ഭാഗ്യ ജാതകം: ഭാഗം 14

ഭാഗ്യ ജാതകം: ഭാഗം 14

എഴുത്തുകാരി: ശിവ എസ് നായർ

പല്ലവി അവന്റെ അടുക്കലേക്ക് ചെന്ന് സിദ്ധുവിന്റെ മാറിലേക്ക് മുഖം ചേർക്കവേ അത്രയും നേരം ഉള്ളിൽ അടക്കിപ്പിടിച്ച സങ്കടം മുഴുവനും ഒരു പൊട്ടിക്കരച്ചിലായി പുറത്തേക്ക് വന്നു. പല്ലവിയെ അവൻ വാരിപ്പുണർന്നു. അവന്റെ ചുണ്ടുകൾ അവളുടെ കണ്ണീരൊപ്പി. പക്ഷേ അതേസമയം എല്ലാം കേട്ടുകൊണ്ട് ഇരുളിൽ മറ്റൊരാൾ അവരെ നോക്കി നിൽക്കുന്നത് ഇരുവരും അറിഞ്ഞിരുന്നില്ല. പതിയെ ആ നിഴൽ അവർക്ക് നേരെ ചലിച്ചു തുടങ്ങി. “നിങ്ങളിവിടെ കഥയും പറഞ്ഞു റൊമാൻസ് കളിച്ചു നിൽക്കുവാണോ??” അവർക്കടുത്തു നിന്ന് ഗൗരിയുടെ ശബ്ദം കേട്ടതും ഇരുവരും പെട്ടന്ന് അടർന്നു മാറി. പടിക്കെട്ടുകളിറങ്ങി തങ്ങൾക്ക് നേരെ വരുന്ന ഗൗരിയെ കണ്ടതും സിദ്ധാർഥും പല്ലവിയും കണ്ടു. “നീ.. നീ വന്നിട്ട് കുറേ നേരമായോ??” ഗൗരിയെ നോക്കി തെല്ലൊരു പതർച്ചയോടെ അവൻ ചോദിച്ചു.

“പല്ലവിയേച്ചിക്ക് മുടിയിൽ തേയ്ക്കാനായി എണ്ണ കൊണ്ട് കൊടുക്കാൻ അമ്മ പറഞ്ഞു. അതു കൊടുക്കാനായി ബാത്‌റൂമിലേക്ക് ചെന്നപ്പോൾ അവിടെ കണ്ടില്ല. അപ്പോ തോന്നി ഏട്ടൻ ചേച്ചിയെ ഇങ്ങോട്ട് കൊണ്ട് വന്നു കാണുമെന്ന്.” കൈയിലിരുന്ന എണ്ണപാത്രം അവൾ പല്ലവിക്ക് നേരെ നീട്ടി. പല്ലവി അത് വാങ്ങി.. “നീ എന്തെങ്കിലും കേട്ടായിരുന്നോ മോളെ..” സിദ്ധാർഥ് അവളെ സംശയത്തോടെ നോക്കി. “ഉം… കേട്ടു. ഞാൻ വന്നിട്ട് കുറച്ചു നേരമായി.” ഗൗരിയുടെ മുഖം താണു. “കേട്ടതെല്ലാം നീ മറന്നേക്കണം…” താക്കീതെന്നോണം സിദ്ധു പറഞ്ഞു. “ഞാൻ… ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ ഏട്ടനോട്.” പേടിച്ചു പേടിച്ചു ഗൗരി ചോദിച്ചു. “എന്താ..?? ” “ഈ വിവാഹം നടന്നാൽ പല്ലവിയേച്ചിക്ക് അപകടമാണെന്ന് അറിഞ്ഞു കൊണ്ട് ഏട്ടനെന്തിനാ ഏട്ടത്തിയെ വിവാഹം കഴിച്ചത്. അമ്മയ്ക്ക് ഈ വിവരം അറിയാമോ??” ഗൗരിയുടെ ചോദ്യം കേട്ടതും സിദ്ധുവും പല്ലവിയും ഒരുപോലെ ഞെട്ടി.

“നീയിത് ആരോടും പറയരുത്… അമ്മയ്ക്കെന്നല്ല ആർക്കും ഈ കാര്യം അറിയില്ല. ഇവിടെ എനിക്കും കാര്യസ്ഥൻ ശങ്കരനും മാത്രമേ ഇക്കാര്യം അറിയുള്ളു. ഇപ്പോ നിനക്കും.” “ഏട്ടത്തിയോട് ആദ്യമേ എല്ലാം തുറന്നു പറഞ്ഞൂടായിരുന്നോ ഏട്ടന്. എല്ലാം അറിഞ്ഞുവച്ച് കൊണ്ട് ഏട്ടൻ ഇങ്ങനെയൊരു ചതി ഏട്ടത്തിയോട് ചെയ്യണ്ടായിരുന്നു.” “അരുത് മോളെ അങ്ങനെ പറയരുത് നിന്റെ ഏട്ടൻ എന്നോടൊരു ചതിയും ചെയ്തിട്ടില്ല.” പല്ലവി ഗൗരിയെ നോക്കി പറഞ്ഞു. “എല്ലാം ഇവളോട് പറയാമെന്നു കരുതി ഇരുന്നതായിരുന്നു ഞാൻ. പക്ഷേ ഗോവിന്ദനമ്മാവന്റെയും ഭദ്രമ്മായിയുടെയും മകളാണ് ഇവളെന്ന സത്യം ഞാൻ പറഞ്ഞപ്പോൾ അതുപോലും താങ്ങാനുള്ള ശേഷി പല്ലവിക്കില്ലായിരുന്നു. അതുകൊണ്ടാ ബാക്കി സത്യങ്ങൾ പല്ലവി ഇവിടെ വന്നിട്ട് അറിയട്ടെ എന്ന് ഞാൻ തീരുമാനിച്ചത്. ജാതകദോഷത്തിന്റെ പേരിൽ സ്നേഹിച്ച പെണ്ണിനെ കൈവിട്ട് കളയാൻ എനിക്ക് കഴിയില്ല ഗൗരി.

പിന്നെ ജാതകദോഷം നോക്കുവാണെങ്കിൽ ഞങ്ങളിൽ ഒരാൾ മരിക്കുമെന്നും കൂടുതൽ സാധ്യത പല്ലവിക്കാണെന്നുമാണ് ആ തിരുമേനി സുഭദ്രമ്മായിയോട് പറഞ്ഞത്. ഇവൾക്ക് ഒരു പോറൽ പോലുമേൽക്കാൻ ഞാൻ സമ്മതിക്കില്ല. ഭാഗ്യം ഞങ്ങളെ തുണയ്ക്കുക തന്നെ ചെയ്യും.” സിദ്ധാർഥ് ഉറച്ച സ്വരത്തിൽ പറഞ്ഞു. “അന്ന് പാർവതിയോടൊപ്പം മാമ്പിള്ളി തറവാട്ടിൽ വന്നപ്പോൾ അമ്മാവന്റെയും അമ്മായിയുടെയും ഫോട്ടോ കണ്ടപ്പോൾ ഞാൻ അതാരാന്ന് അവളോട്‌ ചോദിച്ചിരുന്നു. എന്റെ അമ്മാവനാണ് അതെന്ന് ഞാൻ അവളോട്‌ പറയുകയും ചെയ്തു. പക്ഷേ അന്നൊന്നും ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല ഏട്ടത്തി എന്റെ അമ്മാവന്റെ മോളായിരിക്കുമെന്ന്. അന്ന് ഏട്ടത്തിയെ കണ്ടിഷ്ടപ്പെട്ടപ്പോ ഞാൻ അക്കാര്യം വന്ന്‌ ഏട്ടനോട് പറഞ്ഞപ്പോൾ വല്യ ജാട കാണിച്ച ആളാണ്. അതൊക്കെ അഭിനയമായിരുന്നുവെന്ന് ഇപ്പോഴല്ലേ മനസിലായത്.” പരിഭവം കലർന്ന സ്വരത്തിൽ ഗൗരി പറഞ്ഞു.

“ഗൗരിയിലൂടെയാണ് എന്നെ അറിയുന്നതും സ്നേഹിച്ചതെന്നുമൊക്കെ പറഞ്ഞു സിദ്ധുവേട്ടനും എന്നെ പറ്റിച്ചതാ. അതോണ്ട് ഗൗരി അതോർത്ത് സങ്കടപെടണ്ട. ഇനിയും എന്നോട് പറയാൻ എന്തൊക്കെ ബാക്കിയുണ്ടെന്ന് ദൈവത്തിനറിയാം.” ഗൗരിയെ സമാധാനിപ്പിക്കാനായി പല്ലവി പറഞ്ഞു. “എന്തായാലും നിങ്ങളിവിടെ പറഞ്ഞതൊന്നും ഞാൻ ആരോടും പറയില്ല. രണ്ടാളും വേഗം കുളിച്ചു വന്നോ. അത്താഴമൊക്കെ റെഡിയാക്കി അമ്മ കാത്തിരിക്കുന്നുണ്ടാകും.” സിദ്ധുവിനെ കലിപ്പിച്ചൊന്നു നോക്കിയ ശേഷം ഗൗരി പടവുകൾ ഓടികയറി പോയി. “പല്ലവി ഈ കാര്യങ്ങൾ നമുക്കിടയിൽ തന്നെ ഇരിക്കട്ടെ. ആരും ഒന്നും അറിയണ്ട. എന്തിനാ മറ്റുള്ളവരെ കൂടി ടെൻഷൻ ആക്കണേ. അതുകൊണ്ടാ അമ്മയോട് പോലും ഞാൻ പറയാത്തത്.” സിദ്ധാർഥ് പല്ലവിയോട് പറഞ്ഞു. “ആ കാര്യസ്ഥനെ വിശ്വസിക്കാമോ??” സംശയത്തോടെ പല്ലവി ചോദിച്ചു. “ഞങ്ങളുടെ വിശ്വാസ്തനായ കാര്യസ്ഥനാണ് അയാൾ.

നിന്റെ അച്ഛനുണ്ടായിരുന്ന കാലം മുതൽ ഇവിടെയുണ്ട്.” “ഇവിടെ ആരൊക്കെയാ ഉള്ളത് സിദ്ധുവേട്ടാ. സിദ്ധുവേട്ടന്റെ അച്ഛനും അമ്മയും ഗൗരിയും മാത്രമാണോ??” “അല്ല… അച്ഛന്റെ പെങ്ങൾ വീണ അമ്മായിയും ഭരതൻ അമ്മാവനും അവരുടെ മകൾ വേണിയും മകൻ വിനോദും. ഇവർ നാലുപേരും കൂടി ഉണ്ട് ഇവിടെ.” “എന്നിട്ട് അവരെയൊന്നും നമ്മൾ വന്നപ്പോൾ കണ്ടില്ലല്ലോ.” കുളത്തിലേക്ക് കാലുകൾ മുക്കിവച്ചു കൊണ്ട് പല്ലവി ചോദിച്ചു. അവൾക്ക് പിന്നിലായി സിദ്ധുവും ഇരുപ്പുറപ്പിച്ചു. “വിനോദിന് ജോലി ബാംഗ്ലൂർ ആണ്. വേണി പഠിക്കുന്നതും ബാംഗ്ലൂരിലാണ്. ബി.ഡി. എസ് ഫൈനൽ ഇയർ എക്സാം കഴിഞ്ഞു അവളെയും കൂട്ടി വിനോദും വരുന്നുണ്ട്. അവരെ കൂട്ടികൊണ്ട് വരാൻ റെയിൽവേ സ്റ്റേഷനിലേക്ക് പോയിരിക്കുകയാ അമ്മാവനും അമ്മായിയും.” എണ്ണപാത്രത്തിൽ നിന്നും അൽപ്പം എണ്ണയെടുത്തു അവളുടെ മുടിയിഴകളിൽ തേച്ചു പിടിപ്പിച്ചു കൊണ്ട് അവൻ പറഞ്ഞു.

“അപ്പോൾ ഈ വേണിയെ ആണോ സിദ്ധുവേട്ടന് വേണ്ടി അച്ഛൻ നോക്കിയത്.” “ആ അവളെയാ അച്ഛൻ എനിക്ക് വേണ്ടി നോക്കിയത്.” “അവരൊക്കെ എപ്പോഴാ വരുന്നത്.??” “അവരൊക്കെ എത്തുമ്പോൾ രാത്രിയാകും. രാവിലെ എല്ലാവരെയും വിശദമായി പരിചയപ്പെടുത്തി തരാം. നമുക്ക് വേഗം കുളിച്ചിട്ട് അങ്ങോട്ട്‌ ചെല്ലാം. ഇപ്പോ തന്നെ വൈകി.” അതുപറഞ്ഞു കൊണ്ട് സിദ്ധു അവളെ കുളത്തിലേക്ക് പിടിച്ചു തള്ളി കൂടെ അവനും ചാടി. കുളിയൊക്കെ കഴിഞ്ഞു ഇരുവരും അത്താഴം കഴിക്കാനായി ഊണുമേശയ്‌ക്കരികിലേക്ക് വന്നു. അത്താഴമൊക്കെ ശരിയാക്കി അവരെയും കാത്തിരിക്കുകയായിരുന്നു ഗോപിക തമ്പുരാട്ടിയും ഗൗരിയും. സിദ്ധുവിന്റെ അച്ഛനെ അവിടെയെങ്ങും കണ്ടതുമില്ല. പാലപ്പവും ഗ്രീൻപീസ് കറിയുമായിരുന്നു കഴിക്കാൻ. അത്താഴം കഴിച്ചു കഴിഞ്ഞു സിദ്ധാർഥ് മുകളിലേക്ക് പോയപ്പോൾ ഗൗരി പല്ലവിയെയും കൊണ്ട് തന്റെ മുറിയിലേക്ക് പോയി.

അവിടെ കട്ടിലിൽ അവൾക്ക് ധരിക്കാനായി ഒരു സെറ്റ് സാരി എടുത്തു വച്ചിട്ടുണ്ടായിരുന്നു. “ചേച്ചിക്ക് ഇത് ഇഷ്ടായോ??” സാരി എടുത്ത് നിവർത്തി കാണിച്ചു കൊണ്ട് ഗൗരി ചോദിച്ചു. “ഉം ഇഷ്ടായി…” അവൾ അത് വാങ്ങി നോക്കിക്കൊണ്ട് പറഞ്ഞു. “ചേച്ചി ഇതൊന്ന് ഉടുത്തേ… എന്റെ ബ്ലൗസ് ചേച്ചിക്ക് പാകമാവില്ലേ. നമ്മള് ഒരേ വണ്ണമല്ലേ.” ഗൗരി അലമാര തുറന്ന് ഒരു കവർ എടുത്തു കൊണ്ട് പറഞ്ഞു. “പാകമൊക്കെ ആകും. പക്ഷേ ഇപ്പോ ഈ രാത്രി എന്തിനാ ഇതൊക്കെ.??” പല്ലവി അത്ഭുതത്തോടെ ചോദിച്ചു. “ഓ… ഒന്നും അറിയാത്തതു പോലെ.. ഇന്ന് നിങ്ങടെ ആദ്യരാത്രി അല്ലെ. ചടങ്ങുകൾ ഒന്നും തെറ്റിക്കണ്ടെന്ന് അമ്മ പറഞ്ഞു. ചേച്ചീനെ ഈ സാരി ഒക്കെ ഉടുപ്പിച്ചു മുല്ലപ്പൂവൊക്കെ ചൂടിച്ചു വേണം ഏട്ടന്റെ മുറിയിലേക്ക് വിടാൻ എന്ന് അമ്മ പറഞ്ഞിട്ടുണ്ട്.” കള്ളച്ചിരിയോടെ ഗൗരി പറഞ്ഞപ്പോൾ പല്ലവിക്ക് എന്തെന്നില്ലാത്ത നാണം തോന്നി. “ശോ ഇതൊന്നും വേണ്ടായിരുന്നു..”

“അങ്ങനെ പറഞ്ഞാൽ പറ്റില്ല… അടിച്ചുപൊളിച്ചു വിവാഹം നടത്താനോ മണിയറ ഒരുക്കാനോ പറ്റിയില്ല. ഇതെങ്കിലും നടക്കട്ടെ. ചേച്ചി വേഗം ഈ സാരി ഉടുക്ക്.” ഗൗരിയുടെ നിർബന്ധത്തിനു വഴങ്ങി പല്ലവി സാരിയുടുത്തു വന്നപ്പോഴാണ് കൈയിൽ മുല്ലപ്പൂവുമായി ഗോപിക തമ്പുരാട്ടി അങ്ങോട്ട് വന്നത്. “ഇത് ഇവിടെ വിരിഞ്ഞതാ… മോളങ്ങോട്ട് ഇരുന്നേ അമ്മ തന്നെ വച്ചു തരാം.” വാത്സല്യത്തോടെ അവർ പറഞ്ഞു. പല്ലവി കട്ടിലിൽ ഇരുന്നു. ഗോപിക തമ്പുരാട്ടിയും ഗൗരിയും ചേർന്ന് അവളെ ഒരു മണവാട്ടിയെ പോലെ അണിയിച്ചൊരുക്കി. “മോളെ അടുക്കളയിൽ അമ്മ പാല് തിളപ്പിച്ച്‌ വച്ചിട്ടുണ്ട്. നീയതിങ്ങ് എടുത്തുകൊണ്ടു വാ.” അമ്മ ഗൗരിയോട് പറഞ്ഞു. അവൾ പാലെടുക്കാനായി അടുക്കളയിലേക്ക് പോയി. “സിദ്ധുവേട്ടന്റെ അച്ഛന് എന്നോട് ദേഷ്യമാണോ അമ്മേ??” പല്ലവി അമ്മയോട് ചോദിച്ചു. “അത് പെട്ടെന്നുണ്ടായ ദേഷ്യമല്ലേ മോളെ. അതൊക്കെ അങ്ങ് മാറിക്കോളും .

മോള് അതോർത്തു വിഷമിക്കണ്ട കേട്ടോ.” പല്ലവി പുഞ്ചിരിയോടെ തലയനക്കി. അപ്പോഴേക്കും ഗൗരി പാൽ ഗ്ലാസുമായി അങ്ങോട്ട്‌ വന്നു. ഗോപിക തമ്പുരാട്ടി അതു വാങ്ങി പല്ലവിയുടെ കൈയിലേക്ക് കൊടുത്തു. “മോള് ഇതുകൊണ്ട് അവന്റെ അടുത്തേക്ക് ചെല്ല്. രാവിലെ നമുക്ക് വിശദമായി സംസാരിക്കാം. സിദ്ധു പറഞ്ഞു തരും ഇവിടുത്തെ കാര്യങ്ങൾ.” ഗോപിക തമ്പുരാട്ടി അവളോട്‌ പറഞ്ഞു. പാൽ ഗ്ലാസുമായി പല്ലവി മുകളിലേക്ക് കയറി പോയപ്പോൾ ഗൗരി അവളുടെ മുറിയിലേക്കും ഗോപിക തമ്പുരാട്ടി തന്റെ മുറിയിലേക്കും പോയി. ഗോപിക തമ്പുരാട്ടി മുറിയിലേക്ക് ചെല്ലുമ്പോൾ കണ്ണുകൾ അടച്ച് കട്ടിലിൽ കിടക്കുകയായിരുന്നു വിശ്വാനാഥ മേനോൻ. ഗോപിക തമ്പുരാട്ടി വന്നത് കണ്ടപ്പോൾ അയാൾ പതിയെ കട്ടിലിൽ നിന്നെഴുന്നേറ്റു. ഭർത്താവിനെ ഒന്നു നോക്കിയ ശേഷം അവർ വാതിലടച്ചു തിരിഞ്ഞതും അയാൾ അവരുടെ തൊട്ടുമുന്നിലെത്തി.

ഭർത്താവിന്റെ മട്ടും ഭാവവും കണ്ടപ്പോൾ തന്നെ ഗോപിക തമ്പുരാട്ടിക്ക് പന്തികേട് തോന്നി. “എന്താ വിശ്വേട്ടാ…??” ഭയം പുറത്തു കാട്ടാതെ അവർ ചോദിച്ചു. “ആ പെണ്ണ് ഗോവിന്ദന്റെ മകളാണെന്ന് നിനക്ക് നേരത്തെ അറിയാമായിരുന്നോ.??” അയാളുടെ മിഴികൾ കത്തിയെരിഞ്ഞു. മുഖത്തെ പേശികൾ വലിഞ്ഞു മുറുകി. “എനിക്കെങ്ങനെ അറിയാനാ… കുറച്ചുമുൻപ് സിദ്ധു പറയുമ്പോഴാ ഞാനിത് അറിയുന്നത് തന്നെ.” അവർ ഒരുവിധം പറഞ്ഞൊപ്പിച്ചു. “മുഖത്ത് നോക്കി കള്ളം പറയുന്നോടി നായേ….” കോപത്തോടെ വിശ്വാനാഥമേനോൻ ഗോപിക തമ്പുരാട്ടിയുടെ കഴുത്തിനു കുത്തിപ്പിടിച്ചു കൊണ്ട് ഭിത്തിയിലേക്ക് ചേർത്തു. “വിട് വിശ്വേട്ടാ… ഞാൻ പറഞ്ഞത് സത്യമാ… എനിക്കറിയില്ല…” ശ്വാസം കിട്ടാതെ അവർ പിടഞ്ഞു കൊണ്ടിരുന്നു. “അമ്മയും മക്കളും കൂടി ചേർന്ന് എന്നെ വിഡ്ഢിയാക്കാൻ നോക്കണ്ട. എല്ലാത്തിനും കാണിച്ചു തരുന്നുണ്ട് ഞാൻ.” അവരിൽ നിന്നും പിടിവിട്ട ശേഷം കലിതുള്ളി കൊണ്ട് വാതിൽ വലിച്ചു തുറന്ന് അയാൾ പുറത്തേക്കിറങ്ങി പോയി. തളർച്ചയോടെ ഗോപിക തമ്പുരാട്ടി ഭിത്തിയിലൂടെ ഊർന്ന് നിലത്തേക്കിരുന്നുപോയി. ശ്വാസമെടുക്കാൻ അവർ നന്നേ പാടുപെട്ടു. ****

അതേസമയം സിദ്ധുവിന്റെ അടുക്കലേക്ക് ചെന്ന പല്ലവി മുകളിലേക്ക് കയറി ചെന്നപ്പോൾ തന്നെ അവന്റെ മുറി കണ്ടു. ജനൽ കമ്പിയിൽ പിടിച്ചു പുറത്തേക്ക് മിഴികളെറിഞ്ഞു ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുകയാണ് അവൻ. ചന്ദന കളർ മുണ്ടും ഷർട്ടുമായിരുന്നു അവന്റെ വേഷം. കുറച്ചു സമയം അവനെ തന്നെ നോക്കി നിന്ന ശേഷം പല്ലവി മുറിയിലേക്ക് കയറി വാതിലടച്ചു ബന്ധിച്ചു. വാതിലടയ്ക്കുന്ന ശബ്ദം കേട്ടപ്പോൾ സിദ്ധു തല ചരിച്ചു നോക്കി. സെറ്റു സാരിയുമുടുത്തു മുടിയിൽ മുല്ലപ്പൂവും ചൂടി കൈയിൽ പാൽ ഗ്ലാസുമായി നിൽക്കുന്ന പല്ലവിയെ കണ്ടപ്പോൾ സിദ്ധാർഥ് അവളെ തന്നെ നോക്കിനിന്നു പോയി. നാണം കൊണ്ടവളുടെ കവിളുകളിൽ ചുവപ്പ് രാശി പടരുന്നതും അധരങ്ങൾ വിറയ്ക്കുന്നതും അവൻ ശ്രദ്ധിച്ചു. കാൾ കട്ട്‌ ചെയ്ത് മേശപ്പുറത്തേക്ക് വച്ച ശേഷം സിദ്ധു അവളുടെ അടുത്തേക്ക് നടന്നു. നാണത്തോടെ അവൾ ഗ്ലാസ്‌ അവന്റെ നേർക്ക് നീട്ടി.

സിദ്ധാർഥ് അവളുടെ കൈയിൽ നിന്നും ഗ്ലാസ് വാങ്ങി പകുതിയോളം പാൽ കുടിച്ച ശേഷം പാൽ ഗ്ലാസ് അവൾക്ക് കൊടുത്തു. ഒരൽപ്പം മാത്രം കുടിച്ച ശേഷം പല്ലവി ഗ്ലാസ്‌ മേശപ്പുറത്തേക്ക് വച്ചു. സിദ്ധാർഥ് മെല്ലെ പല്ലവിയുടെ അടുത്തേക്ക് നടന്നു. അവൾ അറിയാതെ പിന്നിലേക്ക് ചുവടുകൾ വച്ചു. ഒടുവിൽ വാതിലിൽ തട്ടി അവൾ നിന്നു. അവളെ തന്നെ കണ്ണെടുക്കാതെ നോക്കി നിൽക്കുകയാണ് സിദ്ധു. അവന്റെ നോട്ടം നേരിടാനാവാതെ പല്ലവി തല കുനിച്ചു. സിദ്ധാർഥ് അവളുടെ കൈയിൽ പിടിച്ചു തന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു. പിന്നെ പതിയെ അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു. വലതു കാലിലെ പെരുവിരലിൽ നിന്നും നേർത്ത വിറയൽ ശരീരത്തിലേക്ക് പടരുന്നത് അവളറിഞ്ഞു. നാണം കൊണ്ട് കൂമ്പിയടയുന്ന അവളുടെ കണ്ണുകളിൽ അവൻ തന്റെ ചുണ്ടുകൾ ചേർത്തു. അതേസമയം മനസ്സിൽ ചില പദ്ധതികൾ മെനഞ്ഞെടുത്ത് കൊണ്ട് പാലത്തിങ്കൽ തറവാടിന്റെ ഉമ്മറത്തു കൂടി ഉലാത്തുകയായിരുന്നു വിശ്വാനാഥ മേനോൻ….. തുടരും.

ഭാഗ്യ ജാതകം: ഭാഗം 13

Share this story