ആത്മിക : ഭാഗം 25

ആത്മിക : ഭാഗം 25

എഴുത്തുകാരി: ശിവ നന്ദ

ഹൈദരാബാദിൽ നിന്ന് തിരിച്ച് വീട്ടിലേക്ക് വരുവാണ് ആൽബി.രണ്ട് ദിവസത്തെ അലച്ചലിന്റെ ക്ഷീണം അവന്റെ മുഖത്ത് ഉണ്ടായിരുന്നു.ട്രാഫിക് സിഗ്നലിൽ കിടക്കുമ്പോൾ ആണ് റോഡരികിൽ വില്പനയ്ക്ക് വെച്ചിരിക്കുന്ന കളിമൺ ശില്പങ്ങൾ അവന്റെ ശ്രദ്ധയിൽ പെടുന്നത്.ഗ്രീൻ സിഗ്നൽ ആയതും ആൽബി വണ്ടി ഒതുക്കി അവിടേക്ക് ചെന്നു.കൂട്ടത്തിലുള്ള കൃഷ്ണവിഗ്രഹത്തിലേക്കായിരുന്നു അവന്റെ നോട്ടം..മനസ്സിലേക്ക് അവന്റെ തൊട്ടാവാടിയുടെ മുഖം തെളിഞ്ഞു വന്നു… ******

വീട്ടിൽ എത്തിയപ്പോഴാണ് അമ്മച്ചിയും അമ്മുവും അവിടെ ഇല്ലെന്ന് അവൻ അറിയുന്നത്.അമ്മുവിനെ വിളിച്ചപ്പോൾ വീടിന് അകത്ത് നിന്നും റിങ് കേട്ടു..അവൾ ഫോൺ കൊണ്ടുപോയിട്ടില്ലെന്ന് മനസ്സിലായതും അവൻ അമ്മച്ചിയെ വിളിച്ചു..പക്ഷെ കിട്ടിയില്ല…അതുകൊണ്ട് ഓഫീസിൽ പോയി ജെറിയുടെ കൈയിൽ നിന്നും സ്പെയർ കീ വാങ്ങാമെന്നും കരുതി ഇറങ്ങിയപ്പോൾ ആണ് ടീന അവളുടെ വീട്ടിലേക്ക് കയറി പോകുന്നത് അവൻ കണ്ടത്..ഇനി എന്തായാലും അവിടെ പോയിരിക്കാമെന്ന് അവൻ വിചാരിച്ചു. “നീ ഇത് എപ്പോ എത്തി??” “ദേ വന്നതേ ഉള്ളടി…വീട് പൂട്ടിയേക്കുവാ..ഓഫീസിലേക്ക് പോകാമെന്ന് കരുതിയപ്പോഴാ നിന്നെ കണ്ട” “അമ്മച്ചിയും അമ്മുവും കൂടി എങ്ങോട്ടോ പോകുന്നത് കണ്ടു.രാവിലെ ഞാൻ ലേറ്റ് ആയത് കൊണ്ട് ഒന്നും ചോദിക്കാൻ പറ്റിയില്ല…” “അല്ല ഓഫീസ് ടൈമിൽ നീയെന്താ ഇവിടെ??”

“ഓ എന്റെ പോന്നു സാറേ..ഞാനൊരു ഫയൽ എടുക്കാൻ വന്നതാ..ഇനി എന്തായാലും നിന്നെ ഒറ്റക്കാക്കിയിട്ട് ഞാൻ പോകുന്നില്ല…നീ കയറി വാ” “ഇവിടെയും ആരുമില്ലേ ടീനു??” “ഇല്ലടാ..പപ്പയും മമ്മിയും ഒരു കല്യാണത്തിന് പോകുമെന്ന് പറഞ്ഞിരുന്നു” “എന്നാപ്പിന്നെ നിനക്കും ലീവ് എടുത്ത് പോയികൂടാരുന്നോ??” “അയ്യോ വേണ്ടായേ..എന്നെ കണ്ടാൽ അപ്പോൾ തുടങ്ങും കല്യാണത്തെ കുറിച്ചുള്ള ചോദ്യങ്ങൾ..ചോദ്യം കേട്ടാൽ തോന്നും ഞാൻ ഇവിടെ പുരനിറഞ്ഞ് നിൽകുവാണെന്ന്” അതും പറഞ്ഞ് അകത്തേക്ക് കയറാൻ തിരിഞ്ഞവളെ ആൽബി പിടിച്ച് നിർത്തി.എന്നിട്ട് അവളെ അടിമുടി ഒന്ന് നോക്കി. “എന്താടാ??” “അല്ലടി..ആളുകൾ പറയുന്നതിലും കാര്യമുണ്ട്..അത്യാവശ്യം പുരനിറഞ്ഞ് നിൽകുവാ നീ” “ഡാ താന്തോന്നി…” അവനെ അടിക്കാനായി അവൾ കൈ ഓങ്ങിയപ്പോഴേക്കും അവൻ ഓടി അകത്തേക്ക് കയറി..പിറകെ അവളും.. 💞💞💞

ടേബിളിലേക്ക് തലചായിച്ച് കിടക്കുവായിരുന്നു ജെറി..ആകെമൊത്തം ഒരു നെഗറ്റീവ് ഫീൽ അവന് അനുഭവപെട്ടു.തല വെട്ടിപൊളിയുന്നത് പോലെ തോന്നിയതും അവൻ ചെയറിലേക്ക് ചാരിയിരുന്നു..വേണ്ടപെട്ടതെന്തോ നഷ്ടപ്പെടുമെന്ന തോന്നൽ അവന് ഉണ്ടായി..നെറ്റിയൊന്ന് അമർത്തി തടവിക്കൊണ്ട് അവൻ എഴുന്നേറ്റു. ടീനയുടെ ക്യാബിനിൽ ചെന്നപ്പോൾ ആണ് അവൾ അവിടെയില്ലെന്ന് അവൻ അറിഞ്ഞത്. “എടോ ടീനൂച്ചി എവിടെ?” “മാഡം എതോ ഫയൽ എടുക്കാനായി വീട്ടിലേക്ക് പോയി..കുറച്ച് സമയമായി സർ” “മ്മ്മ് ഓക്കേ” ഓഫീസിൽ ഇരുന്നാൽ തന്റെ മൂഡ് മാറില്ലെന്ന് മനസ്സിലായതും അവനും വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു.അവിടെ അമ്മുവിന്റെ അടുത്ത് കുറച്ച് നേരം ഇരിക്കുമ്പോൾ തന്റെ അസ്വസ്ഥത ഒക്കെ മാറും. 💞💞💞💞

“ഞാൻ ചോദിച്ചതിന് നീ മറുപടി പറഞ്ഞില്ല ആൽബി” “എന്റെ തീരുമാനം ഞാൻ പറഞ്ഞല്ലോ..ഉടനെയൊന്നും നടക്കില്ല” “അതെന്താ?? നീയിങ്ങനെ എങ്ങും തൊടാതെ നിൽക്കുന്നത് കൊണ്ട് വിഷമത്തിലാകുന്നത് ഞാനാ..ഇത്രയും നാളും ഒഴിഞ്ഞുമാറിയത് പോലെയല്ല..പപ്പയും മമ്മിയും കല്യാണത്തെ കുറിച്ച് ചോദിക്കുമ്പോൾ വ്യക്തമായൊരു മറുപടി എനിക്ക് കൊടുത്തേ പറ്റു” “നിന്റെ അവസ്ഥ എനിക്ക് മനസിലായി ടീനു…പക്ഷെ എനിക്കിപ്പോൾ ഉടനെ ഒന്നും ചെയ്യാൻ പറ്റില്ല..അല്ലെങ്കിൽ പിന്നെ നമ്മൾ ആഗ്രഹിച്ചത് വേണ്ടെന്ന് വെക്കണം” “അത് നടക്കില്ല ആൽബി..കല്യാണത്തെ കുറിച്ച് നമ്മൾ ഒരുമിച്ചെടുത്ത തീരുമാനം ആണ്…ഇത്രയും കാത്തിരുന്നില്ലേ..പപ്പയോടും മമ്മിയോടും ഞാൻ എന്തെങ്കിലും പറഞ്ഞോളാം” “ദേഷ്യമുണ്ടോ നിനക്ക് എന്നോട്??”

“നിന്നോട് ദേഷ്യമോ..അതും എനിക്ക്…” “അല്ല ടീനു…എനിക്ക് വേണ്ടിയല്ലേ നിന്റെ ഇഷ്ടങ്ങൾ നീ വേണ്ടെന്ന് വെച്ചത്..ഇപ്പോൾ കല്യാണത്തിനായുള്ള ഈ കാത്തിരിപ്പും ഞാൻ കാരണം..എന്തിനാടി നീ എന്നെ ഇങ്ങനെ സ്നേഹിക്കുന്ന???” “ദേ ചെക്കാ ചുമ്മാ സെന്റി അടിക്കല്ലേ..നിനക്ക് അത് ചേരില്ല” “പിന്നെ എന്താ എനിക്ക് ചേരുന്ന…മ്മ്മ്??” മീശ പിരിച്ച് അവൻ ചോദിച്ചതും അവൾ ആ മീശ പിടിച്ചൊന്ന് വലിച്ചു..അവൻ അവളുടെ കൈ പിടിച്ച് തിരിച്ചതും ജെറിയുടെ കാർ വരുന്നത് അവൾ കണ്ടു. “ഡാ വിട്..ദേ ജെറി വരുന്നു” “അവൻ ഈ സമയത്ത് എന്താ??” “ആവോ..ഇന്ന് രാവിലെ മുതൽ അവൻ ആകെ മൂഡോഫ് ആയിരുന്നു..നീ എന്തായാലും വാ…ഇനി അങ്ങോട്ട് പോകാം” അവർ കളരിയ്ക്കൽ എത്തിയപ്പോഴേക്കും ജെറി അവന്റെ മുറിയിൽ കയറി കിടന്നിരുന്നു.

“ഡാ എന്ത് പറ്റി??” “ഏഹ് ഇച്ചായനോ…ഇതെപ്പോ എത്തി?” “കുറേ നേരമായി..വന്നപ്പോൾ ഇവിടെ ആരുമില്ല..അങ്ങനെ ഇവളുടെ കൂടെ അപ്പുറത്ത് ഇരുന്നു” “ടീനൂച്ചി ഇതുവരെ ഫയൽ എടുത്ത് കഴിഞ്ഞില്ലേ??” “ഇവനെ ഒറ്റക്ക് ആക്കിയിട്ട് ഞാൻ എങ്ങനെ വരാനാടാ..ഇനിയിപ്പോൾ നീ വന്നല്ലോ..അപ്പോൾ ഞാൻ പോട്ടെ” ടീന ഇറങ്ങിയപ്പോൾ ആണ് കിച്ചൻ അവിടേക്ക് വന്നത്. “ശ്ശെടാ ഇന്നെന്താ ആർക്കും ജോലി ഒന്നുമില്ലേ??” “അതെന്താടി നീ അങ്ങനെ ചോദിച്ച??” “അല്ല എല്ലാവരും ഇവിടെ ഉണ്ട്..ഒരു ഫയൽ എടുക്കാൻ വന്ന ഞാനാ..അല്പം മുൻപ് ജെറിയും എത്തി..ഇപ്പോൾ ദാ നീയും” “ഞാൻ ഇന്ന് ലീവ് ആയിരുന്നു..രാവിലെ കുടുംബക്ഷേത്രത്തിൽ ഒരു പൂജ..അത് കഴിഞ്ഞ് എല്ലാവരെയും വീട്ടിൽ ആകിയിട്ടു ഇങ്ങ് പോന്നു..ആൽബി ഇന്ന് വരുമെന്ന് പറഞ്ഞായിരുന്നല്ലോ” അവർ സംസാരിച്ച് നിന്നപ്പോൾ തന്നെ ആൽബിയും ജെറിയും ഇറങ്ങി വന്നു.

അതോടെ തത്കാലം ഓഫീസിലെ കാര്യങ്ങൾ നോക്കാൻ മാനേജറിനെ വിളിച്ച് പറഞ്ഞിട്ട് ടീനയും അവരോടൊപ്പം ചാരുപടിയിലേക്ക് ഇരുന്നു. “ഈ അമ്മച്ചിയും അമ്മുവും ഇതുവരെ വന്നില്ലല്ലോ” ജെറി പറഞ്ഞപ്പോൾ ആണ് അവർ അവിടെയില്ലെന്ന് കിച്ചൻ അറിയുന്നത്. “അവര്‌ എവിടെ പോയി??” “അറിയില്ല കിച്ചുട്ടായി..രാവിലെ അമ്മു എന്നോട് അമ്പലത്തിലേക്ക് ഒന്ന് കൂടെ ചെല്ലുമോന്ന് ചോദിച്ചിരുന്നു..എനിക്ക് സമയം ഇല്ലെന്ന് പറഞ്ഞ് ഞാൻ ഒഴിഞ്ഞു..ചിലപ്പോൾ അമ്മച്ചിയും ആയിട്ട് പോയിക്കാണും” “ഏയ്‌ അമ്മച്ചി അങ്ങനെ അമ്പലത്തിലേക്ക് ഒന്നും പോകില്ല” “അല്ലെങ്കിൽ തന്നെ ഈ സമയം വരെ അമ്പലത്തിൽ നിൽക്കില്ലല്ലോ..അമ്പലവും അടച്ച് തിരുമേനി എപ്പോഴേ വീട്ടിൽ എത്തി കാണും” “ആഹ് അപ്പോൾ രണ്ട് പേരുംകൂടി കടയിൽ വല്ലോം പോയത് ആയിരിക്കും..അത് വിട്..ഇച്ചായോ..

പോയ കാര്യം എന്തായി..അവന്മാരെ പൊക്കിയോ??” “ഇല്ലടാ..അന്ന് എന്നെ അടിച്ചതിന് ശേഷം അവന്മാർ തിരികെ ഹൈദരാബാദ് എത്തിയിട്ടില്ല” “അപ്പോൾ അവര്‌….” “അതേ ടീനു…അവന്മാർ ഈ നാട്ടിൽ തന്നെയുണ്ട്..” “പക്ഷെ എന്തിന്?? നിന്നോടുള്ള പ്രതികാരം കഴിഞ്ഞതല്ലേ..” “അതിന് ഞാൻ മരിച്ചില്ലല്ലോ കിച്ചു..ചിലപ്പോൾ കൊന്നിട്ട് പോകാനായിരിക്കും” ചിരിച്ചുകൊണ്ട് അവൻ പറയുന്നത് കേട്ട് ടീന അവനെ കൂർപ്പിച്ച് നോക്കി.അവൻ തിരികെ എന്തോ പറയാൻ തുടങ്ങിയപ്പോഴാണ് അമ്മച്ചി വന്നത്. “ആഹാ എല്ലാവരും ഉണ്ടല്ലോ..ആൽബിയേ പോയ കാര്യങ്ങൾ ഒക്കെ നടന്നോ???” “ആഹ് കുഴപ്പമില്ലാതെ നടന്നു അമ്മച്ചി…അല്ല അമ്മു എവിടെ??” “അമ്മുവോ….അവൾ ഇവിടെ ഇല്ലേ??” അമ്മച്ചി അകത്തേക്ക് നോക്കി പറയുന്നത് കേട്ട് മൂവരും ഒരുപോലെ ഞെട്ടി എഴുന്നേറ്റു.

“അവൾ അമ്മച്ചിടെ കൂടെയല്ലാരുന്നോ??” “അല്ല മോനെ..ഞങ്ങൾ ഒരുമിച്ച ഇറങ്ങിയത്..അവൾ അമ്പലത്തിലേക്ക് പോയി..ഞാൻ ആശുപത്രിയിൽ പോയിട്ട് വരാൻ താമസിക്കുമെന്ന് പറഞ്ഞ് താക്കോൽ അവൾക്ക് കൊടുത്താ വിട്ടത്…” “പിന്നെ അവൾ എവിടെ പോയി??” “എന്റെ കർത്താവേ..എന്റെ കുഞ്ഞ്..അവൾ വരേണ്ട സമയം കഴിഞ്ഞല്ലോ..” നെഞ്ചിൽ കൈവെച്ച് കത്രീനാമ്മ പറഞ്ഞതും അഗാധമായൊരു ഭയം ഉള്ളിൽ നിറയുന്നത് പോലെ ആൽബിക്ക് തോന്നി.. “എന്തിനാ അമ്മച്ചി അവളെ ഒറ്റക്ക് വിട്ടത്??” കിച്ചു അത് ചോദിച്ചതും ആൽബിക്ക് അവന്റെ നിയന്ത്രണം നഷ്ടപ്പെട്ടു..രോഷത്തോടെ അവൻ ജെറിയുടെ കോളറിൽ പിടിച്ചു. “കൂടെ ചെല്ലാൻ അവൾ വിളിച്ചത് അല്ലേടാ?? നീ എന്താ പോകാഞ്ഞ???” “ഇച്ചായ..ഞാൻ…” “ആൽബി..നീയെന്താ ഈ കാണിക്കുന്ന..

വിട് അവനെ” ടീനയും കിച്ചനും പിടിച്ച് മാറ്റിയെങ്കിലും ആൽബി വീണ്ടും ജെറിയുടെ ഷർട്ടിൽ കുത്തിപ്പിടിച്ചു. “അവളെ നോക്കിക്കോളണമെന്ന് പറഞ്ഞതല്ലേടാ ഞാൻ..നിന്നേ ഏല്പിച്ചിട്ടല്ലേ ഞാൻ പോയത്…നീ ഒന്ന് കൂടെ ചെന്നിരുന്നെങ്കിൽ…” ആൽബിയുടെ വാക്കുകൾ ഇടറി..കണ്ണ് നിറഞ്ഞ് വന്നതും അവൻ ജെറിയിലുള്ള പിടിവിട്ട് ആരെയോ ഒക്കെ ഫോണിൽ വിളിക്കാൻ തുടങ്ങി..പക്ഷെ അപ്പോഴേക്കും ജെറി ചാരുപടിയിലേക്ക് തളർന്ന് ഇരുന്നു പോയി.. “ഞാനാ..ഞാൻ കാരണമാ…” അവ്യക്തമായി ജെറി എന്തൊക്കെയോ പറയുന്നത് പോലെ തോന്നിയതും ആൽബി ഫോൺ വെച്ച് അവന്റെ അടുത്തേക്ക് വന്നു..വെട്ടിവിയർക്കുന്ന ജെറിയെ കണ്ടപ്പോൾ ആണ് താൻ എത്ര വലിയ തെറ്റാ അവനോട് കാണിച്ചതെന്ന് ആൽബിക്ക് മനസിലായത്.. “ജെറി…മോനേ..” “ഞാൻ കാരണമാ ഇച്ചായ..

എന്റെ അശ്രദ്ധ കൊണ്ടാ..എന്റെ ചിക്കുനെ പോലെ..ഇന്ന് അമ്മുവും..ഇല്ല ഇച്ചായാ..അവളെ രക്ഷിക്കണം…അല്ലെങ്കി..എന്റെ ചിക്കുനെ പോലെ..” പറയുന്നതിനോടൊപ്പം തന്നെ അവൻ തലയിൽ ശക്തമായി ഇടിക്കാൻ തുടങ്ങി.. “ഒന്നുമില്ല മോനേ..ഒന്നുമില്ല..ഇച്ചായൻ അല്ലേ പറയുന്ന..ഒന്നുമില്ല..അമ്മു എവിടെയുണ്ടെന്ന് ഇച്ചായന് അറിയാം..ഞാൻ വേഗം പോയി അവളെ കൊണ്ട് വരാം..എന്റെ മോൻ ചുമ്മാ ടെന്ഷൻ ആകല്ലേ” ജെറിയുടെ മാറ്റം കണ്ട് സ്തംഭിച്ച് നിൽകുവായിരുന്നു കിച്ചനും അമ്മച്ചിയും ടീനയും..അവർക്ക് ഒന്നും മനസിലായില്ല..ഒരു വശത്ത് അമ്മു എവിടെയെന്ന് അറിയാത്ത ടെന്ഷൻ..മറുവശത്ത് ജെറി.. “ടീനു..നീ ജെറിയെ നോക്കിക്കോ..അവന് എന്തെങ്കിലും അസ്വസ്ഥത തോന്നുവാണെങ്കിൽ അവന്റെ മുറിയിലെ ഡ്രോയറിൽ ഒരു മെഡിസിൻ ബോക്സ്‌ ഉണ്ട്..അതിലെ റോസ് കളർ ഗുളിക കൊടുക്കണം…അമ്മച്ചി പേടിക്കണ്ട..ഞങ്ങൾ അമ്മുവിനെയും കൊണ്ട് ഉടനെ വരാം..കിച്ചു നീ വാ..” “ആൽബി..ജെറിക്ക് എന്താ??” “അവന് ഒന്നുമില്ല ടീനു..” കൂടുതൽ ഒന്നും പറയാതെ അമ്മുവിനെ അന്വേഷിച്ച് ആൽബിയും കിച്ചനും ഇറങ്ങി.. 💞💞

പണിതീരാത്ത ഒരു കെട്ടിടത്തിനകത്ത് കസേരയിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു അമ്മുവിനെ..അവൾക്ക് കണ്ണിൽ ഇരുട്ട് പടരുന്നത് പോലെ തോന്നി..ആരോ അടുത്തേക്ക് വരുന്നത് പോലെ തോന്നിയതും അവൾ തലയുയർത്തി നോക്കാൻ ശ്രമിച്ചു..പക്ഷെ തല നേരെ നില്കുന്നില്ല..ബോധം നഷ്ടപ്പെടുന്നത് പോലെ..വന്നയാള് അവളുടെ മുഖം പിടിച്ചുയർത്തി..അവൾ രണ്ടുമൂന്നു തവണ കണ്ണ് ചിമ്മി തുറന്നപ്പോൾ അവ്യക്തമായി ആ മുഖം അവൾ കണ്ടു… “ഹർ..ഷേ..ട്ടാ..” നാക്ക് കുഴഞ്ഞെങ്കിലും അവൾ എന്തോ പറയാൻ ശ്രമിച്ചു..പക്ഷെ മയക്കത്തിന്റെ അസ്വസ്ഥത അവളെ ആകമാനം തളർത്തിയിരുന്നു..ഹർഷൻ അവളുടെ ഇരുകവിളിലും മാറി മാറി തട്ടികൊടുത്തു..ആയാസപ്പെട്ട് അവൾ കണ്ണുതുറക്കൻ നോക്കി.. “ന്നെ ഒന്നും..ചെയ്യ..ല്ലേ.. ഹർഷേ..ട്ടാ..” അവളുടെ ചിലമ്പിച്ച വാക്കുകൾ കേൾക്കെ ഹർഷൻ അവളെ ഒന്ന് നോക്കി…അപ്പോഴേക്കും അവളുടെ കണ്ണുകൾ അടഞ്ഞിരുന്നു..ചുണ്ട് അപ്പോഴും വിറകൊള്ളുന്നുണ്ടായിരുന്നു…എന്തോ പറയാൻ എന്ന പോലെ… 💞

ആൽബിയും കിച്ചനും അമ്പലത്തിൽ വന്ന് അന്വേഷിച്ചപ്പോൾ അവൾ തൊഴുതിട്ട് അപ്പോൾ തന്നെ ഇറങ്ങിയെന്നാണ് അറിഞ്ഞത്..അമ്പലത്തിന് മുന്നിലുള്ള പൂക്കടയിൽ ചോദിച്ചപ്പോഴാണ് ഒരു ബ്ലാക്ക് വണ്ടിയിൽ അവളെ ആരോ കയറ്റുന്നത് കണ്ടെന്ന് പറഞ്ഞത്. “എന്നിട്ട് നിങ്ങൾ അത് നോക്കികൊണ്ട് നിന്നോ??” “ഞങ്ങൾ പിന്നെ എന്ത് ചെയ്യാനാ സാറേ..പോലീസിനെ ഒക്കെ അറിയിച്ചാൽ പിന്നെ അതിന്റെ പിറകെ നടക്കാനൊന്നും നമുക്ക് ആവതില്ല” “എടോ തന്നെയൊക്കെ…” “ആൽബി വേണ്ട…ഇപ്പോൾ ഇവരെ മര്യാദ പഠിപ്പിക്കാനുള്ള സമയം അല്ല..നീ വാ” “എങ്ങോട്ടെന്നും പറഞ്ഞാടാ..??

അവള് സേഫ് ആയിരിക്കും അല്ലേ കിച്ചു” ഇതുവരെ കാണാത്ത ഒരു അവസ്ഥയിൽ ആൽബിയെ കണ്ടതിന്റെ പകപ്പിൽ ആയിരുന്നു കിച്ചു..അടഞ്ഞു കിടക്കുന്ന ശ്രീകോവിലിലേക്ക് നോക്കി അവൻ മൗനമായി പ്രാർത്ഥിച്ചു..ചിക്കുവിന്റെ സ്ഥാനത്തേക്ക് തനിക് കിട്ടിയതാ അവളെ..അവളെക്കൂടി നഷ്ടപ്പെടുത്താൻ പറ്റില്ല. “ആൽബി..അന്ന് നമ്മൾ അമ്പലത്തിൽ വന്നപ്പോൾ ഹർഷൻ ഒരു ബ്ലാക്ക് പജീറോയുടെ അടുത്ത് നിൽക്കുന്നത് ഞാൻ കണ്ടതാ” “സത്യമാണോ കിച്ചു…എങ്കിൽ ഇന്നവനെ ഞാൻ…..” “തീർക്കണം ആൽബി…ഞാൻ ദേവുവിനെ ഒന്ന് വിളിക്കട്ടെ..അവൻ എപ്പോഴാ വീട്ടിൽ നിന്നിറങ്ങിയതെന്ന് അറിയണം..പിന്നെ അവന് ഇവിടെ ബന്ധമുള്ള സ്ഥലങ്ങൾ അവൾക് അറിയാൻ പറ്റുമായിരിക്കും” എന്നാൽ കിച്ചു രണ്ട് മൂന്ന് തവണ വിളിച്ചിട്ടും ദേവു ഫോൺ എടുത്തില്ല..അതോടെ അവരുടെ പേടി ഒന്നുകൂടെ കൂടി.. 💞💞💞

അമ്മുവിനെ കെട്ടിയിരുന്ന കയറ് അഴിക്കുന്നതിനിടയ്ക്കാണ് തന്റെ പിന്നിൽ ആരോ വന്ന് നിൽക്കുന്നത് പോലെ ഹർഷന് തോന്നിയത്..അവൻ തിരിഞ്ഞ് നോക്കിയതും പിന്നിൽ നിന്നവൻ കൈകെട്ടി ഒരു പരിഹാസചിരിയോടെ അവനെ നോക്കി. “രാഹുൽ…നീ” “അതേ ഞാൻ തന്നെ…എല്ലാ ബന്ധങ്ങളും ഇട്ടെറിഞ്ഞ് നീ ഇങ്ങ് വന്നെന്നും കരുതി ഞങ്ങൾക്ക് നിന്നേ അങ്ങനെ വിട്ട് കളയാൻ പറ്റുമോ ഹർഷാ…നീ ഞങ്ങളുടെ ബെസ്റ്റ് ഫ്രണ്ട് അല്ലേടാ” “ക്രിസ്റ്റി എവിടെ??” “അവൻ അത്യാവശ്യം ആയിട്ട് ഒരു സ്ഥലം വരെ പോയേക്കുവാ…നീ വാ..ഇവിടെ ഇരിക്ക്” “ഇവളെ എന്തിനാടാ ഇങ്ങോട്ട് കൊണ്ട് വന്നത്??” “അത് നിനക്ക് മനസിലായില്ലേ…ഒരു പെണ്ണിനെ ബലമായി കൊണ്ട് വന്ന് കെട്ടിയിട്ട് അവളിൽ മയക്കുമരുന്ന് കുത്തി വെച്ച് ഇങ്ങനെ പാതിമയക്കത്തിൽ ആക്കുന്നത് എന്തിനാണെന്ന് ഞാൻ നിനക്ക് പറഞ്ഞ് തരണോ…

ഇങ്ങനെ ഒരുപാട് പെൺപിള്ളേരെ നമ്മുടെ സാങ്കേതത്തിൽ കൊണ്ട് വന്നിട്ടുള്ളവൻ അല്ലേ നീ…” “രാഹുൽ നിർത്ത്..നീ ഉദ്ദേശിച്ചത് ഒന്നും നടക്കില്ല…അതിന് ഞാൻ സമ്മതിക്കില്ല” “ഓ സോറി..ഇത് നീ മോഹിച്ച പെണ്ണാണല്ലോ അല്ലേ…സത്യം പറയാലോ അളിയാ..ഇവളെ കുറിച്ച് നീ പറഞ്ഞപ്പോൾ തൊട്ടുള്ള മോഹം ആയിരുന്നു….ഇന്ന് അത് നടക്കാൻ പോകുന്നു” അമ്മുവിന്റെ കവിളിൽ തഴുകാനായി രാഹുൽ നീട്ടിയ കൈകളിൽ ഹർഷൻ പിടിച്ചു. “ഞാൻ ഇവിടെ ഉള്ളപ്പോൾ ഇവളെ തൊടാനുള്ള ധൈര്യം നിനക്ക് ഉണ്ടോടാ??” അതിന് പൊട്ടിച്ചിരി ആയിരുന്നു രാഹുലിന്റെ മറുപടി. “നീ എന്ന് മുതലാട പുണ്യാളൻ ആയത്..പെണ്ണിനെ വികാരം തീർക്കാനുള്ള ഉപകരണം മാത്രമായി കണ്ടിരുന്നവൻ അല്ലേ നീ..ആ നിന്റെ പെങ്ങളെ ക്രിസ്റ്റി ആഗ്രഹിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ നിനക്ക് അങ്ങ് പൊള്ളി…

അവനെ തല്ലിയിട്ട് എന്നെന്നേക്കുമായി ഹൈദരാബാദിനോട്‌ ഗുഡ് ബൈ പറഞ്ഞ് പോന്നാൽ എല്ലാം അങ്ങ് അവസാനിക്കുമെന്ന് കരുതിയോ?? നിന്റെ പിറകെ തന്നെ ഞങ്ങളും ഇങ്ങ് വന്നതിന്റെ ലക്ഷ്യം മൂന്നായിരുന്നു.. ഒന്ന് ആൽബി…എന്റെ ഈ കൈകൊണ്ട് അവനെ പിന്നിൽ നിന്നടിച്ച് ഇല്ലാതാക്കി അത് നിന്റെ തലയിൽ ആക്കാമെന്ന് കരുതിയപ്പോൾ രക്ഷകനായി നീ അവതരിച്ചു…അവനെ ഹോസ്പിറ്റലിൽ എത്തിച്ച് ചെയ്ത പാപങ്ങൾക്കുള്ള ആദ്യത്തെ പ്രായശ്ചിത്തം നീ അങ്ങ് നടത്തി.. രണ്ട് ഇവൾ…അത് ഇപ്പോൾ ഇവിടെ..നിന്റെ കണ്മുന്നിൽ വെച്ച് നീ ആഗ്രഹിച്ചത് പോലെയൊക്കെ ഞാൻ അനുഭവിക്കും..” “അതിന് ഈ ഉശിര് പോരാ രാഹുൽ…ഞാൻ ഇവിടെ വന്നെങ്കിൽ ആത്മികയെ കൊണ്ട് പോയിരിക്കും.” “ശ്ശെടാ നീ ഇങ്ങനെ മാസ്സ് കാണിക്കാതെ..ഞാനൊന്ന് പറഞ്ഞ് തീർക്കട്ടെ…

ഇവൾ ഒരു ആയുധം മാത്രമാണ് ഹർഷാ..നിന്നെ ഇവിടെ എത്തിക്കാനുള്ള വെറുമൊരു പ്ലാൻ…” അവൻ എന്താണ് ഉദ്ദേശിച്ചതെന്ന് മനസിലാകാതെ നിന്ന ഹർഷന്റെ അടുത്തേക്ക് നീങ്ങി നിന്നുകൊണ്ട് അവന്റെ കണ്ണിൽ നോക്കി രാഹുൽ തുടർന്നു.. “മൂന്നാമത്തെ ലക്ഷ്യം…ഇങ്ങോട്ട് വരാനുള്ള പ്രധാന കാരണം..നിന്റെ പെങ്ങൾ…പാവം ക്രിസ്റ്റി..അവൻ അത്രക്ക് മോഹിച്ച് പോയത് കൊണ്ടല്ലേ..പക്ഷെ അവളെ ഒറ്റക്ക് എങ്ങോട്ടും വിടാതെ നീ കാവൽ നില്കുവല്ലായിരുന്നോ..അതുകൊണ്ടാണ് ഇവളെ ഞങ്ങൾ പൊക്കിയ കാര്യം നിന്നേ അറിയിച്ചത്..മാനസാന്തരം സംഭവിച്ച നീ ഇവളെ രക്ഷിക്കാൻ വരുമെന്ന് ഞങ്ങൾക്ക് അറിയാം..ഈ സമയം..വീട്ടിൽ നിന്റെ പെങ്ങൾ ഒറ്റക്ക് ആണെന്നുള്ള പേടി വേണ്ട..ഇപ്പോൾ അവൾക് കൂട്ടിന് ക്രിസ്റ്റി അവിടെ എത്തിയിട്ടുണ്ടാകും..”

“ഡാ….” രാഹുലിന്റെ ഷർട്ടിൽ കുത്തിപ്പിടിച്ച് കൊണ്ട് ഹർഷൻ അലറി.. “വിട് ഹർഷാ..നിനക്ക് അറിയാലോ ക്രിസ്റ്റിയെ..ഈ കാര്യത്തിൽ അവന് ആവേശം കുറച്ചധികമാ..പാവം നിന്റെ പെങ്ങൾ താങ്ങുമോന്ന് സംശയം ആണ്..” ഹർഷന് ശരീരം തളരുന്നത് പോലെ തോന്നി..താൻ ചെയ്തുകൂട്ടിയ പാപങ്ങളുടെ ശിക്ഷ തന്റെ പെങ്ങൾക്ക്…ഇല്ല…ദേവുവിന്റെ മുഖം മനസിൽ തെളിഞ്ഞതും അവൻ രാഹുലിനെ പിന്നോക്കം തള്ളി..വേച്ച് വീണവനെ തലങ്ങും വിലങ്ങും തല്ലുമ്പോൾ ഹർഷന്റെ കണ്ണിൽ കുറ്റബോധവും പകയും ഒരുപോലെ എരിഞ്ഞു..എന്നാൽ അടുത്ത് കിടന്ന തടിക്കഷണം എടുത്ത് ഹർഷന്റെ തലക്ക് അടിച്ച് വീഴ്ത്തുമ്പോൾ രാഹുലിന്റെ കണ്ണിൽ അമ്മു മാത്രമായിരുന്നു..ദേവുവിനെ പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് ക്രിസ്റ്റി തന്റെ മുന്നിൽ ഇട്ടുതന്ന പെണ്ണ്….

ചുറ്റും നടക്കുന്നതൊന്നും അറിയാൻ പറ്റാതെ പാതിബോധത്തിൽ ഇരിക്കുന്ന അമ്മുവിന്റെ അടുത്തേക്ക് കാമാവേശത്തോടെ പോകുന്ന രാഹുലിനെ കണ്ടതും സർവ്വശക്തിയുമെടുത്ത് ഹർഷൻ എഴുന്നേറ്റ് അവനെ ചവിട്ടി താഴെ വീഴ്ത്തിയിരുന്നു…ഒന്ന് എഴുന്നേൽക്കാനുള്ള സാവകാശം പോലും കൊടുക്കാതെ ഹർഷൻ അവനെ ചവിട്ടികൂട്ടി..കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നെങ്കിലും എത്രയും പെട്ടെന്ന് ദേവുവിന്റെ അടുത്ത് എത്തണമെന്നുള്ളത് കൊണ്ട് ഹർഷൻ അമ്മുവിനെ താങ്ങിയെടുത്ത് പുറത്തേക്ക് ഇറങ്ങി..ഈ അവസ്ഥയിൽ അവൾക്ക് ബൈക്കിൽ ഇരിക്കാൻ പറ്റില്ലെന്ന് മനസ്സിലായതും രാഹുൽ വന്ന ബ്ലാക്ക് പജീറോയിൽ തന്നെ ഹർഷൻ അമ്മുവിനെ കിടത്തി..എന്നിട്ട് പെട്ടെന്ന് തന്നെ വീട്ടിലേക്ക് പോയി… 💞💞💞

പലയിടത്തും ആൽബിയും കിച്ചനും അന്വേഷിച്ചെങ്കിലും ഹർഷനെ അവിടെയൊന്നും കണ്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. “നമുക്ക് അവന്റെ വീട്ടിൽ ഒന്ന് പോയാലോ കിച്ചു??” “ദേവുവും അവളുടെ അമ്മയും ഒക്കെ അവിടെ ഇല്ലേ..അതുകൊണ്ട് അവൻ അവിടെ കാണില്ല..” “എന്തായാലും പോയി നോക്കാം” ദേവുവിന്റെ വീട്ടിലേക്ക് ഡ്രൈവ് ചെയ്യുമ്പോഴും ഉള്ളുകൊണ്ട് ആൽബി കരയുവായിരുന്നു..തന്റെ ധൈര്യത്തിൽ ജീവിച്ചിരുന്ന പെണ്ണാ..അവളിപ്പോ..ന്റെ കർത്താവേ..ഒരു കുഴപ്പവും കൂടാതെ ഇങ്ങ് തന്നേക്കണേ… ദേവുവിന്റെ വീട്ടുമുറ്റത്ത് തന്നെ ബ്ലാക്ക് പജീറോ കണ്ടതും കിച്ചനും ആൽബിയും മുഖത്തോട് മുഖം നോക്കി..രണ്ട് മുഖങ്ങളും വലിഞ്ഞ് മുറുകി.. വണ്ടിയുടെ അടുത്ത് എത്തിയപ്പോഴാണ് അബോധാവസ്ഥയിൽ അമ്മു അതിനുള്ളിൽ കിടക്കുന്നത് കണ്ടത്. “അമ്മൂട്ടി…മോളെ…കണ്ണ് തുറക്കട..” ആൽബി അവളെ തട്ടിവിളിച്ചെങ്കിലും നേർത്ത ഒരു മൂളൽ മാത്രമേ അവളിൽ നിന്നുണ്ടായുള്ളു.. “കിച്ചു..നീ ഇവളെ നോക്കിക്കോ..ഞാൻ ആ പുന്നാര**%$%%മോനേ ഒന്ന് കണ്ടിട്ട് വരാം”

“ഞാനും വരുന്നടാ..ഇന്നത്തോടെ അവനെ തീർക്കണം” അമ്മുവിനെ അവരുടെ കാറിലേക്ക് എടുത്ത് കിടത്തിയിട്ട് ആൽബിയും കിച്ചുവും വീട്ടിലേക്ക് കയറി..അടഞ്ഞ് കിടന്ന വാതിലിൽ തള്ളിതുറന്ന് അകത്തു കയറിയ അവർ കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന ഹർഷനെ ആണ്..രണ്ട് പേരും ഒരു നിമിഷം പകച്ചു നിന്നുപോയി.. ചെറിയൊരു അനക്കം അവനിൽ നിന്ന് കേട്ടതും ആൽബി പെട്ടെന്ന് തന്നെ ഹർഷന്റെ അടുത്തേക്ക് ചെന്നു..അവന്റെ തലയെടുത്ത് മടിയിലേക്ക് വെച്ച് അവനെ വിളിച്ചു..ആയാസപ്പെട്ട് കണ്ണ് ചെറുതായി തുറന്ന ഹർഷൻ ആൽബിയെ കണ്ടതും ചോര പുരണ്ട കൈയാൽ അവന്റെ കൈയിൽ മുറുകെ പിടിച്ചു..എന്നിട്ട് മറുകൈയാൽ അടഞ്ഞു കിടക്കുന്ന മുറിവാതിലിലേക്ക് ചൂണ്ടി അവൻ പറഞ്ഞു: “ദേ..വു….”… (തുടരും )

ആത്മിക:  ഭാഗം 24

Share this story