അല്ലിയാമ്പൽ: ഭാഗം 10

അല്ലിയാമ്പൽ: ഭാഗം 10

എഴുത്തുകാരി: ആർദ്ര നവനീത്

ദിവസങ്ങൾ കടന്നുപോകവേ അല്ലിയും നിവേദുo കൂടുതൽ കൂടുതൽ അറിയുകയായിരുന്നു. പാലാഴി ശരിക്കും സ്വർഗ്ഗമായി മാറിയിരുന്നു. ഒരിക്കൽ മൂകത നിറഞ്ഞുനിന്നിരുന്ന ആ ആലയം ഇപ്പോൾ അവരുടെ പ്രണയത്തിനും ആരുവിന്റെ കൊഞ്ചലിനും മഹേശ്വരിയമ്മയുടെ സമാധാനത്തിനും വഴിയൊരുക്കി വിളങ്ങിനിന്നു. നശിച്ചുവെന്ന് കരുതിയിരുന്ന മകന്റെ ജീവിതം സന്തോഷത്തിൽ പോകുന്നത് കാണുന്ന ഒരമ്മയുടെ ആനന്ദം അനിർവ്വചനീയമാണല്ലോ. അല്ലി കാരണമാണ് പാലാഴി ശബ്ദമുഖരിതമായതെന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായമില്ലായിരുന്നു. നവംബർ പതിനൊന്ന്.. ആമിയുടെയും നിവേദിന്റെയും വിവാഹവാർഷികം.

പ്രണയിച്ച പെണ്ണിനെ തന്റെ പേരിലുള്ള ആലിലത്താലി ചാർത്തി സിന്ദൂരച്ചുവപ്പിനാൽ സ്വന്തമാക്കിയ ദിനം. ആമിയുടെ ഓർമ്മകളിൽ നിവേദിന്റെ കണ്ണ് നനഞ്ഞപ്പോൾ കൂടപ്പിറപ്പിന്റെ വേർപാടിന്റെ വേദനയിൽ അല്ലിയുടെ മിഴികൾ നിറഞ്ഞൊഴുകി. അന്ന് എല്ലാവരും മൂകരായിരുന്നു. കളിചിരിയില്ലാതെ അന്നത്തെ ദിവസം അവർ ആമിയുടെ വേർപാടിന്റെ നൊമ്പരത്തിൽ കഴിച്ചുകൂട്ടി. അമ്മയും അച്ഛനും നിശ്ശബ്ദരായതിന്റെ അമ്പരപ്പിൽ കുഞ്ഞ് ആരുവും അന്ന് മൗനമണിഞ്ഞു. കിടപ്പറയിൽ ഒന്നുചേർന്നതിന് ശേഷം അന്നാദ്യമായി അവർ പിന്തിരിഞ്ഞു കിടന്നു.

ആ നെഞ്ചിലേക്ക് ചായണമെന്നും നെറുകയിലൊരുമ്മ നൽകി അവനെ സാന്ത്വനിപ്പിക്കണമെന്നും അവളേറെ ആഗ്രഹിച്ചുവെങ്കിലും അവന്റെ മാനസികാവസ്ഥ മറ്റാരെക്കാളും നന്നായി അവനെ മനസ്സിലാക്കുവാൻ അവൾക്കായത് കൊണ്ടാകാം അവൾ കട്ടിലിന്റെ ഓരത്തേക്ക് ഒതുങ്ങിക്കൂടിയതും. അന്ന് അല്ലിയുടെ കണ്ണുനീരിനാൽ തലയിണ നനഞ്ഞു കുതിർന്നു. നിവേദിന്റെ മനസ്സിന്റെ നോവ് അതവളിൽ നോവുണർത്തിക്കൊണ്ടേയിരുന്നു. നിവേദിന്റെ മനസ്സിൽ ആമിയായിരുന്നു. ഒരുപാട് ഇഷ്ടത്തോടെ പ്രണയിച്ച പെണ്ണിനെ തന്റേതാക്കുന്ന നിമിഷം. ഏതൊരു പുരുഷന്റെയും പ്രിയനിമിഷങ്ങളിലൊന്ന്. ആമിയോടൊപ്പമുള്ള ഓർമ്മകൾ അവനെ ചിരിപ്പിക്കുകയും അവളില്ലെന്ന യാഥാർഥ്യം അവനെ നൊമ്പരപ്പെടുത്തുകയും ചെയ്തു.

ദിവസങ്ങൾ കടന്നുപോയി. മായ്ക്കാൻ കഴിയാത്ത വിഷമങ്ങളില്ലല്ലോ. ആമി നിവേദിനെന്നും നോവുള്ളൊരു ഓർമ്മയായി വീണ്ടും ഒതുങ്ങി. ധനുമാസത്തിലെ ചോതി ആരുവിന്റെ പിറന്നാൾ. അടുത്ത ചില ബന്ധുക്കളെ മാത്രം ക്ഷണിക്കാമെന്നവർ തീരുമാനിച്ചു. കുഞ്ഞിന് വേണ്ടി വസ്ത്രമെടുക്കാൻ മൂവരും ഒന്നിച്ചാണ് പോയത്. കുഞ്ഞുകസവ്‌ മുണ്ടും പച്ച നിറത്തിലെ സിൽക്കിന്റെ ഷർട്ടും അല്ലി തിരഞ്ഞെടുത്തപ്പോൾ കുട്ടിജീൻസും ഷർട്ടും നിവേദ് എടുത്തു. അല്ലിയ്ക്കായി റോയൽ ബ്ലൂവും മഞ്ഞയും കോമ്പിനേഷൻ വരുന്ന പ്യുവർ സോഫ്റ്റ്‌ സിൽക്ക് സാരിയാണ് നിവേദ് തിരഞ്ഞെടുത്തത്. മഹേശ്വരിക്കും അംബികയ്ക്കും വസ്ത്രങ്ങളെടുക്കുവാനും അവർ മറന്നില്ല.

തിരികെ വരുന്ന വഴിയിൽ മിസ്റ്റർ ബേക്കറിൽ കയറി മനോഹരമായ കാർട്ടൂൺ തീം വരുന്ന റെഡ് വെൽവെറ്റ് കേക്ക് ആണ് ഓർഡർ ചെയ്തത്. തിരികെ വീട്ടിലെത്തി ക്ഷണിക്കാനുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കുകയും ചെയ്തു. പിറന്നാൾ ദിവസം രാവിലെ തന്നെ മൂവരുമൊന്നിച്ച് ക്ഷേത്രത്തിൽ പോയി. കുടുംബത്തിൽ എല്ലാവരുടെയും പേരിൽ അർച്ചന കഴിപ്പിക്കാൻ അല്ലി മറന്നില്ല. കൂടെ മോന്റെ പേരിൽ പാൽപ്പായസവും കഴിപ്പിച്ചു. ദേവീനടയിൽ നിന്നും പ്രാർത്ഥിക്കുമ്പോൾ അവളുടെ മനസ്സ് നിറഞ്ഞിരുന്നു. അവളുടെ മനസ്സിൽ തന്റെ പ്രിയപ്പെട്ടവനോട് പറയുന്നതിനായി ഒരു രഹസ്യം ഉണ്ടായിരുന്നു. വൈകുന്നേരം ഫങ്ഷൻ വച്ചതിനാൽ ഉച്ചയ്ക്ക് സദ്യക്ക് അവർ മാത്രമേയുണ്ടായിരുന്നുള്ളൂ.

പായസം കൂട്ടി ചോറ് കഴിച്ചതിന്റെയാകാം മോൻ ഉറക്കം പിടിച്ചു. മോനെ കിടത്തിയിട്ട് തിരിഞ്ഞതും അല്ലിയെ തന്നോട് ചേർത്തുപിടിച്ചു നിവേദ്. ആ തണലിൽ ചായാനിരുന്നതുപോലെ അവൾ അവനിലേക്ക് ചാഞ്ഞുനിന്നു. അല്ലീ… മ്.. എനിക്കറിയാം കുറച്ച് ദിവസങ്ങൾ ഞാൻ നിന്നെ അകറ്റി നിർത്തിയെന്ന്. എന്റെ മാനസികാവസ്ഥ… ബാക്കി പറയാനനുവദിക്കാതെ അല്ലി തന്റെ വിരലുകളാൽ ആ അധരങ്ങൾ ബന്ധിച്ചു. എനിക്കറിയാം നിവേദേട്ടാ.. പരസ്പരം അറിഞ്ഞിട്ടും എല്ലാം തുറന്നു പറഞ്ഞിട്ടുമല്ലേ നമ്മൾ ജീവിതം തുടങ്ങിയത്. ഈ ജന്മം ആമിയെ മറക്കാനാകില്ലെന്ന് എനിക്കറിയാം. എന്റെ കൂടപ്പിറപ്പാണവൾ. ഏട്ടന്റെ നല്ലപാതിയായിരുന്നവൾ. ഞാൻ പറഞ്ഞിട്ടില്ലേ എനിക്ക് അല്ലിയായാൽ മതി. ആമി.. അവളുടെ വിടവ് നികത്താൻ ആർക്കുമാകില്ല.

ആരും ആർക്കും പകരമാകില്ല.. അല്ലിയുടെ മിഴികളിലെ ശാന്തതയിൽ താൻ അലിഞ്ഞു ചേർന്നതുപോലെ അവന് തോന്നി. പറയാതെ തന്നെ മനസ്സിലാക്കുവാൻ അവൾക്ക് സാധിക്കുന്നുവെന്നതിൽ അവന് സന്തോഷം തോന്നി. അധരം അവളുടെ കഴുത്തിൽ പതിഞ്ഞ് കൈകൾ കുസൃതി കാട്ടാൻ തുടങ്ങിയപ്പോൾ അവളവനെ തള്ളിമാറ്റി. എല്ലാവരും ഇപ്പോൾ വന്ന് തുടങ്ങും.. രാത്രിയാകട്ടെ കാണിച്ചു തരാം.. മീശയുടെ തുമ്പ് പിരിച്ചുകൊണ്ടവൻ അവളെ കുറുമ്പോടെ നോക്കി. അതിന് മുൻപ് ഞാനൊരു സമ്മാനം തരും എന്റെ പ്രാണന്. ഏറ്റവും വിലപ്പെട്ട ഒരു സമ്മാനം. അല്ലി തന്റെ പ്രിയപ്പെട്ടവന് നൽകുന്ന അമൂല്യനിധി. കുസൃതിച്ചിരിയോടെ അല്ലി പറഞ്ഞു. എന്ത് സമ്മാനമാ.. കേക്ക് കട്ട് ചെയ്യാൻ സമയമാകുമ്പോൾ പറയാം. അതുവരെ മോൻ ചിന്തിക്ക് എന്താണ് ആ സമ്മാനമെന്ന്.

വില നിർവചിക്കാനാകാത്ത അമൂല്യനിധി എന്താകുമെന്ന്.. അവന്റെ മൂക്കിൻത്തുമ്പിൽ മെല്ലെ ഉലച്ചുകൊണ്ട് അവൾ ചിരിച്ചു. നിവേദേ.. താഴെ നിന്നും അമ്മ വിളിക്കുന്നത് കേട്ടപ്പോൾ അവനവളുടെ കവിളിൽ അമർത്തി ചുംബിച്ചശേഷം താഴേക്കിറങ്ങി. അവൻ ചുംബിച്ച കവിളിൽ പ്രണയാർദ്രമായി ഒന്ന് തഴുകിയശേഷം അവൾ ആരുവിന്റെ അടുത്തേക്കിരുന്നു. അതീവവാത്സല്യത്തോടെ ആ കുരുന്നിന്റെ നെറുകയിൽ അധരമമർത്തിയശേഷം അവൾ കബോർഡ് തുറന്നു. അതിലെ തടികൊണ്ട് കൊത്തുപണി ചെയ്ത ചെറിയ ചെപ്പ് അവൾ തുറന്നു. അതിൽ സൂക്ഷിച്ചുവെച്ച നിവേദിനായുള്ള സർപ്രൈസ് അവൾ കൈയിലെടുത്തു. നിറകണ്ണുകളോടെ നിറമനസ്സോടെ അതവൾ നെഞ്ചോട് ചേർത്തു. അതൊരു പ്രെഗ്‌നൻസി കിറ്റ് ആയിരുന്നു.

രണ്ട് പിങ്ക് വരകൾ തെളിഞ്ഞു നിന്നിരുന്നു അതിൽ. കണ്ണാടിയുടെ മുൻപിൽ നിന്ന് സാരിയുടെ മറ നീക്കിയപ്പോൾ നനുത്ത രോമങ്ങൾ മയങ്ങുന്ന അണിവയർ അനാവൃതമായി. വാവേ… വയറിൽ കൈവച്ചവൾ മെല്ലെ വിളിച്ചപ്പോൾ കവിളിൽ നിന്നും ആനന്ദസൂചകമായി മിഴിനീർ ഒഴുകി തറയിൽ വീണുടഞ്ഞു. ഒരു പെണ്ണിന്റെ ജീവിതത്തിലെ മനോഹരമായ നിമിഷം. തങ്ങളുടെ പ്രണയത്തിന്റെ സാക്ഷാത്കാരം. നിവേദിന്റെ ജീവാംശം. തന്റെ പുരുഷന്റെ കുഞ്ഞിനെ ഉദരത്തിൽ വഹിക്കുന്ന പെണ്ണിന് തോന്നുന്ന അഭിമാനം സന്തോഷം ഇതെല്ലാമായിരുന്നു അവളിൽ. മോനുണർന്നപ്പോൾ അല്ലി ധൃതിയിൽ ബോക്സ്‌ കബോർഡിൽ വച്ചശേഷം ആരുവിനെ എടുത്തു.

നിവേദ് എടുത്ത ഡ്രസ്സ്‌ ഇടീപ്പിച്ച് കുഞ്ഞുമായി താഴേക്കിറങ്ങുമ്പോൾ ക്ഷണിച്ചവരിൽ ഏറെയും എത്തിയിരുന്നു. പലരും മാറിമാറിയെടുക്കുന്നതിൽ അസ്വസ്ഥത പ്രകടിപ്പിച്ച് ആരു വിതുമ്പാൻ തുടങ്ങി. അല്ലിയുടെ നേർക്ക് കൈകൾ നീട്ടി കരഞ്ഞപ്പോൾ അല്ലിയവനെ വാരിയെടുത്ത് മാറോട് ചേർത്ത് സമാധാനിപ്പിച്ചു. അല്ലിയുടെ മാറിലേക്ക് പറ്റിച്ചേർന്ന് അവൻ ശാന്തനായി കിടന്നപ്പോൾ എല്ലാവരുടെയും കണ്ണുകൾ അവരിലായിരുന്നു. കേക്ക് കട്ട് ചെയ്യാൻ സമയമായപ്പോൾ അല്ലി മോനെ എടുത്ത് വന്നു. എല്ലാവരും ചുറ്റും കൂടി. അപ്പോഴാണ് ബോക്സ്‌ എടുത്തില്ലെന്ന് അവളോർത്തത്. നിവേദേട്ടാ.. മോനെയൊന്ന് പിടിച്ചേ. ഞാനിപ്പോൾ വരാം. ഒരു മിനിറ്റ്.. ആരുവിനെ നിവേദിനെ ഏല്പിച്ചുകൊണ്ട് അവൾ മുകളിലേക്ക് കയറി. അകത്തേക്ക് കയറി വന്നവരെ സ്വീകരിക്കാൻ അംബിക ഹാളിലേക്കിറങ്ങി.

മഹേശ്വരിയമ്മേ… അംബികയുടെ ഉച്ചത്തിലുള്ള വിളികേട്ട് എല്ലാവരും പകച്ചു. കുഞ്ഞിനെയുമെടുത്ത് നിവേദുo അതിന് പിന്നാലെ മറ്റുള്ളവരും അങ്ങോട്ടേക്കോടി. അവിടുത്തെ കാഴ്ച കണ്ട് എല്ലാവരും നടുങ്ങി. നിവേദിലും മഹേശ്വരിയമ്മയിലും ആ കാഴ്ചയുണ്ടാക്കിയ ആഘാതം വളരെ വലുതായിരുന്നു. അല്ലി ബോക്സുമായി വന്നപ്പോൾ ആരെയും കണ്ടില്ല. ഹാളിലേക്ക് അവൾ നടന്നു. എല്ലാവരും അവളെ സഹതാപപൂർവ്വം നോക്കുന്നുണ്ടായിരുന്നു. കാര്യം മനസ്സിലാകാതെ അല്ലി മുന്നോട്ട് നടന്നു. എന്തുകൊണ്ടോ അകാരണമായി അവളുടെ ഹൃദയമിടിപ്പ് കൂടി. തന്റെ മുൻപിലെ കാഴ്ച വിശ്വസിക്കാനാകാതെ അല്ലി തറഞ്ഞു നിന്നു.

ലോകം കീഴ്മേൽ മറിയുന്നത് പോലെ അവൾക്ക് തോന്നി. ഒരു ആശ്രയത്തിനെന്നപോലെ അവൾ ഒന്ന് പരതി. ശ്വാസം പോലുമെടുക്കാൻ അവൾ ഒരുനിമിഷം മറന്നു. കൈയിലെ ബോക്സ് അപ്പോഴും ഇറുകെ പിടിച്ചു. വലംകൈ ഉദരത്തിലേക്കമർന്നു. തൊണ്ടക്കുഴിയിൽ ഒരു നിലവിളി കുരുങ്ങി നിൽക്കുന്നതുപോലെ അവൾക്ക് വല്ലാതെ വേദനിച്ചു. അതിലും വലിയ വേദനയിൽ അവളുടെ ഹൃദയം പിടഞ്ഞുകൊണ്ടിരുന്നു. കണ്ണുനീർ കാഴ്ചയെ മറയ്ക്കുമ്പോഴും അവൾ കണ്ടു. നിറമിഴികളോടെ തകർന്നു നിൽക്കുന്ന നിവേദിനെ. അവന്റെ മാറിൽ പറ്റിച്ചേർന്ന് അവനെ പുണർന്ന് നിൽക്കുന്ന ആ പെൺകുട്ടിയെ.

തന്റെ കൂടപ്പിറപ്പിനെ.. ഒരേ വയറ്റിൽ ഒന്നിച്ച് ജന്മം കൊണ്ട തന്റെ ഇരട്ട സഹോദരിയെ.. ആരുവിന്റെ അമ്മയെ.. അതിലുപരി തന്റെ പ്രാണന്റെ പാതിയായിരുന്നവളെ.. അതവളായിരുന്നു ഈ ലോകത്തിൽനിന്നും വിട ചൊല്ലി മറഞ്ഞെന്ന് കരുതിയവൾ. ആമ്പൽ എന്ന എല്ലാവരുടെയും ആമി !!!!! നിവേദിന്റെ ഭാര്യ !!….(തുടരും )

അല്ലിയാമ്പൽ: ഭാഗം 9

Share this story