ആത്മിക : ഭാഗം 44

ആത്മിക : ഭാഗം 44

എഴുത്തുകാരി: ശിവ നന്ദ

“ആത്മികാ…” പബ്ലിക് ലൈബ്രറിയിലെ ഷെൽഫിൽ നിന്നും ബുക്ക്‌ എടുത്തുകൊണ്ട് നിൽക്കുമ്പോഴാണ് പിന്നിൽ നിന്നുള്ള വിളി അമ്മു കേൾക്കുന്നത്. “ഹാ ചന്തുവേട്ടൻ ഇന്ന് ലേറ്റ് ആണല്ലോ” “ഏയ്‌ ഞാൻ കറക്റ്റ് സമയത്ത് തന്നെയാ..നീ പക്ഷെ നേരത്തെയാണ്” അത് കെട്ടൊന്ന് പുഞ്ചിരിച്ചുകൊണ്ട് അവൾ തിരികെ ടേബിളിലേക്ക് വന്നു.. “അതേ രണ്ട് ചിലവാണ് ഇപ്പോൾ പെന്റിങ് ഉള്ളത്” കാര്യം മനസിലാകാതെ അവൾ ചന്തുവിന്റെ മുഖത്തേക്ക് നോക്കി. “ഡിഗ്രിക്ക് റാങ്ക് കിട്ടിയതും ഇപ്പോൾ സിവിൽ സർവീസ് പ്രീലിമിനറി ക്വാളിഫൈ ആയതും” “പ്രിലിംസിന്റെ കാര്യം ചന്തുവേട്ടൻ എങ്ങനെ അറിഞ്ഞു??” “അതൊക്കെ ഞാൻ അറിഞ്ഞു മോളെ…anyway congrats ആത്മിക..u deserve it” “താങ്ക്യൂ..പിന്നെ റാങ്ക് കിട്ടിയതിന്റെ ചിലവ് നാളെ കോളേജിൽ വന്നാൽ തരാം..”

“അത് നിന്നെ അനുമോദിക്കുന്ന ചടങ്ങ് അല്ലേ..ആ ചിലവ് എനിക്ക് വേണ്ട” അവൻ പുച്ഛിച്ചതും അവൾ വെളുക്കെ ഒന്ന് ചിരിച്ചു.കൈയിലിരുന്ന ബുക്ക്‌ തുറന്ന് അവൾ പേജുകൾ മറിച്ചുകൊണ്ടിരുന്നു..ഇടയ്ക്ക് രണ്ട് മൂന്ന് പോയ്ന്റ്സ് മാർക്ക്‌ ചെയ്തതിന് ശേഷം അവൾ ആ ബുക്ക്‌ തിരികെ വെക്കാനായി എഴുന്നേറ്റു. “താൻ പോകുവാണോ??” “മ്മ്മ് ഇന്ന് നേരത്തെ പോകണം..ഹോസ്റ്റൽ വെക്കേറ്റ് ചെയ്യുവാ” “അപ്പോൾ ഇനി അങ്ങോട്ട് കളരിയ്ക്കലിൽ ആയിരിക്കും അല്ലേ??” “അല്ല…ഞാൻ എന്റെ വീട്ടിലേക്കാ പോകുന്നത്” അതിനെ കുറിച്ച് കൂടുതൽ സംസാരിക്കാൻ താല്പര്യമില്ലാത്തത് പോലെ അവൾ പെട്ടെന്ന് തന്നെ പുറത്തേക്കിറങ്ങി.തൊട്ടുപിറകെ ചന്തുനെ കണ്ടതും അവൾ സംശയത്തോടെ അവനെ നോക്കി. “ചന്തുവേട്ടൻ വന്നതല്ലേ ഉള്ളു..പിന്നിതെങ്ങോട്ടാ??”

“ഞാൻ ഒരു കാര്യം ചോദിക്കാൻ…” “എന്താ???” “രണ്ട് വർഷം മുന്നേയുള്ള ഒരു സെന്റ്ഓഫ് ദിവസത്തിലേക്ക് ഇടയ്‌ക്കൊക്കെ എന്റെ മനസ്സ് എന്നെ കൂട്ടികൊണ്ട് പോകാറുണ്ട്.അന്ന് സാവധാനം പറഞ്ഞാൽ മതിയെന്നും പറഞ്ഞ് ഞാനൊരു കാര്യം അറിയിച്ചിരുന്നു..എന്നാൽ ഈ നിമിഷം വരെ അതിനുള്ള മറുപടി എനിക്ക് കിട്ടിയില്ല.” “ചന്തുവേട്ടൻ അതൊക്കെ വിട്ട് കാണുമെന്ന ഞാൻ കരുതിയത്..” “അങ്ങനെ വിടാൻ പറ്റില്ലല്ലോ ആത്മിക..നീ പഠനതിരക്കിൽ ആയതുകൊണ്ടാ ഞാൻ പിന്നീട് ഒന്നും ചോദിക്കാതിരുന്നത്.” “പിന്നെ ഇപ്പോൾ ചോദിക്കാൻ കാരണം??” “അന്ന് കോളേജിൽ നിന്ന് ഇറങ്ങിയതിന് ശേഷം നിന്നെ എങ്ങനെ കാണുമെന്ന് ഓർത്തിരിക്കുമ്പോഴാ നീ ഹോസ്റ്റലിലേക്ക് മാറിയെന്ന് അറിഞ്ഞത്..അതുകൊണ്ട് ഇടയ്ക്കൊക്കെ വഴിയിൽ വെച്ച് കാണാൻ പറ്റി..പിന്നെ കഴിഞ്ഞ ഒരു വർഷമായിട്ട് ഇവിടെ വെച്ച് കുറച്ച് നേരം സംസാരിക്കാനുള്ള അവസരവും കിട്ടിയിരുന്നു.

പക്ഷെ ഇനിയൊരു കൂടിക്കാഴ്ചക്ക് സ്കോപ് കുറവല്ലേ..അതുകൊണ്ട് ഒരിക്കൽ കൂടി ഞാൻ ചോദിക്കുവാ..PSCക്ക് മുകളിലാണ് UPSC എന്ന് അറിയാൻ വയ്യാഞ്ഞിട്ട് അല്ല…ഇഷ്ടപ്പെട്ട് പോയടോ” അമ്മു അവനെ സാകൂതം നോക്കിനിന്നു..അവൻ പറഞ്ഞവാക്കുകൾ കേൾക്കേ ചില രംഗങ്ങൾ അവളുടെ മനസിലൂടെ കടന്ന് പോയി..ഓർക്കാൻ ഇഷ്ടപെടാത്തത് പോലെ അവൾ കണ്ണൊന്ന് ചിമ്മിത്തുറന്നു. “ചന്തുവേട്ടനെ ഇവിടെവെച്ച് കണ്ടപ്പോൾ ഞാൻ കരുതി എന്നെപോലെ ബുക്ക്‌ റെഫർ ചെയ്യാൻ വരുന്നത് ആണെന്ന്..ആ വരവിന് പിന്നിൽ ഇങ്ങനെയൊരു ചുറ്റിക്കളി ഉണ്ടെന്ന് ഇപ്പോഴാ മനസിലായത്..” “അല്ല അതുപിന്നെ…റെഫർ ചെയ്യാൻ തന്നെയാ വന്നത്..അതിന്റെ കൂടെ നീയുമായിട്ട് ഒന്ന് കൂട്ടാകാമെന്നും കരുതി” “മ്മ്മ് മ്മ്മ്…” അമ്മു അർത്ഥംവെച്ചൊന്ന് മൂളിയിട്ട് തിരിഞ്ഞ് നടന്നു.

“അല്ല താൻ ഒന്നും പറഞ്ഞില്ല” “നാളെ വൈകിട്ട് ഫ്രീ ആണെങ്കിൽ കൃഷ്ണന്റെ അമ്പലത്തിൽ വാ” അത്രമാത്രം പറഞ്ഞുകൊണ്ട് അമ്മു ലൈബ്രറിയിൽ നിന്നിറങ്ങി..അന്ന് കളരിയ്ക്കൽ വീട്ടിൽ നിന്നും ഹോസ്റ്റലിലേക്ക് മാറുമ്പോൾ മനസ്സ് ശൂന്യമായിരുന്നു…ആ അവസ്ഥയ്ക്ക് ഒരു മാറ്റം വരണമെന്ന് തോന്നിയപ്പോൾ മുതൽ താൻ പഴയ അമ്മു ആകുവായിരുന്നു..അതിന്റെ ഫലമായി റാങ്കോടെ തന്നെ ഡിഗ്രി പാസ്സ്ഔട്ട്‌ ആയി..പിറ്റേമാസം നടന്ന സിവിൽ സർവീസ് പ്രീലിമിനറി എക്സാമിന്റെ റിസൾട്ട്‌ രണ്ട് ദിവസം മുന്നേയാണ് വന്നത്..ക്വാളിഫൈഡ് എന്ന് കണ്ടപ്പോൾ എന്തെന്നില്ലാത്ത ആത്മസംതൃപ്തി ആയിരുന്നു..പക്ഷെ അപ്പോഴും മനസ്സുതുറന്ന് സന്തോഷിക്കാൻ കഴിഞ്ഞില്ല..നികത്താനാകാത്ത ഒരു വിടവ് ഇപ്പോഴും ഉള്ളിൽ ഉള്ളത് പോലെ..

ഓരോന്നൊക്കെ ഓർത്ത് ഹോസ്റ്റൽ മുറിയിൽ എത്തുമ്പോൾ താൻ പാക്ക് ചെയ്ത് വെച്ചിരുന്ന ബാഗും കെട്ടിപിടിച്ച് ഇരിപ്പുണ്ട് പൂജ..കഴിഞ്ഞ രണ്ട് വർഷവും തന്റെ ജീവിതത്തിന് നിറംപകർന്നവരിൽ മുൻപന്തിയിൽ ഉണ്ടാകും ഈ പെണ്ണ്..ഇന്നിപ്പോൾ താൻ പോകുന്നതിന്റെ സങ്കടത്തിലാണ് കക്ഷി..അത് ശ്രദ്ധിക്കാത്തത് പോലെ അമ്മു നേരെ കണ്ണാടിയുടെ മുന്നിൽ പോയി നിന്നു.. “ഒരുങ്ങിക്കോ ഒരുങ്ങിക്കോ…വീട്ടിൽ പോകാൻ തുള്ളിച്ചാടി നിൽകുവല്ലേ” പൂജ സ്വയം പറഞ്ഞുകൊണ്ട് ബെഡിൽ തിരിഞ്ഞിരുന്നു..എന്നിട്ടും അമ്മു തന്റെ അടുത്തേക്ക് വരാത്തത് കൊണ്ട് അവൾ ദേഷ്യപ്പെട്ട് എഴുന്നേറ്റു. “ഡീ..നിനക്ക് എന്നെ പിരിയുന്നതിൽ ഒരു സങ്കടവും ഇല്ലേ?” “എന്തിനാ സങ്കടപെടുന്ന..ഞാൻ എന്റെ വീട്ടിലേക്ക് പോകുവല്ലേ..ഒന്നുമല്ലെങ്കിലും വായിക്ക് രുചിയായിട്ട് എന്തെങ്കിലും കഴിക്കാലോ” “അപ്പോൾ ഞാനോ??”

“നിന്നോട് ഇവിടെ തന്നെ പിജിക്ക് ചേരാൻ ഞാൻ പറഞ്ഞോ?? വീട്ടിലേക്ക് പോയിരുന്നെങ്കിൽ അവര്‌ കെട്ടിച്ചെങ്കിലും വിട്ടേനെ” “അയ്യടി മോളെ..അങ്ങനെ നീയിപ്പോ എന്നെ കെട്ടിക്കണ്ട..ഞാൻ ഇനിയുള്ള രണ്ട് വർഷം ഹാപ്പി ആയിട്ട് ഇവിടെ നിൽകും” കൈരണ്ടും ഇടുപ്പിൽ കുത്തി അവൾ ആശ്വാസത്തോടെ പറഞ്ഞെങ്കിലും ആ ഹൃദയതാളത്തിലെ വ്യത്യാസം അമ്മു അറിയുന്നുണ്ടായിരുന്നു. “ആഹ് എങ്കിൽ അവിടെ നിന്നോ..ഞാൻ ഈ മുടിയൊന്ന് കെട്ടിക്കോട്ടെ” തിരിഞ്ഞുനിന്ന് അമ്മു മുടി ചീകാൻ തുടങ്ങിയതും പൂജ ചുണ്ടുപിളർത്തി അവളുടെ മുന്നിൽ വന്നു നിന്നു. “സഹിക്കാൻ പറ്റുന്നില്ല അമ്മു…നീ ഇല്ലാത്ത ഈ മുറിയിൽ ഞാനിനി എങ്ങനെ ഒറ്റക്ക്…

ഞാൻ ശത്രു ആയിട്ട് കണ്ടവൾ ദേ ഇപ്പോൾ ഈ നെഞ്ചിനകത്ത് കയറി കുടിയിരിക്കുവാ..പ്രായത്തിനു മൂത്തത് ആയതുകൊണ്ട് ചിലപ്പോഴൊക്കെ നീയെനിക്ക് എന്റെ ചേച്ചിയാടി..നിന്റെ കരുതലും വാത്സല്യവും ഇല്ലാതെ എനിക്ക് പറ്റില്ല അമ്മു…” അമ്മുവിനെ കെട്ടിപിടിച്ച് കരയുന്നവളെ അമ്മു തന്നിൽ നിന്നും അടർത്തി മാറ്റി നെറ്റിയിൽ ഉമ്മ നൽകി. “അയ്യേ എന്റെ വായാടിപെണ്ണ് ഇങ്ങനെ കരയാതെ..ഒരു വിളിക്കപ്പുറം ഞാൻ ഇല്ലേടി മോളെ…നല്ലത് പോലെ പഠിക്കണം കേട്ടോ” “മ്മ്മ്മ്…” ഫോണിൽ ഒരു മിസ്സ്ഡ് കാൾ വന്നതും അമ്മു പൂജയെ നോക്കി..അവളുടെ കണ്ണുകൾ വീണ്ടും നിറയാൻ തുടങ്ങിയതും അമ്മു അവളെ മാറ്റിനിർത്തി ബാഗ് എല്ലാം എടുക്കാൻ തുടങ്ങി.

“പോകുവാ അല്ലേ” “മ്മ്മ്…” “എല്ലാ ബാഗും കൂടി നീ എങ്ങനെ കൊണ്ട് പോകും..മാറ് ഞാനും സഹായിക്കാം” അവളുടെ മുഖത്തേക്ക് നോക്കിയാൽ താനും കരഞ്ഞുപോകുമെന്ന് അറിയാവുന്നത് കൊണ്ട് രണ്ട് ബാഗുമായി അമ്മു ആദ്യമേ ഇറങ്ങി..പിന്നാലെ പൂജയും..ബാഗ് എല്ലാം താഴെകൊണ്ട് വന്നു വെച്ചിട്ട് ഒരു വാക്ക് പോലും പറയാതെ പൂജ തിരികെ റൂമിലേക്ക് ഓടിപോകുന്നത് അമ്മു അറിഞ്ഞു..അവിടെ പോയിരുന്ന് കരയാൻ ആകും..സാരമില്ല..കുറച്ച് ദിവസം കൊണ്ട് അവൾ അതുമായി പൊരുത്തപെട്ടോളും. ഗേറ്റിന്റെ അടുത്തേക്ക് നടന്നപ്പോൾ തന്നെ കണ്ടു കാറിന്റെ ഡിക്കിയും തുറന്ന് നിൽക്കുന്ന എന്റെ ജീവനെ..ജന്മം കൊണ്ടല്ലെങ്കിലും കർമ്മം കൊണ്ട് എന്റെ കൂടെപ്പിറപ്പായവൻ..സങ്കടകടലിൽ ആഴ്ന്നുപോയ എനിക്ക് ദൈവം തന്ന കച്ചിത്തുരുമ്പ്…എന്റെ ജെറി..

“ഹാ നാല് ബാഗ്..ഇതിൽ ഈ ഒരെണ്ണത്തിൽ മാത്രമല്ലേ നിന്റെ ഡ്രസ്സ്‌..ബാക്കിയുള്ള മൂന്നിലും ബുക്സ് അല്ലേ..പരീക്ഷയൊക്കെ കഴിഞ്ഞസ്ഥിതിക്ക് ഇനി ഇതെല്ലാം കൂടി തൂക്കിവിൽക്കണം..” ബാഗിന്റെ എണ്ണം എടുത്തുകൊണ്ട് അവൻ പറഞ്ഞതും അമ്മു അവനെ കൂർപ്പിച്ച് നോക്കി. “എന്താടി നോക്കുന്ന??” “ടാ ചെക്കാ..എന്റെ ബുക്കിൽ എങ്ങാനും തൊട്ടാലുണ്ടല്ലോ..” “ആണോ എന്നാലേ പൊന്നുമോള് ഒറ്റക്ക് അങ്ങ് എടുത്തുവെച്ചാൽ മതി” “അയ്യോടാ ജെറികുട്ടാ പിണങ്ങല്ലേ..നിന്റെ അമ്മൂസ് ആകെ ക്ഷീണിച്ച് നിൽകുവല്ലേ..” അവൾ ദയനീയമായി അവനെ നോക്കി പറഞ്ഞതും അവളുടെ തലയിൽ ഒരു കിഴുക്ക് കൊടുത്തുകൊണ്ട് അവൻ ബാഗ് എല്ലാം എടുത്ത് വെച്ചു.. കാറിൽ കയറി സീറ്റ്‌ ബെൽറ്റ്‌ ഇട്ടിട്ട് അവൻ സ്റ്റിയറിങ്ങിൽ താളം പിടിച്ചുകൊണ്ടിരുന്നു. “അമ്മു…” “മ്മ് പറയടാ” “എങ്ങോട്ടാ പോകുന്നത്??” “അറിയാലോ പിന്നെന്തിനാ ഒരു ചോദ്യം??”

“നിന്റെ റിസൾട്ട്‌ അറിഞ്ഞപ്പോൾ മുതൽ അമ്മച്ചി നിന്നെ കാത്തിരിക്കുവാ??” “തത്കാലം ഹോസ്റ്റൽ വെക്കേറ്റ് ചെയ്ത കാര്യം അമ്മച്ചിയോട് പറയണ്ട” “എപ്പോഴാണെങ്കിലും അമ്മച്ചി അറിയില്ലേടി??” “ഹ്മ്മ്..അപ്പോൾ അന്ന് ഹോസ്റ്റലിലേക്ക് മാറാൻ വേണ്ടി പറഞ്ഞ അതേ കാരണം തന്നെ പറയാം” “മ്മ്മ്…അവിടെയാകുമ്പോൾ അമ്മച്ചിയോട് സംസാരിച്ചും എന്നോട് വഴക്കിട്ടും സമയം പോകും..പഠിക്കാൻ പറ്റില്ലെന്ന്…ഹും..രണ്ട് വർഷം മുന്നേ പറഞ്ഞ അതേ കള്ളം..അല്ലേടി…” മറുപടി പറയാതെ കണ്ണുകൾ ഇറുക്കിയടച്ച് അമ്മു സീറ്റിലേക്ക് ചാരി കിടന്നു..കൺകോണിൽ ഉരുണ്ടുകൂടിയ നീർതുള്ളി പുറത്തേക്ക് വിടാതെ അമ്മു തടഞ്ഞുനിർത്തി…നിർവികാരമായി അവളെ നോക്കിയിട്ട് ജെറി കാർ സ്റ്റാർട്ട്‌ ചെയ്തു. 💞💞💞💞💞💞💞💞💞

മുറ്റത്തേക്ക് കാർ വന്നു നിന്നതും വീൽചെയർ ഉരുട്ടി ഹർഷൻ ഉമ്മറത്തേക്ക് ഇറങ്ങി..അമ്മുവിനെ കണ്ടതും അവൻ നിറഞ്ഞചിരിയാലെ അവളെ നോക്കിയിരുന്നു.ജെറി ബാഗ് എടുത്തുവെക്കുന്ന സമയം കൊണ്ട് അവൾ ഹർഷന്റെ അടുത്തേക്ക് ഓടിയെത്തി. “ഇങ്ങനെ ഓടിപാഞ്ഞ് വരാൻ നീ അങ്ങ് അമേരിക്കയിൽ ഒന്നും അല്ലായിരുന്നല്ലോ” “അതിന് ഹർഷേട്ടനെ കാണാൻ അല്ലല്ലോ ഞാൻ ഓടിവന്നത്..എവിടെ എന്റെ കള്ളച്ചെക്കൻ???” അവൾ ചോദിച്ചുതീർന്നതും വാതിലിന്റെ മറവിൽ നിന്നും ഒരു കുഞ്ഞിതല പുറത്തേക്ക് നീണ്ടുവന്നു…മുളച്ചുവന്ന നാല് കുഞ്ഞരിപല്ലുകൾ കാട്ടി ചിരിച്ചതും അമ്മു അവനെ വാരിയെടുത്ത് നെഞ്ചോട് ചേർത്തിരുന്നു…അപ്പോഴേക്കും അമ്മുവിന്റെ കവിളിൽ അവന്റെ പല്ലിന്റെ മുദ്ര പതിഞ്ഞിരുന്നു…ഒന്നരവയസുകാരൻ ദച്ചു എന്ന അച്യുത് ദേവ്കിരണിന്റെ……. (തുടരും )

ആത്മിക:  ഭാഗം 43

Share this story