ഈറൻമേഘം: ഭാഗം 16

ഈറൻമേഘം: ഭാഗം 16

 എഴുത്തുകാരി: Angel Kollam

അമേയ ഭിത്തിയിലേക്ക് ചേർന്നിരുന്നു.. താൻ കണ്ട സ്വപ്നത്തിന്റെ ഞെട്ടലിൽ നിന്നും അവൾ മോചിതയായിട്ടുണ്ടായിരുന്നില്ല.. അവൾക്ക് വല്ലാത്ത പരവേശം തോന്നി.. അടുക്കളയിലേക്ക് പോകാനായി കിടക്കയിൽ നിന്നും മെല്ലെ എഴുന്നേറ്റു കതകിന്റെ അടുത്തെത്തിയപ്പോഴാണ് പുറത്ത് ആരോ സംസാരിക്കുന്നത് പോലെ തോന്നിയത്.. അത്‌ തോന്നലല്ല.. ശരിക്കും ആരോ സംസാരിക്കുന്നുണ്ടെന്ന് അമേയയ്ക്ക് മനസിലായി.. അവൾ കതകിനോട് ചേർന്ന് നിന്ന് കാത് കൂർപ്പിച്ചു വച്ച് അപ്പുറത്തെന്താണ് നടക്കുന്നതെന്ന് അറിയാൻ ശ്രമിച്ചു… ഗിരീഷും അമ്മയും തമ്മിൽ സംസാരിക്കുകയിരിക്കുന്നു.. ഹാളിലിരുന്നാണോ അതോ ഗിരീഷിന്റെ റൂമിലിരുന്നാണോ സംസാരിക്കുന്നതെന്ന് വ്യക്തമല്ല.. ഈ രാത്രിയിൽ, എന്തായിരിക്കും അവർ സംസാരിക്കുന്നതെന്നറിയാനുള്ള ആകാംഷയിൽ അമേയ കാതോർത്തു നിന്നു.. ഭവാനിയുടെ അടക്കിപിടിച്ച ശബ്ദം കേൾക്കാം..

“മോനേ.. നീ കാണിച്ചത് മണ്ടത്തരമായിപ്പോയി.. ആമിയെ ഇങ്ങോട്ടേക്കു കൂട്ടിക്കൊണ്ട് വരുന്നതിന് മുൻപ് എന്നോടൊരു വാക്ക് ചോദിക്കാമായിരുന്നു.. ” “അമ്മ എന്താണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത്? ആമിയ്ക്ക് നമ്മളല്ലാതെ വേറെയാരാ ഉള്ളത്?” “മോനേ.. നീ കരുതും ഞാൻ ദുഷ്ടയായ സ്ത്രീയാണെന്ന്.. പക്ഷേ കല്യാണപ്രായത്തിലുള്ള ഒരു പെൺകുട്ടിയുടെ ചുമതല ഏറ്റെടുക്കുന്നത് റിസ്ക്കാണ്.. അത്‌ ഞാൻ പറയാതെ നിനക്കറിയാമല്ലോ?” “അമ്മേ.. അവളെ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വന്നില്ലെങ്കിൽ പോലും അച്ഛൻ മരിച്ചതിനു ശേഷം അവളുടെ പൂർണ്ണ ഉത്തരവാദിത്തവും എനിക്ക് തന്നെയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.. അതെന്റെ ബാധ്യത ആയിട്ടല്ല..

കടമയായിട്ടാണ് ഞാൻ കരുതുന്നത്.. അനിതയെ എന്റെ കയ്യിൽ പിടിച്ചേല്പിച്ചപ്പോൾ അച്ഛൻ പറഞ്ഞ വാക്കുകൾ ഇന്നും എന്റെ കാതിലുണ്ട്.. മരുമകനായിട്ടല്ല.. മകനായിട്ടാണ് എന്നെ സ്വീകരിക്കുന്നതെന്ന്.. ആ അച്ഛൻ അത്രയും സ്നേഹിച്ച് വളർത്തിയ മോളല്ലേ ആമി.. അവളുടെ കാര്യങ്ങൾ ഞാനല്ലേ നടത്തി കൊടുക്കേണ്ടത് ” “നീ ഇത്രയ്ക്ക് ശുദ്ധപാവമായി ജീവിക്കരുത് മോനേ.. അനിതയുമായിട്ടുള്ള വിവാഹം കഴിഞ്ഞിട്ടിപ്പോൾ ആറു വർഷം കഴിഞ്ഞു.. നിനക്ക് സ്ത്രീധനം തരാമെന്ന് പറഞ്ഞ പൈസ പോലും തരാൻ അവളുടെ അച്ഛന് സാധിച്ചില്ല അതിന് മുൻപ് അദ്ദേഹം മരിച്ചുപോയി.. ഒരുപക്ഷേ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ചിലപ്പോൾ വാക്ക് പറഞ്ഞ തുക തന്നേനെ.. നീ ഒരു കാര്യം ഓർക്കണം, ഗിരിജയേ കെട്ടിച്ചു വിട്ട കടം തീർക്കാൻ നിനക്ക് കിട്ടുന്ന സ്ത്രീധനം പ്രയോജനപെട്ടാലോ എന്ന് കരുതിയിട്ടാണ് അന്ന് അത്രയും തിടുക്കത്തിൽ നിന്റെ വിവാഹം നടത്തിയത്..

എന്നിട്ട് അതോടെ കൂടി വലിയൊരു ബാധ്യത നിന്റെ തലയിലായി.. നിനക്ക് അർഹതപ്പെട്ട പൈസയൊന്നും കിട്ടിയില്ലെന്നതോ പോട്ടേ, ഇതിപ്പോൾ അവളുടെ അനിയത്തിയുടെ കാര്യവും നീ നോക്കണ്ടേ.. രണ്ടു പെൺകുട്ടികളെ അല്ലാതെ വേറെയൊന്നും സമ്പാദിച്ചിട്ടില്ലല്ലോ അവളുടെ അച്ഛൻ? ആകെയുണ്ടായിരുന്ന വീടും പറമ്പും പോലും ആ രണ്ടാം ഭാര്യയുടെ പേരിൽ എഴുതി കൊടുത്തില്ലേ? ” “അമ്മേ.. ഇത്രയും സ്വാർത്ഥയാകരുതമ്മേ.. ഒരു പെണ്ണിനെ കെട്ടി അവളുടെ വീട്ടുകാർ തരുന്ന പൈസ കൊണ്ട് എന്റെ കടം തീർക്കാമെന്ന് സ്വപ്നം കണ്ടിട്ടൊന്നുമല്ല ഞാൻ കല്യാണം കഴിക്കാൻ തയ്യാറായത്.. അതുകൊണ്ടാണ് ഞാൻ സ്ത്രീധനമായിട്ട് ഒന്നും ആവശ്യപ്പെടാഞ്ഞത്.. അച്ഛനായിട്ട് ഇങ്ങോട്ട് പറഞ്ഞതാണ് അനിതയ്ക്ക് കുറച്ച് പൈസ കൊടുക്കാമെന്നു..

അത്‌ ലഭിക്കാതിരുന്നപ്പോളും എനിക്ക് നിരാശയൊന്നും തോന്നിയിട്ടില്ല.. കാരണം സ്വത്തിനേക്കാളും പണത്തിനേക്കാളും ഒക്കെ ഏറെ മൂല്യമുള്ളത് സ്നേഹത്തിനാണ്.. അങ്ങനെ നോക്കിയാൽ ഞാൻ ഭാഗ്യവാനാണ് അമ്മേ.. എന്നെ ഇത്രയേറെ സ്നേഹിക്കുകയും മനസിലാക്കുകയും ചെയ്യുന്ന ഒരു ഭാര്യയെ കിട്ടിയില്ലേ.. അതിലും വലുതായിട്ട് വേറെ എന്ത് വേണം? ഇത്രയും വർഷത്തിനിടയിൽ അല്ലറ ചില്ലറ സൗന്ദര്യപിണക്കങ്ങൾ അല്ലാതെ ഉച്ചത്തിലുള്ള ഒരു സംസാരമോ വഴക്കോ ഒന്നും ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല.. അതിന് കാരണം അവളുടെ അച്ഛൻ അവളെ അത്രയും നന്നായിട്ടാണ് വളർത്തിയത്.. അവളെ എനിക്ക് കിട്ടിയതല്ലേ ഏറ്റവും വല്യ ധനം.. പിന്നെ സ്ത്രീധനം എന്തിനാ?” “ഇതൊക്കെ പറയാൻ കൊള്ളാം.. എന്നിട്ട് നിന്റെ പെങ്ങളെ കെട്ടിയവൻ അങ്ങനെയൊന്നും ചിന്തിച്ചില്ലല്ലോ..

ഗിരിജയേ കെട്ടിച്ചയച്ചതിന്റെ സ്ത്രീധനം കൊടുക്കാൻ വേണ്ടി നീ എടുത്ത ലോണിന്റെ പലിശ അടച്ചു കൊണ്ടിരിക്കുന്നതല്ലേ ഉള്ളൂ.. അതിനിടയിൽ ഒരു ഭാരവും കൂടി എടുത്ത് തലയിൽ വയ്ക്കണ്ടെന്നേ ഞാൻ പറഞ്ഞുള്ളൂ ” “സ്ത്രീ തന്നെയാണ് ധനമെന്ന് എല്ലാ ആണുങ്ങളും ചിന്തിക്കില്ലെന്ന് എനിക്കറിയാം.. ഗിരിജയുടെ ഭർത്താവ് കല്യാണത്തിന് മുൻപ് തന്നെ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നു.. അത്‌ കൊടുക്കാമെന്നു നമ്മൾ വാക്ക് പറഞ്ഞ സ്ഥിതിയ്ക്ക് കൊടുക്കേണ്ടത് നമ്മുടെ കടമയാണ്.. അതുകൊണ്ടാണ് ലോൺ എടുത്തായാലും ഞാനത് കൊടുത്തത്..” “അപ്പോൾ അനിതയുടെ അച്ഛൻ നിനക്ക് തരാമെന്ന് വാക്ക് പറഞ്ഞ തുക നിനക്ക് അവകാശപെട്ടതായിരുന്നില്ലേ? അതെന്ത് കൊണ്ട് വാങ്ങിയെടുക്കണമെന്ന് നിനക്ക് തോന്നിയില്ല?” “ഒന്നാമത്.. ഞാൻ ആ അച്ഛനോട് ഒന്നും ആവശ്യപ്പെട്ടിരുന്നില്ല..

രണ്ടാമത്.. ആ അച്ഛൻ എന്തെങ്കിലും തന്നാൽ പോലും അതെനിക്ക് അവകാശപ്പെട്ടതല്ല അദേഹത്തിന്റെ മകൾക്ക് മാത്രം അവകാശപെട്ടതാണ്.. ” “നീ ഇങ്ങനെ ഒരു മണ്ടനായിപോയല്ലോ.. ഇനിയിപ്പോൾ അടുത്ത ലോണെടുത്തു ആമിയെ കെട്ടിക്കാനാണോ നിന്റെ പ്ലാൻ?” “അരവിന്ദും ആയിട്ടുള്ള ഈ വിവാഹം തീരുമാനമായെങ്കിൽ അവൻ സ്ത്രീധനമായിട്ട് ഒന്നും ആവശ്യപ്പെടില്ലെന്ന് എനിക്കുറപ്പായിരുന്നു.. പിന്നെ കല്യാണചിലവൊക്കെ എങ്ങനെയെങ്കിലുമൊക്കെ ഞാൻ നടത്തിയേനെ.. അനിതയുടെ പത്തു പവൻ ആഭരണങ്ങൾ ആമിയ്ക്ക് കൊടുക്കാമെന്നായിരുന്നു ഞാൻ കരുതിയത്.. പുറത്തേക്കൊന്നും അധികം ഇറങ്ങാത്ത അനിതയ്‌ക്കെന്തിനാ ഇത്രയും സ്വർണം?” “ഞാൻ പറയാനുള്ളത് പറഞ്ഞു..

എന്റെ മോനിങ്ങനെ കണ്ടവർക്ക് വേണ്ടി കഷ്ടപ്പെടുന്നത് കാണാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്.. പിന്നെ.. അനിതയ്ക്ക് സ്വർണം ആവശ്യമില്ലെങ്കിൽ അതെടുത്തു വിറ്റിട്ട് ആ പൈസയ്ക്ക് ലോണടച്ച് തീർക്കാൻ നോക്ക്.. അല്ലാതെ അനിയത്തിയുടെ കല്യാണം നടത്താൻ ധൃതി കൂട്ടാതെ ” “അമ്മയെന്താ ഇപ്പോൾ ഇങ്ങനെയൊക്കെ പറയുന്നത്?” “അതൊന്നും പറഞ്ഞാൽ നിനക്ക് മനസിലാകില്ല.. നിന്റെ അച്ഛൻ ഇതിനെക്കാളും വല്യ പരോപകാരി ആയിരുന്നു.. നിന്റെ അച്ഛന്റെ അതേ സ്വഭാവം തന്നെയാണ് നിനക്കും.. അതാ എനിക്ക് പേടി.. നിന്റെ അച്ഛൻ പോയപ്പോൾ ഈ വീട് പോലും പണയത്തിലായിരുന്നു.. അദ്ദേഹത്തിന്റെ സഹായം സ്വീകരിച്ച ആരും പിന്നീട് അദ്ദേഹത്തിനെ സഹായിച്ചിട്ടില്ല.. സരസ്വതിയുടെ ഭർത്താവ് ഒഴികെ.. നിന്റെ അച്ഛന്റെ മരണശേഷം നമ്മുടെ കാര്യങ്ങൾക്കൊക്കെ കൂടെ ഉണ്ടായിരുന്നത് സരസ്വതിയുടെ ഭർത്താവ് ആയിരുന്നു..

എല്ലാം നിനക്കും അറിയാവുന്ന കാര്യമല്ലേ? നല്ല മനുഷ്യർക്ക് ഭൂമിയിൽ അധികം ആയുസ്സില്ലെന്ന് പറയുന്നത് സത്യമാണ്.. അതുകൊണ്ടല്ലേ നിന്റെ അച്ഛനെപോലെ സരസ്വതിയുടെ ഭർത്താവിനെയും പെട്ടന്ന് തന്നെ ദൈവം വിളിച്ചത്.. രണ്ടു വീടിനും ആരും തുണയില്ലാതെ ആയിപോയത് കൊണ്ടല്ലേ ആ ചെറുപ്രായത്തിൽ പഠിത്തം നിർത്തിയിട്ടു നിനക്ക് ജോലിക്കിറങ്ങേണ്ടി വന്നത്.. അന്നുമുതൽ ചുമക്കാൻ തുടങ്ങിയതല്ലേ ഈ ഭാരം? ഇനിയും കൂടുതൽ ഭാരം എടുത്തു വച്ച് നീ തളർന്നു വീഴാൻ ഞാൻ സമ്മതിക്കില്ല.. ഞാൻ ദുഷ്ടയാണെന്ന് കരുതിയാലും സ്വാർത്ഥയാണെന്ന് കരുതിയാലും എനിക്ക് ഒരു പ്രശ്നവുമില്ല.. കാരണം എല്ലാ അമ്മമാരും സ്വന്തം മക്കളുടെ കാര്യത്തിൽ സ്വാർത്ഥരാണ് ” ഗിരീഷ് മറുപടി പറയാനാകാതെ നിന്ന് പോയി.. ഭവാനി തുടർന്ന് സംസാരിക്കാൻ തുടങ്ങി.. “മോനേ.. ഒരു കാര്യം മാത്രം നീ മനസിലാക്കിയാൽ മതി..

നിന്നോടുള്ള സ്നേഹക്കൂടുതൽ കൊണ്ട് മാത്രമാണ് ഞാനിങ്ങനെ പറയുന്നത്.. അല്ലാതെ എനിക്ക് അനിതയോടോ ആമിയോടോ ഒരു വിരോധവുമില്ല.. അവരുടെ അച്ഛൻ മരിച്ചു കഴിഞ്ഞപ്പോൾ ഇനിയൊരിക്കലും നിനക്ക് ആ പൈസ കിട്ടില്ലെന്ന്‌ മനസിലാക്കിയിട്ടും ഞാൻ അതിന്റെപേരിൽ അനിതയെ കുറ്റപ്പെടുത്തുകയോ അവളോട് വഴക്ക് ഉണ്ടാകുകയോ ചെയ്തിട്ടില്ല.. നീ ജോലിക്ക് പോയിക്കഴിഞ്ഞു ഞാനും അവളും മാത്രമായിരുന്നു ഈ വീട്ടിൽ.. എന്നിട്ടും ഞങ്ങൾക്കിടയിൽ അതിനെപ്പറ്റി ഒരു സംസാരം ഉണ്ടായിട്ടില്ല.. ഇപ്പോളും എന്റെ മനസിലുള്ളത് ഞാൻ നിന്നോട് മാത്രമല്ലെ തുറന്ന് പറഞ്ഞുള്ളൂ.. എന്റെ മനസിലെ ചിന്തകൾ ഞാൻ അനിതയോടോ ആമിയോടോ പ്രകടിപ്പിച്ചില്ലല്ലോ ” “എനിക്ക് മനസ്സിലാകുന്നുണ്ട് അമ്മേ.. അമ്മ ഒരുപകാരം മാത്രം ചെയ്താൽ മതി..

തത്കാലം ആമിയെ വിഷമിപ്പിക്കരുത്.. അവൾ അല്ലെങ്കിൽത്തന്നെ ഒരുപാട് സങ്കടത്തിലാണ്.. കുറച്ചു ദിവസം അവൾ ഇവിടെ മനസമാധാനത്തോടെ കഴിയട്ടെ.. അതിന് ശേഷം നമുക്ക് എന്താണെന്ന് വച്ചാൽ തീരുമാനിക്കാം.. പിന്നെ ആമി എനിക്കൊരിക്കലും ഒരു ഭാരമായിരിക്കില്ല അമ്മേ.. അതോർത്തു അമ്മ ടെൻഷനടിക്കേണ്ട.. പോയിക്കിടന്നുറങ്ങിക്കോ.. സമയം ഒരുപാട് വൈകി… ” “ഉം ” പിന്നീട് അവിടെ നിശബ്ദത നിഴലിട്ടു.. അമേയയ്ക്ക് ഭവാനിയെ കുറ്റപ്പെടുത്താൻ തോന്നിയില്ല.. അവരുടെ മനസിലെ ആശങ്കകൾ അവർ സ്വന്തം മകനോടല്ലേ പങ്ക് വച്ചത്? അമേയ കിടക്കയിലേക്ക് തന്നെ തിരികെയെത്തി.. വീണ്ടും ഭിത്തിയിൽ ചാരിയിരുന്നു.. താൻ ഇവിടെ തുടരുന്നത് നല്ലതായി തോന്നുന്നില്ല..

തിരിച്ചു ബാംഗ്ലൂരിലേക്ക് തന്നെ പോകാം.. നാട്ടിൽ ജോലി ചെയ്യാൻ കേരള രെജിസ്ട്രേഷൻ ഒക്കെ ചെയ്യണം.. അതിനൊക്കെ സമയമെടുക്കും.. തന്നെയുമല്ല ബാംഗ്ലൂരിലെ അത്രയും ശമ്പളമൊന്നും കേരളത്തിൽ കിട്ടത്തില്ല.. രാത്രിയിൽ അവൾ ഗാഡമായ ചിന്തയിലായിരുന്നു.. ആ രാത്രിയിൽ തന്നെ അവൾ ഉറച്ച ഒരു തീരുമാനമെടുത്തു.. ബാംഗ്ലൂരിലേക്ക് തന്നെ തിരിച്ചു പോകുക.. തനിക്കു എക്സ്പീരിയൻസ് ഉണ്ട്.. അതുകൊണ്ട് ജോലി കിട്ടാൻ എളുപ്പമായിരിക്കും.. നാളെത്തന്നെ ചേച്ചിയോടും ചേട്ടനോടും സംസാരിക്കണം.. എന്നിട്ട് തിരിച്ചു പോയേക്കാം.. രാവിലെ അമേയ ഉണർന്നു നോക്കുമ്പോൾ അനിത കിടക്കയിൽ ഉണ്ടായിരുന്നില്ല.. അവൾ അടുക്കളയിലായിരിക്കും എന്ന് ഊഹിച്ചു കൊണ്ട് അമേയയും അടുക്കളയിലേക്ക് ചെന്നു.. ഭവാനിയും അനിതയും പാചകത്തിലായിരുന്നു..

ഭവാനിയുടെ മുഖത്ത് പ്രത്യേകിച്ച് ഭാവവ്യത്യാസം ഒന്നുമുണ്ടായിരുന്നില്ല.. അവർ അമേയയ്ക്ക് ഒരു ഗ്ലാസ്‌ ചായ പകർന്നു കൊടുത്തു.. ഗിരീഷ് പോകാനുള്ള ധൃതിയിലായിരുന്നു.. അവൻ ബ്രേക്ഫാസ്റ്റ് കഴിക്കാൻ വേണ്ടി വന്നിരുന്നപ്പോൾ അനിത അവന് വിളമ്പി കൊടുത്തുകൊണ്ട് അവന്റെ അടുത്തുള്ള കസേരയിൽ ഇരുന്നു.. അമേയ മുഖവുരയൊന്നും ഇല്ലാതെ എല്ലാവരോടുമായി പറഞ്ഞു.. “ഞാൻ ബാംഗ്ലൂരിലേക്ക് തന്നെ തിരിച്ചു പോവാ ” മൂന്നുപേരും അമ്പരപ്പോടെ അമേയയുടെ മുഖത്തേക്ക് നോക്കി.. ഗിരീഷ് അവളോട് ചോദിച്ചു.. “എന്താ ഇത്രയും പെട്ടന്ന് അങ്ങനെ തീരുമാനിച്ചത്?” “എന്റെ മനസിന്റെ വിഷമം മാറ്റാനാണ് ഞാൻ നാട്ടിലേക്ക് വന്നത്.. പക്ഷേ ഇവിടെ വന്നപ്പോൾ കൂടുതൽ വിഷമങ്ങൾ ഉണ്ടായി.. ഈ സാഹചര്യത്തിൽ നാട്ടിൽ നിന്ന് മാറി നിന്നാലേ എന്റെ മനസ് പൂർവ്വസ്ഥിതിയിൽ ആകുകയുള്ളൂ എന്നെനിക്ക് തോന്നുന്നു..

വീട്ടിൽ വെറുതെയിരുന്നാൽ സങ്കടം കൂടത്തേയുള്ളു.. ജോലിക്ക് കയറിയാൽ തിരക്കൊക്കെയാകുമ്പോൾ പെട്ടന്ന് തന്നെ എല്ലാം മറക്കും ” “ഇത്രപെട്ടന്ന് നീ തിരിച്ചു പോകുന്നതിനോട് എനിക്ക് യോജിപ്പില്ല ” “ചേട്ടാ.. ഞാൻ ഏറെ ആലോചിച്ചെടുത്ത തീരുമാനമാണ്.. ഈ അന്തരീക്ഷം പോലും എന്നെ വേദനിപ്പിക്കുന്നു.. പ്ലീസ്.. ഞാൻ തിരിച്ചു പൊയ്ക്കോട്ടേ ” അനിതയും ഗിരീഷും പരസ്പരം നോക്കി.. ഒരു നിമിഷം നിശബ്ദയായിരുന്നിട്ട് അനിത പറഞ്ഞു.. “മോളെ.. നിന്റെ എല്ലാ നല്ല തീരുമാനങ്ങൾക്കും ഞങ്ങൾ കൂടെയുണ്ടാകും.. ഇവിടെ നീ ഹാപ്പിയല്ലെങ്കിൽ നിനക്ക് പോകാം.. നിന്റെ സന്തോഷമാണ് ഞങ്ങൾക്ക് വലുത്.. പോകുന്നതിനു മുൻപ് എന്താണ് നിന്റെ പ്ളാനെന്ന് കൂടി ഞങ്ങൾക്കറിയണം ” “ചേച്ചി അവിടെ എവിടെയെങ്കിലും ജോലിക്ക് കയറാനാണ് എന്റെ പ്ലാൻ ”

“എവിടെ? ഏത് ഹോസ്പിറ്റലിൽ? എന്തായാലും എമറാൾഡിൽ പോയി ജോലി ചെയ്യാൻ നിനക്ക് താല്പര്യം ഇല്ലെന്നെനിക്കറിയാം.. അപ്പോൾപ്പിന്നെ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാതെ നേരെ കയറിചെന്നാൽ ജോലിക്ക് കയറാൻ പറ്റില്ലല്ലോ?” അമേയ പെട്ടന്ന് തന്നെ ഒരു കള്ളം പറഞ്ഞു.. “ചേച്ചി എന്റെ റൂംമേറ്റ്‌ ടീനേച്ചേച്ചിയുടെ കസിൻ അവിടെ അടുത്ത് തന്നെയൊരു ഹോസ്പിറ്റലിൽ വർക്ക്‌ ചെയ്യുന്നുണ്ട്.. ചെന്നാലുടനെ ഇന്റർവ്യൂ അറ്റൻഡ് ചെയ്തിട്ട് ജോലിക്ക് കയറാമെന്നാണ് ടീനച്ചേച്ചി പറഞ്ഞത്.. അതുകൊണ്ട് നാളത്തെ ട്രെയ്നിൽ തന്നെ തത്കാൽ ടിക്കറ്റ് എടുത്ത് പോകാമെന്നാണ് ഞാൻ തീരുമാനിച്ചിരിക്കുന്നത്.. ” “നീ എല്ലാം തീരുമാനിച്ചു വച്ചിരിക്കുന്ന സ്ഥിതിയ്ക്ക് ഞങ്ങളായിട്ട് ഇനി എതിരൊന്നും നിൽക്കുന്നില്ല ” ഗിരീഷിന്റെയും അനിതയുടെയും മുഖത്ത് സങ്കടമാണെന്ന് അമേയ തിരിച്ചറിഞ്ഞു.. ഭവാനിയുടെ മുഖത്ത് ആശ്വാസമാണെന്നും അവൾ മനസിലാക്കി….

അമേയ ഓൺലൈൻ ആയിട്ട് ടിക്കറ്റ് ബുക്ക്‌ ചെയ്തു.. സ്പെഷ്യൽ ട്രെയിനിൽ ടിക്കറ്റ് ബുക്ക്‌ ചെയ്യാൻ അവൾക്ക് കഴിഞ്ഞില്ല.. ഐലൻഡ് എക്സ്പ്രസ്സിലാണ് അവൾക്ക് ടിക്കറ്റ് കിട്ടിയത്.. അന്ന് രാത്രിയിലും അമേയയോടൊപ്പമാണ് അനിത ഉറങ്ങിയത്.. ചേച്ചിയുടെ സ്നേഹവാത്സല്യങ്ങൾ ഏറ്റ് വാങ്ങി കുറച്ചു നാളുകൾ കൂടി ഇവിടെ താമസിക്കണമെന്നുണ്ടായിരുന്നു.. പക്ഷേ ഇവിടത്തെ അമ്മയെ വിഷമിപ്പിച്ചു കൊണ്ട് ഇവിടെ നിൽക്കുന്നത് ശരിയല്ല.. താൻ കാരണം ഇനിയാരും സങ്കടപെടാൻ പാടില്ല.. പക്ഷേ അങ്ങോട്ടേക്ക് ലക്ഷ്യബോധ്യം പോലുമില്ലാത്ത ഒരു യാത്രയ്ക്കാണ് താൻ ഇറങ്ങിപുറപ്പെടുന്നത്.. എമറാൾഡ് ഹോസ്പിറ്റലിലേക്ക് തിരിച്ചു പോകാൻ താൻ ആഗ്രഹിക്കുന്നില്ല.. മറ്റൊരു ഹോസ്പിറ്റലിൽ ജോലി പോലും ശരിയാകുന്നതിന് മുൻപ് ബാംഗ്ലൂരിലേക്ക് യാത്ര തിരിക്കുന്നത് ശരിയാണോ? അവിടത്തെ ഭാഷ പോലും തനിക്ക് നല്ല വശമില്ല..

എടുത്തുചാടിയെടുത്ത ഈ തീരുമാനം കൊണ്ട് താൻ പിന്നീട് ദുഖിക്കേണ്ടി വരുമോ? സാരമില്ല.. മുന്നോട്ട് വച്ച കാലിനി പിന്നോട്ടേക്ക് എടുക്കുന്ന പ്രശ്നമില്ല.. എന്ത് വന്നാലും ധൈര്യമായി നേരിടുക തന്നെ.. പിറ്റേന്ന്, ഗിരീഷ് ജോലിക്ക് പോയില്ല.. അവനാണ് അമേയയെ റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടാക്കിയത്.. വീട്ടിൽ നിന്നിറങ്ങുന്നതിന് മുൻപ് അനിതയോട് യാത്ര പറയുമ്പോൾ അമേയയുടെ മിഴികൾ നിറഞ്ഞു.. മുഖം അമർത്തിത്തുടച്ചു ചേച്ചിയിൽ നിന്ന് തന്റെ സങ്കടം അവൾ മറച്ച് പിടിച്ചു.. ചേച്ചിയുടെ കവിളിൽ ഒരു ചുംബനം നൽകിയിട്ട് പറഞ്ഞു.. “ഞാൻ പോയിട്ട് വരാട്ടോ..” “മോളെ നിനക്ക് അവിടെ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ ഞങ്ങളെ അറിയിക്കണം.. ഒരു സങ്കടവും മനസ്സിൽ വച്ച് കൊണ്ടിരിക്കരുത്.. നീ ഒരിക്കലും തനിച്ചല്ല.. നിനക്ക് ഞങ്ങളെല്ലാവരും ഉണ്ട് ” “അറിയാം ചേച്ചി ” അമേയ കാറിലേക്ക് കയറി.. ആ കാർ കണ്ണിൽ നിന്ന് മറയുന്നത് വരെ അനിത മുറ്റത്ത് തന്നെ നിന്നു..

കോട്ടയം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ വെയിറ്റ് ചെയ്തിരിക്കുമ്പോൾ പ്ലാറ്റ്ഫോമിൽ ഒഴിഞ്ഞു കിടന്ന കസേരകളിൽ ഒന്നിലായി ഗിരീഷ് ഇരുന്നു.. അവന്റെ തൊട്ടരികിലായി അമേയയും.. “ആമി.. നീ തിടുക്കത്തിൽ ഇങ്ങനെയൊരു തീരുമാനമെടുക്കാൻ എന്തെങ്കിലും കാരണമുണ്ടോ? ആരെങ്കിലും നിന്നോട് എന്തെങ്കിലും പറഞ്ഞോ?” ഭവാനി താനറിയാതെ അമേയയോട് വല്ലതും പറഞ്ഞിട്ടുണ്ടോ അതിന്റെപേരിലാണോ അവളുടെ ഈ യാത്രയെന്ന് അറിയാനായിരുന്നു അവന്റെ ചോദ്യം.. “ഇല്ല ചേട്ടാ.. ഇത് തീർത്തും എന്റെ വ്യക്തിപരമായ തീരുമാനമാണ് ” “മോളെ നിന്റെ ചേച്ചി പറഞ്ഞത് തന്നെ എനിക്കും പറയാനുള്ളൂ.. അവിടെ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ നീ അറിയിക്കണം.. നിന്റെ ഈ യാത്ര എന്നെ ഏറെ വേദനിപ്പിക്കുന്നുണ്ട് ” ഗിരീഷിന്റെ ചുമലിലേക്ക് തന്റെ തല ചായ്ച്ചു കൊണ്ട് അമേയ പറഞ്ഞു..

“എന്റെയും ചേച്ചിയുടെയും ജീവിതത്തിലെ ഏറ്റവും വല്യ അനുഗ്രഹമാണ് ഞങ്ങളുടെ ജീവിതത്തിലേക്ക് ചേട്ടൻ വന്നത്.. ചേട്ടൻ വിഷമിക്കണ്ട.. അവിടെ എന്ത് പ്രയാസമുണ്ടെങ്കിലും ഞാൻ ഉറപ്പായിട്ടും നിങ്ങളെ അറിയിക്കും.. എനിക്കറിയാം നിങ്ങൾ എപ്പോളും എന്നോടൊപ്പമുണ്ടായിരിക്കുമെന്ന് ” ട്രെയിനിന്റെ ചൂളം വിളി കേട്ടപ്പോൾ അമേയ എഴുന്നേറ്റു.. ഗിരീഷിന്റെ മുഖത്തേക്ക് നോക്കി മൗനമായി യാത്ര ചോദിച്ചു.. ട്രെയിനുള്ളിലേക്ക് അമേയ കയറിയതും അവളുടെ ബാഗുമായി ഗിരീഷ് പിന്നാലെ കയറി.. സീറ്റ് നമ്പർ പന്ത്രണ്ടായിരുന്നു അമേയയുടെ സീറ്റ്.. അമേയയുടെ സീറ്റിന് തൊട്ട് താഴെയായി ബാഗ് വച്ചിട്ട് ഗിരീഷ് പുറത്തേക്കിറങ്ങി.. ട്രെയിൻ പുറപ്പെടാനുള്ള സിഗ്നൽ മുഴങ്ങി.. അമേയ ഗിരീഷിന്റെ നേർക്ക് തന്റെ കരമുയർത്തി യാത്ര പറഞ്ഞു..

ജനലരികിലായിരുന്നു അമേയയുടെ സീറ്റ്.. അവിടെ ഇരുന്നപ്പോളാണ് തന്റെ എതിർവശത്തെ സീറ്റിലിരുന്നയാളെ അമേയ ശ്രദ്ധിച്ചത്.. മാധവിക്കുട്ടിയുടെ ഒരു നോവൽ വായിച്ചു കൊണ്ടിരിക്കുന്ന ഒരു ചെറുപ്പക്കാരൻ.. അയാൾ മറ്റുള്ളതൊന്നും ശ്രദ്ധിക്കാതെ വായനയിൽ മുഴുകിയിരിക്കുകയാണ്.. ആ സ്വർണഫ്രെയിമുള്ള കണ്ണട കണ്ടപ്പോൾ അത് തന്റെ സ്വപ്നത്തിൽ കണ്ട ചെറുപ്പക്കാരനാണെന്ന് അമേയ ഞെട്ടലോടെ തിരിച്ചറിഞ്ഞു.. ആ യാത്രയിൽ തന്റെ ജീവിതത്തിന്റെ ഗതി തന്നെ മാറുമെന്ന് ഇങ്ങനെയൊരു യാത്ര തീരുമാനിച്ചപ്പോൾ അമേയ അറിഞ്ഞിരുന്നില്ല.. തുടരും.. അമേയയുടെ ജീവിതത്തിലെ സങ്കടങ്ങളൊക്കെ തീരുകയാണ് കേട്ടോ…. തുടരും…….

ഈറൻമേഘം: ഭാഗം 14

Share this story