ നിന്നും ഒരു ചോക്ലേറ്റ് ബോക്സ് എടുത്ത് ഉണ്ണിക്കുട്ടന് നേരെ നീട്ടി… അവന്റെ കണ്ണുകൾ അനുവാദത്തിനായി അഞ്ജലിയുടെ മുഖത്തേക്ക് നീണ്ടു.. അവൾ പുഞ്ചിരിച്ചുകൊണ്ട് അനുവാദം കൊടുത്തപ്പോൾ അവൻ കുഞ്ഞിക്കൈകൾ നീട്ടി ആ ബോക്സ് ചേർത്തുപിടിച്ചു… പിന്നെ ദിയയെ നോക്കി നാണത്തിൽ കുതിർന്ന ഒരു പുഞ്ചിരിയും നൽകി… ദിയ ഉണ്ണിക്കുട്ടന്റെ മുഖത്തേക്ക് നോക്കി… റാമിനെ പകർത്തി വെച്ചിരിക്കുന്ന മറ്റൊരു ചിത്രം… അവൾ അസൂയയോടെ അവനെയും അഞ്ജലിയേയും മാറി മാറി നോക്കി… പെട്ടന്ന് മുഖത്ത് ഒരു ചിരി വരുത്തി കൊണ്ട് അഞ്ജലിയോടായി പറഞ്ഞു…

എനിക്ക് നല്ല ക്ഷീണമുണ്ട് ഒന്ന് ഫ്രഷ് ആയാൽ കൊള്ളാമായിരുന്നു… അഞ്ജലി പെട്ടെന്ന് തന്നെ ദിയയെ വിളിച്ചു കൊണ്ട് ഗസ്റ്റ് റൂമിലേക്ക് നടന്നു… നടക്കുന്നതിനിടയിൽ ദിയ തിരിഞ്ഞു ദേവമ്മയോട് ആയി പറഞ്ഞു കടുപ്പത്തിൽ ഒരു ചായ വേണം കേട്ടോ… ദേവമ്മ അവളെ നോക്കി തലയാട്ടി… ഇപ്പോൾ എടുക്കാം മോളെ… അവർ വേഗം അടുക്കളയിലേക്ക് നടന്നു… അഞ്ജലിക്ക് എന്തുകൊണ്ടോ ദിയയുടെ ആ സംസാരം ഒട്ടും ഇഷ്ടപ്പെട്ടില്ല… എങ്കിലും അവൾ അനിഷ്ടം ഒന്നും കാട്ടാതെ അഞ്ജലിയെ റൂമിലേക്ക് കൊണ്ടുപോയി… ദിയ ഫ്രഷായി വെളിയിലേക്ക് വന്നോളൂ… ഞാൻ കഴിക്കാൻ എടുത്തു വയ്ക്കാം… വെളിയിലേക്ക് പോകുന്ന അഞ്ജലിയെ നോക്കി അവൾ പല്ലു കടിച്ചു… ആഗ്രഹിച്ചത് എന്തും നേടിയിട്ടേ ഉള്ളൂ ദിയ… റാം എന്റെയാ… എന്റെ മാത്രമാ…ഒരാൾക്കും വിട്ടു തരില്ല ഞാൻ…അവൾ പകയോടെ അഞ്ജലി പോയ വഴിയെ നോക്കിനിന്നു…….തുടരും…..

അഞ്ജലി: ഭാഗം 26

Share this story