അഞ്ജലി: ഭാഗം 34

അഞ്ജലി: ഭാഗം 34

എഴുത്തുകാരി: പാർവ്വതി പിള്ള

അഞ്ജലി രാവിലെ തന്നെ എഴുന്നേറ്റ് കുളിച്ചു റെഡിയായി… ഇന്നാണ് ആതിയുടെ ചെക്കന്റെ വീട്ടിലേക്ക് പോകുന്നത്…. രണ്ടുമൂന്നു തവണ അനന്തനെ വന്നു കുലുക്കി വിളിച്ചു അവൾ…. അച്ഛനും മകനും നല്ല ഉറക്കത്തിലാണ്…. ഉണ്ണിക്കുട്ടന്റെ രണ്ടുകാലും അനന്തന്റെ മുകളിലുണ്ട്….അനന്തൻ ആണെങ്കിൽ ഉണ്ണിക്കുട്ടന്റെ കഴുത്തിനിടുക്കിലേക്ക് മുഖം കയറ്റി വെച്ച് കൂനിക്കൂടി ആണ് കിടക്കുന്നത്…. അഞ്ജലിക്ക് ആ കിടപ്പ് കണ്ടിട്ട് ചിരി വന്നു….. അവൾ വീണ്ടും അനന്തനെ കുലുക്കി വിളിച്ചു…. അനന്തേട്ടാ ഒന്ന് എഴുന്നേൽക്കുന്നുണ്ടോ… എന്തൊരു ഉറക്കമാ ഇത്…. അനന്തൻ ഉറക്കം മുറിഞ്ഞ ദേഷ്യത്തോടെ അഞ്ജലിയെ നോക്കി…. നീ ഈ കൊച്ചുവെളുപ്പാൻ കാലത്ത് കുളിച്ചൊരുങ്ങി എവിടേക്കാ…. ദേ അനന്തേട്ടാ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്…. ഇന്നലെ പറഞ്ഞതൊക്കെ മറന്നോ….

അനന്തൻ ചോദ്യഭാവത്തിൽ അവളുടെ മുഖത്തേക്ക് നോക്കി…. ഞാൻ എന്തു പറഞ്ഞു എന്നാണ്…. അപ്പോൾ ഇന്ന് ആതിയുടെ ചെക്കന്റെ വീട്ടിലേക്ക് പോകുന്നില്ലേ…. അവൻ ചാടിയെഴുന്നേറ്റു…. നിനക്ക് കുറച്ചുകൂടി നേരത്തെ വിളിച്ചു കൂടായിരുന്നോ അഞ്ജലി…. ദേ അനന്തേട്ടാ എന്റെ സ്വഭാവം മാറ്റിക്കരുത്….ഞാൻ എന്തോരം വിളിച്ചു എന്നറിയാമോ…. അവൾ ദേഷ്യത്തോടെ അവനെ നോക്കി… ഹാ….ഇങ്ങനെ ദേഷ്യപ്പെടാതെ ഭാര്യേ …ഞാൻ അങ്ങ് ഉറങ്ങിപ്പോയി… നല്ല ക്ഷീണമായിരുന്നു…. ഉവ്വ്…എങ്ങനെ ക്ഷീണം വരാതിരിക്കും…പാതി രാത്രിയായാലും ഉറങ്ങില്ലല്ലോ… ബാക്കിയുള്ളവരെയും ഉറക്കില്ല….

അഞ്ജലി രൂക്ഷമായി അവനെ നോക്കിപറഞ്ഞു… ബെഡിൽ നിന്ന് എഴുന്നേറ്റ അനന്തൻ അവളെ നോക്കി കൈരണ്ടും മുകളിലേക്കുയർത്തി ഒന്നു നിവർന്നു കൊണ്ട് അവളുടെ അരികിലേക്ക് ചെന്നു…. പിന്നെ അവളെ തന്നിലേക്ക് അടുപ്പിച്ചു കൊണ്ട് പറഞ്ഞു നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് ഉറങ്ങാൻനേരം എന്റെ നെഞ്ചിലേക്ക് കയറാൻ വരരുതെന്ന്… അപ്പോൾ അവൾക്ക് എന്റെ നെഞ്ചിൽ കിടന്നെങ്കിലേ ഉറക്കം വരൂ… നിന്നെ ഇങ്ങനെ ചേർത്ത് പിടിച്ചു കിടക്കുമ്പോൾ എനിക്ക് അങ്ങനെ അങ്ങ് ഉറങ്ങാൻ പറ്റുമോഡീ…. ഒരു കുസൃതിച്ചിരിയോടെ അവളുടെ മൂക്കിൻ തുമ്പിൽ മൃദുവായി ഒരു കടിയും കൊടുത്ത് അവൻ ബാത്റൂമിലേക്ക് കയറി…. അഞ്ജലി കണ്ണുമിഴിച്ച് അവനെ നോക്കി നിന്നു…. മെല്ലെ ചുണ്ടിൽ വിരിഞ്ഞ ചിരി കടിച്ചുപിടിച്ചുകൊണ്ട് അവൾ പറഞ്ഞു… വഷളൻ….

അനന്തനും അഞ്ജലിയും പോകാനായി ഇറങ്ങി താഴേക്ക് വരുമ്പോൾ അവരെയും കാത്ത് ആതി ഹാളിൽ തന്നെ ഉണ്ടായിരുന്നു… അവളുടെ അരികിലേക്ക് വന്ന അനന്തൻ അവളുടെ തലയിൽ ഒന്ന് കിഴുക്കി കൊണ്ട് ചോദിച്ചു.. ഇന്നലെ രാത്രിയിൽ നീ ഉറങ്ങിയില്ലേ ആതി മോളെ… അവൾ ചോദ്യഭാവത്തിൽ അവന്റെ മുഖത്തേക്ക് നോക്കി…. അല്ല സാധാരണ ഇവിടെ വന്നാൽ നീ ഈ സമയം ഒന്നും എഴുന്നേൽക്കില്ല അതുകൊണ്ട് ചോദിച്ചതാ….. അവന്റെ വർത്തമാനം കേട്ട് ആതി ചമ്മലോടെ മുഖം കുനിച്ചു…. ആതീ ഉണ്ണികുട്ടനെ ഒന്ന് ശ്രദ്ധിക്കണേ അവൻ ഇതുവരെ എഴുന്നേറ്റിട്ടില്ല…. ശരി ചേച്ചി…. അവർ ഇറങ്ങിയ പിറകെ ആതി ഫോണെടുത്ത് ടോണി എന്ന് സേവ് ചെയ്തിട്ടിരിക്കുന്ന നമ്പറിലേക്ക് വിളിച്ചു…. മറുവശത്ത് കോൾ കണക്ട് ആയപ്പോൾ അവൾ പറഞ്ഞു… ടോണിച്ചായ അവരിറങ്ങിയിട്ടുണ്ട് കേട്ടോ…

ഏകദേശം രണ്ടു മണിക്കൂറത്തെ യാത്രയ്ക്ക് ശേഷം ടോണിയുടെ വീട്ടിലെത്തുമ്പോൾ അവരെ കാത്ത് എന്നവണ്ണം ടോണിയും അമ്മച്ചിയും വെളിയിൽ തന്നെ ഉണ്ടായിരുന്നു…. അവരെ കണ്ടയുടൻ അടുത്തേക്ക് വേഗത്തിൽ എത്തി ടോണിയും അമ്മച്ചിയും…. നിറഞ്ഞ ചിരിയോടെ അവരെ അകത്തേക്ക് ക്ഷണിച്ചു… ഓടിട്ട ഒരു ചെറിയ വീട് ആണെങ്കിലുംആ വീടും പരിസരവും എല്ലാം നല്ല വൃത്തിയും വെടിപ്പുമുള്ളതായിരുന്നു… അഞ്ജലി ടോണിയുടെ മുഖത്തേക്ക് നോക്കി… സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു പയ്യൻ… പുഞ്ചിരിയോടെ പക്വതയാർന്ന സംസാരം… ആ അമ്മയേയും മകനേയും അഞ്ജലിക്ക് ഒരുപാട് ഇഷ്ടമായി… ഇതുവരെ മനസ്സിനുള്ളിൽ എന്തോ ഇരുന്ന് പുകയുന്നുണ്ടായിരുന്നു… ഇപ്പോൾ ഒരു മഞ്ഞു തുള്ളി വീണ പ്രതീതി…

എല്ലാവരും ഇരുന്നു സംസാരിക്കുന്നതിനിടയിൽ ടോണിയുടെ അമ്മച്ചി ആ വീടിനെക്കുറിച്ചുള്ള ഏകദേശരൂപം അവർക്ക് നൽകി…. മൂത്ത മകൻ റോണി ആണ് വീട്ടു കാര്യങ്ങളൊക്കെ നോക്കുന്നത്… ടോണി മോന് ഒരു വയസ്സുള്ളപ്പോൾ മരിച്ചതാ അവരുടെ അപ്പച്ചൻ… ഇവിടുത്തെ പാപ്പച്ചൻ മുതലാളിയുടെ ലോറി ഓടിക്കുകയായിരുന്നു അന്ന്….മുതലാളിയുടെ അടുത്ത ആളായിരുന്നു…. അന്നും മക്കൾക്ക് പതിവുപോലെ ഉമ്മയും കൊടുത്തു ലോഡും കൊണ്ട് പോയതാ…കൊക്കയിലേക്ക് മറിഞ്ഞുഎന്നാകേട്ടത്…മുഖമൊന്നും കാണാനില്ലായിരുന്നു…. ആ ഓർമയിൽ ആ സാധുവിന്റെ കണ്ണുനിറഞ്ഞു…. റോണി മോന് അന്ന് എട്ട് വയസ്സാ പ്രായം… പിന്നെ പാപ്പച്ചൻ മുതലാളിയുടെ അടുക്കളയിൽ കിടന്ന് ഒരുപാട് കഷ്ടപ്പെട്ടു ഞാൻ…. എന്റെ കുഞ്ഞിന് 18 തികഞ്ഞപ്പോൾ വളയം പിടിക്കാൻ അപ്പച്ചനെ പോലെ അവനും ഇറങ്ങി….

മുതലാളിക്ക് വലിയ കാര്യമാ അവനെ…. മുതലാളിയെം കൊണ്ട് ഇപ്പോൾ എല്ലായിടത്തും പോകുന്നത് അവനാ…. ഇപ്പോൾഅവനെ അങ്ങ് ദൂരെ എവിടെയോ വിട്ടേക്കുവാ… ഒരു കൊല്ലം ആകുന്നു എന്റെ കുഞ്ഞിനെ ഒന്ന് കണ്ടിട്ട്… ചിലവിനുള്ള പൈസ ഒക്കെപാപ്പച്ചൻ മുതലാളി കൃത്യമായി അവന്റെ കൂട്ടുകാരുടെ കയ്യിൽ കൊടുത്തു വിടാറുണ്ട്…. പിന്നെ ടോണി മോന്റെ ഫോണിൽ വിളിക്കാറുമുണ്ട്… ടോണി മോൻ ഇവിടെ ഇല്ലാത്തതുകൊണ്ട് എനിക്കൊന്നു സംസാരിക്കാൻ പറ്റിയിട്ടില്ല കേട്ടോ… ഒരാൾ വീട്ടിൽ വരുമ്പോൾ മറ്റേയാൾക്ക് വിളിക്കാൻ സമയം കിട്ടില്ല…. എടാ ടോണിമോനെ നീ ആ ജോമോനെയും സാംകുട്ടിയെയും ഇങ്ങോട്ടൊന്നുവിളിക്ക്…. എന്തോ ആലോചനയിൽ നിർവികാരനായി ഇരുന്ന ടോണി അമ്മച്ചി എന്താണ് പറഞ്ഞത് എന്ന് കേട്ടില്ല….

അവന്റെ തലയിൽ ഒന്ന് കൊട്ടിക്കൊണ്ട് അമ്മച്ചി ചിരിയോടെ പറഞ്ഞു ഇവൻ ഇപ്പോൾ ഏതുനേരവും ആലോചനയിലാ… എടാ മോനെ നീ ആ ചെറുക്കൻമാരെ ഇങ്ങോട്ടൊന്നു വിളിക്ക്….ഞാൻ അടുക്കളയിലോട്ട് ഒന്നു ചെല്ലട്ടെ…. ഇത്രയും ദൂരം യാത്ര ചെയ്ത് ചെന്നതിനാൽ ഉച്ചയ്ക്കുള്ള ആഹാരവും കഴിച്ചിട്ട് ഇറങ്ങിയാൽ മതിയെന്ന് ടോണിയുടെ അമ്മച്ചി നിർബന്ധം പിടിച്ചു…. സ്നേഹത്തോടെ നിരസിച്ചെങ്കിലും അമ്മച്ചിയുടെ നിർബന്ധം കാരണം അവർക്ക് ആഹാരം കഴിക്കാൻ ഇരിക്കേണ്ടി വന്നു…. അടുക്കളയിൽ മീൻ കറിക്കുള്ള കടുക് താളിക്കുകയായിരുന്നു ടോണിയുടെ അമ്മച്ചി…

അപ്പോഴാണ് വെളിയിൽ റോണിയുടെ കൂട്ടുകാരുടെ ശബ്ദം കേട്ടത്… ബൈക്ക് നിർത്തി അകത്തേക്ക് കയറി വന്ന ജോമോനും സാം കുട്ടിയും വാതിലിന് നേരെ ഇരിക്കുകയായിരുന്ന അഞ്ജലിയെ നോക്കി ഒന്നു പുഞ്ചിരിച്ചു… ടോണി അപ്പോഴേക്കും എഴുന്നേറ്റ് വന്ന് രണ്ടാളെയും അകത്തേക്ക് ക്ഷണിച്ചു….. ഒപ്പം തന്നെ അവിടെ ഇരിക്കുകയായിരുന്ന അനന്തനെ ചൂണ്ടിക്കൊണ്ട് പറഞ്ഞു ഇതാണ് ആതിയുടെ ചേട്ടൻ…. അനന്തനു നേരെ മുഖം തിരിച്ച ജോമോനും സാംകുട്ടിയും ആ മുഖം കണ്ട് ഞെട്ടലോടെ പരസ്പരം നോക്കി……..തുടരും…..

അഞ്ജലി: ഭാഗം 33

Share this story