ഈറൻമേഘം: ഭാഗം 32

ഈറൻമേഘം: ഭാഗം 32

 എഴുത്തുകാരി: Angel Kollam

ജോയൽ അമേയയുടെ കവിളുകളിൽ വിരലമർത്തിക്കൊണ്ട് അവളുടെ കാതോരം നിമന്ത്രണം പോലെ പറഞ്ഞു.. “ഇങ്ങനെയുള്ള സാഹചര്യങ്ങൾ ഉണ്ടാകുമോ എന്ന് പേടിച്ചിട്ട് വേണം ഇനിയുള്ള ഓരോ നിമിഷവും നമ്മളിവിടെ ജീവിക്കാൻ.. ” അമേയ പെട്ടന്ന് അവനിൽ നിന്നും അകന്ന് മാറി.. അവളുടെ കവിളിൽ കുങ്കുമചുമപ്പ് പടർന്നു.. ജോയൽ ചെറുചിരിയോടെ അമേയയുടെ തോളിലൂടെ കൈയിട്ട് തന്നോട് ചേർത്ത് നിർത്തിക്കൊണ്ട് പറഞ്ഞു.. “നമുക്കൊരു സെൽഫി എടുക്കാം.. നമുക്കെന്നെന്നും ഓർത്തിരിക്കാനുള്ള ആദ്യത്തെ സെൽഫി..

ഭാവിയിൽ നമ്മുടെ മക്കൾക്ക് കാണിച്ച് കൊടുക്കാല്ലോ, അച്ഛനും അമ്മയും പ്രണയിച്ചു നടന്നപ്പോൾ ആദ്യമായിട്ടെടുത്ത ഫോട്ടോയാണിതെന്ന പേരിൽ ” അമേയ എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല.. അവളെ തന്നോട് കൂടുതൽ ചേർത്ത് നിർത്തി ജോയൽ ഫോട്ടോയെടുത്തു.. അമേയയുടെ മുഖം നാണത്താൽ കൂമ്പിയിരുന്നു.. “ഇതെന്താടോയിത്.. കുഞ്ഞു പിള്ളേരെപ്പോലെ.. മുഖമുയർത്തിയിങ്ങോട്ട് നോക്ക്.. ഭാവിയിൽ നമ്മുടെ മക്കൾ ഈ ഫോട്ടോ കാണുമ്പോൾ എന്നോട് ചോദിക്കില്ലേ.. ഇതെന്താ അച്ഛാ അമ്മയിങ്ങനെ തലയും താഴ്ത്തി നിൽക്കുന്നതെന്ന് ” അമേയ മുഖമുയർത്തി ക്യാമറയിലേക്ക് നോക്കി.. ജോയൽ രണ്ടു മൂന്ന് ഫോട്ടോയെടുത്തിട്ട് അവളോട് പറഞ്ഞു..

“നമ്മൾ തമ്മിൽ നല്ല ചേർച്ചയാണല്ലോ” “ഉം ” പെട്ടന്ന് എന്തോ ഓർത്തത് പോലെ അമേയ തിടുക്കത്തിൽ ചെന്ന് ഗ്യാസ് സ്റ്റോവ് ഓഫാക്കി… “എന്തായിരുന്നു താനിവിടെ കാര്യമായിട്ട് കുക്കിംഗ്‌ ചെയ്‌തുകൊണ്ടിരുന്നതെന്ന് ഞാൻ നോക്കട്ടെ ” ജോയൽ സ്റ്റോവിലിരുന്ന പാത്രം തുറന്ന് നോക്കി… വെജിറ്റബിൾ നൂഡിൽസ്.. “ആഹാ.. പറഞ്ഞ സമയത്തിനുള്ളിൽ റെഡിയാക്കിയല്ലോ.. അപ്പോൾ ഞാനിനി തനിക്കുള്ള സർപ്രൈസ് തരട്ടെ ” “ഉം ” “ഞാൻ നമ്മുടെ ഫോട്ടോയെടുത്തത് എന്റെ മമ്മിയ്ക്ക് അയച്ചു കൊടുക്കാനാണ്.. ഞാൻ നമ്മുടെ കാര്യമെല്ലാം മമ്മിയോട്‌ പറഞ്ഞു ” അമേയയുടെ മുഖത്ത് അമ്പരപ്പായിരുന്നു.. അവൾ നെഞ്ചിൽ കൈ ചേർത്ത് കൊണ്ട് പറഞ്ഞു.. “എന്റെ കൃഷ്ണാ.. സാറെന്താ ഈ പറയുന്നത്? സാർ മമ്മിയോട്‌ എല്ലാം പറഞ്ഞെന്നോ.. എന്നിട്ട്…. എന്നിട്ട്.. മമ്മി.. എന്താ പറഞ്ഞത്?”

“എന്റെ മരുമോളുടെ ഫോട്ടോ അയച്ചു തരാൻ പറഞ്ഞു.. അതിനാണ് ഞാൻ ഫോട്ടോ എടുത്തത് ” “മമ്മിയ്ക്ക് കൊടുക്കാനാണോ ഇങ്ങനെ തോളിൽ കൈയിട്ടൊക്കെ ഫോട്ടോയെടുത്തത്.. അത്‌ കാണുമ്പോൾ മമ്മിയെന്താ കരുതുക?” “എന്ത് കരുതാനാണ്.. മമ്മിയും ഈ പ്രായമൊക്കെ കഴിഞ്ഞു വന്നതല്ലേ.. അതുകൊണ്ടു പെട്ടന്ന് മനസിലായിക്കോളും ” “സാറിത്രയും പെട്ടന്ന് മമ്മിയോട്‌ പറയുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല ” “ഇത്രയും പെട്ടന്ന് പറയേണ്ടി വരുമെന്ന് ഞാനും കരുതിയില്ല.. പക്ഷേ ചില കാര്യങ്ങളൊക്കെ അധികം വച്ച് താമസിപ്പിക്കാതെ വീട്ടുകാരെ അറിയിക്കുന്നതാണ് നല്ലത്.. കാരണം നമ്മളിവിടെ ഒരുമിച്ചാണ് താമസിക്കുന്നത് മറ്റാരെങ്കിലും പറഞ്ഞിട്ട് മമ്മിയോ പപ്പയോ അറിഞ്ഞാൽ പിന്നീട് ഞാനെന്തൊക്കെ വിശദീകരണങ്ങൾ നിരത്തിയാലും അവർ വിശ്വസിച്ചെന്ന് വരില്ല..

പക്ഷേ ഇപ്പോൾ ആദ്യമേ തന്നേ എല്ലാം തുറന്നു പറഞ്ഞ സ്ഥിതിയ്ക്ക് ഇനിയെന്ത് പ്രശ്നമുണ്ടായാലും അതൊക്കെ മമ്മി ഡീൽ ചെയ്തോളും.. സാഹചര്യം അനുകൂലമാകുമ്പോൾ പപ്പയെയും പറഞ്ഞു സമ്മതിപ്പിച്ചോളും ” “സാറിന്റെ മമ്മിയ്ക്ക് എന്നെയിഷ്ടമാകുമോ?” “ഉറപ്പായും ഇഷ്ടമാകും..” ജോയൽ തങ്ങൾ ഒരുമിച്ച് നിൽക്കുന്ന ഫോട്ടോ അയച്ചു കൊടുത്തിട്ട് മമ്മിയുടെ റിപ്ലൈയ്ക്കായി വെയിറ്റ് ചെയ്തു.. ഒരു മിനിറ്റിനുള്ളിൽ മറുപടി വന്നു.. “ജോക്കുട്ടാ.. നിന്റെ പെണ്ണിനെ എനിക്കിഷ്ടമായി.. പപ്പയോട് എത്രയും പെട്ടന്ന് പറഞ്ഞിട്ട് ഞാൻ വരുന്നുണ്ട് എന്റെ മോളെ കാണാൻ ” ജോയൽ ആ മെസ്സേജ് അമേയയുടെ നേർക്ക് നീട്ടി.. സന്തോഷം കൊണ്ട് അവളുടെ മിഴികളിൽ നനവ് പടർന്നു..

അപ്പോളേക്കും മമ്മിയുടെ അടുത്ത മെസേജും വന്നു.. “മോൾക്ക് മമ്മിയുടെ വക ഉമ്മ.. ഇത് മോൾക്ക് കാണിച്ച് കൊടുക്കണം കേട്ടോ ” “മെസ്സേജ് കാണിച്ചു കൊടുക്കുന്നതെന്തിനാ.. ഇത് ഡയറക്റ്റ് ഞാനവൾക്ക് കൊടുത്താൽ പോരേ?” “ചെക്കാ.. ആ കൊച്ചിന്റെ അടുത്ത് നിന്നും കുറച്ചകലം പാലിച്ചു നിന്നോ.. അധികം വിളച്ചിലെടുത്താൽ രണ്ടിനെയും ഉടനെ തന്നേ പിടിച്ചു കെട്ടിക്കും കേട്ടോ ” ജോയൽ പൊട്ടിച്ചിരിക്കുന്ന ഒരു സ്മൈലി അയച്ചതും ആനിയുടെ അടുത്ത മെസേജ് വന്നു.. “പപ്പാ വന്നെന്ന് തോന്നുന്നു.. കാറിന്റെ ശബ്ദം കേൾക്കുന്നു.. ഞാൻ നാളെ പപ്പയില്ലാത്ത ടൈം നോക്കി വിളിക്കാം” ആനി ഒരിക്കൽ കൂടി ജോയലും അമേയയും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോ നോക്കിയിട്ട് ഫോൺ മാറ്റി വച്ചു.. ജോസഫ് കാർ പാർക്ക് ചെയ്തിട്ട് പുറത്തേക്ക് ഇറങ്ങിയപ്പോളേക്കും ആനി വന്നു കതക് തുറന്നു..

“അച്ചായൻ എന്താ ഇത്രയും താമസിച്ചേ?” “കവലയിൽ വച്ച് പഴയൊരു പരിചയക്കാരനെ കണ്ടു.. അങ്ങനെ വിശേഷങ്ങളൊക്കെ പറഞ്ഞങ്ങിരുന്നു.. അല്ലെങ്കിൽ തന്നേ പിള്ളേരൊന്നും ഇവിടെയില്ലാതെ വീട്ടിലിരിക്കാനും തോന്നത്തില്ല ” “പിള്ളേർ രണ്ടുപേരും ഫോൺ ചെയ്തായിരുന്നു.. പപ്പ കവലയിൽ പോയിരിക്കുകയാണെന്ന് ഞാൻ പറഞ്ഞു ” “ഉം.. പറമ്പിൽ പണി കഴിഞ്ഞിട്ടു നമുക്ക് കുറച്ചു ദിവസം പോയി ജോക്കുട്ടന്റെ കൂടെ നിൽക്കാം. എത്രയെന്നു വച്ചാൽ പിള്ളേരൊന്നും കൂടെയില്ലാതെ നമ്മളൊറ്റയ്ക്കിവിടെ കഴിയുന്നത് ” “ജോക്കുട്ടൻ വന്നിട്ട് പോയിട്ട് രണ്ടാഴ്ചയായതല്ലേയുള്ളൂ… നമ്മളെന്തിനാ എപ്പോളും ഓടിപ്പിടച്ച് അവിടെ പോയി നിൽക്കുന്നത് ” “ങ്‌ഹേ.. സാധാരണ നീയാണല്ലോ നമുക്ക് ജോക്കുട്ടന്റെയടുത്തു പോയി നിൽക്കാമെന്നും പറഞ്ഞിവിടെ ബഹളം വയ്ക്കുന്നത്..

ഇതിപ്പോൾ പെട്ടന്നെന്താ പറ്റിയത്?” “ഓ.. ഒന്നും പറ്റിയിട്ടല്ല.. പണ്ടത്തെ പോലെ ചെറുപ്പമല്ലല്ലോ അച്ചായാ.. ബാംഗ്ലൂരിൽ വരെ ട്രെയിനിലായാലും ബസിലായിലും യാത്ര ചെയ്‌യുന്നത് മടുപ്പാണ്.. അതാ ഞാൻ നമുക്കുടനെ അങ്ങോട്ട് പോകണ്ടാന്ന് പറഞ്ഞത് ” “എങ്കിൽ പിന്നെ അവനോട് അവിടത്തെ ജോലി റിസൈൻ ചെയ്തിട്ട് ഇവിടെ എവിടെയെങ്കിലും ജോലിക്ക് ട്രൈ ചെയ്യാൻ പറയാം.. വീട്ടിൽ നിന്നും പോയി വരാവുന്ന തരത്തിലുള്ള ഏതെങ്കിലും ഹോസ്പിറ്റലിൽ.. നല്ലൊരു പെൺകുട്ടിയെ കണ്ട് പിടിച്ചു അവന്റെ കല്യാണവും നടത്തികൊടുക്കാം ” “അച്ചായൻ എന്തിനാ ഇത്രയും ധൃതി കാണിക്കുന്നത്.. കല്യാണമൊക്കെ നടത്താൻ ഇനിയും സമയമുണ്ടല്ലോ?” ജോസഫ് അമ്പരപ്പോടെ ഭാര്യയുടെ മുഖത്തേക്ക് നോക്കി..

ജോക്കുട്ടന്റെ കല്യാണം ഈ വർഷം തന്നേ നടത്തണമെന്നും പറഞ്ഞ് തന്റെ പിന്നാലെ നടന്ന് സ്വസ്ഥത കെടുത്തിക്കൊണ്ടിരുന്നയാളാണ് ആനി… ഇതിപ്പോളെന്താ പെട്ടന്നൊരു മനംമാറ്റം.. “എന്താടി ഭാര്യേ.. നിന്റെ സംസാരത്തിൽ മൊത്തത്തിലൊരു കള്ളത്തരം..” “പൊയ്ക്കോ അവിടുന്ന്.. ഒരു കള്ളത്തരവുമില്ല.. അവനിഷ്ടമുള്ളപ്പോൾ വിവാഹത്തിന് സമ്മതിക്കട്ടെ.. നമ്മളായിട്ട് നിർബന്ധിക്കണ്ടെന്ന് മാത്രമേ ഞാൻ മനസ്സിൽ കരുതിയുള്ളൂ ” “എനിക്കിതത്ര വിശ്വാസം വന്നിട്ടൊന്നുമില്ല.. മമ്മിയും പുന്നാരമോനും കൂടി എന്തെങ്കിലും കള്ളത്തരം കാണിക്കുന്നുണ്ടെങ്കിൽ ഞാൻ കണ്ടുപിടിച്ചോളാം കേട്ടോ ” “അച്ചായനെ ഒളിച്ചിട്ട് ഞങ്ങളെന്ത് കള്ളത്തരം കാണിക്കാനാ.. അച്ചായൻ പോയി കുളിച്ചിട്ട് വാ.. നമുക്ക് കുരിശ് വരയ്ക്കാം ” “ഉം.. ശരി ”

ജോയലും അമേയയും ഭക്ഷണം കഴിച്ചതിന് ശേഷം സംസാരിച്ചിരിക്കുകയായിരുന്നു.. അമേയയുടെ മടിയിൽ തലവച്ചു കിടക്കുകയായിരുന്നു ജോയൽ.. അവൾ അവന്റെ മുടിയിഴകളിൽ പതിയെ തലോടിക്കൊണ്ടിരുന്നു.. “സാറിന്റെ മമ്മി ഒരു എതിരഭിപ്രായം പോലും പറയാതെ നമ്മുടെ ബന്ധത്തെ അംഗീകരിച്ചെന്ന് സത്യം പറഞ്ഞാൽ എനിക്കിപ്പോളും വിശ്വസിക്കാൻ പറ്റുന്നില്ല ” “ഇതുപോലെ പപ്പയും അംഗീകരിക്കും എനിക്കുറപ്പാണ്.. പക്ഷേ പപ്പ ഇത്രയും വേഗം സമ്മതിച്ചു തരത്തില്ല.. അതെനിക്കറിയാം ” “പപ്പാ സമ്മതിച്ചില്ലെങ്കിലെന്ത് ചെയ്യും?” “പപ്പയുടെ സമ്മതം കിട്ടുന്നത് വരെ വെയിറ്റ് ചെയ്യേണ്ടി വരും.. അല്ലാതെ അവരുടെ മനസ്സ് വേദനിപ്പിച്ചു കൊണ്ട് ഞാൻ നിന്നെ സ്വന്തമാക്കില്ല.. പപ്പയും സമ്മതിക്കും അതെനിക്കുറപ്പാണ് കാരണം ഞങ്ങളുടെ മനസ്സ്‌ നന്നായിട്ട് വായിച്ചെടുക്കാനുള്ള കഴിവ് പപ്പയ്ക്കുണ്ട് ”

“പക്ഷേ എനിക്കൊരു പേടി ” “പേടിക്കണ്ട പെണ്ണേ.. ഞാനല്ലേ പറയുന്നത്.. നിന്റെ കൈ ഞാനാദ്യമായിട്ട് ചേർത്ത് പിടിച്ചത് ജീവിതത്തിലെന്നും കൂടെ കൂട്ടാമെന്ന് അത്രയ്ക്കുറപ്പുള്ളത് കൊണ്ടാണ്.. പകുതി വഴിയിൽ ഒരിക്കലും ഞാൻ നിന്നെ കൈവിടില്ല..എനിക്ക് നിന്നെ വേണം.. എന്നും.. എപ്പോളും.. ” “എനിക്ക് കരച്ചിൽ വരുന്നു ” “ചുമ്മാ കരഞ്ഞാൽ നിനക്ക് ഇടി കൊള്ളും.. നീ കരയുന്നത് എനിക്കിഷ്ടമല്ലെന്ന് നിനക്കറിയാമല്ലോ” “ഉം ” അമേയ അവന്റെ മുഖത്തേക്ക് തന്നേ നോക്കിയിരുന്നു.. ജോയൽ അവളുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.. “എന്നാലും നീ എന്ത് ധൈര്യത്തിലാണ് എന്നോടൊപ്പം ഇവിടെ തുടരാമെന്ന് തീരുമാനിച്ചത്?” “സാറിനോടുള്ള വിശ്വാസമാണ് എന്റെ ധൈര്യം ” “നീ വിശ്വസിക്കുന്നത് പോലെ അത്ര നല്ലവനൊന്നുമല്ല ഞാൻ.. സാധാരണ ഒരു മനുഷ്യനാണ്..

എല്ലാ മനുഷ്യർക്കുമുള്ളത് പോലെ ബലഹീനതകൾ എനിക്കുമുണ്ട്.. എന്നും ഞാനിത് പോലെ ആയിരിക്കുമെന്ന് വാക്ക് തരാനൊന്നും എനിക്ക് കഴിയില്ല ” “മോനേ സൈക്കോളജിസ്റ്റേ.. മോന് മാത്രമല്ല സൈക്കോളജി അറിയാവുന്നത്.. നാലു വർഷം നഴ്സിംഗ് പഠിച്ചപ്പോൾ ഒരു വിഷയമായിട്ട് സൈക്കോളജി ഞാനും പഠിച്ചതാണ്.. അതുകൊണ്ട് തന്നേ അത്യാവശ്യം ആളുകളെ മനസിലാക്കാനൊക്കെയുള്ള കഴിവ് എനിക്കുമുണ്ടെന്ന് കൂട്ടിക്കോ.. പിന്നെ, ശ്യാമേട്ടനെ മനസിലാക്കിയതിൽ എനിക്ക് തെറ്റ് പറ്റിപ്പോയി.. അതിന് കാരണമുണ്ടായിരുന്നു.. ശ്യാമേട്ടൻ ഒരു മുഖംമൂടി അണിഞ്ഞായിരുന്നു ജീവിച്ചിരുന്നത്.. അത്‌ തിരിച്ചറിയാനാണ് ഞാൻ വൈകിയത്.” “മോൾ പഠിച്ച സൈക്കോളജി കൊണ്ടൊന്നും ആളുകളെ ശരിക്കും മനസിലാക്കാൻ കഴിയില്ല കേട്ടോ..

മനുഷ്യന്റെ മനസിന്റെ നിയന്ത്രണം വിട്ട് പോകുന്നത് എപ്പോളാണെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല ” “സങ്കടം വരുമ്പോൾ നിയന്ത്രണം വിട്ട് പൊട്ടിക്കരയുന്നതൊക്കെ നമുക്ക് മനസിലാക്കാൻ കഴിയും… അല്ലാതെ നിയന്ത്രണം വിട്ട് പോകുന്നതെങ്ങനെയാണെന്ന് എനിക്ക് മനസിലാകുന്നില്ല ” “അതൊന്നും നിനക്ക് മനസിലാകില്ല.. നീ കൊച്ചു കുട്ടിയാണ് ” “സാർ വല്യ സൈക്കോളജിസ്റ്റല്ലേ അപ്പോൾ എനിക്ക് എക്സ്പ്ലയിൻ ചെയ്തു താ.. മനുഷ്യൻ അറിയാതെ എങ്ങനെയാ മനസിന്റെ നിയന്ത്രണം തെറ്റുന്നത്.. അതൊക്കെ ചുമ്മാ പ്രഹസനമല്ലേ.. നമ്മുടെ ചിന്തകളെ നമ്മുടെ നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ നമ്മൾ എല്ലാ അർത്ഥത്തിലും പരാജയമാണെന്നാണ് അർത്ഥം.. ”

“ആഹാ.. ഞാൻ വിചാരിച്ചത് പോലെയല്ലല്ലോ.. നിനക്ക് ഇക്കാര്യത്തിൽ നല്ല അറിവുണ്ടല്ലോ?” “ഉം.. അതാ ഞാൻ പറഞ്ഞത്.. ഞങ്ങൾ നേഴ്സുമ്മാർക്കും അറിയാം സൈക്കോളജിയെന്ന് ” “ഓക്കേ.. അപ്പോൾ ഞാൻ ഒന്ന് രണ്ടു കാര്യത്തിൽ തന്റെ അഭിപ്രായം ചോദിക്കട്ടെ?” “ചോദിച്ചോ?” “താൻ ഈ സിനിമകളിലും കഥകളിലുമൊക്കെ കണ്ടിട്ടില്ലേ.. കാമുകിയും കാമുകനും തനിച്ചാകുന്ന സന്ദർഭങ്ങളിൽ പ്രത്യേകിച്ച് ഇടിയും മഴയുമൊക്കെയുള്ള സമയത്താണെങ്കിൽ അവരടുത്തിടപഴകുന്നത്.. അപ്പോൾ സന്ദർഭങ്ങൾക്കനുസരിച്ചു മനുഷ്യന്റെ മനസ്സ് മാറുമെന്നല്ലേ അർത്ഥം ” “മനുഷ്യന്റെ മനസ്സ് മാറാൻ അങ്ങനെ പ്രത്യേകിച്ച് സാഹചര്യങ്ങളൊന്നും വേണ്ട.. അടുത്തിടപഴകണമെങ്കിൽ മഴയും ഇടിയൊന്നും വേണമെന്നില്ല.. ആ രണ്ടുപേരുടെയും ഉള്ളിലുള്ള ആഗ്രഹം മാത്രം മതി..

ആ ആഗ്രഹം മനസ്സിൽ വച്ചിട്ട് എന്തെങ്കിലുമൊക്കെ കാട്ടി കൂട്ടിയിട്ട് വെറുതെ പാവം മഴയെ കുറ്റം പറയുന്നതെന്തിനാ.. അല്ലെങ്കിൽ ഇങ്ങനെ മഴയത്ത് ഇളകി പോകുന്ന മനസ്സുള്ളവർ ആ സമയത്ത് കാമുകിയുടെ വീട്ടിലേക്ക് പോകാതിരുന്നാൽ പോരേ.. മനസ്സിൽ തൃഷ്ണയുള്ളവർ സാഹചര്യത്തെ തങ്ങൾക്ക് അനുകൂലമാക്കുകയാണ് ചെയ്‌യുന്നത്.. ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്ന സമയത്ത് എനിക്ക് കൂട്ടിന് നിന്നത് ശ്യാമേട്ടനായിരുന്നു.. ഞങ്ങൾ രണ്ടുപേരും തനിച്ചായിരുന്നു ആ റൂമിൽ.. തെറ്റ് ചെയ്യാനാണെങ്കിൽ അതിനുള്ള പല സാഹചര്യങ്ങളും ഉണ്ടായിരുന്നു.. പക്ഷേ ഒരിക്കൽപോലും മോശമായിട്ടുള്ള രീതിയിലൊന്നും ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല… ഞങ്ങൾ മാത്രം തനിച്ചുള്ള ഒരുപാട് സന്ദർഭങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.. അപ്പോളൊന്നും മനസിന്റെ നിയന്ത്രണം വിട്ടു പോയിട്ടില്ല…

മനസ്സിൽ അത്രയൊക്കെ കള്ളത്തരം ഒളിപ്പിച്ചു ജീവിക്കുന്ന ശ്യാമേട്ടന് സ്വന്തം മനസിന് കടിഞ്ഞാണിട്ട് ജീവിക്കാമെങ്കിൽ ഇത്രയും പ്രായവും പക്വതയും വിവരവുമൊക്കെയുള്ള സാറിന് ഒരിക്കലും മനസ്‌ കൈവിട്ടു പോകില്ലെന്ന് എനിക്കുറപ്പാണ്.. ” ജോയലിന്റെ ചുണ്ടിൽ ചിരി പടർന്നു.. അമേയ അവന്റെ മൂക്കിൻ തുമ്പിൽ പിടിച്ചു കൊണ്ട് ചോദിച്ചു.. “തീർന്നോ സാറിന്റെ സംശയം?” “തല്കാലത്തേക്ക് ഇത്രയും മതി.. നമുക്ക് എന്നും സംസാരിക്കാൻ എന്തെങ്കിലും വിഷയം വേണ്ടേ.. അപ്പോൾ പിന്നേ ബാക്കിയുള്ളത് നാളെ ചോദിക്കാം ” “എങ്കിൽ പിന്നെ ഞാനെന്റെ മനസിലുള്ള മറ്റൊരു കാര്യം കൂടി പറയട്ടെ.. അത്‌ കൂടി പറഞ്ഞാലേ ഞാൻ നേരത്തേ പറഞ്ഞതിന് ഒരു പൂർണത വരികയുള്ളൂ ” “ഉം.. പറഞ്ഞോ ”

“മഴയേയും ഇടിയെയും മാത്രമല്ല മനസിന്റെ നിയന്ത്രണം കളയാൻ മദ്യത്തെ ആശ്രയിക്കുന്നതും സിനിമയിലൊക്കെ സ്ഥിരമുള്ള ക്ളീഷേയാണ്.. സിനിമയിൽ മാത്രമല്ല ജീവിതത്തിലും പലതും കാണിച്ച് കൂട്ടിയിട്ട് അതൊക്കെ മദ്യസക്തിയിൽ ചെയ്തതാണെന്ന് പലരും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.. ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും വല്യ മദ്യപാനി ധന്യയുടെ പപ്പയായിരുന്നു.. പക്ഷേ ഒരിക്കൽ പോലും മദ്യപിച്ചിട്ട് വന്നിട്ട് അവളുടെ റൂമിൽ പോലും ആ മനുഷ്യൻ കയറിയിട്ടില്ല.. എത്ര മദ്യപിച്ചാലും സ്വന്തം മകളാണ് ആ റൂമിൽ കിടക്കുന്നതെന്ന് ആ മനുഷ്യന് അറിയാമായിരുന്നു.. അപ്പോൾ പിന്നെ മദ്യലഹരിയിൽ ഓരോന്ന് ചെയ്തിട്ട് മനസിന്റെ നിയന്ത്രണം വിട്ടുപോയെന്നാണോ പറയേണ്ടത്.. ഇതൊക്കെ വെറും എസ്ക്യൂസസ് മാത്രമാണ്.. സ്വന്തം ആഗ്രഹങ്ങൾ സാധിക്കുകയും വേണം എന്നിട്ട് സാഹചര്യങ്ങളെ പഴി ചാരുകയും വേണം.. അത്രയേ ഉള്ളൂ..

ഈ ലോകത്തിൽ നടക്കുന്ന മിക്കവാറും എല്ലാ കുറ്റകൃത്യങ്ങളും മുൻകൂട്ടി പ്ലാൻ ചെയ്യുന്നതാണ്.. സ്വപ്നയെ മാതാപിതാക്കൾ ഇല്ലാത്ത സമയം നോക്കി അശോക് അവന്റെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ട് പോയത് അവന്റെ ആഗ്രഹസഫലീകരണത്തിന് വേണ്ടി മാത്രമല്ലെ.. അവനെല്ലാം മുൻകൂട്ടി പ്ലാൻ ചെയ്തിരുന്നു.. സാഹചര്യം അനുകൂലമാക്കി അവളെ കൂട്ടിക്കൊണ്ട് പോയി.. അവൾ സമ്മതിക്കുമെന്നായിരിക്കും അവൻ കരുതിയിട്ടുണ്ടാകുക.. പക്ഷേ സ്വപ്ന എതിർപ്പ് പ്രകടിച്ചപ്പോൾ ബലമായി അവളെ കീഴ്പ്പെടുത്തി.. എല്ലാം കഴിഞ്ഞിട്ട് തെറ്റ് പറ്റിപ്പോയി എന്ന് പറഞ്ഞാൽ എല്ലാം ശരിയാകുമോ? അവൻ മാത്രം വിചാരിച്ചെങ്കിൽ ഇങ്ങനെയൊന്നും ഉണ്ടാകില്ലായിരുന്നു.. പിന്നേ കുറ്റം പറയാനാണെങ്കിൽ എന്തിന് സ്വപ്ന അവിടേക്ക് പോയെന്ന് ചോദിക്കാം.. പക്ഷേ അതിനുള്ള കാരണം അവൾ തന്നേ പറഞ്ഞിട്ടുണ്ടല്ലോ..

വിശ്വാസം.. നമ്മലൊരാളെ വിശ്വസിക്കുമ്പോൾ ആ വിശ്വാസം പാലിക്കേണ്ട കടമ ആ വ്യക്തിയ്ക്കുണ്ട് ” “ഞാൻ അന്ന് പറഞ്ഞത് സത്യമാണ്.. നിനക്ക് ഭയങ്കര വാക്ചാതുര്യമാണ്.. വക്കീൽ ആയിരുന്നെങ്കിൽ കുറച്ച് കൂടി നന്നായിരുന്നേനെ ” “കളിയാക്കണ്ട.. ” “കാര്യമായിട്ട് പറഞ്ഞതാ ” “അയ്യടാ ” അവർ രണ്ടുപേരും തമാശ പറഞ്ഞും കളിയാക്കിയും ഇരിക്കുമ്പോളാണ് ജോയലിന്റെ ഫോൺ റിംഗ് ചെയ്തത്.. സുഹസാണെന്ന് മനസിലായതും ജോയൽ എഴുന്നേറ്റിരുന്നു.. കാൾ അറ്റൻഡ് ചെയ്തു.. “അച്ചായാ…” “എന്താടാ.. ശബ്ദം വല്ലാതെ എന്ത് പറ്റി?” “അശോക് അവന്റെ ഫ്ലാറ്റിലെ ബാൽക്കണിയിൽ നിന്നും കാൽ വഴുതി നിലത്ത് വീണു.. പരുക്ക് അൽപ്പം ഗുരുതരമാണ്.. രക്ഷപെടാൻ സാധ്യതയില്ലെന്നാണ് കേട്ടത് ” “സ്വപ്ന.. ഇതറിഞ്ഞോ.. അവളെന്താ പറഞ്ഞത് ”

“മരണം അവനുള്ള ഏറ്റവും ചെറിയ ശിക്ഷയാണ്.. അതുകൊണ്ട് അവൻ മരിക്കരുതെന്നാണ് അവളുടെ ആഗ്രഹമെന്ന് പറഞ്ഞു ” “നീയിപ്പോൾ എവിടെയാ?” “ഞാൻ വീട്ടിലുണ്ട്.. ” “ഓക്കേ.. എന്തായാലും തിങ്കളാഴ്ച റിവ്യൂവിന് സ്വപ്നയെ കൂട്ടിയെത്തണം ” “വരാം.. ആമിയോട് അന്വേഷണം പറയണേ.. ഈ പ്രശ്നമൊക്കെ ഒന്ന് സോൾവായിട്ട് ഞാൻ അങ്ങോട്ട് വരാമെന്നും പറയ് ” “പറയാം ” “ഓക്കേ എങ്കിൽ.. ബൈ ” കാൾ കട്ടായതും സുഹാസ് അറിയിച്ച വിവരം ജോയൽ അമേയയെ അറിയിച്ചു.. . അമേയ അവനോട് മറുപടി പറഞ്ഞു.. “അശോക് ചെയ്ത തെറ്റിനുള്ള ശിക്ഷ അവന് കിട്ടി.. ഇത് കേൾക്കുമ്പോൾ ശരിക്കും സന്തോഷം തോന്നുന്നു ” “പക്ഷേ എനിക്കത്രയ്ക്ക് സന്തോഷം തോന്നുന്നില്ല ”

“അതെന്താ?” “എന്റെ മനസ്സിൽ എന്തോ ഒരു അപായസൂചനയുണ്ട് ” “വെറുതെ മനുഷ്യനെ പേടിപ്പിക്കാതെ എഴുന്നേറ്റു വന്നേ.. നമുക്ക് ഉറങ്ങാൻ പോകാം ” അമേയ എഴുന്നേറ്റു റൂമിലേക്ക് പോയി.. തന്റെ റൂമിൽ കയറി വാതിലടക്കുമ്പോളും ജോയലിന്റെ മനസ്സ് കലുഷിതമായിരുന്നു.. അശോക് തനിയെ കാൽ വഴുതി വീണിട്ടാണ് അവന് അപകടം സംഭവിച്ചതെന്ന് തോന്നുന്നില്ല.. എവിടെയോ എന്തൊക്കെയോ പൊരുത്തക്കേടുകളുണ്ട്. ജോയൽ ഉറക്കം വരാതെ മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു…… തുടരും…….

ഈറൻമേഘം: ഭാഗം 31

Share this story