പെയ്‌തൊഴിയാതെ: ഭാഗം 1

പെയ്‌തൊഴിയാതെ: ഭാഗം 1

എഴുത്തുകാരി: ഗൗരി ലക്ഷ്മി

 അല്ലിയിളം പൂവോ….. ഇല്ലിമുളം തേനോ….. തെങ്ങിളനീരോ…. തെന്മോഴിയോ…. മണ്ണില്‍ വിരിഞ്ഞ നിലാവോ (അല്ലിയിളം)…… സ്റ്റീരിയോയിൽ നിന്നൊഴുകി വരുന്ന പാട്ടിനൊപ്പം താളം പിടിച്ചു അവൻ മടിയിൽ കിടന്നുറങ്ങുന്ന കുഞ്ഞിനെ നോക്കി.. ഒന്നുമറിയാതെ തന്റെ ജീവിതത്തിൽ വിധി അഴിച്ചുവിട്ട ക്രൂരതകൾ ഒന്നുമറിയാതെ ഒരു പൂച്ചക്കുഞ്ഞിനെ പോലെ തന്റെ മാറോട് ചേർന്നുറങ്ങുന്ന അവളെ അവൻ അരുമയായി ഒന്നു മുത്തി.. അവന്റെ നനുത്ത ചുണ്ടിന്റെ സ്പർശനം അറിഞ്ഞെന്നപോലെ അവളൊന്നു ഞരങ്ങി.. ഇളം പിങ്ക് നിറത്തിലുള്ള അവളുടെ ചുണ്ടുകൾ ഉറക്കത്തിൽ തന്നെ അവനൊരു പാൽ പുഞ്ചിരി സമ്മാനിച്ചു.. കുഞ്ഞിനെ ഇങ്ങു തന്നോളൂ.. അമ്മ പറഞ്ഞതും അവൻ അമ്മയെ നോക്കി..

വേണ്ടമ്മേ.. നീര് പിന്നേം കൂടും.. അവൾ എന്റെ കയ്യിൽ ഇരുന്നോട്ടെ… അവൻ പറഞ്ഞു.. അവൻ മുൻപിലേക്ക് നോക്കി.. കോ ഡ്രൈവർ സീറ്റിൽ ഇരുന്നു അച്ഛൻ നല്ല ഉറക്കമാണ്..ഇത്ര ദൂരമുള്ള യാത്ര അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആരോഗ്യത്തിനു പറ്റില്ല എന്ന് നന്നായി അറിയാം.. എങ്കിലും ഒരു മാറ്റം അനിവാര്യമാണെന്ന് തോന്നിയതുകൊണ്ടാണീ യാത്ര.. അവനോർത്തു.. കാർ പോകുന്ന വഴികളിലൂടെ യാന്ത്രികമായി അവന്റെ മിഴികൾ ഇടയ്ക്കിടെ സഞ്ചരിച്ചു.. സീ ഗിരി നമ്മൾ രണ്ടാളും വിദ്യാഭ്യാസവും ലോകപരിചയവും ആവോളം ഉള്ളവരാണ്.. പ്രണയിച്ചിരുന്ന കാലമല്ല ജീവിതമെന്ന തിരിച്ചറിവ് എന്നെ വല്ലാതെ അസ്വസ്ഥയാക്കുന്നുണ്ട്.. സത്യം പറഞ്ഞാൽ മോളെ പോലും എനിക്ക് സ്നേഹിക്കാൻ കഴിയുന്നില്ല ഗിരീ.. അവളെ ഒന്നു തഴുകാനോ എടുത്തു പാല് കൊടുക്കാനോ പോലും എനിക്ക് പറ്റുന്നില്ല..

നോക്ക്..ഇപ്പൊ തന്നെ ഈ കുഞ്ഞിനെ വേണ്ടാതെയാണ് ഞാൻ പ്രസവിച്ചത് . എന്റെ ശരീരത്തിൽ വന്ന മാറ്റങ്ങളെ പോലും എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല.. അറിയാമല്ലോ ഞാനൊരു പബ്ലിക്ക് ഫിഗർ ആണ്.. കേരളത്തിലെ ആതി പ്രശസ്തമായ ഒരു ന്യൂസ് ചാനലിലെ ന്യൂസ് റീഡർ ആണ്.. ഞാനെത്ര ഭംഗിയായാണ് എന്റെ ശരീരം മെയിന്റൈൻ ചെയ്തിരുന്നത് എന്നു ഗിരിക്ക് അറിയാമല്ലോ. ഇപ്പൊ കണ്ടോ.. തടിയും വെച്ചു വയറും ചാടി എന്റെ മുഖമൊക്കെ കണ്ടോ. ഫുട്‌ബോൾ പോലെ ആയി.. ഞാനിനി എത്ര ഡയറ്റ് ചെയ്താലാണ് ഒന്ന് ഫിറ്റ് ആകുക.. അതിനിടയിലാ അമ്മയുടെ വക ഒരു പ്രസവ രക്ഷ.. ആ തള്ളയ്ക്ക് ഒരു ജോലിയുമില്ല.. ചുമ്മാ മോളെ മോളെന്നു വിളിച്ചിങ്ങനെ പുറകെ നടക്കുവാ.. അവൾ പല്ലു ഞെരിച്ചു.. ആർദ്രാ.. പ്ലീസ് സ്റ്റോപ്പ് ദിസ്.. യു ആർ ക്രോസിംഗ് ദി ലിമിറ്റ്.. താൻ എന്നെ എന്താണെന്ന് വെച്ചാൽ പറഞ്ഞോളൂ.. അമ്മയെയും അച്ഛനെയും വെറുതെ വിടൂ..

അവർ തനിക്ക് എന്ത് ചെയ്തിട്ടാണ്.. ഹേ.. ഇതുവരെ തന്റെ ഒരു കാര്യത്തിലും അവർ ആവശ്യമില്ലാതെ ഇന്റർഫിയർ ചെയ്തതായി എനിക്കറിവില്ല.. അവരെന്നല്ല ഞാനും.. അങ്ങനെ ഉണ്ടെങ്കിൽ ഇപ്പോൾ താൻ പറയു.. പിന്നെ താനിപ്പോൾ പ്രസവിച്ചു കിടക്കുന്ന ഒരു പെണ്കുട്ടിയാണ്.. പ്രസവം കഴിഞ്ഞിട്ട് 1 മാസമേ ആയിട്ടുള്ളൂ. തന്റെ ശരീരം ആകെ ഇളകി കിടക്കുകയാണെന്നു പറഞ്ഞു ഉള്ള നാടായ നാട് മൊത്തം നടന്നു പച്ചിലകൾ പറിച്ചെടുത്തും മെഡിസിൻസ് വാങ്ങിയും തന്നെ ആരോഗ്യം ഉള്ളവളാക്കാൻ നോക്കിയതാണോ ഇപ്പൊ അമ്മ ചെയ്ത തെറ്റ്.. ഗിരിയും ചൂടായി.. കുന്തം.. ഒരു പച്ചില മരുന്ന്.. അവർക്ക് വേറെ പണിയൊന്നും ഇല്ലേ.. ഡു യു നോ.. നെക്സ്റ്റ് മന്ത് എനിക്ക് ജോയിൻ ചെയ്യണം.. അതിനായി ഞാൻ ഡയറ്റ് കണ്ട്രോൾ ചെയ്യുകയാണ്.. ആർദ്ര പറഞ്ഞു.. ഈ അവസ്ഥയിലോ.. എഡോ തനിക്ക് ഇതെന്താ.. താൻ വിവരോം വിദ്യാഭ്യാസവും ഉള്ള ആളല്ലേ..

ഈ നോർമൽ ഡെലിവറി കഴിഞ്ഞിരിക്കുന്ന സമയത്ത്‌ ഡയറ്റ് ഒന്നും അങ്ങനെ കീപ് ചെയ്യാൻ പറ്റില്ല.. ആരോഗ്യമുള്ള ഭക്ഷണവും നല്ല ഉറക്കവും ഒക്കെ വേണ്ട സമയമാണ്.. ഇതൊന്നും ഇല്ലെങ്കിൽ വീക്ക് ആകുന്നത് തന്റെ ബോഡിയാണ്.. ഗിരി പറഞ്ഞു.. ഞാൻ പറഞ്ഞതല്ലേ ഇപ്പൊ ഈ നാശത്തിനെ വേണ്ടാന്ന്.. അബോർട്ട് ചെയ്യാമെന്ന്.. അപ്പൊ കുഞ്ഞെന്ന സെന്റി. ഇവൾ കാരണം എനിക്ക് എല്ലാം നഷ്ടപ്പെട്ടു.. എന്റെ കരിയർ.. ഈNറെ ഹാപ്പിനെസ്.. എല്ലാം.. ആർദ്ര കരഞ്ഞുകൊണ്ട് കട്ടിലിൽ ഇരുന്നു.. ഗിരിയ്ക്ക് ദേഷ്യം വന്നെങ്കിലും അവൻ അൽപ്പം ക്ഷമിച്ചു.. അവനും അവളോടൊപ്പം ഇരുന്നു.. ഡോ.. എന്താടോ.. അവൻ ചോദിച്ചുകൊണ്ട് അവളെ തന്റെ നെഞ്ചോട് ചേർത്തു.. അവളൊന്നും മിണ്ടിയില്ല.. സീ വേണമെങ്കിൽ നമുക്കൊരു സൈക്കോളജിസ്റ്റിനെ കാണാം..അമ്മയും പറഞ്ഞു.. ഈ ദേഷ്യവും കുഞ്ഞിനോടുള്ള വിരോധവും ഒക്കെ ചിലപ്പോൾ അതുകൊണ്ട് മാറും എന്നു..

ഗിരി അവളെ തഴുകിക്കൊണ്ടു പറഞ്ഞതും അവളവനെ ശക്തമായി തള്ളി മാറ്റി.. ഓഹോ.. അപ്പൊ എന്നെ പ്രാന്തി ആക്കുകയാണ് അല്ലെ.. തള്ളേം മോനും കൂടി ഇനിയെന്നെ വല്ല ഷോക്കും അടിപ്പിക്കും.. അവൾ ദേഷ്യം കൊണ്ട് വിറച്ചു.. ആർദ്രാ പ്ലീസ്.. താനെന്താ ഇങ്ങനൊക്കെ പറയുന്നത്. ഹേ.. ഇത് ചിലപ്പോൾ പോസ്റ്റ് പാർട്ടം ഡിപ്രഷൻ ആയിരിക്കാം.. അത് നല്ലൊരു സൈക്കോളജിസ്റ്റ് വിചാരിച്ചാൽ മാറിയേക്കാം.. അവൻ ശാന്തമായി പറഞ്ഞു.. കുന്തമാ.. എനിക്ക് പോസ്റ്റ് പാർട്ടം ഡിപ്രഷനും ഇല്ല ഒരു മണ്ണാംകട്ടയും ഇല്ല.. എനിക്ക് എനിക്ക് വേണ്ടത് ഡിവോഴ്‌സ് ആണ് ഗിരി.. ആർദ്ര അവനെ നോക്കി പറഞ്ഞു.. അവൻ പുഞ്ചിരിച്ചു.. എന്നാൽ വാ.. ഇപ്പൊ പോയി സൈൻ ചെയ്യാം.. അവൻ കളിയായി പറഞ്ഞു.. നോ.. ആം നോട്ട് ജോക്കിങ് ഗിരി.. ആം ഡാം സീരിയസ്.. ഐ ജസ്റ്റ് വാണ്ട് എ ഫ്രീഡം ഫ്രം യു..

അവൾ തുറന്നടിച്ചു പറഞ്ഞു.. ഗിരി അവളെ നോക്കി.. അതിനു വേണ്ടി നമുക്കിടയിൽ എന്താ പ്രശ്നം ആർദ്രാ.. അവൻ ചോദിച്ചു.. അവൾ ഒന്നും മിണ്ടിയില്ല.. നോക്ക്.. നമ്മൾ ഇപ്പോൾ പഴയ പ്രണയിതാക്കൾ അല്ല.. ഭാര്യയും ഭർത്താവുമാണ്.. ഒരു കുഞ്ഞിന്റെ അച്ഛനും അമ്മയുമാണ്.. അവൻ അരുമയായി അവളെ തഴുകി.. നിന്റെയീ ദേഷ്യവും വാശിയും അൽപ്പം കുറയ്ക്കാം കേട്ടോ.. ഇല്ലേൽ കുഞ്ഞും അത് കണ്ടാകും പഠിക്കുക.. അവൻ കളിയായി പറഞ്ഞു.. ഐ റിപ്പീറ്റ് ഗിരി.. ആം നോട്ട് ജോക്കിങ് ഇൻഫ്രണ്ട് യു.. ഐ വാണ്ട് ഡിവോഴ്‌സ്.. അവൾ അവനെ നോക്കി പറഞ്ഞു.. ഡോ താനെന്താ കളിക്കുവാണോ.. ഗിരി ചോദിച്ചു.. നമുക്ക് പിരിയാം ഗിരീ.. പ്ലീസ്.. എനിക്ക് തീരെ പറ്റുന്നില്ല ഈ ലൈഫ്.. പരസ്പരം പോര് വിളിച്ചും തല്ലു കൂടിയും നമ്മൾ തീർക്കുന്നത് നമ്മുടെ ലൈഫാണ്..

ശെരിയാണ് നമ്മൾ പ്രണയിച്ചിരുന്നു… വല്ലാതെ നമ്മൾ സ്നേഹിച്ചിരുന്നു. ഗിരിയില്ലാതെ ഒരു ലൈഫ് ഞാൻ സ്വപ്നം പോലും കണ്ടിരുന്നില്ല.. അതിനെനിക്ക് പറ്റുമായിരുന്നില്ല.. പക്ഷെ അന്നൊന്നും ഞാൻ കണ്ട ഗിരിയല്ല ഇത്.. എനിക്കീ ഗിരിയെ പരിചയമില്ല.. ഞാൻ ആഗ്രഹിച്ച ലൈഫുമല്ല ഇത്.. അവൾ പറഞ്ഞു.. ഡോ..പ്രണയിക്കുമ്പോൾ പറയുന്നത് പോലെ എന്നും തന്നോടൊപ്പം നിൽക്കാനും തന്റെ താളത്തിനൊപ്പം തുള്ളാനും എന്നും തന്നോടൊപ്പം ടൂർ വരാനുമൊന്നും എനിക്ക് കഴിയില്ല.. പക്ഷെ അതൊന്നുമല്ല ജീവിതം.. അവൻ പറഞ്ഞു.. ഐ കാണ്ട് അഡ്ജസ്റ്റ് വിത് ഡിസ് ബ്ലഡി കണ്ട്രി ലൈഫ്.. അവൾ പല്ലു ഞെരിച്ചു.. എനിക്കീ ലൈഫ് വല്ലാതെ മടുക്കുന്നു… എന്നും രാവിലെ ഉണരുന്നു.. കുറച്ചു നേരം ടി വി കാണുന്നു.. ഒന്നു അങ്ങോട്ടോ ഇങ്ങോട്ടോ നടക്കുന്നു. കഴിക്കുന്നു ഉറങ്ങുന്നു.. എണീക്കുന്നു പിന്നെ കുളി നന പിന്നേം ടി വി കഴിപ്പ് ഉറക്കം.. വാട് എ ലൈഫ് ഈസ് ദിസ്..

ഒന്നു പുറത്തു പോകുന്നത് തന്നെ ആഴ്ചയിൽ ഒരിക്കലോ മറ്റോ ആയിരുന്നു.. ഇപ്പൊ പ്രഗ്നൻറ് ആയേപിന്നെ ഇറങ്ങിയാൽ 10 മിനിറ്റ് ആകുമ്പോഴേയ്ക്കും വിളി വരും.. മോൾക്ക് കുഴപ്പമില്ലല്ലോ.. കഴിച്ചോ ജീരക വെള്ളം കുടിച്ചോ എന്നൊക്കെ ചോദിച്ചു.. നിങ്ങടെ അച്ഛനും അമ്മയ്ക്കും വേറെ ഒരു പണിയും ഇല്ലല്ലോ.. അവൾ പറഞ്ഞു.. സീ ഗിരി.. ഇതല്ല ഞാൻ ആഗ്രഹിച്ച ജീവിതം..എനിക്ക് ഇപ്പൊ 24വയസ്സ് ആയതെയുള്ളൂ.. ഈ സമയത്തു മൊത്തം അഡ്ജസ്റ്റ് ചെയ്തിട്ട് നാളെ ദുഃഖിക്കാൻ എനിക്ക് പറ്റില്ല..ഐ നോ.. ഗിരിക്ക് ഉൾക്കൊള്ളാൻ കഴിയില്ല എന്റെ പ്രശ്നങ്ങൾ.. നമ്മൾ രണ്ടു സാഹചര്യത്തിൽ വളർന്നു വന്നവരാണല്ലോ.. എന്റെ പപ്പയും മമ്മയും എന്നെ ഇങ്ങനെ ഓവർ കെയർ ചെയ്തിട്ടേയില്ല. ഗിരിക്ക് അറിയോ.. എനിക്ക് ഒരു 15 വയസ്സ് കഴിഞ്ഞേ പിന്നെ ഞാൻ പുറത്തുപോയാലോ ലേറ്റ് ആയി വന്നാലോ പോലും എവിടെ ആയിരുന്നു എന്നവർ ചോദിക്കുമായിരുന്നില്ല.. ഇവിടോ…

ഗിരി ഒരു കോളേജ് ലെക്ച്വർ അല്ലെ.. ഇപ്പോഴും 6 കഴിഞ്ഞാൽ അമ്മയുടെ പേടി കണ്ടാൽ സ്കൂൾ കുട്ടി ആണെന്ന് തോന്നും.. പ്രേമിച്ചിരുന്ന സമയത്ത്‌ പോലും ഒരു ഡേറ്റിന് പോലും എന്നെ കൂട്ടാതെ ഇരുന്നതും ഈ കാരണം കൊണ്ടല്ലേ.. പ്രേമിക്കുന്ന ടൈമിൽ പലപ്പോഴും എന്നോട് ഫിസിക്കൽ ഡിസ്റ്റൻസ് കീപ് ചെയ്തിരുന്നതും അതുകൊണ്ടല്ലേ… പലപ്പോഴും ഞാൻ ആഗ്രഹിച്ചിരുന്നത് മനസ്സിലായിട്ട് കൂടി എന്നോട് സെക്ഷ്വലി അടുക്കാൻ തനിക്ക് പറ്റാഞ്ഞതും ഇതേ ബൗണ്ടറീസ് കൊണ്ടല്ലേ.. അതൊക്കെ കഴിഞ്ഞ കാര്യമല്ലേ ആർദ്രാ.. പ്രണയിച്ചു നടന്നു.. അത് കഴിഞ്ഞു തന്നെ കല്യാണവും കഴിച്ചു.. പ്രേമിച്ചു നടന്ന സമയത്ത്‌ ഞാൻ തന്നോട് ഡിസ്റ്റൻസ് കീപ് ചെയ്തു ഓകെ.. കല്യാണം കഴിഞ്ഞോ.. നിന്റെ ഏത് ആഗ്രഹമായിരുന്നു ഞാൻ സാധിച്ചു തരാഞ്ഞത്.. ഇപ്പൊ ഒരു കുഞ്ഞും ആയ ശേഷമാണോ നിനക്ക് ആഗ്രഹങ്ങൾ നടന്നില്ല എന്ന പരാതി വന്നത്..

നമ്മൾ തമ്മിൽ ഏത് സമയത്തുള്ള ബന്ധമായിരുന്നെങ്കിലും നിന്റെ കൂടി ഇഷ്ടം ഞാൻ എന്നും അന്വേഷിച്ചിട്ടില്ലേ.. ഗിരി ചൂടായി.. സത്യം പറയുമ്പോൾ ചൂടായിട്ട കാര്യമില്ല.. ആഫ്റ്റർ ഓൾ.. ഞാൻ നെക്സ്റ്റ് മണ്ടേ മുംബൈക്ക് തിരിച്ചു പോകുകയാണ്..ഇന്ന് ടിക്കറ്റ് ബുക്ക് ചെയ്തു. അവിടെ എന്റെ ഫ്രണ്ട് ദീപക്കിന്റെ ഫ്ലാറ്റിൽ അവനോട് പറഞ്ഞു എനിക്ക് കൂടിയുള്ള അക്കോമെഡേഷൻ റെഡി ആക്കിയിട്ടുണ്ട്.. അടുത്ത മന്ത് എനിക്ക് ജോയിൻ ചെയ്യണമല്ലോ.. ഞാൻ അവിടെ ജോയിൻ ചെയ്തോളാം.. ആർദ്ര പറഞ്ഞു.. പറ്റില്ല.. എനിക്ക് കുഞ്ഞില്ലാതെ പറ്റില്ല ആർദ്രാ.. ഗിരി ദേഷ്യത്തോടെ അതിലുപരി വേദനയോടെ പറഞ്ഞു.. ഐ നോ ഗിരി.. സോ ഞാൻ ഒറ്റയ്ക്കാണ് പോകുന്നത്.. ട്രൈനിനാണ് പോകുന്നതും.. അവൾ പറഞ്ഞു.. അവൾ എല്ലാം തീരുമാനിച്ചുറപ്പിച്ചിരിക്കുകയാണ് എന്നവന് ബോധ്യമായി.. നമ്മുടെ കുഞ്ഞിന് അമ്മയുടെ പ്രെസെൻസ് ഏറ്റവും കൂടുതൽ വേണ്ട സമയമാണ് ആർദ്രാ..

അവൻ കെഞ്ചും പോലെ പറഞ്ഞു.. സോറി ഗിരീ.. എനിക്ക് ഈ കുഞ്ഞിനെ സ്നേഹിക്കാൻ കഴിയില്ല.. പ്രസവിച്ചു എന്നതുകൊണ്ട് ഈ കുഞ്ഞു എന്റെ ലൈഫിനും കരിയറിനും ഒരു തടസ്സമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല.. സോ.. സോറി.. ഒന്നുകൂടി.. എനിക്ക് ഗിരിയോട് ദേഷ്യമോ വെറുപ്പോ ഇല്ല.. പ്രണയവും ഈ നിമിഷം എനിക്ക് തോന്നുന്നില്ല.. അവൾ നിർവികാരയായി പറഞ്ഞു അവസാനിപ്പിക്കുമ്പോൾ അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. എല്ലാം പറഞ്ഞു അവസാനിപ്പിച്ചു പോകുന്ന അവളെ ട്രെയിനിൽ കയറ്റി വിടുമ്പോഴും ഗിരിയും മോളുമില്ലാതെ ജീവിക്കാൻ കഴിയില്ല എന്ന് ഒരു വാക്ക് അവൻ പ്രതീക്ഷിച്ചിരുന്നു.. ട്രെയിനിൽ കയറും മുൻപ് അവളെ ഒരിക്കൽ കൂടി നെഞ്ചോട് ചേർത്ത് നെറുകയിൽ ചുംബിക്കുമ്പോൾ അവളുടെ ഒഴിഞ്ഞു കിടന്ന സീമന്ത രേഖ അവനിൽ വേദന നിറച്ചു..

ഒടുവിൽ കൃത്യം രണ്ടാഴ്ച കഴിയും മുൻപേ വന്ന ഡിവോഴ്‌സ് നോട്ടീസും അതിനോട് ചേർന്നുള്ള മ്യൂച്വൽ ഡിവോഴ്‌സ് പെറ്റിഷനും കണ്ടു കരഞ്ഞു വിളിക്കുന്ന അമ്മയെ സമാധാനിപ്പിച്ചു അത് സൂക്ഷിച്ചു വെയ്ക്കുമ്പോൾ ഈ ദിവസങ്ങളിൽ ഒന്നിൽ പോലും ഒന്നു നേരാംവണ്ണം ആഹാരം പോലും കഴിക്കാതെ കരഞ്ഞു തളർന്നുറങ്ങുന്ന കുഞ്ഞിനെയും കൊണ്ട് അവളുടെ അരികിലേയ്‌ക്ക് അവസാനമായി ഒരു യാത്ര മനസ്സിൽ കരുതിയിരുന്നു.. ഫ്ളൈറ്റിൽ മുംബൈയിൽ എത്തി അന്വേഷിച്ചു പിടിച്ചു ദീപക്കിന്റെ ഫ്ലാറ്റിൽ എത്തി ഡോർ നോക്ക് ചെയ്യുമ്പോഴും പ്രതീക്ഷിച്ചിരുന്നത് വാടി തളർന്ന ഒരമ്മയെയാണ്.. പക്ഷെ വാതിൽ തുറന്നു വന്നത് ദീപക്ക് ആയിരുന്നു.. അവനൊപ്പം അകത്തേയ്ക്ക് നോക്കുമ്പോൾ കണ്ടു ഫ്രണ്ട്സിന്റെയൊപ്പം ഒരു കയ്യിൽ മദ്യകുപ്പിയും പിടിച്ചു ഡി ജെ പാട്ടിനൊപ്പം ചുവടു വെയ്ക്കുന്നവളെ..

അവളുടെ സാമീപ്യം അറിഞ്ഞെന്നോണം കരയുന്ന കുഞ്ഞിനെ നോക്കി അത്ഭുതത്തോടെ അരികിൽ വന്നു കുഴയുന്ന നാവ് കൊണ്ട് ബിക്കിനി പോലും ടൈറ്റായ സങ്കടം പറയുന്നവളെ അവനോർത്തു.. അന്ന് കയ്യിൽ കരുതിയിരുന്ന മ്യൂച്വൽ ഡിവോഴ്‌സ് പെറ്റിഷൻ സൈൻ ചെയ്ത് അവളെ ഏൽപ്പിച്ചു നടക്കുമ്പോൾ കണ്ണിൽ നിന്നും ഇറ്റു വീണ കണ്ണുനീരിന് വല്ലാത്ത ചൂടുണ്ടായിരുന്നു.. ചേട്ടാ ഇനി എങ്ങോട്ടാ പോകേണ്ടത്.. 23 വയസ്സ് പോലും ഇല്ലാത്ത ആ ഡ്രൈവർ പയ്യന്റെ വിളിയാണ് അവനെ സ്വപ്നലോകത്തുനിന്നും ഉണർത്തിയത്.. അവൻ ചുറ്റും നോക്കി.. ചുറ്റും നിറഞ്ഞിരിക്കുന്ന പച്ചപ്പ് അവന്റെ മനസ്സിൽ വല്ലാത്ത കുളിർമ തോന്നിപ്പിച്ചു.. അവൻ അടുത്തുള്ള കടയിലേക്ക് നോക്കി.. സ്ഥലത്തിന്റെ ബോർഡ് നോക്കി ഒന്നുകൂടി ചുറ്റും നോക്കി.. റബർ മരങ്ങളാൽ മൂടപ്പെട്ട ചുറ്റുപാട് അവനു വല്ലാത്ത അപരിചിതത്വം തോന്നിപ്പിച്ചു.. ചേട്ടാ..അവൻ വീണ്ടും വിളിച്ചു..

കുറച്ചൂടെ മുൻപോട്ട് പോകട്ടെ. അവിടുന്ന് ഇടത്തോട്ട് ഒരു ഇടവഴി കാണും.. അതിലെ അകത്തോട്ട് പോകണം.. മറുപടി പറഞ്ഞത് അച്ഛനായിരുന്നു.. റിട്ടയേർഡ് പ്രൊഫസർ ശങ്കരനാരായണൻ.. അവൻ പുഞ്ചിരിച്ചു.. വാർധക്യത്തിന്റെ ആധിക്യങ്ങൾ ഉണ്ടെങ്കിലും ആ കണ്ണുകളിൽ ഒരു കൊച്ചു കുട്ടിയുടെ കൗതുകമുണ്ട്.. ജനിച്ചു വളർന്ന സ്വന്തം നാട്ടിലേയ്ക്ക് 10 വർഷത്തിന് ശേഷം എത്തുന്ന ആകാംഷ മുഴുക്കെ ആ കണ്ണുകളിൽ അലയടിക്കുന്നുണ്ടായിരുന്നു. പഴയ നാലുകെട്ട് രീതിയിലുള്ള തറവാട് ഉള്ള പറമ്പിലേയ്ക്കുള്ള വഴി കൃത്യം കൃത്യമായി അച്ഛൻ പറഞ്ഞുകൊടുക്കുന്നത് കണ്ടതും ഗിരിയുടെ ചുണ്ടിൽ ഒരു നല്ല പുഞ്ചിരി വിരിഞ്ഞു.. ഇടിഞ്ഞു പൊളിയാറായ പഴയ തറവാടിനടുത്തായി അവൻ പണികഴിപ്പിച്ച ആധുനികത നിറഞ്ഞ വീട്ടു മുറ്റത്തേക്ക് കാറോഡി കയറുമ്പോഴും ആ കണ്ണുകൾ തിരിഞ്ഞത് ആ പഴയ ഓടിട്ട തറവാട്ടിലേക്ക് ആയിരുന്നു..

ശങ്കരേട്ടാ.. അതും പറഞ്ഞു ഓടി വന്നു ലേഖാമ്മായി കാറിൽ നിന്നിറങ്ങിയ പാടെ അച്ഛനെ കെട്ടി പുണരുന്നതും നോക്കി അവൻ ചിരിയോടെ ഇറങ്ങി.. എത്ര നാളായി ഏട്ടനെ ഒന്നു കണ്ടിട്ട്.. അവർ പരിഭവം പറഞ്ഞു.. അതിനു ലേഖാമ്മായിക്ക് അങ്ങോട്ട് വന്നൂടെ.. ഗിരിയാണ് ചോദിച്ചത്.. ടാ.. എനിക്ക് വയസ്സ് 29 അല്ല.. 57 ആണ്.. കുറച്ചു നേരം കാറിൽ ഇരുന്നാൽ പിന്നെ ഒരു രക്ഷെമില്ല.. മുട്ടും കാലിന്റെ പൊത്തയും നീര് വന്നു വീർക്കും.. അവർ ഗിരിയെ ചെറുതായി അടിച്ചുകൊണ്ട് പറഞ്ഞു.. അവൻ ചിരിച്ചു.. അല്ല ദിവാകരൻ എവിടെ.. കാറിൽ നിന്നിറങ്ങിയ സാവിത്രി ചോദിച്ചു.. ഒന്നും പറയേണ്ട.. നേരം വെളുത്തപ്പോ എന്റെ കഷ്ടകാലത്തിന് ഏട്ടത്തിക്കും ഏട്ടനുമൊക്കെ ചക്ക കുഴച്ചു വേവിച്ചത് വല്യ ഇഷ്ടമാണല്ലോ മുറ്റത്തെ പ്ലാവിൽ പേരിനു പോലും ഒന്നില്ലല്ലോ എന്നു ഞാൻ പറഞ്ഞുപോയി..

അപ്പൊ പോയതാ എങ്ങോട്ടേക്കോ.. കുറച്ചു മുന്നേയാ വന്നത്.. ഒരു 4,5 ചക്കയുമായി.. പുറകിലിരുന്നു മുറിക്കുന്നുണ്ട്.. ലേഖ പറഞ്ഞു.. ആ ബെസ്റ്റ്.. ഞങ്ങൾ അങ്ങു ഈജിപ്റ്റീന്നല്ലേ വരുന്നത്.. എന്റെ ലേഖാമ്മായി. എറണാകുളത്തും പ്ലാവും ചക്കയും ഒക്കെയുണ്ട്.. അവൻ കുഞ്ഞിനെ അമ്മയ്ക്ക് കൈമാറുന്നതിനിടയിൽ പറഞ്ഞു.. അച്ചോടാ. അമ്മമ്മേടെ മുത്തേ.. ഒക്കം മതിയായോ…. ലേഖാമ്മായി കുഞ്ഞിനോട് കൊഞ്ചി ചോദിക്കുന്നതും നോക്കി അവൻ നിന്നുപോയി.. അതൊക്കെ ഞങ്ങൾക്കും അറിയാടാ.. എന്നാലും ഇവരെയൊക്കെ കാണുമ്പോ ഞങ്ങൾക്കും ആഗ്രഹം കാണില്ലേ ഇഷ്ടോള്ളതൊക്കെ ഉണ്ടാക്കി കൊടുക്കാൻ… പുറകിൽ നിന്നും വന്ന ദിവാകരൻ കയ്യിലിരുന്ന ചക്ക ചുള ലേഖയുടെ വായിൽ വെച്ചു കൊടുത്തുകൊണ്ട് അവനോട് പറഞ്ഞു.. അവനൊരു ചിരി പാസ്സാക്കി..

അയ്യോ.. അവൾക്ക് മടല് കിട്ടാനുള്ള വിളി വന്നു..നിങ്ങൾ വന്ന കാലിൽ നിൽക്കാതെ വായോ.. പുറകിൽ നിന്നും പശുവിന്റെ വിളി കേട്ടതും ദിവാകരൻ അതും പറഞ്ഞു പുറകോട്ട് നടന്നു.. എന്തായി ലേഖേ കാര്യങ്ങളൊക്കെ.. ശങ്കരൻ ചോദിച്ചു.. പാല് കാച്ചലിനുള്ള കലം വരെ റെഡിയായി.. നാളെ രാവിലെ അങ്ങോട്ട് കേറി അടുപ്പ് കൊളുത്തിയാൽ മതി.. ലേഖ പറഞ്ഞു.. വാ ഏട്ടാ.. ടാ മോനെ ലഗേജ് അമ്മാവനൂടെ വന്നിട്ട് എടുക്കാം.. ഇങ്ങോട്ട് വെയ്ക്കാനാണോ അതോ പുറകോട്ട് വെയ്ക്കണോ.. ലേഖ ചോദിച്ചു.. നാളെ പാല് കാച്ചി കഴിഞ്ഞു സാധാനമൊക്കെ കേറ്റാം.. ആളുകൾ വന്നും പോയും നിൽക്കുന്നതല്ലേ.. അതങ്ങു താടാ.. ദിവാകരൻ പിന്നിൽ നിന്നും വന്നുകൊണ്ട് പറഞ്ഞു.. വാ മോനെ . ഒരു കാപ്പി കുടിച്ചിട്ട് പോകാം.. ലേഖ ഡ്രൈവറോട് പറഞ്ഞതും അവൻ സമ്മതമെന്നോണം തലയാട്ടി..

ബാഗുകൾ എല്ലാം ഇറക്കി കഴിഞ്ഞതും അവർ പുതിയ വീടിന്റെ അരികിൽ കിടന്ന കൊച്ചു വഴിയിലൂടെ ലേഖയുടെ വീട്ടിലേയ്ക്ക് പോയി.. ശ്രദ്ധ എന്തിയെ അമ്മായി. അകത്തേയ്ക്ക് കയറിയതും ഗിരി ചോദിച്ചു..ലേഖയുടെ മകൾ അഞ്ജുവിന്റെ മകളാണ് 10 വയസ്സുകാരി ശ്രദ്ധ.. ഒറ്റ മകൾ ആയതുകൊണ്ട് മിക്കപ്പോഴും അവൾ അവരുടെ കൂടെയാണ് താമസം.. അഞ്ജുവിന്റെ ഭർത്താവ് ശരത്തിന് ഗൾഫിലാണ് ജോലി.. ഇപ്പോൾ ലീവിന് വന്നതാണ്.. അവൾ രാവിലെ അച്ഛന്റെ കൂടെ പോയിട്ടുണ്ട്.. നിങ്ങൾ വൈകീട്ടെ വരൂ എന്നാ കരുതിയത്.. ഏട്ടത്തി കുഞ്ഞിനെ ഇങ്ങു തായോ.. നിങ്ങളൊക്കെ ഒന്നു മേല് കഴുകി വരുമ്പോഴേയ്ക്കും അവൾക്ക് ഞാൻ വല്ല കുറുക്കോ മറ്റോ കൊടുക്കാം.. ലേഖ കുഞ്ഞിനെ വാങ്ങി പറഞ്ഞു.. അവൾ കുരുമ്പോടെ കാലിട്ടടിക്കുന്നതും ശ്രദ്ധിക്കാൻ വേണ്ടി ശബ്ദം ഉണ്ടാക്കുന്നതും കാണേ ഗിരിയുടെ കണ്ണുകളും വിടരുന്നുണ്ടായിരുന്നു. ******

ഇന്നലെയോളമെന്തെന്നറിഞ്ഞീലാ…. ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ…. ഇന്നിക്കണ്ട തടിക്കു വിനാശവു- മിന്ന നേരമെന്നേതുമറിഞ്ഞീലാ…… കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ- ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ. ര….ണ്ടു നാലു ദിനംകൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ,…. മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ‍.

വൈകുന്നേരം ഉയർന്നു കേൾക്കുന്ന ജ്ഞാനപ്പാനയിലെ വരികൾ അവന്റെ മനസ്സിന്റെ ആഴങ്ങളിലേക്ക് പതിയുന്നുണ്ടായിരുന്നു.. അതേ.. ഇന്നലെയും നാളെയും അറിയാത്ത വെറുമൊരു മരീചിക മാത്രമാണ് ജീവിതം. ആ മഷികൂട്ടിന്റെ നീലിമയിൽ ഡയറി താളിലേയ്ക്ക് അവൻ കോറിയിട്ട വരികൾ അവനെ തന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു അപ്പോഴും.. തുടരും..

Share this story