നീ മാത്രം…❣️❣️ : ഭാഗം 34

നീ മാത്രം…❣️❣️ : ഭാഗം 34

എഴുത്തുകാരി: കീർത്തി

ഓരോ ദിവസം കഴിയുംതോറും മനസ്സിൽ വല്ലാത്തൊരു പിടച്ചിൽ ആയിരുന്നു. അകാരണമായൊരു ഭയം എന്നെ അലട്ടാൻ തുടങ്ങി. ഓരോ തവണ വീട്ടിൽ നിന്ന് വിളിക്കുമ്പോഴും ഫോൺ എടുക്കാൻ തന്നെ ഒരു പേടിയാണ്. ദിവസങ്ങൾ ഒരുപാട് മുന്നോട്ട് പോയി. പേടിയോടെ കാത്തിരുന്ന വാർത്ത കേൾക്കാതെയായതോടെ പിന്നെ പിന്നെ എപ്പോഴോ ഞാൻ അത് മറന്നുതുടങ്ങി. പേടിയും ടെൻഷനും മാറി പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നു. ജോലിയും വീടും പിന്നെ ഗീതു, ടീച്ചറമ്മ, ശില്പ, മനുവേട്ടൻ അങ്ങനെ ചുരുങ്ങി എന്റെ ലോകം. ഇപ്പോൾ അപൂർവമായേ ആനന്ദേട്ടനെ കാണാറുള്ളു. കണ്ടാലും കേവലം ഒരു നോട്ടത്തിൽ മാത്രം തീരുന്ന അടുപ്പം മാത്രമായി.

അങ്ങനെ ഒരിക്കൽ ഗീതുവും ശില്പയും മനുവേട്ടനുമൊത്തു ബ്രേക്ക്‌ സമയത്ത് കാന്റീനിൽ സംസാരിച്ച് ഇരിക്കുകയായിരുന്നു. അപ്പോഴാണ് ആനന്ദേട്ടനും അങ്ങോട്ട് വന്നത്. ആദ്യമൊന്ന് സംശയിച്ചു മിണ്ടാതെ ഇരുന്നെങ്കിലും ഞാനെന്തിനാ മിണ്ടാതിരിക്കുന്നെ? അതിനുംമാത്രം തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ലല്ലോ ന്ന് ആലോചിച്ചപ്പോൾ പഴയ ഫോമിലേക്ക് വീണ്ടുമെത്തി. പക്ഷെ ആനന്ദേട്ടനെ മാത്രം മൈൻഡ് ചെയ്തില്ല. ഹും… എന്നോടാ കളി. താൻ മിണ്ടാതിരുന്നാലും എനിക്ക് ഒരു കുഴപ്പവുമില്ല ട്ടാ. ഞാൻ മനസ്സിൽ പറഞ്ഞു. “മറ്റന്നാൾ നമുക്കൊരു കുഞ്ഞു ബര്ത്ഡേ പാർട്ടിയുണ്ട് കേട്ടോ. ” ഗീതു എല്ലാവരോടുമായി പറയുന്നത് കേട്ട് എല്ലാവരും ഒരുനിമിഷം നിശബ്ദരായി. മനുവേട്ടൻ പിന്നെ ആരുടെയാണെന്ന ചിന്തയിൽ മുഴുകി ഇരിക്കുന്നത് കണ്ടു. അവരല്ല ഇവരല്ല ന്നൊക്കെ പറഞ്ഞ് ഇടയ്ക്ക് എന്തൊക്കെയോ പിറുപിറുക്കുന്നുമുണ്ട്. “മനുവേട്ടാ… വല്ലാണ്ട് തല പൊകാക്കണ്ട. ആ പിറന്നാൾക്കാരി ദേ ഇവളാണ്. ”

എന്നെ ചേർത്തുപിടിച്ച് ഗീതു പറഞ്ഞപ്പോഴാണ് ഞാനും ആ ഡേറ്റ് ഓർത്തത്. ഓരോ ടെൻഷനിടയിൽ ഞാനത് മറന്നു പോയിരുന്നു. “നീ അത് ഓർത്തിരുന്നു ലെ? ” ഞാൻ ഗീതുവിനോടായി ചോദിച്ചു. “അത് പിന്നെ ചിലവ് കൊടുക്കാനുള്ള കാര്യം മറന്നാലും കിട്ടാനുള്ളത് ആരെങ്കിലും മറക്കുമോ? ” ഗീതുവിന്റെ ആ മറുപടിയെ മനുവേട്ടനും പിന്താങ്ങി. അപ്പോൾ തന്നെ ഔദ്യോഗികമായി അവരെയൊക്കെ ട്രീറ്റിന് ക്ഷണിച്ചു. വർക്കിംഗ്‌ ഡേ ആയതുകൊണ്ട് അന്നേദിവസം ഓഫിസ് കഴിഞ്ഞ് വൈകീട്ട് ഏതെങ്കിലുമൊരു റെസ്റ്റോറന്റ്ൽ വെച്ച് ഒരു കുഞ്ഞു ആഘോഷം. എല്ലാവർക്കും അത് സ്വീകാര്യമായിരുന്നു. പെട്ടന്ന് ആനന്ദേട്ടൻ വരാൻ കഴിയില്ല വേറെ എൻഗേജ്മെന്റ് ഉണ്ടെന്നൊക്കെ പറഞ്ഞ് ഒഴിയാൻ നോക്കി. പക്ഷെ മനുവേട്ടൻ അതിനെ അടപടലം തകർത്തുകളഞ്ഞു.

പിറന്നാൾ ദിവസമായിട്ട് കൂടി രാവിലെ എഴുന്നേറ്റത് എന്തോ വലിയ ഉഷാറില്ലാതെയാണ്. ഞങ്ങളെക്കൊണ്ട് കഴിയുന്ന പോലെ എന്തൊക്കെയോ വിഭവങ്ങൾ ഉണ്ടാക്കി. അതെല്ലാം പാത്രത്തിൽ ആക്കിക്കൊണ്ടിരിക്കുമ്പോഴാണ് അച്ഛൻ വിളിക്കുന്നത്. ആശംസകൾ പറയാനാവുമെന്ന് അറിയാവുന്നത് കൊണ്ട് വേഗം ഫോണെടുത്തു. “ഹാപ്പി ബര്ത്ഡേ മോളെ. ” കാൾ എടുത്തു ഫോൺ ചെവിയിൽ വെച്ചതും ആദ്യം കേട്ടത് തന്നെ അതായിരുന്നു. “താങ്ക് യു അച്ഛാ.. ” പിന്നെ പിറന്നാളായിട്ട് അവരുടെ ഒപ്പമില്ലാത്തതിന്റെ പരിഭവങ്ങളായി. അച്ഛന്റെ ഊഴം കഴിഞ്ഞപ്പോൾ അമ്മയുടെ വക. പിന്നെ എന്റെ മുത്തശ്ശികുട്ടി. പിറന്നാൾ ആയത്കൊണ്ട് ആട്ട് കേൾക്കില്ല ന്നുള്ള ധൈര്യത്തിലാണ് മുത്തശ്ശിയുടെ ശബ്ദം കേട്ടവഴിക്ക് ‘പാട്ടികുട്ടി ‘ ന്ന് വിളിച്ചത്. എന്റെ വിശ്വാസം തെറ്റിയില്ല. ഭാഗ്യം.

“നിനക്ക് ഞങ്ങളുടെ പിറന്നാൾ സമ്മാനം വേണ്ടേ? ” മുത്തശ്ശി ചോദിച്ചു. “പിന്നെ വേണ്ടേ.. എന്താ സാധനം? ഇങ്ങോട്ട് അയച്ചുതരാൻ പറ്റുവോ? ” “അത് പറ്റില്ല. ആ സമ്മാനം നേരിട്ട് ഏൽപ്പിക്കാനുള്ളതാ. സമ്മാനത്തിന്റെ ഫോട്ടോ ഞങ്ങള് അയച്ചിരുന്നു. ” പറഞ്ഞു വരുന്നത് എന്താണെന്ന് മനസ്സിലായതും ഞാൻ കുറച്ചു നേരം മിണ്ടാതെ നിന്നു. പെട്ടന്ന് മറുതലയ്ക്കൽ അച്ഛന്റെ ശബ്ദം… “കഴിഞ്ഞ ആഴ്ച ഡേറ്റ് നോക്കാൻ പോയിരുന്നു. പിറന്നാൾന് ഒരു ഗിഫ്റ്റ് പോലെ വിളിച്ചു പറയാന്ന് അമ്മയാണ് പറഞ്ഞത്. അതാ ഇത്രയും ദിവസം പറയാതിരുന്നത്. അപ്പൊ… അടുത്ത മാസം ഇരുപതിന് ആണ് മുഹൂർത്തം കുറിച്ചുകിട്ടിയിരിക്കുന്നത്. ” അത് കേട്ടതും എന്റെ ശ്വാസം നിലച്ചത് പോലെ തോന്നി. കൈയിൽ നിന്നും ഫോൺ താഴേക്ക് ഊർന്നുവീണു. സോഫയിൽ ഇരുന്നു സംസാരിച്ചത്കൊണ്ട് എന്റെ ഫോൺ ചത്തില്ല. ആള് സോഫയിലേക്കാണ് വീണത്. ഞാൻ പോലുമറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. തൊണ്ട വരളുന്നത് പോലെ തോന്നി. “ഗാഥേ… കഴിഞ്ഞില്ലേ. ദേ സമയായി.

” ഗീതുവിന്റെ ശബ്ദമാണ് എന്നെ ആ അവസ്ഥയിൽ നിന്ന് തിരികെ കൊണ്ടുവന്നത്. പെട്ടന്ന് ഫോണെടുത്തു ചെവിയോട് ചേർത്തുവെച്ചു. കട്ട്‌ ചെയ്തിട്ടില്ലായിരുന്നു. ഫോണിലൂടെ അച്ഛന്റെ വിളി കേൾക്കുന്നുണ്ട്. എന്റെ മറുപടി ഇല്ലാതായപ്പോൾ അല്പം പരിഭ്രമിച്ചു ന്ന് തോന്നുന്നു. ആ വിളിയിൽ ടെൻഷൻ കലർന്നിരുന്നു. ശബ്ദം പോലും പുറത്തു വരുന്നുണ്ടായിരുന്നില്ല. വളരെ പാട്പെട്ട് ഒരു ഹലോ പറഞ്ഞു. “മോളെ എന്താ പെട്ടന്ന് ഒന്നും കേൾക്കാതെ…. നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ? മോൾക്ക് വയ്യായ്കയൊന്നും ഇല്ലല്ലോ?… ” അച്ഛൻ ആധിയോടെ ചോദിച്ചു. “ഇല്ല…. അച്ഛാ….. ഗീതു വിളിക്കുന്നുണ്ട്….. ഓഫിസിൽ…… ” പറയുമ്പോൾ ശബ്ദം ഇടറാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു. “എന്നാ ശെരി മോളെ. രണ്ടാളും നോക്കി പോണം കേട്ടോ. ഗീതു മോളോട് അന്വേഷിച്ചു ന്ന് പറയ്. ഞാനും അല്പം തിരക്കിലാണ്.

ഇനിയിപ്പോൾ അധികം ദിവസമില്ലല്ലോ. ഓരോന്ന് കഴിഞ്ഞ ആഴ്ച തന്നെ തുടങ്ങികഴിഞ്ഞു. അച്ഛൻ പിന്നെ വിളിക്കാം കേട്ടോ. ” “മ്മ്മ്… ” ഫോൺ കട്ട്‌ ചെയ്തിട്ടും കുറേ നേരം അവിടെ അങ്ങനെതന്നെ ഇരുന്നു. എന്റെ ഒരനക്കവും കാണാത്തതുകൊണ്ടാകാം ഗീതു വന്നു തോളിൽ കുലുക്കി വിളിച്ചത്. അപ്പോഴും ഞാൻ മറ്റേതോ ലോകത്തായിരുന്നു. മനസ് ശൂന്യമായിരുന്നു. അവൾ ചോദിച്ചതോ പറഞ്ഞതോ ഒന്നുംതന്നെ ഞാൻ കേട്ടില്ല. മനസ്സിലും കാതിലും മുഴങ്ങിയത് ‘ അടുത്ത മാസം ഇരുപത് ‘ എന്ന ദിവസം മാത്രം. ഗീതുവിന്റെ കുലുക്കലിന്റെ ശക്തി കൊണ്ടോ എന്തോ ഞാൻ ബോധമണ്ഡലത്തിലേക്ക് തിരിച്ചു വന്നു. “എടി നീയെന്താ ഇങ്ങനെ ഇരിക്കുന്നത്. നമുക്ക് ഓഫിസിൽ പോണ്ടേ? ” “അടുത്ത മാസം ഇരുപത്. ” “അടുത്ത മാസം ഇരുപതോ? അന്നെന്താ? ” “ന്റെ കല്യാണം. ”

“നിനക്കെന്താ ടി വട്ടായോ? ” അച്ഛൻ വിളിച്ചു പറഞ്ഞതെല്ലാം അവളോട് പറഞ്ഞു. ഇടയ്ക്കിടെ വാക്കുകൾ മുറിഞ്ഞു പോകുന്നുണ്ടായിരുന്നു. എല്ലാം കുറച്ചു നേരം അവളും ഒന്നും മിണ്ടാതെയിരുന്നു. “നീ കല്യാണത്തിന് സമ്മതിച്ചിട്ടാണ് അങ്കിൾ ഡേറ്റ് ഫിക്സ് ചെയ്തത്. നിനക്ക് ഇത്രയ്ക്ക് വിഷമം ഉണ്ടായിരുന്നെങ്കിൽ അത് അന്നേ പറയായിരുന്നില്ലേ? നീ ഇപ്പൊ ഇങ്ങനെ കരഞ്ഞ് വിഷമിച്ച് ഇരുന്നിട്ട് എന്താ കാര്യം? അവിടെ ഡേറ്റ് തീരുമാനിക്കലും എല്ലാം കഴിഞ്ഞു. ഇനിയിപ്പോ അച്ഛനോട് പറയാന്ന് വെച്ചാൽ… പിന്നെ… സാറിന്റെ ഇപ്പോഴത്തെ പെരുമാറ്റം നീയും കാണുന്നതല്ലേ? നീ ആദ്യം വേണ്ട ന്ന് വെച്ച് നടന്നത് പോലെ സാറും എല്ലാം മറന്നുതുടങ്ങി ന്നാണ് എനിക്ക് തോന്നുന്നത്. ഇനി അങ്ങനെ അല്ലെങ്കിൽ കൂടി ഇനി പറഞ്ഞാൽ അങ്കിൾ കേൾക്കുമോ? ” ഗീതു പറഞ്ഞതെല്ലാം ശെരിയാണ്.

അന്നേ അച്ഛനോട് എല്ലാം തുറന്നു പറയാമായിരുന്നു. ഇന്നിപ്പോ വളരെ വൈകിയിരിക്കുന്നു. ഇരുപത് ന്ന് പറയുമ്പോൾ ഇനി അധികം ദിവസങ്ങളും ഇല്ല. നാളെയോടെ ഈ മാസം കഴിയും പിന്നെ കൂടിപ്പോയാൽ മൂന്നാഴ്ച കഷ്ടി. “അല്ലെങ്കിൽ പിന്നെ ഞാനൊരു കാര്യം പറയട്ടെ? ഇന്നത്തെ ട്രീറ്റിന്റെ ഇടയിൽ നമുക്ക് നിന്റെ കല്യാണകാര്യം അവതരിപ്പിക്കാം. അത് കേൾക്കുമ്പോ എന്താണ് സാറിന്റെ പ്രതികരണം ന്ന് നോക്കാലോ. ഈ കാണിക്കുന്നതൊക്കെ വെറും ജാടയാണെങ്കിൽ സാർ പൊട്ടിത്തെറിക്കും. ഇനി അങ്ങനെ അല്ലെങ്കിൽ….. നീ അങ്കിൾ പറയുന്നത് അനുസരിച്ചു അങ്കിൾ പറഞ്ഞ ആളെ തന്നെ വിവാഹം കഴിക്കണം ന്നാണ് എനിക്ക് പറയാനുള്ളത്. നിന്നെ വേണ്ടെങ്കിൽ നിനക്കും വേണ്ട. ” ഗീതുവിന്റെ ആ അഭിപ്രായത്തോട് ഞാനും യോജിച്ചു. ആനന്ദേട്ടന്റെ ആ സമയത്തെ പ്രതികരണം അറിയാൻ വേണ്ടി ഞാൻ നിമിഷങ്ങളെണ്ണി കാത്തിരുന്നു.

ഒന്ന് വേഗം വൈകുന്നേരം ആയികിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ വന്നൊന്ന് ഫ്രഷായ ശേഷം റെസ്റ്റോറന്റ്ലേക്ക് പോകാമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. അങ്ങനെ വീട്ടിൽ വന്നു വൈകുന്നേരം റെസ്റ്റോറന്റ്ലേക്ക് പോകാൻ ധൃതിയിൽ ഇറങ്ങുമ്പോഴാണ് പെട്ടന്ന് ഫോൺ റിങ് ചെയ്തത്. എടുത്തു നോക്കിയപ്പോൾ പരിചയമില്ലാത്ത നമ്പർ ആയിരുന്നു. അതുകൊണ്ട് ആദ്യം എടുക്കനൊന്ന് മടിച്ചു. ഒരു തവണ ഫുൾ റിങ് ചെയ്ത് വീണ്ടും വിളിക്കുന്നത് കണ്ടപ്പോഴാണ് എടുത്തു നോക്കിയത്. “ഹെലോ… ഗാഥാ…. ” മറുതലയ്ക്കൽ ഒരു പരിചയമില്ലാത്ത പുരുഷശബ്ദമായിരുന്നു. “അതെ. ” “ഗാഥയ്ക്ക് എന്റെ വക ഒരായിരം പിറന്നാൾ ആശംസകൾ. ” “താങ്ക് യൂ.

പക്ഷെ…. ഇത് ആരാ… ന്ന്….. ? ” “ഞാൻ പ്രസാദ്. നമ്മള് തമ്മിൽ നേരിട്ട് കണ്ടിട്ടില്ല. ഒൺലി ഫോട്ടോ” “ഫോട്ടോ…. ” പെട്ടന്ന് ആളെ മനസിലായില്ല. ഞാൻ അങ്ങനെയൊരാളെ ആലോചിച്ചു. “മനസിലായില്ല? കുറച്ചു ദിവസം മുന്നേ തന്റെ അച്ഛൻ ഒരാളുടെ ഫോട്ടോ അയച്ചുതന്നിരുന്നില്ലേ? അത് ഞാനാണ്. ” ഓഹ്…. ഇയ്യാളാണ് അയ്യാൾ ലെ? അച്ഛൻ വിളിച്ചപ്പോൾ മോൻ മോൻ ന്ന് പറഞ്ഞത്കൊണ്ട് പേര് എന്താണെന്ന് അറിയില്ലായിരുന്നു. അറിയാൻ താല്പര്യമില്ലാത്തത് കൊണ്ടും അപ്പോഴത്തെ അവസ്ഥ അങ്ങനെയായത് കൊണ്ടും ഞാൻ ചോദിച്ചതുമില്ല. “ഹലോ… ഗാഥാ…. ” എന്റെ മറുപടിയൊന്നും കേൾക്കാത്തത് കൊണ്ട് ആള് വീണ്ടും വിളിച്ചു നോക്കി. ഞാനൊന്ന് മൂളിയതേയുള്ളൂ. “കഴിഞ്ഞ ആഴ്ച അച്ഛൻ പറഞ്ഞിരുന്നു ഇന്ന് തന്റെ പിറന്നാൾ ആണെന്ന്. ഞാൻ അല്പം തിരക്കിലായിരുന്നു അതാ വിളിക്കാൻ വൈകിയത്. ഫോട്ടോ കണ്ടിരുന്നില്ലേ? എന്നെ…. ഇഷ്ടമായോ തനിക്ക് ?

” ഈശ്വരാ എന്താ ഇപ്പൊ പറയാ? ദൈവമേ ഒരു വഴി കാണിച്ചു തരണേ… എല്ലാ തവണത്തേയും പോലെ ഇത്തവണ ദൈവം എന്നെ കൈവിട്ടില്ല. കറക്റ്റ് സമയത്ത് പോകണ്ടേ ന്നും ചോദിച്ചോണ്ട് ഗീതു വന്നു. “ഫ്രണ്ട് വിളിക്കുന്നുണ്ട്… ഞാൻ….. ” മറുപടി പറയുന്നതിൽ നിന്നും രക്ഷപെടാനായി ഞാൻ അതിൽ കയറി പിടിച്ചു. “താൻ എങ്ങോട്ടെങ്കിലും പോകാൻ നിക്കുവാണോ? ഫ്രണ്ട് പറയുന്നത് കേട്ടു. ” “അത്…. പിന്നെ…. ഫ്രണ്ട്സിന് ബര്ത്ഡേ ട്രീറ്റ്….. ” “ഓക്കെ എന്നാൽ നടക്കട്ടെ. ഞാൻ പിന്നെ വിളിക്കാം.” ബാക്കിയൊന്നും കേൾക്കാൻ നിൽക്കാതെ ഞാൻ വേഗം ഫോൺ കട്ട്‌ ചെയ്തു. അതിലും വലിയൊരു കാര്യം മുന്നിൽ കിടക്കുന്നത് കൊണ്ട് അയ്യാളെക്കുറിച്ച് കൂടുതലൊന്നും ചിന്തിക്കാൻ നിന്നില്ല. ഒട്ടും സമയം കളയാതെ റെസ്റ്റോറന്റ്ലേക്ക് വിട്ടു. ഞാനും ഗീതുവും ചെല്ലുമ്പോൾ മനുവേട്ടൻ കേക്കും കാൻഡിൽസും എല്ലാം സെറ്റ് ചെയ്ത് കഴിഞ്ഞിരുന്നു. കൂടെ ശില്പയും.

ഞങ്ങൾ ചെന്ന് കുറച്ചു കഴിഞ്ഞിട്ടാണ് ആനന്ദേട്ടൻ വന്നത്. എല്ലാവരും എത്തിയപ്പോൾ കേക്ക് മുറിച്ച് എല്ലാവർക്കും കൊടുത്തു. അതിനിടയിൽ മനുവേട്ടൻ ശില്പയെ കല്യാണകാര്യവും പറഞ്ഞ് കളിയാക്കാൻ തുടങ്ങിയത്. കൂട്ടത്തിൽ ഞങ്ങളും. “മിക്കവാറും ശില്പയ്ക്ക് മുന്നേ ഈ കൂട്ടത്തിലെ വേറൊരാള് കുടുംബിനിയാവാൻ സാധ്യതയുണ്ട്… ” ഒട്ടും പ്രതീക്ഷിക്കാതെ എന്നെ ഇടംകണ്ണിട്ട് നോക്കികൊണ്ട് ഗീതു അത് പറഞ്ഞപ്പോൾ “ഇപ്പൊ പറയണോ ” ന്നുള്ള അർത്ഥത്തിൽ കണ്ണുരുട്ടി. പക്ഷെ ആരോട്? ആര് കേൾക്കാൻ? പെട്ടന്ന് എല്ലാവരും നിശബ്ദരായി. അവളുടെ നോട്ടം പിന്തുടർന്ന് ബാക്കിയുള്ളവരുടെ കണ്ണുകളും എന്നിലെത്തിയതും ആനന്ദേട്ടനും അവിടെയുണ്ടെന്നുള്ള തിരിച്ചറിവിൽ ഞാൻ ആദ്യം തലതാഴ്ത്തിയിരുന്നു. കുറച്ചു നേരത്തെ നിശബ്ദതയ്ക്ക് ശേഷം അവള് കള്ളം പറയാണെന്നും പറഞ്ഞ് എല്ലാവരും കൂടി ഗീതുവിനെ കളിയാക്കാൻ തുടങ്ങി.

“അവള് പറഞ്ഞത് സത്യമാണ്. എന്റെ മാര്യേജ് ഫിക്സ് ചെയ്തു. നെക്സ്റ്റ് ട്വന്റിത്തിന്. ” ഞാൻ അവരോടായി പറഞ്ഞു. പക്ഷെ എന്റെ ദൃഷ്‌ടി മുഴുവനും ആനന്ദേട്ടനിലായിരുന്നു. വല്ല ഭാവവ്യത്യാസവും ഉണ്ടോന്നറിയാൻ. ആനന്ദേട്ടന്റെ കണ്ണുകളും എന്നിലായിരുന്നു. പെട്ടന്ന് കണ്ടു ആനന്ദേട്ടൻ ഇരുന്നിടത്ത് നിന്നെഴുന്നേറ്റു നിൽക്കുന്നത്. ഒരു വല്ലാത്ത എഴുന്നേൽക്കൽ ആയിരുന്നു അത്. എല്ലാവരും അന്തംവിട്ട് ആനന്ദേട്ടനെ തന്നെ നോക്കിയിരുന്നു. “കൺഗ്രാറ്റ്സ് ” എനിക്ക് നേരെ വലതുകൈ നീട്ടിപിടിച്ച് ആനന്ദേട്ടൻ പറഞ്ഞപ്പോൾ ഞാൻ സ്വയം ഇല്ലാതായത് പോലെ. എഴുന്നേൽക്കുന്നത് കണ്ടപ്പോൾ ഞാനും പ്രതീക്ഷിച്ചു. “ആരോട് ചോദിച്ചിട്ടാടി നീ കല്യാണത്തിന് സമ്മതിച്ചത്” ന്ന് ചോദിക്കും ന്ന്. പക്ഷെ…. ആശംസകൾ തന്ന് പറഞ്ഞു വിടാണ്. ദുഷ്ടൻ. ഉള്ളിൽ തിങ്ങി നിറഞ്ഞ സങ്കടം ദേഷ്യത്തിന് വഴിമാറിയത് വളരെ പെട്ടന്നായിരുന്നു. “ഗീതു നീ വരുന്നുണ്ടോ? ഞാൻ വീട്ടിലേക്ക് പോവാ.

” ആനന്ദേട്ടന് കൈ കൊടുക്കാതെ ആ മുഖത്തേക്ക് തന്നെ ഉറ്റുനോക്കികൊണ്ട് ഗീതുവിനോടായി പറഞ്ഞ ശേഷം ഞാൻ പുറത്തേക്ക് നടന്നു. കണ്ണിൽ ചോരയില്ലാത്ത ദുഷ്ടൻ. ഇയ്യാള് ഇത്രയും നാൾ എന്നെ കാത്തിരുന്നു ന്ന് പറയുന്നത് പച്ചക്കള്ളമായിരുന്നു. ഹും… പ്രണയം. മണ്ണാങ്കട്ട. ഒക്കെ വെറുതെ പറയാ. എന്നോട് ഒരു ഇഷ്ടവും ഉണ്ടായിരുന്നില്ല. ഉണ്ടയിരുന്നെങ്കിൽ ഇങ്ങനെയാണോ? ആലോചിക്കുമ്പോൾ തന്നെ ദേഷ്യവും സങ്കടവും ഒക്കെകൂടി വരാ. ഈ ഗീതുപെണ്ണ് ഇതെന്താ വരാത്തെ? ഗീതു പറയുന്നത് തന്നെയാ ശെരി. അച്ഛൻ പറയുന്ന ആളെ തന്നെ വിവാഹം കഴിക്കണം. എന്നിട്ട് അയാൾടെ കൈയും പിടിച്ച് ആനന്ദേട്ടന്റെ മുന്നിൽകൂടി തന്നെ അങ്ങോട്ടുമിങ്ങോട്ടും അങ്ങനെ നടക്കണം. കാണട്ടെ. കൺഗ്രാറ്റ്സ് പോലും കൺഗ്രാറ്റ്സ്. കൊണ്ടോയി പുഴുങ്ങി തിന്നാൻ പറ.

എനിക്കെങ്ങും വേണ്ട അയാൾടെയൊരു കൺഗ്രാറ്റ്സ്. ഒരു വിജയാനന്ദ്. ഗീതു ഇറങ്ങി വരുമ്പോൾ പിറകെ ബാക്കിയുള്ളവരും ഉണ്ടായിരുന്നു. ഗീതുന്റെ കൈയിൽ എല്ലാവരും എനിക്കായി കരുതിയ പിറന്നാൾ സമ്മാനങ്ങളും ഉണ്ടായിരുന്നു. മനുവേട്ടനോടും ശില്പയോടും മാത്രം യാത്ര പറഞ്ഞ് ഗീതുവിന്റെ കൂടെ വണ്ടിയിൽ കയറി പോന്നു. വീട്ടിൽ എത്തിയതും ആനന്ദേട്ടൻ എന്ത് സമ്മാനമാണ് തന്നിരിക്കുന്നതെന്ന് ഗീതുന് കാണണം. ഇവിടെ ബാക്കിയുള്ളോൻ മനസമാധാനം പോയിരിക്കുമ്പോഴാ അവൾടെയൊരു സമ്മാനം. ആ കൂട്ടത്തിൽ അങ്ങേരുടെ സമ്മാനം മാത്രം ഞാൻ തൊട്ടുപോലും നോക്കിയില്ല. അവളെയും സമ്മതിച്ചില്ല. അത് അതേപോലെ എടുത്ത് ഷെൽഫിൽ വെച്ച് പൂട്ടി. അയാൾടെയൊരു ചമ്മാനം…ഹും…. ദിവസങ്ങൾ അതിവേഗം മുന്നോട്ട് കുതിച്ചു. ഇതിനിടയിൽ നാട്ടിൽ കല്യാണത്തിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് അച്ഛൻ വിളിച്ചു പറഞ്ഞു.

ഇനി ഡ്രെസ്സും ആഭരണങ്ങളും മാത്രമേ വാങ്ങിക്കാനുള്ളൂ. അത് ഞാൻ ചെന്ന ശേഷം എടുക്കാനാണ് തീരുമാനം. അന്നത്തെ സംഭവത്തിന്‌ ശേഷം പിന്നീടങ്ങോട്ട് ഓഫിസിൽ ആനന്ദേട്ടന്റെ മുന്നിൽ ഞാനും സ്ട്രോങ്ങായി തന്നെ നിന്നു. എത്ര സ്ട്രോങ്ങായി ന്ന് പറഞ്ഞാലും ഇപ്പോഴും ആലോചിക്കുമ്പോൾ ഉള്ളിന്റെ ഉള്ളിൽ വല്ലാത്തൊരു വേദനയാണ്. അത് പലപ്പോഴും കണ്ണീരായി പുറത്തു വരാറുമുണ്ട്. അത്രയും ഞാൻ ആനന്ദേട്ടനെ സ്നേഹിച്ചിരുന്നോയെന്ന് ഞാൻ തന്നെ സംശയിച്ചു. എന്നാലും ആനന്ദേട്ടൻ എന്നോട് കൺഗ്രാറ്റ്സ് പറഞ്ഞില്ലേ? അതുകൊണ്ട് തന്നെയാണ് അച്ഛൻ ഓഫിസിൽ ലീവ് എടുക്കുന്ന കാര്യം പറഞ്ഞപ്പോൾ ജോലി തന്നെ റിസൈൻ ചെയ്താലോ എന്ന് ഞാൻ ചിന്തിച്ചത്.

വലിയ വീരവാദം പറഞ്ഞുവെങ്കിലും മറ്റൊരാളുടെ താലിയും കഴുത്തിൽ അണിഞ്ഞുകൊണ്ട് ആനന്ദേട്ടനെ ഫേസ് ചെയ്യാൻ എനിക്ക് കഴിയില്ല. പക്ഷെ രണ്ട് ലക്ഷം രൂപ കോമ്പൻസേഷൻ കൊടുക്കേണ്ടി വരും. ഈ കല്യാണചിലവിനിടയിൽ അച്ഛന്റെ കൈയിൽ അത് കൂടി ഉണ്ടാവുമോ? ഒടുവിൽ ജോലി റിസൈൻ ചെയ്യാൻ തന്നെ തീരുമാനിച്ചു. ആ രൂപ ഉണ്ടാക്കാനുള്ള വഴിയും ഞാൻ തന്നെ സ്വയം കണ്ടെത്തി. മദ്രാസിൽ ഉള്ളപ്പോൾ അച്ഛൻ എന്റെ പേരിൽ കുറച്ചുകുറച്ചായി ബാങ്കിൽ ഇട്ടിരുന്ന കാശുണ്ട്. എന്റെ ആവശ്യങ്ങൾക്ക് എനിക്ക് എടുക്കാൻ വേണ്ടി. ഇടയ്ക്കൊക്കെ ഞാനും കൈയിലുള്ളത് അതിൽ കൊണ്ടിടാറുണ്ട്. ഏകദേശം മൂന്നു ലക്ഷത്തിന്റെ അടുത്ത് ഉണ്ടാവും. അതിൽ നിന്നുമെടുത്ത് കോമ്പൻസേഷൻ അടയ്ക്കാനാണ് ഞാൻ തീരുമാനിച്ചത്. വിവാഹത്തിന് ഇനി ഒരാഴ്ച കൂടിയേയുള്ളൂ. നാളെ കൂട്ടിക്കൊണ്ട് പോകാൻ അച്ഛൻ വരാമെന്ന് പറഞ്ഞിട്ടുണ്ട്.

ഗീതു ടീച്ചറമ്മയുടെ കൂടെ രണ്ടു ദിവസം മുന്നേ എത്താമെന്നാണ് പറഞ്ഞിരിക്കുന്നത്. ഓഫിസിൽ വർക്കും ഉള്ളതല്ലേ. അപ്പൊ ഈ വി. എ. അസോസിയേറ്റ്സിൽ ഇതെന്റെ അവസാനദിവസമാണ്. അടുത്ത് പരിചയമുള്ളവരെ മാത്രമേ വിവാഹം ക്ഷണിച്ചിട്ടുള്ളൂ. ആനന്ദേട്ടനെ ഇതുവരെയും ക്ഷണിച്ചിട്ടില്ല. റേസിഗ്നേഷൻ ലെറ്റർ കൊടുക്കുമ്പോൾ ക്ഷണിക്കാമെന്നാണ് വിചാരിച്ചിരുന്നത്. മനുവേട്ടനോട് കാര്യം പറഞ്ഞിട്ടുണ്ട്. ആൾക്ക് പിന്നെ ഒരേ നിർബന്ധം ചെറുക്കന്റെ ഫോട്ടോ കാണണം ന്ന്. അവസാനം ഫോണിൽ അച്ഛൻ അന്ന് അയച്ചുതന്നിരുന്നത് കാണിച്ചു കൊടുത്തു. അത് ഡൌൺലോഡ് ആയിട്ട് കൂടിയില്ലായിരുന്നു. അതിന്റെ കാരണം ചോദിച്ചപ്പോൾ മനുവേട്ടനോടും എല്ലാം തുറന്നു പറഞ്ഞു. അങ്ങനെ എന്റേതായ എല്ലാ വർക്കുകളും കംപ്ലീറ്റ് ചെയ്ത് മനുവേട്ടനോട് കാര്യം പറഞ്ഞ് ഞാൻ ആനന്ദേട്ടന്റെ അടുത്തേക്ക് നടന്നു.

ഞാൻ ക്യാബിനിലേക്ക് ചെല്ലുമ്പോൾ ആള് ആരെയോ പ്രതീക്ഷിച്ചെന്ന പോലെ വാതിൽക്കലേക്ക് കണ്ണുംനട്ട് ഇരിക്കുകയായിരുന്നു. ഞാൻ കയറി ചെന്നപ്പോൾ തന്നെ ഇരിക്കാൻ പറഞ്ഞു. അഭിമുഖമായി കുറച്ചു നേരം രണ്ടുപേരും അങ്ങനെ ഇരുന്നു. ഞങ്ങൾക്കിടയിൽ കനത്ത നിശബ്ദത നിറഞ്ഞുനിന്നു. എങ്ങനെ തുടങ്ങണമെന്ന ആശയക്കുഴപ്പത്തിലായിരുന്നു ഞാൻ. ആനന്ദേട്ടനും എന്തുകൊണ്ടോ ഒന്നും ചോദിക്കാതെ എന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുകയായിരുന്നു. ഒടുവിൽ ധൈര്യം സംഭരിച്ച് ഞാൻ കൈയിലെ റേസിഗ്നേഷൻ ലെറ്റർ ആനന്ദേട്ടന് നേരെ നീട്ടി. “എന്താ ഇത്? ” ലെറ്റർ വാങ്ങിക്കാതെ എന്റെ കൈയിലേക്ക് നോക്കി, സംശയത്തോടെ ആനന്ദേട്ടൻ ചോദിച്ചു….”തുടരും…. നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും. 

നീ മാത്രം…❣❣ : ഭാഗം 33

Share this story