ആത്മിക : ഭാഗം 27

ആത്മിക : ഭാഗം 27

എഴുത്തുകാരി: ശിവ നന്ദ

“ട്രീറ്റ്മെന്റ് ഒക്കെ ഉണ്ട് ആൽബിൻ..പക്ഷെ ഇപ്പോൾ ഉടനെ ഒന്നും സ്റ്റാർട്ട്‌ ചെയ്യാൻ പറ്റില്ല..അത് കഴിഞ്ഞാണെങ്കിലും ഒരു 50-50 ചാൻസ് മാത്രമേയുള്ളൂ” എല്ലാം കേട്ട് കിച്ചന്റെ നെഞ്ചിലേക്ക് ചാരി നിശബ്ദമായി കരയുവായിരുന്നു ദേവു..ഒരാശ്രയം പോലും ഇല്ലാത്തത് പോലെ ഭിത്തിയിൽ ചാരി നിന്ന് കണ്ണീർവാർക്കുന്ന അമ്മായിയുടെ അടുത്തേക്ക് അമ്മു ചെന്നു..അവളെ കണ്ടതും ഒരു പൊട്ടിക്കരച്ചിലോടെ അവർ അവളെ കെട്ടിപിടിച്ചു…അവളോട് ചെയ്ത ക്രൂരതകൾക്കൊക്കെ കണ്ണീരിനാൽ അവർ മാപ്പ് പറഞ്ഞുകൊണ്ടിരുന്നു..തിരികെ ഒന്നും പറയാതെ..അവരുടെ നെറുകയിൽ തലോടി അമ്മു നിന്നു…. “ഡിസ്ചാർജ് ആകാൻ എന്തായാലും കുറച്ച് ദിവസം എടുക്കും.റൂം ഒക്കെ ബുക്ക്‌ ചെയ്തിട്ടുണ്ട്.” ആൽബിൻ പറയുന്നത് കേട്ട് അമ്മായി അവനെ നോക്കി..

അന്ന് അമ്മുവിനെ വീട്ടിൽ നിന്നും കൊണ്ട് പോയ ദിവസം വായിൽ തോന്നിയതൊക്കെ അവനോട് പറഞ്ഞതിന്റെ കുറ്റബോധം അവരുടെ മുഖത്ത് ഉണ്ടായിരുന്നു. “മോൻ എന്നെയൊന്ന് ബാങ്കിൽ കൊണ്ടുപോകുമോ?” നിസ്സഹായതയോടെയുള്ള അവരുടെ ആവശ്യം കേട്ട് കിച്ചൻ എന്തെന്ന അർത്ഥത്തിൽ നോക്കി. “ദേവൂന്റെ കല്യാണച്ചിലവിനായി കുറച്ച് കാശ് ബാങ്കിൽ ഇട്ടിട്ടുണ്ട്.ബില്ല് അടക്കാനും മറ്റും അത് എടുക്കാം.” “അതിന്റെ ആവശ്യമില്ല..ബില്ലൊക്കെ അടച്ചിട്ടുണ്ട്” കിച്ചൻ പറഞ്ഞതും അമ്മായി തൊഴുകൈകളോടെ അവന്റെ അടുത്തേക്ക് ചെന്നു. “നന്ദി എന്നോടല്ല..ദേ അവനോട് പറ..എന്റെ കൈയിൽ കുറച്ച് ക്യാഷെ ഉണ്ടായിരുന്നുള്ളു..ബാക്കി അടച്ചത് ആൽബി ആണ്” ആൽബിയുടെ മുന്നിൽ താൻ വീണ്ടും തോറ്റുപോയത് പോലെ അമ്മായിക്ക് തോന്നി..

ഒരു ബന്ധവും ഇല്ലാതിരുന്നിട്ട് കൂടി അവൻ തങ്ങൾക്കായി ചെയ്ത് തരുന്ന ഉപകാരങ്ങൾക്ക് തിരികെ എന്താ നല്കേണ്ടെന്നത് പോലും അവർക്ക് അറിയില്ല..അവനോട് എന്തോ പറയാനായി ചെന്നതും കേൾക്കാൻ താല്പര്യമില്ലാത്തത് പോലെ അവൻ മുഖം തിരിച്ചു. “നിങ്ങൾ വീട്ടിലേക്ക് പൊയ്ക്കോ” അമ്മുവിനോടും ടീനയോടും പറഞ്ഞിട്ട് ആൽബി കസേരയിലേക്ക് ഇരുന്നു. “അപ്പോൾ നീയോ??” “ഞാൻ കുറച്ച് കഴിഞ്ഞ് വന്നോളാം ടീനു” “അത് വേണ്ടടാ..ഇവിടെ ഞാൻ നിന്നോളാം..നീ പൊയ്ക്കോ” കിച്ചനും കൂടി നിർബന്ധിച്ചതോടെ അവൻ പോകാനായി എഴുന്നേറ്റു.അമ്മു പോകുവാണെന്ന് അറിഞ്ഞതും ദേവു അവളെ കെട്ടിപിടിച്ച് കരയാൻ തുടങ്ങി.ഇന്നീ അവസ്ഥയിൽ തന്റെ കൂടെ അമ്മു വേണമെന്ന് ദേവു അതിയായി ആഗ്രഹിക്കുന്നുണ്ട്..പക്ഷെ അത് അവളോട് പറഞ്ഞില്ല..എന്നാൽ അതേ മാനസികാവസ്ഥയിൽ തന്നെയായിരുന്നു അമ്മുവും..

ദേവുവിനെ അവിടെ ഒറ്റക്കാക്കി പോകാൻ അവൾക്കും മനസ്സ് വന്നില്ല.എങ്കിലും ആൽബി വന്ന് വിളിച്ചപ്പോൾ അവൾ മറുത്തൊന്നും പറയാതെ അവന്റെയും ടീനയുടെയും കൂടെ പുറത്തേക്ക് ഇറങ്ങി. കുറച്ച് നടന്നതും ആൽബി അമ്മുവിന്റെ കൈയിൽ പിടിച്ച് നിർത്തി. “എന്താ ഇച്ചാ??” “നിനക്ക് ഇന്ന് ദേവുവിന്റെ കൂടെ നിൽക്കണമെന്നുണ്ടോ??” മറുപടി പറയാതെ അവൾ മുഖം കുനിച്ചു. “നിന്റെ മനസ്സ് എനിക്ക് അറിഞ്ഞൂടെ അമ്മു..ഇന്ന് നിങ്ങൾ അനുഭവിച്ച പേടിയും ടെൻഷനും മാറണമെങ്കിൽ നിങ്ങൾ പരസ്പരം താങ്ങായെ പറ്റു..പക്ഷെ നിന്നെയും കൂടി ഇവിടെ നിർത്തുന്നത് ബുദ്ധിമുട്ടാണ്” അവൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ചിന്തിക്കുമ്പോഴേക്കും ആൽബി തിരികെ കിച്ചന്റെ അടുത്ത് എത്തിയിരുന്നു. “കിച്ചു..ദേവുവിനെ ഞാൻ വീട്ടിലേക്ക് കൊണ്ട് പൊയ്ക്കോട്ടേ??” “അതെന്തിനാടാ??” “അവൾക്കിപ്പോ വേണ്ടത് സ്വസ്ഥമായൊരു അന്തരീക്ഷം ആണ്..

അവിടെ അമ്മുവിന്റെയും അവസ്ഥ അതുതന്നെയാ..അപ്പോൾ ഹർഷൻ ഡിസ്ചാർജ് ആകുന്നത് വരെ ഇവൾ വീട്ടിൽ നിൽക്കട്ടെ” “എടാ..അതിപ്പോ ഞാൻ എന്ത് പറയാനാ…ഇപ്പോൾ തന്നെ ഞാൻ കാരണം നീ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്..അമ്മു പോലും നിന്നിലേക്ക് എത്തിയത് ഞാൻ വഴിയാണ്..” “കിച്ചു പ്ലീസ്..അമ്മുവിനെ മറ്റൊരാളായി കാണാൻ ഞാനിപ്പോൾ ആഗ്രഹിക്കുന്നില്ല..ഒന്നേ ഞാൻ ചോദിക്കുന്നുള്ളു..ദേവുവിനെ വിടാൻ പറ്റുമോ ഇല്ലയോ??” പ്രതീക്ഷയോടെ കിച്ചനെ നോക്കി നിൽകുവായിരുന്നു ദേവു..തന്റെ അമ്മുവിന്റെ അടുത്ത് നിൽകുന്നതിലും വലുതായി മറ്റൊന്നുമില്ല.. “ഇപ്പോൾ ദേവുവിനെ വിടണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അവളുടെ അമ്മയാടാ..അവർ സമ്മതിച്ചാൽ നീ കൊണ്ട് പൊയ്ക്കോ” ആൽബി അമ്മായിയുടെ മുഖത്തേക്ക് നോക്കിയതും സമ്മതമെന്നോണം അവർ തലയാട്ടി… തിരികെ ദേവുവുമായി ആൽബി വരുന്നത് കണ്ടതും അമ്മുവിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി.താൻ പറയാതെ തന്നെ തന്റെ മനസ്സറിഞ്ഞ തന്റെ മാത്രം ഇച്ചനോട്‌ അവൾക് വല്ലാതെ ഇഷ്ടം തോന്നി.. 💞💞💞💞💞💞💞💞💞

കളരിയ്ക്കൽ വീടിന്റെ ഉമ്മറത്ത് തന്നെ അവരെയും കാത്ത് നില്പുണ്ടായിരുന്നു കത്രീനാമ്മയും സിസിലിയും.അമ്മുവിനെ കണ്ടതും അമ്മച്ചി ഓടിവന്നവളെ കെട്ടിപിടിച്ചു..കർമ്മം കൊണ്ട് തന്റെ മകളായവളെ അൽപനേരം കാണാതായതിന്റെ വേവലാതി മുഴുവൻ ആ അമ്മച്ചിയുടെ മുഖത്ത് ഉണ്ടായിരുന്നു. “അമ്മച്ചി..കുറച്ച് ദിവസത്തേക്ക് ദേവു ഇവിടെ നിന്നോട്ടെ??” അമ്മു ചോദിച്ചത് കേട്ട് അമ്മച്ചി ദേവുവിന്റെ നെറുകിൽ തലോടി. “അതിനെന്താ..ദേവുവിന് എത്രനാൾ വേണമെങ്കിലും ഇവിടെ നിൽക്കാം” അവർ സംസാരിക്കുമ്പോഴും ആൽബിയുടെ കണ്ണുകൾ ചുറ്റും പാഞ്ഞുകൊണ്ടിരുന്നു..പ്രതീക്ഷിച്ച ആളേ കാണാഞ്ഞതും അവന്റെ ഉള്ളൊന്ന് പിടഞ്ഞു. “അമ്മച്ചി ജെറി എവിടെ??” “അവൻ മുറിയിലാ..എന്താ ആൽബി എന്റെ കുഞ്ഞിന് പറ്റിയത്?? ഏതൊക്കെയോ മരുന്ന് എടുത്ത് കഴിക്കുന്നത് കണ്ടു..”

“ജെറിക്ക് എന്താ…എന്ത് പറ്റി ഇച്ച??” “ഒന്നുമില്ല…അവന് ഈ ബിസിനസിന്റെ ഒക്കെ ടെൻഷൻ ഉണ്ട്..അതിന് ചെറിയ ഡോസിൽ ഒരു മരുന്ന് ഡോക്ടർ കൊടുത്തിട്ടുണ്ട്.ഇന്ന് അമ്മുവിനെ കാണുന്നില്ലെന്ന് അറിഞ്ഞപ്പോൾ ഒന്ന് ടെൻഷൻ ആയതാ” അമ്മച്ചിയോടു അങ്ങനെ ഒരു കള്ളം പറഞ്ഞിട്ട് അവൻ പെട്ടെന്ന് തന്നെ മുകളിലേക്ക് പോയി..ജെറിക്ക് എന്തായിരിക്കും സംഭവിച്ചതെന്ന് മനസിലായത് പോലെ അമ്മുവിന്റെ മുഖവും വാടി..അപ്പോഴും ആൽബിയുടെ പേടിയും ജെറിയുടെ അടുത്തേക്കുള്ള അവന്റെ പോക്കും നോക്കി നിൽകുവായിരുന്നു ടീന. നിഷ്കളങ്കമായി ഉറങ്ങുന്ന ജെറിയുടെ കാലിൽ മുത്തിയതും ആൽബിയുടെ കണ്ണുനീർ അവന്റെ കാലിലേക്ക് വീണു. “സോറി മോനേ..ഇത്രയും നാളും നിനക്ക് കാവലായി നിന്നിട്ട് ഞാൻ തന്നെ നിന്നെ വീണ്ടും ആ അവസ്ഥയിലേക്ക് തള്ളിവിട്ടു..പെട്ടെന്ന് അമ്മുവിനെ കുറിച്ച് ഓർത്തപ്പോൾ ഒരുനിമിഷം ഇച്ചായന്റെ നിയന്ത്രണം നഷ്ടപ്പെട്ടു പോയടാ..നീ ക്ഷമിക്ക്..”

അവന്റെ നെറ്റിയിലും ഒരു ഉമ്മ നൽകികൊണ്ട് കണ്ണു തുടച്ച് ആൽബി എഴുന്നേറ്റപ്പോൾ ആണ് വാതിൽക്കൽ ഇതെല്ലാം കണ്ടുകൊണ്ട് ടീന നിൽക്കുന്നത് അറിഞ്ഞത്.അവൾക് മുഖം കൊടുക്കാതെ അവൻ സ്വന്തം മുറിയിലേക്ക് പോയതും ടീനയും കൂടെ ചെന്നു. “ആൽബി..ഇനിയെങ്കിലും പറ..എന്താ അവന്റെ പ്രോബ്ലം??” “പറയാം..പക്ഷെ ഇനി ഒരാളും കൂടി ഇത് അറിയാൻ പാടില്ല” എന്താണെന്ന് അറിയാൻ ആകാംക്ഷയോടെ ഇരിക്കുന്ന ടീനയോട് ചിക്കുവിന്റേയും ജെറിയുടെയും നിശബ്ദപ്രണയവും അവളുടെ മരണശേഷം ജെറിക്ക് സംഭവിച്ച മാറ്റവും ഒക്കെ ആൽബി പറഞ്ഞു..എല്ലാം കേട്ട് ഒരക്ഷരം പോലും പറയാൻ ആകാതെ ടീന നിലത്തേക്ക് ഇരുന്നുപോയി… “അവനെ മനോനില തെറ്റിയ ഒരാളായിട്ട് ആരും കാണരുതെന്ന് ആഗ്രഹിച്ചത് കൊണ്ടാ ഞാൻ എല്ലാം മറച്ചുവെച്ചത്…

പക്ഷെ ആ ഞാൻ തന്നെ ഇന്ന് അവനോട്…” “അപ്പൊൾ…അന്ന് ചിക്കു എന്നോട് പറയാനുണ്ടെന്ന് പറഞ്ഞയാ സർപ്രൈസ് ജെറി ആയിരുന്നോ?” “ആയിരിക്കാം..അന്ന് അവർ മനസിലുള്ള പ്രണയം തുറന്ന് പറയാൻ തീരുമാനിച്ച ദിവസം ആയിരുന്നു..” “ന്റെ കർത്താവേ…പ്രണയവിരോധി എന്നൊക്കെ പറഞ്ഞ് അവനെ ഞാൻ കളിയാക്കുമ്പോ അവൻ ഉള്ളിൽ കരയുവായിരുന്നോടാ…ഞാൻ അറിഞ്ഞില്ലല്ലോ ആൽബി..” ടീനയുടെ കണ്ണുനീരിനാൽ ആൽബിയുടെ നെഞ്ച് നനയുമ്പോൾ തൊട്ടപ്പുറത്ത് അമ്മുവിന്റെ സാമിപ്യം അറിഞ്ഞ് കണ്ണ് തുറക്കുവായിരുന്നു ജെറി.. അമ്മുവിനെ കണ്ടതും ജെറി ചാടിയെഴുന്നേറ്റു..അവൾക്ക് കുഴപ്പം ഒന്നുമില്ലെന്ന് ഉറപ്പായത്തിന് ശേഷമാണ് അവന് സമാധാനം ആയത്.നടന്ന കാര്യങ്ങളൊക്കെ അമ്മുവും ദേവുവും കൂടി പറഞ്ഞ് കൊടുക്കുമ്പോൾ ദേഷ്യത്താൽ അവന്റെ മുഖം ചുവന്നു. “എന്നിട്ട് ഇച്ചായൻ അവനെയൊക്കെ വെറുതെ വിട്ടോ??”

“നിന്റെ ഇച്ചായൻ അങ്ങനെ വിടുന്ന ടൈപ്പ് അല്ലെന്ന് അറിയാലോ..എന്തെങ്കിലും കണക്ക് കൂട്ടിയുട്ടുണ്ടാകും” ആൽബിയെ കുറിച്ച് അമ്മു പറയുന്നത് കേട്ട് ജെറിയും ദേവുവും ഒന്ന് ആക്കി ചിരിച്ചു.അപ്പോഴാണ് അവനെ തന്നെ നോക്കി നിൽക്കുന്ന ടീനയെ ജെറി ശ്രദ്ധിക്കുന്നത്. “എന്താ ടീനൂച്ചി?” നിറഞ്ഞുവന്ന കണ്ണുനീർ അവൻ കാണാതെ തുടച്ചുകൊണ്ട് അവൾ ഒന്നുമില്ലെന്ന് ചുമലനക്കി. ******* ഒരുപാട് നാളുകൾക്ക് ശേഷം ഒരുമിച്ച് കിടക്കുമ്പോൾ അമ്മുവിനും ദേവുവിനും സംസാരിക്കാൻ കുറേ കാര്യങ്ങൾ ഉണ്ടായിരുന്നു..കൂടുതലും ഹർഷനെ കുറിച്ചായിരുന്നു..അവൻ കൊഞ്ചിച്ചതും എടുത്തുകൊണ്ട് നടന്നതും ഒക്കെ പറയുമ്പോൾ ദേവുവിന്റെ വാക്കുകൾ ഇടറി..ഒടുവിൽ വിഷയം മാറ്റാനായി അമ്മു ജെറിയെ കുറിച്ചും അമ്മച്ചിയെ കുറിച്ചും പറഞ്ഞു..

മനഃപൂർവം ആൽബിയെ കുറിച്ച് പറഞ്ഞില്ലെന്നും പറഞ്ഞ് ദേവു കളിയാക്കിയതും ഒരു ചിരിയോടെ അവൾ ദേവുവിനെയും കെട്ടിപിടിച്ച് കണ്ണുകൾ അടച്ച് കിടന്നു.. ഇതേസമയം ജെറിയുമായി ടെറസിൽ ഇരിക്കുമ്പോൾ ആൽബിയ്ക്ക് പറയാനുണ്ടായിരുന്നത് അമ്മുവിനെ കുറിച്ചായിരുന്നു..ഇന്ന് അവൾക് വേണ്ടി ജെറിയോട് ദേഷ്യപ്പെട്ടതും അവളെ അന്വേഷിച്ച് പരക്കം പാഞ്ഞതും ഒടുവിൽ ബോധമില്ലാതെ അവളെ കണ്ടപ്പോൾ ചങ്ക് തകർന്നതും ഒക്കെ പറയുമ്പോൾ കള്ളച്ചിരിയോടെ അതെല്ലാം കേട്ട് ജെറി ഇരുന്നു..ഇടയ്ക്ക് അവൻ അമർത്തി ഒന്ന് മൂളിയതും അവനെ കൂർപ്പിച്ച് ഒന്ന് നോക്കി ആൽബി മുറിയിൽ കയറി..വാതിൽ അടച്ച് ബെഡിൽ വന്നിരുന്നപ്പോൾ ആണ് അവൾക്കായി വാങ്ങിയ കൃഷ്ണവിഗ്രഹം അവൻ കാണുന്നത്.അത് നെഞ്ചോട് ചേർത്ത് അവൻ കിടന്നു…കള്ളക്കണ്ണന്റെ മുഖത്തെ അതേ ചിരി തന്നെ ആൽബിയുടെ ചുണ്ടിലും ഉണ്ടായിരുന്നു… 💞💞💞💞

(രണ്ട് ദിവസത്തിന് ശേഷം) ഹർഷനെ മുറിയിലേക്ക് മാറ്റിയെന്ന് അറിഞ്ഞ് ഹോസ്പിറ്റലിലേക്ക് വന്നതാണ് ആൽബി.അവനെ കണ്ടതും ഹർഷൻ ഒന്ന് ചിരിക്കാൻ ശ്രമിച്ചു.എന്നാൽ ആൽബി അത് ശ്രദ്ധിക്കാൻ പോയില്ല. “കിച്ചു ഇല്ലേ??” അമ്മായിയോട് ചോദിച്ചുകൊണ്ട് അവൻ ബെഡിനടുത്തായുള്ള സ്റ്റൂളിലേക്ക് ഇരുന്നു. “കിരൺ കുറച്ച് മുൻപ് പോയതേയുള്ളൂ.വൈകിട്ട് വീട്ടുകാരുമായിട്ട് വരാമെന്ന് പറഞ്ഞു.” പിന്നെ ഹർഷന്റെ ചികിത്സയെ കുറിച്ചും മറ്റും അവർ സംസാരിക്കുന്നതിനിടയ്ക്കാണ് ബെഡിൽ വെച്ചിരുന്ന ആൽബിയുടെ കൈയിലേക്ക് ഹർഷൻ പിടിക്കുന്നത്..അവൻ നോക്കുമ്പോൾ ചെന്നിയിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങുന്നുണ്ട്. “മാപ്പ്…” അത് കേട്ടതും പുച്ഛത്തോടെ ആൽബി കൈ മാറ്റി. “അറിയാം ആർക്കും ക്ഷമിക്കാൻ ആവില്ലെന്ന്..അത് ഞാൻ അർഹിക്കുന്നുമില്ല..പക്ഷെ പറയണമെന്ന് തോന്നി” “പറയേണ്ടത് എന്നോട് അല്ല” “മ്മ്മ്…ആത്മിക…അച്ഛന്റെ കൈപിടിച്ച് വീട്ടിലേക്ക് വന്ന അന്നുമുതൽ ഏട്ടാന്ന് വിളിച്ച് എന്റെ പിറകെ നടന്നിട്ടുണ്ട്..

പക്ഷെ എനിക്കെന്തോ അവളെ ഇഷ്ടമല്ലായിരുന്നു..എങ്കിലും അവളെ ഞാൻ അകറ്റി നിർത്തിയിട്ടില്ല.ദേവുവിന് വാങ്ങുന്നതൊക്കെ അവൾക്കും വാങ്ങി കൊടുത്തിട്ടുണ്ട്.പഠിക്കാൻ മിടുക്കിയാണെന്ന് ടീച്ചർസ് പറയുന്നത് അഭിമാനത്തോടെ തന്നെ കേട്ട് നിന്നിട്ടുണ്ട്..പക്ഷെ ഇടയ്ക്ക് എപ്പോഴോ എനിക്ക് പിഴച്ചു…” “പിഴച്ചു എന്നല്ല…പച്ചമലയാളത്തിൽ അതിന് വേറെ വാക്കുണ്ട്” പരിഹാസത്തോടെയുള്ള ആൽബിയുടെ മറുപടി കേട്ട് ഹർഷൻ ഒന്ന് ചിരിച്ചു. “അച്ഛൻ മരിച്ചതോടെ ചുമതല മുഴുവൻ എന്റെ തലയിലായി..ഒരു ജോലി അന്വേഷിച്ച് പോയതാ ഹൈദരാബാദിൽ..അത് ദേ ഇവിടം വരെ എത്തിച്ചു…കഷ്ടപെടാതെ പണം സമ്പാദിക്കാമെന്ന് ആയപ്പോൾ ആ ജീവിതം ഞാൻ അങ്ങ് ഇഷ്ടപ്പെട്ടു..അതിനായി പലതും ചെയ്തു…പെണ്ണിനെ അറിഞ്ഞപ്പോൾ അതൊരു ലഹരി ആയി മാറി..അതിനിടയിൽ എപ്പോഴോ ആത്മികയും…കൂടെയുള്ളവർ വാശി കയറ്റിയപ്പോൾ അവളെ സ്വന്തമാക്കുന്നത് എന്റെ ലക്ഷ്യമായി..

.തെറ്റാണെന്ന് ഒരിക്കൽ പോലും തോന്നിയിരുന്നില്ല..എന്റെ ഉള്ളിലെ പിശാച് അങ്ങനെ തോന്നിപ്പിച്ചിട്ടില്ല…” “ഇപ്പോഴോ?? ഇപ്പോൾ അത് തെറ്റായിട്ട് തോന്നുന്നുണ്ടോ??” “ഇപ്പോഴല്ല..കുറച്ച് നാൾക്ക് മുൻപ് തന്നെ തോന്നി..ആത്മികയും ദിയയും ഒക്കെ പറഞ്ഞിരുന്നു സ്വന്തം ചോരയ്ക്ക് ആ അവസ്ഥ വരുമ്പോൾ ഞാൻ പഠിക്കുമെന്ന്..അന്ന് കൂട്ടുകാരെ കണ്ണടച്ച് വിശ്വസിച്ചവന് ആ വാക്കുകൾ ഒരു തമാശയായി തോന്നി..പക്ഷെ കുറച്ചു മാസങ്ങൾക്ക് മുൻപ് ക്രിസ്റ്റിയുടെ ഫോണിൽ ദേവുവിന്റെ ഫോട്ടോസ് കണ്ടപ്പോൾ അന്നാദ്യമായി എനിക്ക് കുറ്റബോധം തോന്നി..അവനോട് ചോദിച്ചപ്പോൾ അവൻ പറഞ്ഞ മറുപടി….അന്ന് എല്ലാം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചതാ ഞാൻ..എല്ലാം ഏറ്റുപറഞ്ഞ് ക്ഷമ ചോദിക്കാൻ പലതവണ വിചാരിച്ചതാ..പക്ഷെ എന്തോ ഒന്ന് അതിൽ നിന്ന് പിന്തിരിപ്പിച്ചു..” “നീയാണോ അന്ന് എന്നെ ഹോസ്പിറ്റലിൽ എത്തിച്ചത്??” അതിന് മറുപടി പറയാതെ ഹർഷൻ ഒന്ന് ചിരിച്ചു..ആൽബിയും.. “അവന്മാരും ഇവിടെ എത്തിയെന്ന് അറിഞ്ഞപ്പോൾ മുതൽ ദേവുവിന് കാവലായി നിൽകുവായിരുന്നു..

അതുകൊണ്ടാണ് നിന്റെ പിറന്നാളിന് അവളെ വിടാഞ്ഞത്..പിന്നെ അമ്പലത്തിൽ അവളെ കൊണ്ട് വന്നത് ആത്മികയെ ദൂരെ നിന്നെങ്കിലും ഒന്ന് കാണാൻ വേണ്ടി ആയിരുന്നു..അവളുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ എന്റെ ദുർനടപ്പ് കൊണ്ട് ഒരു നല്ല കാര്യം എങ്കിലും സംഭവിച്ചല്ലോ എന്ന സമാധാനം ആയിരുന്നു..അല്ലെങ്കിൽ ആജീവനാന്തം എന്റെ വീട്ടിലെ കരിയും പുകയും കൊണ്ട് അവൾ ജീവിച്ചേനെ” അമ്മയെ നോക്കി ഹർഷൻ പറഞ്ഞതും അമ്മായി സാരിതലപ്പ് കൊണ്ട് കണ്ണൊപ്പി.. “അന്ന് അമ്പലത്തിൽ വെച്ച് ഞാൻ വെല്ലുവിളിച്ചത് അല്ലടോ..താനാണ് അവരുടെ എല്ലാം ശക്തി..താൻ ഒന്ന് കരുതി ഇരിക്കാൻ വേണ്ടി പറഞ്ഞതാ..” “മ്മ്മ്…ഈ ഏറ്റുപറച്ചിൽ കൊണ്ട് ഇനി ഗുണമൊന്നും ഇല്ല..അറിയാലോ ദേവുവിന് നിന്നോടുള്ള വെറുപ്പ് ഉടനെ ഒന്നും മാറില്ല..” “അറിയാം..അത്രക്ക് വിശ്വാസം ആയിരുന്നു അവൾക് എന്നെ..ഞാൻ കാരണം അവളുടെ മാനം മാത്രമല്ല ജീവൻ പോലും നഷ്ടപ്പെട്ടേനെ..

പക്ഷെ ഞാൻ പറയുന്നത് താനൊന്ന് കിരണിനോട് പറഞ്ഞ് സമ്മതിപ്പിക്കണം” “എന്താ??” “രണ്ട് അടികിട്ടിയെന്നും പറഞ്ഞ് പിന്മാറുന്നവൻ അല്ല ക്രിസ്റ്റി.എനിക്ക് ആരോഗ്യമുള്ളപ്പോൾ പോലും ദേവുവിനെ സംരക്ഷിക്കാൻ കഴിഞ്ഞില്ല..അത് കൊണ്ട് ഇനിയൊരു പരീക്ഷണത്തിന് നില്കാതെ എത്രയും പെട്ടെന്ന് അവരുടെ വിവാഹം നടത്തണം” “ഇപ്പോൾ ഉടനെ അത് വേണോ?? ഒരേയൊരു ഏട്ടൻ ഇങ്ങനെ കിടക്കുമ്പോൾ…” “ഈ കിടപ്പ് മാറാനൊന്നും പോകുന്നില്ലല്ലോ…ഒന്നല്ല..ഒരുപാട് പെൺകുട്ടികളുടെ ശാപം ഉണ്ട്..കൂടെപ്പിറപ്പിന്റെയും പ്രണയം നൽകിയവളുടെയും ഉൾപ്പടെ..അതെല്ലാം അനുഭവിച്ച് തീരണം” കണ്ണ് നിറച്ച് അവൻ പറഞ്ഞതും ആ കണ്ണുനീർ തുടച്ചുകൊണ്ട് ആൽബി എഴുന്നേറ്റു. “ഞാൻ കിച്ചുനോട് സംസാരിക്കാം…ഇപ്പോൾ ഞാൻ പോട്ടെ” “ആൽബി…” ഹർഷന്റെ വിളികേട്ട് ആൽബി തിരിഞ്ഞുനോക്കി. “എനിക്ക്…എനിക്ക് ആത്മികയെ ഒന്ന് കാണണം” “വരുമോന്ന് എനിക്ക് ഉറപ്പില്ല..ഞാൻ പറഞ്ഞു നോക്കാം” ******

ഹർഷനെ കണ്ടതും അവൻ പറഞ്ഞ കാര്യങ്ങളുമൊക്കെ ആൽബി കളരിയ്ക്കൽ വന്ന് പറയുമ്പോൾ എല്ലാം കേട്ട് നിശബ്ദമായി ഇരിക്കുവായിരുന്നു അമ്മുവും ദേവുവും. “നിന്നെ കാണണമെന്ന് അവൻ പറഞ്ഞു..നീ വരുന്നെങ്കിൽ വേഗം പോയി റെഡി ആക്” “ഞാൻ വരാം ഇച്ചാ…” “നീ വരുന്നോ ദേവു??” “ഇല്ല ഇച്ചായ..ഹർഷേട്ടന്റെ കണ്ടിഷൻസ് ഒക്കെ അറിഞ്ഞാൽ മാത്രം മതി..അല്ലാതെ അയാളുടെ മുഖം പോലും എനിക്ക് കാണണ്ട” ഉറച്ച തീരുമാനത്തോടെയുള്ള ദേവുവിന്റെ വാക്ക് കേട്ട് ആൽബി അമ്മുവിനെ ഒന്ന് നോക്കി..എന്നിട്ട് ദേവുവിന്റെ അടുത്ത് വന്ന് വിരൽത്തുമ്പിനാൽ അവളുടെ മുഖം ഉയർത്തി.. “ഹർഷൻ നിന്റെ ഏട്ടനാണ്…അവന് മാപ്പ് കൊടുക്കണോ വേണ്ടയോ എന്നൊക്ക തീരുമാനിക്കേണ്ടത് നീ തന്നെയാണ്..

എങ്കിലും ഈ അവസ്ഥയിലായവനോട് ഇനിയും ദേഷ്യം കാണിക്കുന്നതിൽ ഒരർത്ഥവും ഇല്ല മോളെ..മാത്രമല്ല അവൻ ആത്മാർത്ഥമായി സ്നേഹിച്ചിട്ടുള്ളത് നിന്നെ മാത്രമാണ്” “എന്നിട്ട് ആ സ്നേഹം കൊണ്ട് എനിക്ക് എന്ത് കിട്ടി?? എന്തോ മഹാഭാഗ്യം കൊണ്ടാണ് ഞാനും ഇവളും ഒക്കെ ഇപ്പോഴും ജീവനോടെ നിൽക്കുന്നത്” “എന്നിട്ട് ഇവൾ ക്ഷമിക്കാൻ തയാറായതോ??” “ഇവൾ ഹർഷേട്ടന്റെ സ്വഭാവം മനസിലാക്കിയിരുന്നു..അതുകൊണ്ട് തന്നെ ഏട്ടനെ ആ രീതിയിലെ കണ്ടിട്ടുള്ളു.അങ്ങനെ ഉള്ളൊരാൾ പശ്ചാത്തപിക്കുമ്പോൾ ഇവളുടെ മനസ്സ് അലിയും.പക്ഷെ എനിക്ക് അയാൾ എന്റെ ജീവൻ ആയിരുന്നു..നമ്മൾ ഒരുപാട് സ്നേഹിച്ച ആളിൽ നിന്ന് ഒരു ചെറിയ തെറ്റ് സംഭവിക്കുമ്പോൾ പോലും നമുക്ക് അത് സഹിക്കാൻ കഴിയില്ല..അപ്പോൾ ഞാൻ എങ്ങനെ ഹർഷേട്ടന് മാപ്പ് കൊടുക്കും??”

“സ്നേഹിച്ച ആളുടെ തെറ്റും അല്ലാത്ത തെറ്റും തമ്മിൽ വ്യത്യാസമുണ്ടോ ദേവു??” “ഉണ്ടല്ലോ..അത് അറിയണമെങ്കിൽ ഇച്ചായൻ അമ്മുനോട് എന്തെങ്കിലും തെറ്റ് ചെയ്യണം..അപ്പോൾ അറിയാം ഇവൾ ക്ഷമിക്കുമോ ഇല്ലയോ എന്ന്??” “ശ്ശെടാ…ഞാൻ എന്തിനാ ഇവളോട് തെറ്റ് ചെയുന്ന?? അല്ലെങ്കിൽ തന്നെ ഉദാഹരണം പറയാൻ എന്നെയേ കിട്ടിയോളോ??” “അത് പിന്നെ..അമ്മു ഇപ്പോൾ എന്നെക്കാൾ കൂടുതൽ സ്നേഹിക്കുന്നത് ഇച്ചായനെ ആണല്ലോ..” ദേവു പറഞ്ഞത് കേട്ട് ആൽബി അമ്മുവിനെ നോക്കി..ഇനിയും അവിടെ നിന്നാൽ തന്റെ ഉള്ളിലുള്ള പ്രണയം ദേവു ഇപ്പോൾ തന്നെ ഇച്ചനെ അറിയിക്കുമെന്ന് പേടിച്ച് അമ്മു അവളെയും വലിച്ചുകൊണ്ട് മുറിയിലേക്ക് ഓടി…… (തുടരും )

ആത്മിക:  ഭാഗം 26

Share this story